നിയമനിര്‍മാണത്തില്‍ മാതൃകയായി കേരളം

റഷീദ് ആനപ്പുറം

റുപതിറ്റാണ്ട് പിന്നിട്ട കേരള നിയമസഭ രാജ്യത്തിന് മാതൃകയായ ഒട്ടേറെ നിയമ നിര്‍മ്മാണം നടത്തിയിട്ടുണ്ട്. നിയമസഭയുടെ പ്രഥമ കര്‍ത്തവ്യംതന്നെ നിയമ നിര്‍മ്മാണവും ബജറ്റ് അവതരിപ്പിച്ച് പാസാക്കലുമാണ്. 64 വര്‍ഷത്തിനിടെ ഒന്നാം കേരള നിയമസഭ മുതല്‍ നവംബര്‍ 11ന് സമാപിച്ച  15-ാം കേരള നിയമസഭവരെ 1743 നിയമമാണ് നിര്‍മ്മിച്ചത്. ഇതില്‍ 34 ബില്‍ പാസാക്കി നിയമമാക്കിയത് പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനമാണ്. നിയമസഭയുടെ ചരിത്രത്തില്‍ ഇത് ആദ്യമാണ്. അങ്ങനെ നിയമ നിര്‍മ്മാണത്തില്‍ രാജ്യത്തിനു തന്നെ മാതൃകയായി, കഴിഞ്ഞ ദിവസം സമാപിച്ച സഭാ സമ്മേളനം.  


  ഒരു സഭാ സമ്മേളനത്തില്‍ ഇത്രയും ബില്‍ അവതരിപ്പിച്ച്  പാസാക്കുന്നത് ആദ്യമാണ്. ഇതോടൊപ്പം ഒരു ബില്‍ പൊതുജനങ്ങളുടെ താല്‍പര്യമറിയാന്‍ വിശദമായ അഭിപ്രായരൂപീകരണത്തിന് വിടുകയും ചെയ്തു. കോവിഡ്കാല പ്രതിസന്ധികള്‍ തരണം ചെയ്താണ്  നിയമനിര്‍മാണത്തില്‍ കേരളം രാജ്യത്തിന് മാതൃകയായത്.

  നിയമനിര്‍മ്മാണമാണ്  നിയമസഭകളുടെ പ്രധാന ഉത്തരവാദിത്തം. എല്ലാ സഭാ സമ്മേളനങ്ങളിലും ബില്ലുകള്‍ അവതരിപ്പിച്ച് നിയമമാക്കാറുണ്ട്. നിയമനിര്‍മ്മാണങ്ങള്‍ക്ക് മാത്രമായും എല്ലാ വര്‍ഷവും സഭാ സമ്മേളനം ചേരാറുണ്ട്. എന്നാല്‍ 34 ബില്ലുകള്‍ ഒരു സമ്മേളനത്തിലും മുമ്പ് പാസാക്കിയിട്ടില്ല. നിലവിലുണ്ടായിരുന്ന 44 ഓര്‍ഡിനന്‍സുകളാണ് നിയമമാക്കിയത്. സങ്കേതിക കാരണങ്ങളാല്‍ രണ്ട് ഓര്‍ഡിനന്‍സുകള്‍ ഒഴിവാക്കി. സമാന സ്വഭാവമുള്ള ഏതാനും ഓര്‍ഡിനന്‍സുകള്‍ ക്ലബ്ബുചെയ്ത് ഒറ്റ ബില്ലായി അവതരിപ്പിച്ചു. അങ്ങനെ 35 ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്‍ അവതരിപ്പിച്ചു. ഇതില്‍ പൊതുപ്രാധാന്യമുള്ള 2021ലെ കേരള പൊതുജനാരോഗ്യബില്ലാണ് വിശദമായ പരിശോധനയ്ക്കും പൊതുജനങ്ങളില്‍ നിന്നുള്ള തെളിവെടുപ്പിനുമായി സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക്  വിട്ടത്.

 രണ്ടാം സമ്മേളനത്തില്‍ ഓര്‍ഡിനന്‍സുകളെക്കുറിച്ച് വിമര്‍ശനം  ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് പ്രത്യേക സഭാസമ്മേളനം വിളിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. തുടര്‍ന്ന് നിയമസഭാ സമ്മേളനം വിളിക്കാന്‍ മന്ത്രിസഭാ യോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുകയായിരുന്നു. ഒക്ടോബര്‍ നാല് മുതല്‍ തുടങ്ങിയ സമ്മേളനം നവംബര്‍ 11ന് പിരിഞ്ഞു. ഇതിനിടയില്‍ 21 ദിവസമാണ് സമ്മേളനം ചേര്‍ന്നത്. ആദ്യ കലണ്ടര്‍ പ്രകാരം 24 ദിവസമായിരുന്നു സമ്മേളനം ചേരാന്‍ നിശ്ചയിച്ചത്. എന്നാല്‍ കാലവര്‍ഷക്കെടുതി കാരണം മൂന്ന് ദിവസത്തെ സമ്മേളനം ഒഴിവാക്കി.  

 ജനങ്ങളുമായി ഏറെ ബന്ധപ്പെട്ട സുപ്രധാന ബില്ലുകളാണ് നിയമമാക്കിയത്. ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ എല്ലാ സുപ്രധാന മേഖലയുമായി ബന്ധപ്പെട്ട ബില്ലുകള്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. വിദ്യാഭ്യാസ,ڊതൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി മാത്രം പത്ത് ബില്ലുകളാണ് അവതരിപ്പിച്ച് പാസാക്കിയത്. ഇതും റെക്കോര്‍ഡാണ്.

2021 ലെ കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബില്ലാണ് ഇതില്‍ ഒന്ന്. രാജ്യത്ത് ഇതാദ്യമായാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ക്ഷേമനിധി ബോര്‍ഡ് രൂപീകരിച്ച് പെന്‍ഷനടക്കമുള്ള പദ്ധതികള്‍ നടപ്പാക്കുന്നത്. സ്വാശ്രയ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികളില്‍നിന്ന് വലിയ ഫീസ് കൊള്ളയടിക്കുമ്പോഴും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും മാന്യമായ വേതന സേവന വ്യവസ്ഥയില്ലെന്നത് വര്‍ഷങ്ങളായുള്ള പരാതിയാണ്. വിദ്യാര്‍ത്ഥികളും പലവിധ ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നു. ഇവ തടയാനായും പുതിയ നിയമം കൊണ്ടുവന്നു. 2021ലെ കേരള സ്വാശ്രയ കോളേജ് അധ്യാപക അനധ്യാപക ജീവനക്കാര്‍(നിയമനവും സേവന വ്യവസ്ഥകളും) ബില്‍ ഇതിനുള്ളതാണ്. മല്‍സ്യമേഖലയിലെ ചൂഷണം തടയാനും ജനങ്ങള്‍ക്ക് നല്ല മല്‍സ്യം കിട്ടാനുമായി കൊണ്ടുവന്ന 2021ലെ കേരള മത്സ്യലേലവും വിപണനവും ഗുണനിലവാര പരിപാലനവും ബില്ലും എടുത്തു പറയേണ്ടവയാണ്. ആഴക്കടലിനോട് മല്ലിട്ട് മല്‍സ്യം പിടിച്ച് കരയിലെത്തിക്കുന്ന തൊഴിലാളിക്ക് ലഭിക്കുന്ന വില നാമമാത്രമാണ്. ഇടനിലക്കാരാണ്  ലാഭം കൊയ്യുന്നത്. ഇതിനു തടയിടാന്‍ ഈ നിയമത്തിനാകും. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടുന്ന ബില്ലും പാസാക്കി. വിദ്യാഭ്യാസ വകുപ്പിന്‍റെ പേര് പൊതുവിദ്യാഭ്യസം എന്നാക്കിയതിന് നിയമസാധുത നല്‍കുന്ന വിദ്യാഭ്യാസ ഭേദഗതി ബില്ലും പാസാക്കി. ഡയറക്ടര്‍ ഓഫ് പബ്ലിക് ഇന്‍സ്ട്രക്ഷന്‍ (ഡിപിഐ) എന്നത് വിദ്യാഭ്യാസ ഡയറക്ടര്‍ ജനറലായി (ഡിജിഇ) മാറി. 

1953 ലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ പ്രാക്ടീഷ്യണേഴ്സ് ആക്ടും 1914 ലെ മദ്രാസ് മെഡിക്കല്‍ രജിസ്ട്രേഷന്‍ ആക്ടും ഏകീകരിച്ചുള്ള പൊതുനിയമനിര്‍മ്മാണമാണ്  2021ലെ സംസ്ഥാന മെഡിക്കല്‍ പ്രാക്ടീഷ്യണേഴ്സ് ബില്ല്. മോഡേണ്‍  മെഡിസിന്‍, ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍, ഹോമിയോപതി മെഡിസിന്‍ തുടങ്ങിയ വിഭാഗങ്ങളിലെ യോഗ്യതകളും രജിസ്ട്രേഷനും സംബന്ധിച്ച വ്യവസ്ഥകളാണ് ഈ ബില്ലിലുള്ളത്.


കോവിഡ് മൂലം 2018 ലെ കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട് പ്രകാരം ക്ലിനിക്കല്‍ സ്ഥാപനങ്ങളുടെ താത്കാലിക രജിസ്ട്രേഷന്‍ സമയം ഒരു വര്‍ഷത്തേക്കുകൂടി നീട്ടുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച ഭേദഗതിയാണ് 2021ലെ കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്‍റ്സ് (രജിസ്ട്രേഷന്‍ ആന്‍റ് റെഗുലേഷന്‍) ബില്ലിലുള്ളത്.


 2021ലെ കേരള ധാതുക്കള്‍ (അവകാശങ്ങള്‍ നിക്ഷിപ്തമാക്കല്‍) ബില്‍, 2021ലെ കേരള കള്ള് വ്യവസായ വികസന ബോര്‍ഡ് ബില്‍, 2021ലെ സര്‍വ്വകലാശാല നിയമങ്ങള്‍ ബില്‍, 2021ലെ കേരള ഡിജിറ്റല്‍ ശാസ്ത്ര സാങ്കേതിക നൂതനവിദ്യാ സര്‍വ്വകലാശാലാ ബില്‍,  2021ലെ കേരള സഹകരണ സംഘ (രണ്ടാം ഭേദഗതി) ബില്‍ എന്നിവയും പാസാക്കിയ പ്രധാന ബില്ലാണ്.


മോഡിയും അമിത്ഷായും ബില്ലുകള്‍, അപ്പം ചുട്ടെടുക്കുന്നതുപോലെ പാസാക്കുന്ന രീതിയിലയല്ല കേരളത്തില്‍ നിയമ നിര്‍മ്മാണങ്ങള്‍ നടക്കുന്നത്. ഒരു ചര്‍ച്ചയും കൂടാതെ ഫാസിസ്റ്റ് രീതിയില്‍ അംഗബലവും മസില്‍പവറും ഉപയോഗിച്ചാണ് മോഡി ബില്ലുകള്‍ പാസാക്കുന്നത്. എന്നാല്‍ കേരള നിയമസഭ പരിഗണിച്ച 35 ബില്ലുകള്‍ക്കുമായി പൊതു ഭേദഗതി ഉള്‍പ്പെടെ ആകെ 18934 ഭേദഗതി നോട്ടീസുകള്‍ ലഭിച്ചു. അവയില്‍ 11615 എണ്ണം നോട്ടീസുകളും അംഗങ്ങള്‍ ബില്ലിന്‍റെ വകുപ്പുകള്‍ക്ക് നല്‍കിയ ഭേദഗതി നോട്ടീസുകളായിരുന്നു. ഇതിനു പുറമെ മന്ത്രിമാരുടെ 48 ഔദ്യോഗിക ഭേദഗതികളും സഭയില്‍ മൂവ് ചെയ്തിരുന്നു. അംഗങ്ങള്‍ നോട്ടീസ് നല്കിയിരുന്ന 291 ലധികം ഭേദഗതികള്‍ ബന്ധപ്പെട്ട മന്ത്രിമാര്‍ അതതു ബില്ലിന്‍റെ പരിഗണനാവേളയില്‍ സ്വീകരിച്ചു.  ഇവയെ, ഏറെ സങ്കീര്‍ണ്ണമായ നമ്മുടെ നിയമ നിര്‍മ്മാണ പ്രക്രിയയുടെ സാംഗത്യത്തെ കൂടുതല്‍ ഉറപ്പിക്കുന്നു എന്നാണ് സ്പീക്കര്‍ എം ബി രാജേഷ് വിശേഷിപ്പിച്ചത്.  സഭ സമ്മേളിച്ച ആകെ 167 മണിക്കൂറില്‍ 101 മണിക്കൂര്‍ 24 മിനിറ്റും നിയമ നിര്‍മ്മാണത്തിനു മാത്രമായാണ് ഉപയോഗിച്ചത്. ബില്ലുകളിന്മേലുള്ള ചര്‍ച്ചയില്‍ 255 പേര്‍ പങ്കെടുത്തു. 34 ബില്ലുകളില്‍ 30 ബില്ലുകളും ഏകകണ്ഠമായി പാസ്സാക്കി എന്നതിലൂടെ സംസ്ഥാനത്തിന്‍റെ പൊതുപ്രാധാന്യമുള്ള വിഷയങ്ങളില്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എന്ന ഒരു നല്ല മാതൃക സൃഷ്ടിക്കുവാനും ഈ സമ്മേളനത്തിലൂടെ കഴിഞ്ഞതായും സ്പീക്കര്‍ നിരീക്ഷിച്ചു.

 
ചരിത്രം സൃഷ്ടിച്ച
സഭാ സമ്മേളനം: മുഖ്യമന്ത്രി

 സമ്പൂര്‍ണ നിയമനിര്‍മ്മാണത്തിനുള്ള സഭാ സമ്മേളനം ചരിത്രം തിരുത്തിക്കുറിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മൂന്നാം സമ്മേളനം പിരിയാനുള്ള പ്രമേയം അവതരിപ്പിച്ച് നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

35 ബില്ലുകളില്‍ സജീവമായി നടന്ന ചര്‍ച്ച മാതൃകാപരമായി. ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ്, ഉപനേതാവ്, പ്രതിപക്ഷ അംഗങ്ങള്‍, മന്ത്രിമാര്‍, മറ്റ് അംഗങ്ങള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, നിയമസഭാ സെക്രട്ടറിയറ്റ് ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, സേനാംഗങ്ങള്‍ തുടങ്ങി എല്ലാവരുടെയും പങ്ക് എടുത്തു പറഞ്ഞ മുഖ്യമന്ത്രി സഭയുടെ അധ്യക്ഷന്‍ എന്ന നിലയ്ക്ക് സ്പീക്കര്‍  എം ബി രാജേഷിനെ പ്രത്യേകം അഭിനന്ദിച്ചു. സഭയുടെ ഉന്നത മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച് സമയബന്ധിതമായി നടപടികള്‍ സ്പീക്കര്‍ പൂര്‍ത്തീകരിച്ചു.  ഇക്കാര്യത്തില്‍ സ്പീക്കര്‍ പരിപാലിച്ച ഉന്നത മൂല്യങ്ങള്‍ സഭയുടെ നടത്തിപ്പിന് കരുത്തുപകരും. അദ്ദേഹത്തിന്‍റെ ഓഫീസിനും മുഖ്യമന്ത്രി നന്ദി പറഞ്ഞു •