കിഫ്ബിയെ തകര്‍ക്കാന്‍ സിഎജി

സി പി നാരായണന്‍

കിഫ്ബി, കേരള ഇന്‍ഫ്രാസ്ട്രക്ചറല്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് ബോര്‍ഡ് എന്നതിന്‍റെ ചുരുക്കപ്പേരാണ്. മലയാളത്തില്‍ പറഞ്ഞാല്‍ കേരള പശ്ചാത്തലസൗകര്യ നിക്ഷേപനിധി ബോര്‍ഡ് ആണ് അത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി അത് എല്‍ഡിഎഫ് - യുഡിഎഫ് സര്‍ക്കാരുകള്‍ക്കുകീഴില്‍ കേരളത്തില്‍ നിലവിലിരിക്കുന്ന ഒരു പ്രവര്‍ത്തന പരിപാടി ആണ്. എന്നാല്‍, 2016ലെ എല്‍ഡിഎഫ് സര്‍ക്കാരാണ് അതിന്‍റെ പ്രവര്‍ത്തനം വിപുലമാക്കിയത്. 60,000 കോടി രൂപയുടെ പദ്ധതികള്‍ അതിനുകീഴില്‍ അനുവദിക്കാന്‍ തീരുമാനിച്ചു. സ്കൂള്‍, കോളേജ്, ആശുപത്രി മുതലായവയുടെ കെട്ടിടങ്ങള്‍, നിരവധി റോഡുകളും പാലങ്ങളും എന്നിങ്ങനെയുള്ളവയ്ക്കുപുറമെ പ്രധാനപ്പെട്ട നിരവധി പ്രവര്‍ത്തനങ്ങള്‍ കൂടി അത് ആരംഭിച്ചു. പലതും ഇതിനകം പൂര്‍ത്തീകരിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ മിക്കവാറും എല്ലാ നിയോജകമണ്ഡലങ്ങളിലും ഉണ്ട്, എംഎല്‍എമാരുടെ രാഷ്ട്രീയഭേദം നോക്കാതെ. 

അവ കൂടാതെ കെ ഫോണ്‍, കൊച്ചി പെട്രോളിയം, ഫാര്‍മ പാര്‍ക്കുകള്‍, തീര - വന പ്രദേശ ഹൈവേകള്‍, ട്രാന്‍സ്ഗ്രിഡ് 2.0, തിരുവനന്തപുരം ലൈഫ് സയന്‍സ് പാര്‍ക്ക് മുതലായവയും കിഫ്ബി പദ്ധതികളായി ആരംഭിച്ചു. കിഫ്ബി പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നു, അവയുടെ നിര്‍മാണനിലവാരം കൊള്ളാം, സാധാരണഗതിയില്‍ പൊതുമരാമത്തുവകുപ്പും മറ്റും നടപ്പാക്കുന്ന പദ്ധതികളേക്കാള്‍ വേഗത്തിലും മെച്ചപ്പെട്ട നിലയിലും അവ പൂര്‍ത്തിയാക്കപ്പെടുന്നു എന്ന അഭിപ്രായം ജനങ്ങള്‍ക്കിടയില്‍ പൊതുവിലുണ്ട്. അതിന്‍റെ ക്രെഡിറ്റ് എല്‍ഡിഎഫ് സര്‍ക്കാരിനാണ്.

ഇത് ആ സര്‍ക്കാര്‍ മേനി നടിക്കുന്നതല്ല. കിഫ്ബി പദ്ധതികള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന "ആര്‍ക്കും കൊള്ളാത്ത" പദ്ധതികളാണ് എന്ന പ്രചരണം യുഡിഎഫും ബിജെപിയും അനുകൂല മാധ്യമങ്ങളും വലിയ തോതില്‍ നടത്തി. എന്നാല്‍ ആ പദ്ധതികള്‍ പലതും ഓരോന്നായി പൂര്‍ത്തിയാക്കപ്പെട്ടപ്പോള്‍ അവയുടെ നിലവാരം കൊള്ളാം എന്ന അഭിപ്രായം ജനങ്ങള്‍ക്കിടയില്‍ വ്യാപകമായി. സ്വാഭാവികമായി യുഡിഎഫ് - ബിജെപി മാധ്യമ പ്രചരണം എല്‍ഡിഎഫ് സര്‍ക്കാരിനു 'ഉര്‍വശീശാപം ഉപകാരം' എന്നു പറഞ്ഞതുപോലെയായി. കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്തും മറ്റും യുഡിഎഫിന്‍റെ ഇത്തരം കല്ലേറുകള്‍ എല്‍ഡിഎഫിനു പൂമാലകളായി മാറി. അങ്ങനെ സംഭവിച്ചതിലെ പ്രതിപക്ഷ - മാധ്യമ ആത്മരോഷം കിഫ്ബിക്കെതിരെ കൂടുതല്‍ ആക്രമണം നടത്താന്‍ അവരെ പ്രേരിപ്പിക്കുന്നു. എന്നാല്‍ അവര്‍ എന്തൊക്കെ കള്ളം പ്രചരിപ്പിച്ചാലും, പള്ളു പറഞ്ഞാലും, ജനങ്ങള്‍ക്കു ഒരു വസ്തുത ബോധ്യപ്പെട്ടു കഴിഞ്ഞു: കിഫ്ബി വെള്ളാനയല്ല. സര്‍ക്കാര്‍ സര്‍വീസിലും പൊതുമണ്ഡലത്തിലും മതിപ്പുളവാക്കിയ പ്രവര്‍ത്തനങ്ങളുടെ ഉടമകളാണ് കിഫ്ബിയുടെ നിര്‍ണായക സ്ഥാനങ്ങളില്‍ ഇരിക്കുന്നത്. ഇതുവരെയായി അവര്‍ പൂര്‍ത്തിയാക്കിയ പദ്ധതികള്‍ മികവുകൊണ്ടും കാര്യക്ഷമതകൊണ്ടും മറ്റും ജനങ്ങളുടെ പ്രശംസ നേടിയിരിക്കുന്നു. എല്‍ഡിഎഫ് വിരുദ്ധ പ്രലപനങ്ങള്‍കൊണ്ട് ആ മികവുകളെയും നേട്ടങ്ങളെയും ഇല്ലാതാക്കാനാവില്ല.

കിഫ്ബിക്കായി സര്‍ക്കാര്‍ ചെലവഴിച്ച തുക പാഴ്ച്ചെലവല്ല. നടത്തിയ പല നിക്ഷേപത്തിനും കിഫ്ബിയ്ക്ക് വരുമാനം കിട്ടുന്നുണ്ട്. വൈദ്യുതിബോര്‍ഡ്, കെ-ഫോണ്‍, വ്യവസായ ഭൂമി മുതലായവയില്‍നിന്നു വായ്പയുടെ മുതലും പലിശയും ആയി കിഫ്ബിക്ക് തിരിച്ചടവുണ്ടാകുന്നുണ്ട്. അതിനാല്‍ കിഫ്ബിക്ക് ചെലവാക്കിയ തുക പാഴ്ച്ചെലവല്ല, വരുമാനദായകമാണ്. 2019-20ല്‍ 5036.61 കോടി രൂപ അത് കടമെടുത്തു. അതില്‍നിന്നുണ്ടായ വരുമാനംകൊണ്ട് 353.21 കോടി രൂപ പലിശയിനത്തില്‍ അടച്ചുതീര്‍ത്തു. ഈ കാലയളവില്‍ സര്‍ക്കാര്‍ 5572.85 കോടി രൂപ പല ഇനങ്ങളിലായി കിഫ്ബിക്ക് നല്‍കുകയുണ്ടായി.


കിഫ്ബിയുടെ അമരത്തുള്ളത് ധനകാര്യ സ്ഥാപനങ്ങളിലും സാങ്കേതികരംഗത്തും മതിപ്പുണ്ടാക്കി പ്രവര്‍ത്തിച്ചവരാണ്. വരവു ചെലവുകള്‍ നിയന്ത്രിക്കുന്നതിനും ഏറ്റെടുത്ത ജോലി കാര്യക്ഷമമായി നിര്‍വഹിക്കുന്നതിനും മറ്റും അന്യൂനമായ സംവിധാനങ്ങള്‍ അവര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിന്‍റെയെല്ലാം ബലത്തിലാണ് വിദേശ രാജ്യങ്ങളിലെ പെന്‍ഷന്‍ ഫണ്ടുകളില്‍നിന്നും മസാല ബോണ്ടുകളില്‍നിന്നും മറ്റും കിഫ്ബിയില്‍ നിക്ഷേപമുണ്ടായത്. കിഫ്ബിയുടെ വരുമാന ചെലവുകളെയും അതിന്‍റെ സാമ്പത്തിക ഭദ്രതയെയുംകുറിച്ച് നിഷ്കൃഷ്ടമായ അന്വേഷണം നടത്തിയാണ് അവ അതില്‍ പണം നിക്ഷേപിക്കുക. അത്തരം സ്ഥാപനങ്ങളില്‍ സംശയം ഉണ്ടാക്കി കിഫ്ബിയുടെ വരുമാനസ്രോതസ്സ് തടയാനാണ് ഇവിടത്തെ നുണമാധ്യമങ്ങളും പ്രതിപക്ഷങ്ങളും അവയുടെ കയ്യാളായി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ സിഎജിയും വാര്‍ത്തകള്‍ പടച്ചുവിടുന്നത് എന്നു വ്യക്തം. പക്ഷേ, നിക്ഷേപകര്‍ക്കു സംശയം തോന്നുന്ന സാമ്പത്തിക ഇടപാടുകള്‍ നടത്താത്ത കാലത്തോളം ഈ കള്ള റിപ്പോര്‍ട്ടുകളും പ്രചരണങ്ങളും കിഫ്ബിക്ക് വായ്പ നല്‍കുന്നവരില്‍ എവിടെയും ഏശാന്‍ പോകുന്നില്ല.


സിഎജി ഒരുപക്ഷേ മനസ്സിലാക്കാത്ത ഒരു കാര്യമുണ്ട്. കിഫ്ബിയെപ്പോലുള്ള ഒരു ധനകാര്യ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം നിലവാരമുള്ള ഏത് ധനകാര്യസ്ഥാപനവും  നോക്കുക സിഎജിയുടെ റിപ്പോര്‍ട്ടല്ല. ആ സ്ഥാപനത്തിന്‍റെ സാമ്പത്തിക സ്റ്റേറ്റ്മെന്‍റും ആഡിറ്ററുടെ റിപ്പോര്‍ട്ടുമാണ്. ധനമേഖലയില്‍ അംഗീകാരമുള്ളവര്‍ തയ്യാറാക്കുന്ന അത്തരം രേഖകളില്‍നിന്ന് ഈ മേഖലയില്‍ പയറ്റിത്തെളിഞ്ഞവര്‍ക്ക് കാര്യം മനസ്സിലാകും. സിഎജിയെപോലുള്ളവര്‍ കുനുഷ്ടും കുശുമ്പും രാഷ്ട്രീയ വിദ്വേഷവും മനസ്സില്‍വെച്ചുകൊണ്ട് തയ്യാറാക്കുന്ന റിപ്പോര്‍ട്ടുകള്‍ യഥാവിധി മനസ്സിലാക്കാന്‍ അവര്‍ക്കു കഴിയും. പ്രത്യേകിച്ച്, ഇത്തരം സ്ഥാപനത്തെക്കുറിച്ച് സ്വയം തീരുമാനമെടുക്കാനാണല്ലോ, മറ്റാരും ആവശ്യപ്പെട്ടിട്ടല്ലല്ലോ സിഎജി ആഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ആ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരുടെ വേതനം, മറ്റ് ആനുകൂല്യങ്ങള്‍, ഹോട്ടല്‍ ബില്‍ എന്നിവയൊക്കെ ചിക്കിപ്പരത്തി പരിശോധിക്കുന്നവരെക്കുറിച്ചും അവരുടെ വിദ്വേഷ പ്രചരണത്തെക്കുറിച്ചും ഏത് ധനകാര്യ സ്ഥാപന മേധാവികള്‍ക്കും ശരിയായ ധാരണ ഉണ്ടാകും.


കിഫ്ബിയുടെ പ്രവര്‍ത്തനം ആന്വിറ്റി മാതൃകയിലാണ്. ഒരു പദ്ധതിക്കുവേണ്ടി വരുന്ന ചെലവ് പലിശസഹിതം പല വര്‍ഷങ്ങളിലായി തവണകളായി ഈടാക്കുന്ന സമ്പ്രദായം. ഓരോ വര്‍ഷവും ബജറ്റില്‍ നിശ്ചിത തുക ഇതിനായി വകകൊള്ളിക്കുന്നു. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളൊക്കെ ഈ മാതൃകയില്‍ അവയുടെ പല പദ്ധതികളും നടപ്പാക്കിവരുന്നുണ്ട്. അതിനെക്കുറിച്ച് ഒരു സിഎജിയും ഇതുവരെ വിമര്‍ശനം ഉന്നയിച്ചുകണ്ടിട്ടില്ല. അതില്‍നിന്നു തന്നെ കേരള സിഎജിയുടെ 'കിഫ്ബി റിപ്പോര്‍ട്ട്' അന്ധമായ രാഷ്ട്രീയ വിദ്വേഷത്താല്‍ പ്രേരിതവും സത്യസന്ധതയില്ലാത്തതുമായ ഒരു വാറോല മാത്രമാണ് എന്നു വ്യക്തം.


2018ലും '19ലും കേരളത്തില്‍ പ്രളയവും പ്രകൃതിദുരന്തങ്ങളും മുമ്പില്ലാത്ത തോതില്‍ ഉണ്ടായി. എങ്കിലും, ആ വര്‍ഷങ്ങളില്‍ സംസ്ഥാനത്തിന്‍റെ ധനസ്ഥിതിക്കുണ്ടായ തിരിച്ചടികളെ മറികടന്ന് 2019-20ല്‍ കേരളത്തിന്‍റെ സാമ്പത്തിക വളര്‍ച്ച രാജ്യത്തിന്‍റേതിനേക്കാള്‍ ഉയര്‍ന്നതായി. രാജ്യം 7.21 ശതമാനം വളര്‍ച്ച നേടിയപ്പോള്‍ കേരളം 9.34 ശതമാനം നേടി. ധനക്കമ്മി മുന്‍വര്‍ഷത്തെ 3.5 ശതമാനത്തില്‍നിന്ന് 2.8 ശതമാനമായി കുറഞ്ഞു. 2016-17ലെ 4.2 ശതമാനത്തില്‍നിന്നാണ് മൂന്നിലൊന്ന് ഇങ്ങനെ ഇടിഞ്ഞത്. റവന്യൂകമ്മി 2016-17ല്‍ 2.4 ശതമാനമായിരുന്നത് അടുത്ത രണ്ടു വര്‍ഷങ്ങളില്‍ 2.2 ഉം 1.7ഉം ശതമാനമായി കുറഞ്ഞു. കേരളത്തിന്‍റെ സാമ്പത്തിക സ്ഥിതി പ്രളയത്തെ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി മെച്ചപ്പെടുകയാണ് എന്ന വസ്തുതയുടെ മേല്‍ കരിവാരിത്തേയ്ക്കാനാണ് കിഫ്ബിയുടെയും പെന്‍ഷന്‍ ഫണ്ടിന്‍റെയും പോസ്റ്റ് ആഡിറ്റ് കണ്ടെത്തലിലൂടെ സിഎജി ശ്രമിക്കുന്നത്.


കിഫ്ബി, നേരത്തെ പറഞ്ഞിട്ടുള്ളതുപോലെ, പൂര്‍ണമായി സംസ്ഥാന സര്‍ക്കാരിന്‍റെ സാമ്പത്തിക ചട്ടക്കൂട്ടിനു പുറത്തുള്ള സംവിധാനമല്ല. അതിന്‍റെ പല പദ്ധതികള്‍ക്കും ബജറ്റില്‍ വകയിരുത്തുന്നുണ്ട്. കെ ഫോണ്‍, വൈദ്യുതി ബോര്‍ഡ് (ട്രാന്‍സ്ഗ്രിഡ്), വ്യവസായ ഭൂമി മുതലായി നേരത്തെ ചൂണ്ടിക്കാണിച്ചിട്ടുള്ള പദ്ധതികള്‍ തന്നെ ഉദാഹരണങ്ങള്‍. ബജറ്റില്‍ കിഫ്ബിക്കായി തുക വകയിരുത്തിയിട്ടുമുണ്ട്. എന്നാല്‍, ബജറ്റില്‍ പറയുന്ന പദ്ധതികള്‍ക്ക് കിഫ്ബി പദ്ധതികള്‍ക്കെന്നപോലെ ഖജനാവിനു പുറത്തുനിന്നു പണം സ്വരൂപിക്കാനാവില്ല. എന്നാല്‍, ചില പദ്ധതികള്‍ക്ക് അങ്ങനെ ചെയ്യാന്‍ രാജ്യത്തെ സാമ്പത്തിക നിയമങ്ങള്‍ അനുവദിക്കുന്നുണ്ട്. കിഫ്ബി റിസര്‍വ് ബാങ്ക് അംഗീകരിച്ച രീതിയിലുള്ള സാമ്പത്തിക ഇടപാടുകളാണ് നടത്തുന്നത്. അതുകൊണ്ടാണ് അങ്ങനെ തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ അതിനു കഴിയുന്നതും. റിസര്‍വ് ബാങ്ക് ഭരണഘടന അനുസരിച്ചു പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ സ്ഥാപനമാണല്ലോ. അതിന്‍റെ വാര്‍ഷിക അക്കൗണ്ടുകള്‍ ആഡിറ്റ് ചെയ്യുന്ന അംഗീകൃത സ്ഥാപനങ്ങളൊന്നും അതിന്‍റെ പ്രവര്‍ത്തനത്തില്‍ അസംതൃപ്തിയോ എതിര്‍പ്പോ പ്രകടിപ്പിച്ചിട്ടില്ല. സിഎജി പോസ്റ്റ് ആഡിറ്റ് നടത്തിയത് അതിനു കടന്നുകയറാന്‍ നിയമപരമായി അനുമതിയില്ലാത്ത ഒരു മേഖലയിലേക്കാണ്. അത് കിഫ്ബിയുടെ കണക്കുപുസ്തകങ്ങളില്‍ എന്തെങ്കിലും കുറ്റങ്ങളോ കുറവുകളോ കണ്ടിട്ടില്ല. സര്‍ക്കാരിന്‍റെ വകുപ്പോ അതിനുകീഴിലെ സ്ഥാപനമോ പ്രവര്‍ത്തിക്കേണ്ട രീതിയില്‍ അത് പ്രവര്‍ത്തിച്ചിട്ടില്ല എന്നാണ് വിമര്‍ശനം. അങ്ങനെ ചെയ്യാന്‍ നിയമാനുസൃതം കിഫ്ബി ബാധ്യസ്ഥവുമല്ല. അത് പാലിക്കേണ്ട നിയമങ്ങളും ചട്ടങ്ങളും പാലിച്ചിട്ടുണ്ട് എന്ന് വ്യവസ്ഥാപിത ആഡിറ്റ് റിപ്പോര്‍ട്ട് പറയുന്നുമുണ്ട്.


വളരെ പ്രതികൂലമായ ഒരു സാമ്പത്തിക സ്ഥിതി തരണം ചെയ്യുക മാത്രമല്ല, നല്ല രീതിയില്‍ സാമ്പത്തിക പുരോഗതി കൈവരിക്കുക കൂടി ചെയ്ത് കേരളം പ്രളയത്തെത്തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ എന്നും സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി സ്പഷ്ടമാക്കുന്നു. നല്ല നിലയില്‍ സാമ്പത്തിക സ്ഥിതി കൈകാര്യം ചെയ്തതുകൊണ്ടാണ് അതിനുകഴിഞ്ഞത്. മാത്രമല്ല, ആ കാലയളവില്‍ ജനക്ഷേമകരമായ ഒട്ടനവധി പദ്ധതികള്‍ സര്‍ക്കാര്‍ ആരംഭിക്കുകയോ പൂര്‍ത്തിയാക്കുകയോ ചെയ്തിട്ടുമുണ്ട്. അതൊക്കെ ചെയ്തതിനുള്ള ബഹുജന അംഗീകാരമാണ് പതിവിനു വിരുദ്ധമായി എല്‍ഡിഎഫിനു തിരഞ്ഞെടുപ്പു വിജയത്തിലൂടെ തുടര്‍ഭരണം സാധ്യമാക്കിയത്; ഈ സാധ്യത തകര്‍ക്കാനായി മുന്‍കൂറായി നടത്തപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു സിഎജിയുടെ ഈ റിപ്പോര്‍ട്ട് എന്നുവേണം കരുതാന്‍. തിരഞ്ഞെടുപ്പ് പ്രചരണം നടന്നുകൊണ്ടിരിക്കെ പ്രസിദ്ധപ്പെടുത്തണം എന്ന ലക്ഷ്യത്തോടെയായിരുന്നു അത് തയ്യാറാക്കപ്പെട്ടത്. എന്നാല്‍, അവര്‍ ഉദ്ദേശിച്ച രീതിയില്‍ കാര്യങ്ങള്‍ നടന്നില്ല. അതിന്‍റെ നിരാശയില്‍നിന്നു ഉയരുന്നതാണ് ഇപ്പോള്‍ പല മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും പ്രതിപക്ഷ പ്രതികരണങ്ങളും.

സംസ്ഥാന സര്‍ക്കാര്‍ ഇതിനിടെ ഒരു പെന്‍ഷന്‍ ഫണ്ട് രൂപീകരിച്ചിരുന്നു. വിവിധ സാമൂഹ്യപെന്‍ഷനുകള്‍ മാസംതോറും കൃത്യമായി നല്‍കപ്പെടാറില്ല എന്നതാണ് പൊതു അനുഭവം. യുഡിഎഫ് ഭരണകാലത്ത് കുടിശ്ശികയാക്കപ്പെട്ട 18  മാസത്തോളം വന്ന സാമൂഹ്യ - ക്ഷേമ പെന്‍ഷനുകളുടെ തുക എല്‍ഡിഎഫ് സര്‍ക്കാര്‍ നിലവില്‍ വന്നശേഷമാണ് 2016ല്‍ കൊടുത്തുതീര്‍ത്തത്. ഇത്തരത്തില്‍ കുടിശ്ശിക വരുന്നത് പല രോഗ - ദാരിദ്ര്യ പീഡകളില്‍ വശംകെട്ടിരിക്കുന്ന നിരവധി നിര്‍ധന കുടുംബങ്ങള്‍ക്ക് വലിയ പ്രയാസം ഉണ്ടാക്കുന്നു. അത് പരിഹരിക്കുന്നതിനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പെന്‍ഷന്‍ ഫണ്ട് രൂപീകരിച്ചത്. അത് താല്‍കാലിക വായ്പ വാങ്ങി 60 ലക്ഷത്തോളം വരുന്ന പെന്‍ഷന്‍ (ആനുകൂല്യം) ലഭിക്കേണ്ടവര്‍ക്കും മറ്റും കൃത്യമായി പെന്‍ഷന്‍ വിതരണം ചെയ്യുന്നു. സര്‍ക്കാരിനു കുറച്ച് അധികച്ചെലവ് വരും. പക്ഷേ, മറ്റൊന്നും പ്രതീക്ഷിക്കാനില്ലാത്ത നിരാശ്രയര്‍ക്ക് ഈ സംവിധാനം വലിയൊരു ആശ്വാസമാണ്. വൈകി നല്‍കുന്ന ഒരു അവകാശം (ആനുകൂല്യം), അത് ലഭിക്കുന്നവരെ സംബന്ധിച്ചിടത്തോളം വലിയ യാതനയാണ്. അതൊഴിവാക്കാനാണ് ഈ ജനവിഭാഗങ്ങളുടെ പ്രയാസങ്ങളെ മുന്‍നിര്‍ത്തി എല്‍ഡിഎഫ് സര്‍ക്കാര്‍ പെന്‍ഷന്‍ ഫണ്ട് സംവിധാനം രൂപീകരിച്ചത്. അതും ഇപ്പോള്‍ വിമര്‍ശനച്ചുഴിയിലേക്ക് എറിയപ്പെട്ടിരിക്കുന്നു.

വിമര്‍ശിക്കാനിരിക്കുന്നവര്‍ക്ക് ഇത് പുതിയൊരിനമാണ്. സര്‍ക്കാരിനു ഇതുവഴി ഉണ്ടായ നഷ്ടങ്ങള്‍ വിമര്‍ശകര്‍ക്ക് എടുത്തുപറയാം. പക്ഷെ, ഗുണഭോക്താക്കള്‍ക്ക് പ്രതീക്ഷിതസഹായം തക്കസമയത്ത് കിട്ടുന്നു എന്നത് വലിയ ആശ്വാസമാണ്. അത് അങ്ങനെതന്നെയാണ് എല്‍ഡിഎഫും ഇത്തരം ആനുകൂല്യങ്ങള്‍ക്കായി കാത്തിരിക്കുന്ന ജനസാമാന്യവും കണക്കാക്കുക. എന്നാല്‍, പ്രതിപക്ഷവും അവരെ അനുകൂലിക്കുന്ന മാധ്യമങ്ങളും അതിനെ ഖജനാവിലെ പണത്തിന്‍റെ ദുശ്ചെലവായിട്ടാണ് കാണുക. രണ്ടു സമീപനങ്ങളുടെ പ്രശ്നമാണിത്.

ജനാധിപത്യവ്യവസ്ഥയെ അത്തരം "ദുഷ്ചെലവുകളുടെ" സമാഹാരമായി നവഉദാരവല്‍ക്കരണവാദികള്‍ കണ്ടാല്‍, വിലയിരുത്തിയാല്‍ അല്‍ഭുതപ്പെടാനില്ല. അത്തരക്കാരെക്കൂടി ഓര്‍ത്തുകൊണ്ടാണല്ലോ, എന്‍ വി കൃഷ്ണവാരിയര്‍ മുമ്പ് ഒരു വരി കുറിച്ചത് "നിങ്ങള്‍ എല
ികളോ, മാനുഷരോ!" •