ദ്വിദിന ദേശീയ പണിമുടക്ക് - 2022 ജനങ്ങളെയും രാജ്യത്തെയും രക്ഷിക്കാന്‍

ഡോ. കെ ഹേമലത

"ജനങ്ങളെയും രാജ്യത്തെയും രക്ഷിക്കുക" എന്ന മുദ്രാവാക്യമുയര്‍ത്തി 2022 ഫെബ്രുവരിയിലെ ബജറ്റ് സമ്മേളന വേളയില്‍ രാജ്യവ്യാപകമായി വമ്പിച്ച പൊതുപണിമുടക്കിനു തയ്യാറാകാന്‍ നവംബര്‍ 11ന് ജന്തര്‍മന്ദറില്‍ ചേര്‍ന്ന തൊഴിലാളികളുടെ ദേശീയ കണ്‍വെന്‍ഷന്‍ തൊഴിലാളികളോട് ആഹ്വാനം ചെയ്തു.


പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളും ഐഎന്‍ടിയുസി, എഐടിയുസി, സിഐടിയു, എഐയുടിസി, ടിയുസിസി, സേവ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി- രാജ്യത്തെ മിക്കവാറും എല്ലാ സ്വതന്ത്ര ഫെഡറേഷനുകളും അസോസിയേഷനുകളുമടങ്ങുന്ന സംയുക്ത ട്രേഡ് യൂണിയന്‍ വേദിയാണ് ഈ കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്തത്.


കോവിഡ് മഹാമാരിയുടെയും അതിനെത്തുടര്‍ന്നുണ്ടായ ബഹുജനക്കൂട്ടായ്മകള്‍ക്കുള്ള നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തില്‍ ട്രേഡ് യൂണിയനുകള്‍ പങ്കാളിത്തം സംസ്ഥാനതല കേഡര്‍മാരിള്‍ലേക്കം നേതാക്കളിലേക്കും പരിമിതപ്പെടുത്താനും  അംഗങ്ങളിലേക്കും പൊതുവില്‍ തൊഴിലാളികളിലേക്കും കണ്‍വെന്‍ഷന്‍റെ സന്ദേശം അവര്‍വഴി എത്തിക്കാനും തീരുമാനിച്ചിരുന്നു. ഏകദേശം 500 പേരുടെ കൂടിച്ചേരല്‍ മാത്രമേ അനുവദിച്ചിരുന്നുള്ളൂ എങ്കിലും തമിഴ്നാട്, കേരളം തുടങ്ങിയ വിദൂര സംസ്ഥാനങ്ങളില്‍ നിന്നും ഇന്‍ഷുറന്‍സ്, ബാങ്ക്, റെയില്‍വേ, ടെലികോം തുടങ്ങി മിക്ക മേഖലകളില്‍നിന്നുമുള്ള കേന്ദ്ര സംസ്ഥാന ജീവനക്കാരുടെയും കൂടാതെ, വ്യവസായത്തൊഴിലാളികള്‍, സ്കീം തൊഴിലാളികള്‍ അസംഘടിതമേഖലയിലെ തൊഴിലാളികള്‍, എന്നിവരുള്‍പ്പെടെയുള്ള തൊഴിലാളികളും യൂണിയന്‍ നേതാക്കളുമായി അതിലേറെപ്പേര്‍ പങ്കെടുത്തു. മൂന്നു കാര്‍ഷിക ബില്ലുകള്‍ക്കെതിരെയും വൈദ്യുതി ഭേദഗതി നിയമം, താങ്ങുവില നിയമപരമായി ഉറപ്പുനല്‍കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടും കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന സംയുക്ത കിസാന്‍മോര്‍ച്ചയുടെ നേതാക്കള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തത് ശ്രദ്ധേയമായി.


എല്‍പിഎഫിന്‍റെ പ്രസിഡന്‍റ് വി സുബ്ബരാമന്‍, ഇപ്പോള്‍ നടക്കുന്ന കര്‍ഷകപ്രക്ഷോഭത്തിനിടെ മരണപ്പെട്ട 700ഓളം കര്‍ഷകര്‍, കോവിഡ് 19 മഹാമാരിയുടെ കാലത്ത് മരണപ്പെട്ട ആയിരക്കണക്കിനു തൊഴിലാളികള്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍, പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കെല്ലാം അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് പ്രമേയം അവതരിപ്പിച്ചു; അവരുടെ ഓര്‍മയില്‍ അല്‍പ്പനേരം മൗനം ആചരിച്ചു.


സഞ്ജയ്സിങ് (ഐഎന്‍ടിയുസി), സുകുമാര്‍ ഡാംലെ (എഐടിയുസി), രാജ ശ്രീധര്‍ (എച്ച്എംഎസ്), ഹേമലത (സിഐടിയു), 
രമേഷ് പരാശര്‍ (എഐയുടിയുസി), ശിവ്ശങ്കര്‍ (ടിയുസിസി), ഫരീദ ജ്വലീസ് (സേവ), ശൈലേന്ദ്ര കുമാര്‍ശര്‍മ (എഐസിസിടിയു), ആര്‍ കെ മൗര്യ (എല്‍പിഎഫ്) എന്നിവര്‍ പത്ത് ട്രേഡ് യൂണിയനുകളെ പ്രതിനീധികരിച്ച് പങ്കെടുത്തു. കണ്‍വെന്‍ഷന്‍റെ കരട് വിജ്ഞാപനത്തിന്‍റെ ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള കോപ്പികള്‍ എല്ലാ പ്രതിനിധികള്‍ക്കുമായി വിതരണം ചെയ്തു. ഐഎന്‍ടിയുസി വൈസ്പ്രസിഡന്‍റ് അശോക് സിങ്, എഐടിയുസി യുടെ ജനറല്‍ സെക്രട്ടറി അമര്‍ജീത് കൗര്‍, എച്ച്എംഎസിന്‍റെ ജനറല്‍ സെക്രട്ടറി ഹര്‍ഭജന്‍ സിങ് സിദ്ദു, സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍സെന്‍, എഐയുടിസി നാഷണല്‍ സെക്രട്ടറി സത്യവാന്‍, ടിയുസിസി ജനറല്‍ സെക്രട്ടറി ജി ദേവരാജന്‍, സേവ നാഷണല്‍ സെക്രട്ടറി സോണിയ ജോര്‍ജ്, ഐഐസിസിടിയു ജനറല്‍ സെക്രട്ടറി രാജീവ് ഡിമ്രി, എല്‍പിഎഫില്‍ നിന്നും ജെ പി സിങ്, യുടിയുസിയില്‍നിന്നും ശത്രുജിത്ത് തുടങ്ങിയവര്‍ പണിമുടക്ക് പ്രഖ്യാപനത്തെ പിന്തുണച്ചുകൊണ്ട് സംസാരിച്ചു.


സംസാരിച്ച എല്ലാവരും കര്‍ഷകര്‍ നടത്തുന്ന ധീരമായ പോരാട്ടത്തെയും അതിന് തൊഴിലാളികള്‍ നല്‍കുന്ന പിന്തുണയെയും പരാമര്‍ശിച്ചു. പ്രഖ്യാപനത്തില്‍ പരാമര്‍ശിച്ചിട്ടുള്ള വിവിധ തരത്തിലുള്ള യോജിച്ച പ്രവര്‍ത്തനങ്ങളിലൂടെ കണ്‍വെന്‍ഷന്‍ മുന്നോട്ടുവച്ച ഡിമാന്‍ഡുകള്‍ തൃണമൂല തലത്തില്‍ എത്തിക്കാനും ബജറ്റ് നടക്കുന്ന വേളയില്‍ രാജ്യവ്യാപക പണിമുടക്ക് ഉറപ്പുവരുത്താനും പ്രതിനിധികളോട് അവര്‍ ആഹ്വാനം ചെയ്തു. പണിമുടക്ക് തീയതികള്‍ എത്രയും വേഗം പ്രഖ്യാപിക്കുന്നതാണ്. അതത് സ്ഥലങ്ങളില്‍ ഉടന്‍ പ്രചാരണം ആരംഭിക്കാനും പ്രതിനിധികളോട് ആഹ്വാനം ചെയ്തു.


ഈ ഓരോ വിഷയത്തെയും നരേന്ദ്രമോഡി ഗവണ്‍മെന്‍റിന്‍റെ നയങ്ങളുമായി ബന്ധപ്പെടുത്തേണ്ടതിന്‍റെ പ്രാധാന്യത്തെ തപന്‍സെന്‍ തന്‍റെ പ്രസംഗത്തില്‍ ഉയര്‍ത്തിക്കാട്ടി. മോഡിയുടെ നേതൃത്വത്തിലുള്ള നിലവിലെ ബിജെപി ഗവണ്‍മെന്‍റ് തൊഴിലാളി വിരുദ്ധവും കര്‍ഷകവിരുദ്ധവും ജനവിരുദ്ധവും മാത്രമല്ല, വിദേശ കുത്തകകമ്പനികള്‍ ഉള്‍പ്പെടെയുള്ള വമ്പന്‍ കോര്‍പറേറ്റുകള്‍ക്ക് സൗജന്യമായോ പെട്ടാപ്പെട്ട വിലയ്ക്കോ രാജ്യത്തിന്‍റെ സമ്പത്തു തീറെഴുതിക്കൊടുക്കുന്നതുവഴി അത് ദേശവിരുദ്ധവുമാണ്. ബിജെപിയുടെ അവിഭാജ്യഘടകമായ മിഷന്‍ ഉത്തര്‍പ്രദേശ്, മിഷന്‍ ഉത്തരാഖണ്ഡ്, മിഷന്‍ പഞ്ചാബ് എന്നിവയെ പരാജയപ്പെടുത്തുന്നതിന് 'മിഷന്‍ ഇന്ത്യ' എന്ന ദൗത്യം ഏറ്റെടുക്കുന്നതിന് അദ്ദേഹം ആഹ്വാനം നല്‍കി. രാജ്യത്തിന്‍റെ സമ്പത്തുല്‍പ്പാദിപ്പിക്കുന്ന രണ്ടു ശക്തികളായ തൊഴിലാളികളും കര്‍ഷകരും നടത്തുന്ന യോജിച്ച പോരാട്ടങ്ങള്‍ അജയ്യമാണെന്നും ഈ ലോകത്തെ ഒരു ശക്തിക്കും അവരെ തോല്‍പ്പിക്കാനാകില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. മതം, ജാതി തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ തൊഴിലാളികളെയും ജനങ്ങളെയും ഭിന്നിപ്പിക്കുന്നതിനുള്ള ബിജെപിയുടെയും ആര്‍എസ്എസിന്‍റെയും ഗൂഢശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കുന്നതിന് ഇത്തരത്തിലുള്ള ഐക്യം ശക്തിപ്പെടുത്താനും അദ്ദേഹം ആഹ്വാനം നല്‍കി.


നാഷണല്‍ പെന്‍ഷന്‍ സ്കീം, കരാര്‍ തൊഴിലാളികള്‍ തുടങ്ങിയ വിഷയങ്ങളിന്മേല്‍ പ്രതിനിധികളില്‍നിന്നുള്ള ചില നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തുമെന്ന പ്രസീഡിയത്തിന്‍റെ പ്രഖ്യാപനത്തിനുശേഷം പ്രമേയം ഐകകഠ്യേന പാസ്സാക്കി.


1.     ലേബര്‍ കോഡുകള്‍ എടുത്തുകളയുക
2.     കാര്‍ഷിക നിയമങ്ങളും വൈദ്യുതി ഭേദഗതി ബില്ലും റദ്ദാക്കുക
3.     ഒരു രൂപത്തിലുമുള്ള സ്വകാര്യവല്‍ക്കരണവും പാടില്ല; നാഷണല്‍ മൊണറ്റെസേഷന്‍ പദ്ധതി ഉപേക്ഷിക്കുക
4.     ആദായനികുതി അടയ്ക്കാത്ത കുടുംബങ്ങള്‍ക്ക് താങ്ങായി പ്രതിമാസം 7500 രൂപയും ഭക്ഷണവും പ്രദാനം ചെയ്യണം
5.     എംഎന്‍ആര്‍ഇജിഎയ്ക്കുള്ള വകയിരുത്തല്‍ വര്‍ധിപ്പിച്ച് തൊഴിലുറപ്പുപദ്ധതി നഗരങ്ങളിലേക്കുകൂടി വ്യാപിപ്പിക്കുക
6.     എല്ലാ അനൗപചാരികമേഖലയിലെയും തൊഴിലാളികള്‍ക്ക് സാര്‍വത്രിക സാമൂഹ്യ സുരക്ഷ ഉറപ്പാക്കുക
7.    അംഗന്‍വാടി, ആശപ്രവര്‍ത്തകര്‍, ഉച്ചഭക്ഷണപാചകത്തൊഴിലാളികള്‍, മറ്റ് സ്കീം തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് നിയമാനുസൃതമായ മിനിമം വേതനവും സാമൂഹിക സുരക്ഷയും ഉറപ്പാക്കുക.
8.    കോവിഡ് മഹാമാരിക്കിടയില്‍ ജനങ്ങളെ സേവിക്കുന്ന മുന്‍നിര പ്രവര്‍ത്തകര്‍ക്ക് മതിയായ സംരക്ഷണവും ഇന്‍ഷുറന്‍സ് സൗകര്യങ്ങളും ഉറപ്പാക്കുക.
9.    ദേശീയ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും നവീകരിക്കാനുമായി സ്വത്ത് നികുതി തുടങ്ങിയവയിലൂടെ സമ്പന്നര്‍ക്കുമേല്‍ നികുതി ചുമത്തി കൃഷി, വിദ്യാഭ്യാസം, ആരോഗ്യം മറ്റ് സുപ്രധാന പൊതു ഉപയോഗങ്ങള്‍ എന്നിവയ്ക്കായുള്ള പൊതുനിക്ഷേപം വര്‍ധിപ്പിക്കുക.
10.    പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുമേലുള്ള  കേന്ദ്ര എക്സൈസ് തീരുവ കുറയ്ക്കുകയും വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന് ശക്തമായ പരിഹാര നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുക.


കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും ഫെഡറേഷനുകള്‍/അസോസിയേഷനുകളുടെയും സംയുക്തവേദി ഇതിനകം തന്നെ രൂപീകരിച്ചതും സമ്മര്‍ദം ചെലുത്തുന്നതുമായ മറ്റ് ഡിമാന്‍ഡുകള്‍ക്കൊപ്പം മുകളില്‍ പറഞ്ഞ ഡിമാന്‍ഡുകളിലും കാമ്പെയ്ന്‍ കേന്ദ്രീകരിക്കും.

കണ്‍വെന്‍ഷന്‍ താഴെപ്പറയുന്ന പ്രവര്‍ത്തന പരിപാടികള്‍ അംഗീകരിച്ചു.
♦    കഴിഞ്ഞ ഒരു വര്‍ഷമായി ജനവിരുദ്ധ - ദേശവിരുദ്ധ നയവാഴ്ചയ്ക്കെതിരെയും ഡല്‍ഹിയിലേക്കുള്ള കര്‍ഷകരുടെ ചരിത്രപ്രധാനമായ മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും രാജ്യവ്യാപകമായി നടന്ന പൊതുപണിമുടക്ക് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന 2021 നവംബര്‍ 26ന് വമ്പിച്ച പ്രകടനങ്ങള്‍ രാജ്യമൊട്ടുക്ക് സംഘടിക്കുക. സാധ്യമാകുന്നേടത്തെല്ലാം കര്‍ഷകസംഘടനകളുമായി ഏകോപിച്ചു കൊണ്ടുള്ള ശ്രമങ്ങള്‍ നടത്തണം.
♦    നവംബര്‍/ഡിസംബര്‍ മധ്യത്തില്‍, ജില്ല/ഏരിയാതല സംയുക്ത കണ്‍വെന്‍ഷനുകളുള്‍പ്പെടെ കൂടുതല്‍ സംയുക്ത പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് എല്ലാ സംസ്ഥാനങ്ങളിലും സംസ്ഥാനതല സംയുക്ത കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുക.
♦ പൊതുമേഖലയിലെ യൂണിയനുകളുടെ സംയുക്തയോഗം സംഘടിപ്പിക്കുക.
♦ 2021 ഡിസംബറിനും 2022 ജനുവരിക്കുമിടയില്‍, സംയുക്ത യോഗങ്ങള്‍, ജനറല്‍ബോഡി മീറ്റിങ്ങുകള്‍, ഒപ്പുശേഖരണ കാമ്പെയ്ന്‍, സംസ്ഥാനതലത്തില്‍ തീരുമാനിച്ചു നടപ്പാക്കുന്ന മറ്റേതെങ്കിലും പരിപാടികള്‍ എന്നിവയിലുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ തീവ്രവും വ്യാപകവുമായ യോജിച്ച കാമ്പെയ്ന്‍.
♦    ജനങ്ങളില്‍ ആവേശമുണര്‍ത്തുന്നതിന് റാലികള്‍, പ്രകടനങ്ങള്‍, ജാഥകള്‍, പകല്‍ധര്‍ണ, ബഹുദിന ധര്‍ണ എന്നിവ നടത്തിക്കൊണ്ട് സംസ്ഥാന/ജില്ല/മേഖലാതല പ്രക്ഷോഭങ്ങള്‍.
♦ 2022ലെ, പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനകാലത്ത് രാജ്യവ്യാപകമായ പൊതുപണിമുടക്ക്. "ജനങ്ങളെ രക്ഷിക്കാനും രാജ്യത്തെ രക്ഷിക്കാനും" വേണ്ടി ഇപ്പോള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന യോജിച്ച പോരാട്ടം കൂടുതല്‍ മൂര്‍ച്ഛിപ്പിക്കുന്നതിനായി രാജ്യവ്യാപകമായ ദ്വിദിന പണിമുടക്ക് വമ്പിച്ച വിജയമാക്കിത്തീര്‍ക്കുന്നതിന് തൊഴിലെടുക്കുന്ന ജനങ്ങളോടും ബഹുജനങ്ങളോടും കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു
 •