ഇന്ധനവില വര്‍ധനയ്ക്കു പിന്നില്‍ കേന്ദ്രത്തിന്‍റെ പകല്‍ക്കൊള്ള

പിണറായി വിജയന്‍

പെട്രോള്‍/ഡീസല്‍ വില അനിയന്ത്രിതമായി കുതിച്ചുയരുന്നതു കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യത്ത് ഉടലെടുത്തിരിക്കുന്നത്. കോവിഡ് മഹാമാരി സാധാരണക്കാരുടെ ജീവിതത്തിലേല്‍പ്പിച്ച ആഘാതം കൂടുതല്‍ രൂക്ഷമാകാന്‍ ഇതു കാരണമായിരിക്കുന്നു. കഴിഞ്ഞ കുറേ നാളുകളായി ശക്തമായ ജനകീയ പ്രതിഷേധങ്ങള്‍ ഇടതുപക്ഷത്തിന്‍റെ നേതൃത്വത്തില്‍ നടന്നു വരുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ സമരം ആരംഭിച്ചിരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടി വിലവര്‍ദ്ധനവിന്‍റെ ചരിത്രവും യാഥാര്‍ഥ്യവും ജനങ്ങളില്‍ നിന്നും മറച്ചു പിടിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ നുണപ്രചരണങ്ങള്‍ നടത്തുകയാണ്.


നിലവിലെ സാഹചര്യത്തിനു കാരണമായത് കോണ്‍ഗ്രസ്സും ബിജെപിയും നടപ്പിലാക്കുന്ന നവ ഉദാരവല്‍ക്കരണ നയങ്ങളാണ്. അതിന്‍റെ ഭാഗമായി അവര്‍ എണ്ണ, ഖനന, സംസ്കരണ,വിതരണമേഖലകളെ സ്വകാര്യവല്‍ക്കരിക്കുകയും വിലനിര്‍ണയാധികാരം കമ്പനികള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്തു.  1973ല്‍ ഉടലെടുത്ത എണ്ണ പ്രതിസന്ധിയെത്തുടര്‍ന്ന് 1974ല്‍ നിലവില്‍ വന്ന അഡ്മിനിസ്റ്റേര്‍ഡ് പ്രൈസിംഗ് മെക്കാനിസം (എപിഎം) എന്ന സംവിധാനം വഴി ഇന്ത്യന്‍ ആഭ്യന്തര കമ്പോളത്തിലെ പെട്രോള്‍/ഡീസല്‍ വില നിര്‍ണ്ണയിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനായിരുന്നു. 

ഓയില്‍ കോര്‍പറേഷന്‍ കമ്മിറ്റി (ഒസിസിയുടെ നിയന്ത്രണത്തിലുള്ള ഓയില്‍ പൂള്‍ അക്കൗണ്ട് (ഒപിഎ) വഴിയാണ് ഈ സംവിധാനം പ്രവര്‍ത്തിച്ചിരുന്നത്. ഇതുവഴി അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വിലയില്‍ ഉണ്ടാകുന്ന വ്യതിയാനം ആഭ്യന്തര കമ്പോളത്തിലെ പെട്രോളിന്‍റേയും ഡീസലിന്‍റെയും വിലയെ ഒരു പരിധി വരെ ബാധിക്കാത്ത വിധം നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നു.

മന്‍മോഹന്‍ സിങ്ങിന്‍റെ നേതൃത്വത്തില്‍ 1990 കളില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആരംഭിച്ച ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങളുടെ ഭാഗമായി എപിഎം സംവിധാനം ഉപേക്ഷിച്ച് എണ്ണ വില നിയന്ത്രണാധികാരം പൂര്‍ണമായും എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുക്കാന്‍ ശ്രമിച്ചു വന്നു. അതിനുശേഷം 2002ല്‍ അധികാരത്തിലേറിയ വാജ്പേയി ഗവണ്‍മെന്‍റ് ഓയില്‍ പൂള്‍ അക്കൗണ്ട് നിര്‍ത്തലാക്കിയെങ്കിലും തുടര്‍ന്നു വന്ന ഒന്നാം യുപിഎ ഗവണ്‍മെന്‍റിനു അവര്‍ക്കു മുകളില്‍ ഇടതുപക്ഷത്തിനുണ്ടായിരുന്ന സ്വാധീനം കാരണം നവ ഉദാരവല്‍ക്കരണ നയങ്ങളില്‍ നിന്നും കുറച്ചെങ്കിലും പിന്നോക്കം പോകേണ്ടി വന്നു. എന്നാല്‍ അതിനു ശേഷം വന്ന രണ്ടാം യുപിഎ സര്‍ക്കാര്‍ പെട്രോള്‍ വില നിര്‍ണ്ണയിക്കാന്‍ സര്‍ക്കാരിനുള്ള അവകാശം 2010 ജൂണ് 25ന് എടുത്തുകളയുകയും ഓയില്‍ പൂള്‍ അക്കൗണ്ട് നിര്‍ത്തലാക്കുകയും ചെയ്തു. തുടര്‍ന്നു വന്ന ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ 2014 ഒക്ടോബര്‍ 18ന് ഡീസല്‍ വിലയിന്മേലുള്ള നിയന്ത്രണാധികാരവും കമ്പനികള്‍ക്ക് വിട്ടുകൊടുത്തു.

ഇന്നു ദിനംപ്രതി ഇന്ധന വിലവര്‍ദ്ധനവുണ്ടാകുന്ന സാഹചര്യത്തിനു തുടക്കമിട്ടത് കോണ്‍ഗ്രസാണ്. അതിനെ കയറൂരി വിട്ടുകൊണ്ട് ജനജീവിതം ദുസ്സഹമാക്കിയത് ബിജെപിയും. ഈ ചരിത്രം മറച്ചുപിടിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് ഇന്ന് ഇന്ധന വിലവര്‍ദ്ധനവിനെതിരെ സമരം ചെയ്യുന്നത് എന്നതാണ് വിരോധാഭാസം. എന്നാല്‍ അക്കാര്യത്തില്‍ പൊതുസമൂഹത്തോട് മാപ്പു പറയുകയും നയങ്ങളില്‍ തിരുത്തല്‍ വരുത്തുകയും ചെയ്യുന്നതിനു പകരം സംസ്ഥാന സര്‍ക്കാരിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് പുകമറ സൃഷ്ടിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. 


പെട്രോള്‍, ഡീസല്‍ വില നിര്‍ണ്ണയാധികാരം സംസ്ഥാന സര്‍ക്കാരിനില്ല എന്നത് വ്യക്തമാണ്. കോണ്‍ഗ്രസ്, വില നിര്‍ണയാധികാരം സര്‍ക്കാരില്‍ നിന്നും എടുത്തു കളഞ്ഞതിനു ശേഷം അധികാരത്തില്‍ വന്ന ബിജെപി ആ നയം തുടര്‍ന്നു എന്നു മാത്രമല്ല, കഴിഞ്ഞ 7 വര്‍ഷം കൊണ്ട് സെസ്സ്, അഡീഷണല്‍ സ്പെഷ്യല്‍ ഡ്യൂട്ടി എന്നീ പേരുകളില്‍ പുതിയ നികുതികള്‍ കൊണ്ടുവരികയും അവ അനിയന്ത്രിതമായി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ക്രൂഡോയില്‍ വിലയില്‍ കുറവ് വന്നാല്‍ പോലും പെട്രോള്‍ ഡീസല്‍ വിലയില്‍ കുറവ് വരാത്ത രീതിയില്‍ ആണ് സെസ്സും അഡീഷണല്‍ സ്പെഷ്യല്‍ ഡ്യൂട്ടിയും വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. 


അടിസ്ഥാന എക്സൈസ് നികുതി 2016 ല്‍ 9.48 രൂപയുണ്ടായിരുന്നത് പലവട്ടങ്ങളിലായി കുറച്ച് നിലവില്‍ 1.4 രൂപയാക്കി കുറയ്ക്കുകയും, 2014 ല്‍ ഒരു ലിറ്റര്‍ പെട്രോളിന് വെറും 8.27 രൂപ ആയിരുന്ന സെസ്സും സ്പെഷ്യല്‍ അഡീഷണല്‍ എക്സൈസ് ഡ്യൂട്ടിയും ഫെബ്രുവരി 2021 ആയപ്പോള്‍ 31.5 രൂപയായി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഇപ്രകാരം ഈടാക്കുന്ന നികുതിയില്‍ നിന്നും ഒരംശം പോലും സംസ്ഥാന സര്‍ക്കാരുകള്‍ക്കു ധനകാര്യ കമ്മീഷന്‍ വഴിയുള്ള വിഹിതമായി വീതിച്ചു കൊടുക്കേണ്ടതുമില്ല. ഇതേകാലയളവില്‍ ഒരു ലിറ്റര്‍ ഡീസലിന്‍റെ സെസ്സും അഡീഷണല്‍ സ്പെഷ്യല്‍ ഡ്യൂട്ടിയും 2.104 രൂപയില്‍ നിന്നും 30 രൂപയായി വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ നികുതിയിലുള്ള വര്‍ദ്ധനവ് 281 ശതമാനവും ഡീസലിന്‍റെ നികുതി വര്‍ദ്ധനവ് 1325 ശതമാനവുമാണ്. 

ഇത്തരത്തില്‍ കേന്ദ്രം അടിക്കടി വര്‍ദ്ധിപ്പിച്ച നികുതിയിലെ ചെറിയൊരു ശതമാനം മാത്രമാണ് ജനരോഷത്തെ ഭയന്ന് ഇപ്പോള്‍ കുറച്ചിരിക്കുന്നത്. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും ആണ് ഇതുവഴി കുറയുന്നത്. കേരളത്തില്‍ അതിനു ആനുപാതികമായി കുറഞ്ഞത് പെട്രോളിന് 6.56 രൂപയും ഡീസലിന് 12.30 രൂപയും ആണ്. ഇതില്‍ 2.30 രൂപ ഒരു ലിറ്റര്‍ ഡീസലിനും 1.56 രൂപ ഒരു ലിറ്റര്‍ പെട്രോളിനും അധികമായി കുറവു വന്നത് കേരളത്തിന്‍റെ വകയായിട്ടാണ്. അത്തരത്തില്‍ കുറവു വരുന്ന വിധത്തിലാണ് കേരളത്തിലെ നികുതി ഘടന ക്രമീകരിച്ചിരിക്കുന്നത്. ഇതു കണക്കിലെടുക്കാതെയാണ് കേരളം നികുതി കുറച്ചില്ല എന്ന വാസ്തവവിരുദ്ധമായ ആരോപണങ്ങള്‍ ചിലര്‍ ഉന്നയിക്കുന്നത്. 


കോവിഡ് കാലത്ത് പല സംസ്ഥാനങ്ങളിലും ഇന്ധന നികുതി വര്‍ദ്ധിപ്പിച്ചപ്പോള്‍ നികുതി വര്‍ദ്ധിപ്പിക്കാതിരുന്ന ചുരുക്കം ചില സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഇന്ധന നികുതിയില്‍ കുറവ് വരുത്തിയെന്ന് പറയുന്ന അവകാശവാദം പൊള്ളയാണ്. 2011 മുതല്‍ 2015 വരെ 3 തവണ നികുതി നിരക്കില്‍ യുഡിഎഫ് കാലത്ത് കുറവു വരുത്തി; എന്നാല്‍, 13 തവണയാണ് പെട്രോളിന്‍റെ നികുതി കൂട്ടിയത്. 2011 ല്‍ 26.64 ശതമാനം ആയിരുന്ന നികുതി 2015 ആയപ്പോള്‍ 31.8% ആയി വര്‍ദ്ധിപ്പിച്ചു. ഡീസലിന്‍റെ കാര്യത്തില്‍ ഇതേ കാലയളവില്‍ രണ്ടു തവണ നികുതി കുറച്ചു. എന്നാല്‍, 6 തവണ കൂട്ടി. 2011 ജൂണില്‍ 22.6  ശതമാനം ആയിരുന്ന നികുതി 2015 ആയപ്പോള്‍ 24.52% ആയി വര്‍ദ്ധിപ്പിച്ചു.

നികുതി കുറച്ചതുകൊണ്ട് ആ കാലത്ത് 620 കോടി രൂപയുടെ നികുതിയിളവ് നല്‍കിയ യു ഡി എഫ് സര്‍ക്കാര്‍ ആ കാലയളവില്‍ നികുതി വര്‍ധിപ്പിച്ചതിലൂടെ ഏകദേശം അതിന്‍റെ നാലിരട്ടി തുക അധിക നികുതിയായി പിരിച്ചെടുത്തു. എന്നാല്‍ 2016 ല്‍ ഇടതു സര്‍ക്കാര്‍ ഭരണത്തില്‍ വന്ന ശേഷം പെട്രോള്‍ ഡീസല്‍ നികുതി നിരക്ക് ഇന്നേവരെ കൂട്ടിയിട്ടില്ല. മാത്രമല്ല, നിലവിലെ നിരക്കുകളില്‍ നിന്നും കുറയ്ക്കുകയുമാണ് ഉണ്ടായത്. 

തൊട്ടു മുന്‍പുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് 2018 ലാണ് പെട്രോളിന്‍റെ നികുതി 30.08 ശതമാനമായും ഡീസലിന്‍റെ നികുതി 22.76 ശതമാനമായും കുറച്ചത്. ഇങ്ങനെ നികുതി കുറച്ചതു കാരണം അന്നത്തെ നിരക്കനുസരിച്ച് 509 കോടി രൂപയാണ് നികുതിയിളവായി ജനങ്ങള്‍ക്ക് ലഭിച്ചത്. പെട്രോളിയം വിലക്കയറ്റം കൂടി കണക്കാക്കിയാല്‍ ഇതുവരെ ചുരുങ്ങിയത് 1500 കോടി രൂപയെങ്കിലും എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നികുതിയിളവായി നല്‍കിക്കഴിഞ്ഞു.

എന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്‍റെ ഭരണകാലമായ 2011-12 സാമ്പത്തിക വര്‍ഷം 3138 കോടി രൂപ നികുതി വരുമാനത്തില്‍ നിന്നും 2015-16 സാമ്പത്തിക വര്‍ഷം എത്തുമ്പോള്‍ 6100 കോടി രൂപയിലേക്ക് ഉയര്‍ന്നു. ഏകദേശം 94 ശതമാനത്തിന്‍റെ വര്‍ദ്ധനയാണ് ഉണ്ടായത്. എന്നാല്‍ ഈ കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്‍റെ കാലയളവില്‍ 2016-17 സാമ്പത്തിക വര്‍ഷത്തില്‍ നികുതി 6876 കോടി രൂപയില്‍ നിന്നും 2019-20 ല്‍ 7907 കോടി രൂപയായി 15% വര്‍ദ്ധനവ് മാത്രമാണുണ്ടായത്.

കോവിഡ് കാലത്ത് യുപി, ഗോവ, ഹരിയാന, ഛത്തീസ്ഗഢ്, കര്‍ണാടകം മുതലായ സംസ്ഥാനങ്ങള്‍ ഇന്ധന നികുതി വര്‍ദ്ധിപ്പിച്ചപ്പോള്‍ നികുതി വര്‍ദ്ധിപ്പിക്കാതിരുന്ന ചുരുക്കം ചില സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ആന്ധ്രപ്രദേശ്, കര്‍ണാടകം, മധ്യപ്രദേശ്, ഒഡിഷ, പഞ്ചാബ്, രാജസ്താന്‍, തെലങ്കാന മുതലായ സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതി കേരളത്തിലുള്ളതിനേക്കാള്‍ കൂടുതലാണ്. പെട്രോള്‍ വിലയുടെ അടിസ്ഥാനത്തില്‍ കേരളം പതിനൊന്നാം സ്ഥാനത്താണ്. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്താനിലും, ഭരണത്തിന്‍റെ ഭാഗമായുള്ള മഹാരാഷ്ട്രയിലും പെട്രോള്‍ വില കേരളത്തിലുള്ളതിനേക്കാള്‍ വളരെ കൂടുതല്‍ ആണ്.


ഡീസല്‍ വിലയുടെ അടിസ്ഥാനത്തില്‍ കേരളം പത്താം സ്ഥാനത്താണ്. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും, ഭരണത്തിന്‍റെ ഭാഗമായുള്ള മഹാരാഷ്ട്രയിലും ഛത്തീസ്ഗഢിലും ഡീസല്‍ വില കേരളത്തിലുള്ളതിനേക്കാള്‍ കൂടുതല്‍ ആണ്. പെട്രോള്‍ ഡീസല്‍ നികുതി നിരക്കിന്‍റെ കാര്യത്തിലും കേരളം പത്തോളം സംസ്ഥാനങ്ങള്‍ക്കു താഴെയാണ്.

ചരക്കുസേവന നികുതി (ജി.എസ്.ടി)യുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്ധന വില കുറയുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ജി എസ് ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടും പാചക വാതകത്തിന്‍റെ വില അടിക്കടി കൂടുന്നതാണ് കണ്ടുകൊണ്ടിരിക്കുന്നത്. പാചകവാതകത്തിന് ഇപ്പോള്‍ അഞ്ചുശതമാനമാണ് ജി.എസ്.ടി. അതായത് 2.5 ശതമാനം കേന്ദ്രത്തിനും 2.5 ശതമാനം സംസ്ഥാനങ്ങള്‍ക്കും തുല്യമായി വീതിക്കുന്നു. ഇപ്പോള്‍ തിരുവനന്തപുരത്ത് 14.2 കിലോ സിലിണ്ടറിന് 909 രൂപയാണ് വില. കഴിഞ്ഞ മാസമാണ് ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വില വര്‍ധിപ്പിച്ചത്. ഒരു സിലിണ്ടറിന് 15 രൂപ എന്ന നിരക്കിലായിരുന്നു വില വര്‍ധനവ്. കഴിഞ്ഞ രണ്ടു മാസത്തിനിടെ നാലു തവണയാണ് ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വില വര്‍ധിപ്പിച്ചത്. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് കഴിഞ്ഞ ദിവസം ഒറ്റയടിയ്ക്ക് 266 രൂപയാണ് വര്‍ദ്ധിപ്പിച്ചത്.

2018-19 കാലഘട്ടത്തില്‍ തൊട്ടുമുമ്പത്തെ വര്‍ഷത്തേക്കാള്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഗ്യാസിന്‍റെ വില ടണ്ണിന് 485.92 ഡോളറില്‍നിന്നും 526.00 ഡോളറായി കൂടി. ഏകദേശം 8 ശതമാനത്തിന്‍റ കൂടുതല്‍. ഇന്ത്യയിലെ മാര്‍ക്കറ്റില്‍ ഗ്യാസിന്‍റെ വില 653.46 ല്‍ നിന്നും 768.12 രൂപയായി (17.55 ശതമാനത്തിന്‍റെ വര്‍ദ്ധന). അതായത്, അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 8 ശതമാനത്തിന്‍റെ വര്‍ദ്ധനവ് ഇന്ത്യയില്‍ ഇരട്ടിയായി. ജിഎസ്ടി റേറ്റില്‍ മാറ്റവും ഇല്ല. അപ്പോള്‍ അധികമായുള്ള 8 ശതമാനത്തിന്‍റെ വര്‍ദ്ധനവ് ഗ്യാസ് കമ്പനികള്‍ക്ക് ആണ്.


എന്നാല്‍ 2018-19 ല്‍ നിന്നും 2019-20 കാലഘട്ടത്തില്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഗ്യാസിന്‍റെ വില ടണ്ണിന് 526.00 ഡോളറില്‍ നിന്നും ടണ്ണിന് 453.75.00 ഡോളര്‍ ആയി കുറഞ്ഞു. ഏകദേശം 14 ശതമാനത്തിന്‍റെ കുറവ്. പക്ഷെ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഗ്യാസിന്‍റെ വില 768.12 ല്‍ 694.73 രൂപ മാത്രമാണായത്. അതായത് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 14 ശതമാനത്തിലെ കുറവ്. ഇന്ത്യയില്‍ മാറ്റം വരുത്തിയത് വെറും 9.55 ശതമാനം മാത്രം. അതേസമയം, ജി.എസ്.ടി നിരക്കുകളില്‍, ഒരു മാറ്റവും ഉണ്ടായതുമില്ല. അപ്പോള്‍ അധികമായുള്ള 4.5 ശതമാനത്തിന്‍റെ ലാഭം നേടിയത് ഗ്യാസ് കമ്പനികളാണ്.

ഈ കഴിഞ്ഞ ജൂലൈ/ആഗസ്ത് മാസങ്ങളിലെ പാര്‍ലമെന്‍റ് സെഷനുകളില്‍ പെട്രോളും ഡീസലും ജി.എസ്.ടി യില്‍ ഉള്‍പ്പെടുത്തുമോ എന്നു ചോദിച്ചപ്പോള്‍, കേന്ദ്ര സര്‍ക്കാരിന് അത്തരം ഒരു നീക്കമില്ല എന്നാണ് രേഖാമൂലം മറുപടി നല്‍കിയത്. കോവിഡ് കാരണം സംസ്ഥാന നികുതി, നികുതിയേതര വരുമാനത്തില്‍ വലിയ കുറവാണ് സംസ്ഥാനം അനുഭവിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ കടമെടുക്കല്‍ സ്വാതന്ത്ര്യം പോലും നിലവിലെ നിയമത്തില്‍ പരിമിതമാണ്. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ചെലവിനായി ഇനിയും വന്‍തുക വേണ്ടിവരുമെന്നുറപ്പാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാന നികുതി കുറയ്ക്കുന്നത് വന്‍ പ്രതിസന്ധിക്ക് കാരണമാകും. അതിനാല്‍ ഇക്കാര്യത്തില്‍ ഒരു പരിഹാരമുണ്ടാകണമെങ്കില്‍ കമ്പനികള്‍ക്ക് ലാഭമുണ്ടാക്കാന്‍ വേണ്ടി ജനങ്ങളെ ദുരിതത്തിലേയ്ക്ക് തള്ളിവിടാന്‍ മടിയില്ലാത്ത കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്തണം. 

ഈ ആവശ്യം പല തവണ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചിട്ടുള്ളതാണ്. പക്ഷേ, അവര്‍ മാറ്റങ്ങള്‍ക്ക് തയ്യാറാകാത്ത സാഹചര്യത്തില്‍ ജനങ്ങളുടെ മേല്‍ കോവിഡ് സാഹചര്യത്തില്‍ ഇത്തരത്തില്‍ അധികഭാരം ചുമത്തുന്ന നയത്തിനെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ ഒരുമിച്ച് നില്‍ക്കേണ്ടതുണ്ട്. അതിസമ്പന്നരുടെ മേലുള്ള പ്രത്യക്ഷ നികുതി നിരക്ക് കുറയ്ക്കുകയും, സ്വത്തു നികുതി നിര്‍ത്തലാക്കുകയും ചെയ്തിട്ട് വരുമാനത്തിനായി സാധാരണക്കാരന്‍റെ ചുമലില്‍ അധികഭാരം കെട്ടിവയ്ക്കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്യുന്നത്. പകരം നോട്ടു നിരോധനം പോലുള്ള അപ്രായോഗിക നടപടികള്‍ കൊണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ശ്രമിക്കുന്നത്. അതൊക്കെ എത്ര വലിയ പരാജയങ്ങളായി ഭവിച്ചു എന്നത് നമ്മള്‍ കണ്ടതാണ്. ജനങ്ങളെ അവഗണിച്ചുകൊണ്ട് സ്വകാര്യകുത്തകകളുടെ ക്ഷേമത്തിനായി കോണ്‍ഗ്രസ്സ് തെളിച്ച വഴിയിലൂടെ വളരെ വേഗത്തിലാണ്  ബിജെപി സഞ്ചരിക്കുന്നത്. ഈ നയങ്ങള്‍ക്കെതിരെ സംഘടിതമായ സ്വരമുയര്‍ത്തി മാറ്റം കൊണ്ടുവരണമെന്നതാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട് •