ചൈന: ആധുനിക വികസിത സോഷ്യലിസത്തിലേക്ക്

ജി വിജയകുമാര്‍

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ പത്തൊന്‍പതാം കേന്ദ്രകമ്മിറ്റിയുടെ ആറാമത് പ്ലീനറി സമ്മേളനം 2021 നവംബര്‍ 8 മുതല്‍ 11 വരെ തീയതികളില്‍ ബെയ്ജിങ്ങില്‍ ചേര്‍ന്നു.  

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി രൂപീകരണത്തിന്‍റെ 100-ാം വാര്‍ഷികാചരണവേളയിലാണ് ഈ സമ്മേളനം ചേര്‍ന്നത്. മറ്റൊരു ചരിത്രപ്രാധാന്യംകൂടി ഈ പ്ലീനറി സമ്മേളനം ചേരുന്ന വേളയ്ക്കുണ്ട്. 142 കോടി ജനങ്ങളുള്ള ഈ വലിയ രാജ്യം ദാരിദ്ര്യമുക്തമായിക്കഴിഞ്ഞുവെന്ന പ്രഖ്യാപനം നടന്ന വര്‍ഷംകൂടിയാണിത്. 

ദാരിദ്ര്യത്തില്‍നിന്ന് മോചനമായി എന്നുപറഞ്ഞാലര്‍ഥം ചൈന ഒരു വികസിത സോഷ്യലിസ്റ്റ് സമൂഹമായി, സന്തുഷ്ടമായ ഒരു സമൂഹമായി കുതിച്ചുയരാനുള്ള തയ്യാറെടുപ്പിലാണ് എന്നാണ്. സോഷ്യലിസത്തിന്‍റെ പ്രാഥമിക ദശയില്‍നിന്ന് അടുത്ത ദശയിലേക്കുള്ള വളര്‍ച്ചയുടെ സമയമായി എന്നര്‍ഥം. 2050 ആകുമ്പോഴേക്കും ആധുനിക വികസിത സോഷ്യലിസ്റ്റ് സമൂഹമാക്കി ചൈനയെ മാറ്റുകയെന്ന ലക്ഷ്യം മുന്നില്‍വെച്ചാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി ഇപ്പോള്‍ മുന്നോട്ടുപോകുന്നത്. അതിനുള്ള തയ്യാറെടുപ്പിന്‍റെയും വിശദമായ ആസൂത്രണത്തിന്‍റെയും ഭാഗമായി കഴിഞ്ഞ 100 വര്‍ഷത്തെ പാര്‍ടിയുടെ ചരിത്രത്തെ അവലോകനംചെയ്ത് അനുഭവപാഠങ്ങള്‍ വിലയിരുത്തേണ്ടതുണ്ടെന്നുകണ്ടാണ് ഈ പ്ലീനറി സമ്മേളനം ചരിത്രപരമായ പ്രമേയം അംഗീകരിച്ചത്. 


ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രത്തില്‍ ഇപ്പോള്‍ മൂന്നാമത്തെ തവണയാണ് ഇത്തരത്തില്‍ ചരിത്രപരമായ അനുഭവപാഠങ്ങളെക്കുറിച്ച് അവലോകനം നടത്തുന്നത്. 1945ലാണ്, പാര്‍ടി രൂപീകരണത്തിന്‍റെ 25-ാം വാര്‍ഷികത്തിലേക്ക് കടക്കുന്നവേളയില്‍ അതേവരെയുള്ള ചരിത്രാനുഭവങ്ങളെക്കുറിച്ച് ആദ്യം വിലയിരുത്തുന്നത്. രണ്ടാമത് 1981ല്‍ പതിനൊന്നാം കേന്ദ്രകമ്മിറ്റിയുടെ ആറാമത് പ്ലീനറി സമ്മേളനം ജനകീയ റിപ്പബ്ലിക് സ്ഥാപിക്കപ്പെട്ടതിനുശേഷമുള്ള  28 വര്‍ഷത്തെ ചരിത്രാനുഭവങ്ങളും പാഠങ്ങളും വിലയിരുത്തുകയുണ്ടായി. അതില്‍ ആമുഖമായി രൂപീകരണംമുതല്‍ വിപ്ലവ വിജയംവരെയുള്ള കാലഘട്ടത്തെക്കുറിച്ചും അവലോകനം ചെയ്തിരുന്നു. ഇപ്പോള്‍ മൂന്നാമത്തെ ചരിത്രപരമായ അവലോകനം നടത്തുന്നത് പാര്‍ടിയുടെയും വിപ്ലവത്തിന്‍റെയും വളര്‍ച്ചയുടെ പുതിയൊരു ഘട്ടത്തിലേക്കുള്ള -നാലാമത്തെ ഘട്ടത്തിലേക്കുള്ള ചുവടുവയ്പായാണ്. 

സോഷ്യലിസത്തിന്‍റെ വിവിധ ദശകളെ സംബന്ധിച്ച് ഒരുപക്ഷേ ആദ്യമായി പറഞ്ഞത് മൗ സേ ദോങ് ആയിരിക്കണം. 1959-60 കാലത്ത് അര്‍ഥശാസ്ത്രം (Political Economy) സംബന്ധിച്ച സോവിയറ്റ് ടെക്സ്റ്റ്ബുക്കിനെക്കുറിച്ച് മൗ സേ ദോങ് എഴുതിയ കുറിപ്പുകളില്‍ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്: "സോഷ്യലിസ്റ്റ് ഘട്ടത്തെ രണ്ട് ദശകളായി വിഭജിക്കാന്‍ കഴിയുന്നതാണ്. അതില്‍ ഒന്നിനെ അവികസിത സോഷ്യലിസമെന്നും (under developed socialism) രണ്ടാമത്തേതിനെ താരതമ്യേന വികസിതമായ സോഷ്യലിസം (comparatively developed socialism) എന്നും വിളിക്കാവുന്നതാണ്. ഒടുവില്‍ പറഞ്ഞ ഈ ദശ ആദ്യത്തേതിനെക്കാള്‍ കൂടുതല്‍കാലം നീണ്ടുനില്‍ക്കും." ഇതുതന്നെയാണ് 1987ല്‍ ദെങ് സിയാവൊ പിങ് മറ്റൊരുവിധത്തില്‍ പ്രസ്താവിച്ചത്. "സോഷ്യലിസംതന്നെ കമ്യൂണിസത്തിന്‍റെ ആദ്യ ദശയാണ്. ചൈനയുടെ കാര്യത്തിലാണെങ്കില്‍ നാം ഇപ്പോഴും സോഷ്യലിസത്തിന്‍റെ പ്രാഥമിക ദശയിലാണ്-അതായത്, അവികസിത ദശ. നാം ചെയ്യുന്ന ഓരോ കാര്യവും ഈ യാഥാര്‍ഥ്യത്തില്‍ ഉറച്ചുനിന്നുള്ളതായിരിക്കണം. എല്ലാ ആസൂത്രണവും അതിനോട് പൊരുത്തപ്പെടുന്നതായിരിക്കണം." സോഷ്യലിസത്തിന്‍റെ പ്രാഥമിക ദശയിലെ ഒരു ഭാഗമാണിതെന്നും നിരവധി ദശകങ്ങള്‍ നീണ്ട കഠിനാധ്വാനം പിന്നിട്ട് പുതിയൊരു സ്റ്റാര്‍ട്ടിങ് പോയിന്‍റിലാണ് ചൈന ഇന്ന് നില്‍ക്കുന്നത് എന്നുമാണ് 2021 ജൂലൈ 8ന് ഒരു സെമിനാറില്‍ നടത്തിയ പ്രസംഗത്തില്‍ ഷി ജിന്‍പിങ് പ്രസ്താവിച്ചത്. 

ചൈനീസ് ജനതയെ ഒരു സന്തുഷ്ട സമൂഹമാക്കി മാറ്റുകയും അവരുടെ ആത്മാഭിമാനം വീണ്ടെടുക്കുകയും ചെയ്യുകയെന്ന ലക്ഷ്യം മുന്നോട്ടുവെച്ചാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി 1921ലെ സ്ഥാപക സമ്മേളനത്തില്‍ ഭാവി പരിപാടികള്‍ക്കും പ്രവര്‍ത്തനപദ്ധതികള്‍ക്കും രൂപം നല്‍കിയത്. സുദീര്‍ഘമായ സാംസ്കാരിക പാരമ്പര്യമുള്ള ഒരു സമൂഹത്തെ കൊളോണിയല്‍ അടിമത്തത്തില്‍നിന്നും ഫ്യൂഡല്‍ മാടമ്പിമാരുടെയും യുദ്ധ പ്രഭുക്കളുടെയും തേര്‍വാഴ്ചയില്‍നിന്നും മോചിപ്പിക്കുന്നതിനായി പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ അവസാന കാലംമുതല്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ രണ്ടു ദശകങ്ങള്‍വരെ നടത്തിയ പോരാട്ടങ്ങളൊന്നും ഫലം കാണാതെ വന്നപ്പോഴാണ് മഹത്തായ ഒക്ടോബര്‍ വിപ്ലവത്തിന്‍റെ വെടിയൊച്ചകള്‍ക്കൊപ്പം മാര്‍ക്സിസം-ലെനിനിസത്തിന്‍റെ വിപ്ലവ പ്രത്യയശാസ്ത്രവും ചൈനീസ് ചക്രവാളത്തില്‍ പ്രത്യക്ഷമായത്. ദേശീയ വിമോചനത്തിനായി പൊരുതിയിരുന്ന വിപ്ലവകാരികള്‍ക്ക് അങ്ങനെ പുതിയൊരു വഴിത്താര തുറന്നുകിട്ടുകയായിരുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ രൂപീകരണത്തിലേക്ക് നയിച്ചത് ഈ പശ്ചാത്തലമാണ്. 


സാമ്രാജ്യത്വത്തെയും ഫ്യൂഡലിസത്തെയും ബ്യൂറോക്രാറ്റിക് മുതലാളിത്തത്തെയും ചെറുത്തു തോല്‍പിച്ച് ദേശീയ സ്വാതന്ത്ര്യവും ജനങ്ങളുടെ മോചനവും നേടുകയും ദേശീയ പുനരുജ്ജീവനം സാക്ഷാത്കരിക്കാന്‍ വേണ്ട അടിസ്ഥാനപരമായ സാമൂഹ്യാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുകയാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി ഏറ്റെടുത്ത ആദ്യ കടമ. വിപ്ലവത്തിന്‍റെ ഈ ഘട്ടത്തെ പുത്തന്‍ ജനാധിപത്യ വിപ്ലവം എന്നാണ് മൗ സേ ദോങ്ങിന്‍റെ നേതൃത്വത്തില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി അടയാളപ്പെടുത്തിയത്. പാര്‍ടി നിലവില്‍ വന്നതുമുതല്‍ 1949ല്‍ ജനകീയ ചൈന റിപ്പബ്ലിക് സ്ഥാപിക്കുന്നതുവരെയുള്ള 28 വര്‍ഷത്ത ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രം നിശ്ചയദാര്‍ഢ്യത്തോടെയുള്ള സുദീര്‍ഘമായ പോരാട്ടങ്ങളുടേതാണ്; സഹനങ്ങളുടെയും ത്യാഗങ്ങളുടെയും ചരിത്രമാണ്. 

അര്‍ധ കൊളോണിയല്‍ അര്‍ധ ഫ്യൂഡല്‍ സമൂഹമെന്ന അവസ്ഥയില്‍നിന്നുള്ള ചൈനയുടെ മോചനമായിരുന്നു പുത്തന്‍ ജനാധിപത്യ വിപ്ലവത്തിന്‍റെ വിജയത്തോടെ സാധ്യമായത്. മഹാഭൂരിപക്ഷംവരുന്ന  അധ്വാനിക്കുന്ന ജനങ്ങള്‍ക്കുമേല്‍ ചെറു ന്യൂനപക്ഷംവരുന്ന ചൂഷകര്‍ ആധിപത്യം സ്ഥാപിച്ചിരുന്നതിന് അതോടെ അറുതിയാവുകയാണുണ്ടായത്. അനൈക്യത്തിന്‍റെയും അരാജകത്വത്തിന്‍റെയും അജ്ഞതയുടെയും അവസ്ഥയില്‍നിന്നുള്ള ഒരു ജനതയുടെ ഉയര്‍ത്തെഴുന്നേല്‍പ്പാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി സാധ്യമാക്കിയത്. ചൈനയില്‍ വിവിധ സാമ്രാജ്യത്വശക്തികള്‍ അനുഭവിച്ചിരുന്ന പ്രത്യേകാവകാശങ്ങള്‍ക്ക് അന്ത്യംകുറിക്കപ്പെട്ടു; ഒരായിരം വര്‍ഷം നീണ്ട ഫ്യൂഡല്‍ സ്വേച്ഛാധിപത്യ വാഴ്ചയില്‍നിന്ന് ജനകീയ ജനാധിപത്യത്തിലേക്കുള്ള മഹത്തായ പരിവര്‍ത്തനമായാണ് ഇത് അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ, ചൈനീസ് വിപ്ലവത്തിന്‍റെ ഈ വിജയം ലോക രാഷ്ട്രീയ ഭൂമികയെത്തന്നെ മാറ്റിമറിച്ചു. അടിച്ചമര്‍ത്തപ്പെട്ടിരുന്ന രാഷ്ട്രങ്ങള്‍ക്കും ജനങ്ങള്‍ക്കും ദേശീയ വിമോചനത്തിനായുള്ള പോരാട്ടത്തിന് ആവേശം പകരുന്നതായി ആ വിജയം. ചൈനയുടെ സാമൂഹ്യ വികാസത്തില്‍ അതോടെ പുതിയൊരു ഘട്ടത്തിന് തുടക്കംകുറിക്കപ്പെട്ടു. 


സോഷ്യലിസ്റ്റ് വിപ്ലവത്തിന്‍റേതും സോഷ്യലിസ്റ്റ് നിര്‍മാണത്തിന്‍റേതുമായ അടുത്തഘട്ടത്തില്‍ പാര്‍ടിക്ക് നിറവേറ്റാനുണ്ടായിരുന്ന മുഖ്യ കടമ പുത്തന്‍ ജനാധിപത്യത്തില്‍നിന്നും സോഷ്യലിസത്തിലേക്കുള്ള പരിവര്‍ത്തനം യാഥാര്‍ഥ്യമാക്കലായിരുന്നു. പുത്തന്‍ ജനാധിപത്യ വിപ്ലവത്തിന്‍റെ ഘട്ടത്തിലെന്നപോലെ ഈ ഘട്ടത്തിലും മൗ സേ ദോങ്ങിന്‍റെ നേതൃത്വത്തില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി സോഷ്യലിസ്റ്റ് നിര്‍മാണത്തിനായുള്ള ഒട്ടേറെ പരിപാടികളും സിദ്ധാന്തങ്ങളും മുന്നോട്ടുവയ്ക്കുകയുണ്ടായി. ഇതേ സംബന്ധിച്ച് പത്തൊന്‍പതാം കേന്ദ്രകമ്മിറ്റിയുടെ ആറാം പ്ലീനറി സമ്മേളനം പുറത്തിറക്കിയ കമ്യൂണിക്കെയില്‍ പറയുന്നു. "ചൈനയില്‍ മാര്‍ക്സിസം-ലെനിനിസത്തിന്‍റെ ക്രിയാത്മകമായ പ്രയോഗത്തെയും മുന്നേറ്റത്തെയുമാണ് മൗ സേ ദോങ് ചിന്ത പ്രതിനിധാനംചെയ്യുന്നത്."


ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ ചൈനീസ് ജനത ശക്തമായ ഒരു ചൈന, സ്വാശ്രയത്വം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടുനീങ്ങുന്ന ഒരു ചൈന കെട്ടിപ്പടുക്കുന്നതിനായി നടത്തിയ ദൃഢനിശ്ചയത്തോടുകൂടിയ കഠിനാധ്വാനത്തിന്‍റെ ഫലമായി സോഷ്യലിസ്റ്റ് വിപ്ലവത്തിലും സോഷ്യലിസ്റ്റ് നിര്‍മാണത്തിലും മഹത്തായ വിജയം കൈവരിക്കാനായി. സ്വതന്ത്രവും താരതമ്യേന സമ്പൂര്‍ണവുമായ വ്യാവസായിക സംവിധാനം സ്ഥാപിക്കപ്പെടുകയും കാര്‍ഷികോല്‍പാദനത്തില്‍ ശ്രദ്ധേയമായ അഭിവൃദ്ധി നേടുകയും മാത്രമല്ല, വിദ്യാഭ്യാസം, സയന്‍സ്, സംസ്കാരം, ആരോഗ്യം, സ്പോര്‍ട്സ് എന്നീ രംഗങ്ങളില്‍ ഗണ്യമായ പുരോഗതി കൈവരിക്കുകയും ചെയ്തു. സൈനിക ശക്തിയെന്ന നിലയിലും നയതന്ത്രത്തിന്‍റെ രംഗത്തും ചൈനയ്ക്ക് ആത്മാഭിമാനത്തോടെ തലഉയര്‍ത്തി നില്‍ക്കാന്‍ കഴിഞ്ഞു. ചൈനീസ് പാര്‍ടിയുടെ കമ്യൂണിക്കെ പറയുന്നു: "ദൃഢനിശ്ചയത്തോടെയുള്ള കഠിനമായ പോരാട്ടത്തിലൂടെ കമ്യൂണിസ്റ്റ് പാര്‍ടിയും ചൈനീസ് ജനതയും ലോകത്തിനുമുന്നില്‍ തെളിയിച്ചത് പഴയ ലോകത്തെ പൊളിച്ചടുക്കുക മാത്രമല്ല, പുതിയൊരു ലോകം കെട്ടിപ്പടുക്കാനും തങ്ങള്‍ക്ക് കഴിഞ്ഞുവെന്നാണ്; സോഷ്യലിസത്തിനു മാത്രമെ ചൈനയെ രക്ഷപ്പെടുത്താനും ചൈനയെ വികസിപ്പിക്കാനും കഴിയൂവെന്നുമാണ്."

ഇവിടെനിന്ന് മുന്നോട്ടുപോകുന്നതിനെക്കുറിച്ചാണ് 1978 അവസാനം ചേര്‍ന്ന പതിനൊന്നാം കേന്ദ്രകമ്മിറ്റിയുടെ മൂന്നാം പ്ലീനറി സമ്മേളനം ചര്‍ച്ചചെയ്തത്. അതിന്‍റെ അടിസ്ഥാനത്തിലാണ് പതിനൊന്നാം കേന്ദ്രകമ്മിറ്റിയുടെ ആറാമത് പ്ലീനറി സമ്മേളനം ദെങ് സിയാവോ പിങ്ങിന്‍റെ നേതൃത്വത്തില്‍ ചൈനീസ് ജനകീയ റിപ്പബ്ലിക് സ്ഥാപിക്കപ്പെട്ടതിനുശേഷമുള്ള ചരിത്രാനുഭവങ്ങളും പാഠങ്ങളും അവലോകനംചെയ്തത്. ഇപ്പോള്‍ ചേര്‍ന്ന പ്ലീനറി സമ്മേളനത്തിന്‍റെ കമ്യൂണിക്കെയില്‍ ഇതിനെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. "എന്താണ് സോഷ്യലിസമെന്നും എങ്ങനെയാണ് അത് കെട്ടിപ്പടുക്കേണ്ടതെന്നുമുള്ള അടിസ്ഥാനപരമായ പ്രശ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചും ലോക സോഷ്യലിസത്തിന്‍റെ പാഠങ്ങള്‍ ഉള്‍ക്കൊണ്ടും പാര്‍ടി ദെങ് സിയാവൊ പിങ് സിദ്ധാന്തം സ്ഥാപിച്ചു. സോഷ്യലിസത്തിന്‍റെ സത്തയെന്തെന്നതില്‍ ചൈനീസ് കമ്യൂണിസ്റ്റുകാര്‍ വ്യക്തതവരുത്തി; സോഷ്യലിസത്തിന്‍റെ പ്രാഥമിക ദശയ്ക്കായുള്ള അടിസ്ഥാന നയത്തിന് രൂപംനല്‍കി. ചൈന സ്വന്തം പാതയാണ് പിന്തുടരേണ്ടതെന്നും ചൈനീസ് സവിശേഷതകളോടുകൂടിയ സോഷ്യലിസം കെട്ടിപ്പടുക്കണമെന്നും വ്യക്തമാക്കുകയുണ്ടായി. മൂന്ന് ചുവടുവയ്പുകള്‍ എന്ന സമീപനത്തിലൂടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ മധ്യത്തിലെത്തുമ്പോള്‍ മൗലികമായും, സോഷ്യലിസ്റ്റ് ആധുനികവല്‍ക്കരണം കൈവരിക്കുന്നതിനായുള്ള വികസനതന്ത്രം ആവിഷ്കരിക്കപ്പെട്ടു. അങ്ങനെ ചൈനീസ് സവിശേഷതകളോടുകൂടിയ സോഷ്യലിസം സ്ഥാപിക്കുന്നതില്‍ വിജയംവരിച്ചു."

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി കേന്ദ്രകമ്മിറ്റിയുടെ ഇപ്പോഴത്തെ പ്ലീനറി സമ്മേളനം ലോകമാകെയുള്ള വലതുപക്ഷ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതുപോലെ ഇതേവരെയുള്ള ചരിത്രത്തെയാകെ നിഷേധിക്കുകയോ മൗ സേ ദോങ്ങിനുശേഷം ഷി എന്ന മട്ടില്‍ അവതരിപ്പിക്കുകയോ അതുമല്ലെങ്കില്‍ ദെങ് സിയാവൊ പിങ്ങിനുശേഷം ഷി ജിന്‍പിങ് എന്ന ചരിത്ര വ്യാഖ്യാനം നടത്തുകയോ അല്ല ചെയ്യുന്നത്; ഇതിനിടയ്ക്കുള്ള പടവുകളെയാകെ നിഷേധിച്ചുകൊണ്ടുള്ള കുതിച്ചുചാട്ടവുമല്ല, മറിച്ച് വളര്‍ച്ചയുടെ ഓരോ ഘട്ടത്തെയും സംബന്ധിച്ചുള്ള വിശകലനത്തിലൂടെയാണ് കൂടുതല്‍ ഉയര്‍ന്ന ആധുനികവും വികസിതവുമായ സോഷ്യലിസത്തിന്‍റെ പടവുകള്‍ കയറാന്‍ തയ്യാറെടുക്കുന്നത്. 

പതിമൂന്നാമത് കേന്ദ്രകമ്മിറ്റിയുടെ നാലാമത് പ്ലീനറി സമ്മേളനമാണ് അടുത്ത പ്രധാനഘട്ടം. ടിയാനെന്‍മെന്‍ സ്ക്വയര്‍ കലാപനീക്കത്തിനുശേഷം, നടന്ന ഈ സമ്മേളനത്തിലാണ് ജിയാങ് സെമിന്‍ പാര്‍ടിയുടെ അമരത്തെത്തുന്നത്. ജിയാങ് സെമിന്‍റെ നേതൃത്വത്തില്‍ എന്താണ് സോഷ്യലിസമെന്നും എങ്ങനെ സോഷ്യലിസം കെട്ടിപ്പടുക്കാമെന്നുമുള്ള ദെങ് സിയാവൊ പിങ് സിദ്ധാന്തത്തിലെ ധാരണകളെ കൂടുതല്‍ ഈടുറ്റതാക്കി മുന്നോട്ടു പോകുകയാണുണ്ടായത്. പാര്‍ടിയെയാകെയും രാഷ്ട്രത്തെയാകെയും യോജിപ്പിച്ച് മുന്നോട്ടുപോകുക മാത്രമല്ല, എന്തുതരത്തിലുള്ള പാര്‍ടിയാണ് ഈ പുതിയ കാലഘട്ടത്തില്‍ കെടിപ്പടുക്കേണ്ടതെന്നും അതെങ്ങനെ കെട്ടിപ്പടുക്കാമെന്നുമുള്ള ധാരണകളെയും കൂടുതല്‍ ശക്തമാക്കി. അങ്ങനെയാണ് മൂന്ന് പ്രതിനിധാനങ്ങളുടെ സിദ്ധാന്തം (Theory of Three Represents) രൂപപ്പെട്ടത്. ലോക സോഷ്യലിസ്റ്റ്ചേരിക്ക് തിരിച്ചടി നേരിട്ട, അതീവ സങ്കീര്‍ണമായ കാലഘട്ടത്തിലാണ് ചൈനീസ് പാര്‍ടി ജിയാങ് സെമിന്‍റെ നേതൃത്വത്തില്‍ സോഷ്യലിസ്റ്റ് നിര്‍മാണ പ്രക്രിയയെ മുന്നോട്ടു കൊണ്ടുപോകാന്‍ വേണ്ട അന്വേഷണങ്ങള്‍ നടത്തിയത്. സോഷ്യലിസ്റ്റ്  വിപണി സമ്പദ്ഘടനയെ സംബന്ധിച്ച സങ്കല്‍പനത്തിന് മൂര്‍ത്തരൂപം നല്‍കുന്നതും ചൈനീസ് സവിശേഷതകളോടുകൂടിയ സോഷ്യലിസവുമായി ഇതിനെ കണ്ണിചേര്‍ക്കുന്നതും ഈ ഘട്ടത്തിലാണ്. പൊതു ഉടമസ്ഥതയ്ക്ക് മുഖ്യസ്ഥാനം നല്‍കുകയും അതിനൊപ്പംതന്നെ ഉടമസ്ഥതയുടെ വൈവിധ്യമാര്‍ന്ന രൂപങ്ങള്‍കൂടി വികസിപ്പിക്കുകയും ചെയ്തു. മാത്രമല്ല വരുമാന വിതരണം ഓരോരുത്തരുടെയും അധ്വാനത്തിനനുസരിച്ച് എന്നതിനൊപ്പം അക്കാര്യത്തിലും വ്യത്യസ്തമായ വരുമാന വിതരണ രീതികളെ ഉള്‍ച്ചേര്‍ക്കുകയും ചെയ്തു. പരിഷ്കരണവും തുറന്നുകൊടുക്കലും എന്ന 1979 മുതല്‍ തുടര്‍ന്നുവരുന്ന നയത്തിന് പുതിയ ദിശ വ്യക്തമാക്കുകയും  ശക്തമായ പാര്‍ടി കെട്ടിപ്പടുക്കുകയെന്ന മഹത്തായ പുതിയൊരു പദ്ധതി മുന്നോട്ടുവയ്ക്കുകയുമുണ്ടായി. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ചൈനീസ് സവിശേഷതകളോടുകൂടിയ സോഷ്യലിസം വിജയകരമായി നടപ്പാക്കുന്നതിനുള്ള അടിത്തറ ഒരുക്കുകയായിരുന്നു ജിയാങ് സെമിന്‍റെ നേതൃത്വത്തില്‍ ഈ നയം നടപ്പാക്കിക്കൊണ്ട് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി.


എല്ലാവിധത്തിലും മിതമായ അഭിവൃദ്ധി കൈവരിച്ച സമൂഹമാക്കി ചൈനയെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള പ്രായോഗികവും സൈദ്ധാന്തികവും സ്ഥാപനപരവുമായ നവീകരണത്തില്‍ പാര്‍ടിയെയും രാജ്യത്തെ ജനങ്ങളെയുമാകെ അണിനിരത്തി മുന്നോട്ടുപോവുകയെന്ന കടമയാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ 2002 നവംബറില്‍ ചേര്‍ന്ന പതിനാറാം കോണ്‍ഗ്രസ് ഏറ്റെടുത്തത്. പാര്‍ടി ജനറല്‍സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഹൂ ജിന്താവൊയുടെ നേതൃത്വത്തില്‍ വികസനം സംബന്ധിച്ച ശാസ്ത്രീയമായ കാഴ്ചപ്പാടാണ് ഈ ഘട്ടത്തില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി മുന്നോട്ടുവച്ചത്. ജനതാല്‍പര്യത്തിന് ഊന്നല്‍ നല്‍കിയുള്ള, ജനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന സമഗ്രവും സന്തുലിതവും സുസ്ഥിരവുമായ വികസനം എന്നതാണ് ഇതിന് അടിസ്ഥാനമായ സങ്കല്‍പനം. 1949 മുതല്‍ തുടര്‍ന്നുവരുന്ന നയങ്ങളുടെ, വികസന സമീപനത്തിന്‍റെ സ്വാഭാവികമായ തുടര്‍ച്ചതന്നെയാണ് പതിനാറാം കോണ്‍ഗ്രസും മുന്നോട്ടുവച്ചത്. ജനക്ഷേമം മെച്ചപ്പെടുത്തുകയും ഉറപ്പാക്കുകയും ചെയ്യുന്നതിനും സാമൂഹ്യനീതിയും സാമൂഹ്യനന്മയും പ്രോത്സാഹിപ്പിക്കുന്നതിനുംവേണ്ടി പാര്‍ടി ഒന്നാകെ ഈ കാലഘട്ടത്തില്‍ കഠിനാധ്വാനം ചെയ്തു.

കാലഘട്ടത്തിന്‍റെ സവിശേഷതകളുടെയും പുതിയ പ്രയോഗങ്ങളുടെയും വെളിച്ചത്തില്‍ പാര്‍ടി മാര്‍ക്സിസത്തെ വികസിപ്പിക്കുകയും ഉയര്‍ത്തിപ്പിടിക്കുകയുമായിരുന്നു ഹൂജിന്താവൊയുടെ നേതൃത്വത്തില്‍ ഈ ഘട്ടത്തില്‍ ചെയ്തത്. വികസനപാത, വികസനത്തിന്‍റെ ദശ, മൗലിക കടമകള്‍, വികസനത്തിന്‍റെ ചാലകശക്തികള്‍, വികസന തന്ത്രങ്ങള്‍, രാഷ്ട്രീയമായ ഉറപ്പുകള്‍, നയതന്ത്രവും അന്താരാഷ്ട്ര തന്ത്രങ്ങളും എന്നിവ ഉള്‍പ്പെടെ ചൈനീസ് സവിശേഷതകളോടുകൂടിയ സോഷ്യലിസം സംബന്ധിച്ച ഒരുകൂട്ടം അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയും അങ്ങനെ ചൈനീസ് സവിശേഷതകളോടുകൂടിയ  സോഷ്യലിസം എന്ന സിദ്ധാന്തത്തെ വികസിപ്പിക്കുകയും ചെയ്തു. ചൈനീസ്  പശ്ചാത്തലത്തില്‍ മാര്‍ക്സിസത്തെ പൊരുത്തപ്പെടുത്തുന്നതിലെ പ്രതിബന്ധങ്ങള്‍ തകര്‍ത്ത് മുന്നേറുന്നതില്‍ വിജയംവരിക്കാനും ഈ ഘട്ടത്തില്‍ കഴിഞ്ഞു. പൂര്‍ണമായും കേന്ദ്രീകൃതവും ആസൂത്രിതവുമായിരുന്ന സമ്പദ്ഘടനയെ സോഷ്യലിസ്റ്റ് വിപണി സമ്പദ്ഘടനയായി പരിവര്‍ത്തിപ്പിക്കാന്‍ സാധിച്ചു. താരതമ്യേന പിന്നോക്കാവസ്ഥയിലായിരുന്ന ചൈനയിലെ ഉല്‍പാദന ശക്തികളെ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റുന്നതിന് പര്യാപ്തമായവിധം വികസിപ്പിച്ചതും ഈ കാലഘട്ടത്തിലെ നേട്ടമായി വിലയിരുത്തപ്പെടുന്നു. 

2012ല്‍ ചേര്‍ന്ന പതിനെട്ടാം കോണ്‍ഗ്രസ്, ചൈനീസ് സവിശേഷതകളോടുകൂടിയ സോഷ്യലിസം പുതിയ യുഗത്തിലേക്ക് കടക്കുന്നതിന് സാക്ഷ്യംവഹിച്ചു. ഈ കോണ്‍ഗ്രസോടെയാണ് ഷി ജിന്‍ പിങ് ജനറല്‍സെക്രട്ടറി സ്ഥാനത്ത് എത്തിയത്. ഈ കാലഘട്ടത്തില്‍ ചൈനീസ് പാര്‍ടിക്ക് ഏറ്റെടുക്കേണ്ടതായി വന്ന മുഖ്യ കടമ, ഒന്നാം ശതാബ്ദി ലക്ഷ്യം പൂര്‍ത്തീകരിക്കുകയെന്നതാണ്. അതായത് രാജ്യത്തെ ദാരിദ്ര്യമുക്തമാക്കുകയെന്ന കടമ. ഒപ്പം രണ്ടാം ശതാബ്ദി ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പുകള്‍ ആരംഭിക്കേണ്ടതാണെന്നും പതിനെട്ടാം പാര്‍ടി കോണ്‍ഗ്രസ് തീരുമാനിച്ചു. ഈ നൂറ്റാണ്ടിന്‍റെ മധ്യത്തോടുകൂടി ചൈനയെ ആധുനികവും വികസിതവുമായ സോഷ്യലിസ്റ്റ് രാജ്യമാക്കി മാറ്റുകയെന്നതാണ് രണ്ടാം ശതാബ്ദി ലക്ഷ്യം. ഒന്നാം ശതാബ്ദി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി സ്ഥാപിച്ചതിന്‍റെ നൂറു വര്‍ഷം 2021 ജൂലൈ ഒന്നിന് തികയുമ്പോഴായിരുന്നു. അതാണ് ചൈന സമ്പൂര്‍ണ ദാരിദ്ര്യമുക്ത രാജ്യമെന്ന പ്രഖ്യാപനത്തോടെ 2021 ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കിയത്. 


ചൈനയിലെ സവിശേഷ യാഥാര്‍ഥ്യങ്ങളോട് പൊരുത്തപ്പെടുന്നവിധം മാര്‍ക്സിസത്തിന്‍റെ അടിസ്ഥാന ധാരണകളെ വികസിപ്പിക്കുന്നതിനെ ആധാരമാക്കിയ, പുതിയ കാലത്തിനായുള്ള ചൈനീസ് സവിശേഷതകളോടുകൂടിയ സോഷ്യലിസത്തെ സംബന്ധിച്ച ഷി     ജിന്‍ പിങ്  ചിന്തയാണ് പതിനെട്ടാം പാര്‍ടി കോണ്‍ഗ്രസ് മുതലുള്ള സൈദ്ധാന്തിക സംഭാവന. ഇത് മൗ സേ ദോങ്  ചിന്തയെയോ ദെങ് സിയാവൊ പിങ്ങിന്‍റെ സിദ്ധാന്തത്തെയോ ജിയാങ് സെമിന്‍റെ കാലത്തെ മൂന്ന് പ്രതിനിധാനങ്ങള്‍ എന്ന സിദ്ധാന്തത്തെയോ ഹൂ ജിന്താവൊയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ വികസനം സംബന്ധിച്ച ശാസ്ത്രീയ കാഴ്ചപ്പാടിനെയോ ഒന്നും നിഷേധിക്കുന്നതോ ഒഴിവാക്കുന്നതോ അല്ല; മറിച്ച് അതിന്‍റെയെല്ലാം തുടര്‍ച്ചയും വികാസവുമാണ് ഇത്. അത്തരമൊരു വിലയിരുത്തല്‍ തന്നെയാണ് ഇപ്പോള്‍ പത്തൊന്‍പതാം കേന്ദ്രകമ്മിറ്റിയുടെ ആറാമത് പ്ലീനറി സമ്മേളനം പുറത്തിറക്കിയ കമ്യൂണിക്കെയും അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കുന്നത്. സമകാലിക ചൈനയുടെയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെയും മാര്‍ക്സിസമാണ് ഇതെന്നും കമ്യൂണിക്കെ വ്യക്തമാക്കുന്നു. മാര്‍ക്സിസത്തിന്‍റെ പ്രയോഗം കാലദേശഭേദങ്ങള്‍ക്കനുസരിച്ച് വ്യത്യസ്തമായിരിക്കണം എന്ന സാര്‍വദേശീയമായി അംഗീകരിക്കപ്പെട്ട തത്വവും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി ഉയര്‍ത്തിപ്പിടിക്കുന്നു. 


പാരിസ്ഥിതികവും പരിതസ്ഥിതി സംബന്ധവുമായ പ്രശ്നങ്ങളും ഗൗരവപൂര്‍വം പരിഗണിക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി ശുചിത്വപൂര്‍ണമായ മനോഹരമായ ചൈന കെട്ടിപ്പടുക്കുകയെന്ന മുദ്രാവാക്യവും വികസനത്തോടൊപ്പം മുന്നോട്ടുവയ്ക്കുന്നുണ്ട്. മനുഷ്യനെയും പ്രകൃതിയെയും മുന്നില്‍ നിര്‍ത്തിയുള്ള വികസന കാഴ്ചപ്പാടാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിക്കുള്ളത്. അന്താരാഷ്ട്രരംഗത്തും ചൈനയുടെ നയതന്ത്രപരമായ ഇടപെടലുകള്‍ ശക്തിപ്പെട്ട കാലംകൂടിയാണിത്. ശാസ്ത്ര-സാങ്കേതിക രംഗങ്ങളില്‍ വന്‍ കുതിച്ചുചാട്ടം നടത്തുന്ന ചൈന ഈ രംഗത്ത് ഇനിയും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്‍റെ ആവശ്യകതയിലേക്കും പ്ലീനറി സമ്മേളനം വിരല്‍ചൂണ്ടുന്നു. 


പ്ലീനറി സമ്മേളനത്തിന്‍റെ കമ്യൂണിക്കെയില്‍ പറയുന്ന ശ്രദ്ധേയമായ മറ്റൊരുകാര്യം ജനാധിപത്യം സംബന്ധിച്ചാണ്. കമ്യൂണിക്കെയില്‍ ഇങ്ങനെ പറയുന്നു: "നാം സമ്പൂര്‍ണമായ ജനകീയ ജനാധിപത്യ പ്രക്രിയ വികസിപ്പിക്കണം; രാജ്യത്തിന്‍റെ ഭരണം നടത്തുന്നത് ജനങ്ങളാണെന്ന് ഉറപ്പാക്കണം. എല്ലാ അര്‍ഥത്തിലും നിയമാധിഷ്ഠിതമായ ഭരണനിര്‍വഹണം നടപ്പാക്കുന്നത് നാം തുടരണം. അടിസ്ഥാനപരമായ സോഷ്യലിസ്റ്റ്  മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം; വികസനത്തിന്‍റെ ഗതിക്രമത്തിനിടയില്‍ ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുകയും മെച്ചപ്പെടുത്തുകയും വേണം; മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ചേര്‍ച്ചയും പൊരുത്തവും പ്രോത്സാഹിപ്പിക്കപ്പെടണം."ഇതാണ്, ഇത്രമാത്രം സമഗ്രമാണ് ജനാധിപത്യം സംബന്ധിച്ച ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ കാഴ്ചപ്പാട്. 


മഹാ ഭൂരിപക്ഷം ജനങ്ങളെയും പട്ടിണിക്കിടുകയും വംശീയവും വര്‍ഗീയവുമായ വിവേചനവും അടിച്ചമര്‍ത്തലും തുടരുകയും ചെയ്യുന്ന അമേരിക്കന്‍ മോഡല്‍ 'ജനാധിപത്യം' ജനകീയ ജനാധിപത്യവ്യവസ്ഥയ്ക്കുമുന്നില്‍ പരിഹാസ്യമാകുന്നതിനാണ് സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ ഈ അനുഭവം സാക്ഷ്യംവഹിക്കുന്നത്. ചൈനയില്‍ വംശീയവും മതപരവും ഭാഷാപരവുമായ ന്യൂനപക്ഷങ്ങളുടെയാകെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്നതും വസ്തുതയാണ്. 


1992ല്‍ ദെങ് സിയാവൊ പിങ് പറഞ്ഞ വാക്കുകള്‍, ചൈന ആധുനിക വികസിത സോഷ്യലിസത്തിലേക്കുള്ള കുതിപ്പിന് തയ്യാറെടുക്കുന്ന ഈ പുതിയ വഴിത്തിരിവില്‍ ഏറെ ശ്രദ്ധേയമാണ്. "ജനകീയ ചൈന റിപ്പബ്ലിക്കിന് നൂറുവര്‍ഷം പൂര്‍ത്തിയാകുന്നതിനകം മിതമായവിധം വികസിതമായ ഒരു രാജ്യമാക്കി ചൈനയെ മാറ്റാന്‍ നമുക്ക് കഴിയുകയാണെങ്കില്‍ അത് അസാധാരണമായ ഒരു നേട്ടമായിരിക്കും. ഇപ്പോള്‍ മുതല്‍ അടുത്ത നൂറ്റാണ്ടിന്‍റെ മധ്യംവരെയുള്ള കാലഘട്ടം അതീവ നിര്‍ണായകമാണ്. നാം കഠിനാധ്വാനത്തില്‍ മുഴുകണം; പ്രയാസപൂര്‍ണമായ കടമകളാണ് നമുക്ക് കൈവരിക്കാനുള്ളത്; ഭാരിച്ച ഉത്തരവാദിത്തങ്ങളാണ് നാം നിറവേറ്റേണ്ടത്."


ദെങ് സിയാവൊ പിങ് മൂന്ന് പതിറ്റാണ്ടോളം മുമ്പ് ചൈനയിലെ കമ്യൂണിസ്റ്റുകാരോട് നടത്തിയ ആഹ്വാനം അവര്‍ ഏറ്റെടുത്ത് നിറവേറ്റിയതിന്‍റെ നേട്ടമാണ് നാം ഇന്നവിടെ കാണുന്നത്. ചൈന മുതലാളിത്തത്തിലേക്ക് പിന്തിരിയുകയല്ല; വികസിതമായ സോഷ്യലിസ്റ്റ് സമൂഹമായി കുതിച്ചുയരുന്നതിനാണ് നാം ഇന്ന് സാക്ഷ്യം വഹിക്കുന്നത്. അടുത്തവര്‍ഷം പകുതിയോടെ ചേരുന്ന 20-ാം പാര്‍ടി കോണ്‍ഗ്രസ് നിര്‍ണായകമായ ഒന്നാകുമെന്നതിന്‍റെ ചൂണ്ടുപലകയാണ് ഈ പ്ലീനറി സമ്മേളനം •