തലതിരിഞ്ഞ നയങ്ങള്‍ തിരുത്തിയേ തീരൂ

രേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഓരോ ദിവസം കഴിയുംതോറും അമിതാധികാര പ്രവണത വര്‍ധിച്ചതോതില്‍ പ്രകടിപ്പിച്ചുവരികയാണ്. അതില്‍ ഏറ്റവും പ്രധാനം സര്‍ക്കാരിന്‍റെ വരുമാനത്തിനായി എല്ലാ വിഭാഗം ജനങ്ങളില്‍നിന്നും അവരുടെ ശേഷി അനുസരിച്ച് നികുതിപിരിക്കുന്നതിനുപകരം വന്‍ പണക്കാരില്‍നിന്ന് പിരിച്ചുവന്ന സ്വത്തുനികുതി, കോര്‍പറേറ്റ് നികുതി മുതലായവ നിര്‍ത്തലാക്കുകയോ ഗണ്യമായി വെട്ടിക്കുറയ്ക്കുകയോ ചെയ്തിരിക്കുന്നു. ഈ പ്രവണത കൂടുതല്‍ പ്രകടമായത് രണ്ടാം മോഡി സര്‍ക്കാരിന്‍റെ കാലത്താണ്. മൂന്നുലക്ഷം കോടി രൂപയില്‍പരം നികുതിഭാരമാണ് വന്‍കിടക്കാര്‍ക്ക് കഴിഞ്ഞ രണ്ടുവര്‍ഷത്തിനകം ഇളവുചെയ്തുകൊടുത്തത്. ഖജനാവില്‍ അതുണ്ടാക്കിയ കുറവ് നികത്താനാണ് പെട്രോള്‍, ഡീസല്‍ എന്നിവയുടെമേല്‍ വര്‍ധമാനമായതോതില്‍ വിവിധ നികുതികള്‍ അടിച്ചേല്‍പിച്ചത്. 

ഇതിനെതിരെ വലിയ ബഹുജനരോഷം അലയടിച്ചപ്പോള്‍ ഒന്നും മിണ്ടാതിരുന്ന കേന്ദ്രസര്‍ക്കാര്‍ 2022 ആദ്യംമുതല്‍ ബിജെപി ഭരിക്കുന്ന യുപി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പെട്രോളിന്‍റെ നികുതിയില്‍ ലിറ്ററിന് 5 രൂപവീതവും ഡീസലിന് 10 രൂപവീതവും കുറച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ മുമ്പ് അവ വര്‍ധിപ്പിച്ചിരുന്ന നികുതികളിലും കുറവുവരുത്തി. കേരളത്തിലെ എല്‍ഡിഎഫിന്‍റേതുപോലുള്ള ചില സര്‍ക്കാരുകള്‍ കഴിഞ്ഞ 5 വര്‍ഷത്തിനകം ഈ ഉല്‍പന്നങ്ങളുടെമേല്‍ ഒരു നികുതിയും വര്‍ധിപ്പിക്കുകയോ പുതുതായി അടിച്ചേല്‍പ്പിക്കുകയോ ചെയ്തിട്ടില്ല. മാത്രമല്ല ഒരു തവണ സംസ്ഥാന നികുതി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ കുറയ്ക്കേണ്ട ആവശ്യമില്ല. എന്നിട്ടും പ്രതിപക്ഷങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നു. 

ഇവിടെ ഒരു കാര്യം എടുത്തുപറയേണ്ടതുണ്ട്. കേന്ദ്രസര്‍ക്കാര്‍ കുറച്ചത് സംസ്ഥാനങ്ങളുമായി അത് പങ്കുവെയ്ക്കുന്ന നികുതിയാണ്. തല്‍ഫലമായി കേന്ദ്രം ഇപ്പോള്‍ നികുതി കുറച്ചതുമൂലം കൂടുതല്‍ നഷ്ടം സംസ്ഥാനങ്ങള്‍ക്കാണ്. പണ്ട് അവ ചുമത്തിയിരുന്ന നികുതികള്‍ ഇപ്പോള്‍ കേന്ദ്രമാണ് പിരിക്കുന്നത്. അവ കുറച്ചതുമൂലം കൂടുതല്‍ നഷ്ടം യഥാര്‍ഥത്തില്‍ സംസ്ഥാനങ്ങള്‍ക്കാണ്. 


പെട്രോള്‍ ലിറ്ററിന് 33 രൂപവീതവും ഡീസലിന് 32 രൂപ വീതവുമാണ് കേന്ദ്രം പിരിച്ചിരുന്നത്. കുറവുവരുത്തിയശേഷം കേന്ദ്രത്തിനു ലഭിക്കുന്നത് പെട്രോളിന് 28 രൂപവീതവും ഡീസലിന് 22 രൂപ വീതവുമാണ്. ഈ ഇനങ്ങളിലായി കേന്ദ്രസര്‍ക്കാരിന് എത്രമാത്രം വാര്‍ഷിക വരുമാനമുണ്ടെന്ന് നോക്കാം. അധിക എക്സൈസ് നികുതി (സര്‍ചാര്‍ജ്) ഇനത്തില്‍ 74,300 കോടി രൂപയും അധിക എക്സൈസ് നികുതി (സെസ്) യായി 1,98,000 കോടി രൂപയും  മറ്റ് സെസ്, സര്‍ചാര്‍ജുകളായി 15,150 കോടി രൂപയും പ്രതിവര്‍ഷം കേന്ദ്രത്തിന് ലഭിക്കുന്നു. മൊത്തം 2.87 ലക്ഷം കോടി രൂപ. ഈ തുക സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കേണ്ടതില്ല. അത് കേന്ദ്രസര്‍ക്കാരിനുമാത്രം ലഭിക്കുന്ന തുകയാണ്. ഇത് കാണിക്കുന്നത്, കേന്ദ്രം ഈയിടെ പെട്രോള്‍, ഡീസല്‍ വിലയില്‍ വെട്ടിക്കുറവ് വരുത്തിയത് സംസ്ഥാനങ്ങളുടെ ചെലവിലാണ് എന്നാണ്. കേന്ദ്രത്തിന് അതില്‍ ഒരു നഷ്ടവുമില്ല. 

കേന്ദ്രം ഇപ്പോള്‍ പെട്രോള്‍ നികുതിയില്‍ 15 ശതമാനം കുറവാണ് വരുത്തിയത്. ഡീസല്‍ വിലയില്‍ 31.25 ശതമാനവും. എന്നിട്ടും അതിന്‍റെ ഈ ഇനത്തിലുള്ള പ്രതിവര്‍ഷ വരവ് 2.87 കോടി രൂപയാണ്. മോഡി സര്‍ക്കാരിന്‍റെ ജനവിരുദ്ധതയുടെ ആഴവും പരപ്പും വെളിവാക്കുന്നതാണ് ഈ നടപടി. 

ഫുഡ്കോര്‍പ്പറേഷന്‍റെ ഗോഡൗണുകള്‍ നിറഞ്ഞിരിക്കുകയാണ് എന്ന ന്യായംപറഞ്ഞ് അരി, ഗോതമ്പ് മുതലായ കാര്‍ഷികോല്‍പന്നങ്ങള്‍ വാങ്ങുന്നതില്‍നിന്ന് പിന്‍വാങ്ങിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കൃഷിക്കാര്‍ക്ക്  താങ്ങുവില നല്‍കി ധാന്യങ്ങള്‍ വാങ്ങി അവരെ സഹായിക്കുക എന്ന പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്‍വലിഞ്ഞിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. എഫ്സിഐ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന ധാന്യങ്ങള്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യമായി വിതരണംചെയ്യുന്നതിന് സര്‍ക്കാര്‍ തയാറാകണം. അങ്ങനെ കൃഷിക്കാരില്‍നിന്ന് താങ്ങുവിലയ്ക്ക് ധാന്യങ്ങള്‍ വാങ്ങി അവരെ സഹായിക്കണം. അവരും തൊഴിലാളികളുമാണ് രാജ്യത്തിന്‍റെ യഥാര്‍ഥ അടിത്തറ എന്ന് സര്‍ക്കാര്‍ മനസ്സിലാക്കേണ്ടതുണ്ട്. അതിനുപകരം മോഡി പ്രഭൃതികള്‍ അംബാനി, അദാനി ആദിയായ കുത്തകകള്‍ക്കായി സര്‍ക്കാര്‍ ഫണ്ട് ദുര്‍വിനിയോഗം ചെയ്യുകയും അധ്വാനിച്ചു ജീവിക്കുന്ന ജനവിഭാഗങ്ങളെ അതിനുവേണ്ടി പട്ടിണിക്കിടുകയുമാണ്. ഈ തലതിരിഞ്ഞ നയം തിരുത്തിയേതീരൂ. 

അതുപോലെയോ അതിലേറെയോ ഉല്‍ക്കണ്ഠ ഉളവാക്കുന്നതാണ് രാജ്യത്തിന്‍റെ നാനാഭാഗങ്ങളിലായി ന്യൂനപക്ഷങ്ങളുടെമേല്‍ വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍. കേന്ദ്രസര്‍ക്കാരും ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളും സംരക്ഷണം നല്‍കുന്ന വലതുപക്ഷ അക്രമിസംഘങ്ങളാണ് ഇത്തരം ആക്രമണങ്ങള്‍ അഴിച്ചുവിടുന്നത്. അക്രമികളുടെമേല്‍ മാതൃകാപരമായ ശിക്ഷാ നടപടി സ്വീകരിക്കുന്നതിനുപകരം, അക്രമത്തിനെതിരെ പ്രതിഷേധിക്കുന്ന ഇരകള്‍ക്കെതിരെയാണ് അധികാരികള്‍ നടപടിയെടുക്കുന്നത്; അക്രമികളെ സംരക്ഷിക്കുകയും ചെയ്യുന്നു. ഇത്തരം സംഭവങ്ങള്‍ വടക്കുകിഴക്കന്‍ പ്രദേശത്തുള്ള അസം, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍നിന്നും യുപി, മധ്യപ്രദേശ് തുടങ്ങിയ ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളില്‍നിന്നുമാണ് റിപ്പോര്‍ട്ടുചെയ്യപ്പെടുന്നത്. യുപിയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമംപോലുള്ള കരിനിയമങ്ങള്‍ പ്രയോഗിക്കപ്പെടുന്നു. അവരുടെമേല്‍ നടത്തപ്പെടുന്ന ആക്രമണങ്ങളെ ഭരണകക്ഷിയും മറ്റും ഏറ്റുമുട്ടലുകളായി ചിത്രീകരിക്കുന്നു. മതപരമായ പ്രാര്‍ഥന നടത്താനുള്ള മൗലികാവകാശംപോലും ന്യൂനപക്ഷങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്നു. 

കഴിഞ്ഞ സെപ്തംബര്‍ അവസാനംവരെയുള്ള 2021ലെ ആദ്യമാസങ്ങളില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ 300 ആക്രമണങ്ങള്‍ നടത്തപ്പെട്ടതായി മനുഷ്യാവകാശ സംഘടനകള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളില്‍ കാണുന്നു. ആദിവാസി-ദളിത് വിഭാഗങ്ങളില്‍പ്പെട്ടവരാണ് അക്രമങ്ങള്‍ക്ക് ഇരയായവരില്‍ ഏറിയപങ്കും. പള്ളികള്‍ പലതും നശിപ്പിക്കപ്പെട്ടിട്ടുമുണ്ട്. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനവും മതനിരപേക്ഷതയുടെ നിഷേധവുമാണ് ഈ നടപടികള്‍.  ഇത്തരം കടന്നാക്രമണങ്ങളില്‍ പ്രതിഷേധിക്കുന്നതിന് പ്രതിഷേധദിനം ആചരിക്കുന്നതിന് സിപിഐ എം രാജ്യത്തെങ്ങുമുള്ള അതിന്‍റെ ഘടകങ്ങളോട് ആഹ്വാനംചെയ്തിരിക്കുന്നു.

അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അതിര്‍ത്തി സംരക്ഷണസേന (ബിഎസ്എഫ്)യുടെ അധികാരപരിധി ഇപ്പോഴുള്ള 15 കിലോ മീറ്ററില്‍ നിന്ന് 50 കിലോ മീറ്ററായി കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി വര്‍ധിപ്പിച്ചിരിക്കുന്നു. നിയമസമാധാനപാലനം സംസ്ഥാന സര്‍ക്കാരിന്‍റെ അധികാര പരിധിയില്‍പെടുന്ന വിഷയമാണ്. അവയുമായി ആലോചിക്കതെയാണ് കേന്ദ്രസര്‍ക്കാരിന്‍റെ ഏകപക്ഷീയമായ ഈ നടപടി. ഇത് പ്രധാനമായി നടപ്പാക്കപ്പെടുന്നത് അസം, പശ്ചിമബംഗാള്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ്. ഫെഡറലിസത്തെ കാറ്റില്‍പറത്തുന്ന ഈ നടപടി കേന്ദ്രസര്‍ക്കാര്‍ എത്രയുംവേഗം പിന്‍വലിക്കേണ്ടതാണ്. അങ്ങനെയൊരു നടപടി ആവശ്യമായ സാഹചര്യം അവിടങ്ങളില്‍ ഇല്ല. 


ദസോ കമ്പനിയില്‍  നിന്ന് റഫേല്‍ വിമാനങ്ങള്‍ ഫ്രഞ്ച് സര്‍ക്കാര്‍ വാങ്ങിയതില്‍ അഴിമതി നടന്നതായി ഫ്രാന്‍സില്‍ വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്. തീര്‍ച്ചയായും അതിന്‍റെ ഗുണഭോക്താവായ ഇന്ത്യന്‍ ഏജന്‍റ് ഇവിടെ സര്‍ക്കാര്‍ വൃത്തങ്ങളെ സ്വാധീനിച്ചായിരിക്കണം കരാര്‍ വ്യവസ്ഥകളില്‍ അവസാനനിമിഷം മാറ്റംവരുത്തിയത്. ഇതുസംബന്ധിച്ച ഉന്നതതല അന്വേഷണംനടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. 


കര്‍ഷകരുടെ പ്രക്ഷോഭസമരങ്ങള്‍ ഒരുവര്‍ഷം പൂര്‍ത്തിയാക്കപ്പെട്ടിരിക്കുന്നു. അത് ഇന്ത്യയിലെ കര്‍ഷകരെയാകെ ഉള്‍ക്കൊള്ളുന്ന നൂറ്റമ്പതിലധികം സംഘടനകള്‍ അടങ്ങുന്ന വിപുലമായ സമരമായി മാറിയിരിക്കുന്നു. വന്‍തോതിലുള്ള സ്വകാര്യവല്‍ക്കരണത്തിനും  തൊഴില്‍ നിയമം റദ്ദാക്കലിനുംമറ്റും എതിരായി എല്ലാ കേന്ദ്ര ട്രേഡ്യൂണിയനുകളും, തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കായി കര്‍ഷകരും നടത്തുന്ന  പ്രക്ഷോഭ സമരങ്ങള്‍ക്ക് ഇന്ത്യയിലെ ജനങ്ങളുടെയെല്ലാം പിന്തുണയുണ്ട് എന്ന് ഇതിനകം വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.

മോഡി സര്‍ക്കാരിന്‍റെ മേല്‍പ്പറഞ്ഞ ജനവിരുദ്ധ നടപടികള്‍ക്കും ഭരണഘടനാ ലംഘനങ്ങള്‍ക്കും എതിരായി വിപുലമായ പ്രതിഷേധങ്ങളും പ്രക്ഷോഭ സമരങ്ങളും ഉയര്‍ന്നുവരേണ്ടതുണ്ട്. ജനങ്ങള്‍ സ്വാതന്ത്ര്യസമരകാലത്ത് സമരംചെയ്ത് നേടിയെടുത്ത ഭരണഘടനയും അത് ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളും കാത്തുരക്ഷിക്കപ്പെടേണ്ടതുണ്ട് •