കേന്ദ്ര പാക്കേജും കര്‍ഷകരും : കൃഷിയുടെ കമ്പനിവല്‍ക്കരണം

പി കൃഷ്ണപ്രസാദ്

കര്‍ഷകരുടെ ആവശ്യങ്ങള്‍ ലോക്ക്ഡൗണ്‍ മൂലം വിളവെടുക്കാനും വിള വിപണിയിലെത്തിക്കാനും സാധിക്കാതെയും  വിലത്തകര്‍ച്ച മൂലവും കനത്ത നഷ്ടമാണ് കര്‍ഷകര്‍ നേരിട്ടത്. കര്‍ഷകര്‍ നേരിട്ട വിളനാശവും വിലത്തകര്‍ച്ചയും ഒരു സര്‍വേയിലൂടെ വിലയിരുത്തി മതിയായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരോ വിവിധ സംസ്ഥാന സര്‍ക്കാരുകളോ മുന്‍കൈ എടുത്തില്ല. 


തങ്ങളുടെ വിളകള്‍ക്ക് ഉത്പാദന ചെലവും അതിന്‍റെ പകുതിയും ചേര്‍ന്ന മിനിമം താങ്ങുവില ഉറപ്പാക്കി സംഭരിക്കണമെന്നതാണ് കര്‍ഷകരുടെ ആവശ്യം. തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പുവരുത്തണം. ഈ രണ്ടു മുദ്രാവാക്യങ്ങള്‍ ഏറ്റവും പ്രസക്തമാകുന്ന സാഹചര്യത്തിലും അവ നിഷേധിക്കുന്ന നടപടികളാണ് കേന്ദ്ര സര്‍ക്കാരും വിവിധ സംസ്ഥാന സര്‍ക്കാരുകളും സ്വീകരിച്ചത്. 


ലോകത്താകെ സാമ്പത്തിക മാന്ദ്യം രൂക്ഷമായ ഘട്ടത്തിലാണ് കൊറോണ ലോക്ക് ഡൗണ്‍ സ്തംഭനം വന്നത്. തന്മൂലം കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും വരുമാനവും തൊഴിലും നഷ്ടപ്പെടുന്നത് മാന്ദ്യം കൂടുതല്‍ രൂക്ഷമാക്കി. ഈ സാഹചര്യത്തില്‍ ഉത്പാദന മേഖലയെ മാന്ദ്യത്തില്‍ നിന്നും സംരക്ഷിക്കാന്‍ ജനങ്ങളുടെ വാങ്ങല്‍ശേഷി വര്‍ദ്ധിപ്പിക്കാനും അതിനായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാധിക്കുന്ന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ നികുതി പരിധിയില്‍ ഉള്‍പ്പെടാത്ത രാജ്യത്തെ 23 കോടിയോളം വരുന്ന കുടുംബങ്ങള്‍ക്ക് പ്രതിമാസം 7500 രൂപ വീതം സാമ്പത്തിക പിന്തുണ നല്‍കി ജനങ്ങളുടെ വാങ്ങല്‍ ശേഷി വര്‍ദ്ധിപ്പിക്കുക എന്നതാണ് തൊഴിലാളി, കര്‍ഷക സംഘടനകള്‍ ഉന്നയിച്ച പ്രധാന ആവശ്യം. ജി ഡി പിയുടെ ശരാശരി ഒരു ശതമാനം തുകയാണ് ഇതിനായി പ്രതിമാസം വേണ്ടിവരിക. പ്രതിമാസം 1.57 ലക്ഷം കോടി രൂപ.  അതായത് ആറു മാസത്തേക്ക് ജി ഡി പി യുടെ 6% തുക. പാവപെട്ട കുടുംബങ്ങള്‍ തങ്ങള്‍ക്കു ലഭിക്കുന്ന വരുമാനം ചെലവഴിക്കാനാണ് തയ്യാറാവുക. ഈ തുക വിപണിയില്‍ തിരിച്ചെത്തുന്നത്തിലൂടെ വ്യാപാര - വ്യവസായ മേഖലകളിലെ മാന്ദ്യം അതിജീവിക്കാനും കൂടുതല്‍ തൊഴിലും വരുമാനവും ഉറപ്പുവരുത്തി സാമ്പത്തിക വളര്‍ച്ച കൈവരിക്കാനും സാധിക്കും. എന്നാല്‍ നേരെ വിപരീതമായ നയമാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത്.


കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ജി ഡിപിയുടെ 10% അഥവാ 20 ലക്ഷം കോടി രൂപ പാക്കേജില്‍ കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില, തൊഴിലാളികള്‍ക്ക് മിനിമം വേതനം, നികുതി പരിധിയില്‍ വരാത്ത കുടുംബങ്ങള്‍ക്ക് സാമ്പത്തിക പിന്തുണ എന്നിവയ്ക്ക് പദ്ധതികളില്ല. 80% തുകയും വായ്പാ പദ്ധതികള്‍ക്കാണ്.  സര്‍ക്കാര്‍ നേരിട്ട് പണം ചെലവഴിക്കാന്‍ തയ്യാറല്ല. പ്രഖ്യാപിച്ച പദ്ധതി തൊഴിലാളി - കര്‍ഷക കുടുംബങ്ങളെ സഹായിക്കാനുള്ളതല്ല എന്നു വ്യക്തം. എംഎന്‍ആര്‍ഇജി എസ് സ്കീമില്‍ 40,000 കോടി രൂപ പ്രഖ്യപിച്ചതാണ് സ്വാഗതം ചെയ്യാവുന്ന ഒരു നടപടി. എന്നാല്‍ മടങ്ങി വരുന്ന പ്രവാസി തൊഴിലാളികളടക്കം എല്ലാ ഗ്രാമീണ തൊഴിലാളികള്‍ക്കും 100 ദിവസം തൊഴില്‍ നല്‍കാന്‍ 4 ലക്ഷം കോടി രൂപ ആവശ്യമാണ്.  


നാല് 'എല്‍' കളുടെ രാഷ്ട്രീയം ലാന്‍ഡ്, ലേബര്‍, ലിക്വഡിറ്റി, ലോ (ഭൂമി, അദ്വാനം, വായ്പ, നിയമം) അഥവാ എല്‍ എന്ന ഇംഗ്ലീഷ് അക്ഷരത്തില്‍ തുടങ്ങുന്ന നാല് വിഷയങ്ങളില്‍ പരിഷ്കാരം എന്നതാണ് ആത്മ നിര്‍ഭര ഭാരത ത്തിനായി പ്രധാന മന്ത്രി പ്രഖ്യാപിച്ച സൂത്രവാക്യം. ഇത് ആരെയാണ് സഹായിക്കുക എന്ന് പരിശോധിക്കാം.


കൃഷി ഭൂമി സംരക്ഷിക്കാന്‍ ഉള്ള എല്ലാ നിയമങ്ങളെയും ഇല്ലാതാക്കി കോര്‍പറേറ്റ് കമ്പനികള്‍ക്ക് ഭൂമി കൈമാറുക എന്നതാണ് ബിജെ പി യുടെ നയം. കര്‍ണ്ണാടക  സര്‍ക്കാര്‍ ഭൂമി നിയമ ഭേദഗതി ഇതിനകം നടപ്പാക്കി. 2014ല്‍ ആദ്യതവണ പ്രധാനമന്ത്രിയായ ഘട്ടത്തില്‍ കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് കര്‍ഷകര്‍ കൂട്ടായി ചെറുത്തതിനാല്‍ നിയമനിര്‍മാണം പകുതിവഴിക്ക് ഉപേക്ഷിക്കേണ്ടി വന്ന അജണ്ടയാണ് സംസ്ഥാന സര്‍ക്കാരുകളെ ഉപയോഗിച്ചു നരേന്ദ്ര മോഡി പുതിയ കുപ്പിയിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നത്.


തൊഴിലാളികള്‍ക്ക് 8 മണിക്കൂര്‍ തൊഴില്‍ എന്ന നിയമം മാറ്റി 12 മണിക്കൂര്‍ വരെ തൊഴില്‍ ചെയ്യിപ്പിക്കാന്‍ പ്രഖ്യാപനം നടത്തി. ബിജെപി - കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകള്‍ അടുത്ത മൂന്നുവര്‍ഷത്തേക്ക് തൊഴിലാളികള്‍ക്കുള്ള എല്ലാ അവകാശങ്ങളും നിഷേധിച്ച് നിയമങ്ങള്‍ ഭേദഗതി ചെയ്തു. തൊഴിലാളികളെ കേവലം കൂലിഅടിമകളാക്കി ചൂഷണം ചെയ്യുക എന്ന കുത്തക മൂലധന നയത്തിന് ആര്‍ എസ് എസ് ദാസ്യപ്പണി എടുക്കുകയാണ്.


കര്‍ഷരുടെ വായ്പ എഴുതിത്തള്ളാനും പലിശരഹിത വായ്പ നല്‍കാനും തയ്യാറാകാത്ത കേന്ദ്ര സര്‍ക്കാര്‍ വിജയ് മല്യ അടക്കമുള്ള വന്‍കിട വ്യവസായികളുടെ 64,000 കോടി രൂപയുടെ കടം എഴുതിത്തള്ളി.  അഗ്രിബിസിനിസ് കമ്പനികളെ സഹായിക്കാന്‍ ഒരു ലക്ഷം കോടി രൂപയുടെ അഗ്രികള്‍ച്ചര്‍ ഇന്‍ഫ്ര സ്ട്രക്ചര്‍ ഫണ്ട് പ്രഖ്യാപിച്ചു. അര്‍ഹരായവര്‍ക്ക് നേരിട്ട് പണം നല്‍കാന്‍ തയ്യാറാകാതെ വായ്പ ഘോഷയാത്ര പ്രഖ്യാപനത്തിലൂടെ ജനങ്ങളെ അമ്പരപ്പിക്കുകയാണ്.


 1955ലെ അവശ്യവസ്തു നിയമം, അഗ്രിക്കള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് നിയമം, മോഡല്‍ കോട്രാക്റ്റ് നിയമം, മോഡല്‍ ടെനന്‍സി നിയമം, വിത്ത് നിയമം തുടങ്ങിയവ പരിഷ്കരിക്കുന്നതു കര്‍ഷകരുടെ വിളകള്‍ ഫാമിന്‍റെ കവാടത്തില്‍ നിന്നു തന്നെ എത്ര അളവിലും വാങ്ങിക്കൂട്ടാന്‍ അഗ്രി ബിസിനിസ് കമ്പനികള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയാണ്. എന്നിട്ടും മിനിമം വില ഉറപ്പുവരുത്താനും സംഭരണം ഉറപ്പുവരുത്താനും മാത്രം  നിയമം നിര്‍മ്മിക്കാന്‍ പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും സാധിക്കുന്നില്ല. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കാന്‍ നടപടി എടുത്തുകഴിഞ്ഞു. ഭക്ഷണവസ്തുക്കള്‍ കുത്തകകള്‍ക്ക് ലാഭം ഉണ്ടാക്കാന്‍ വിട്ടുകൊടുക്കുകയാണ്. കരിഞ്ചന്തയ്ക്കും കൊള്ളവിലയ്ക്കും നിയമസാധുത നല്‍കി ഭക്ഷ്യസുരക്ഷ ഇല്ലാതാക്കുകയാണ്. 


മുതലാളിത്ത രാജ്യങ്ങള്‍ സമ്പദ്ഘടനയെ ദേശസാല്‍ക്കരിക്കാന്‍ നടപടി എടുക്കുന്ന ഘട്ടത്തിലാണ് രാജാവിനേക്കാള്‍ വലിയ രാജഭക്തിയുമായി സ്വദേശി മുദ്രാവാക്യം വലിച്ചെറിഞ്ഞു വിദേശ മൂലധനത്തെ ആര്‍ എസ്എസ്  കെട്ടിപ്പുണരുന്നത്. എല്ലാം വില്‍ക്കുക എന്ന നയം നടപ്പാക്കാന്‍ ആത്മനിര്‍ഭര്‍ ഭാരത് എന്നു പേരിടുന്നതാണ് ആര്‍എസ്എസ്കാരനായ പ്രധാനമന്ത്രിയുടെ കാപട്യം. 
കൃഷിയുടെ നേതൃത്വം അഗ്രി ബിസിനിസ് കമ്പനികള്‍ക്ക്  കാര്‍ഷിക പ്രതിസന്ധിയുടെ കാരണമായ ഘടകങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുപകരം അതു കൂടുതല്‍ രൂക്ഷമാക്കുന്ന നയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. മുതലാളിത്ത വികസനം ശക്തമാകുമ്പോള്‍ ഉപജീവനകൃഷിക്ക് പകരം വിപണിയിലേക്ക് ആവശ്യമായ ചരക്ക് ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഏകവിള കൃഷി രീതിയാണ് ശകതിപ്പെടുക. വിള വിറ്റുകിട്ടുന്ന വിലയാണ് ഉപജീവനത്തിനായി ഉത്പന്നങ്ങള്‍ വാങ്ങാന്‍ കര്‍ഷകനുള്ള ഏക വരുമാനം. അതാണ് വിളകള്‍ക്ക് മിനിമം താങ്ങുവില ലഭിക്കുക എന്ന ആവശ്യത്തിന്‍റെ പ്രാധാന്യം. 2014 ലെ തിരഞ്ഞെടുപ്പില്‍ ബി ജെ പി മാനിഫെസ്റ്റോയിലെ മുഖ്യ വാഗ്ദാനം ഇ2 + 50% വില ലഭ്യമാക്കാം എന്നായിരുന്നു. എന്നാല്‍ മോഡി സര്‍ക്കാര്‍ ആ വാഗ്ദാനം പാലിച്ചില്ല. 


1955 ലെ അവശ്യവസ്തു നിയമം ഭേദഗതി ചെയ്തു കാര്‍ഷിക വിളകള്‍ പ്രത്യകിച്ചും ഭക്ഷ്യ വിളകളായ ഉള്ളി, ഉരുളക്കിഴങ്ങ്, നെല്ല്, ഗോതമ്പ് തുടങ്ങിയവ യാതൊരു ലൈസന്‍സും ഇല്ലാതെ സംഭരിക്കാനും സൂക്ഷിക്കാനും വിപണനം ചെയ്യാനും അഗ്രി ബിസിനസ് കമ്പനികളെ അനുവദിക്കുകയാണ്. അതിനു സഹായകരമാകും വിധം അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി നിയമവും ഭേദഗതി വരുത്തുകയാണ്. അതിനായി 'ഒരു രാജ്യം ഒരു വിപണി' എന്ന മുദ്രാവാക്യം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഫെഡറല്‍ അധികാരങ്ങള്‍ ഉള്ള സംസ്ഥാനങ്ങള്‍ എന്ന നയം  തിരുത്തി കേന്ദ്ര സര്‍ക്കാരിനെ ആശ്രയിക്കുന്ന സംസ്ഥാനങ്ങള്‍ എന്ന നിലയില്‍ അധികാര കേന്ദ്രീകരണത്തിലേക്കാണ് ആര്‍എസ്എസ് നീങ്ങുന്നത് എന്നു വ്യകതമാണ്. അഗ്രി ബിസിനിസ് കമ്പനികള്‍ക്ക് എല്ലാ പിന്തുണയും നല്‍കി കോള്‍ഡ് ചെയിന്‍ വെയര്‍ഹൌസുകള്‍, റോഡുകളും പാലങ്ങളും മറ്റു ഗതാഗത സൗകര്യങ്ങളും അടക്കം എല്ലാ പശ്ചാത്തല സൗകര്യങ്ങളും ഒരുക്കാന്‍ ഒരു ലക്ഷം കോടി രൂപ അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് പാക്കേജില്‍ സര്‍ക്കാര്‍ വകയിരുത്തി. 
കര്‍ഷകര്‍ക്ക് മോഡല്‍ കോണ്‍ട്രാക്റ്റ് നിയമത്തിലൂടെ അഗ്രി ബിസിനിസ് കമ്പനികളുടെ കരാര്‍ ഉത്പാദകരാകാം എന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍റെ പ്രഖ്യാപനം. വിത്തിന്‍റെ കുത്തക കോര്‍പറേറ്റ് കമ്പനികള്‍ക്ക് തീറെഴുതുന്ന വിത്ത് നിയമവും വരികയാണ്. വിത്ത് മുതല്‍ വിപണി വരെ കൃഷിയുടെ നേതൃത്വം അഗ്രി ബിസിനിസ് കമ്പനികളെ ഏല്‍പ്പിക്കുക എന്നതാണ് ആര്‍എസ്എസ് മുന്നോട്ടുവെക്കുന്ന ബദല്‍ നയം. കൃഷിയുടെ നേത്രുത്വത്തില്‍ നിന്നും കര്‍ഷകനെ തുടച്ചുമാറ്റി കമ്പനികളെ ഏല്‍പ്പിക്കുകയാണ്. എന്നാല്‍ മേല്‍ നിയമങ്ങള്‍ എല്ലാം നിര്‍മിക്കുന്ന കേന്ദ്ര സര്‍ക്കാരിനു കര്‍ഷകരുടെ ഉല്‍പ്പന്നത്തിനു ഇ2 + 50% വില ഉറപ്പുവരുത്താന്‍ നിയമം നിര്‍മിക്കാമല്ലോ. അതിനു സീതാരാമനോ മോഡിയോ തയ്യാറല്ല. 


കാര്‍ഷിക മേഖലയില്‍ കേന്ദ്ര പാക്കേജിന്‍റെ ലക്ഷ്യം വ്യക്തമാണ്. ഡിജിറ്റല്‍ വ്യാപാരം ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങളുടെ പിന്തുണയോടെ അഗ്രി ബിസിനിസ് കമ്പനികള്‍ക്ക് കാര്‍ഷിക മേഖലയില്‍ മേധാവിത്വം സ്ഥാപിക്കാനും കര്‍ഷകന് മിനിമം താങ്ങുവിലയും തൊഴിലാളികള്‍ക്ക് മിനിമം വേതനവും നിഷേധിച്ച് അവരുടെ അദ്വാനത്തെ ചൂഷണം ചെയ്തു തടിച്ചുവീര്‍ക്കാനും എല്ലാ സൗകര്യങ്ങളും ഒരുക്കുക, കാര്‍ഷിക പ്രതിസന്ധി ഇല്ലാതാക്കുന്നതിനു പകരം കര്‍ഷരെ തന്നെ ഇല്ലാതാക്കി കാര്‍ഷികോല്‍പാദനം അഗ്രി ബിസിനിസ് കമ്പനികളുടെ നേതൃത്വത്തിലേക്ക് കൈമാറുക. പടിപടിയായി കൃഷി ഭൂമിയും കന്നുകാലികളും നഷ്ടപ്പെടുന്ന കര്‍ഷകരെ പാപ്പരീകരിച്ചു ഉപജീവനം നടത്താന്‍ പ്രവാസി തൊഴിലാളികളുടെ അണിയിലേക്ക് തള്ളിയിടുക.  അങ്ങനെ വന്‍കിട മൂലധന ശക്തികള്‍ക്ക് കുറഞ്ഞ കൂലിക്ക് യഥേഷ്ടം തൊഴിലാളികളെ ലഭ്യമാക്കുക. തൊഴിലാളികളെയും കര്‍ഷകരെയും ചൂഷണം ചെയ്തു പ്രതിവര്‍ഷം ആസ്തി ഇരട്ടിയാക്കാന്‍ അംബാനിയും അദാനിയും അടക്കമുള്ള ചങ്ങാതി മുതലാളിമാര്‍ക്ക് അവസരം ഒരുക്കുക. ഇതാണ് മോഡി സര്‍ക്കാരിന്‍റെ ലക്ഷ്യം. അതിനെ തൊഴിലാളികര്‍ഷക ഐക്യം ശക്തിപ്പെടുത്തി വര്‍ദ്ധിത വീര്യത്തോടെ നാം ചെറുക്കണം.