വര്‍ഗീയതയുടെ സാംസ്കാരിക അതിക്രമങ്ങള്‍

സി അശോകന്‍

പെരിയാര്‍ മണല്‍പ്പുറത്ത് മിന്നല്‍ മുരളി എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി നിര്‍മിക്കപ്പെട്ട ഒരു പള്ളിയുടെ സെറ്റ് ചില ചെറുപ്പക്കാര്‍ ചേര്‍ന്ന് നശിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ നമ്മളെ അമ്പരപ്പിച്ചുകളഞ്ഞു. ബേസില്‍ ജോസഫ് എന്ന യുവ സംവിധായകന്‍ ടൊവിനോതോമസ് എന്ന താരത്തെ നായകനാക്കി നിര്‍മ്മിക്കുന്ന ചലച്ചിത്രമാണ് മിന്നല്‍ മുരളി. കോവിഡ്-19 മഹാമാരി കേരളത്തിലും കടന്നുവന്നതോടെ ജനങ്ങളുടെ ആരോഗ്യ സുരക്ഷയെ മുന്‍നിര്‍ത്തിയും രോഗവ്യാപനം തടയുന്നതിനുമായി ലോക്ക്ഡൗണ്‍ നടപ്പിലാക്കപ്പെട്ടതോടെ സിനിമാ ഷൂട്ടിങ്ങും നിര്‍ത്തിവയ്ക്കപ്പെട്ടു.


അടച്ചുപൂട്ടല്‍കാലത്ത് നാം അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ എന്തൊക്കെയാണെന്ന് നാം അനുഭവിച്ചുകൊണ്ടിരിക്കുകയാണല്ലോ? ഉല്‍പാദനമേഖല നിശ്ചലമായി കട കമ്പോളങ്ങളും സര്‍ക്കാര്‍ ആഫീസുകളും വിദ്യാലയങ്ങളുമൊക്കെ അടഞ്ഞുകിടക്കുകയും മനുഷ്യരെല്ലാംതന്നെ തങ്ങളുടെ വീടുകളില്‍ ഒതുങ്ങിക്കൂടുവാന്‍, അതും മാസങ്ങളോളം, നിര്‍ബന്ധിതമായ ഒരവസ്ഥ ചരിത്രത്തില്‍ ആദ്യമാണ്. കോവിഡ്-19 എന്ന മഹാമാരിയോട് പോരാടി അമേരിക്ക അടക്കമുള്ള മുതലാളിത്ത രാജ്യങ്ങള്‍ തളര്‍ന്നു കുഴഞ്ഞു പതറി നില്‍ക്കുമ്പോള്‍ ചൈനയും ക്യൂബയും വിയറ്റ്നാമുംപോലുള്ള കമ്യൂണിസ്റ്റ്പാര്‍ടി ഭരിക്കുന്ന രാജ്യങ്ങള്‍ കോവിഡിനെതിരെ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ച് അതിനെ കീഴ്പ്പെടുത്തുന്ന കാഴ്ചയും നമ്മുടെ മുന്നിലുണ്ട്. വിയറ്റ്നാം എന്ന ചെറിയ രാജ്യം കോവിഡിനെ ചെറുത്ത് ജനജീവിതത്തെ സാധാരണ അവസ്ഥയില്‍ എത്തിച്ചിരിക്കുന്നു. കേരളമെന്ന നമ്മുടെ കൊച്ചു സംസ്ഥാനം, ബിജെപി ഭരിക്കുന്ന ഇന്ത്യയില്‍ കോവിഡ്-19 വലിയതോതില്‍ മറ്റു സംസ്ഥാനങ്ങളില്‍ പടര്‍ന്നുപിടിക്കുമ്പോള്‍, ഫലപ്രദവും മാതൃകാപരവുമായ നടപടികളിലൂടെ കോവിഡിനെ ചെറുക്കുകയും മരണനിരക്ക് രണ്ടക്കത്തിലേക്കുപോലും കടക്കാതെ ഏറ്റവും താഴ്ന്ന അവസ്ഥയില്‍ നിലനിര്‍ത്തുകയും ചെയ്യുന്നു.  ലോക രാജ്യങ്ങള്‍ അത്ഭുതാദരങ്ങളോടെയാണ് കേരളം നടത്തുന്ന പ്രവര്‍ത്തനങ്ങളെ കാണുന്നത്. ജനങ്ങളെല്ലാവരുടെയും ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തി രോഗബാധിതരെ ചികിത്സിക്കുന്നതിലും രോഗമുക്തി നേടുന്നതിലും രോഗവ്യാപനം തടയുന്നതിലും വൃദ്ധജനങ്ങളുള്‍പ്പെടെയുള്ളവരുടെ സുരക്ഷ ഉറപ്പാക്കിയും കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ കോവിഡിനെതിരെ ജാഗ്രതയോടെ പോരാടുന്നതിനെ ലോകം അഭിനന്ദിക്കുകയാണ്.

നമ്മുടെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഒക്കെ അന്തര്‍ദേശീയ, ദേശീയ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ട് കേരളത്തിന്‍റെ ജനാധിപത്യ സര്‍ക്കാരിന്‍റെ നടപടികള്‍  വിശദീകരിക്കുന്നതു കാണുമ്പോള്‍ ഓരോ മലയാളിയും അഭിമാനംകൊള്ളുകയാണ്. ജനങ്ങളും സര്‍ക്കാരും ഒറ്റക്കെട്ടായി ചരിത്രത്തിലെ വലിയ ഒരു പ്രതിസന്ധിയെ ധീരമായി നേരിട്ടുകൊണ്ടിരിക്കുമ്പോഴാണ് ചില ഛിദ്രശക്തികള്‍ തല ഉയര്‍ത്തുന്നത്.
എന്തുകൊണ്ടാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ ജനാധിപത്യപരമായി, ആശയപരമായി നേരിടാന്‍ കഴിയാതെ ജനങ്ങളെ ഭിന്നിപ്പിക്കുവാനുള്ള ശിഥിലീകരണ പ്രവര്‍ത്തനങ്ങളില്‍ ഇക്കൂട്ടര്‍ വ്യാപൃതരാകുന്നത്? ഇടതുപക്ഷ സര്‍ക്കാരിനു കിട്ടുന്ന അഭൂതപൂര്‍വമായ ജനപിന്തുണയാണ് ഇക്കൂട്ടരെ വിറളിപിടിപ്പിക്കുന്നത്. പ്രതിപക്ഷകക്ഷികളായ കോണ്‍ഗ്രസും ബിജെപിയും പരിഹാസ കഥാപാത്രങ്ങളായി മാറിയത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തില്‍ ജനങ്ങള്‍ക്കൊപ്പം, സര്‍ക്കാരിനൊപ്പം നില്‍ക്കാതെ അവര്‍ സര്‍ക്കാര്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളെ തുരങ്കംവെയ്ക്കുവാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാനും ശ്രമിച്ചുകൊണ്ടേയിരിക്കുന്നതുകൊണ്ടാണ്. സമൂഹത്തിന്‍റെ, സംസ്ഥാനത്തിന്‍റെ, രാജ്യത്തിന്‍റെ പ്രതിസന്ധിഘട്ടത്തില്‍ കക്ഷിരാഷ്ട്രീയ ഭേദം മറന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണ് ജനാധിപത്യ രാജ്യങ്ങളിലെ രാഷ്ട്രീയപാര്‍ടികള്‍ ചെയ്യുന്നത്. എന്നാല്‍ ലോകത്തിനും, ഇന്ത്യയ്ക്കുതന്നെയും മാതൃകയായി മാറിയ കേരള സര്‍ക്കാരിന്‍റെ പോരാട്ടത്തെ പിന്നില്‍നിന്നു കുത്തുവാനും വ്യാജപ്രചാരണങ്ങള്‍ വഴി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വര്‍ഗീയ, മത ഭീകരവാദ സംഘടനകളെത്തന്നെ ഉപയോഗപ്പെടുത്തുന്നതില്‍പോലും കോണ്‍ഗ്രസിനും ബിജെപിക്കും ലജ്ജയില്ലതന്നെ. അതിന്‍റെ ഭാഗമായാണ് ഇക്കൂട്ടരുടെ പരോക്ഷ പിന്തുണയോടെ ഹിന്ദുത്വ വര്‍ഗീയ സംഘടനകളും ഇസ്ലാമിക തീവ്രവാദ സംഘടനകളും പല നിലകളില്‍ ഒളിഞ്ഞും തെളിഞ്ഞും കേരളീയ സമൂഹത്തില്‍ ശിഥിലീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്നത് എന്നു കാണാവുന്നതാണ്. 


പെരിയാര്‍ മണല്‍പ്പുറത്ത് ക്രിസ്തീയ ദേവാലയത്തിന്‍റെ സെറ്റിട്ടത് തങ്ങളുടെ മത വികാരത്തെ വ്രണപ്പെടുത്തി എന്നവകാശപ്പെട്ടുകൊണ്ടാണ് അന്തര്‍ദേശീയ ഹിന്ദു പരിഷത്ത് എന്ന സംഘടനയുടെ യുവജന വിഭാഗമായ രാഷ്ട്രീയ ബജ്റംഗ്ദള്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ സിനിമാസെറ്റ് കൈയേറി നശിപ്പിച്ചത്. പെരിയാര്‍ മണല്‍പ്പുറത്ത് കുറച്ചു ദൂരത്തായി ഒരു ശിവക്ഷേത്രം സ്ഥിതിചെയ്യുന്നുണ്ട്. ക്ഷേത്രത്തിന്‍റെ സാന്നിധ്യത്തെ മുന്‍നിര്‍ത്തിയാണ് ക്രിസ്തീയ ദേവാലയത്തിന്‍റെ സെറ്റ് തങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തിയതെന്ന് സംഘപരിവാര്‍ സംഘടനയായ അന്തര്‍ദേശീയ ഹിന്ദുപരിഷത്ത് അവകാശപ്പെടുന്നത്. കേരളത്തില്‍ പലയിടത്തും ഹിന്ദു, മുസ്ലീം, ക്രിസ്തീയ ദേവാലയങ്ങള്‍ സമീപസ്ഥമായി നിലകൊള്ളുന്നുണ്ട്. തിരുവനന്തപുരത്ത് ക്രിസ്തീയ ദേവാലയത്തില്‍നിന്നും അമ്പതു മീറ്ററില്‍ താഴെ വരുന്ന ദൂരപരിധിയിലാണ് പാളയം പള്ളിയെന്ന മുസ്ലീം ആരാധനാലയം നിലകൊള്ളുന്നത്. അതിനോട് ചേര്‍ന്നാണ് ഗണപതിക്ഷേത്രം നില്‍ക്കുന്നത്. ഈ ആരാധനാലയങ്ങള്‍ തോളുരുമ്മി നില്‍ക്കുന്നത് ഒരു വിശ്വാസിയുടെയും മതവികാരം വ്രണപ്പെടുത്തിയിട്ടില്ല ഇതുവരെ. അപ്പോഴാണ് താല്‍ക്കാലികമായി പണിതതും ഷൂട്ടിങ് കഴിഞ്ഞ് പൊളിച്ചുനീക്കാന്‍ ഉദ്ദേശിച്ച് നിര്‍മ്മിച്ച ഒരു സിനിമസെറ്റ് മതവികാരം വ്രണപ്പെടുത്തുന്നുവെന്നുപറഞ്ഞ് അതിനെ ആക്രമിച്ച് തകര്‍ക്കുന്നത്! ഈ പ്രവൃത്തി നമ്മെ ചരിത്രത്തിലെ വലിയ ഒരു ദുരന്ത സംഭവത്തെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. അത് 1992 ഡിസംബര്‍ 6-ാം തീയതി ഹിന്ദുത്വ ഫാസിസ്റ്റുകള്‍ ബാബറിമസ്ജിദ് തകര്‍ത്ത സംഭവമാണ്. ഇന്ത്യന്‍ ജനതയ്ക്കിടയില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിച്ച്, മത ന്യൂനക്ഷങ്ങളെ അപരസ്ഥാനത്ത് നിര്‍ത്തി രാഷ്ട്രീയ നേട്ടംകൊയ്യാനുള്ള ആര്‍എസ്എസിന്‍റെയും അതിന്‍റെ രാഷ്ട്രീയ മുഖമായ ബിജെപിയുടെയും കുടില തന്ത്രത്തിന്‍റെ ഭാഗമായാണ് ബാബറിമസ്ജിദ് തകര്‍ത്തത്. ബിജെപിയും സംഘപരിവാര്‍ സംഘടനകളും ഇന്ത്യയിലെമ്പാടും വര്‍ഗീയവും വ്യാജവുമായ പ്രചാരണങ്ങള്‍ ബഹുരാഷ്ട്ര മുതലാളിമാരുടെ സാമ്പത്തിക സഹായത്തോടുകൂടി കെട്ടഴിച്ചുവിടുകയും വര്‍ഗീയ കലാപങ്ങളും കൊലപാതക പരമ്പരകളും സൃഷ്ടിച്ചും രാഷ്ട്രീയമായ കുതിരക്കച്ചവടം നടത്തിയും ഇന്ത്യയിലെ കേന്ദ്രഭരണവും വിവിധ സംസ്ഥാനങ്ങളിലെ ഭരണവും കരസ്ഥമാക്കുന്നതാണ് നമ്മള്‍ കണ്ടത്. ഏറ്റവും ഒടുവില്‍ പൗരത്വ രജിസ്റ്ററിനും പൗരത്വ ഭേദഗതി നിയമത്തിനും എതിരെ ഉയര്‍ന്നുവന്ന ജനകീയ പ്രക്ഷോഭങ്ങളില്‍നിന്നും ശ്രദ്ധ തിരിച്ചുവിടാന്‍ ഡല്‍ഹിയിലെ തെരുവുകളില്‍ വര്‍ഗീയ കലാപം നടത്തി നിരവധി ആളുകളെ കൊന്നൊടുക്കിയതും മുസ്ലീം ജനവിഭാഗത്തിന്‍റെ വ്യാപാര, വ്യവസായ സ്ഥാപനങ്ങളും വീടുകളും തിരഞ്ഞുപിടിച്ച് നശിപ്പിച്ചതും നാം കണ്ടതാണ്. എന്നാല്‍ കേരളമെന്ന കൊച്ചു സംസ്ഥാനം ഹിന്ദുത്വ വര്‍ഗീയതയെയും ഇസ്ലാമിക ഭീകരവാദത്തെയും ചെറുത്തു തോല്‍പിച്ചുകൊണ്ട് വര്‍ഗീയമായ ചേരിതിരിവിനും ശിഥിലീകരണത്തിനും ഇടംനല്‍കാതെ പിടിച്ചുനിന്നു. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന നാള്‍മുതല്‍ ഒളിഞ്ഞും തെളിഞ്ഞും ഹിന്ദുത്വ ഫാസിസ്റ്റുകള്‍ വര്‍ഗീയതയുടെ വിഷം പരത്തുവാന്‍ പലതരത്തില്‍ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. എഴുത്തുകാരെയും കലാ പ്രവര്‍ത്തകരെയും വധഭീഷണി ഉയര്‍ത്തിയും തെറിയഭിഷേകം നടത്തിയും അവര്‍ നേരിട്ടിട്ടുണ്ട്. രാജ്യത്ത് വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍, പ്രത്യേകിച്ച് ജയ്ശ്രീറാംവിളിയുടെ അകമ്പടിയോടെ നടത്തുന്ന കൊലപാതകങ്ങളില്‍ ഉല്‍ക്കണ്ഠപ്പെട്ട് പ്രധാനമന്ത്രി ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് കത്തെഴുതിയ 42 പ്രമുഖരായ സാംസ്കാരിക വ്യക്തിത്വങ്ങളില്‍ ഒരാളും ലോകസിനിമയ്ക്ക് വലിയ സംഭാവനനല്‍കിയ മലയാളത്തിന്‍റെ അഭിമാനവുമായ അടൂര്‍ ഗോപാലകൃഷ്ണനോട് ചന്ദ്രനിലേക്ക് പൊയ്ക്കോളൂ, ഇന്ത്യയില്‍ ജീവിക്കണ്ട എന്നുപറഞ്ഞ് അധിക്ഷേപിച്ചതും തെറിവിളിച്ചതും നമ്മള്‍ മറന്നിട്ടില്ല. എം ടി വാസുദേവന്‍നായര്‍ ഡോ. എം എം ബഷീര്‍, പ്രഭാവര്‍മ, കെ ആര്‍ മീര തുടങ്ങിയ എഴുത്തുകാരും സംഘപരിവാര്‍ സംഘടനകളുടെ വധഭീഷണികള്‍ക്കും തെറിവിളികള്‍ക്കു വിധേയരായിട്ടുണ്ട്. എന്തിന് മിന്നല്‍മുരളിയുടെ സിനിമാസെറ്റ് നശിപ്പിച്ചതിനെതിരെ പുരോഗമന കലാസാഹിത്യസംഘം തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ ഫെയ്സ്ബുക്ക് പേജില്‍ സച്ചിദാനന്ദനും അശോകന്‍ ചരുവിലും ഉള്‍പ്പെടെയുള്ളവരുടെ വീഡിയോ സന്ദേശങ്ങളുടെ താഴെവന്ന് തെറിവിളിക്കുന്ന സംഘികളെ  കാണാം.


ബാബറി മസ്ജിദ് പൊളിച്ചതിന്‍റെ ഒരു വികൃതാനുകരണംപോലെയാണ് രാഷ്ട്രീയ ബജ്റംഗ്ദള്‍ എന്ന സംഘപരിവാര്‍ സംഘടന ക്രിസ്തീയ ദേവാലയത്തിന്‍റെ സിനിമാസെറ്റ് നശിപ്പിച്ചത്. വര്‍ഗീയതയ്ക്കും മതഭ്രാന്തിനും എതിരെ കേരളീയ നവോത്ഥാനചരിത്രത്തില്‍ സര്‍വമത സമ്മേളനം നടന്ന മണ്ണിലാണ് സംഘപരിവാര്‍ ഈ അതിക്രമം കാട്ടിയത് എന്നത് നാമോര്‍ക്കണം. ആലുവാ അദ്വൈതാശ്രമത്തിന്‍റെ നേതൃത്വത്തിലാണ് എല്ലാ മത നേതാക്കളെയും ക്ഷണിച്ചുവരുത്തി ശ്രീനാരായണഗുരു സര്‍വമത സമ്മേളനം നടത്തിയത്. എല്ലാ മതങ്ങളുടെയും സാരം ഒന്നുതന്നെയാണെന്നും മതവിദ്വേഷത്തിന് ഒരര്‍ഥവുമില്ലെന്നും തന്‍റെ ജീവിതത്തിലൂടെയും കൃതികളിലൂടെയും പഠിപ്പിച്ച ശ്രീനാരായണഗുരുവിന്‍റെ ആശ്രമം സ്ഥിതിചെയ്യുന്ന മണ്ണിലാണ് വര്‍ഗീയവാദികള്‍ ഈ അതിക്രമം കാണിച്ചത്. കേരളത്തിന്‍റെ നവോത്ഥാന ചരിത്രം വര്‍ഗീയതയ്ക്ക് എതിരാണ്. നമ്മുടെ സന്ന്യാസ പാരമ്പര്യവും ആത്മീയ പാരമ്പര്യവും മതസൗഹാര്‍ദത്തിനും സാമൂഹികമായ ഉദ്ഗ്രഥനത്തിനുമാണ് പിന്തുണ നല്‍കുന്നത്.  ആര്‍എസ്എസിനും അന്തര്‍ദേശീയ ഹിന്ദു പരിഷത്തിനും രാഷ്ട്രീയ ബജ്റംഗ്ദളിനും ഹനുമാന്‍സേനയ്ക്കും ഈ പാരമ്പര്യത്തിന്‍റെ വെളിച്ചംകെടുത്തുവാന്‍ കഴിയില്ല എന്ന വസ്തുതയാണ് സിനിമാസെറ്റ് നശിപ്പിച്ചതിനെതിരെ വ്യാപകമായി ഉയര്‍ന്നുവന്ന പ്രതിഷേധം തെളിയിക്കുന്നത്. കേരളത്തിലെ ഇടതുപക്ഷ, മതേതര, ജനാധിപത്യ മൂല്യങ്ങളെയോ ആ സംസ്കാരത്തെയോ തുരങ്കംവയ്ക്കുവാനുള്ള എല്ലാ ശ്രമങ്ങളെയും ജനങ്ങള്‍ ഒറ്റക്കെട്ടായി ചെറുക്കുകതന്നെ വേണം എന്ന ബോധ്യം നമുക്ക് ഓരോരുത്തര്‍ക്കും ഉണ്ടാകണം. ഹിന്ദുത്വ വര്‍ഗീയവാദികളും ഇസ്ലാമിക ഭീകരവാദികളും ഒക്കെ കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും അനുഗ്രഹാശിസ്സുകളോടെ കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതിനും ഇടതുപക്ഷ സര്‍ക്കാരിന്‍റെ നേട്ടങ്ങളെ അട്ടിമറിക്കുന്നതിനുമായി ശിഥിലീകരണ പ്രവര്‍ത്തനങ്ങളുമായി ഒളിഞ്ഞും തെളിഞ്ഞും മുന്നോട്ടുവരുമെന്ന കാര്യം നമ്മെ എപ്പോഴും ജാഗ്രതപ്പെടുത്തണം.


സാംസ്കാരികമേഖലയില്‍ ഹിന്ദുത്വ ഫാസിസ്റ്റുകളുടെയും ഇസ്ലാമിക തീവ്രവാദ സംഘടനകളുടെയും കടന്നുകയറ്റത്തിനെതിരെ ജനകീയമായ പ്രതിരോധമുയര്‍ത്തി ആശയസമരത്തില്‍ ഏര്‍പ്പെട്ടുകൊണ്ടുമാത്രമേ ജനാധിപത്യ മതനിരപേക്ഷ സാംസ്കാരിക മൂല്യങ്ങളെ സംരക്ഷിക്കുവാനും സാമൂഹികമായ പുരോഗമനം ഉറപ്പുവരുത്തുവാനും കഴിയൂ എന്ന കാര്യം നാം ഒരുനിമിഷംപോലും വിസ്മരിക്കുവാന്‍ പാടില്ല.