മഹാമാരിയുടെ കാലത്തും മഹാരാഷ്ട്രയില്‍ ഭരണം അട്ടിമറിക്കാന്‍ ബിജെപി ശ്രമം

വി ബി പരമേശ്വരന്‍

രാജ്യത്ത് കോവിഡ് 19 വൈറസ് ബാധ അതിവേഗം പടരുകയാണ്. ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. മരണസംഖ്യയില്‍ രോഗവ്യാപനം ആദ്യമായുണ്ടായ ചൈനയെയും ഇന്ത്യ പിന്നിലാക്കിയിരിക്കുകയാണ്. ഇതെഴുതുമ്പോള്‍ രാജ്യത്ത്1,60,000 രോഗികളുണ്ട്. അതില്‍ മൂന്നിലൊന്നും മഹാരാഷ്ട്രയില്‍ നിന്നാണ്. ഏതാണ്ട് 60,000. രാജ്യത്ത് മൊത്തം മരണസംഖ്യ 4633 ആണെങ്കില്‍ മഹാരാഷ്ട്രയില്‍ മാത്രം 1982 പേര്‍ മരിച്ചു. (മെയ് 28 വരെയുള്ള കണക്ക്)മഹാരാഷ്ട്രയില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളതും മരണപ്പെട്ടതും മുംബൈ നഗരത്തിലാണ്. രാജ്യത്തിന്‍റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ രോഗബാധ സ്വാഭാവികമായും സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും ദോഷകരമായി ബാധിക്കും. അതുകൊണ്ടുതന്നെ കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന സര്‍ക്കാരുകളുടെ മുന്‍ഗണന രോഗബാധ ഫലപ്രദമായി തടയുന്നതിനായിരിക്കണം. എന്നാല്‍ ഇക്കാര്യത്തില്‍ രണ്ട് സര്‍ക്കാരുകളും പരാജയപ്പെടുകയാണെന്ന് മേല്‍ സൂചിപ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. 


ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ രോഗികളുള്ള നഗരമായി മുംബൈ മാറുമ്പോള്‍ അതു തടയാനുള്ള ബാധ്യത രാജ്യം ഭരിക്കുന്ന സര്‍ക്കാരിനും ആരോഗ്യവകുപ്പിനും ഉണ്ട്. കാരണം മോഡി സര്‍ക്കാര്‍ തന്നെ കൊട്ടിഘോഷിക്കുന്ന വിദേശ നിക്ഷേപത്തില്‍ ഭൂരിപക്ഷവും മുംബൈ നഗരം വഴിയാണ് രാജ്യത്ത് എത്തുന്നത്. എന്നാല്‍ രോഗവ്യാപനം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാരിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനുപകരം എങ്ങനെയാണ് ആ സര്‍ക്കാരിനെ അട്ടിമറിച്ച് ഭരണം പിടിച്ചെടുക്കുക എന്ന ആലോചനയിലാണ് കേന്ദ്ര സര്‍ക്കാരും അതിന് നേതൃത്വം നല്‍കുന്ന ബിജെപിയും. വേണ്ടത്ര ഗൃഹപാഠം ചെയ്യാതെ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതും അതേ തുടര്‍ന്ന് കോടിക്കണക്കിനു വരുന്ന അതിഥിതൊഴിലാളികള്‍ കാല്‍നടയായി വീടുകളിലേക്ക് മടക്ക യാത്ര ആരംഭിച്ചതും അവര്‍ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളും കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതിഛായ കെടുത്തുന്നതായിരുന്നു. അടച്ചുപൂട്ടലിന്‍റെ സാമ്പത്തിക ആഘാതം മറികടക്കാനായി കേന്ദ്രം പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജാകട്ടെ ജനങ്ങള്‍ക്ക് ഒട്ടും ദഹിച്ചതുമില്ല. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇതരകക്ഷികള്‍ ഭരിക്കുന്ന സര്‍ക്കാരിനെ മറിച്ചിടുന്നതിനായി കരുക്കള്‍ നീക്കുന്നതില്‍ നിന്നും കേന്ദ്ര ഭരണകക്ഷിയെ പിന്തിരിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് മഹാരാഷ്ട്രയിലെ സംഭവവികാസങ്ങള്‍ തെളിയിക്കുന്നു. 


പ്രധാനമന്ത്രി മോഡി അടച്ചു പൂട്ടല്‍ പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കമല്‍നാഥ് സര്‍ക്കാരിനെ ബിജെപി അട്ടിമറിച്ചതും അധികാരം പിടിച്ചെടുത്തതും. മധ്യപ്രദേശിന്‍റെ സാമ്പത്തിക തലസ്ഥാനമായ ഇന്‍ഡോറില്‍ വൈറസ് ബാധ പടരുന്നതിനിടെയാണ് ആരോഗ്യ മന്ത്രിയെ ഉള്‍പ്പെടെ ചാക്കിട്ടുപിടിച്ച് ബിജെപി സംസ്ഥാനത്ത് അട്ടിമറി നടത്തിയത്. രണ്ടു മാസം കഴിഞ്ഞിട്ടും ഇന്‍ഡോറിനെയും മധ്യപ്രദേശിനെയും രോഗവ്യാപനത്തിന്‍റെ തീവ്രതയില്‍ നിന്നും മോചിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരു പൂര്‍ണ മന്ത്രിസഭയ്ക്ക് രൂപം നല്‍കാന്‍ പോലും ശിവരാജ് സിങ്ങ് ചൗഹാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കോവിഡ് കാലത്തും അധികാരം നേടാനുള്ള ആര്‍ത്തിയാണ് ബിജെപിക്കെന്ന് മധ്യേപ്രദേശിലെ സംഭവങ്ങള്‍ തെളിയിക്കുന്നു. മഹാരാഷ്ട്രയിലും അതാവര്‍ത്തിക്കപ്പെടുമെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. 


മഹാമാരിയെ നേരിടുന്നതിലും പ്രതിരോധിക്കുന്നതിലും ഉദ്ധവ് താക്കറെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നു പറയാനാവില്ല. പോരായ്മകളുടെ നിരവധി ഉദാഹരണങ്ങള്‍ എടുത്തുകാട്ടാന്‍ കഴിയും. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സുരക്ഷാ കവചം പോലും ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമായി ഉയരുകയുണ്ടായി. അതോടൊപ്പം അതിഥിതൊഴിലാളികള്‍ക്ക് ഭക്ഷണവും യാത്രാ സൗകര്യവും ഏര്‍പ്പെടുത്തുന്നതിലും വീഴ്ച വരുത്തുകയുണ്ടായി. ഉദ്ധവ് താക്കറെയുടെ ഭരണപരിചയമില്ലായ്മയും സഖ്യ കക്ഷികളായ എന്‍സിപിയെയും കോണ്‍ഗ്രസിനെയും വിശ്വാസത്തിലെടുക്കാത്തതും പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും മകന്‍ ആതിഥ്യ താക്കറെയും ചേര്‍ന്ന് എല്ലാ കാര്യങ്ങളും തീരുമാനിക്കുകയാണെന്നും മറ്റാരുമായും ചര്‍ച്ചയില്ലെന്നുമുള്ള പരാതിയും ഉയരുകയുണ്ടായി. മന്ത്രിസഭാംഗങ്ങളും ഉന്നത ബ്യൂറോക്രാറ്റുകളുമായി ദൈനംദിനം ആശയവിനിമയം നടത്തുന്നതിലും വാര്‍ റൂം തുറന്ന് കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിലും ഉദ്ധവ് താക്കറെക്ക് വീഴ്ചപറ്റിയെന്നാണ് മാധ്യമ വിമര്‍ശം. 


ഇത്തരമൊരുഘട്ടത്തില്‍ സര്‍ക്കാരിനെ കൂടെ നിന്ന് സഹായിക്കേണ്ട, സംസ്ഥാന ഭരണത്തിന് ചുക്കാന്‍ പിടിച്ച് ദീര്‍ഘകാല പരിചയമുള്ള എന്‍സിപിയും കോണ്‍ഗ്രസുമാകട്ടെ മാറിനിന്ന് ഒളിയമ്പുകള്‍ എറിയാനാണ് താല്‍പര്യപ്പെടുന്നത്. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന തന്നെ ഇതിന് ഉദാഹരണം. മഹാരാഷ്ട്രയില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ കോണ്‍ഗ്രസിന് ഒരു പങ്കുമില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുള്ള രാജസ്താനിലും ഛത്തീസ്ഗഡിലും പഞ്ചാബിലും പുതുച്ചേരിയിലും മാത്രമാണ് കോണ്‍ഗ്രസിന് തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പങ്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മഹാരാഷ്ട്ര മന്ത്രിസഭയില്‍ കോണ്‍ഗ്രസ് അംഗങ്ങളും ഉണ്ടെന്നിരിക്കെയാണ്  രാഹുല്‍ ഗാന്ധിയുടെ ഈ പ്രസ്താവന. നയപരമായ കാര്യങ്ങള്‍ തീരുമാനിക്കുന്നത് മന്ത്രിസഭയിലാണ്. അപ്പോള്‍ രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയുടെ അര്‍ഥമെന്താണ്? അതോടൊപ്പം എന്‍സിപിയിലെ ചില നേതാക്കളും മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തി. അതിഥിതൊഴിലാളികളുടെ മടക്കവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി കൊമ്പുകോര്‍ക്കുന്ന കേന്ദ്ര റെയില്‍വെ മന്ത്രി പിയുഷ് ഗോയലിനെ പിന്തുണച്ച് തലമുതിര്‍ന്ന എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ രംഗത്തുവന്നു.

അതിഥിതൊഴിലാളികള്‍ക്കായി വേണ്ടത്ര ട്രെയിന്‍ ഏര്‍പ്പെടുത്തുന്നില്ലെന്നതായിരുന്നു ഉദ്ധവ് താക്കറെയുടെ പരാതി. എന്നാല്‍ അതിഥിതൊഴിലാളികള്‍ക്കായി ട്രെയിന്‍ ഉറപ്പാക്കുന്നതില്‍ പിയുഷ് ഗോയല്‍ ചെയ്യുന്ന സേവനങ്ങള്‍ പ്രശംസാര്‍ഹമാണെന്നായിരുന്നു പ്രഫുല്‍ പട്ടേലിന്‍റെ പ്രസ്താവന. ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കുക ലക്ഷ്യമാക്കി രൂപംകൊണ്ട മഹാരാഷ്ട്ര വികാസ് അഗഡി എന്ന സഖ്യത്തില്‍ തന്നെ ഭിന്നിപ്പ് ദൃശ്യമായതോടെ ബിജെപിയുടെ ആക്രമണം പതിന്മടങ്ങ് വര്‍ധിച്ചു. മുഖ്യമന്ത്രിക്കസേര നഷ്ടപ്പെട്ടുവെന്ന യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാത്ത ദേവേന്ദ്ര ഫഡ്നാവിസാണ് ഇതില്‍ മുന്‍പന്തിയില്‍. എല്ലാ ദിവസവും വാര്‍ത്താസമ്മേളനം വിളിച്ച് താക്കറെ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുക ഫഡ്നാവിസ് പതിവാക്കി. ശിവസേനയില്‍ നിന്ന് കോണ്‍ഗ്രസിലൂടെ ബിജെപിയിലെത്തിയ മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെയാകട്ടെ ഗവര്‍ണറെ സന്ദര്‍ശിച്ച് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വേണമെന്ന് ആവശ്യപ്പെട്ടു. 


ബിജെപിയുടെ കുപ്രസിദ്ധ ഐടി സെല്ലാകട്ടെ ഉദ്ധവ് താക്കറെ സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളുടെ കൂരമ്പുകളാണ് തൊടുത്തുവിട്ടത്.  പാള്‍ഘറില്‍ സന്ന്യാസികള്‍ കൊല്ലപ്പെട്ടതിന് വര്‍ഗീയ നിറം നല്‍കി മുതലെടുപ്പുനടത്താന്‍ സംഘപരിവാര്‍ നടത്തിയ ശ്രമം പരാജയപ്പെടുത്തിയതാണ് ഈ വിമര്‍ശനങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും പ്രധാന കാരണം. പാള്‍ഘര്‍ കൊലപാതക്കേസില്‍ അറസ്റ്റിലായവരെല്ലാം തന്നെ ഹിന്ദുക്കളാണെന്നും ഒരാള്‍ പോലും മുസ്ലീമല്ലെന്നുമുള്ള ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന്‍റെ വെളിപ്പെടുത്തലാണ് സംഘപരിവാറിനെ ചൊടിപ്പിച്ചത്. കോവിഡ് മഹാമാരി പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയത് അവസരമാക്കി താക്കറെ സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമത്തിലാണ് ബിജെപിയും ഐടി സെല്ലും.   


മഹാമാരിയുടെ വ്യാപനം തടയുന്നതില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അലംഭാവം കാട്ടിയെന്നത് വസ്തുതയാണ്. എന്നാല്‍ സര്‍ക്കാരും പ്രതിപക്ഷവും കൂട്ടായി രോഗത്തെ പ്രതിരോധിക്കുന്നതില്‍ ഏര്‍പ്പെടേണ്ട സമയമാണിത്. എന്നാല്‍ മനുഷ്യത്വം എന്തെന്നറിയാത്ത ഫാസിസ്ററ് കക്ഷിയെ സംബന്ധിച്ച് ഈ രാഷ്ട്രീയ മര്യാദയൊന്നും ബാധകമല്ല. യുപി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ എംപിമാരെ തിരഞ്ഞെടുത്ത് അയക്കുന്ന, രാഷ്ട്രത്തിന്‍റെ സാമ്പത്തിക പ്രവര്‍ത്തനത്തിന്‍റെ കേന്ദ്രമായ മഹാരാഷ്ട്രയുടെ ഭരണം നഷ്ടപ്പെട്ടതില്‍ ബിജെപിക്കുള്ള വിഷമം ചെറുതല്ല. അതുകൊണ്ടുതന്നെ അധികാരം തരിച്ചുപിടിക്കുന്നതിന് മഹാമാരിക്കാലമാണ് എന്ന പരിഗണനയൊന്നും ബിജെപിക്കില്ല. ആളുകള്‍ മരിച്ചുവീഴുമ്പോഴും അധികാരത്തിന്‍റെ അപ്പക്കഷണം നുണയാനുള്ള തിടുക്കത്തിലാണ് ബിജെപിയും കേന്ദ്രസര്‍ക്കാരും. 
സഖ്യകക്ഷികളുമായി ബന്ധം മെച്ചപ്പെടുത്തി ഭരണം തുടരാനുള്ള ആര്‍ജവമാണ് ശിവസേനാ നേതൃത്വം കാണിക്കേണ്ടത്. കഴിഞ്ഞ ദിവസം ശരദ് പവാര്‍, ഉദ്ധവ് താക്കറെയുമായും തുടര്‍ന്ന് ഗവര്‍ണര്‍ കോഷിയാരിയുമായും നടത്തിയ കൂടിക്കാഴ്ച രാഷ്ട്രീയ കേന്ദ്രങ്ങളില്‍ കൗതുകമുണര്‍ത്തിയതും ഈ സാഹചര്യത്തിലാണ്. ഏറെ ഭരണപരിചയമുള്ള പവാറിനെപ്പോലുള്ളവരെ കൂടെ നിര്‍ത്തി മഹാമാരിക്കാലം അതിജീവിക്കാനുള്ള രാഷ്ട്രീയ കുശലത താക്കറെ കാട്ടുമെന്ന് പ്രതീക്ഷിക്കാം.