വ്യാജനിര്‍മിതികള്‍

ഗൗരി

മരം ചെയ്യുന്ന കര്‍ഷകരെ കാര്‍ കയറ്റി കൊലപ്പെടുത്തിയ മന്ത്രിപുത്രനെ അറസ്റ്റു ചെയ്യാന്‍ യുപിയിലെ യോഗി ഗവണ്‍മെന്‍റ് നിര്‍ബന്ധിതമായപ്പോഴും, സമരം ചെയ്യുന്ന കര്‍ഷകരെ ആക്രമിക്കാന്‍ പ്രേരണ നല്‍കിയ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ആ കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുകയും മോഡിയും അമിത്ഷായും അതിനുനേരെ കണ്ണടയ്ക്കുകയുമാണ്. ബിജെപിയെന്ന ആളെക്കൊല്ലി പാര്‍ടിയുടെ, ഫാസിസ്റ്റ് സംഘത്തിന്‍റെ തനിനിറമാണ് ഇതില്‍ തെളിഞ്ഞുകാണുന്നത്.

ഊര്‍ജമേഖലയുമായി ബന്ധപ്പെട്ടതാണ് രാജ്യം നേരിടുന്ന മറ്റു രണ്ട് പ്രധാന പ്രശ്നങ്ങള്‍. ഒന്ന്, പെട്രോള്‍, ഡീസല്‍, പാചകവാതക വിലകള്‍ കുതിച്ചുയരുന്നതാണ്. പെട്രോളിനു പിന്നാലെ ഡീസലിന്‍റെ വിലയും ലിറ്ററിന് 100 രൂപ കടന്നു. അതുപോലെ തന്നെ രാജ്യം കടുത്ത കല്‍ക്കരിക്ഷാമം നേരിടുന്നു. അത് വൈദ്യുതിമേഖലയെ പ്രതിസന്ധിയിലാക്കുകയും ഡല്‍ഹി ഉള്‍പ്പെടെ ഇരുട്ടിലാകുന്ന അവസ്ഥയിലെത്തുകയും ചെയ്തിരിക്കുന്നു.

എന്നാല്‍ ഇതെല്ലാം സംബന്ധിച്ച വാര്‍ത്തകള്‍ വന്ന ദിവസം, ഒക്ടോബര്‍ 10, മനോരമ ചാനലിന് ചര്‍ച്ച ചെയ്യാന്‍ കിട്ടിയ വിഷയം സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സന്ദീപ് നായരുടെ വാക്കുകള്‍ക്ക് വിശ്വാസ്യതയുണ്ടോയെന്നാണ്. സന്ദീപ് നായര്‍ മാധ്യമങ്ങളോടു പറഞ്ഞ കാര്യത്തെക്കുറിച്ച് - മുഖ്യമന്ത്രിയെയും സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണനെയും കെ ടി ജലീലിനെയും കേസില്‍ കുടുക്കാന്‍ കള്ളമൊഴി പറയണമെന്ന് ഇ ഡി ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തിയെന്ന പ്രസ്താവനയെക്കുറിച്ച് - ചര്‍ച്ച ചെയ്യുകയല്ല ചാനല്‍ ചെയ്തത്, ഈ സന്ദീപ് നായരുടെ മൊഴി വിശ്വസനീയമാണോയെന്നാണ് അവതാരകയായ നിഷയുടെ ചോദ്യം. മനോരമയെ സംബന്ധിച്ചിടത്തോളം സന്ദീപിന്‍റെ പ്രസ്താവന മുഖ്യമന്ത്രി പിണറായിക്കോ എല്‍ഡിഎഫ് സര്‍ക്കാരിനോ സിപിഐ എമ്മിനോ എതിരായിരുന്നെങ്കില്‍ അത് വിശ്വസനീയമാകുമായിരുന്നു. മാത്രമല്ല, ദേശീയരംഗത്തെ കത്തുന്ന വിഷയങ്ങളില്‍ കണ്ണടയ്ക്കാന്‍ പകരമായി മനോരമാവെഷം എടുത്തത് നല്ല അസ്സല്‍ സാധനം തന്നെ.

കല്‍ക്കരിക്ഷാമവും വൈദ്യുതി പ്രതിസന്ധിയും ചര്‍ച്ചയ്ക്കെടുത്ത അംബാനി ചാനല്‍ (18) സംഭവം അവതരിപ്പിക്കുന്നത് ബഹുകേമമായിട്ടാണ് - ചൈനയ്ക്കുപിന്നാലെ ഇന്ത്യയിലും കല്‍ക്കരിക്ഷാമം. ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ കെടുകാര്യസ്ഥതയും ആസൂത്രണരാഹിത്യവും സൃഷ്ടിച്ച ഇന്ത്യയിലെ കല്‍ക്കരിക്ഷാമവും വൈദ്യുതി പ്രതിസന്ധിയും ചര്‍ച്ച ചെയ്യുന്നതിലെ ലാഘവ ബുദ്ധിയാണ് ഇതില്‍ പ്രകടമാകുന്നത്. ചൈനയിലും പ്രതിസന്ധിയാണ്, അപ്പോള്‍ ഇവിടെയും അങ്ങനെയാകാം, ആഗോള വിഷയമായതിനാല്‍ വലിയ കുഴപ്പമില്ലെന്ന് ധ്വനി. ഇതേ ചാനല്‍ പകല്‍ മുഴുവന്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധനയെപ്പറ്റിയുള്ള വാര്‍ത്തയില്‍ ഡീസലിന്‍റെ വില കേരളത്തില്‍ 100 കടന്നുവെന്നും തമിഴ്നാട്ടില്‍ 100 കടന്നില്ല, 98 കടന്നതേയുള്ളൂവെന്നുമാണ് വാര്‍ത്ത നല്‍കിയത്. എന്നാല്‍ കേരളത്തെക്കാള്‍ മുന്‍പെ മറ്റു 11 സംസ്ഥാനങ്ങളില്‍ ഡീസല്‍ വില 100 കടന്നിരുന്നുവെന്നും പെട്രോള്‍, ഡീസല്‍ വില വര്‍ധനവിന്  മോഡി സര്‍ക്കാര്‍ മാത്രമാണ് ഉത്തരവാദിയെന്നും മാത്രം ചാനല്‍ പറയില്ല. തമിഴ്നാട്ടില്‍ പ്രത്യേകിച്ചും കേരളത്തിന്‍റെ അതിര്‍ത്തി പ്രദേശത്ത് പെട്രോള്‍ പമ്പുകളില്‍ കേരളത്തില്‍നിന്നുള്ള വാഹനമുടമകളുടെ നീണ്ട ക്യൂവാണെന്ന് പറയുന്ന ചാനലിന് അതിന്‍റെ ദൃശ്യം കാണിക്കാനാവാത്തതില്‍നിന്നു തന്നെ ഇത് ഉടായിപ്പാണെന്ന് വ്യക്തമാകുന്നു.

ഇനി മറ്റൊരു ചാനല്‍, 24. കല്‍ക്കരിക്ഷാമം ചര്‍ച്ച ചെയ്തപ്പോള്‍ പൊടിക്കൊരു ഷിഫ്ടിട്ടു- ബി എ പ്രകാശ് എന്ന കോണ്‍ഗ്രസ് ബുജി കേരളത്തിലെ സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥതയാണ് ഇവിടെ വൈദ്യുതി പ്രതിസന്ധിയുണ്ടാകാന്‍ കാരണമെന്ന്, ഇല്ലാത്ത പ്രതിസന്ധിയെക്കുറിച്ച് വിലപിച്ചുകൊണ്ട് ചര്‍ച്ചയുടെ ദിശ തന്നെ കേരളത്തില്‍ ഒതുക്കി. ചാനലിന്‍റെയും അവതാരത്തിന്‍റെയും ഇംഗിതവും അതുതന്നെയായിരുന്നു. മുഖ്യധാരാ മാധ്യമങ്ങളുടെ അജന്‍ഡകളിലേക്കാണ് ഈ ചാനല്‍ ചര്‍ച്ചകള്‍ വിരല്‍ചൂണ്ടുന്നത്.

ഇനി നമുക്ക് പത്രങ്ങളിലേക്ക് തിരിയാം. 11-ാം തീയതിയിലെ മനോരമയുടെ 6-ാം പേജില്‍ "ശ്രീരാമകൃഷ്ണനെ ഉദ്ഘാടനത്തിന് ക്ഷണിച്ചത് താനാണെന്ന് സന്ദീപ്" എന്നൊരു തലവാചകം കാണാം. അതിനുള്ളിലെ ഒരു വാചകത്തിലേക്കും കൂടി ഒന്നുനോക്കാം: "മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്നു പറയാന്‍ സമ്മര്‍ദമുണ്ടായിരുന്നു". എന്തൊരു റിപ്പോര്‍ട്ടിങ് എന്ന് നോക്കണേ! മുഖ്യമന്ത്രിയുടെ ഓഫീസുമായി ആര്‍ക്ക്, എന്ത് ബന്ധമുണ്ടെന്ന് പറയാന്‍ ആരു സമ്മര്‍ദം ചെലുത്തി എന്നു വന്നാലല്ലേ ഈ വാക്യം പൂര്‍ണമാവുകയുള്ളൂ. വായനക്കാരെ മനോരമ ശരിക്കും പൊട്ടന്‍ കളിപ്പിക്കുകയാണ്. സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍ മാധ്യമങ്ങളോട് സംസാരിച്ചത് മിക്കവാറും ചാനലുകള്‍ കാണിച്ചതാണ്. അതില്‍ വ്യക്തമായും പറയുന്നത്, എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് എന്ന കേന്ദ്ര ഏജന്‍സിയിലെ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിക്കും അന്നത്തെ സ്പീക്കര്‍ ശ്രീരാമകൃഷ്ണനും അന്ന് മന്ത്രിയായിരുന്ന കെ ടി ജലീലിനുമെതിരെ, അവര്‍ക്ക് സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളില്‍ ബന്ധമുണ്ടായിരുന്നെന്ന് മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചുവെന്നാണ്. അങ്ങനെ ചെയ്താല്‍ ജയില്‍മോചിതനുമാക്കാം എന്നുമവര്‍ പറഞ്ഞത്രെ! ഇത്തരം കാര്യങ്ങളാണ് ഈ ഐറ്റത്തില്‍ ന്യൂസ് ആയി വരുന്നത്. അതെല്ലാം ഒഴിവാക്കിയിട്ട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് പറയാന്‍ സമ്മര്‍ദമുണ്ടായി എന്നു മാത്രം രേഖപ്പെടുത്തിയാല്‍ സന്ദീപ്നായര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെ ആരോ ആയിട്ട് ബന്ധമുണ്ടെന്ന് പറയാന്‍ ആരോ സമ്മര്‍ദം ചെലുത്തിയെന്നല്ലേ വരുന്നുള്ളൂ. സ്വാഭാവികമായും അതിലെന്താ പ്രശ്നമെന്ന് വായനക്കാര്‍ ചിന്തിക്കുകേം ചെയ്യും. ആകെ ബാക്കി നില്‍ക്കുന്ന സംശയം അതിനെന്തിനാ സമ്മര്‍ദം എന്നല്ലേ!. മനോരമയും ഇ ഡി ആദി കേന്ദ്ര ഏജന്‍സികളും ചേര്‍ന്ന് മുഖ്യമന്ത്രിയെ കേസില്‍ കുടുക്കി രാഷ്ട്രീയ മുതലെടുപ്പു നടത്താന്‍ പഠിച്ച പണി പതിനെട്ടും ശ്രമിച്ചതാണല്ലോ. അതിന്‍റെ ബാക്കി പത്രമാണ് സന്ദീപിലൂടെ പുറത്തുവരുന്നത്. മുന്‍പുതന്നെ അതിയാന്‍ ഇക്കാര്യം മജിസ്ട്രേട്ടിനെ രേഖാമൂലം അറിയിച്ചതുമാണല്ലോ. സത്യം മൂടിവയ്ക്കാന്‍ മനോരമ എന്തെല്ലാം കളികള് കളിക്കുന്നൂന്ന് നോക്കിയേ!

11-ാം തീയതി തന്നെ 9-ാം പേജില്‍ ഇങ്ങനെയും ഒരു ഉടായിപ്പു സാധനം : "കോണ്‍ഗ്രസ് സഖ്യം : പിബിയില്‍ ഭിന്നത" ഹൈലൈറ്റ് അതിലും കേമം: "കോണ്‍ഗ്രസില്ലാതെ പ്രതിപക്ഷ ഐക്യം സാധ്യമാവില്ലെന്ന് ബംഗാള്‍ : എതിര്‍ത്ത് കേരളം". സിപിഐ എം പാര്‍ടി സമ്മേളനങ്ങള്‍ തുടങ്ങിയതുമുതല്‍ മനോരമയില്‍ കണ്ടുവരുന്ന ഒരു ചൊറിച്ചില്‍ ആണ് ഇതിലുമുള്ളത്. ഇനിയും ഇത്തരം ഉടായിപ്പു സാധനങ്ങളുടെ മലവെള്ളപ്പാച്ചിലായിരിക്കും നമുക്ക് കാണാനാവുക. കാരണം, തങ്ങള്‍ നെഞ്ചേറ്റി ലാളിക്കുന്ന "ജനാധിപത്യ" പാര്‍ടികള്‍ എന്നു പറയുന്നവയില്‍ (കോണ്‍ഗ്രസ്, ബിജെപി ആദിയായവ) ഒന്നും കാണാത്ത ജനാധിപത്യപരമായ രീതികള്‍ സിപിഐ എമ്മില്‍ എക്കാലത്തും നിലവിലുണ്ടെന്നത് മനോരമയ്ക്ക് അംഗീകരിക്കാനാവില്ല. അതുകൊണ്ട് ജനാധിപത്യപരമായി ആശയവിനിമയം നടത്തുന്നത് ഭിന്നതയായേ മനോരമയ്ക്ക് കാണാനാവൂ. മാത്രമല്ല, പിബിയില്‍ അതിലെ അംഗങ്ങളാണ് ആശയവിനിമയം നടത്തുന്നത്. സംസ്ഥാന ഘടകങ്ങളല്ല. മറ്റൊരു കാര്യം മനോരമ തന്നെ പറയുന്നത് പിബിയില്‍നിന്ന് രേഖ കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ചയ്ക്കു വരുമെന്നാണ്. സിപിഐ എമ്മിന്‍റെ രീതിയാണത്. പി ബി കരട് തയ്യാറാക്കിയാല്‍ അത് സിസിയില്‍ അവതരിപ്പിച്ച് ചര്‍ച്ചകള്‍ക്കുശേഷം സിസിയുടെ കരട് തയ്യാറാക്കും. അതാണ് കീഴ്ഘടകങ്ങള്‍ക്കും പിന്നീട് പാര്‍ടി കോണ്‍ഗ്രസിലും ചര്‍ച്ചയ്ക്കും അംഗീകാരത്തിനുമായി നല്‍കുന്നത്. മനോരമ പറയുന്നതുപോലെ ഗമണ്ടന്‍ ഭിന്നതയാണെങ്കില്‍ രണ്ടഭിപ്രായവും സിസിയില്‍ ചര്‍ച്ചയ്ക്കു വരും, അത് പിബിയില്‍നിന്നു തന്നെ അവതരിപ്പിക്കും, അവിടെ പൊതുധാരണയായാല്‍ അങ്ങനെ ഒറ്റ
രേഖയായി തയ്യാറാക്കും. അല്ലെങ്കില്‍ പാര്‍ടി കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്ത് തീര്‍പ്പാക്കും. അതാണ് കമ്യൂണിസ്റ്റ് സംഘടനാശൈലി. അതുകൊണ്ട് കണ്ടത്തിലുകാര് വല്ലാണ്ടങ്ങ് കുളിരുകോരണ്ട.

നോക്കൂ, മനോരമ ഉളുപ്പില്ലാതെ കള്ളം പറയുകയോ സംഗതി പര്‍വതീകരിക്കുകയോ ആണെന്നറിയാന്‍ മറ്റൊരു മുഖ്യധാരാ പത്രത്തെക്കൂടി ഒന്നു നോക്കിയേക്കാം. മാതൃഭൂമി 11-ാം തീയതി ഒന്നാം പേജില്‍ ഇങ്ങനെ അവതരിപ്പിക്കുന്നു: "ബിജെപി വിരുദ്ധ സഖ്യം. കോണ്‍ഗ്രസ് വന്നാലും ഇടതുസമീപനം വേണമെന്ന് സിപിഎം". അതായത് ബിജെപിക്കെതിരായ വിശാല സഖ്യം ഉണ്ടായാല്‍ അതിന്‍റെ രാഷ്ട്രീയ നയം ഇടതുപക്ഷ സ്വഭാവത്തിലുള്ളതാകും എന്നാണ്. പൊതുവായ ഒരു നയത്തെ അടിസ്ഥാനമാക്കി സഖ്യത്തിനു രൂപം നല്‍കിയാലേ ബിജെപിക്ക് ബദലായി വിശ്വസനീയത നേടാനാവൂ എന്ന യാഥാര്‍ഥ്യമാണ് ഇവിടെ വ്യക്തമാക്കപ്പെടുന്നത്. അതുമായി ബന്ധപ്പെട്ട് നാനാവിധ ചര്‍ച്ചകള്‍ ആദ്യഘട്ടത്തില്‍ ഉണ്ടാകുന്നത് സ്വാഭാവികം. ജനാധിപത്യ പ്രക്രിയയെന്ന് പറയുന്നത് അതാണ്. അതിനെ ഭിന്നതയായി കാണുന്നത് മനോരമയുടെ അന്ധതയാണ്.

10-ാം തീയതിയിലെ മനോരമയുടെ ഒന്നാം പേജിലെ ഒരു വാര്‍ത്ത ഇങ്ങനെ: "കേരളത്തിലും ഡീസലിന് 100. പാറശാലയില്‍ ഇന്നത്തെ വില 100.11 രൂപ. ഇടുക്കി പൂപ്പാറയില്‍ 100.05" ടൈറ്റില്‍ സംഭവത്തിന്‍റെ കൃത്യത ഉറപ്പാക്കുന്നുവെന്ന് പറയാതെ വയ്യ. അതില്‍ പറയുന്നത് നോക്കൂ: "ഡീസല്‍ വില 100 രൂപയ്ക്ക് മുകളില്‍ രേഖപ്പെടുത്തിയ സംസ്ഥാനങ്ങളുടെ എണ്ണം കേരളം ഉള്‍പ്പെടെ 12 ആയി...... 10 മാസത്തിനിടെ ഡീസലിന് 19.63 രൂപയുടെയും പെട്രോളിന് 20.19 രുപയുടെയും വര്‍ധനയാണുണ്ടായത്. കഴിഞ്ഞ 16 ദിവസത്തിനിടെ ഡീസലിന് 3.85 രൂപയും പെട്രോളിന് 2.67 രൂപയും വര്‍ധിച്ചു". രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ഇന്ധനവില രാജസ്താനിലെ ശ്രീഗംഗാനഗറിലാണ് എന്നും ഇവിടെ പെട്രോളിന് 116.09 രൂപയും ഡീസലിന് 106.77 രൂപയുമാണെന്നും മനോരമ ചൂണ്ടിക്കാണിക്കുന്നു. മനോരമ സംഗതി ശരിയായിത്തന്നെ അവതരിപ്പിച്ചു. ഇത്ര ഭീകരമായ കൊള്ള, പിടിച്ചുപറി നടമാടുമ്പോഴും എന്തേ നാട് പ്രതിഷേധത്തിന്‍റെ തീപ്പന്തമായില്ല എന്ന സംശയം സ്വാഭാവികം. രണ്ടു കാരണം കാണാം. ഒന്ന് സ്ലോ പോയ്സനിങ് എന്നതുപോലെ - അതായത് ഇഞ്ചിഞ്ചായി വിഷം നല്‍കി കൊല്ലല്‍ - നിത്യേന ഏതാനും പൈസ വീതം വര്‍ധിപ്പിക്കുന്ന സൂപ്പര്‍ പോക്കറ്റടി. ഇന്നെത്രയാ കൂടിയത്? 10 പൈസ അല്ലെങ്കില്‍ 15 പൈസ. അത്രേല്ലേയുള്ളൂ! ങ, സാരല്യ. എന്നിങ്ങനെ ഈ പകല്‍ക്കൊള്ളയോട് ജനം സമരസപ്പെടുന്ന അവസ്ഥയെത്തി. രണ്ടാമത്തെ കാര്യം ഈ സ്ലോ പോയ്സനിങ് ഏര്‍പ്പാടിനെ തുറന്നുകാണിക്കാനും ചര്‍ച്ച ചെയ്യാനും മാധ്യമങ്ങള്‍ തയ്യാറാകാത്തതാണ്. വില വര്‍ധന ചര്‍ച്ചയാകുമ്പോഴെല്ലാം തന്നെ മുഖ്യധാരാ മാധ്യമങ്ങള്‍ എന്തുകൊണ്ട് ഈ കൊള്ള, ആരാണ് ഉത്തരവാദി, ഇതുകൊണ്ടുള്ള നേട്ടമാര്‍ക്ക് എന്ന് ചര്‍ച്ച ചെയ്യാന്‍ കാണിക്കുന്ന വിമുഖത. കേരളത്തിലാണെങ്കില്‍ ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പള്ളയ്ക്കിട്ട് കുത്താനാണ് മുഖ്യധാരക്കാര്‍ക്ക് താല്‍പര്യം. അങ്ങനെ സ്വാഭാവികമായി ഉയര്‍ന്നുവരേണ്ട പ്രതിഷേധത്തെ വെള്ളമൊഴിച്ച് തണുപ്പിക്കുകയാണ് മാധ്യമങ്ങള്‍. ഇക്കാര്യത്തിലും മുഖ്യധാരക്കാര്‍ ജനത്തോടൊപ്പമല്ല ജനവിരുദ്ധമായാണ് നിന്നത്.

നോക്കൂ. ഇതേ റിപ്പോര്‍ട്ടില്‍ തന്നെ മനോരമ ഒളിച്ചു കടത്തുന്ന വ്യാജന്‍. "കേരളത്തെക്കാള്‍ 3 രൂപ കുറച്ച് തമിഴ്നാട്ടില്‍ ഇന്ധനം വില്‍ക്കുന്നതിനാല്‍ സംസ്ഥാനാന്തര യാത്രക്കാരും ചരക്ക് വാഹനങ്ങളും തമിഴ്നാട്ടില്‍നിന്നാണ് ഇന്ധനം നിറയ്ക്കുന്നത്". ഇതു പച്ചക്കള്ളമാണെന്നറിയാന്‍ ഇതേ ഒക്ടോബര്‍ 9ന്‍റെ കൊച്ചിയിലെ ഡീസല്‍ വിലയും ചെന്നൈയിലെ ഡീസല്‍ വിലയും ഒന്നു പരിശോധിച്ചു നോക്കിയേ. കൊച്ചിയില്‍ 9-ാം തീയതി ഒരു ലിറ്റര്‍ ഡീസലിന് 99.05 രൂപയാണ്; ചെന്നൈയില്‍ അതേ ദിവസത്തെ വില 97.69 രൂപയാണ്. വ്യത്യാസം 1.36 രൂപ. അപ്പോള്‍ ചോദിച്ചേക്കാം അത്രേം വ്യത്യാസമുണ്ടല്ലോന്ന്. എന്നാല്‍ തിരുവനന്തപുരത്തെ പാറശാലയിലെയും കൊച്ചിയിലെയും ഡീസല്‍ വിലയിലും (അതായത് കേരളത്തിനുള്ളില്‍ തന്നെ) ഒരു രൂപയില്‍ കൂടുതല്‍ വില വ്യത്യാസം കാണാം. പാറശാല - 100.11 രൂപ; കൊച്ചി - 99.05 രൂപ. വ്യത്യാസം - 1.06 രൂപ. ഇനി തമിഴ്നാട്ടില്‍ തന്നെ വിവിധ പ്രദേശങ്ങളില്‍ വില വ്യത്യാസം കാണാം. തേനിയില്‍ 98.59 രൂപയാണെങ്കില്‍ തിരുവണ്ണാമലയില്‍ 99.20 രൂപയാണ്. മനോരമ പറയുന്നതുപോലെ ഇതില്‍ എവിടെയാണ് മൂന്നു രൂപയുടെ വില വ്യത്യാസം? അത് ഒരു പെയ്ഡ് ന്യൂസ് പ്ലാന്‍റ് ചെയ്തതാണെന്നു വ്യക്തം. ന്യൂസ് 18 ചാനലും ഇങ്ങനൊരുടായിപ്പ് അതേ ദിവസം വൈകുന്നേരം അവതരിപ്പിച്ചിരുന്നുവെന്നു കൂടി ഓര്‍ക്കുക. നാട്ടിലിറങ്ങി നടക്കുന്നവര്‍ക്ക്, ഓട്ടോയില്‍ യാത്ര ചെയ്യുന്നവര്‍ക്കെല്ലാം അറിയുന്നൊരു കാര്യമുണ്ട് - അതായത് കേരളത്തിലൊഴികെ പെട്രോള്‍, ഡീസല്‍ വിലകള്‍ തമിഴ്നാട്ടിലും മറ്റു സംസ്ഥാനങ്ങളിലുമെല്ലാം വളരെ കുറവാണെന്ന പ്രചാരണം സംഘപരിവാര്‍ നടത്തുന്നുണ്ട്. പാവപ്പെട്ട നിരവധിപേര്‍ക്ക് ചായക്കാശും കൊടുത്ത് സംഘപരിവാര്‍ ഇമ്മാതിരി ഉടായിപ്പ് പ്രചാരണത്തിന് ഇറക്കിയിട്ടുണ്ട്. അതീന്ന് മനോരമയ്ക്കും പത്തു പുത്തന്‍ കിട്ടിക്കാണുമോ ആവോ? വളരെ സമര്‍ഥമായി തന്നെയാണ് മനോരമ ഈ വ്യാജനെ ഇറക്കിവിട്ടത്! •