വാക്സിന്‍ പേറ്റന്‍റുകള്‍ ലക്ഷ്യം കച്ചവടംതന്നെ

കെ ആര്‍ മായ

കോവിഡ്-19 മഹാമാരി കൈകാര്യംചെയ്യുന്നതില്‍ തുടക്കംമുതല്‍തന്നെ മോഡി ഗവണ്‍മെന്‍റിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വലിയ തോതിലുള്ള വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. മഹാമാരിയില്‍ ദുരിതത്തിലായ ജനങ്ങളെ അല്‍പവും പരിഗണിക്കാതെ മഹാമാരിയെത്തന്നെ അമിതാധികാരവാഴ്ചയ്ക്കും കൊള്ളലാഭമടിക്കാനും വഴിയൊരുക്കുന്നതിനുള്ള ഒരു സാധ്യതയാക്കി മാറ്റുകയാണ്  മോഡി ഗവണ്‍മെന്‍റ് ചെയ്തത്. ലോക്ഡൗണ്‍ നടപ്പാക്കലില്‍തൊട്ട് വാക്സിനേഷനില്‍വരെ എത്തിനില്‍ക്കുന്ന ജനവിരുദ്ധത ദിനംപ്രതി കൂടുതല്‍ കൂടുതല്‍ പ്രകടമാവുകയാണ്. ജനമധ്യത്തില്‍ മോഡിയുടെ പ്രതിഛായയ്ക്ക് കോട്ടംതട്ടിത്തുടങ്ങിയപ്പോള്‍, രാജാവ് നഗ്നനാണെന്ന് ജനങ്ങള്‍തന്നെ പറഞ്ഞുതുടങ്ങിയപ്പോള്‍ മുഖംമിനുക്കല്‍ പരിപാടിയുമായി മോഡിയും കൂട്ടരും ഇറങ്ങിയിരിക്കുകയാണ്. മാത്രവുമല്ല, വരാന്‍പോകുന്ന, നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഈ മുഖംമിനുക്കല്‍ പരിപാടിക്ക് ആക്കംകൂട്ടിയിരിക്കുകയുമാണ്. അതിന് തുടക്കവുമിട്ടു. മോഡിയുടെ 71-ാം പിറന്നാള്‍ അതിനുള്ള വേദിയാക്കി. അതിനായി തെരഞ്ഞെടുത്ത മാര്‍ഗങ്ങളാകട്ടെ, ജനങ്ങള്‍ക്ക് തുച്ഛമായി നല്‍കുന്ന റേഷന്‍ സംവിധാനത്തെയും കോവിഡ് വാക്സിനേഷനെയുമാണ്. മോഡിയുടെ ചിത്രം ആലേഖനംചെയ്ത 14 കോടി ബാഗുകളാണ് റേഷന്‍ കടകളിലൂടെ വടക്കേഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിതരണംചെയ്തത്. അന്നേദിവസം കൂടുതല്‍ വാക്സിന്‍ നല്‍കുമെന്ന് പരസ്യംചെയ്യുകയും വാക്സിന്‍ സ്വീകരിച്ചവരെക്കൊണ്ട് "മോഡിജി"യ്ക്ക് നന്ദിപറയുന്നതിന്‍റെ വീഡിയോ എടുത്ത് അതും പ്രചരണായുധമാക്കുകയും ചെയ്തു. ബൂത്തുതലത്തില്‍ ജനങ്ങളെ സംഘടിപ്പിക്കുന്നതിനായി 'മോഡിജിയ്ക്ക് നന്ദി' എന്ന് രേഖപ്പെടുത്തിക്കൊണ്ടുള്ള 5 കോടി പോസ്റ്റ്കാര്‍ഡുകള്‍ അയപ്പിച്ചു. കോവിഡ്കാലത്ത് ജനങ്ങളുടെ ജീവനും ഉപജീവനവും ഇല്ലാതാക്കിയതും ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കുന്നതുമെല്ലാം ലോകത്തിനുമുന്നില്‍ ഇന്ത്യ നാണംകെട്ടത് മറച്ചുവയ്ക്കാനുള്ള വിഫലശ്രമത്തിന്‍റെ ഭാഗമാണ്.

രാജ്യത്തിന്‍റെ സര്‍വമേഖലകളും വിറ്റുതുലയ്ക്കുന്നതിലെന്നപോലെതന്നെ വാക്സിന്‍ ഉല്‍പാദനത്തിലും ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നയം അങ്ങേയറ്റം ദേശദ്രോഹപരവും കുത്തകാനുകൂലവുമാണ്. ഉയര്‍ന്ന വിലയും പേറ്റന്‍റ് റോയല്‍റ്റിയും കാരണം കോവിഡ് വാക്സിന്‍റെ ഉല്‍പാദനത്തിലും വിതരണത്തിലും ഇതിനകം ലോകത്താകെ വലിയ അസമത്വമാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. 2021 മെയ് മാസത്തില്‍ ജനീവയില്‍ നടന്ന വേള്‍ഡ് ഹെല്‍ത്ത് അസംബ്ലിയില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളുമായി കൂടുതല്‍ വാക്സിന്‍ ഡോസുകള്‍ പങ്കുവെയ്ക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. യൂണിസെഫ് ഡാറ്റ പ്രകാരം 2021 മാര്‍ച്ച് 30 വരെ ലോകത്താകെ മൊത്തം ഡോസും എടുത്ത രാജ്യങ്ങളില്‍ 86 ശതമാനം ഉയര്‍ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളായിരിക്കുമ്പോള്‍, ദരിദ്ര രാജ്യങ്ങളാകട്ടെ വെറും ഒരു ശതമാനം മാത്രമാണ്. ആഫ്രിക്കയിലാകട്ടെ 120 കോടി പേരില്‍ വെറും 2 ശതമാനത്തിന് മാത്രമാണ് ഒരു ഡോസ് വാക്സിനെങ്കിലും എടുക്കാനായതെന്ന് നേച്ചര്‍ ജേര്‍ണല്‍ റിപ്പോര്‍ട്ടുചെയ്യുന്നു. മറ്റു പല ഘടകങ്ങള്‍ക്കുമൊപ്പം  ഇതിന് കാരണം 99 ശതമാനം വാക്സിനും ഉയര്‍ന്ന വിലയ്ക്ക് ഇറക്കുമതി ചെയ്യേണ്ടതായി വരുന്ന സാഹചര്യവും നിലനില്‍ക്കുന്നതാണ്. 

വാക്സിന്‍ പേറ്റന്‍റ് അഥവാ ബൗദ്ധിക സ്വത്തവകാശം (ഐപിആര്‍), പേറ്റന്‍റ് സംബന്ധിച്ച പ്രശ്നങ്ങള്‍ കൂടുതല്‍ വെളിച്ചത്തു കൊണ്ടുവന്നു. 2020 ഒക്ടോബറില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും കോവിഡ് വാക്സിനുകള്‍ക്കുള്ള പേറ്റന്‍റുകള്‍ എടുത്തുകളയുന്നതിനുള്ള നിര്‍ദേശം ഡബ്ല്യുടിഒ മുമ്പാകെ വച്ചു. അമേരിക്കയിലെ ബൈഡന്‍ ഭരണകൂടവും ഈ നിര്‍ദേശത്തെ പിന്താങ്ങി. കൂടാതെ ആറ് രാജ്യങ്ങളും ഡബ്ല്യുഎച്ച്ഒയും യുഎന്‍എഐഡിഎസ്സും (ഠവല ഖീശിേ ഡിശലേറ ചമശേീിെ ജൃീഴൃമാാല ീി ഒകഢ/അകഉട) പിന്തുണച്ചു. എന്നാല്‍ വന്‍കിട മരുന്നു കമ്പനികള്‍ ഈ നിര്‍ദേശതെ എതിര്‍ത്തു. ഐപിആര്‍ ഇല്ലാതാക്കുന്നത്, വാക്സിന്‍ ഉല്‍പാദനത്തിനായി മരുന്നു കമ്പനികളുടെ നവീകരണത്തിനായുള്ള ഇന്‍സെന്‍റീവുകള്‍ എടുത്തുകളയുന്നു എന്നതിന്‍റെ അടിസ്ഥാനത്തില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ മരുന്നു കമ്പനികളെ പിന്തുണച്ചു. എന്നാല്‍ ഈ അവകാശവാദം തീര്‍ത്തും തെറ്റാണ്. ബഹുഭൂരിപക്ഷം വാക്സിന്‍ ഗവേഷണങ്ങളും സാങ്കേതികവിദ്യയും പൊതു ഫണ്ടുപയോഗിച്ചാണ് നടത്തപ്പെടുന്നത്.  ഓക്സ്ഫോര്‍ഡ് സര്‍വകലാശാല ഗവേഷണം നടത്തി കണ്ടെത്തി, ആസ്ട്രസെനിക്ക ഉല്‍പാദിപ്പിച്ച കൊവിഷീല്‍ഡ് വാക്സിന്‍റെ ഗവേഷണത്തിന്‍റെ 90 ശതമാനവും നടത്തിയത് പൊതുഫണ്ട് ഉപയോഗിച്ചാണ്. അതുപോലെ മൊഡേണ, ജോണ്‍സന്‍ ആന്‍റ് ജോണ്‍സന്‍, ആശീ ചഠ എന്നീ കമ്പനികള്‍ക്കെല്ലാം ഗവണ്‍മെന്‍റിന്‍റെ ധനസഹായം ലഭിച്ചു. അമേരിക്കയില്‍, ട്രമ്പിന്‍റെ കാലത്ത് 'ഓപ്പറേഷന്‍ വാര്‍പ് സ്പീഡ്' എന്നപേരില്‍ വാഗ്ദാനം നല്‍കപ്പെട്ട ഫെഡറല്‍ ഫണ്ടുകള്‍ തങ്ങള്‍ സ്വീകരിച്ചില്ല എന്ന് അമേരിക്കന്‍ മരുന്നു കമ്പനിയായ ഫൈസര്‍ അവകാശപ്പെടുന്നു. എന്നാല്‍ കോവിഡ് സാങ്കേതികവിദ്യയിലെ ഇതിന്‍റെ പങ്കാളിയായ ബയോ എന്‍ടെക്കിന് (ആശീ ചഠ) ജര്‍മ്മന്‍ സര്‍ക്കാരില്‍നിന്ന് വലിയതോതില്‍ ധനസഹായം ലഭിച്ചു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്‍റെ (എന്‍ഐഎച്ച്), സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അവരുടെ പേറ്റന്‍റുകൊണ്ടാണ് ഫൈസറിന്‍റെയും മൊഡേണയുടെയും എംആര്‍എന്‍എ വാക്സിനുകള്‍ ഉല്‍പാദിപ്പിച്ചത്.

ഇങ്ങനെ പേറ്റന്‍റുപയോഗിച്ച് ലോകമെമ്പാടുമുള്ള കുത്തക കമ്പനികള്‍ കോവിഡ് മഹാമാരിയെ വലിയ ലാഭമുണ്ടാക്കാനുള്ള ബിസിനസാക്കി മാറ്റിയിരിക്കുന്നു. ഈ വര്‍ഷം ആദ്യത്തെ മൂന്നുമാസംകൊണ്ട് 3500 കോടി ഡോളര്‍ വരുമാനം നേടിയതായി ഫൈസര്‍ 2021 മെയ് 4ന് പ്രഖ്യാപിച്ചു. ഇത് ഇവരുടെ മൊത്തം വരുമാനത്തിന്‍റെ നാലിലൊന്നു മാത്രമാണ്. വാക്സിന്‍ ഉല്‍പാദനം വലിയ നികുതി വരുമാനത്തിനുള്ള സ്രോതസ്സായി മാറിയിരിക്കുകയാണ്. ഈ വര്‍ഷം ആദ്യപാദത്തില്‍ മുന്‍കൂര്‍ നികുതിയായി മാത്രം ലഭിച്ചത് 90 ലക്ഷം കോടി ഡോളറാണ്. ഇത് മനസ്സിലാക്കിക്കൊണ്ടുതന്നെ മോഡി ഗവണ്‍മെന്‍റ് ഇക്കാര്യത്തില്‍ ഇരട്ട നിലപാടാണ് സ്വീകരിച്ചത്. 

സ്വാതന്ത്ര്യാനന്തരം, സാര്‍വത്രികമായി ഉപയോഗിക്കുന്ന വാക്സിനുകളായ പോളിയോ, വസൂരി, പേവിഷബാധ, ജപ്പാന്‍ജ്വരം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള വാക്സിനേഷന്‍ ഗവണ്‍മെന്‍റ് ഒരിക്കലും വാണിജ്യവല്‍ക്കരിച്ചിരുന്നില്ല. മോഡി സര്‍ക്കാരാണ് ഇതാദ്യമായി, സാര്‍വത്രികവും സൗജന്യവുമായി നല്‍കേണ്ട ഒരു വാക്സിന്‍-കോവിഡ്-19 വാക്സിന്‍-വാണിജ്യാടിസ്ഥാനത്തിലാക്കിയത്. അതു മാത്രമല്ല പേറ്റന്‍റുകള്‍വഴി ഈ കച്ചവടത്തെ സംരക്ഷിച്ചു നിര്‍ത്തുകയും ചെയ്യുന്നു. 


പൊതുമേഖലയില്‍ അടഞ്ഞുകിടന്നിരുന്ന വാക്സിന്‍ ഉല്‍പാദനസ്ഥാപനങ്ങളായ കസൗലിയിലെ സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കൂനൂരുലിലെ പാസ്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ചെന്നൈയിലെ ബിസിജി വാക്സിന്‍സ് ലാബ് എന്നിവ സുപ്രീംകോടതി ഉത്തരവുപ്രകാരം 2012ല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നു. ഇവയൊക്കെയുണ്ടായിട്ടും മോഡി ഗവണ്‍മെന്‍റ് ലാഭം മാത്രം ലക്ഷ്യമിട്ട് കോവിഡ് വാക്സിന്‍ ഉല്‍പാദനമൊന്നാകെ സ്വകാര്യ കമ്പനികള്‍ക്ക് വിട്ടുകൊടുത്തു. മേല്‍പറഞ്ഞവ കൂടാതെ പൊതുമേഖലയിലെ നിര്‍ത്തിവെച്ച വാക്സിന്‍ പ്ലാന്‍റുകളാണ് തമിഴ്നാട്ടിലെ എച്ച്എല്‍എല്‍ ബയോടെക്, യുപിയിലെ ഭാരത് ഇമ്യൂണോളജിക്കല്‍സ് ആന്‍റ് ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പറേഷന്‍ ലിമിറ്റഡ്, മഹാരാഷ്ട്രയിലെ ഹാഫ്കിന്‍ ബയോ ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പറേഷന്‍ ലിമിറ്റഡ്, തെലങ്കാനയിലെ ഹ്യൂമന്‍ ബയോളജിക്കല്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ. രാജ്യത്തെ മൊത്തം ജനങ്ങളെയും വാക്സിനേറ്റ് ചെയ്യേണ്ട അടിയന്തര സാഹചര്യം നിലനില്‍ക്കുമ്പോഴാണ് ഈ പൊതുമേഖലാ സ്ഥാപനങ്ങളെയെല്ലാം നോക്കുകുത്തികളാക്കിക്കൊണ്ട് കൊള്ള ലാഭമടിക്കാന്‍ കുത്തക കമ്പനികള്‍ക്ക് മോഡി ചുവപ്പ് പരവതാനി വിരിക്കുന്നത്. 

ഇതിനെല്ലാം പുറമെ, 2012ല്‍ കേന്ദ്രസര്‍ക്കാര്‍ ഒരു സംയോജിത വാക്സിന്‍ ഉല്‍പാദന സമുച്ചയം പണിയുന്നതിന് തീരുമാനമെടുക്കുകയും 904 കോടി രൂപ ചെലവിട്ട് പണിയുകയും ചെയ്തു. ഈ അത്യാധുനിക വാക്സിന്‍ ഉല്‍പാദനകേന്ദ്രം 2016ല്‍ ഉദ്ഘാടനംചെയ്തതുമുതല്‍ വെറുതെ കിടക്കുകയാണ്. ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ സാര്‍വത്രിക പ്രതിരോധ കുത്തിവെയ്പ് പദ്ധതിയുടെ ഭാഗമായി താങ്ങാവുന്ന വിലയ്ക്ക് വാക്സിനുകളുടെ നിര്‍മാണത്തിനും വിതരണത്തിനും ഗവേഷണത്തിനുമുള്ള നോഡല്‍ സെന്‍ററായി തമിഴ്നാട്ടിലെ ചെങ്കല്‍പേട്ടില്‍ 100 ഏക്കര്‍ ഭൂമി ഏറ്റെടുത്തു. 58.5 കോടി ഡോസ് വാക്സിന്‍ ഉല്‍പാദിപ്പിക്കാന്‍ മൊത്തം  ശേഷിയുള്ളതാണ് സാര്‍വത്രിക പ്രതിരോധ പരിപാടിയിന്‍കീഴില്‍ തുടക്കമിട്ട ഈ സ്ഥാപനം. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ് കെയറിന്‍റെ ഒരു ഉപസ്ഥാപനമായ എച്ച്എല്‍എല്‍ ബയോടെക് ലിമിറ്റഡ് കുറഞ്ഞചെലവില്‍ ഫലപ്രദമായ വാക്സിന്‍ ഉല്‍പാദിച്ച് അങ്ങനെ ഡിമാന്‍റ്-സപ്ലൈ വിടവ് കുറയ്ക്കുന്നത് ലക്ഷ്യമിട്ടുള്ളതാണ്. 600 കോടി രൂപയാണ് മതിപ്പുചെലവ്. 2019ല്‍ ഇത് 904 കോടി രൂപയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി പ്രഖ്യാപിച്ചത്. പിന്നീട് കോവിഡിന്‍റെ പശ്ചാത്തലത്തിലും ആ പദ്ധതിക്ക് അംഗീകാരം നല്‍കിയില്ല. ഇനിയും അത് നീണ്ടുപോകാനാണ് സാധ്യത. സ്വകാര്യ മരുന്നു കമ്പനികളെ വിപണി കയ്യടക്കാന്‍ അനുവദിച്ചുകൊടുക്കല്‍തന്നെയാണ് ഇതിനുപിന്നിലെ ലക്ഷ്യം. 

2021 ജനുവരി 16നാണ് ഇന്ത്യയില്‍ കോവിഡ്-19 നെതിരായ പ്രതിരോധ വാക്സിന്‍ നല്‍കാന്‍ ആരംഭിച്ചത്. സിറം  ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കോവിഷീല്‍ഡും ഭാരത് ബയോടെക്കിന്‍റെ കോവാക്സിനുമാണ് പ്രധാനമായും ഇപ്പോള്‍ നല്‍കുന്ന വാക്സിനുകള്‍. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളായ ഐസിഎംആറിന്‍റെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെയും സാങ്കേതികവിദ്യയെ പൊതുമേഖലയിലെ മരുന്നുല്‍പാദന സ്ഥാപനങ്ങളെയെല്ലാം നോക്കുകുത്തികളാക്കിക്കൊണ്ട് മോഡി സര്‍ക്കാരിന്‍റെ ശിങ്കിടിയായ സ്വകാര്യസ്ഥാപനമായ ഹൈദ്രാബാദിലെ ഭാരത് ബയോടെക്കിന് കൈമാറിക്കൊണ്ട് അതിനെ വിലയ്ക്കെടുത്തു. ബിസിനസും ലാഭവും ലക്ഷ്യമിട്ട് അവരോട് കോവാക്സിന്‍ ഉല്‍പാദിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. കോവാക്സിന്‍റെ പേറ്റന്‍റും റോയല്‍റ്റിയും ഭാരത് ബയോടെക്കിനും ഐസിഎംആറിനും കൂടിയുള്ളതാണ്. ഭാരത് ബയോടെക്കും ഐസിഎംആറും തമ്മിലുള്ള ധാരണ പത്രത്തില്‍ മൊത്തം വില്‍പനയില്‍ ഐസിഎംആറിനുള്ള റോയല്‍റ്റി, വിതരണത്തില്‍ മറ്റു രാജ്യങ്ങള്‍ക്ക് മുന്‍ഗണന എന്നിവയാണ്  ഉപവിഭാഗമായി ചേര്‍ത്തിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ഗവണ്‍മെന്‍റ് സ്ഥാപനമായ ഐസിഎംആറിന്‍റെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെയും സംയുക്ത സാങ്കേതികവിദ്യയുടെ ചെലവില്‍ സ്വകാര്യ മരുന്നുല്‍പാദന കമ്പനിയായ ഭാരത് ബയോടെക് വാക്സിന്‍ നിര്‍മിച്ച് വന്‍ ലാഭമുണ്ടാക്കുകയും  ഐസിഎംആറിന് എന്തെങ്കിലും നക്കാപ്പിച്ച നല്‍കുമെന്നുമര്‍ഥം. 
വാക്സിന്‍ ഉല്‍പാദനത്തില്‍ മോഡി ഗവണ്‍മെന്‍റ് ഏല്‍പിച്ച മറ്റൊരു പ്രഹരം, സ്വീഡിഷ്-ബ്രിട്ടീഷ് ബഹുരാഷ്ട്ര കുത്തക മരുന്നുകമ്പനിയായ ആസ്ട്രസെനക്കയുടെ കീഴില്‍ ഉയര്‍ന്നവിലയ്ക്ക് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വാക്സിന്‍ നിര്‍മിക്കാന്‍ തീരുമാനിച്ചതാണ്; അതിനായുള്ള പേറ്റന്‍റ് റോയല്‍റ്റി ആസ്ട്രസെനക്കയ്ക്ക് നല്‍കുകയും ചെയ്തു. ഒരുവശത്ത്, ഇന്‍റര്‍നാഷണല്‍ ഫോറത്തില്‍ പേറ്റന്‍റ് പിന്‍വലിക്കല്‍ പ്രശ്നം ഉയര്‍ത്തിയ ഇന്ത്യാ ഗവണ്‍മെന്‍റ് മറുവശത്ത് നിര്‍ലജ്ജം ആസ്ട്രസെനക്കയ്ക്ക് ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെതന്നെ സ്ഥാപനമായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടുവഴി പേറ്റന്‍റ് റോയല്‍റ്റി നല്‍കുകയും ചെയ്തു. വിദേശ രാജ്യങ്ങളുടെ കയ്യടി നേടാന്‍ ഒരു നയം പറയുകയും എന്നാല്‍ പിന്നാമ്പുറത്തുകൂടി അതിന് കടകവിരുദ്ധമായത് നടപ്പാക്കുകയും ചെയ്യുന്ന മോഡി സര്‍ക്കാരിന്‍റെ ഇരട്ടമുഖമാണ് ഇതിലൂടെ വെളിവാകുന്നത്.
 
വാക്സിന്‍ പദ്ധതി മോഡി ഗവണ്‍മെന്‍റ് വാണിജ്യവല്‍ക്കരിച്ചത് 2021 മെയ് 1 മുതല്‍ പ്രാബല്യത്തില്‍ വന്നിരുന്നു. അതനുസരിച്ച് കോവിഷീല്‍ഡിന് ഒരു ഡോസിന് സംസ്ഥാനങ്ങള്‍ക്ക് 400 രൂപയും സ്വകാര്യ ആശുപത്രികള്‍ക്ക്  600 രൂപയും സര്‍ക്കാര്‍ സ്ഥാപനമായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചു. ഭാരത് ബയോടെക് കൊവാക്സിന്‍ ഡോസ് ഒന്നിന് സംസ്ഥാന ഗവണ്‍മെന്‍റുകള്‍ക്ക് 600 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 1200 രൂപയ്ക്കും നല്‍കുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ ഈ കൊള്ള ലാഭമടിക്കലിനെതിരെ സുപ്രീംകോടതി നേരിട്ടിടപെട്ടു. തുടര്‍ന്ന്, മുതിര്‍ന്ന എല്ലാ പൗരര്‍ക്കും സൗജന്യ വാക്സിന്‍ നല്‍കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ മോഡി സര്‍ക്കാര്‍ നിര്‍ബന്ധിതമായി. വാക്സിന്‍ 150 രൂപയ്ക്ക് കേന്ദ്രത്തിന് നല്‍കാന്‍ കമ്പനികളും നിര്‍ബന്ധിതമായി. 

എന്നാല്‍ ഇപ്പോള്‍ മോഡി ഗവണ്‍മെന്‍റ് വാക്സിന്‍ കച്ചവടമുറപ്പിക്കുന്നതിന്‍റെ ഭാഗമായി വിദേശ കമ്പനിയായ ഫൈസറുമായി ചര്‍ച്ച ആരംഭിച്ചിരിക്കുകയാണ്. 7 കോടി രൂപ വിലമതിക്കുന്ന മരുന്നുകള്‍ ഇന്ത്യയ്ക്ക് സൗജന്യമായി നല്‍കുമെന്നും പേറ്റന്‍റ് ലഭിച്ച വാക്സിനുകള്‍ക്ക് വളരെ വേഗത്തില്‍ അംഗീകാരം ലഭിക്കുന്നതിനായി ശ്രമിക്കുന്നുവെന്നുമാണ് ഫൈസര്‍ പറയുന്നത്. എന്തായാലും ഇന്ത്യയിലെ മോശമായ ആരോഗ്യ പശ്ചാത്തല സംവിധാനം ഭാവിയിലും ഇന്ത്യയെ രോഗാതുരമാക്കി മാറ്റുമെന്നും അതിലൂടെ വലിയ മരുന്നു വിപണി തുറക്കാനാകുമെന്നും ഉള്ള യാഥാര്‍ത്ഥ്യം മുന്നില്‍ക്കണ്ടാണ്, മോഡി ഗവണ്‍മെന്‍റിന്‍റെ സഹജസ്വഭാവമായ കുത്തക പ്രീണനം ഒരു സാധ്യതയാക്കി മാറ്റാനാണ് വിദേശ കുത്തക മരുന്നു കമ്പനികള്‍ ഇന്ത്യയുമായി ചങ്ങാത്തം സ്ഥാപിക്കാന്‍ ഉത്സാഹിക്കുന്നത്. അതിനായി വാതായനങ്ങള്‍ മലര്‍ക്കെ തുറന്നിടുകയാണ് മോഡി സര്‍ക്കാര്‍. •