'മാര്‍ക്ക് ജിഹാദ്'വിവാദം മനുസ്മൃതിയുടെ മൂല്യബോധത്തിന്‍റേത്

നിതീഷ് നാരായണന്‍

ല്‍ഹി യൂണിവേഴ്സിറ്റിയിലെ പ്രവേശന പ്രക്രിയയില്‍ താല്‍ക്കാലികമായെങ്കിലും കേരളത്തിലെ സംസ്ഥാന സിലബസില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് നേരിടേണ്ടി വന്ന സാഹചര്യം ന്യായീകരിക്കാനാവാത്തതാണ്. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ മാര്‍ക്കില്‍ സംശയം പ്രകടിപ്പിച്ച് സര്‍വകലാശാലയ്ക്കുകീഴിലെ ചില കോളേജുകളില്‍ അഡ്മിഷന്‍ ലഭിച്ചു കഴിഞ്ഞതിനു ശേഷം തന്നെ താല്‍ക്കാലികമായി അത് മരവിപ്പിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. ഡല്‍ഹി സര്‍വകലാശാലയില്‍ പ്രവേശനം നേടുന്ന കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുന്നു എന്ന വാര്‍ത്തയെ തുടര്‍ന്നാണ് ഇത്തരം നടപടികള്‍ ഉണ്ടായത്. അതു പിന്നീട് പരിഹരിക്കപ്പെട്ടുവെങ്കിലും ഇതിനെ തുടര്‍ന്ന് ചില സംഘപരിവാര കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടായ വിദ്വേഷ പ്രചരണം രാജ്യത്തെ സര്‍വകലാശാലകളുടെ സ്വഭാവത്തെക്കുറിച്ച് വലിയ ആശങ്കകള്‍ ഉയര്‍ത്തുന്നതാണ്. അതില്‍ ഏറ്റവും വിഷലിപ്തമായ ഒന്നാണ് ഡല്‍ഹി സര്‍വകലാശാലയ്ക്കു കീഴിലെ കിരോരി മാള്‍ കോളേജിലെ അധ്യാപകനായ രാകേഷ് കുമാര്‍ പാണ്ഡെയുടെ 'മാര്‍ക്ക് ജിഹാദ്' പ്രസ്താവന.

അറിയപ്പെടുന്ന സംഘപരിവാര അനുകൂലിയും അവരുടെ അധ്യാപക സംഘടനാ നേതാവുമായ രാകേഷ് കുമാര്‍ പാണ്ഡെ പ്രസ്താവിച്ചത് കേരളത്തിലെ സര്‍ക്കാര്‍ 'മാര്‍ക്ക് ജിഹാദ്' നടത്തി മലയാളികളായ വിദ്യാര്‍ഥികളെ കൂട്ടമായി ഡല്‍ഹി സര്‍വകലാശാലയില്‍ പ്രവേശിപ്പിക്കുകയാണ് എന്നായിരുന്നു. താനൊരു പരിശീലനം ലഭിക്കപ്പെട്ട അഭിമാനിയായ സംഘി ആണെന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചത്. കേരള ബോര്‍ഡില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വ്യാപകമായി നൂറ് ശതമാനം മാര്‍ക്ക് നല്‍കി ഡല്‍ഹി സര്‍വകലാശാലയിലെ സീറ്റുകളില്‍ മുഴുവന്‍ അവരെ നിറച്ച് മറ്റൊരു ജെ എന്‍ യു ആക്കി അതിനെ മാറ്റാനുള്ള ഇടതുപക്ഷ നീക്കമാണ് നടക്കുന്നത് എന്നാണ് അദ്ദേഹം തുടര്‍ച്ചയായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. മതപരമായ അര്‍ഥത്തിലല്ല താന്‍ പരാമര്‍ശം നടത്തിയതെന്നും ഇടതുപക്ഷ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള കേരള വിദ്യാഭ്യാസ ബോര്‍ഡിന്‍റെ നീക്കത്തിനെതിരായിട്ടാണെന്നുമാണ് ഇതിനിടയില്‍ അദ്ദേഹം പറഞ്ഞത്. ഏതായാലും സംഘപരിവാരം അതിന്‍റെ അണികള്‍ക്കുള്ളിലേക്ക് കുത്തിവെക്കുന്ന കമ്യൂണിസ്റ്റ് വിരുദ്ധതയുടെയും ന്യൂനപക്ഷ വിരുദ്ധതയുടെയും സ്വരമാണ്,
ബഹുസ്വരതയ്ക്കും സമത്വത്തിനും എതിരായ സങ്കല്പനങ്ങള്‍ തന്നെയാണ് അദ്ദേഹത്തിലൂടെ പുറത്തു വന്നിരിക്കുന്നത്.

ഡല്‍ഹി യൂണിവേഴ്സിറ്റി ഇടതുവല്‍കരിക്കാന്‍ നടത്തുന്ന ഗൂഢാലോചന ആരോപിക്കാന്‍ അദ്ദേഹം ഉയര്‍ത്തിക്കാട്ടിയ വിഷയങ്ങളില്‍ തന്നെ വസ്തുതാപരമായ പിശകുകള്‍ ഉണ്ട്. നൂറ് ശതമാനം മാര്‍ക്ക് ലഭിച്ച വിദ്യാര്‍ഥികള്‍ പ്രവേശനത്തിന് അപേക്ഷിക്കുന്നത് കേരളത്തില്‍ നിന്ന് മാത്രമല്ല. രാജ്യത്തെ മറ്റ് പല സംസ്ഥാന ബോര്‍ഡുകളിലെയും വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിക്കാറുണ്ട്. സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചിരുന്ന ഘട്ടങ്ങളിലൊന്നും അതില്‍ സംശയത്തിന്‍റെ നിഴല്‍ ഉയര്‍ന്നിരുന്നില്ല. സംസ്ഥാന ബോര്‍ഡില്‍ പഠിച്ച വിദ്യാര്‍ഥികള്‍ ഉയര്‍ന്ന മാര്‍ക്കും വിജയ ശതമാനവും കരസ്ഥമാക്കുമ്പോള്‍ അതിനെതിരെ പുരികം ചുളിക്കപ്പെടുന്നത് അത്ര നിഷ്കളങ്കമായി കാണാന്‍ കഴിയില്ല. അതിനു പിന്നില്‍ സാധാരണക്കാരുടെയും തൊഴിലാളികളുടെയുമൊക്കെ മക്കള്‍ കൂടുതലും ആശ്രയിക്കുന്ന സംസ്ഥാന ബോര്‍ഡുകള്‍ക്കും പൊതുവിദ്യാഭ്യാസത്തിനും എതിരായ ഒളിയമ്പ് ഉണ്ട്. അങ്ങേയറ്റം വരേണ്യമായ ബോധത്തില്‍ നിന്നാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുന്നതു തന്നെ. അതേസമയം ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ഫെഡറല്‍ തത്ത്വങ്ങളെയും അത് ലംഘിക്കുകയാണ്.

കേരള ബോര്‍ഡില്‍ പഠിച്ച വിദ്യാര്‍ഥികള്‍ ക്രമാതീതമായി പ്രവേശനം നേടുന്നുവെന്ന പ്രചരണം തന്നെ അടിസ്ഥാനരഹിതമാണ്. രാജ്യത്തെ എല്ലാ വിദ്യാഭ്യാസ ബോര്‍ഡുകളില്‍ പഠിച്ചവര്‍ക്കും തുല്യാവസരമാണ് പ്രവേശനത്തില്‍ നല്‍കുന്നതെന്ന് ഡല്‍ഹി സര്‍വകലാശാല തന്നെ സ്ഥിരീകരിച്ചു കഴിഞ്ഞു. ഈ വര്‍ഷം തന്നെ വിവിധ കോളേജുകളിലേക്ക് അപേക്ഷിച്ച വിദ്യാര്‍ഥികളില്‍ നിന്നും ആദ്യത്തെ കട്ട് ഓഫില്‍ ഉള്‍പ്പെട്ടത് 60,904 പേരാണ്. അതില്‍ 46,054 വിദ്യാര്‍ഥികളും സി ബി എസ് ഇ ബോര്‍ഡില്‍ നിന്നുള്ളവരാണ്. അതായത് 75 ശതമാനത്തിലധികം പേരും സംസ്ഥാന ബോര്‍ഡുകള്‍ക്ക് പുറത്തുനിന്നുള്ള വിദ്യാര്‍ഥികള്‍ ആയിരുന്നു. സംസ്ഥാന ബോര്‍ഡുകളില്‍ പഠിച്ച് ഡല്‍ഹി സര്‍വകലാശാലയില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുണ്ട്. അതില്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളെ മാത്രം ലക്ഷ്യം വച്ച് നടക്കുന്ന പ്രചരണങ്ങള്‍ക്കു പിന്നില്‍ സര്‍വകലാശാലയുടെ നിലവാരത്തെയോ തുല്യാവസരങ്ങളെയോ കുറിച്ചുള്ള ആശങ്കകളല്ല മറിച്ച് മുഖ്യമായും രണ്ട് ഭയങ്ങളാണ് ഒളിഞ്ഞിരിക്കുന്നത്

ഒന്ന് കേരളത്തില്‍ നിന്നും സര്‍വകലാശാലയില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികളില്‍ നല്ലൊരു ശതമാനം തന്നെ ഒന്നാം തലമുറയില്‍ പെട്ട ദളിത്, പിന്നോക്ക, മുസ്ലീം വിഭാഗങ്ങളില്‍ പെട്ട വിദ്യാര്‍ഥികളെ കാണാമെന്നതാണ്. ജനസംഖ്യാനുപാതികമായി നോക്കിയാല്‍ മറ്റേതൊരു സംസ്ഥാനത്തെക്കാളും അധികമാണിത്. വിവിധ സാമൂഹിക വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് കേരളത്തില്‍ നിന്നും ഉന്നത വിദ്യാഭ്യാസം തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നത്. അതായത് മനുസ്മൃതി ആര്‍ക്കൊക്കെ വിദ്യാഭ്യാസം നിഷേധിച്ചോ അവരെല്ലാം ആര്‍ജ്ജവത്തോടെ ഉന്നതവിദ്യാഭ്യാസത്തിലേക്ക് കടന്നുവരുന്ന അനുഭവം കേരളത്തിന്‍റേതായിട്ടുണ്ട്. ഇത് ബ്രാഹ്മണ്യത്തെയും ജാതി മേന്മയെയും ഉയര്‍ത്തിപ്പിടിക്കുന്ന സംഘപരിവാര പ്രത്യയശാസ്ത്ര പ്രചാരകരെ സംബന്ധിച്ചിടത്തോളം എളുപ്പത്തില്‍ ദഹിക്കുന്ന കാര്യമല്ല.

അക്കൂട്ടരെ പ്രകോപിതരാക്കുന്ന മറ്റൊരു കാര്യം ഡല്‍ഹി സര്‍വകലാശാല ഉള്‍പ്പടെയുള്ള ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കേന്ദ്ര സര്‍വകലാശാലകളിലും നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ സജീവമായ പങ്കാളിത്തമാണ്. മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങള്‍ക്കായും കാമ്പസുകളെ ജനാധിപത്യവല്‍കരിക്കാനും നടക്കുന്ന ഈ സമരങ്ങള്‍ മോഡി സര്‍ക്കാരിന് സൃഷ്ടിക്കുന്ന തലവേദന ചെറുതൊന്നുമല്ല. ഇവയുടെയെല്ലാം മുന്‍നിരയില്‍ മലയാളികളായ വിദ്യാര്‍ഥികളെ കാണാന്‍ സാധിക്കും. അതുകൂടിയാണ് മലയാളികള്‍ക്കെതിരെ വിദ്വേഷ പ്രചാരണം നടത്താന്‍ രാകേഷ് കുമാര്‍ പാണ്ഡെയ്ക്ക് കാരണമാകുന്നത്. വിദ്യാഭ്യാസത്തെ ജനാധിപത്യവല്‍ക്കരിക്കുന്നതിനു പകരം ഭരണവര്‍ഗത്തിന്‍റെ ആധിപത്യത്തിനുള്ള ആയുധമാക്കി നിര്‍ത്തുകയാണ് സംഘപരിവാരത്തിന്‍റെ കാഴ്ചപ്പാട്. പുതിയ വിദ്യാഭ്യാസ നയം മുന്നോട്ടുവെക്കുന്ന സമീപനവും അതു തന്നെയാണ്. വിദ്യാര്‍ഥികളുടെ രാഷ്ട്രീയ പങ്കാളിത്തം, ജനാധിപത്യ സമരങ്ങള്‍ ഒക്കെ ഇതിന് വിരുദ്ധമാണെന്ന് കാണാം.
കേന്ദ്ര സര്‍വകലാശാലകള്‍ രാജ്യത്തെ എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രവേശനത്തിന് തുല്യാവകാശം ഉള്ള ഇടങ്ങളാണ്. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ സ്ഥിതി ചെയ്യുന്ന കേന്ദ്ര സര്‍വകലാശാലകളില്‍ പ്രവേശനം നേടുന്നുമുണ്ട്. അവയില്‍ മിക്കവാറും കാമ്പസുകളിലേക്ക് പ്രവേശന പരീക്ഷയിലൂടെയാണ് അഡ്മിഷന്‍ പ്രക്രിയ നടത്തുന്നത്. മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ പ്രവേശനം നടക്കുന്നയിടങ്ങളില്‍ മാത്രമല്ല ഏകീകൃതമായ പ്രവേശന പരീക്ഷയിലൂടെ അഡ്മിഷന്‍ പ്രക്രിയയുള്ളിടങ്ങളിലും കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ മികച്ച നിലയില്‍ തന്നെ വിജയിച്ചു വരുന്നതായി കാണാം. ജെ എന്‍ യുവിലും ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലും വിവിധ ഐ ഐ ടി കാമ്പസുകളിലുമെല്ലാം മലയാളികളായ വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടുന്നത് ഈ വിധമാണ്.

കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ പഠന മികവിനെക്കുറിച്ചുള്ളതാണ് മറ്റൊരു ആരോപണം. അവര്‍ക്ക് ഇംഗ്ലീഷോ ഹിന്ദിയോ സംസാരിക്കാനാകുന്നില്ലെന്നാണ് രാകേഷ് കുമാര്‍ പാണ്ഡെ ഉള്‍പ്പടെയുള്ളവര്‍ വാദിക്കുന്നത്. അധ്യയനത്തിനുള്ള മാധ്യമം ഇംഗ്ലീഷ് ആയിരിക്കേ എന്തിനാണ് ഹിന്ദി സംസാരിക്കാന്‍ വശമുള്ളവരായി വിദ്യാര്‍ഥികള്‍ മാറേണ്ടതെന്നത് പ്രധാനപ്പെട്ടൊരു ചോദ്യമാണ്. മറ്റ് ഭാഷകളില്‍ നിന്നും അധികമായ പ്രാധാന്യം ഹിന്ദിക്ക് കല്പിച്ചു നല്‍കാനുള്ള ഹിന്ദു - ഹിന്ദി - ഹിന്ദുസ്ഥാന്‍ രാഷ്ട്രീയത്തിന്‍റെ ഉല്പന്നമാണ് ഈ അഭിപ്രായ പ്രകടനം. അത് മലയാളത്തോട് മാത്രമല്ല ഇന്ത്യയിലെ മറ്റ് ഭാഷകള്‍ക്കും രാജ്യത്തിന്‍റെ ബഹുസ്വരതയ്ക്കും നേര്‍ക്കുള്ള അവഹേളനം കൂടിയാണ്.

ഇംഗ്ലീഷില്‍ അധ്യയനം തുടരാന്‍ സാധിക്കാത്തതിനാല്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക്  ഡല്‍ഹി സര്‍വകലാശാല ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനം തുടരുവാന്‍ സാധിക്കുന്നില്ലെന്നതിനെ സാധൂകരിക്കുന്ന യാതൊരു അനുഭവവും ഇല്ല. അങ്ങനെ ഉണ്ടെങ്കില്‍ത്തന്നെ ആ ഭാഷാപരമായ പരിമിതികള്‍ മറികടക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പു വരുത്തുകയാണ് സര്‍വകലാശാലയും കോളേജുകളും അധ്യാപകരുമെല്ലാം ചെയ്യേണ്ടത്. അവര്‍ ഉന്നത വിദ്യാഭ്യാസം നേടാന്‍ സ്വന്തം സംസ്ഥാനത്തിന് പുറത്തേക്ക് യാത്ര ചെയ്യേണ്ടതില്ല എന്ന നിലപാടല്ല ജനാധിപത്യ സമൂഹത്തില്‍ സ്വീകരിക്കപ്പെടേണ്ടത്. ഒന്നാം തലമുറ വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം കാമ്പസുകളില്‍ എത്തിയതിനു ശേഷം മാത്രം പഠിച്ചു തുടങ്ങുന്ന ഭാഷയില്‍ പ്രാവീണ്യം നേടുകയെന്നത് കൂടുതല്‍ ശ്രമകരമായ കാര്യമാണ്. അത്തരം വിദ്യാര്‍ഥികള്‍ കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തിച്ചേരുന്നതിനെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്. ജെ എന്‍ യുവില്‍ ഒക്കെ മുന്‍പ് തങ്ങളുടെ മാതൃഭാഷയില്‍ തന്നെ പ്രവേശന പരീക്ഷയില്‍ ഉത്തരമെഴുതി വിജയിച്ചു വന്ന വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു. ഭാഷാ പ്രാവീണ്യം അല്ല പരിശോധിക്കപ്പെടുന്നത്, പരീക്ഷാര്‍ഥികളുടെ വിമര്‍ശനാത്മക ബോധമാണ്. അതിനെ പ്രതിഫലിപ്പിക്കാനുള്ള ഒരു ഉപാധി മാത്രമാണ് പലപ്പോഴും ഭാഷ. അത് വ്യത്യസ്തമായ സഹായക പ്രവര്‍ത്തനങ്ങളിലൂടെ ആര്‍ജ്ജിച്ചെടുക്കാവുന്നതും ആണ്.ജനാധിപത്യപരമായ  ഈ കാഴ്ചപ്പാടിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

കേരളത്തില്‍ നിന്ന് കേന്ദ്ര സര്‍വകലാശാലകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികളില്‍ നല്ലൊരു ശതമാനം ഒന്നാം തലമുറയില്‍ പെട്ട വിദ്യാര്‍ഥികളെ കാണാന്‍ സാധിക്കും. അവരില്‍ മിക്കവാറും പേര്‍ സംസ്ഥാന സിലബസില്‍ പഠിച്ചവരും കേരളത്തിന്‍റെ പൊതുവിദ്യാലയങ്ങളുടെ ഉല്പന്നങ്ങളുമാണ്. തൊഴിലാളി വര്‍ഗ പശ്ചാത്തലത്തിലും ദളിത് പിന്നോക്ക വിഭാഗങ്ങളിലുമുള്ള നിരവധി വിദ്യാര്‍ഥികള്‍ ഇത്തരത്തില്‍ കേന്ദ്ര സര്‍വകലാശാലകളിലേക്ക് എത്തുന്നുണ്ട്. ഏറ്റവും കൂടുതല്‍ മുസ്ലീം വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്കെത്തുന്ന സംസ്ഥാനങ്ങളിലൊന്നും കേരളമാണെന്നു കാണാം. ഇതെല്ലാം കേരളത്തിന്‍റെ പൊതുവിദ്യാഭ്യാസ മേഖലയുടെ മേന്മ കൂടിയാണ് തെളിയിക്കുന്നത്. അവയെക്കൂടി ഇകഴ്ത്തിക്കാണിക്കുക എന്ന ലക്ഷ്യം സംഘപരിവാര കേന്ദ്രങ്ങള്‍ക്ക് ഉണ്ടാകുന്നതില്‍ സംശയിക്കാനില്ല.

സര്‍വകലാശാലകളുടെ നിലവാരം നിര്‍ണയിക്കപ്പെടേണ്ടത് എന്തെങ്കിലും സങ്കുചിതവും വരേണ്യവുമായ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാവരുത്. മറിച്ച് ഒരു സര്‍വകലാശാലയ്ക്ക്  അത് പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന്‍റെ സാമൂഹികമായ ബഹുസ്വരതയെ എത്രമാത്രം ഉള്‍ക്കൊള്ളാനും പ്രതിഫലിപ്പിക്കാനും സാധിക്കുന്നുണ്ട് എന്നതിന്‍റെ കൂടി അടിസ്ഥാനത്തിലാകണം. അങ്ങനെയാണ് സമൂഹത്തിന്‍റെ ജനാധിപത്യവല്‍ക്കരണത്തിനുകൂടി സര്‍വകലാശാലകള്‍ സംഭാവന ചെയ്യുന്നത്. സര്‍വകലാശാലകളെ സമ്പന്നമാക്കുന്നത് അവിടെ പഠനം തുടരാന്‍ എത്തുന്ന വിദ്യാര്‍ഥികളുടെ വ്യത്യസ്തമായ പശ്ചാത്തലങ്ങള്‍ കൂടിയാണ്. അല്ലാത്ത പക്ഷം ഒരു ജാതിയുടെയും ഒരു വര്‍ഗത്തിന്‍റെയും ഒരൊറ്റ ഭാഷാ വിഭാഗത്തിന്‍റെയും മാത്രം ഇടങ്ങളായി ജനാധിപത്യത്തിന് പുറംതിരിഞ്ഞു നില്‍ക്കുന്ന പ്രതിലോമ വിജ്ഞാന വിതരണത്തിന്‍റെ കേന്ദ്രങ്ങള്‍ മാത്രമായി അവ മാറും. സംഘപരിവാരം ആഗ്രഹിക്കുന്നത് ഇന്ത്യന്‍ സര്‍വകലാശാലകളുടെ അത്തരത്തിലുള്ള പുനര്‍ നിര്‍മാണം ആണ്. അതിന്‍റെ ബീക്കണ്‍ ആണ് ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നമ്മള്‍ കണ്ടത്. •