ധനശാസ്ത്ര ചിന്തയിലെ നവസരണികള്‍

എ സുരേഷ്

മ്പദ്വ്യവസ്ഥ രാജ്യത്തിന്‍റെ നട്ടെല്ലാണെങ്കില്‍ അതിനെ വിശദീകരിക്കുന്ന സാമ്പത്തികശാസ്ത്രത്തിനു ജനജീവിതത്തില്‍ അത്രമേല്‍ പ്രാധാന്യമുണ്ട്. അങ്ങനെ രാഷ്ട്രത്തെയും പൗരജീവിതത്തെയും സംബന്ധിച്ച് പ്രധാനമായ സമ്പദ്ശാസ്ത്രം എന്നാല്‍, സാമാന്യജീവിതത്തില്‍നിന്നും അകന്നാണിരിക്കുന്നത്. അക്കാദമിക് വിദഗ്ധരുടെയോ രാഷ്ട്രീയ നേതാക്കളുടെയോ വ്യവഹാരവിഷയമായാണ് മിക്കപ്പോഴും അതിനെ  കണക്കാക്കുന്നതും. ചരിത്രം, ശാസ്ത്രം, രാഷ്ട്രീയം, സംസ്കാരം തുടങ്ങി മറ്റു സാമൂഹികശാസ്ത്രങ്ങളുമായെല്ലാം ഇഴചേര്‍ന്നതെങ്കിലും മറ്റു വിഷയങ്ങള്‍ക്കൊന്നും ലഭിക്കുന്ന പരിഗണന ധനശാസ്ത്രത്തിനു ലഭിക്കാറില്ല. സാമൂഹികജീവിതവുമായി അത്രയേറെ ഇഴചേര്‍ന്ന സാമ്പത്തികശാസ്ത്രം അങ്ങനെ മാറ്റിനിര്‍ത്തപ്പെടുന്നതിലും രാഷ്ട്രീയമുണ്ട്. സാമ്പത്തികശാസ്ത്രത്തെ ജനകീയമാക്കുന്നതിലും ധനശാസ്ത്ര സാക്ഷരത സൃഷ്ടിക്കുന്നതിലും മാര്‍ക്സിസ്റ്റ് ചിന്തകരും അധ്യാപകരുമാണ് പങ്കുവഹിച്ചത്. മാര്‍ക്സിയന്‍ അര്‍ഥശാസ്ത്രത്തെ ലളിതമായി വിശദീകരിക്കുന്ന കെ ദാമോദരന്‍റെ ധനശാസ്ത്ര പ്രവേശിക, ധനശാസ്ത്ര തത്ത്വങ്ങള്‍, നാണയം, ഉറുപ്പിക തുടങ്ങി ലഘുകൃതികളും  ഇ എം എസ്, എം പി പരമേശ്വരന്‍, ടി എം തോമസ് ഐസക് തുടങ്ങിയവരുടെ രചനകളും മലയാളത്തിലെ ഉദാഹരണങ്ങള്‍. നവലിബറല്‍ ആഗോളവല്‍ക്കരണ കാലത്ത് സാമ്പത്തികശാസ്ത്രത്തിനുണ്ടായ മാറ്റങ്ങളും മാര്‍ക്കറ്റ് ഇക്കണോമിക്കുണ്ടായ മേല്‍ക്കൈയും മനസ്സിലാക്കാന്‍ ഇത്തരത്തില്‍ പുതിയ ശ്രമങ്ങളുണ്ടാകേണ്ടതുണ്ട്.

രാഷ്ട്രതന്ത്രത്തിന്‍റെ (പൊളിറ്റിക്സ്) അവിഭാജ്യഭാഗമായാണ് അര്‍ഥശാസ്ത്രത്തെ പരിഗണിക്കാറ്. ആധുനിക ശാസ്ത്രവിജ്ഞാനവുമായും സാമ്പത്തികശാസ്ത്രം കണ്ണിചേരുന്നു. മുതലാളിത്ത ആധുനികതയുടെ കാലത്ത് അതിന്‍റെ സവിശേഷ സ്വഭാവമുള്‍ക്കൊണ്ടാണ് അര്‍ഥശാസ്ത്രം (പൊളിറ്റിക്കല്‍ ഇക്കണോമി)വികാസം പ്രാപിക്കുന്നത്. ആഡം സ്മിത്തിന്‍റെ 'വെല്‍ത്ത് ഓഫ് നേഷന്‍'സിന്‍റെ (1776) പിറവിയോടെയാണ് ആധുനിക സാമ്പത്തികശാസ്ത്രത്തിന്‍റെ ഉദയം. ഡേവിഡ് റിക്കാര്‍ഡോ, ജയിംസ് മില്‍, റോബര്‍ട്ട് മാല്‍ത്തൂസ്, ജീന്‍ ബാപ്റ്റിസ്റ്റെ തുടങ്ങിയ ക്ലാസിക് സാമ്പത്തികശാസ്ത്രകാരന്മാര്‍ വ്യക്തിഗതവും ഉല്‍പാദനം, വിതരണം, ഉപഭോഗം എന്നിവയുടെ വിപണിയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ക്കുമാണ് ഊന്നല്‍നല്‍കിയത്. റോബര്‍ട്ട് ഓവനും ജോണ്‍ മെയ്നാഡ് കെയ്ന്‍സുമെല്ലാം മുതലാളിത്ത ലേസെ ഫെയര്‍ സിദ്ധാന്തത്തിനു സാമൂഹ്യക്ഷേമ ഭേദഗതി കൊണ്ടുവന്നു. എന്നാല്‍ മാര്‍ക്സിന്‍റെയും  എംഗല്‍സിന്‍റെയും വരവോടെയാണ് അര്‍ഥശാസ്ത്രത്തിന് ശരിയായ ദിശതെളിയുന്നത്.

ഉല്‍പാദനം, ഉപഭോഗം, വിതരണം, വിനിമയം എന്നിവയിലധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളാണ് മുഖ്യധാരാ സാമ്പത്തികശാസ്ത്രത്തിന്‍റെ പഠനമേഖല. ഇത് കേവലം ഗണിതശാസ്ത്ര പ്രശ്നമായാണ് മിക്കവാറും കൈകാര്യം ചെയ്യപ്പെടുന്നത്. മൂലധനം എവിടെനിന്ന് വരുന്നു, ഉല്‍പാദനം ആര്‍ക്കുവേണ്ടി, ഇങ്ങനെ തുടങ്ങിയ ചോദ്യങ്ങള്‍ അവിടെ ഉയരുന്നില്ല. മൂലധന സ്വഭാവത്തെയും  ഉല്‍പാദന ബന്ധങ്ങളെയും കുറിച്ചുള്ള അന്വേഷണമാണ് സാമ്പത്തികശാസ്ത്രത്തെ സാമൂഹികശാസ്ത്രവുമായി ശരിയായി കണ്ണിചേര്‍ക്കുന്നത്. ആധുനിക മുതലാളിത്തവുമായി ബന്ധപ്പെട്ട് ഉല്‍പാദനത്തെയും അധികാരബന്ധങ്ങളെയുംകുറിച്ചുള്ള മാര്‍ക്സിസ്റ്റ് വിശകലനങ്ങളാണ് സാമ്പത്തികശാസ്ത്രത്തിന് സാമൂഹികവ്യവസ്ഥയിലുള്ള അഗ്രിമസ്ഥാനം ഉറപ്പിച്ചത്. മുതലാളിത്ത വിമര്‍ശനമായി, അര്‍ഥശാസ്ത്രത്തെ മാര്‍ക്സും എംഗല്‍സും ഉയര്‍ത്തിക്കൊണ്ടുവന്നു. മാര്‍ക്സിന്‍റെ ''മൂലധനം' സാമ്പത്തികശാസ്ത്ര ചിന്തയില്‍ നിര്‍ണായ  വഴിത്തിരിവുണ്ടാക്കി.  മുതലാളിത്ത ചിന്തയ്ക്കും അവഗണിക്കാനാവാത്തവിധം മാര്‍ക്സിയന്‍ സാമ്പത്തികശാസ്ത്രം മുന്‍കൈനേടിയതാണ് പിന്നീടുള്ള ചരിത്രം.

ഉല്‍പാദന വിതരണ ഉപാധികള്‍ക്ക് ഓരോ രാജ്യത്തും ഓരോ കാലത്തും മാറ്റം സംഭവിക്കുന്നു. അതുകൊണ്ട് ധനശാസ്ത്രം ചരിത്രപരമായ ശാസ്ത്രം കൂടിയാണ്.

എന്നാല്‍ മുഖ്യധാരാ ധനശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തില്‍ മുതലാളിത്ത രീതിയിലുള്ള ഉല്‍പാദന വിതരണങ്ങള്‍ യുക്തിയുക്തവും അനിഷേധ്യവുമാണ്; അവയുടെ നിയമങ്ങള്‍ എല്ലാ രാജ്യത്തേയ്ക്കും എല്ലാ കാലത്തേയ്ക്കും ബാധകമായതുമാണ്. കാരണം, മുതലാളിത്ത രീതിയിലുള്ള സാമൂഹ്യഘടന ശാശ്വതമാണെന്ന് അവര്‍ വിചാരിക്കുന്നു. സാമൂഹ്യവളര്‍ച്ചയുടെ സവിശേഷഘട്ടം മാത്രമാണ് മുതലാളിത്തമെന്നോ മുമ്പുണ്ടായ സാമൂഹ്യഘടനകള്‍ക്കെന്നപോലെ മുതലാളിത്തത്തിനും നാശമുണ്ടെന്നോ ചിന്തിക്കാന്‍ അവര്‍ തയ്യാറില്ല. അങ്ങനെ വൈയക്തികത, ദൗര്‍ലഭ്യം, തുലനം എന്നിവയെ മാത്രം അടിസ്ഥാനമാക്കിയ ഗണിതചിന്തയായി അര്‍ഥശാസ്ത്രത്തെ പരിഗണിക്കുന്ന സാമ്പ്രദായിക അഥവാ  നിയോക്ലാസിക് ധനശാസ്ത്രത്തിന് പ്രതിരോധമുയര്‍ത്തുന്ന ശാസ്ത്രീയവും ചരിത്രപരവുമായ ധനശാസ്ത്രത്തെ ഹെറ്റെറൊഡോക്സ് (Heterodox) ഇക്കണോമിക്സ് എന്നാണ് വിളിക്കുന്നത്. സാമ്പ്രദായിക ധനവിചാരത്തിന്‍റെ സങ്കുചിതവും ഏകപക്ഷീയവുമായ നിലപാടിനെതിരെ  കാലികവും വൈവിധ്യപൂര്‍ണവും ശാസ്ത്രീയവുമായ സങ്കല്‍പനമാണ് ഈ ധാര  മുന്നോട്ടുവയ്ക്കുന്നത്.  അത് സാമൂഹിക യാഥാര്‍ഥ്യങ്ങളെ മുഖ്യസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നു. എങ്കിലും അക്കാദമിക് മേഖലയില്‍ നിയോക്ലാസിക് സമ്പ്രദായത്തിനു തന്നെയാണ് മേല്‍ക്കൈ. സര്‍വകലാശാലകളില്‍ ബിരുദതലംവരെയുള്ള സിലബസ് പഴയകുറ്റിയിലാണ് കറങ്ങുന്നത്. അതിന് മാറ്റം ഉദ്ദേശിച്ചുള്ള പലതലങ്ങളിലുള്ള ഇടപെടല്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ നടക്കുന്നുണ്ട്. അതിലേക്കുള്ള സംഭാവനയാണ് കാഞ്ഞങ്ങാട് നെഹ്റു കോളേജ് സാമ്പത്തികശാസ്ത്ര വകുപ്പ് മുന്‍ തലവനും  കണ്ണൂര്‍ സര്‍വകലാശാല മുന്‍ രജിസ്ട്രാറുമായ ഡോ. എ അശോകന്‍ തയ്യാറാക്കിയ 'ഹെറ്റെറൊഡോക്സ് ഇക്കണോമിക്സ് ഒരു മുഖവുര' എന്ന ഇംഗ്ലീഷ് പുസ്തകം.

മുംബൈ ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്‍റ് റിസര്‍ച്ച് പ്രൊഫസര്‍ സി വീരമണി അവതാരിക എഴുതിയ പുസ്തകത്തില്‍ അഞ്ച് അധ്യായങ്ങളിലായി വിവിധ സാമ്പത്തികശാസ്ത്ര പദ്ധതികളെയും ചിന്തകരെയും അവരുടെ വീക്ഷണ വ്യത്യാസങ്ങളെയും വിശദീകരിക്കുന്നു. ഫീച്ചേഴ്സ് ആന്‍ഡ് ലിമിറ്റേഷന്‍സ് ഓഫ് മെയിന്‍സ്ട്രീം ഇക്കണോമിക്സ് എന്ന ആദ്യ അധ്യായത്തില്‍ ഓര്‍ത്തഡോക്സ്, നിയോക്ലാസിക്കല്‍, മെയിന്‍സ്ട്രീം എന്നു വിളിക്കുന്ന  രീതികളെ വിശദീകരിക്കുകയാണ്. പാരഡിം ബ്ലൈന്‍ഡ്നസ് എന്ന ഉപശീര്‍ഷകത്തില്‍  അതിലെ ഏകപക്ഷീയതയും  ആന്ധ്യവും തുറന്നുകാട്ടുന്നുമുണ്ട്.  അതിനു ബദലാവുന്ന ഹെറ്റെറൊഡോക്സ് ഇക്കണോമിക്സിന്‍റെ കേന്ദ്ര ആശയവും സ്വഭാവവും ചരിത്രവും വിശദീകരിക്കുകയാണ് രണ്ടാം അധ്യായം. ഹെറ്റെറൊഡോക്സ് ഇക്കണോമിക്സിന്‍റെ തത്ത്വവും രീതിശാസ്ത്രവും മൂല്യവും പ്രതിപാദിക്കുന്ന മൂന്നാം അധ്യായത്തില്‍ അതിന്‍റെ പ്രധാന സൈദ്ധാന്തികരായ മാര്‍ക്സ്, വെബ്ലാന്‍ എന്നിവരുടെ സംഭാവന ചൂണ്ടിക്കാണിക്കുന്നു. ഹെറ്റെറോഡോക്സ് ഇക്കണോമിക്സിന് പുതിയതും പഴയതുമായ മറ്റ് സാമ്പത്തികശാസ്ത്രങ്ങളുമായുള്ള അഭിമുഖീകരണമെങ്ങനെയെന്നാണ് നാലാം അധ്യായം  പരിശോധിക്കുന്നത്. നിരീക്ഷണങ്ങളെ സംക്ഷേപിക്കുകയാണ് അവസാന അധ്യായത്തില്‍. 

പാര്‍ശ്വവല്‍കൃതര്‍, സ്ത്രീ, പ്രകൃതി തുടങ്ങിയവയെല്ലാം സാമ്പ്രദായികേതര സാമ്പത്തികശാസ്ത്രത്തില്‍ പ്രധാനമായിവരുന്നുണ്ട്. വിലകൊടുത്തുവാങ്ങുന്ന സേവനങ്ങളെ മാത്രം പരിഗണിക്കുന്ന മുഖ്യധാരാ സങ്കല്‍പനത്തിനു പകരം ഉല്‍പാദനത്തിന്‍റെയും സേവനത്തിന്‍റെയും അധ്വാനമൂല്യവും  സാമൂഹിക ധര്‍മവും  ചര്‍ച്ചചെയ്യുന്നുമുണ്ട്.  അര്‍ഥശാസ്ത്രത്തില്‍ പൊളിച്ചെഴുത്തു നടത്തിയ മാര്‍ക്സിയന്‍ ധനശാസ്ത്രത്തെ സവിസ്തരം പ്രതിപാദിക്കുന്നു. ഫ്യൂഡലിസ്റ്റ് അവശിഷ്ടങ്ങളില്‍നിന്ന് മുതലാളിത്തം ജനിച്ചുവളര്‍ന്നതെങ്ങനെയെന്ന് വിവരിക്കുക, ആ സമൂഹത്തിന്‍റെ വികാസനിയമങ്ങള്‍ വ്യക്തമാക്കുക, മുതലാളിത്ത സാമൂഹ്യഘടനയുടെ സ്വഭാവമെന്തെന്നും ഉല്‍പാദനോപകരണങ്ങളുടെ ഉടമസ്ഥരായ ഒരുപിടി മുതലാളിമാര്‍ക്ക് ഭൂരിപക്ഷക്കാരായ തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ സാധിക്കുന്നതെങ്ങനെയെന്നും തുറന്നുകാണിക്കുക, മുതലാളിത്തത്തിലടങ്ങിയ വൈരുധ്യങ്ങള്‍ അതിന്‍റെ ശവക്കുഴി തോണ്ടുന്നതെങ്ങനെയെന്ന് ചൂണ്ടിക്കാണിക്കുക എന്നിവ മാര്‍ക്സിയന്‍ ധനശാസ്ത്രത്തിന്‍റെ മുഖ്യ പ്രമേയങ്ങളായി ചൂണ്ടിക്കാണിക്കാനാവും.മുഖ്യധാരാ ധനശാസ്ത്ര ചിന്തയുടെ തുടര്‍ച്ചയാണ് നവലിബറല്‍ കാലത്തെ വിപണിമാത്ര സിദ്ധാന്തങ്ങള്‍.  വിപണിയുടെ സന്തുലന നിയമങ്ങളും സ്വച്ഛന്ദസ്വാതന്ത്ര്യവും ഏകപക്ഷീയമായി ഉയര്‍ത്തിപ്പിടിക്കുന്ന നവലിബറല്‍ മുതലാളിത്ത സാമ്പത്തികശാസ്ത്രത്തെ മനുഷ്യപക്ഷത്തുനിന്ന് തുറന്നുകാണിക്കുകയാണ് ഈ പുതിയ ചിന്തകള്‍. അധ്വാനത്തിന്‍റെ അന്യവല്‍ക്കരണത്തിന്‍റെ പുതിയകാല സ്വഭാവത്തെ മനസ്സിലാക്കാനും പ്രതിരോധിക്കാനും ഹെറ്റെറൊഡോക്സ് ഇക്കണോമിക്സ് വഴികാട്ടും.  ഗ്രന്ഥകാരന്‍ സൂചിപ്പിച്ചപോലെ പുതിയ സാമ്പത്തികശാസ്ത്ര പാഠ്യപദ്ധതിയില്‍ അനിവാര്യമായും കടന്നുവരേണ്ടതാണ് ഹെറ്റെറൊഡോക്സ് ഇക്കണോമിക്സിലെ പ്രമേയങ്ങള്‍.•