സുതാര്യമായ സര്‍ക്കാര്‍ സേവനങ്ങള്‍

ആര്യ ജിനദേവന്‍

ര്‍ക്കാര്‍ സേവനങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ക്കും വേണ്ടി ഇനി ഓഫീസുകള്‍ കയറിയിറങ്ങേണ്ട. എല്ലാ രംഗങ്ങളിലുമെന്നപോലെ ഇക്കാര്യത്തിലും ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന ബദല്‍ കാഴ്ചപ്പാട് പ്രകടമായിരിക്കുന്നു. ഒക്ടോബര്‍ 7ന്  ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കുവേണ്ടിയുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുവാനും സേവനങ്ങളുടെ അപേക്ഷാഫീസ് ഒഴിവാക്കുവാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നു.

പെട്രോളിനും ഡീസലിനും പാചകവാതകത്തിനുമെല്ലാം അടിക്കടി വിലകൂട്ടി അതുവഴി രാജ്യത്ത് വന്‍തോതില്‍ വിലക്കയറ്റത്തിന് കാരണമൊരുക്കുകയും, എയര്‍ ഇന്ത്യയും ഇന്ത്യന്‍ റെയില്‍വേയുമടക്കം രാജ്യത്തിന്‍റെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതികൊടുക്കുകയും ചെയ്യുന്ന മോഡി സര്‍ക്കാരാണിന്ന് രാജ്യം ഭരിക്കുന്നത്. ബിജെപി നയിക്കുന്ന ഈ കേന്ദ്ര ഗവണ്‍മെന്‍റിന് ഭൂരിപക്ഷ ജനതയോടോ സമൂഹത്തിനോടോ യാതൊരു പ്രതിബദ്ധതയുമില്ല, കോര്‍പ്പറേറ്റു മുതലാളിമാരോടല്ലാതെ. രാജ്യത്തിന്‍റെയാകെ അവസ്ഥ ഇതാകവെ, കേരളം കൂടുതല്‍ കൂടുതല്‍ വ്യത്യസ്തമാവുകയാണ്. സാധാരണ ജനങ്ങളുടെ ജീവിതത്തിന്‍റെ നാനാമേഖലകളിലും ശ്രദ്ധ ചെലുത്തുകയും അഴിമതിരഹിതവും കളങ്കമറ്റതും ജനങ്ങളോട് പ്രതിബദ്ധത പുലര്‍ത്തുകയും ചെയ്യുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ കൈക്കൊണ്ട് ഈ തീരുമാനവും അത്തരത്തിലൊരു കാല്‍വെയ്പാണ്.

സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ഇനി ജനങ്ങള്‍ക്ക് പഴയപോലെ ഓഫീസുകള്‍ കയറിയിറങ്ങേണ്ട, ഫീസുകള്‍ അടയ്ക്കേണ്ട; സര്‍ട്ടിഫിക്കറ്റുകളും മറ്റ് സേവനങ്ങളും ലഭിക്കുന്നതിനായുള്ള ചട്ടങ്ങളുടെയും നിയമങ്ങളുടെയും കാലാകാലങ്ങളായി നിലനിന്നുപോരുന്ന സങ്കീര്‍ണതകളില്‍നിന്നും ദയനീയസ്ഥിതിയില്‍നിന്നും ജനങ്ങള്‍ക്കു മോചനം നല്‍കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍.

സര്‍ട്ടിഫിക്കറ്റുകള്‍ക്കായുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയും സര്‍ട്ടിഫിക്കറ്റുകളുടെ കാര്യത്തിലുള്ള അനാവശ്യമായ ആവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഒഴിവാക്കുകയും ചെയ്തു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് നേറ്റീവിറ്റി സര്‍ട്ടിഫിക്കറ്റ്, റസിഡന്‍സ്, മൈനോരിറ്റി-ജാതി സര്‍ട്ടിഫിക്കറ്റുകള്‍, ബന്ധുത്വ സര്‍ട്ടിഫിക്കറ്റ്, കുടുംബാംഗത്വം, മിശ്രവിവാഹ സര്‍ട്ടിഫിക്കറ്റ്, ലൈഫ് സര്‍ട്ടിഫിക്കറ്റ്, ഐഡന്‍റിഫിക്കേഷന്‍ തുടങ്ങിയവയില്‍ കൊണ്ടുവന്നിട്ടുള്ള മാറ്റങ്ങള്‍. കേരളത്തില്‍ ജനിച്ച ഒരാള്‍ക്ക് ജനനസര്‍ട്ടിഫിക്കറ്റോ, അഞ്ചുവര്‍ഷം കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിച്ചതിന്‍റെ രേഖയോ സത്യപ്രസ്താവനയോ ഉണ്ടെങ്കില്‍ അയാളെ നേറ്റീവായി പരിഗണിക്കും. കേരളത്തിനു പുറത്ത് ജനിച്ചവര്‍ക്ക് നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓഫീസര്‍ നല്‍കുന്നതാണ്.

ആധാര്‍ കാര്‍ഡ്, ഏറ്റവും പുതിയ ഇലക്ട്രിസിറ്റി ബില്‍, കുടിവെള്ള ബില്‍, ടെലിഫോണ്‍ ബില്‍, കെട്ടിട നികുതി രസീത് എന്നിവയിലേതെങ്കിലും ഹാജരാക്കിയാല്‍ ഇനി മുതല്‍ റസിഡന്‍സ് സര്‍ട്ടിഫിക്കറ്റിന് പകരമാകും. ഇവയൊന്നും തന്നെ ഇല്ലാത്തവര്‍ക്ക് തദ്ദേശഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാം. ലൈഫ് സര്‍ട്ടിഫിക്കറ്റിന് കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള 'ജീവന്‍ പ്രമാണ്‍' ബയോമെട്രിക് ഡിജിറ്റല്‍ സംവിധാനം ഉപയോഗിക്കാം. ഇത് കേരള ട്രഷറിയിലും ബാങ്കുകളിലും ലഭിക്കും. രണ്ടും ഒന്നാണെന്ന് തെളിയിക്കുന്ന വണ്‍ ആന്‍ഡ് സെയിം സര്‍ട്ടിഫിക്കറ്റിന് വ്യക്തിയുടെ സത്യപ്രസ്താവന ഗസറ്റഡ് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയാല്‍ മതി.

അപേക്ഷകന്‍റെ എസ്എസ്എല്‍സി ബുക്കിലോ വിദ്യാഭ്യാസ രേഖയിലോ മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മൈനോരിറ്റി സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. വില്ലേജ് ഓഫീസര്‍/തഹസില്‍ദാര്‍ ഓണ്‍ലൈനായോ അല്ലാതെയോ ലഭിക്കുന്ന അപേക്ഷയില്‍ അഞ്ചു പ്രവൃത്തി ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കണം. അപേക്ഷകന്‍ സത്യവാങ്മൂലംകൂടി സമര്‍പ്പിക്കണം. അതുപോലെതന്നെ ജാതി സര്‍ട്ടിഫിക്കറ്റിനുപകരം എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്/ വിദ്യാഭ്യാസ രേഖയില്‍ ജാതി രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് വില്ലേജ് ഓഫീസര്‍ അഥവാ തഹസില്‍ദാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റായി കണക്കാക്കാം. അച്ഛനമ്മമാര്‍ വ്യത്യസ്ത ജാതിയില്‍പ്പെട്ടവരാണെങ്കില്‍ അവരിലൊരാളുടെ വിദ്യാഭ്യാസ രേഖയിലെ ജാതി തെളിവായി പരിഗണിക്കാം. റേഷന്‍ കാര്‍ഡ്, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട്, ആധാര്‍, ജനന സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും ബന്ധുത്വം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ വില്ലേജ് ഓഫീസറോ തഹസില്‍ദാറോ നല്‍കുന്ന ബന്ധുത്വ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. അപേക്ഷകന്‍റെ റേഷന്‍ കാര്‍ഡില്‍ കുടുംബാംഗങ്ങളുടെ പേരുകളുണ്ടെങ്കില്‍ റേഷന്‍ കാര്‍ഡുതന്നെ കുടുംബാംഗത്വ സര്‍ട്ടിഫിക്കറ്റിനുപകരം സ്വീകരിക്കാം എന്നും തീരുമാനമായിരിക്കുന്നു. ഭാര്യയുടെയും ഭര്‍ത്താവിന്‍റെയും വിദ്യാഭ്യാസ രേഖയില്‍ ജാതി രേഖപ്പെടുത്തുകയും സബ് രജിസ്ട്രാറോ തദ്ദേശസ്ഥാപനമോ നല്‍കിയ വിവാഹ സര്‍ട്ടിഫിക്കറ്റും ഉണ്ടെങ്കില്‍ മിശ്രവിവാഹ സര്‍ട്ടിഫിക്കറ്റിന് പകരം സ്വീകരിക്കും. ഇതോടൊപ്പം സത്യവാങ്മൂലവും വേണം. തിരിച്ചറിയല്‍ രേഖയില്ലാത്തവര്‍ക്ക് ഗസറ്റഡ് ഓഫീസര്‍ നല്‍കുന്ന അപേക്ഷകന്‍റെ ഫോട്ടോ പതിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഐഡിന്‍റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. അതുപോലെ തന്നെ ആഭ്യന്തര വകുപ്പിന്‍റെ സാക്ഷ്യപ്പെടുത്തലിന് ഓണ്‍ലൈനായി സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യുന്നതിനുള്ള സൗകര്യം വിദേശത്ത് പോകുന്ന തൊഴിലന്വേഷകര്‍ക്ക് നല്‍കും. ഈ എല്ലാ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുമുള്ള അപേക്ഷാഫീസും ഒഴിവാക്കിയിരിക്കുന്നു.

സങ്കീര്‍ണമായ നടപടികളും അനധികൃതവുമായ കൈമാറ്റങ്ങളും വ്യാപകമായി നടക്കുന്ന ഒരു സംവിധാനത്തെ പൊളിച്ചടുക്കുകയാണ്എല്‍ഡിഎഫ് സര്‍ക്കാര്‍; കൂടുതല്‍ സുതാര്യവും അഴിമതിരഹിതവുമായ ഒരു സേവന സംവിധാനം ഇതിലൂടെ സാധ്യമാകും. സാധാരണക്കാരായ ജനങ്ങള്‍ക്കു സാക്ഷ്യപത്രങ്ങള്‍ക്കു വേണ്ടി ഇനി സര്‍ക്കാരോഫീസുകള്‍ കയറിയിറങ്ങേണ്ട. സര്‍ക്കാര്‍ സംവിധാനങ്ങളെ കൂടുതല്‍ അഴിമതിരഹിതവും സുതാര്യവുമാക്കുകയും, പൊതുജനത്തിനു കരുതലേകുകയും ചെയ്യുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഈ തീരുമാനം തികച്ചും നിര്‍ണായകവും ചരിത്രപ്രധാനവുമാണ്; ബദല്‍ പരിപ്രേക്ഷ്യത്തിന്‍റെ ഭാഗമാണത്.•