ജമ്മു കാശ്മീര്‍ വീണ്ടും അശാന്തിയിലേക്ക്

വി ബി പരമേശ്വരന്‍

മ്മുڊ-കാശ്മീര്‍ വീണ്ടും അശാന്തിയിലേക്ക് നീങ്ങുകയാണോ എന്ന സംശയം പല കോണുകളില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു. ഭീകരവാദം ഏറ്റവും ശക്തമായ 1990 കളിലേക്ക് ഈ കേന്ദ്ര ഭരണപ്രദേശം നീങ്ങുകയാണോ എന്ന ആശങ്കയും വ്യാപകമായി പങ്കുവെയ്ക്കപ്പെടുകയാണ്. രണ്ടാഴ്ചയായി തുടരുന്ന ഭീകരാക്രമണ പരമ്പരയാണ് ഇത്തരമൊരു ആശങ്കയ്ക്കും സംശയത്തിനും വഴിവെച്ചിട്ടുള്ളത്. ഏറ്റവും ഒടുവില്‍ ഒക്ടോബര്‍ 11 ന് തിങ്കളാഴ്ച നാലഞ്ച് ഇടത്തുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് സൈനികരും ഏഴ് ഭീകരവാദികളും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഒരു മലയാളി ജവാനും ഉള്‍പ്പെടുന്നു. പിര്‍ പാഞ്ചല്‍ താഴ്വരയിലെ സുരാന്‍കോട്ട് വനമേഖലയില്‍ മൂന്നു നാല് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അവരെ കീഴടക്കാന്‍ പോയ സൈനിക സംഘത്തില്‍പെട്ട കൊല്ലം ഓടനാവട്ടം കുടവട്ടൂര്‍ ആശാന്‍മുക്കില്‍ ശില്‍പാലയത്തില്‍  എച്ച് വൈശാഖാണ് മരിച്ച മലയാളി ജവാന്‍. വൈശാഖിനൊപ്പം മൂന്ന് പഞ്ചാബി സൈനികരും യുപിയില്‍ നിന്നുള്ള ഒരു  സൈനികനും വീരമൃത്യു വരിച്ചു. വടക്കന്‍ കാശ്മീരിലെ ബന്ദിപ്പോരയില്‍ ദ റസിസ്റ്റന്‍റ് ഫ്രണ്ട്(ടിആര്‍എഫ്) എന്ന ഭീകരസംഘടനയില്‍പെട്ട  ഇംത്യാസ് ദര്‍ ഉള്‍പ്പെടെ ഏഴു  ഭീകരര്‍ കൊല്ലപ്പെട്ടതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞയാഴ്ചത്തെ കൊലപാതക പരമ്പരയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരനാണ് കൊല്ലപ്പെട്ട ദര്‍ എന്നും സൈനിക വൃത്തങ്ങള്‍ പറഞ്ഞു. 

കാശ്മീരി പണ്ഡിറ്റുകള്‍ക്കെതിരെ ഭീകരര്‍
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇത്തരം ഏറ്റുമുട്ടല്‍ വാര്‍ത്തകളാണ് ജമ്മുڊകാശ്മീരില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഭീകരര്‍ സൈനികരെ ലക്ഷ്യംവെയ്ക്കുന്നതിനുപകരം മതന്യൂനപക്ഷത്തില്‍പെട്ട സിവിലിയന്മാരെയാണ് ലക്ഷ്യവെയ്ക്കുന്നത്. ഒക്ടോബര്‍ ആദ്യവാരം മാത്രം എഴുപേരാണ് വധിക്കപ്പെട്ടത്. പ്രധാനമായും കാശ്മീരി പണ്ഡിറ്റുകളും സിഖുകാരും അന്യസംസ്ഥാനങ്ങളില്‍ നിന്നും ജോലിതേടിയെത്തിയ ഹിന്ദുക്കളുമാണ് ഭീകരരുടെ ചോരക്കൊതിക്ക് ഇരയാകുന്നത്.1990 കളിലാണ് ജമ്മു കാശ്മീര്‍ ഭീകരാക്രമണത്തിന്‍റെ പിടിയിലമര്‍ന്നത്. അന്നാണ് കാശ്മീരി പണ്ഡിറ്റുകള്‍ കൂട്ടമായി സംസ്ഥാനം വിട്ട് ഡല്‍ഹിയിലേക്കും മറ്റും കുടിയേറിയത്. ആയിരത്തില്‍ കുറവ് കുടംബങ്ങള്‍ മാത്രമാണ് കുടിയേറ്റത്തിനു തയ്യാറാകാതെ കാശ്മീരിന്‍റെ മണ്ണില്‍ ഉറച്ചു നിന്നത്.  ഇതോടെ തന്നെ പണ്ഡിറ്റുകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും കുറഞ്ഞു വന്നു. ഏറ്റവും അവസാനമായി പണ്ഡിറ്റുകള്‍ക്കുനേരെയുണ്ടായ ആക്രമണം 2003 ലായിരുന്നു. പുല്‍വാമ ജില്ലയിലെ നന്ദിമാര്‍ഗ് ഗ്രാമത്തില്‍ 24 പണ്ഡിറ്റുകളെ വധിച്ചതിനുശേഷം അവരെ ലക്ഷ്യമാക്കി തുടര്‍ച്ചയായ ആക്രമണങ്ങള്‍ ഉണ്ടാകുന്നത് 18 വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോഴാണ്. 

ഒക്ടോബര്‍ അഞ്ചിനാണ് ശ്രീനഗറിലെ ഇഖ്ബാല്‍ പാര്‍ക്കില്‍ ഫാര്‍മസി കട നടത്തുന്ന മക്കന്‍ ലാല്‍ ബിന്ദ്രു എന്ന 65 കാരനെ ഭീകരര്‍ വെടിവെച്ചു കൊന്നത്. നഗരത്തിലെ ഏറ്റവും സുരക്ഷിതമായ പ്രദേശത്തുവെച്ചായിരുന്നു ഈ കൊലപാതകം നടന്നത്. ബിന്ദ്രുവിന്‍റെ മെഡിക്കല്‍ഷോപ്പിനു സമീപം ഒരു സിആര്‍പിഎഫ് കേമ്പും പൊലീസ് സ്റ്റേഷനും ഉണ്ടായിരുന്നിട്ടുപോലും ഭീകരാക്രമണം തടയാനായില്ല. കടുത്ത ഭീകരാക്രമണം നടന്ന 1990 കളിലും കാശ്മീര്‍ താഴ്വര ഉപേക്ഷിക്കാന്‍ തയ്യാറാകാതെ ശ്രീനഗറില്‍ ഉറച്ചു നിന്ന പണ്ഡിറ്റ് കുടംബങ്ങളില്‍ ഒരാളായിരുന്നു ബിന്ദ്രുവിന്‍റേത്. ഏതു പ്രതിസന്ധിഘട്ടത്തിലും ബിന്ദ്രുവിന്‍റെ മരുന്നു കട തുറന്നു പ്രവര്‍ത്തിച്ചിരുന്നു. എല്ലാവരാലും ബഹുമാനിക്കപ്പെട്ട ബിന്ദ്രുവിന്‍റെ കൊലപാതകം താഴ്വരയിലാകെ ഭയത്തിന്‍റെ കരിനിഴല്‍ വിഴ്ത്തി. ബിന്ദ്രു കൊല്ലപ്പെട്ട ദിവസം തന്നെ ലാല്‍ബസാറിലെ ബേല്‍പുരി കച്ചവടക്കാരനായ ബിഹാറിലെ ഭാഗല്‍പൂര്‍ സ്വദേശിയായ വീരേന്ദ്ര പാസ്വാനും കൊല്ലപ്പെട്ടു. തൊട്ടടുത്ത ദിവസം ശ്രീനഗറിലെ ഒരു സ്കൂള്‍ പ്രിന്‍സിപ്പാളും സിഖ് മതവിശ്വാസിയുമായ സുപീന്ദ്രര്‍ കൗറും സഹഅധ്യാപകനും കാശ്മീരി പണ്ഡിറ്റുമായ ദീപക് ചന്ദും വധിക്കപ്പെട്ടു. അതായത് ഒരാഴ്ചക്കകം ഏഴുപേരാണ് ഭീകരരുടെ വെടിയുണ്ടകള്‍ക്ക് ഇരയായത്. കാശ്മീരില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പെടുന്നവരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് സമൂഹത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ലക്ഷ്യംവെച്ചുള്ളതാണ് എന്നാണ് സുരക്ഷാസൈനികരുടെ ഭാഷ്യം.  ഭീകരര്‍ അവരുടെ തന്ത്രത്തില്‍ വരുത്തിയ മാറ്റമായാണ് സുരക്ഷാ സേന ഇതിനെ വിലയിരുത്തുന്നത്. അയല്‍രാജ്യമായ അഫ്ഗാനിസ്താനില്‍ താലിബാന്‍ ഭരണം പിടിച്ചതുമായി ഈ ഭീകരാക്രമണങ്ങള്‍ക്ക് ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ഇനിയും വ്യക്തമല്ലതാനും. ഏതായാലും കാശ്മീരിലെ സ്ഥിതിഗതികള്‍ അത്യന്തം ഗുരുതരമായി മാറിക്കൊണ്ടിരിക്കുകയാണ്. കാശ്മീരിലേതടക്കമുള്ള മുസ്ലീങ്ങളെക്കുറിച്ച് സംസാരിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് സുഹൈല്‍ ഷഹീന്‍ എന്ന താലിബാന്‍ നേതാവ് നേരത്തേ പറഞ്ഞുവെച്ചിട്ടുമുണ്ട്. അഫ്ഗാനിലെ ഭരണമാറ്റത്തിന്‍റെ പശ്ചാത്തലത്തില്‍ അവിടെ നിന്നുള്ള ഭീകര സംഘങ്ങള്‍ മാത്രമല്ല സുഡാന്‍, സിറിയ, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഭീകരസംഘടനകള്‍ കൂടി കാശ്മീരിനെ ലക്ഷ്യമാക്കി നീങ്ങാനിടയുണ്ടെന്ന് څകാശ്മീരി ടൈംസും മറ്റും റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. 

കേന്ദ്രത്തിന്‍റെ അവകാശവാദം പൊള്ള 
ഇതില്‍ നിന്നും ഒരു കാര്യം വ്യക്തമാകുന്നു. ജമ്മു കാശ്മീര്‍ സാധാരണ നിലയിലേക്ക് മടങ്ങി എന്ന കേന്ദ്ര സര്‍ക്കാരിന്‍റെ വാദത്തിന് വസ്തുതയുമായി ഒരു ബന്ധവുമില്ലെന്ന്. ഭരണഘടനയിലെ 370 ാം വകുപ്പും 35 എ വകുപ്പും റദ്ദാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണപ്രദേശമാക്കിയതോടെ കാശ്മീരിലെ ഭീകരവാദത്തിന് അന്ത്യമായെന്നാണ് മോഡിയുംڊഷായും അവകാശപ്പെട്ടത്. ജമ്മു കാശ്മീരിനെ ഇന്ത്യയുമായി കൂടുതല്‍ ചേര്‍ത്തുവെച്ചുവെന്നും ന്യുഡല്‍ഹിയുമായുള്ള അകല്‍ച്ച പൂര്‍ണമായും ഇല്ലാതാക്കിയെന്നുമായിരുന്നു കേന്ദ്രം ഭരിക്കുന്നവരുടെ അവകാശവാദം. ജമ്മു കാശ്മീരിനെ ഒരു തുറന്ന ജയിലാക്കി മാറ്റി, എല്ലാ പ്രദേശത്തും പട്ടാളക്കാരെ കുത്തി നിറച്ച്, ഇന്‍റര്‍നെറ്റ് ബന്ധങ്ങള്‍ വിഛേദിച്ച്, മാധ്യമങ്ങളുടെ വായമൂടിക്കെട്ടി, ഭീകരവാദികളുമായി അകന്ന ബന്ധംപോലുമുള്ള സര്‍ക്കാര്‍ ജീവനക്കാരെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട് സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ മുഴുവന്‍ ജയിലിലടച്ച് രണ്ടരവര്‍ഷമായി കേന്ദ്ര സര്‍ക്കാരിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സംസ്ഥാനം. എന്നിട്ടും ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് സൈന്യത്തിനു തന്നെ സമ്മതിക്കേണ്ടി വന്നിരിക്കുന്നു. തോക്കിന്‍ കഴുലിലൂടെയുള്ള ഭരണം സംസ്ഥാനത്തെ ജനങ്ങളെ പ്രത്യേകിച്ചും യുവാക്കളെ മുഖ്യധാരയില്‍ നിന്നും അകറ്റിയിരിക്കുകയാണ്. 

എന്താണ് ടിആര്‍എഫ്?
പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്കര്‍ ഇ തോയിബയുടെ നിഴല്‍ സംഘടനയായി പ്രവര്‍ത്തിക്കുന്ന ടിആര്‍എഫ് എന്ന സംഘടനയാണ് പുതിയ ആക്രമണത്തിനു പിന്നിലുള്ളതത്രെ.  2019 ആഗസ്ത് 5 ന് ജമ്മു കാശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കി ഒമ്പതുമാസങ്ങള്‍ക്ക് ശേഷമാണ് ഈ സംഘടന രൂപംകൊണ്ടത്. ഏപ്രില്‍ ഒന്നുമുതല്‍ നിയന്ത്രണരേഖയില്‍ പെടുന്ന കുപ്വാരയിലെ കരേന്‍ മേഖലയില്‍ നാലുദിവസം നീണ്ട ഏറ്റുമുട്ടലിലാണ് ഈ സംഘടനയുടെ പേര് ആദ്യമായി പരാമര്‍ശിക്കപ്പെട്ടത്. കാശ്മീരിലേത് ഒരു മതയുദ്ധത്തേക്കാള്‍ രാഷ്ട്രീയ യുദ്ധമാണ് എന്നു വരുത്തിത്തീര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംഘടന പ്രവര്‍ത്തനം ആരംഭിച്ചതെന്നാണ് പറയപ്പെടുന്നത്. അത്യന്താധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നുവെന്നതും ഈ സംഘടനയുടെ പ്രത്യേകതയാണ്. കാശ്മീരി യുവാക്കളെ  പാക്കിസ്ഥാനിലെത്തിച്ച് പരിശീലിപ്പിച്ചാണ് ഇന്ത്യയിലേക്ക് കടത്തിവിടുന്നതെന്നും സംശയിക്കപ്പെടുന്നു.  ഗ്രാമീണരുമായി എളുപ്പം ഇടപഴകുന്ന ഇവരെ തിരിച്ചറിയാനും പിടികൂടാനും വിഷമമാണുതാനും. ഒക്ടോബര്‍ ആദ്യം നടത്തിയ ആക്രമണ പരമ്പരകള്‍ ഈ വസ്തുതയ്ക്കാണ് അടിവരയിടുന്നത്. 

കാശ്മീരി പണ്ഡിറ്റുകളുടെ ക്ഷേമം ഉറപ്പുവരുത്താനായി എന്ന കേന്ദ്ര സര്‍ക്കാരിന്‍റെ വാദവും പൊള്ളയാണെന്ന് അവര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. സര്‍ക്കാരിന്‍റെ തെറ്റായ നയങ്ങളുടെ തിക്തഫലമാണ് തങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്നാണ് കാശ്മീര്‍ പണ്ഡിറ്റ്സ് സംഘര്‍ഷ് സമിതി പ്രസിഡന്‍റ് സജഞയ് ടിക്കു സാക്ഷ്യപ്പെടുത്തുന്നത്. പണ്ഡിറ്റുകളുടെ പ്രശ്നം ലഫ്റ്റനന്‍റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ ശ്രദ്ധയില്‍പെടുത്താന്‍ പോലും തങ്ങള്‍ക്ക് അനുവാദം ലഭിക്കുന്നില്ലെന്നാണ് ടിക്കുവിന്‍റെ പരാതി.  പണ്ഡിറ്റുകളുടെ ഭൂമി സംബന്ധിച്ച ആവലാതികളും മറ്റും കേള്‍ക്കുന്നതിന് സര്‍ക്കാര്‍ കഴിഞ്ഞ മാസം ആരംഭിച്ച വെബ്പോര്‍ട്ടലും പുതിയ ആക്രമണ പരമ്പരകളുമായി ബന്ധമുണ്ടെന്നും പണ്ഡിറ്റുകള്‍ വിശ്വസിക്കുന്നു. 1990 ല്‍ ചില്ലിക്കാശിന് സ്ഥലവും മറ്റും വിറ്റു പോയവരാണ്(ഇത്തരം വില്‍പന തടയാന്‍ 1997 ല്‍ കാശ്മീര്‍ നിയമസഭ നിയമനിര്‍മാണം നടത്തിയിരുന്നു) പണ്ഡിറ്റുകള്‍; എല്ലാവരും അങ്ങനെയല്ലെങ്കിലും. പഴയ മുറിവുകള്‍ കുത്തിപ്പൊക്കാന്‍ ഈ വെബ്പോര്‍ടല്‍ അവസരം നല്‍കി. അതായത് വെബ്പോര്‍ടലിന്‍റെ ദുരുപയോഗം വലിയതോതില്‍ ആശങ്ക പടര്‍ത്തി. സജഞയ് ടിക്കുവിന്‍റെ ഭാഷയില്‍ 1990 ലേതിനേക്കാളും മോശമായ അവസ്ഥയിലേക്ക് പണ്ഡിറ്റുകള്‍ വീണ്ടും എടുത്തെറിയപ്പെട്ടു. ഇനിയും ആക്രമണം തുടരുന്ന പക്ഷം 1990 ല്‍ പിടിച്ചുനിന്ന കാശ്മീരി പണ്ഡിറ്റ് കുടുംബങ്ങള്‍ പോലും താഴ്വര വിടുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഭരണഘടനയിലെ 370, 35 എ വകുപ്പുകള്‍ റദ്ദാക്കിയ ശേഷം കാശ്മീരിന്‍റെ സ്ഥായിയായ ഭാവം ശോകമാണെന്നും സജ്ഞയ് ടിക്കു പറയുന്നു. ഇനിയെങ്കിലും തെറ്റ് മനസ്സിലാക്കി ഭീകരവാദത്തെ ചെറുക്കാന്‍ കാശ്മീരിലെ മുഖ്യധാരാ രാഷ്ട്രീയകക്ഷികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മോഡി സര്‍ക്കാര്‍ തയ്യാറാകണം. ജനാധിപത്യ ഭരണം ഏത്രയും പെട്ടെന്ന് പുന:സ്ഥാപിക്കുകയും വേണം.•