ഭൂഖണ്ഡങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള വിടവ്

സി പി അബൂബക്കര്‍

ഒന്ന്
1921ലെ സാഹിത്യത്തിനുള്ള നൊബേല്‍സമ്മാനം അബ്ദുള്‍ റസാക്ക് ഗുര്‍ണ നേടിയിരിക്കുന്നു. 1948ല്‍ സാന്‍സിബാറില്‍ ജനിച്ച്, ഇപ്പോള്‍ ഇംഗ്ലണ്ടില്‍ സ്ഥിരതാമസമുള്ള നോവലിസ്റ്റും അക്കാദമിക്കുമാണ് അബ്ദുള്‍റസാക്ക് ഗുര്‍ണ. കൊളോണിയല്‍ജീവിതത്തിന്‍റെ ഫലങ്ങളോടുള്ള വിട്ടുവീഴ്ചയില്ലാത്തനിലപാടുകളാണ് ഗൂര്‍ണയെ നൊബേല്‍ സമ്മാനിതനാക്കിയത്. സംസ്കാരങ്ങളും ഭൂപ്രദേശങ്ങളും തമ്മിലുള്ള വിടവുകളില്‍ പെട്ട് ദുരിതമനുഭവിക്കുന്ന അഭയാര്‍ത്ഥിസമൂഹത്തിന്‍റെ  വിധിയാണ് ഗൂര്‍ണയുടെ പ്രധാന ഇതിവൃത്തം. അറബി ആധിപത്യത്തിനെതിരെ സാന്‍സിബാറിലെ ആഫ്രിക്കന്‍ ജനത നടത്തിയ കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ 1968ലാണ് അദ്ദേഹം ഇംഗ്ലണ്ടില്‍ അഭയാര്‍ത്ഥിയായി വന്നെത്തിയത്. 1994ല്‍ എഴുതിയ പാരഡൈസ് എന്ന നോവല്‍ ബുക്കര്‍ പ്രൈസിനും വൈറ്റ് ബ്രഡ് പുരസ്കാരത്തിനും ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടു. ഗുര്‍ണയുടെ മിക്ക നോവലുകളും വ്യത്യസ്ത പുരസ്കാരങ്ങള്‍ക്കായി പലപ്പോഴായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട.് ബിരുദവും ഗവേഷണ ബിരുദവും നേടി, ഇംഗ്ലണ്ടിലെ കലാലയങ്ങളില്‍ അധ്യാപനവൃത്തിയിലിരിക്കുന്നതിനിടയിലാണ് അദ്ദേഹം തന്‍റെ രചന നിര്‍വഹിക്കുന്നത്.

    അദ്ദേഹത്തിന്‍റെ കൃതികളുടെ പശ്ചാത്തലം മിക്കവാറും കിഴക്കനാഫ്രിക്കയുടെ തീരദേശമാണ്. കഥാപാത്രങ്ങള്‍ മഹാഭൂരിപക്ഷവും കിഴക്കനാഫ്രിക്കയിലുള്ളവരാണ്. ആ രാജ്യങ്ങളുടെ പട്ടിക നോക്കിയാലറിയാം, ദുരിതവും വര്‍ണ്ണവിദ്വേഷവും ദാരിദ്ര്യവും മനുഷ്യക്കുരുതികളും നിറഞ്ഞ ഒരര്‍ധ ഭൂഖണ്ഡമാണത്. ബുറുണ്ടി, കൊമോറോണ്‍, എത്യോപ്യ, എറിത്രിയ, കെനിയ, മഡഗാസ്കര്‍, മൊസാംബിക്ക്, മലാവി, മൗറിഷ്യസ്, റുവാണ്ട, സോമാലിയ, സോമാലിലാന്‍റ്, ടാന്‍സാനിയ, ഉഗാണ്ട, സാംബിയ, സിംബാബ്വേ. ഇവയില്‍ സമ്പന്നമെന്നും സമാധാനപൂര്‍ണ്ണമെന്നും പറയാവുന്ന രാജ്യങ്ങളുടെ എണ്ണം പരിമിതമാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍, പരിവര്‍ത്തനോന്മുഖമായ ആധുനിക ലോകത്തിന്‍റെ ഭാഗം തന്നെയാണ് ആഫ്രിക്കന്‍ ജനതയെന്നാണ് ഗുര്‍ണ കരുതുന്നത്. പിഴുതെറിയപ്പെട്ട, ആര്‍ക്കും വേണ്ടാത്ത, അന്യവല്‍ക്കൃതരായ, അതുകൊണ്ടുതന്നെ ക്ഷോഭിക്കുന്ന  മനുഷ്യരാണ് അദ്ദേഹത്തിന്‍റെ മിക്ക കഥാപാത്രങ്ങളും. സ്വദേശത്തുനിന്ന് കുടിയിറങ്ങേണ്ടിവരികയും അതുവരെ ഒരുപരിചയവുമില്ലാത്ത, ആതിഥ്യവിമുഖരായ ജനങ്ങളുള്ള അപരിചിതദേശത്ത് അധിവസിക്കുകയും ചെയ്യാന്‍ അവര്‍ വിധിക്കപ്പെട്ടിരിക്കുന്നു. അതിന്‍റെ ഫലമായുള്ള അന്യതാബോധവും ഏകാന്തതയും അവരെയെല്ലാവരെയും വല്ലാതെ ബാധിച്ചിരിക്കുന്നു. ആന്തരികമായി അഗ്നിസൂക്ഷിച്ചുവെച്ചിരിക്കുന്ന മനുഷ്യരാണവരെല്ലാം. അവരുടെ സ്നേഹത്തിലും രാഗത്തിലും പ്രണയത്തിലുമെല്ലാം ഈ അഗ്നിയുണ്ട്. 

    അബ്ദുള്‍ റസാക്ക് ഗുര്‍ണയുടെ കഥാലോകം പ്രവാസത്തിന്‍റെ വിഷയമാണ് പ്രധാനമായും ആവിഷ്കരിക്കുന്നത്. സ്വന്തം ജീവിതവുമായി ബന്ധപ്പെട്ട ഒരു വിഷയത്തെ ഇത്രമേല്‍ ദൃഢമായി പിന്തുടര്‍ന്ന എഴുത്തുകാര്‍ കുറവാണ്. വേര്‍പാടും, പലായനവും കുടിയേറ്റവും അതിനിടയിലുണ്ടാവുന്ന ഇതരമാനവികബന്ധങ്ങളുമാണ് ഗൂര്‍ണയുടെ കഥകളിലുള്ളത്. അതേസമയം ഓരോ നോവലിലും ശൈലീപരമായ നവീകരണം വിന്യസിക്കുന്നതിന് ഗുര്‍ണ ശ്രദ്ധിക്കുന്നുണ്ട്. കുടിയേറ്റക്കാര്‍നേരിടുന്ന ഏറ്റവും വലിയ പ്രശ്നം അന്യതാബോധമാണെന്ന് ഈ മഹാകഥാകാരന് നന്നായറിയാം. പുതിയഭൂമി എല്ലായ്പ്പോഴും ആതിഥ്യവിമുഖമാണെന്നതാവും പ്രവാസിയുടെ അനുഭവം. കുടിയേറ്റദേശം തനിക്ക് ഭാഷയുടെയോ കാലാവസ്ഥയുടെയോ പ്രശ്നമുണ്ടാക്കുന്നില്ലെങ്കിലും അവിഭാജ്യമായ ഒരു തരം വീടുവിചാരം കുടിയേറ്റക്കാരനിലുണ്ടാക്കും. ഈ വീടുവിചാരത്തെയാണ് നാം ഗൃഹാതുരത്വം എന്നു വിളിക്കുന്നത്. പ്രവാസിയാവുന്നതിന്‍റെ അര്‍ത്ഥമെന്താണ്, ആതിഥ്യവിമുഖമായ ഒരു സമൂഹത്തിലെ വാസമെന്നാലെന്താണ്, അത്തരമൊരിടത്ത് ആതിഥ്യസൗഹൃദം കണ്ടെടുക്കുന്നതെങ്ങനെയാണ് തുടങ്ങിയ കാര്യങ്ങളാണ് തന്‍റെ മിക്ക കൃതികളിലും അബ്ദുള്‍ റസാക്ക് വിശകലനം ചെയ്യുന്നത്. 

    അപ്പോഴും, വലിയ സൗന്ദര്യാകര്‍ഷണമാണ് ഈ നോവലുകളില്‍ വായനക്കാരന്ന് അനുഭവപ്പെടുക. ഓരോ നോവലിലും അസാമാന്യമായ പ്രത്യുല്‍പ്പന്നമതിത്വവും വൈദഗ്ധ്യവും സന്നിവേശിപ്പിക്കാന്‍ ഈ പ്രതിഭയ്ക്ക് കഴിയുന്നുണ്ട്. തന്‍റെ ആഖ്യാനപരിധിയില്‍ ഉള്‍ച്ചേര്‍ക്കാവുന്ന സംഭവങ്ങളും സ്മരണകളും ഔചിത്യപൂര്‍വം വിന്യസിക്കുന്നതില്‍ അസാമാന്യമായ കരവിരുതാണ് ഈ കഥാശില്പിയുടെ രചനകളില്‍ കാണാവുന്നത്. ഓരോ രചനയും കൃത്യമായ ഒരു ചരിത്രപശ്ചാത്തലത്തിലാണ് അദ്ദേഹം ആവിഷ്കരിക്കുന്നത്. ചരിത്രത്തില്‍നിന്ന് പ്രവാസിക്കോ ദേശവാസിക്കോ രക്ഷപ്പെടാനാവുകയില്ലെന്ന് ഈ എഴുത്തുകാരന്‍ തെളിയിക്കുന്നു. 

    തന്‍റെ കഥാപാത്രങ്ങളുടെ കര്‍മ്മങ്ങളുടെയും ചെയ്തികളുടെയും വിവക്ഷകളെന്തെന്ന് അബ്ദുള്‍ റസാക്ക് കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട്. ഓരോ കഥാഖ്യാനവും അനന്തമായ വ്യാഖ്യാനസാധ്യതകളോടെയാണ് ഈയെഴുത്തുകാരന്‍ രചന നടത്തിയിരിക്കുന്നത്. താനെഴുതുന്നതെന്താണെന്നും എന്തിനാണെന്നും കണിശമായ ബോധവും ബോധ്യവും അദ്ദേഹത്തിനുണ്ട്. നൊബേല്‍ സമ്മാനം നേടിയെടുക്കാവുന്നതരത്തില്‍ സാഹിത്യചക്രവാളത്തില്‍ അനുപേക്ഷേണീയമാണ് ഗുര്‍ണയുടെ കൃതികള്‍ എന്നു വരുന്നത് അതുകൊണ്ടാണ്. 

രണ്ട്
    എപ്പോഴെങ്കിലും ഒരെഴുത്തുകാരനാവുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഗുര്‍ണ പറയുന്നു. പ്രതീക്ഷ പ്രയോജനമുള്ള മറ്റെന്തെങ്കിലുമായിത്തീരുമെന്നായിരുന്നു, എഞ്ചിനീയറെപ്പോലെ. പക്ഷേ 1964ലുണ്ടായ ഒരു കലാപം എല്ലാം തകിടംമറിച്ചു. സാന്‍സിബാറിലെ അറബ് ആധിപത്യത്തിനെതിരായി ഒരു കലാപം നടന്നു. മറ്റനേകം ആളുകളെപ്പോലെ അബ്ദുള്‍റസാക്ക് ഇംഗ്ലണ്ടിലേക്ക് കുടിയേറി. ഇംഗ്ലണ്ടിലെ ജീവിതമാണ് തന്നെ എഴുത്തുകാരനാക്കിയത്. പിറന്ന മണ്ണില്‍നിന്നകന്നു കഴിയേണ്ടിവന്നതിനാല്‍ ശോചനീയമായിരുന്നു ആ ജീവിതം. ദരിദ്രവും ഗൃഹാതുരവുമായിരുന്നു റസാക്കിന്‍റെ നാളുകള്‍.  ഡയറികളില്‍ തന്‍റെ ദു:ഖം അയാള്‍കുറിച്ചുവെക്കാന്‍ തുടങ്ങി. ചെറിയതുണ്ടുകടലാസുകളിലും ഇങ്ങനെ ചെയ്തു. ശോകത്തിന്‍റെ ശകലങ്ങളായിരുന്നു ഈ എഴുത്തുകള്‍. പിന്നെ കുറെക്കൂടി ദീര്‍ഘമായി എഴുതിത്തുടങ്ങി. ചിലത് കഥകളായി. തനിക്കുസംഭവിച്ച ഈ ദേശഭ്രംശം അയാള്‍ കടലാസിലേക്കു പകര്‍ത്തിത്തുടങ്ങി. അങ്ങനെയാണ് ആദ്യനോവലുണ്ടാവുന്നത്. ആദ്യത്തെ നോവല്‍ - പ്രസിദ്ധീകരിക്കുമ്പോള്‍ അദ്ദേഹത്തിന് ഏതാണ്ട് നാല്‍പ്പതുവയസ്സായിരുന്നു. മെമ്മറി ഓഫ് ഡിപ്പാര്‍ച്ചര്‍ ആയിരുന്നു ആദ്യനോവല്‍. വേര്‍പാടിന്‍റെ ഓര്‍മ്മ. ചിതറിപ്പോയ ഒരു ജനതയുടെ ദുഃഖമാണ് ആ നോവലില്‍ ആവിഷ്കരിക്കുന്നത്. സാന്‍സിബാറിന്‍റെ കടലും കായലും സസ്യജാലങ്ങളും വികാരവും സ്തോഭവുമെല്ലാം ഈ നോവലില്‍ നിറയുന്നുണ്ട്. സ്വന്തം ദേശത്തുനിന്നു പറിച്ചെറിയപ്പെട്ട ഹസന്‍റെ കഥയാണ് ഈ നോവലിലുള്ളത്. താന്‍ സ്വന്തഭൂമിയിലേക്ക് വീണ്ടെടുക്കപ്പെടുമെന്ന പ്രതീക്ഷയായിരുന്നു നോവലിലെ ബാലകഥാപാത്രമായ ഹസനുണ്ടായിരുന്നത്. പ്രവാസമെന്ന അസ്വതന്ത്രതയില്‍നിന്ന് സ്വദേശമെന്ന സ്വതന്ത്രതയിലേക്കുള്ള ഒരുപാട് സ്വപ്നങ്ങളിലൂടെയാണയാള്‍ ജീവിക്കുന്നത്. അവസാനം അതു തനിക്കപ്രാപ്യമാണെന്ന മോഹനിരാസത്തിലേക്ക് എത്തിച്ചേരുന്നു. സ്വദേശത്ത് നടക്കുന്ന കലാപത്തിന്‍റെ ഭീകരവും ഭീഷണവുമായ അവസ്ഥയില്‍നിന്നുള്ള മോചനമാവുന്നു അഭികാമ്യം. രാജകീയദേശീയത്വവും വംശീയമായ ദേശീയത്വവും തമ്മിലുള്ള സ്വദേശത്തിന്‍റെ വിഭജനത്തില്‍ ഒരിടത്തും നില്‍ക്കാനാവാത്ത അവസ്ഥയിലേക്ക് രാജ്യസ്നേഹികള്‍ നീങ്ങിപ്പോവുന്നു. രാജപക്ഷമായാലും വംശപക്ഷമായാലും സാധാരണ മനുഷ്യന്‍റെ അവസ്ഥ ഭയാനകമാണെന്ന തിരിച്ചറിവിലാണ് ഹസന്‍ ചെന്നെത്തുന്നത്. അതായത് ഹസ്സന്‍ തന്‍റെ നിഷ്കളങ്കതയില്‍നിന്നും അറിവില്ലായ്മയില്‍നിന്നും അനുഭവത്തിന്‍റെ തെളിച്ചത്തിലേക്കും കുടിയിറങ്ങിപ്പോവാനുള്ള ത്വരയിലേക്കും വളരുന്നു. അറബികളും ആഫ്രിക്കന്‍ തദ്ദേശീയതയും തമ്മിലുള്ള സംഘര്‍ഷമാണ് ഹസ്സന്‍ അനുഭവിക്കുന്നത്. കുടുംബത്തിന്‍റെയോ വര്‍ണത്തിന്‍റെയോ ദേശത്തിന്‍റെയോ രക്ഷാ ദുര്‍ഗ്ഗങ്ങളൊന്നും ഹസ്സന് ഫലപ്രദമായ സുരക്ഷ പ്രദാനംചെയ്യുന്നില്ല. ഉല്‍ക്കണ്ഠയുടെയും അരക്ഷിതത്വത്തിന്‍റെയും വികാരങ്ങളില്‍ കുടിയിറങ്ങിപ്പോവാന്‍ അവന്‍ സ്വയം വിധിക്കുന്നു. ഇതാണ് ഗുര്‍ണയുടെ നോവലിന്‍റെ അച്ചുതണ്ട്. കോളണിയാനന്തരലോകത്തെ അനാഥാവസ്ഥയുടെ അര്‍ത്ഥവത്തായ ആഖ്യാനമാണ് ഈ നോവല്‍.

    ഇതുപോലെ ഗുര്‍ണയുടെ എല്ലാനോവലുകളും ഈ പ്രവാസബോധത്തിന്‍റെ അവതരണങ്ങളാണ്. നൊബേല്‍ കമ്മിറ്റി ഏതാണ്ട് ശരിയായിത്തന്നെ അബ്ദുള്‍ റസാക്കിന്‍റെ ഈ സവിശേഷത കണ്ടെത്തുന്നുണ്ട്. 2021ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം അദ്ദേഹത്തിനു നല്‍കുന്നതിന്‍റെ കാരണം നൊബേല്‍ സമിതി പ്രസ്താവിക്കുന്നുണ്ട്. കൊളോണിയലിസത്തിന്‍റെയും അഭയാര്‍ത്ഥി സംഘങ്ങളുടെ ദുര്‍വിധിയുടെയും മാരകഫലങ്ങളിലേക്ക് വിട്ടുവീഴ്ചയില്ലാതെ, എന്നാല്‍ സഹതാപപൂര്‍ണമായി ചൂഴ്ന്നിറങ്ങാന്‍  കഴിഞ്ഞുവെന്നതിനാണ് ഗുര്‍ണയ്ക്ക് ഇത്തവണ നൊബേല്‍ നല്‍കപ്പെടുന്നത്. സംസ്കാരങ്ങള്‍ക്കും ഭൂഖണ്ഡങ്ങള്‍ക്കുമിടയിലെ വലിയവിള്ളലില്‍ പെട്ടുപോവുന്നവരാണ് ഈ അഭയാര്‍ത്ഥിസംഘങ്ങള്‍. സാന്‍സിബാറില്‍നിന്നാണ് അബ്ദുള്‍റസാക്ക് ഇംഗ്ലണ്ടിലേക്ക് വരുന്നത്. ടാന്‍സാനിയന്‍ ദ്വീപസമൂഹങ്ങളിലൊന്നായ സാന്‍സിബാറില്‍നിന്ന്. പത്തുനോവലുകളാണ് അദ്ദേഹമെഴുതിയിരിക്കുന്നത്. എല്ലാ രചനകളും കോളണിയാനന്തരലോകത്തെ, അവിടത്തെ വംശീയപ്രശ്നത്തെ, വര്‍ണവിവേചനത്തെ പ്രതിനിധാനം ചെയ്യുന്നു. 

    വേര്‍പാടിന്‍റെ ഓര്‍മ്മകള്‍ കൂടാതെ അബ്ദുള്‍റസാക്ക് എഴുതിയ നോവലുകളാണ്, പില്‍ഗ്രിംസ് വേ (തീര്‍ത്ഥാടകവഴി), ഡോട്ടി, പാരഡൈസ് (പറുദീസ), ബൈ ദ സീ (കടല്‍ത്തീരത്ത്), അഡ്മയറിങ് സയലന്‍സ്(നിശ്ശബ്ദതയ്ക്ക് സ്തുതി), ഡെസേര്‍ഷന്‍ (പരിത്യാഗം), ദ ലാസ്റ്റ് ഗിഫ്റ്റ്(അവസാനസമ്മാനം), ആഫ്റ്റര്‍ലൈഫ്( മരണാനന്തരജീവിതം) എന്നിവയാണ്. ഓരോനോവലും പ്രവാസത്തിന്‍റെയും ഉപേക്ഷിക്കപ്പെടലിന്‍റെയും ആഖ്യാനമാണ്. വര്‍ണത്തിന്‍റെപേരില്‍ വംശീയഭര്‍ത്സനത്തിനു വിധേയമാവുന്ന ദാവൂദിന്‍റെ കഥയാണ് തീര്‍ത്ഥാടകവഴി. ഇംഗ്ലണ്ടില്‍ വസിക്കുന്നതിനുവേണ്ടി കുടുംബം സഹിക്കേണ്ടിവന്ന പീഡനങ്ങളറിയാത്ത ഒരു പ്രവാസി പെണ്‍കിടാവിന്‍റെ കഥയാണ് ഡോട്ടി. പറുദീസയിലെ കഥ യൂസുഫിന്‍റേതാണ്. ജന്മസ്ഥലത്തുനിന്ന് വേറൊരു നഗരത്തിലേക്ക് അമ്മാവനോടൊപ്പം ചെന്നെത്തുകയാണ് യൂസുഫ്. താന്‍ വില്ക്കപ്പെടുകയായിരുന്നുവെന്ന് യൂസുഫിനറിയില്ല. ഇംഗ്ലണ്ടിലേക്കു രക്ഷപ്പെടുകയും വര്‍ഷങ്ങള്‍ക്കുശേഷം സ്വദേശത്തേക്കു മടങ്ങുകയും ചെയ്യുന്ന അജ്ഞാതനായൊരാഫ്രിക്കന്‍ യുവാവിന്‍റെ കഥയാണ് 'നിശ്ശബ്ദതയ്ക്കു സ്തുതി'. തിരിച്ചെത്തുമ്പോള്‍ അയാളെ നേരിടുന്നത് കടുത്തനൈരാശ്യവും നഷ്ടബോധവുമാണ്. ഭൂതകാലത്ത് പരസ്പരബന്ധമുണ്ടായിരുന്ന സാലി ഉമറും ലത്തീഫ് മഹ്മൂദും ഒരിംഗ്ലീഷ് പട്ടണത്തില്‍ കണ്ടുമുട്ടുന്നതിന്‍റെയും തുടര്‍ന്ന് അവരിലിരമ്പുന്ന സ്മരണയുടെയും വികാരവിക്ഷോഭങ്ങളുടെയും ആഖ്യാനമാണ് കടല്‍ക്കരയില്‍ എന്നനോവല്‍. ഹസനലിയും മാര്‍ട്ടിന്‍പിയേഴ്സും തമ്മിലുള്ള ബന്ധമാണ് പരിത്യാഗം എന്നനോവലിലുള്ളത്. വിലക്കപ്പെട്ട ഒരുബന്ധത്തില്‍ മാര്‍ട്ടിന്‍ എത്തിപ്പെടുന്നു. ഹസനലിയുടെ പെങ്ങളുമായുള്ളതാണ് ഈ ബന്ധം. സംഘര്‍ഷങ്ങള്‍ക്കും കലാപങ്ങള്‍ക്കുമിടയിലെ പ്രണയമാണ് ഈ നോവലില്‍ ഗുര്‍ണ ആവിഷ്കരിക്കുന്നത്. ശയ്യാവലംബിയായ അബ്ബാസിന്‍റെ രണ്ടുമക്കള്‍ തിരിച്ചുവരുന്നതിന്‍റെ കഥയാണ് അവസാനസമ്മാനം. ജര്‍മ്മന്‍ പട്ടാളക്കാര്‍ കടത്തിക്കൊണ്ടുപോയ ഒരു ബാലന്‍ വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചെത്തുമ്പോള്‍ തന്‍റെ  പെങ്ങള്‍ കന്യാദാനം ചെയ്യപ്പെട്ടതും രക്ഷിതാക്കള്‍ മരിച്ചുപോയതുമാണ് ഇല്യാസ് അറിയുന്നത്. ഏറ്റവും ദു:ഖകരമായ ഈ കഥയാണ് മരണാനന്തരജീവിതം എന്ന നോവലിലേത്. ഈ പത്തുനോവലുകളാണ് പ്രവാസം മുഖ്യവിഷയമാക്കിയിട്ടുള്ള അബ്ദുള്‍റസാക്ക് എഴുതിയിട്ടുള്ളത്. പത്തും ഒരു കഥയാണ്, എന്നാല്‍ അവ നൂറുനൂറു കഥകളുമാണ്.  
 
മൂന്ന് 
    സ്വദേശമായ സാന്‍സിബാറിന്‍റെ  ശക്തമായ സാംസ്കാരിക- വംശീയസ്വാധീനം ഗൂര്‍ണ്ണയുടെ കൃതികളിലുണ്ട്. കിഴക്കനാഫ്രിക്കയുടെ തീരദേശത്തുനിന്ന് അധികം അകലെയല്ലാതെ സ്ഥിതിചെയ്യുന്ന ആര്‍ച്ചിപലാഗോവിലാണ് (ദ്വീപസമൂഹം) സാന്‍സിബാര്‍ സ്ഥിതി ചെയ്യുന്നത്.  സുഗന്ധദ്വീപുകള്‍ എന്നാണ് ഈ ദ്വീപുകളറിയപ്പെടുന്നത്. പ്രധാനമായി നാലുദ്വീപുകളാണിവിടെയുള്ളത്. അവയില്‍ മൂന്നെണ്ണം ജനവാസമുള്ളതാണ്. നാലാമത്തേത് പവിഴ ദ്വീപാണ്. കടല്‍പ്പക്ഷികളുടെ പ്രജനനകേന്ദ്രമാണ് ഈ പവിഴദ്വീപ്. മറ്റനേകം കൊച്ചുദ്വീപുകളുമുണ്ട്. ഇവയില്‍ സാന്‍സിബാര്‍ദ്വീപ് വളരെ പഴയ കാലം മുതല്‍ വണിക്കുകളെ ആകര്‍ഷിച്ചു. പ്രധാനമായും അറേബിയന്‍വണിക്കുകളാണ് ഈ ദ്വീപിലേക്കുവന്നത്. ക്രമേണ യൂറോപ്യന്‍ കച്ചവടക്കാരും ഇവിടേക്ക് ആകര്‍ഷിക്കപ്പെട്ടു. മറ്റെല്ലാ ഭൂഖണ്ഡങ്ങളിലുമെന്നപോലെ, ഇവിടെയും യൂറോപ്പും അറബികളും തമ്മിലായിരുന്നു മത്സരം. സുഗന്ധദ്രവ്യങ്ങളായിരുന്നു എല്ലാവരുടെയും ആകര്‍ഷണം. ഈ ജനവിഭാഗങ്ങളുടെ അവശേഷങ്ങള്‍മാത്രമല്ല, സാമാന്യമായി വലിയതോതിലുള്ള സങ്കലനം  തന്നെ സാന്‍സിബാറിലുണ്ടായി. ഇങ്ങനെയാവണം സാന്‍സിബാറില്‍ അറബ് സുല്‍ത്താനേറ്റിന്‍റെ ഭരണമുണ്ടായത്. 

    ഈ ചരിത്രസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇവിടെയുണ്ടായിരുന്നത് ഒരു സങ്കരജനതയാണ്. അബ്ദുള്‍റസാക്കിന്‍റെ രചനകളില്‍ ഈ വംശവൈവിധ്യം നന്നായി പ്രതിഫലിക്കുന്നുണ്ട്. ചുരുക്കത്തില്‍ സാന്‍സിബാറില്‍ ജനവര്‍ഗങ്ങളുടെ സംയോജനവും വൈവിധ്യവും ഉണ്ട്. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിലെ കിഴക്കനാഫ്രിക്കയിലെ സ്വാതന്ത്ര്യപ്രസ്ഥാനങ്ങളില്‍ മുഴങ്ങിക്കേട്ടത് ആഫ്രോകേന്ദ്രിതമായ മുദ്രാവാക്യങ്ങളായിരുന്നു. ഈയനുഭവങ്ങളുടെ അനുരണനങ്ങളാണ് ഗുര്‍ണയുടെ രചനകളിലുള്ളത്. ആദ്യനോവലായ വേര്‍പാടിന്‍റെ ഓര്‍മ്മകള്‍മുതല്‍ ഈ ജന്മദേശപ്രതിഫലനങ്ങള്‍ കണ്ടെത്താനാവും. പൂര്‍വാഫ്രിക്കന്‍തീരത്ത് യൂറോപ്യന്മാര്‍ കോളണികള്‍സ്ഥാപിക്കുന്നതിന്‍റെ ഭൂമികയാണ് പാരഡൈസ് എന്നനോവലിനുള്ളത്. ആഫ്രിക്കയിലെ ആഭ്യന്തര അടിമവ്യവസ്ഥയുടെ പശ്ചാത്തലത്തിലാണ്  പാരഡൈസിന്‍റെ രചന. ബന്ധിതനായ ഒരടിമയാണ് ആ നോവലിലെ പ്രധാനകഥാപാത്രം. ഗുര്‍ണയുടെ സാഹിത്യസംഭരണിയിലെ വൈവിധ്യസമൃദ്ധിയാണ് ഈ നോവലില്‍ കാണാന്‍കഴിയുന്നത്. സ്വാഹിലിഭാഷയിലെയും ഖുര്‍ആനിലെയും ബൈബിളിലെയും പരാമര്‍ശങ്ങള്‍ ഈ കൃതിയില്‍ സുലഭമാണ്. 

    കൊളോണിയല്‍ ആധിപത്യത്തിന്‍റെ രേഖാശേഖരങ്ങളില്‍നിന്ന് ബോധപൂര്‍വം നശിപ്പിക്കപ്പെട്ട ആഫ്രിക്കന്‍ ഭൂതകാലത്തെ എങ്ങനെയാണ് വീണ്ടെടുക്കുക? അനേകം പോസ്റ്റ് കൊളോണിയല്‍ എഴുത്തുകാര്‍ ഈ പ്രശ്നം നേരിടാന്‍ ശ്രമിച്ചിട്ടുണ്ട്. ഭരണാധികാരിവര്‍ഗം രൂപം നല്‍കിയ ചരിത്രത്തിനു പകരം വ്യക്തിഗതമായ സ്മരണകളും കഥകളും മുന്‍നിര്‍ത്തി പഴയകാലത്തെ പുന:സൃഷ്ടിക്കാന്‍ പലരും ശ്രമിച്ചിട്ടുണ്ട്. കൊളോണിയലിസത്തിന്‍റെ അസ്തമിക്കാത്ത നിഴലുകളില്‍നിന്നുകൊണ്ട്, സംഭാഷണങ്ങളുടെയും പുസ്തകപാഠങ്ങളുടെയും ഒരാഖ്യാനരീതി അബ്ദുള്‍റസാക്ക് രൂപപ്പെടുത്തിയിട്ടുണ്ട്. ആ ശൈലി വളരെ ആകര്‍ഷകവും ഫലപ്രദവുമാണ്. അതില്‍ തന്നെ ആവശ്യത്തിന് കാവ്യാത്മകതയും യഥാതഥത്വവും കാല്പനികതയും എല്ലാമുണ്ട്. ഏതായാലും മൂന്നാംലോകസ്മരണകളുടെ പശ്ചാത്തലത്തിലെഴുതുന്ന ഒരെഴുത്തുകാരന് നൊബേല്‍ സമ്മാനം ലഭിക്കുന്നുവെന്നത് അഭിമാനകരമായ ഒരു കാര്യമാണ്. •