ചൈനീസ് സവിശേഷതകളോടുകൂടിയ സോഷ്യലിസം: ചരിത്ര പശ്ചാത്തലം

ജി വിജയകുമാര്‍

മാനവരാശിയുടെ നാലിലൊരു ഭാഗം വരുന്ന ചൈനീസ് ജനത ഉണര്‍ന്നെണീറ്റു കഴിഞ്ഞു". 1949 ഒക്ടോബര്‍ ഒന്നിന് ചൈനീസ് വിപ്ലവത്തിന്‍റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുന്നതിനും ഏതാനും ദിവസം മുന്‍പ് ചെയര്‍മാന്‍ മൗ സേ ദൂങ് പ്രസ്താവിച്ചതാണിത്. ഒരു നൂറ്റാണ്ടോളം കാലം നീണ്ടുനിന്ന പാശ്ചാത്യ കൊളോണിയല്‍ ശക്തികളുടെ അപമാനകരമായ അടിമത്തത്തില്‍നിന്നും ജാപ്പനീസ് ഫാസിസ്റ്റുകളുടെ അധിനിവേശ നീക്കത്തില്‍നിന്നും രാജ്യത്തിന്‍റെയും ജനങ്ങളുടെയും ക്ഷേമത്തിലുപരി തങ്ങളുടെ വര്‍ഗതാല്‍പര്യത്തിന് പ്രാധാന്യം നല്‍കിയ യുദ്ധ പ്രഭുക്കളുടെയും ഫ്യൂഡല്‍ പ്രമാണിമാരുടെയും അവരുടെ രാഷ്ട്രീയകക്ഷിയായ കുമിന്താങ്ങിന്‍റെയും ആധിപത്യത്തില്‍നിന്നുമുള്ള ചൈനീസ് ജനതയുടെ ഉണര്‍ന്നെണീക്കലായിരുന്നു 1949ല്‍ സംഭവിച്ചത്.

19-ാം നൂറ്റാണ്ടില്‍ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്ഘടനകളിലൊന്നായിരുന്ന ചൈന 20-ാം നൂറ്റാണ്ടിന്‍റെ മധ്യത്തിലെത്തിയപ്പോള്‍, അതായത് ചൈനീസ് വിപ്ലവം വിജയം വരിച്ച കാലത്ത് ലോകത്തിലെ പരമദരിദ്ര രാജ്യങ്ങളിലൊന്നായി മാറിയിരുന്നു; ചൈനയുടെ മൊത്തം ആഭ്യന്തര ഉല്‍പാദനം (ജിഡിപി) 5 ശതമാനത്തിലും കുറവായിരുന്നു 1949ല്‍. 1950ല്‍ പ്രതിശീര്‍ഷ ജിഡിപി ചൈനയെക്കാള്‍ കുറഞ്ഞ 10 രാജ്യങ്ങളേ ലോകത്തുണ്ടായിരുന്നുള്ളൂ - മ്യാന്‍മര്‍, മംഗോളിയ എന്നീ ഏഷ്യന്‍ രാജ്യങ്ങളും ബോട്സ്വാന, ബുറുണ്ടി, എത്യോപ്യ, ഗ്വിനിയ, ഗ്വിനിയാ വിസാവു, ലസോതൊ, മലാവി, ടാന്‍സാനിയ എന്നീ 8 ആഫ്രിക്കന്‍ രാജ്യങ്ങളും. ഇതിനര്‍ഥം ലോകത്തെ പരമദരിദ്ര രാജ്യങ്ങളില്‍ അന്ന് 11-ാം സ്ഥാനമായിരുന്നു ചൈനയ്ക്കെന്നാണ്. 1947ല്‍ സ്വാതന്ത്ര്യം നേടിയ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയും ജനങ്ങളുടെ ജീവിതാവസ്ഥയും അന്നത്തെ ചൈനയുടേതിനെക്കാള്‍ വളരെയേറെ മുന്നിലായിരുന്നു.

കൊടിയ ദാരിദ്ര്യത്തിലും അജ്ഞതയിലും ആണ്ടുകിടന്നിരുന്ന ഒരു ജനതയെ കൈപിടിച്ചുയര്‍ത്തുക, രാജ്യത്തെ ദരിദ്രരായ കര്‍ഷകരെയും തൊഴിലാളികളെയും അവരുടെ അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റാന്‍ പറ്റുംവിധം സാമൂഹികവും സാമ്പത്തികവുമായ തകര്‍ച്ചയില്‍നിന്നും മുന്നോട്ടുനയിക്കുക എന്ന കടുത്ത വെല്ലുവിളിയാണ് അധികാരത്തിലെത്തിയ ചൈനീസ് കമ്യൂണിസ്റ്റുപാര്‍ടിക്ക് നേരിടേണ്ടതായി വന്നത്. 1949 മുതല്‍ 1976 വരെ മൗ സേ ദൂങ്ങിന്‍റെ നേതൃത്വത്തില്‍ ചൈനീസ് ഗവണ്‍മെന്‍റ് ജനങ്ങളുടെ പൊതുവായ ജീവിത ഗുണനിലവാരം ഉയര്‍ത്തുന്നതിലാണ് ശ്രദ്ധയൂന്നിയത്. 1949ല്‍ 54.2 കോടി ആയിരുന്നു ചൈനയിലെ ജനസംഖ്യ; ഇത് 1976 ആയപ്പോള്‍ 93.7 കോടി ആയി ഉയര്‍ന്നു.

വിമോചനാനന്തരമുള്ള ആദ്യഘട്ടത്തില്‍ ദാരിദ്ര്യത്തെ നേരിടുന്നതിന്‍റെ ഭാഗമായി ഉല്‍പാദനോപാധികളുടെ  ഉടമസ്ഥാവകാശം സ്വകാര്യമേഖലയില്‍നിന്നും പൊതുഉടമസ്ഥതയിലേക്ക് കൊണ്ടുവന്നു; ഭൂപ്രഭുക്കളുടെയും യുദ്ധപ്രഭുക്കളുടെയും ഉടമസ്ഥതയിലായിരുന്ന ഭൂമി ദരിദ്രകര്‍ഷകര്‍ക്ക് വിതരണം ചെയ്തു. ദാരിദ്ര്യനിര്‍മാര്‍ജനത്തെ വര്‍ഗസമരത്തിന്‍റെ ഭാഗമായി കൃത്യമായും ശരിയായും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി അധികാരത്തിന്‍റെ ആദ്യനാളുകളില്‍ തന്നെ അടയാളപ്പെടുത്തുകയായിരുന്നു. 1956 ആയപ്പോള്‍ രാജ്യത്തെ 90 ശതമാനം കര്‍ഷകര്‍ക്കും കൃഷി ചെയ്യാന്‍ ഭൂമിയായി; 10 കോടി കര്‍ഷകര്‍ കാര്‍ഷിക സഹകരണ സംഘങ്ങളില്‍ സംഘടിപ്പിക്കപ്പെട്ടു; സ്വകാര്യ വ്യവസായം ഫലപ്രദമായി നിര്‍മാര്‍ജനം ചെയ്യപ്പെട്ടു. ഭൂമിയുടെ കൂട്ടുടമസ്ഥതയും ഉല്‍പാദനോപാധികളുടെ ഉടമസ്ഥതയും ജനകീയ കമ്യൂണുകള്‍ക്കായി; കൂട്ടായ സ്വത്ത് വിതരണം ചെയ്യപ്പെട്ടു; ഇത് കാര്‍ഷിക മേഖലയിലെ മിച്ചത്തെ വ്യാവസായിക വികസനത്തിനും സാമൂഹികക്ഷേമത്തിനും ഉപയോഗിക്കാന്‍ അവസരമൊരുക്കി.

വിമോചനാനന്തരം 29 വര്‍ഷം പിന്നിട്ടപ്പോള്‍, അതായത് 1978 ആയപ്പോള്‍ ചൈനക്കാരുടെ ആയുര്‍ദൈര്‍ഘ്യത്തില്‍ 32 വര്‍ഷത്തെ വര്‍ധനവ് രേഖപ്പെടുത്തി. 1949ല്‍ 36 വയസ്സായിരുന്നു ചൈനക്കാരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം. 1979ല്‍ ഇത് 68 ആയി വര്‍ധിച്ചു; അതായത് വിപ്ലവാനന്തരമുള്ള ആദ്യ 29 വര്‍ഷത്തില്‍ ചൈനക്കാരുടെ ആയുസ്സ് ഓരോ വര്‍ഷവും ശരാശരി ഒരു വയസ്സില്‍ കൂടുതല്‍ വര്‍ധിച്ചു. 1949ല്‍ ചൈനീസ് ജനസംഖ്യയില്‍ 80 ശതമാനവും നിരക്ഷരരായിരുന്നു. 1979 ആയപ്പോള്‍ നിരക്ഷരത നഗരങ്ങളില്‍ 16.4 ശതമാനവും ഗ്രാമീണ മേഖലയില്‍ 34.7 ശതമാനവുമായി കുറഞ്ഞു. സ്കൂളില്‍ ചേരാനുള്ള പ്രായത്തില്‍ 1949ല്‍ 20 ശതമാനം കുട്ടികള്‍ മാത്രമാണ് സ്കൂളില്‍ ചേര്‍ന്നിരുന്നത്; 1978 ആയപ്പോള്‍ ഇത് 90 ശതമാനമായി ഉയര്‍ന്നു. ആശുപത്രികളുടെ എണ്ണം മൂന്നിരട്ടി വര്‍ധിച്ചു. സമ്പന്നരായ ആളുകള്‍ അധികമുള്ള നഗരങ്ങളില്‍നിന്നും ദരിദ്രമായ ഗ്രാമീണ മേഖലകളിലേക്കുള്ള ആരോഗ്യ - വിദ്യാഭ്യാസ മേഖലകളുടെ വികേന്ദ്രീകരണമായിരുന്നു ഈ മുന്നേറ്റത്തിലെ നിര്‍ണായകമായ ഒരു നടപടി. ഇതിനൊപ്പം തന്നെ തൊഴിലാളികളുടെയും കൃഷിക്കാരുടെയും വിദ്യാഭ്യാസം ലക്ഷ്യമിട്ട് അതത് മേഖലകളില്‍ മിഡില്‍ സ്കൂളുകളും വ്യാപകമായി ആരംഭിച്ചു. ആരോഗ്യരംഗത്ത് ലോകം ശ്രദ്ധിച്ച ഒരു നടപടിയായിരുന്നു നാട്ടിന്‍പുറങ്ങളിലേക്ക് ദശലക്ഷക്കണക്കിന് നഗ്നപാദ ഡോക്ടര്‍മാരെ അയച്ചത്. (പതിനായിരക്കണക്കിന് പാര്‍ടി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും പ്രാഥമികമായ ചികിത്സാപാഠങ്ങള്‍ നല്‍കി ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് വേണ്ട രോഗ ചികിത്സ നല്‍കാന്‍ അയക്കുകയുണ്ടായി. ഇവരെയാണ് ബെയര്‍ ഫുട്ട് ഡോക്ടര്‍മാര്‍ - നഗ്നപാദ ഡോക്ടര്‍മാര്‍ - എന്നു പറയുന്നത്) 

സമൂഹത്തില്‍ സ്ത്രീകളുടെ പങ്കാളിത്തത്തിലും ഇടപെടലിലും ശ്രദ്ധേയമായ മുന്നേറ്റങ്ങളും വിമോചനാനന്തര ദശകങ്ങളിലുണ്ടായി. പുരുഷാധിപത്യപരമായ വിവാഹരീതികള്‍ വിപ്ലവ വിജയത്തിന്‍റെ ആദ്യനാളുകളില്‍ തന്നെ നിര്‍മാര്‍ജനം ചെയ്യപ്പെട്ടു; വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, ശിശുസംരക്ഷണം എന്നിവയുടെ ലഭ്യതയിലും സ്ത്രീകള്‍ക്ക് വലിയ മുന്നേറ്റമുണ്ടാക്കാന്‍ 1978 വരെയുള്ള കാലത്തു തന്നെ കഴിഞ്ഞിരുന്നു.

1952 മുതല്‍ 1977 വരെയുള്ള കാലത്തെ ശരാശരി വാര്‍ഷിക വ്യാവസായിക ഉല്‍പാദന നിരക്ക് 11.3 ശതമാനമായിരുന്നു. ഉല്‍പാദനശേഷിയുടെ കാര്യത്തിലും സാങ്കേതികവിദ്യയുടെ വികാസത്തിന്‍റെ കാര്യത്തിലും ചൈനയില്‍ ഈ കാലത്ത് വലിയ കുതിച്ചുകയറ്റമാണുണ്ടായത്. 1949ല്‍ സ്വന്തമായി, ആഭ്യന്തരമായി കാര്‍ നിര്‍മാണത്തിനുള്ള ശേഷിയോ സൗകര്യമോ ഇല്ലാതിരുന്ന ചൈനയാണ് 1970 ആയപ്പോള്‍ ബഹിരാകാശത്തേക്ക് ആദ്യത്തെ കൃത്രിമ ഉപഗ്രഹം വിക്ഷേപിച്ചത് - ഡോങ്ഫാങ്ഹോങ് (കിഴക്ക് ചുവക്കുകയാണ്) എന്നായിരുന്നു ചൈനയുടെ ആദ്യ കൃത്രിമ ഉപഗ്രഹത്തിന്‍റെ പേര്. 28 ദിവസമാണ് ആ ഉപഗ്രഹം ഭൂമിയെ വലംവെച്ച് സഞ്ചരിച്ചത്. അമേരിക്കയുടെ ആദ്യ ചാന്ദ്രദൗത്യം (1969 ജൂലൈ) കഴിഞ്ഞ് 9 മാസത്തിനിടയിലാണ് ചൈനയുടെ ഉപഗ്രഹവിക്ഷേപണം നടന്നത് എന്നും നാം കാണണം.

1978നുശേഷമുള്ള ചൈനയുടെ പരിഷ്കരണ നടപടികള്‍ക്ക് അടിത്തറയായത് മൗവിന്‍റെ നേതൃത്വത്തില്‍ ചൈന കൈവരിച്ച വ്യാവസായിക, സാമ്പത്തിക, സാമൂഹിക നേട്ടങ്ങളാണ്. ഈ നേട്ടങ്ങളെല്ലാം കൈവരിക്കാനായെങ്കിലും അപ്പോഴും ചൈന മൊത്തത്തില്‍ അവികസിത പിന്നോക്ക രാജ്യം തന്നെയായിരുന്നു. മഹാഭൂരിപക്ഷം ദരിദ്രരായ ജനത അധിവസിക്കുന്ന രാജ്യമായിരുന്നു 1970കളില്‍ ചൈന. അതാണ് അന്ന് ദെങ് സിയാവൊ പിങ് പറഞ്ഞത്, "ദാരിദ്ര്യം പങ്കുവയ്ക്കലല്ല സോഷ്യലിസം, അതിന് കമ്യൂണിസവുമായി വിദൂരബന്ധം പോലുമില്ല" എന്ന്. ഈ അവസഥയില്‍നിന്നും മുന്നോട്ടുപോവുകയും ആധുനിക വികസിത സോഷ്യലിസ്റ്റ് രാജ്യമാവുകയും ചെയ്യണമെങ്കില്‍ ചൈനീസ് സമ്പദ്ഘടനയില്‍ കൂടുതല്‍ മൂലധന നിക്ഷേപം ആവശ്യമാണെന്നും ആധുനിക സാങ്കേതിക വിദ്യ എല്ലാ മേഖലകളിലേക്കും കൊണ്ടുവരേണ്ടതുണ്ടെന്നും ചൈനീസ് കമ്യൂണിസ്റ്റു പാര്‍ടി കണ്ടു; അതിന് ലോകകമ്പോളത്തില്‍നിന്നും ഒറ്റപ്പെട്ടു കഴിയുന്ന അവസ്ഥ അവസാനിപ്പിക്കേണ്ടതാണെന്നും കണ്ടു; ആ ഒറ്റപ്പെടല്‍ അവസാനിപ്പിക്കുന്നതിന് സാമ്പത്തിക പരിഷ്കാരങ്ങളുടെ ഒരു നിര തന്നെ അനിവാര്യമാണെന്നും കമ്യൂണിസ്റ്റ് പാര്‍ടി കണ്ടു. അങ്ങനെയാണ് 'പരിഷ്കരണവും തുറന്നുകൊടുക്കലും' എന്ന നയത്തിന് തുടക്കമായത്.


ചൈനീസ് കമ്യൂണിസ്റ്റു പാര്‍ടിയുടെ 11-ാം കേന്ദ്ര കമ്മിറ്റിയുടെ 1978 ഡിസംബറില്‍ ചേര്‍ന്ന മൂന്നാമത് സമ്മേളനം ചരിത്രപ്രധാനമായ പല തീരുമാനങ്ങളും കൈക്കൊണ്ടു; അത് രാജ്യത്തിന്‍റെയും പാര്‍ടിയുടെയും ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവായി. സാംസ്കാരിക വിപ്ലവത്തിന്‍റെ പേരില്‍ നടപ്പാക്കപ്പെട്ട ഇടതുപക്ഷ വ്യതിയാന നയങ്ങള്‍ തിരുത്തുന്നതിനുള്ള സുപ്രധാന തീരുമാനം കൈക്കൊണ്ട ഈ യോഗം രാഷ്ട്രീയമായും സംഘടനാപരമായും ശരിയായ പാതയിലേക്ക് പാര്‍ടിയെ എത്തിക്കുക എന്ന ദൗത്യമാണ് ഏറ്റെടുത്തത്. ചൈനയില്‍ സോഷ്യലിസം കെട്ടിപ്പടുക്കുന്നത് ചൈനീസ് സവിശേഷതകള്‍ക്കനുസരിച്ചായിരിക്കണം എന്നും തീരുമാനിക്കപ്പെട്ടു. ചൈനീസ് വിപ്ലവത്തിന്‍റെ പാത,  ചൈനയുടെ സവിശേഷതകള്‍ കണക്കിലെടുത്തായിരുന്നു. 1949ല്‍ ചൈനീസ് ജനകീയ റിപ്പബ്ലിക്ക് സ്ഥാപിക്കപ്പെട്ടശേഷവും രാജ്യത്തിന്‍റെ സോഷ്യലിസ്റ്റ് നിര്‍മാണം മറ്റു രാജ്യങ്ങളുടേതില്‍നിന്നും വ്യത്യസ്തമായിരിക്കുമെന്നും വ്യക്തമാക്കപ്പെട്ടിരുന്നു. ആ ഘട്ടങ്ങളിലുണ്ടായ നേട്ടങ്ങളുടെ അടിത്തറയില്‍നിന്നുകൊണ്ട് മുന്നോട്ടേക്ക് പോകുന്നതിനെക്കുറിച്ചാണ് 1978ല്‍ കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്ത് തീരുമാനിച്ചത്.

കാതലായ നാല് തത്ത്വങ്ങളെ ആധാരമാക്കിയായിരിക്കും പരിഷ്കരണ നടപടികളുമായി മുന്നോട്ടുപോകുന്നത് എന്നും കേന്ദ്ര കമ്മിറ്റി നിശ്ചയിച്ചു: ഒന്ന്, സോഷ്യലിസ്റ്റ് പാതയില്‍നിന്ന് വ്യതിചലിക്കില്ല; രണ്ട്, ജനകീയ ജനാധിപത്യ സര്‍വാധിപത്യമായിരിക്കും ഭരണകൂട രൂപം; മൂന്ന്, കമ്യൂണിസ്റ്റു പാര്‍ടിയുടെ നേതൃത്വത്തിലായിരിക്കും അത്; നാല്, മാര്‍ക്സിസം - ലെനിനിസം - മൗ സേ ദൂങ് ചിന്തയിലുള്ള അടിയുറച്ച വിശ്വാസം. സോഷ്യലിസ്റ്റ് നിര്‍മാണത്തിന്‍റെ പ്രാഥമിക ദശയിലാണ് ചൈന അപ്പോഴും എന്നും ചൈനീസ് കമ്യൂണിസ്റ്റു പാര്‍ടി വിലയിരുത്തി, സോഷ്യലിസ്റ്റ് നിര്‍മാണത്തിന്‍റെ ഓരോ ഘട്ടത്തിലും വിവിധ ദശകളുണ്ടായിരിക്കുമെന്നും അതിന്‍റെ പ്രാഥമിക ദശ പിന്നിടാന്‍ തന്നെ നിരവധി ദശകങ്ങള്‍ വേണ്ടിവരുമെന്നും ചൈനീസ് പാര്‍ടി വിലയിരുത്തി. അതുകൊണ്ട് ഈ ദശയില്‍ സമ്പദ്ഘടനയെ വിദേശമൂലധനനിക്ഷേപത്തിനായി തുറന്നുകൊടുക്കണമെന്നും തീരുമാനിക്കപ്പെട്ടു. 1978ല്‍ ചൈനീസ് കമ്യൂണിസ്റ്റു പാര്‍ടി അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു: "സ്വയം പര്യാപ്തതയുടെ അടിസ്ഥാനത്തില്‍ ലോകത്തിലെ മറ്റു രാജ്യങ്ങളുമായി നാം സമന്മാരെന്ന നിലയിലും ഇരുകൂട്ടര്‍ക്കും നേട്ടമുണ്ടാകുന്നതുമായ സാമ്പത്തിക സഹകരണം വികസിപ്പിക്കണം; വിദേശങ്ങളില്‍നിന്നുള്ള വികസിത സാങ്കേതികവിദ്യകളും ഉപകരണങ്ങളും കൊണ്ടുവരണം; ആധുനികവല്‍ക്കരണത്തിന് അനുപേക്ഷണീയമായ സയന്‍സിലെയും വിദ്യാഭ്യാസത്തിലെയും പ്രവര്‍ത്തനം അഭിവൃദ്ധിപ്പെടുത്തുന്നതിനുള്ള വലിയ പരിശ്രമങ്ങള്‍ നടത്തണം.

ഇത് ചൈനയിലോ ലോകത്തോ ഉന്നയിക്കപ്പെട്ട പുതിയതോ ആദ്യത്തെയോ നിര്‍ദേശമായിരുന്നില്ല. ചൈനീസ് വിപ്ലവം വിജയത്തിലേക്ക് നീങ്ങിയ ഘട്ടത്തില്‍, മൗ സേ ദൂങ് വിദേശ സാമ്പത്തിക - സാങ്കേതിക സഹായത്തെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. പക്ഷേ, തുല്യതയുടെ അടിസ്ഥാനത്തില്‍ മാത്രമേ അതാകാവൂവെന്നും പറയുന്നുണ്ട്. ആ രീതിയില്‍ മുതലാളിത്ത - സാമ്രാജ്യത്വ രാജ്യങ്ങളില്‍നിന്ന് സാമ്പത്തികമോ സാങ്കേതികമോ ആയ ഒരു സഹായവും ലഭിച്ചിരുന്നില്ല. പിന്നോക്ക - ദരിദ്രാവസ്ഥയിലുള്ള ചൈനയ്ക്ക് ആധുനിക വികസിത സമൂഹമായി മാറാന്‍ ആകെ ആശ്രയിക്കാവുന്നത് സോവിയറ്റ് യൂണിയനെയും കിഴക്കന്‍ യൂറോപ്പിലെ സോഷ്യലിസ്റ്റ് ചേരിയിലെ രാജ്യങ്ങളെയും മാത്രമായിരുന്നു. സോവിയറ്റ് യൂണിയനില്‍ ക്രൂഷ്ചേവിന്‍റെ റിവിഷനിസം ആധിപത്യമുറപ്പിക്കുകയും സോഷ്യലിസ്റ്റ് ചേരിയില്‍ ഉടലെടുത്ത പ്രത്യയശാസ്ത്രപരമായ ഭിന്നത ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം ശത്രുതാപരമായി മാറുകയും (ഇതില്‍ ചൈനീസ് നേതൃത്വം മൗവിന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ച ഇടതുപക്ഷ സെക്ടേറിയന്‍ നിലപാടും അല്‍പവും ചെറുതല്ലാത്ത പങ്ക് വഹിച്ചു) ചെയ്തതോടെ ചൈന ഒറ്റപ്പെടുന്ന അവസ്ഥ സംജാതമാവുകയും ചെയ്തു. പിന്നീട് 1970കളുടെ തുടക്കത്തില്‍ പ്രതിസന്ധിയിലകപ്പെട്ട ലോകമുതലാളിത്തത്തിന്‍റെ തലതൊട്ടപ്പനായ അമേരിക്കയുടെ പ്രസിഡന്‍റ് റിച്ചാര്‍ഡ് നിക്സന്‍ ചൈനയിലെത്തി മൗ സേ ദൂങ്ങുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് പുതിയൊരു ഘട്ടത്തിന് വഴി തുറന്നത്. അമേരിക്കന്‍ മുതലാളിമാര്‍ക്ക് ചൈനയുടെ വലിയ വിപണി ലഭ്യമാകേണ്ടത്, പ്രതിസന്ധിയില്‍പെട്ട മുതലാളിത്തത്തിന് അനിവാര്യവുമായിരുന്നു.

തൊഴിലാളിവര്‍ഗ നേതൃത്വത്തിലും തൊഴിലാളി - കര്‍ഷക സഖ്യത്തിന്‍റെ അടിസ്ഥാനത്തിലും നടന്ന ഒരു വിപ്ലവത്തെത്തുടര്‍ന്ന് അധികാരത്തില്‍ വരുന്ന ഗവണ്‍മെന്‍റ് മുതലാളിത്ത രാജ്യങ്ങളില്‍നിന്നുള്ള മൂലധനനിക്ഷേപമോ സാങ്കേതികവിദ്യയോ ലഭ്യമാകാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നത് എത്രത്തോളം ശരിയാണ് എന്ന വിഷയം ഒക്ടോബര്‍ വിപ്ലവാനന്തരം സോവിയറ്റ് യൂണിയനെ ആധുനിക വികസിത രാഷ്ട്രമായി കെട്ടിപ്പടുക്കുന്ന വിഷയം ചര്‍ച്ച ചെയ്ത ലെനിന്‍ നേരിട്ടു; അതു സംബന്ധിച്ച് ലെനിന്‍ നടത്തിയ നിരീക്ഷണങ്ങളാണ് ചൈനീസ് കമ്യൂണിസ്റ്റു പാര്‍ടിക്കും പാഠമായത്. ലെനിന്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: "ആധുനിക ശാസ്ത്രത്തിന്‍റെ അതിനൂതന കണ്ടെത്തലുകളെ അടിസ്ഥാനമാക്കിയുള്ള അതിവിപുലമായ മുതലാളിത്ത സാങ്കേതികവിദ്യ കൂടാതെ സോഷ്യലിസം അസാധ്യവും അപൂര്‍ണവുമാണ്. ആസൂത്രിതമായ ഭരണകൂട നിയന്ത്രണവും അതിന് അനിവാര്യമാണ്. ദശലക്ഷക്കണക്കിനാളുകള്‍ ഏകീകൃതമായ വിധത്തില്‍ ഉല്‍പാദനവും വിതരണവും നിര്‍വഹിക്കുന്നുണ്ടെന്ന് കര്‍ശനമായി നിരീക്ഷിക്കാനും ഉറപ്പുവരുത്താനും ഈ ഭരണകൂട നിയന്ത്രണം ആവശ്യമാണ്. മാര്‍ക്സിസ്റ്റുകളായ നമ്മള്‍ എല്ലാ കാലത്തും ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഇതൊന്നും തലയ്ക്കകത്ത് കയറാത്തവരോട് (അരാജകവാദികളും നല്ലൊരു പങ്ക് ഇടതുപക്ഷ സോഷ്യല്‍ റവല്യൂഷണറികളും ഇക്കൂട്ടത്തില്‍പെടുന്നു) സംസാരിച്ച് നമ്മുടെ വിലയേറിയ സമയം പാഴാക്കുന്നതു തന്നെ തികച്ചും അനാവശ്യമാണ്" (ലെനിന്‍, സമാഹൃത കൃതികള്‍, വാല്യം -32 പേജ് 334). ലെനിന്‍ വീണ്ടും എഴുതുന്നു: "ദേശസാല്‍ക്കരണത്തില്‍ അല്‍പവും അയവുവരുത്താതെ തന്നെ ഖനികളും വനങ്ങളും എണ്ണപ്പാടങ്ങളും വിദേശ മുതലാളിമാര്‍ക്ക് നാം പാട്ടത്തിന് കൊടുക്കുകയും അതിനുപകരം അവരില്‍നിന്നും നിര്‍മിത ചരക്കുകളും യന്ത്രോപകരണങ്ങളും മറ്റും സ്വീകരിച്ച് അതുപയോഗിച്ച് നമ്മുടെ സ്വന്തം വ്യവസായത്തെ ശക്തിപ്പെടുത്തുകയും വേണം". (സമാഹൃത കൃതികള്‍, വാല്യം : 32, പേജ് 491).

വിപ്ലവാനന്തരം ലെനിന്‍ "പുത്തന്‍ സാമ്പത്തികനയം" നടപ്പാക്കിയപ്പോള്‍ അന്ന് "കറകളഞ്ഞ" മാര്‍ക്സിസ്റ്റുകള്‍ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്നവര്‍ അദ്ദേഹം മുതലാളിത്തവുമായി സന്ധി ചെയ്യുകയാണെന്ന് ആക്ഷേപമുന്നയിച്ചിരുന്നു. അതിന് ചുട്ട മറുപടി നല്‍കിക്കൊണ്ട് ലെനിന്‍ പ്രതികരിച്ചത്, "ശരിയാണ് കൂട്ടരെ, ഞങ്ങള്‍ സന്ധി ചെയ്യുക തന്നെയാണ്" എന്നാണ്. വിപ്ലവത്തെ സംരക്ഷിക്കുന്നതിനും മുന്നോട്ടുകൊണ്ടു പോകുന്നതിനുമുള്ള "സന്ധി ചെയ്യലാ"ണിത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈനയില്‍ നടപ്പാക്കിവരുന്നത് സോഷ്യലിസമല്ല, മുതലാളിത്തമാണെന്ന് വാദിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ലെനിന്‍ ദശകങ്ങള്‍ക്കുമുന്‍പേ പറഞ്ഞുവെച്ചത്.

കടുംപിടുത്തങ്ങളില്‍ കെട്ടിയിടപ്പെട്ട് ചുറ്റിത്തിരിയാതെ സാഹചര്യങ്ങള്‍ മാറുന്നതനുസരിച്ച് സ്വയം മാറാനും നിലപാടുകളില്‍ മാറ്റം വരുത്താനും ആഹ്വാനം ചെയ്ത ലെനിന്‍ ഒന്നുകൂടി വ്യക്തമാക്കുന്നു - "വെറുതെ വിപ്ലവകാരിയാണെന്നും സോഷ്യലിസത്തിന്‍റെയും കമ്യൂണിസത്തിന്‍റെയും വക്താവാണെന്നും പൊതുവെ പറഞ്ഞതുകൊണ്ടുമാത്രം കാര്യമില്ല. ഓരോ സവിശേഷ നിമിഷത്തിലും ചരിത്രത്തിന്‍റെ ചങ്ങലയിലെ സവിശേഷ കണ്ണിയേതെന്ന് കണ്ടെത്താനുള്ള പ്രാപ്തിയുണ്ടാകണം. .... ചങ്ങലയിലെ കണ്ണികളുടെ ക്രമം, അവയുടെ രൂപം, അവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന രീതി, അവ ഓരോന്നും തമ്മിലുള്ള വ്യത്യാസം എന്നിവയെക്കുറിച്ചെല്ലാം നിങ്ങള്‍ സൂക്ഷ്മമായി അറിഞ്ഞിരിക്കണം. നിങ്ങളുടെ സര്‍വകഴിവും പ്രയോഗിച്ച് അവയെക്കുറിച്ച് ശരിക്കും മനസ്സിലാക്കണം. സംഭവപരമ്പരകള്‍ നിറഞ്ഞ ചരിത്രപരമായ ചങ്ങല, ആലയില്‍ മെനഞ്ഞെടുക്കുന്ന സാധാരണ ചങ്ങല പോലെയല്ല" (ലെനിന്‍, സമാഹൃത കൃതികള്‍, വാല്യം 33, പേജ് 112 - 113).

മാര്‍ക്സിസത്തിന്‍റെ അന്തഃസത്തയായ വസ്തുനിഷ്ഠ സാഹചര്യങ്ങളെക്കുറിച്ചുള്ള വസ്തുനിഷ്ഠ വിലയിരുത്തലിലേക്കാണ് ലെനിന്‍ ഇവിടെ വിരല്‍ചൂണ്ടുന്നത്. അതുള്‍ക്കൊണ്ടാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി 1978ല്‍ പരിഷ്കരണ നടപടികള്‍ ആരംഭിച്ചത്. ആഭ്യന്തര സാഹചര്യവും സാര്‍വദേശീയ സാഹചര്യവും, പ്രത്യേകിച്ച് സോവിയറ്റ് യൂണിയന്‍റെയും മറ്റു സോഷ്യലിസ്റ്റ് രാജ്യങ്ങളുടെയും അനുഭവത്തിന്‍റെ കൂടി പശ്ചാത്തലത്തില്‍, വിലയിരുത്തിയാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി പുതിയ ദിശയിലേക്ക് ചുവടുവച്ചത്.
(തുടരും)