സോണല്‍ ഓഫീസിലെ പണാപഹരണവും ബിജെപി നിലപാടും

ആര്യ രാജേന്ദ്രന്‍ എസ്

 

തിരുവനന്തപുരം നഗരസഭയില്‍ ഓഡിറ്റ് നടത്തുന്ന സര്‍ക്കാര്‍ ഏജന്‍സി സംസ്ഥാന ഓഡിറ്റ് വകുപ്പ് ആണ്. മറ്റു തദ്ദേശസ്ഥാപനങ്ങളില്‍ നിന്നു വിഭിന്നമായി കണ്‍കറന്‍റ് ഓഡിറ്റ് (അന്നന്ന് ഓഡിറ്റ് ചെയ്യപ്പെടുന്ന രീതി) ആണ് ഇവിടെ നടപ്പിലാക്കിയിട്ടുള്ളത്. അതനുസരിച്ച് 2019 ഡിസംബര്‍ വരെ ഏറെക്കുറെ എല്ലാ സോണല്‍ ഓഫീസുകളിലും നഗരസഭ മെയിന്‍ ഓഫീസിലും പരിശോധന പൂര്‍ത്തിയാക്കിയിരുന്നു. 2020 ജനുവരിയില്‍ കേരളത്തില്‍ ആദ്യ കോവിഡ് കേസ് സ്ഥിരീകരിക്കപ്പെടുകയും 2020 മാര്‍ച്ച് മാസം മുതല്‍ ലോക്ഡൗണ്‍ വരികയും ചെയ്ത സാഹചര്യത്തില്‍ സംസ്ഥാന ഓഡിറ്റ് വകുപ്പിന്‍റെ പരിശോധന ക്യത്യമായി നടന്നില്ല. 

തിരുവനന്തപുരം നഗരസഭയില്‍ കണ്ടീജന്‍റ് ജീവനക്കാര്‍ ഉള്‍പ്പടെ 1800 ഓളം ജീവനക്കാരുണ്ട്. കോവിഡ് കാലത്ത് ആരോഗ്യ വിഭാഗം ഒഴികെയുള്ള ജീവനക്കാര്‍ പൂര്‍ണ്ണമായും പ്രവര്‍ത്തിച്ചിരുന്നില്ല. സോണല്‍ ഓഫീസുകളില്‍ ഉള്‍പ്പെടെ പരിശോധനയും നിലച്ചിരുന്നു. ആ സാഹചര്യം ചില ജീവനക്കാര്‍ ദുരുപയോഗം ചെയ്തതിന്‍റെ ഫലമാണ് നഗരസഭയില്‍ നിലവില്‍ കണ്ടെത്തിയിട്ടുള്ള പണാപഹരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍. 

 ശ്രീകാര്യം സോണല്‍ ഓഫീസിലെ നിലവിലെ ചാര്‍ജ് ഓഫീസര്‍ മാറിയതിനെ തുടര്‍ന്ന് ചുമതലയേറ്റ റവന്യൂ ഇന്‍സ്പെക്ടര്‍ ചാര്‍ജ് ഏറ്റെടുക്കുന്നതിന്‍റെ ഭാഗമായി കണക്കുകള്‍ പരിശോധിച്ചപ്പോള്‍ ചില ക്രമക്കേടുകള്‍ തോന്നുകയും ആ വിവരം റവന്യൂ ഇന്‍സ്പെക്ടര്‍  നഗരസഭ സെക്രട്ടറിയെ 2021 ജൂലൈ 16 ന് രേഖാമൂലം അറിയിക്കുകയും ചെയ്തു. സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ തുടര്‍പരിശോധനയില്‍ ചില സാമ്പത്തിക തിരിമറികള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആ വിവരം മേയറുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. ഉത്തരവാദിയായ ജീവനക്കാരനെതിരെ മേയര്‍ നടപടി നിര്‍ദ്ദേശിക്കുകയും സംസ്ഥാന ഓഡിറ്റ് വകുപ്പിനോട് ശ്രീകാര്യം സോണല്‍ ഓഫീസ് ഉള്‍പ്പെടെ മുഴുവന്‍ സോണല്‍ ഓഫീസുകളിലും കര്‍ശന പരിശോധന നടത്താന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. 
മേയറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ശ്രീകാര്യം സോണലിലെ പണം കൈകാര്യം ചെയ്ത ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. തുടര്‍ന്ന് ഓഡിറ്റ് വകുപ്പിന്‍റെ പരിശോധനയ്ക്കു ശേഷം കാഷ്യറുടെ ചുമതല വഹിച്ചിരുന്ന ജീവനക്കാരനെ കൂടി സസ്പെന്‍ഡ് ചെയ്തു. ചാര്‍ജ് ഓഫീസറുടെ ചുമതല വഹിച്ചിരുന്ന ജീവനക്കാരി സ്ഥലം മാറിപ്പോയതിനാല്‍ നടപടിയെടുക്കാന്‍ നഗരകാര്യ ഡയറക്ടറോട് ആവശ്യപ്പെട്ടു. 

2021 സെപ്തംബര്‍ 20ന് 6 സോണലുകളിലെ റിപ്പോര്‍ട്ട് ഓഡിറ്റ് വകുപ്പ് നല്‍കുകയുണ്ടായി. അതില്‍ ഉള്ളൂര്‍, ആറ്റിപ്ര, നേമം സോണലുകളില്‍ ക്രമക്കേടുകള്‍ ഉള്ളതായി പരാമര്‍ശമുണ്ടായി. തുടര്‍പരിശോധനയില്‍ ഉള്ളൂര്‍ സോണലില്‍ ഒരുദിവസത്തെ തുക രേഖപ്പെടുത്തിയതില്‍ വന്ന ക്ലറിക്കല്‍ പിശകാണെന്നും പണാപഹരണം നടന്നിട്ടില്ലായെന്നും കണ്ടെത്തി. ആറ്റിപ്ര സോണലില്‍ ഒരു ദിവസത്തെ തുക ബാങ്കില്‍ ഒടുക്കാന്‍ നിയോഗിച്ച ആള്‍ ഒടുക്കിയിട്ടില്ല എന്ന് കണ്ടെത്തുകയും ടിയാളെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. മേല്‍നോട്ട ചുമതലയില്‍ വീഴ്ച വരുത്തിയ ചാര്‍ജ് ഓഫീസര്‍ സ്ഥലംമാറി പോയതിനാല്‍ നടപടിയെടുക്കാന്‍ നഗരകാര്യ ഡയറക്ടറോട് ആവശ്യപ്പെട്ടു. 

നേമം സോണലില്‍ വിവിധ ദിവസങ്ങളില്‍ പണാപഹരണം നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണ വിധേയമായി ചാര്‍ജ്ജ് ഓഫീസര്‍, കാഷ്യര്‍ എന്നിവരെ 04.09.2021 ന് സസ്പെന്‍ഡ് ചെയ്തു. പണാപഹരണം കണ്ടെത്തിയ 3 ഇടങ്ങളിലും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് എഫ്ഐആര്‍ ഇട്ടിട്ടുണ്ട്. ശ്രീകാര്യം സോണലില്‍ 5.26 ലക്ഷം രൂപയുടെയും ആറ്റിപ്ര സോണലില്‍ 1.09 ലക്ഷം രൂപയുടെയും നേമത്ത് 26 ലക്ഷം രൂപയുടെയും പണാപഹരണമാണ് കണ്ടെത്തിയിട്ടുള്ളത്. 

ബിജെപിയുടെ നിലപാട് 
നഗരസഭയില്‍ ചില ജീവനക്കാര്‍ നടത്തിയ അഴിമതി പുറത്തറിഞ്ഞത് മേയറുടെ നിര്‍ദ്ദേശം അനുസരിച്ചുള്ള അന്വേഷണത്തെ തുടര്‍ന്നുള്ള മേയറുടെ വാര്‍ത്താക്കുറിപ്പിലൂടെ ആണെന്നതിനു പുറമെ ഉത്തരവാദികളായവരുടെ പേരില്‍ മാത്യകാപരമായ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തതിന് ശേഷമാണ് ബിജെപി ഇക്കാര്യം അറിയുന്നത്. 

നഗരസഭ നടത്തിയ മികച്ച ഇടപെടലിനെ അഭിനന്ദിക്കുന്നതിനു പകരം 29.09.2021 ന് നടന്ന കൗണ്‍സില്‍ യോഗത്തില്‍ അനാവശ്യ രാഷ്ട്രീയ മുദ്രാവാക്യങ്ങളും ആരോപണങ്ങളും അസഭ്യവര്‍ഷവും കൊണ്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരെ ആക്രമിക്കുന്നതിനുള്ള ആസൂത്രിത ശ്രമമാണ് ബിജെപി നടത്തിയത്. ജീവനക്കാരെ അറസ്റ്റ് ചെയ്യേണ്ടത് പൊലീസ് ആണെന്നിരിക്കെ മേയര്‍ അറസ്റ്റിന് ഉത്തരവിടണം എന്ന ബാലിശമായ വാദമാണ് ബിജെപി ഉയര്‍ത്തുന്നത്. മേയര്‍ക്ക് അറസ്റ്റിന് ഉത്തരവിടാന്‍ അധികാരമില്ലെന്ന വസ്തുത ബോധപൂര്‍വം അവര്‍ മറച്ചു പിടിക്കുന്നു. 

ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ നഗരസഭ അദാലത്ത് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഹെല്‍പ് ഡെസ്ക് എന്ന ഡിമാന്‍റില്‍ കടിച്ചു തൂങ്ങുകയാണ് ബിജെപി. 

ജനങ്ങളില്‍ അനാവശ്യ ആശങ്കയുണ്ടാക്കി നികുതി പിരിവില്‍ കുറവു വരുത്തുകയും അതുവഴി നഗരസഭയുടെ വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുകയും ചെയ്യുക എന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്. 

കൗണ്‍സില്‍ ഹാള്‍ അലങ്കോലമാക്കി പൊതുമുതല്‍ നശിപ്പിക്കുകയും ദിവസവും അത്യുച്ചത്തില്‍ മൈക്കിലൂടെ ശബ്ദകോലാഹലം സൃഷ്ടിച്ച് നഗരസഭയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബിജെപി കൗണ്‍സിലര്‍മാര്‍ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഫ്ളക്സ് ബോര്‍ഡുകള്‍ നിരോധിച്ച ഹൈക്കോടതി ഉത്തരവിനെ കാറ്റില്‍ പറത്തി നഗരസഭയ്ക്ക് ചുറ്റും കാഴ്ച മറയ്ക്കുന്ന രീതിയില്‍ അവര്‍ ബോര്‍ഡുകള്‍ നിറച്ചിരിക്കുന്നു. ജനങ്ങളുടെ സ്വൈര ജീവിതം തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യം. •