എയര്‍ ഇന്ത്യ സ്വകാര്യവത്കരണം: നഷ്ടം ജനങ്ങള്‍ക്കാണ്, ടാറ്റയ്ക്കല്ല

കെ എ വേണുഗോപാലന്‍

"നെഹ്റുവിന്‍റെ ചതിക്ക് കാലത്തിന്‍റെ തിരുത്ത് : പറക്കും മഹാരാജയെ വീണ്ടെടുത്ത് ടാറ്റ" എന്നാണ് ജനം ടിവി എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരണത്തെ കുറിച്ച് വാര്‍ത്ത നല്‍കിയത്. ടാറ്റ കുടുംബത്തോട് നെഹ്റു ചെയ്ത തെറ്റ് മോഡി തിരുത്തി എന്നാണ് അവരുടെ വ്യാഖ്യാനം. ഇത് ബിജെപിയുടെ നിലപാടാണ്. മറിച്ചൊരു നിലപാട് കോണ്‍ഗ്രസിനുണ്ടോ എന്നറിയില്ല. എന്തായാലും അവരുടെ പരസ്യ പ്രതികരണം ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

1929ലാണ് ജെ.ആര്‍.ഡി ടാറ്റയ്ക്ക് ഇന്ത്യയിലെ ആദ്യത്തെ പൈലറ്റ് ലൈസന്‍സ് ലഭിക്കുന്നത്. 1932 ല്‍ ടാറ്റാ ഏവിയേഷന്‍ സര്‍വീസ് ആരംഭിച്ചു. 25 കിലോ പോസ്റ്റല്‍ സാമഗ്രികളുമായി  കറാച്ചിയില്‍ നിന്നു ബോംബെയിലേക്ക് പറന്നുകൊണ്ടാണ് ടാറ്റ എയര്‍മെയില്‍ സര്‍വീസ് ആരംഭിച്ചത്. ഇത് ഇന്ത്യയിലെ വ്യോമഗതാഗതത്തിന്‍റെ തുടക്കമായിരുന്നു. പിന്നീടത് ടാറ്റ എയര്‍ലൈന്‍സ് ആയി മാറി. 1946 ല്‍ ടാറ്റ എയര്‍ലൈന്‍സ് പബ്ലിക് ലിമിറ്റഡ് കമ്പനി ആക്കുകയും എയര്‍ ഇന്ത്യ എന്ന് പേരു മാറ്റുകയും ചെയ്തു. 1948 ല്‍ 49 ശതമാനം ഓഹരികള്‍ കേന്ദ്രസര്‍ക്കാര്‍ വാങ്ങുകയും എയര്‍ ഇന്ത്യ ഇന്‍റര്‍നാഷണല്‍ എന്ന പേരില്‍ രാജ്യാന്തര സര്‍വീസ് തുടങ്ങുകയും ചെയ്തു. 1953ലാണ് എയര്‍ഇന്ത്യ ദേശസാല്‍ക്കരിക്കപ്പെടുന്നത്. അപ്പോള്‍ തന്നെ 49 ശതമാനം ഓഹരി സര്‍ക്കാരിന്‍റേതായിരുന്നു. ഇതിനെയാണ് ടാറ്റയോടുള്ള നെഹ്റുവിന്‍റെ ചതിയായി ബിജെപി ഇപ്പോള്‍ കൊട്ടിഘോഷിക്കുന്നത്. ദേശസാല്‍ക്കരണാനന്തരം എയര്‍ ഇന്ത്യ രണ്ട് കമ്പനികളായി വിഭജിക്കപ്പെട്ടു. ആഭ്യന്തര സര്‍വീസ് നടത്തുന്നതിന് ഇന്ത്യന്‍ എയര്‍ലൈന്‍സും അന്താരാഷ്ട്ര സര്‍വീസ് നടത്തുന്നതിന് എയര്‍ഇന്ത്യ ഇന്‍റര്‍നാഷണലും ആണ് നിയോഗിക്കപ്പെട്ടത്. ദേശസാല്‍ക്കരിക്കപ്പെട്ടെങ്കിലും 1989 വരെ ഇവയുടെ ചെയര്‍മാനായി തുടര്‍ന്നത് ആദ്യം ജെ.ആര്‍.ഡി ടാറ്റയും പിന്നീട് രത്തന്‍ ടാറ്റയും തന്നെയായിരുന്നു. ബോംബെയിലുണ്ടായ വിമാനാപകടത്തെ തുടര്‍ന്ന് മൊറാര്‍ജി ദേശായി ജെ ആര്‍ ഡി ടാറ്റയെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കിയെങ്കിലും പിന്നീട് ഇന്ദിരാഗാന്ധി അദ്ദേഹത്തിന് പുനര്‍ നിയമനം നല്‍കി.

1991 ല്‍ പുത്തന്‍ സാമ്പത്തികനയം അവതരിപ്പിക്കപ്പെട്ടു. അതിന്‍റെ ഭാഗമായി നരസിംഹറാവു സര്‍ക്കാര്‍ വ്യോമയാന രംഗം സ്വകാര്യമേഖലയ്ക്കായി തുറന്നുകൊടുത്തു. അതോടെ എയര്‍ ഇന്ത്യയുടെ വിപണിവിഹിതം കുറഞ്ഞുതുടങ്ങി. നഷ്ടത്തിലായിരുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ് എയര്‍ ഇന്ത്യയില്‍ ലയിപ്പിച്ചതോടുകൂടി നഷ്ടം പെരുകാന്‍ തുടങ്ങി. 1995-97 കാലത്ത് 671 കോടി രൂപയായിരുന്നു നഷ്ടം. 1998 ല്‍ ബിജെപി നേതൃത്വത്തിലുള്ള വാജ്പേയി സര്‍ക്കാര്‍ കമ്പനിയുടെ 40 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ പദ്ധതിയിട്ടെങ്കിലും നടന്നില്ല. തുടര്‍ന്നുള്ള കാലയളവില്‍ സ്പൈസ് ജെറ്റ്, ഇന്‍ഡിഗോ, ഗോ എയര്‍ തുടങ്ങിയ ചെലവുകുറഞ്ഞ വിമാനക്കമ്പനികള്‍ ഇന്ത്യയുടെ ആഭ്യന്തര വ്യോമയാന വിപണി പിടിച്ചെടുത്തു. ഇതോടെ എയര്‍ ഇന്ത്യ കടക്കെണിയിലായി. 2018 ല്‍ 33,392 കോടി രൂപയായിരുന്നു കടമെങ്കില്‍ 2020 ല്‍ അത് 60,074 കോടി രൂപയായി വര്‍ധിച്ചു. ഇതില്‍ 23286.5 കോടി രൂപയുടെ കടമാണ് ടാറ്റ ഏറ്റെടുക്കുന്നത്. ഇതാണ് ടാറ്റയില്‍ നിന്ന് ടാറ്റയിലേക്കുള്ള മാറ്റത്തിന്‍റെ സംഗ്രഹം.

ഈ കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ തോന്നുക ടാറ്റ വലിയ നഷ്ടം സഹിച്ചും തങ്ങളുടെ പഴയ സ്ഥാപനം ഏറ്റെടുക്കുന്നതിന് വേണ്ടി ത്യാഗപൂര്‍ണമായ ഒരു നിലപാടെടുത്തു എന്നാണ്. എന്നാല്‍ ടാറ്റയുടെ കയ്യില്‍ത്തന്നെ വ്യോമയാനവുമായി ബന്ധപ്പെട്ട രണ്ട് സ്ഥാപനങ്ങളുണ്ട്. വിസ്താര, എയര്‍ ഏഷ്യ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ആ സ്ഥാപനങ്ങളും എയര്‍ ഇന്ത്യയും കൂട്ടിച്ചേര്‍ത്താല്‍ ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ വ്യോമയാന സ്ഥാപനമായി എയര്‍ ഇന്ത്യ മാറും. ആഭ്യന്തര വ്യോമയാന വിപണിയില്‍ ടാറ്റയ്ക്ക് അനുകൂലമായ ഒരു ശാക്തീകരണം നടക്കാന്‍ പോവുകയാണ്. അവരുടെ മൊത്തം വിപണി 26.9 ശതമാനമായി വര്‍ധിക്കും. ഇന്‍ഡിഗോ മാത്രമാണ് അവര്‍ക്കു മുമ്പില്‍ ഉണ്ടാവുക. ഈ കരാറിന്‍റെ ഭാഗമായി ലഭ്യമാവുന്ന പശ്ചാത്തല സൗകര്യങ്ങള്‍ കൂടി ഉപയോഗപ്പെടുത്താനായാല്‍ അതിവേഗം ഒന്നാമതെത്താനും അവര്‍ക്കു കഴിഞ്ഞേക്കും.

ആഭ്യന്തരമായി 4400 ഉം അന്തര്‍ദേശീയമായി 1800 ഉം വിമാനങ്ങള്‍ ഇറങ്ങിക്കയറുന്നതിനുള്ള സൗകര്യം അവര്‍ക്ക് ഇതോടെ ലഭ്യമാവുന്നുണ്ട്. ലാഭകരമായി വ്യോമയാന രംഗത്തു പ്രവര്‍ത്തിക്കുന്ന മറ്റു രണ്ട് സ്ഥാപനങ്ങളുടെ നിയന്ത്രണവും ടാറ്റ ഗ്രൂപ്പിന് വന്നുചേരും. എയര്‍ ഇന്ത്യ എക്സ്പ്രസും എയര്‍ ഇന്ത്യ സാറ്റ്സുമാണവ. 117 വലിയ വിമാനങ്ങളും 24 ചെറിയ വിമാനങ്ങളും ഇതോടെ ടാറ്റയ്ക്ക് സ്വന്തമാവും. പരിശീലനം സിദ്ധിച്ച 2000 പൈലറ്റു മാരെയും ടാറ്റയ്ക്ക് ലഭ്യമാകുന്നുണ്ട്. ബോയിംഗ് 777 പറത്തുന്ന ഒരു പൈലറ്റിനെ പരിശീലിപ്പിച്ചെടുക്കുന്നതിന് ഒരു കോടി രൂപ ചെലവുണ്ട്. മാത്രമല്ല നല്ല പരിശീലനം സിദ്ധിച്ച ജീവനക്കാരും ടാറ്റയ്ക്ക് സ്വന്തമാവുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ടാറ്റയ്ക്ക് ഇതൊരു നഷ്ടക്കച്ചവടമല്ല. നഷ്ടം സംഭവിക്കുന്നത് ജനങ്ങള്‍ക്കാണ്. അവരുടെ നികുതിപ്പണത്തില്‍ നിന്ന് 46,262 കോടി രൂപയാണ് ടാറ്റ സ്വന്തമാക്കിയ എയര്‍ ഇന്ത്യയുടെ കടം വീട്ടുന്നതിനായി മാറ്റിവെയ്ക്കപ്പെടുന്നത്. അതുകൊണ്ടാണ് എയര്‍ ഇന്ത്യ കേന്ദ്രം ടാറ്റയ്ക്ക് നല്‍കിയ സമ്മാനമാണെന്ന് സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടത്.


ഇനി നമുക്ക് ഇതിന്‍റെ രാഷ്ട്രീയം പരിശോധിക്കാം. നെഹ്റുവിന്‍റെ കാലഘട്ടത്തില്‍ നടന്ന  ദേശസാല്‍ക്കരണനടപടികളൊക്കെ സോഷ്യലിസം കെട്ടിപ്പടുക്കലിന്‍റെ ഭാഗമായിരുന്നു എന്നാണ് കോണ്‍ഗ്രസ്സുകാര്‍ ഇപ്പോള്‍ അവകാശപ്പെടുന്നത്. ബിജെപിക്കാവട്ടെ അത് നെഹ്റുവിന്‍റെ ചതിയാണ്. പൊതുമേഖല സമം സോഷ്യലിസം എന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. സ്വാതന്ത്ര്യം കിട്ടിയാല്‍ അടിസ്ഥാന വ്യവസായങ്ങളൊക്കെ  പൊതുമേഖലയില്‍ ആരംഭിക്കണമെന്ന് പറഞ്ഞത് ഇന്ത്യയിലെ അന്നത്തെ വന്‍കിട മുതലാളിമാര്‍ ആയിരുന്നു. അവര്‍ ബോംബെയില്‍ വച്ച് യോഗം ചേരുകയും ബോംബെ പ്ലാന്‍ എന്ന് പിന്നീട് അറിയപ്പെട്ട രേഖ പ്രസിദ്ധീകരിക്കുകയും ചെയ്തു. അതു പിന്തുടരുകയാണ് നെഹ്റു ചെയ്തത്. കാരണം അടിസ്ഥാന വ്യവസായങ്ങളില്‍ നിക്ഷേപിക്കുന്നതിന് ആവശ്യമായത്ര മൂലധനം അന്ന് ഇന്ത്യയിലെ വന്‍കിട മുതലാളിമാരുടെ പക്കല്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് അടിസ്ഥാന വ്യവസായങ്ങള്‍ പൊതുമേഖലയില്‍ ആരംഭിക്കണമെന്നും അത് ഉപയോഗപ്പെടുത്തി അനുബന്ധ വ്യവസായങ്ങള്‍ തങ്ങള്‍ തുടങ്ങാമെന്നും ബോംബെ പ്ലാനില്‍ ഇന്ത്യയിലെ വന്‍കിട മുതലാളിമാര്‍ പറഞ്ഞത്.


അതുകൊണ്ടാണ് 2000 ല്‍ കാലോചിതമാക്കിയ സിപിഐ എം പാര്‍ടി പരിപാടി ദേശസാല്‍ക്കരണത്തെ ഇങ്ങനെ വിശദീകരിച്ചത്: "സ്വന്തം മൂലധന അടിത്തറ ദുര്‍ബലമായതിനാല്‍  മുതലാളിത്ത വികസനത്തിന് പശ്ചാത്തല സൗകര്യമൊരുക്കുന്നതിനായി സര്‍ക്കാര്‍ ഇടപെടലിനെ നേരത്തെ അനുകൂലിച്ച വന്‍കിട ബൂര്‍ഷ്വാസി,സര്‍ക്കാരിന്‍റെ സഹായത്തോടെയുള്ള വികസനത്താലും സബ്സിഡികളാലും ദശകങ്ങള്‍ കൊണ്ട് മതിയായ തോതില്‍ മൂലധനം സമാഹരിക്കുകയും സ്വയം തടിച്ചു കൊഴുക്കുകയും ചെയ്തു. എണ്‍പതുകളുടെ അവസാനമായപ്പോഴേക്കും വന്‍കിട ബൂര്‍ഷ്വാസി,സര്‍ക്കാരിനായി നീക്കിവെച്ച മര്‍മപ്രധാന മേഖലകളിലേക്ക് കടക്കുവാനും പൊതുമേഖലയെ ഏറ്റെടുക്കുവാനും വിദേശ മൂലധനത്തിന്‍റെ കൂട്ടുകെട്ടോടെ പുതിയ മേഖലകളിലേക്കു പ്രവേശിക്കുവാനും തയ്യാറായി. ഭരണകൂട നേതൃത്വത്തിലുള്ള മുതലാളിത്ത പാത ഇതോടൊപ്പം നേരിട്ട പ്രതിസന്ധിയാണ് ഉദാരവല്‍ക്കരണത്തിന് ആഭ്യന്തരമായ അടിത്തറ രൂപപ്പെടുത്തിയത്. വൈദേശികമായി സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ച നയംമാറ്റ പ്രക്രിയയ്ക്ക് വേഗം കൂട്ടുന്നതിനും ഐ എം എഫ് ലോകബാങ്ക് കല്പനകള്‍ സ്വീകരിക്കുന്നതിനും ഇടയാക്കി. 


ഇതില്‍നിന്ന് നെഹ്റുവിന്‍റെ കാലത്തെ പൊതുമേഖല എങ്ങനെയാണ് ഇന്ത്യയിലെ വന്‍കിട മുതലാളിത്തത്തെ സഹായിച്ചത് എന്നും രാജീവ് ഗാന്ധിയുടെ കാലമായപ്പോഴേക്ക് എങ്ങനെയാണ് അത് സ്വകാര്യവല്‍ക്കരിക്കേണ്ടത് ഇന്ത്യയിലെ വന്‍കിട മുതലാളിത്തത്തിന് തന്നെ ആവശ്യമായി മാറിയതെന്നും വ്യക്തമാണ്. എന്നിട്ടും ദേശസാല്‍ക്കരണം നെഹ്റുവിന്‍റെ ചതിയും സ്വകാര്യവല്‍ക്കരണം മോഡിയുടെ നീതി നടപ്പാക്കലും ആയി ചിത്രീകരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. രണ്ടും ഇന്ത്യന്‍ മുതലാളിത്തത്തിന്‍റെ ഹിതാമനുസരിച്ചായിരുന്നു എന്നതാണ് വാസ്തവം •