മതനിരപേക്ഷ മുന്നണിയാണ് ഇപ്പോള്‍ വേണ്ടത്

പത്രാധിപരോട് ചോദിക്കാം

ഫാസിസം ഒരു വ്യക്തിയുടേയോ, പാര്‍ടിയുടേയോ നേതൃത്വത്തില്‍ മാത്രമേ വരാവൂ എന്നില്ല. കാലത്തിനനുസരിച്ച് ഏതു രൂപവും സ്വീകരിക്കും. ഇന്നത്തെ ഫാസിസ്റ്റുശക്തികള്‍ ഗോമാതാവ്, രാമക്ഷേത്രം, ശബരിമല, ലൗ ജിഹാദ് എന്നിവയുടെ മേല്‍വിലാസത്തില്‍ മുന്നോട്ടുനീങ്ങുന്നു. ഇന്ത്യയില്‍ വളര്‍ന്നുവരുന്ന ഹിന്ദു വര്‍ഗീയത സവര്‍ണ മേധാവിത്വവുമായും ബന്ധപ്പെട്ടതാണല്ലോ.
സവര്‍ണ ഫാസിസത്തിനെതിരായ രാഷ്ട്രീയ മുന്നണി ഇന്ത്യയില്‍ ഉയര്‍ന്നുവരുമോ? 'മതേതര ജനാധിപത്യ മുദ്രാവാക്യം' കൊണ്ട് മാത്രം ഫാസിസത്തെ നേരിടാന്‍ കഴിയുമോ?       
                                                                                                                                                                                                               രവീന്ദ്രന്‍ പുതുമന, അരിയല്ലൂര്‍


1975 ല്‍ ഇന്ത്യയില്‍ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നു അത് (ഫാസിസ്റ്റ് വാഴ്ച) നടപ്പാക്കിയത്. അതിനുശേഷം 1978ല്‍ ജലന്ധറില്‍ നടന്ന പാര്‍ടിയുടെ പത്താം കോണ്‍ഗ്രസ് അതുസംബന്ധിച്ച് അംഗീകരിച്ച രേഖയില്‍ ഇങ്ങനെ പറഞ്ഞിരുന്നു: അതിനെ ഒരു വ്യക്തിയുടെയോ പാര്‍ടിയുടെയോ മാത്രം സൃഷ്ടിയായിട്ടല്ല കാണേണ്ടത്. തങ്ങളുടെ അധികാരത്തിനുനേരെ ജനങ്ങളുടെ വെല്ലുവിളി ഉയരുമ്പോള്‍ കുത്തക മുതലാളിത്തമാണ് ഫാസിസ്റ്റ് വാഴ്ച ഏര്‍പ്പെടുത്തുന്നത്. അത് ഏത് മുതലാളിത്ത പാര്‍ടി ഭരിക്കുമ്പോഴും ഉണ്ടാകാം.


നമ്മുടെ ഭരണഘടന ഓരോ പൗരനും ജനങ്ങള്‍ക്കു മൊത്തത്തിലും ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളും സ്വാതന്ത്ര്യങ്ങളുമുണ്ട്. അവ പാലിക്കാന്‍ ഭരണഘടന അനുസരിച്ച് ഭരിക്കുന്ന ഏത് സര്‍ക്കാരും ബാധ്യസ്ഥമാണ്. അതിനു ഭരണകക്ഷിയും അതിനു പിന്തുണ നല്‍കുന്ന വിവിധ ശക്തികളും തയ്യാറാകാതെ വരും, അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ ജനങ്ങളെ ചൂഷണം ചെയ്യാനും അടിച്ചമര്‍ത്താനും കഴിയാതെ വരുമ്പോള്‍. ഭരിക്കുന്ന രാഷ്ട്രീയകക്ഷിക്കു ഉറച്ച പിന്തുണ നല്‍കുക പ്രധാനമായി രണ്ടു സാമൂഹ്യശക്തികളാണ്. ഒന്ന്, മഹാഭൂരിപക്ഷം ജനങ്ങളുടെ പിന്തുണയുള്ള മതനിരപേക്ഷ ജനാധിപത്യശക്തികള്‍. രണ്ട്, സാമ്പത്തികശക്തി കേന്ദ്രീകരിച്ചിരിക്കുന്ന കുത്തക മുതലാളിത്തവും അതിനെ പിന്താങ്ങുന്ന സാമ്രാജ്യത്വവും. ഈ രണ്ടാമത്തെ കൂട്ടരുടെ പിന്തുണയോടെയായിരുന്നു 1975ല്‍ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്.

1991 മുതല്‍ ഇന്ത്യയില്‍ നടപ്പാക്കപ്പെട്ട നവഉദാരവല്‍ക്കരണവാഴ്ചയില്‍ അധികാരത്തിനുമേല്‍ സാമ്രാജ്യത്വവും കുത്തക മുതലാളിത്തവും പിടിമുറുക്കിയിരിക്കുകയാണ്. അതുകൊണ്ടാണ് മോഡി സര്‍ക്കാര്‍ മുതലാളിമാരുടെ മേലുള്ള പ്രത്യക്ഷ നികുതികള്‍ വെട്ടിക്കുറച്ചതും പെട്രോള്‍, ഡീസല്‍ വിലകള്‍ പോലെ ജനസാമാന്യത്തെ നേരിട്ടു ബാധിക്കുന്ന നിത്യോപയോഗ സാധനങ്ങളുടെ വില കൂട്ടിക്കൊണ്ടിരിക്കുന്നതും.

2014 മുതല്‍ ഭരണത്തിലുള്ളത് ബിജെപിയാണ്. പഴയ മനുസ്മൃതിയാണ് ബിജെപിയെ പ്രത്യയശാസ്ത്രപരമായി നിയന്ത്രിക്കുന്ന ആര്‍എസ്എസ് മുറുകെപ്പിടിക്കുന്ന നയസംഹിത. ദളിതര്‍, ആദിവാസികള്‍ എന്നീ വിഭാഗങ്ങളെ നികൃഷ്ടരായാണ് മനുസ്മൃതി കണക്കാക്കുന്നത്. ഇസ്ലാം, ക്രിസ്തുമതം, കമ്യൂണിസ്റ്റ് പാര്‍ടി എന്നിവയെ ആദ്യകാലം മുതല്‍ ആര്‍എസ്എസ് ശത്രുക്കളായി കണക്കാക്കുന്നു. ചോദ്യത്തില്‍ പറയുന്ന ഗോമാതാവ്, രാമക്ഷേത്രം, ശബരിമല, ലൗജിഹാദ് എന്നിവ മേല്‍പറഞ്ഞ ജനവിഭാഗങ്ങളെ ശത്രുക്കളായി കണക്കാക്കി അടിച്ചമര്‍ത്താനോ രാജ്യത്തുനിന്നു പുറന്തള്ളാനോ ഉള്ള മറയൊരുക്കുന്നു. പുരുഷന്മാരുടെ അടിമകളായാണ് ആര്‍എസ്എസ് സ്ത്രീകളെ കാണുന്നത്.

ഇതിനര്‍ഥം ജനങ്ങളില്‍ മഹാഭൂരിപക്ഷത്തെ ആര്‍എസ്എസ് - ബിജെപി അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു എന്നോ അങ്ങനെചെയ്യാന്‍ ഉദ്ദേശിക്കുന്നു എന്നോ ആണ്. അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയവരെ അന്ന് എതിര്‍ത്തത് അതിനു എതിരായ എല്ലാ ജനവിഭാഗങ്ങളുടെയും - ആര്‍എസ്എസ് ജനസംഘക്കാര്‍ ഉള്‍പ്പെടെ - വിശാലാടിസ്ഥാനത്തില്‍ അണിനിരത്തിയാണ്. അതേപോലെ ഇപ്പോഴത്തെ ജനവിരുദ്ധ ഭരണകൂടശക്തികളെ എതിര്‍ക്കാന്‍ മതനിരപേക്ഷ ജനാധിപത്യപാര്‍ടികളെയും ശക്തികളെയും അണിനിരത്തണം.


അത് വലിയൊരു ജനസഞ്ചയമാണ്. ബദല്‍ രാഷ്ട്രീയമുന്നണിയല്ല. ഫാസിസത്തിലേക്കുള്ള രാജ്യത്തിന്‍റെ പോക്ക് തടയാനുള്ള ഉപകരണം. അതിനു ആദ്യം വേണ്ടത് മോഡി മന്ത്രിസഭയെ അധികാരത്തില്‍നിന്നു പുറന്തള്ളുകയാണ്. അതിനാണ് മതനിരപേക്ഷ ജനാധിപത്യമുന്നണി രൂപീകരിക്കേണ്ടത്. അതില്‍ വിജയം നേടുന്ന പ്രക്രിയക്കിടയില്‍ തുടര്‍ന്നു നിലവില്‍ വരേണ്ട സര്‍ക്കാരില്‍ ഏതൊക്കെ കക്ഷികള്‍ ഉണ്ടാകണമെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത് •