വരുവരുത്തിവെച്ച ഊര്‍ജ പ്രതിസന്ധി

സി പി നാരായണന്‍

വൈദ്യുതി രംഗത്ത് പവര്‍കട്ടും ലോഡ്ഷെഡ്ഡിങ്ങും ഇപ്പോള്‍ അടിയന്തരഭീഷണിയാണ് പല സംസ്ഥാനങ്ങളിലും. ഇന്ത്യയുടെ മൊത്തം വൈദ്യുതി ആവശ്യത്തിന്‍റെ 70 ശതമാനവും 135 കല്‍ക്കരി നിലയങ്ങളാണ് നിറവേറ്റുന്നത്. അവയില്‍ ഒക്ടോബര്‍ 10നു തുടങ്ങുന്ന ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസത്തേക്കു മാത്രമുള്ള കല്‍ക്കരി സ്റ്റോക്കേ ഉള്ളൂ എന്നാണ് വാര്‍ത്ത. തല്‍ഫലമായി ഇന്ത്യയിലെ പ്രധാന വ്യവസായ കേന്ദ്രങ്ങളുള്ള വലിയ സംസ്ഥാനങ്ങള്‍ പലതിലും നീണ്ട സമയത്തേക്കു ലോഡ് ഷെഡ്ഡിങ്ങും പവര്‍കട്ടും വേണ്ടിവരുമെന്നാണ് വ്യവസായകേന്ദ്രങ്ങളും മറ്റും നല്‍കുന്ന സൂചന.

എന്നാല്‍, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, ഊര്‍ജമന്ത്രി ആര്‍ കെ സിങ്, കല്‍ക്കരി മന്ത്രി പ്രഹ്ലാദ ജോഷി എന്നിവര്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ യോഗം ചേര്‍ന്ന ശേഷം മാധ്യമങ്ങളോട് പറഞ്ഞത് ഉല്‍ക്കണ്ഠക്ക് അവകാശമില്ല എന്നും വരുംദിവസങ്ങളില്‍ സ്ഥിതി മെച്ചപ്പെടുമെന്നും ആണ്. അതില്‍ അവര്‍ ചൂണ്ടിക്കാണിക്കുന്ന കാരണം ഇപ്പോള്‍ 4.3 കോടി ടണ്‍ കല്‍ക്കരി സ്റ്റോക്ക് ഉണ്ടെന്നും 4 ദിവസത്തേക്ക് 72 ലക്ഷം ടണ്‍ വീതമാണ് ആവശ്യമെന്നുമാണ്. അതായത്, 24 ദിവസത്തേക്ക് സ്റ്റോക്കുണ്ട് എന്ന്. എന്നാല്‍, 26 പവര്‍ പ്ലാന്‍റുകളില്‍ ഒരു ദിവസത്തേക്കുള്ള കല്‍ക്കരിയേ ഉളളൂ. 22 പ്ലാന്‍റുകളില്‍ രണ്ടുദിവസത്തേക്കും 18 പ്ലാന്‍റുകളില്‍ 3 ദിവസത്തേക്കുമാണ് സ്റ്റോക്കുള്ളത്. അവയുടെ മൊത്തം ഉല്‍പ്പാദനശേഷി ഏതാണ്ട് 87,000 മെഗാവാട്ടാണ്. അവയ്ക്കു ഉടന്‍ കല്‍ക്കരി കിട്ടാത്തപക്ഷം ഇത്രയും ഊര്‍ജക്കമ്മി വരും.

സാധാരണ ഈ മാസങ്ങളില്‍ പവര്‍ പ്ലാന്‍റുകളില്‍ സ്റ്റോക്കിന്‍റെ പ്രശ്നം ഉണ്ടാകാറുണ്ട്. കാരണം വര്‍ഷകാലത്തിനു തൊട്ടു പിന്നിലുള്ള മാസമാണിത്. ഇത്തവണ ഒക്ടോബറിലും കല്‍ക്കരിഖനി പ്രദേശങ്ങളില്‍ മഴയുണ്ട്. നമ്മുടെ ഇത്തരം ഖനികളെല്ലാം മേല്‍ഭാഗം തുറന്നവയാണ്. അതിനാല്‍ മഴക്കാലത്ത് അവയില്‍ വെള്ളം നിറയും. ഈ വര്‍ഷം മഴ ഈ ദിവസങ്ങളില്‍ കൂടുതലുമാണ്. അതാണ് ഒരു കാരണം. മറ്റൊന്ന്, കഴിഞ്ഞ വര്‍ഷത്തെ ഉല്‍പ്പാദനവുമായി താരതമ്യപ്പെടുത്തിയാണ് ഓരോ വര്‍ഷവും ഉല്‍പ്പാദിപ്പിക്കുക. കഴിഞ്ഞ വര്‍ഷം ഈ കാലത്ത് കോവിഡ് ബാധ മൂലം ആവശ്യം കുറവായിരുന്നു; ഉല്‍പ്പാദനവും അങ്ങനെ തന്നെ. ഇപ്പോള്‍ ഫാക്ടറികളെല്ലാം തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അതുകൊണ്ട് വൈദ്യുതിക്കുള്ള ആവശ്യം കുത്തനെ വര്‍ധിച്ചു. അതിനുതക്കവണ്ണം കല്‍ക്കരി സ്റ്റോക്ക് വര്‍ധിപ്പിക്കണമെന്ന് കാലേക്കൂട്ടി ആസൂത്രണം ചെയ്യപ്പെട്ടില്ല.

ഇത്തരത്തില്‍ ദൂരക്കാഴ്ചയോടെ കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്ന സമ്പ്രദായം മോഡി സര്‍ക്കാരിനു കീഴിലില്ല. അവര്‍ ആസൂത്രണത്തിനു തന്നെ അപ്പാടെ എതിരാണല്ലോ. അതിന്‍റെ ഫലമെന്താണ്? കല്‍ക്കരി സ്റ്റോക്കുണ്ടാകാന്‍ ആഴ്ചകളോ മാസങ്ങളോ എടുക്കും. അതുവരെ വൈദ്യുതി ഉല്‍പ്പാദനത്തില്‍ വലിയ കുറവുണ്ടാകും. രാജ്യത്തെ ആകെ വൈദ്യുതി ഉല്‍പ്പാദനത്തില്‍ 70 ശതമാനവും കല്‍ക്കരി പവര്‍ പ്ലാന്‍റുകളിലാണ് നടക്കുന്നത്. ജലവൈദ്യുതി, ഡീസല്‍-ഗ്യാസ് പ്ലാന്‍റുകള്‍, ആണവവൈദ്യുതി മുതലായവയെല്ലാം കൂടി 30 ശതമാനമേ ഉണ്ടാകൂ. അതിനാല്‍ കാര്യങ്ങള്‍ സാധാരണ ഗതിയിലാകാന്‍ മാസങ്ങള്‍ തന്നെ വേണ്ടിവരും.

ലോകത്തിലെ ഏറ്റവും കൂടുതല്‍ കല്‍ക്കരി ഖനനം ചെയ്യാന്‍ കഴിയുന്ന രാജ്യമാണ് ഇന്ത്യ. പക്ഷേ, കല്‍ക്കരി ഉപഭോക്താക്കളായ താപവൈദ്യുതിനിലയ ഉടമകള്‍ക്ക് വിദേശ കല്‍ക്കരിയിലാണ് താല്‍പ്പര്യം. (ഇവിടത്തെ കല്‍ക്കരി ഖനനം ചെയ്യുമ്പോള്‍ 40 ശതമാനം ചാരമായിരിക്കും. അത് വേര്‍പ്പെടുത്തണം എന്ന ദൂഷ്യമുണ്ട്).

ആ ലക്ഷ്യത്തോടെ അദാനി ആസ്ട്രേലിയയില്‍ ഏറെ ഖനികള്‍ ലേലം ചെയ്തെടുത്തിരുന്നു. പക്ഷേ, അന്നാട്ടുകാരുടെ എതിര്‍പ്പുമൂലം ഇതേവരെ ഖനനം ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. അദാനി ആസ്ട്രേലിയന്‍ കല്‍ക്കരി കൊണ്ടുവരുന്നതുവരെ ഇവിടെ കല്‍ക്കരി ഖനനം ചെയ്യേണ്ട എന്ന അഭിപ്രായം മോദിക്കുണ്ടോ എന്നറിയില്ല. ഉണ്ടായാല്‍ അത്ഭുതമില്ല.

വിദേശത്ത് കല്‍ക്കരിക്കു വലിയ പ്രിയമാണ്, വിലയുമാണ്. ചൈനക്ക് ആവശ്യത്തിനു കല്‍ക്കരിയില്ല. കഴിഞ്ഞ മാസങ്ങളില്‍ അവിടെ പ്രളയം തന്നെ ഉണ്ടായതിനാല്‍ അവിടെ ഉള്ള ഖനികളില്‍നിന്നുപോലും കല്‍ക്കരി ലഭ്യമല്ല. താപവൈദ്യുതി നിര്‍മാണത്തിന് ആവശ്യമായ കല്‍ക്കരിയുടെ ക്ഷാമം ഉള്ളതിനാല്‍ നിരവധി പ്രദേശങ്ങളില്‍ അവിടെ പവര്‍കട്ടും ലോഡ്ഷെഡ്ഡിങ്ങും ഉണ്ട്. അതിനാല്‍ പുറത്തുനിന്നു കല്‍ക്കരി ഇന്ത്യക്ക് കിട്ടാനില്ല എന്നു പറയാം. വില മുമ്പില്ലാത്ത തോതില്‍ ഉയര്‍ന്നിരിക്കുന്നു.

ഈ സ്ഥിതി വിശേഷത്തിന്‍റെ പരിണതഫലം രാജ്യത്താകെ പൊതുവിലും പഞ്ചാബ്, രാജസ്താന്‍, യുപി, ബിഹാര്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടകം മുതലായ സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ചും, വൈദ്യുതിക്ഷാമം വരും ആഴ്ചകളില്‍ വര്‍ധിക്കാം എന്നതാണ്. അതിന്‍റെ ആഘാതം കേരളത്തെയും ഒരു പരിധിവരെ ബാധിച്ചേക്കാം.

ദൂരക്കാഴ്ചയും ആസൂത്രണവും ഇല്ലാത്തതാണ് മോഡി സര്‍ക്കാരിന്‍റെ ഈ മേഖലയിലെയും വീഴ്ചയ്ക്കു കാരണം. അത് ആ സര്‍ക്കാരിന്‍റെ കീഴിലെ മിക്ക മേഖലകള്‍ക്കും ബാധകമാണ്. ഇപ്പോള്‍ താപവൈദ്യുതിക്ഷാമം കൊടുമ്പിരിക്കൊള്ളുന്നു എന്നേയുള്ളൂ •