വി കെ എസ്: ശാസ്ത്ര പ്രചാരകനില്‍നിന്നും ജനമനസ്സിന്‍ ഈണത്തിലേക്ക്

കൊട്ടിയം രാജേന്ദ്രന്‍

കേരളത്തിന്‍റെ ജനകീയ സാംസ്കാരിക ചരിത്രത്തില്‍, ശാസ്ത്ര പ്രചാരണ ചരിത്രത്തില്‍, സാക്ഷരതാ ചരിത്രത്തില്‍, ജനകീയാസൂത്രണ പ്രസ്ഥാനത്തില്‍, ബഹുജന വിദ്യാഭ്യാസ ചരിത്രത്തില്‍ വി കെ ശശിധരന്‍ എന്ന വി കെ എസ് തന്‍റേതു മാത്രമായ ഒരു പന്ഥാവ് തെളിച്ചെടുത്തിരുന്നു. മഹാത്മാഗാന്ധി പറഞ്ഞതുപോലെ 'എന്‍റെ ജീവിതമാണ് എന്‍റെ സന്ദേശം' എന്നതുപോലെ ലാളിത്യത്തിനും നിസ്വാര്‍ഥതയ്ക്കും സ്വജീവിതംകൊണ്ട് വഴികാട്ടിയ വി കെ എസ് ഇക്കഴിഞ്ഞ ഒക്ടോബര്‍ ആറിന് വെളുപ്പിന് മൂന്നരയ്ക്ക് നമ്മെ വിട്ടുപിരിഞ്ഞു. 


1938 മേയ് 5-ാം തീയതി എറണാകുളം ജില്ലയില്‍ വടക്കന്‍ പറവൂരിനടുത്ത് കെടാമംഗലത്ത് പുത്തന്‍ വേലിക്കരയില്‍ എം സി കുമാരന്‍റേയും ദേവകിയുടേയും മൂന്നാമത്തെ കുട്ടിയായി ജനിച്ചു. വേലിക്കരയില്‍ കുമാരന്‍ ശശിധരന്‍ ആണ് വി കെ ശശിധരന്‍. അച്ഛന്‍ ഒരു സംഗീത ഭ്രാന്തനും നാടക നടനുമായിരുന്നു. വി കെ എസിന്‍റെ വീട്ടില്‍വച്ചായിരുന്നു നാടക പരിശീലന കളരികള്‍. ഈ നാടകങ്ങളിലെ പാട്ടുകള്‍ സ്വയം മൂളിനടന്ന കുട്ടിയുടെ സംഗീതത്തിലുള്ള ജന്മവാസന അമ്മാവനായ കെടാമംഗലം പപ്പുക്കുട്ടി വക്കീല്‍ ശ്രദ്ധിച്ചു. (ഇദ്ദേഹം 'കടത്തുവഞ്ചി' എന്ന ഒറ്റ കവിതാ സമാഹാരംകൊണ്ടുതന്നെ 'കേരളത്തിന്‍റെ മയ്ക്കോവിസ്കി' എന്ന് കേസരി ബാലകൃഷ്ണപിള്ള വിശേഷിപ്പിച്ച കവിയാണ്) അക്കാലത്തെ പ്രമുഖ സംഗീതജ്ഞനായിരുന്ന പരമുദാസ് ഭാഗവതരെ വീട്ടില്‍ വരുത്തി ആറുവര്‍ഷക്കാലം സംഗീതം അഭ്യസിപ്പിച്ചു. വീട്ടില്‍വച്ച് പരിശീലിപ്പിച്ചിരുന്ന നാടകങ്ങളിലെ പുരോഗമന ആശയങ്ങളും കുഞ്ഞു ശശിയുടെ മസ്തിഷ്ക വളര്‍ച്ചയുടെ വികാസത്തിന്‍റെ ഭാഗമായി. 

പുത്തന്‍ വേലിക്കര എല്‍പിഎസില്‍ പ്രൈമറി വിദ്യാഭ്യാസവും കെടാമംഗലം യുപിഎസില്‍ അപ്പര്‍ പ്രൈമറിയും വടക്കന്‍ പറവൂര്‍ ബോയ്സ് ഹൈസ്കൂളില്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തീകരിച്ചു. ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജില്‍നിന്ന് (യു സി കോളേജ്) ഇന്‍റര്‍മീഡിയറ്റ് പാസാവുകയും ബിഎസ്സിക്ക് അവിടെത്തന്നെ ചേരുകയും ചെയ്തു. എന്നാല്‍ തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗിന് അഡ്മിഷന്‍ കിട്ടിയതോടെ തിരുവനന്തപുരത്തേക്ക് വന്നു. 1960ല്‍ എഞ്ചിനീയറിംഗ് പാസായി. തുടര്‍ന്ന് മലപ്പുറം ഹൈസ്കൂളില്‍ രണ്ടുമാസക്കാലം അധ്യാപകനായി ജോലിനോക്കി. അപ്പോഴാണ് കൊട്ടിയം പോളിടെക്നിക്കില്‍ ജോലികിട്ടുകയും കൊല്ലത്തേക്ക് വരികയും ചെയ്തത്. അന്നുമുതല്‍ കൊല്ലത്തിന്‍റെ ദത്തുപുത്രനായി. അല്ല പുത്രന്‍തന്നെയായി. 

1968 മുതല്‍ ശാസ്ത്രസാഹിത്യ പരിഷത്തുമായി ബന്ധപ്പെട്ടുതുടങ്ങി. 1969 ജനുവരി 23-ാം തീയതി കൊല്ലം കോളേജ് ജംഗ്ഷനിലുള്ള ശാരദാ കല്യാണ മണ്ഡപത്തില്‍വച്ച്  പ്രൊഫ. വസന്തലതയുമായുള്ള വിവാഹം നടന്നു. വിവാഹവേദിയില്‍നിന്നും ഇറങ്ങിയ വി കെ എസിന്‍റെ കാതില്‍ കൊല്ലം ജില്ലയിലെ ആദ്യത്തെ പരിഷത് പ്രവര്‍ത്തകനായ പ്രൊഫ. പി രാമചന്ദ്രമേനോന്‍ ഇങ്ങനെ മന്ത്രിച്ചു. ശശിയെ പരിഷത്തിന്‍റെ കൊല്ലം ജില്ലാ പ്രസിഡന്‍റായി തീരുമാനിച്ചിരിക്കുന്നു. അങ്ങനെ രണ്ട് സമ്മാനങ്ങള്‍ വി കെ എസിന് അന്ന് കിട്ടി. 

വി കെ എസ് സംഗീതത്തിന്‍റെയും ആലാപനത്തിന്‍റെയും ഹിമാലയ ഗിരിശൃംഗത്തിലേക്ക് നടന്നു കയറുന്നതിന് തുടക്കമിട്ടത് യു സി കോളേജില്‍ പഠിക്കുമ്പോഴാണ്. സുഹൃത്തായ പി കെ ശിവദാസുമൊത്ത് വയലാറിന്‍റെ "രമണന്‍റെ ശവകുടീരത്തില്‍" എന്ന കവിതയെ ആസ്പദമാക്കി തയ്യാറാക്കി അവതരിപ്പിച്ച നിഴല്‍നാടകമായിരുന്നു അത്. തിരുവനന്തപുരത്തെ താമസത്തിനിടയ്ക്ക് എസ് പി രമേഷ്, അരവിന്ദന്‍ (സംവിധായകന്‍) എന്നിവരുമായുള്ള സഹവാസം പുതിയ ബന്ധങ്ങള്‍ക്ക് വഴിതെളിച്ചു. ആറ്റിങ്ങല്‍ ദേശാഭിമാനി തിയറ്റേഴ്സിന്‍റെ അഗ്നിപുത്രി, സത്രം, ഉയര്‍ത്തെഴുന്നേല്‍പ് എന്നീ വിഖ്യാത നാടകങ്ങള്‍ക്ക് ശിവന്‍-ശശി കൂട്ടുകെട്ടാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്. അഗ്നിപുത്രി എന്ന നാടകത്തിലൂടെയായിരുന്നു അന്തരിച്ച ബ്രഹ്മാനന്ദന്‍ എന്ന ഗായകന്‍റെ അരങ്ങേറ്റം.  അടൂര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിവച്ച് പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ 'കാമുകി' (സി എന്‍ ശ്രീകണ്ഠന്‍നായരുടെ രചന) എന്ന സിനിമയ്ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചത് ശിവന്‍-ശശി കൂട്ടുകെട്ടായിരുന്നു. ഈ ചിത്രത്തിന്‍റെ ഗാനചരന നിര്‍വഹിച്ചത് ഏറ്റുമാനൂര്‍ സോമദാസന്‍ ആയിരുന്നു. ഇതില്‍ രണ്ട് ഗാനങ്ങള്‍വീതം യേശുദാസും എസ് ജാനകിയും പാടി. ഒരെണ്ണം സി ഒ ആന്‍റോ ആണ് പാടിയത്. ഈ ഗാനങ്ങളില്‍ ചിലത് 1978ല്‍ രാജീവ്നാഥ് സംവിധാനംചെയ്തു. 'തീരങ്ങള്‍' എന്ന സിനിമയില്‍ ഉള്‍പ്പെടുത്തുകയുണ്ടായി.

1976ലാണ് ഞാന്‍ ആദ്യമായി വി കെ എസിനെ പരിചയപ്പെടുന്നത്. കൊട്ടിയം ഗ്രാമശാസ്ത്ര സമിതി രൂപീകരണവുമായി ബന്ധപ്പെട്ടായിരുന്നു അത്. ആ ബന്ധം മരണത്തിന്‍റെ അവസാനദിവസംവരെ തുടര്‍ന്നു. 1975ലാണ് ശാസ്ത്രസാഹിത്യപരിഷത്തിന്‍റെ ആദ്യത്തെ സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് തൃശ്ശൂര്‍ ജില്ലയിലെ പീച്ചിയില്‍വച്ച് നടക്കുന്നത്. ആ ക്യാമ്പിന്‍റെ ഇടവേളകളില്‍ ഡോ. എം പി പരമേശ്വരന്‍റെ നിര്‍ബന്ധത്തിന് വഴങ്ങി ചില കവിതകള്‍ വി കെ എസ് പാടിയിരുന്നു. വി കെ എസിന്‍റെ വ്യക്തി ജീവിതത്തിലും പരിഷത്തിന്‍റെ വികാസ ചരിത്രത്തിലും സാക്ഷരത, ജനകീയാസൂത്രണം, കുട്ടികളുടെ പാട്ടുമാടങ്ങള്‍ തുടങ്ങിയവയ്ക്കൊക്കെ ഊര്‍ജം പകര്‍ന്നതിന്‍റെ തുടക്കം പീച്ചി ക്യാമ്പ് ആയിരുന്നു. 

1976-ല്‍ അനൗപചാരിക വിദ്യാഭ്യാസ സമിതി കണ്‍വീനര്‍, കൊല്ലം ജില്ലാ പ്രസിഡന്‍റ്, സെക്രട്ടറി, സംസ്ഥാന വൈസ്പ്രസിഡന്‍റ്, പ്രസിദ്ധീകരണ സമിതി കണ്‍വീനര്‍, കലാജാഥ കണ്‍വീനര്‍, ബാലവേദി കണ്‍വീനര്‍ തുടങ്ങിയ നിരവധി ചുമതലകള്‍ പരിഷത്തില്‍ നിര്‍വഹിച്ചു. വി കെ എസ് ജനറല്‍സെക്രട്ടറിയായിരിക്കുമ്പോഴാണ് പരിഷത്തിന്‍റെ മുഖമാസികയായ 'പരിഷത്വാര്‍ത്ത' ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. പ്രസിദ്ധീകരണ സമിതി കണ്‍വീനര്‍ ആയിരിക്കുമ്പോഴാണ് 'ശാസ്ത്ര കൗതുകം' എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ബാലവേദി കണ്‍വീനര്‍ ആയിരിക്കുമ്പോഴാണ് കൊല്ലത്തു നടന്ന സംസ്ഥാന ബാലോത്സവവും തൃശ്ശൂരില്‍ നടന്ന അഖിലേന്ത്യാ ബാലോത്സവവും നടക്കുന്നത്.  കൊല്ലത്തുവച്ച് നടന്ന പരിഷത്തിന്‍റെ 14, 24 എന്നീ സംസ്ഥാന വാര്‍ഷിക സമ്മേളനങ്ങളുടെ ജനറല്‍ കണ്‍വീനറും വി കെ എസ് ആയിരുന്നു.

"നെഞ്ചുയര്‍ത്തി ഇന്ത്യയില്‍ നമുക്ക് പാടുവാന്‍
ഒരൊറ്റ സംഘഗാനം അതില്‍ സിംഹനാദം
ഇന്നലെകള്‍ രചിച്ചു ധന്യ ദിന രാത്രങ്ങളില്‍
മര്‍ത്യര്‍ കുന്നുകൂട്ടിയിട്ട വിശ്വവിജ്ഞാനങ്ങള്‍" 

എന്ന് തുടങ്ങുന്ന സംഘ മഹാഗാനം കരിവെള്ളൂര്‍ മുരളിയെക്കൊണ്ട് വി കെ എസ് എഴുതിച്ചത് 24-ാം സംസ്ഥാന വാര്‍ഷികത്തിന്‍റെ സ്വാഗത ഗാനാലാപനത്തിനുവേണ്ടിയായിരുന്നു. പരിഷത്തിന്‍റെ ചരിത്രവും ദര്‍ശനവും ഭാവിയും ഈ സംഘ മഹാ ശില്‍പത്തിലൂടെ കരിവെള്ളൂര്‍ ശില്‍പരചന നടത്തി:
"കിലുകിലുക്കും കിലുകിലുക്കും
ചെപ്പുകള്‍ ഞങ്ങള്‍
കളകളാരവംപൊഴിക്കും
മുത്തുകള്‍ ഞങ്ങള്‍"
വിശ്വസൗന്ദര്യമേ പ്രഭചൊരിഞ്ഞീടൂ..
വിശ്വമാകെ ചിറകടിച്ചു ഞങ്ങള്‍ വരുന്നൂ
വിശ്വമാകെ സന്തോഷ പന്തലുകെട്ടാന്‍"

ഇന്ത്യയിലെ ഏതാണ്ടെല്ലാ ഭാഷകളിലും മൊഴിമാറ്റി ബാലോത്സവ ജാഥകളില്‍ അവതരിപ്പിച്ച ഈ ഗാനവും അന്ന് ജനറല്‍സെക്രട്ടറിയായിരുന്ന കെ ടി രാധാകൃഷ്ണനെക്കൊണ്ട് വി കെ എസ് എഴുതിച്ചത് 24-ാം സംസ്ഥാന വാര്‍ഷികത്തിന്‍റെ അനുബന്ധ പരിപാടിയായി നടന്ന സംസ്ഥാന ബാലോത്സവത്തിന്‍റെ സ്വാഗത ഗാനമായായിരുന്നു. 

മഞ്ഞുതുള്ളിപോല്‍ നറും മഞ്ഞുവീണലിഞ്ഞിരുന്ന, കളകളാരവം പൊഴിക്കുന്ന ശാന്തമായ കുഞ്ഞരുവിപോല്‍ ഒഴുകിയിരുന്ന ഗാനാലാപന ശൈലിയില്‍ ഒരു വഴിത്തിരിവ് ഉണ്ടാകുന്നത് കോറസ് തീയറ്റേഴ്സിന്‍റെ 'അമ്മ'യിലൂടെയാണ്. (മാക്സിം ഗോര്‍ക്കിയുടെ 'അമ്മ' എന്ന നോവലിനെ ആസ്പദമാക്കി ബര്‍ത്തോള്‍ഡ് ബ്രഹ്ത് തയാറാക്കിയ നാടകം) ആറ്റിങ്ങല്‍ ദേശാഭിമാനി തിയറ്റേഴ്സിന്‍റെ തളര്‍ച്ചയില്‍നിന്നും ഉയിര്‍കൊണ്ടതാണ് കോറസ്. എം പി പരമേശ്വരന്‍, സി പി നാരായണന്‍, ഇ എം ശ്രീധരന്‍ (ഇ എം എസിന്‍റെ മകന്‍), പി ദാമോദരന്‍ പിള്ള എന്നിവരായിരുന്നു കോറസിന്‍റെ അമരക്കാര്‍. 


നാളെ നേതാക്കളായ് മാറേണ്ട നിങ്ങള്‍ക്ക്
കാലമമാന്തിച്ചുപോയില്ല
എന്തിന്നധീരത ഇപ്പോള്‍ തുടങ്ങുവിന്‍
എല്ലാം നിങ്ങള്‍ പഠിക്കേണം
തയ്യാറാകണം ഇപ്പോള്‍തന്നെ
ആജ്ഞാശക്തിയായ് മാറിടാന്‍
പട്ടിണിയായ മനുഷ്യാ നീ
പുസ്തകം കൈയിലെടുത്തോളൂ.
ഒഴിഞ്ഞ ചട്ടിയില്‍നിന്നും എങ്ങനെ
കഞ്ഞികുടിക്കും നീ. 

എങ്ങനെ വയറുനിറയ്ക്കും നീ തുടങ്ങി 9 ഓളം ഗാനങ്ങള്‍ പരിഭാഷപ്പെടുത്തിയത് പുനലൂര്‍ ബാലന്‍ ആയിരുന്നു. വി കെ എസ് ആയിരുന്നു സംഗീതം. കേരളത്തിലും മലയാളികള്‍ ഉള്ള മുഴുവന്‍ സ്ഥലങ്ങളിലും പതിനായിരക്കണക്കിന് വേദികളില്‍ ഈ പാട്ടുകള്‍ പലരും തുടികൊട്ടിപ്പാടിയിട്ടുണ്ട്. പരിഷത്തിന്‍റെ കലാജാഥകളിലും സാക്ഷരതാ പ്രസ്ഥാനത്തിലും ഒക്കെ മലയാളിയെ ആവേശംകൊള്ളിച്ചതായിരുന്നു അമ്മയിലെ ഗാനങ്ങള്‍.


1980ലെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇ എം എസിന്‍റെ നേതൃത്വത്തില്‍ കേരളത്തിലെമ്പാടും പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഈ പൊതുയോഗത്തിന് അരമണിക്കൂര്‍ മുമ്പ് വി കെ എസിന്‍റെ നേതൃത്വത്തിലുള്ള ബോള്‍ഷെവിക് ഗായകസംഘം അമ്മ നാടകത്തിലെ ഗാനങ്ങള്‍ അവതരിപ്പിച്ചിരുന്നു. ജനമഹാ സാഗരത്തെ ആവേശക്കൊടുമുടിയില്‍ എത്തിക്കുന്നതായിരുന്നു ബോള്‍ഷെവിക് ഗായകസംഘത്തിന്‍റെ ഗാനാലാപന ശൈലി. 1980 ജനുവരി 25ന്  ഇ കെ നായനാര്‍ മന്ത്രിസഭ അധികാരമേറ്റു.

1980 ഒക്ടോബര്‍ 2 മുതല്‍ നവംബര്‍ 7വരെ നടന്ന പ്രഥമ ശാസ്ത്ര കലാജാഥയുടെ ചിന്തയിലേക്ക് പരിഷത്തിനെ നയിച്ചതിനെക്കുറിച്ച് ഡോ. എം പി പരമേശ്വരന്‍റെ ആത്മകഥയില്‍ ഇങ്ങനെ കുറിക്കുന്നു. 'കലാജാഥയിലെ ഗാനങ്ങള്‍ക്ക് ഈണം പകരാന്‍ ശശിയോട് പറയണമെന്ന് പുനലൂര്‍ ബാലന്‍ നിര്‍ദേശിച്ചു. കൊല്ലം ജില്ലയിലെ സജീവ പ്രവര്‍ത്തകനായ ശശിയോട് സംസാരിച്ചപ്പോള്‍ ആദ്യം വിസമ്മതിച്ചു. "പാട്ടിന്‍റെ ലോകത്ത് പോയി പൊള്ളലേറ്റ് തിരിച്ചുവന്നതാണ്. ഇനിയും അങ്ങോട്ട് തള്ളിവിടരുതേ". ശശി അപേക്ഷിച്ചു. ഏതാനും സിനിമകള്‍ക്ക് സംഗീത സവിധാനം ചെയ്തതിന്‍റെ അനുഭവമാണ് ശശി പറഞ്ഞത്. പക്ഷേ എന്‍റെ സൗഹൃദപൂര്‍ണമായ നിര്‍ബന്ധത്തിന് അയാള്‍ വഴങ്ങി. അതില്‍ അയാള്‍ക്ക് പശ്ചാത്തപിക്കേണ്ടി വന്നിട്ടില്ലെന്നാണ് എന്‍റെ വിശ്വാസം'. (കാലഹരണമില്ലാത്ത സ്വപ്നങ്ങള്‍ - എം പി പരമേശ്വരന്‍, പേജ് 172).

1990 ഏപ്രില്‍ 8നായിരുന്നു സാക്ഷരതാ നിര്‍ണയ സര്‍വേ നടന്നത്. ഇതിന്‍റെ അരങ്ങൊരുക്കുന്നതിനായി കേരളമെമ്പാടും നടന്ന 500ല്‍പരം കലാജാഥാ ടീം അംഗങ്ങളെ പരിശീലിപ്പിക്കുന്നതിന് നേതൃത്വംകൊടുത്തതും വി കെ എസ് ആയിരുന്നു. ജന്മസിദ്ധമായ ജീനുകളില്‍കൂടി ലഭിച്ച കലയുടെ, സംഗീതത്തിന്‍റെ വരദാനങ്ങള്‍ സാക്ഷരതാ യജ്ഞത്തിനും ജനകീയാസൂത്രണത്തിനും നിതാന്തമായി ഊര്‍ജം പകര്‍ന്നുകൊണ്ടിരുന്നു. പ്രീ പ്രൈമറി കുഞ്ഞുങ്ങള്‍ മുതല്‍ വന്ദ്യ വയോധികര്‍വരെ ജനലക്ഷങ്ങള്‍ ആ നാദത്തില്‍, ഈണത്തില്‍ സ്വയം അലിഞ്ഞ് ആലാപനം നടത്തിയിട്ടുണ്ട്. 

സിനിമയിലും നാടകങ്ങളിലും ആ പ്രതിഭ വേണ്ടത്ര വിലയിരുത്തപ്പെടാതെപോയത് ഒരുവേള ലോക മലയാളിക്കുവേണ്ടി കേരളത്തിന്‍റെ ജനകീയ ഗായകനെ ചരിത്രം സൂക്ഷിച്ചുവച്ചതുകൊണ്ടാകാം. 

പറയന്‍റെ കുന്നിന്‍റെ അങ്ങേച്ചെരുവിലെ
പാറക്കെട്ടിന്നടിയില്‍ കിളിവാതിലില്‍കൂടി 
തുറുകണ്ണും പായിച്ച് പകലൊക്കെ പാര്‍ക്കും പൂതം.
അമ്മ മിഴിക്കും കണ്‍മുമ്പിലൊരുണ്‍മയില്‍നിന്നും തിങ്കളൊളിപ്പൂ
പുഞ്ചിരി പെയ്തു കുളിര്‍പ്പിച്ചുംകൊണ്ടഞ്ചിത ശോഭം പൊന്നുണ്ണി

ഇടശ്ശേരിയുടെ പൂതപ്പാട്ടിന്‍റെ സംഗീതാവിഷ്കാരത്തിലൂടെ പുതിയൊരു ആസ്വാദനതലം മലയാളിക്ക് വി കെ എസ് സമ്മാനിച്ചു. അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധത്തിന്‍റേയും പൂതത്തിന്‍റെ ആത്മനൊമ്പരങ്ങളുടെയും കഥ കണ്ണീരോടെ മലയാളി കേട്ടു. ഇതിലെ അനുഭവങ്ങളുടെ വികാസമാണ് രവീന്ദ്രനാഥ ടാഗോറിന്‍റെ ഗീതാഞ്ജലിയിലൂടെ നാം ശ്രവിച്ചത്. 
"എത്ര മനോഹരമാണവിടുത്തെ ഗാനാലാപന ശൈലി 
നിഭൃതം ഞാനതു കേള്‍പ്പൂ സതതം നിതാന്ത വിസ്മയശാലി"

ഗീതാഞ്ജലിയിലെ ഈ വരികള്‍ പാടുമ്പോള്‍ വി കെ എസില്‍ ഒരു വികാര പ്രപഞ്ചം ഉണ്ടാവുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. വി കെ എസിനുവേണ്ടി ടാഗോര്‍ ഈ വരികള്‍ എഴുതിവച്ചതാണെന്ന് തോന്നിപ്പോകും. 

പുത്തന്‍ കലവും അരിവാളും, ബാലോത്സവ ഗാനങ്ങള്‍, മധുരം മലയാളം, ശാസ്ത്രഗീതികകള്‍, കളിക്കൂട്ടം, പ്രണയം, അക്ഷരഗീതങ്ങള്‍, മലയാള മധുരിമ, മഴ, പുലര്‍വെട്ടം, എന്‍റെ മണ്ണ് എന്‍റെ ആകാശം, പടയൊരുക്കപ്പാട്ടുകള്‍ തുടങ്ങി ഇരുപതോളം സംഗീത ആല്‍ബങ്ങളും മലയാളിക്ക് സമ്മാനിച്ചു. 

എത്ര നെഞ്ചകങ്ങള്‍ തീ കത്തിയമര്‍ന്നു
എത്ര നെരിപ്പോടുകളില്‍ ചിതകളെരിഞ്ഞു
ഇത്രനാള്‍ നാം പാടിയ പാട്ടുകള്‍ ചുട്ടുപഴുക്കുന്നു
എട്ടു ദിക്കുകള്‍ കേള്‍ക്കെ പൊട്ടിച്ചിതറുന്നു.

കരിവെള്ളൂര്‍ മുരളിയുടെ ഈ വരികള്‍ പാടുമ്പോള്‍ പുതിയൊരു നാടുണരുന്നതിനുവേണ്ടി ജീവത്യാഗംചെയ്ത രക്തസാക്ഷികളുടെ വികാരങ്ങളുടെ കടലിരമ്പം വി കെ എസിലും തുടിക്കുന്നത് കാണാം. സംഗീതം സാമൂഹ്യ വിപ്ലവത്തിന് എന്നൊരു കാഴ്ചപ്പാടും അദ്ദേഹം വളര്‍ത്തിയിരുന്നു. കേരളത്തിന്‍റെ ജനകീയ സംഗീത സാംസ്കാരിക ചരിത്രത്തില്‍ വി കെ എസ് തന്‍റേതായ ഒരു പന്ഥാവ് തുറന്നിരിക്കുന്നു. ആ സിംഹാസനം ശൂന്യമായിരിക്കുന്നു. പക്ഷേ കേരളീയ സമൂഹം ശ്രോതാവായി, കൂട്ടുകാരനായി, പങ്കാളിയായി പല മെയ്യും ഒരു സ്വരവുമായി വി കെ എസിനൊപ്പം എന്നും സഞ്ചരിച്ചുകൊണ്ടേ ഇരിക്കും • 
(ലേഖകന്‍ ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ കൊല്ലം ജില്ലാ സെക്രട്ടറി, പ്രസിഡന്‍റ്, സംസ്ഥാന സെക്രട്ടറിഎന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്)