ഇന്ത്യന്‍ ജനതയെ തകര്‍ക്കുന്ന മോഡിഭരണം

കോവിഡ് -19 ബാധ മാനവരാശിയെ സംബന്ധിച്ചിടത്തോളം അവിചാരിതമായ സംഭവമാണ്. പല രാജ്യങ്ങളിലായി ലക്ഷക്കണക്കിന് ആളുകളുടെ മരണം, അതിലേറെ പേര്‍ക്ക് പല തരത്തിലുള്ള വേദനകളും യാതനകളും. ഇവ അപ്രതീക്ഷിതമായിരുന്നു. എന്നാല്‍, ദീനദയയും ദീര്‍ഘദൃഷ്ടിയുമുള്ള ഭരണാധികാരികള്‍ക്ക് പല യാതനകളും ഒഴിവാക്കാമായിരുന്നു. പല രാജ്യങ്ങളിലും അത് ഉണ്ടായില്ല. അമേരിക്കയെയും ബ്രിട്ടനെയും പോലുള്ള രാജ്യങ്ങള്‍. പ്രത്യക്ഷ ഉദാഹരണം. അക്കൂട്ടത്തില്‍പെടുന്നതാണ് ഇന്ത്യയും.

രോഗബാധ പല സംസ്ഥാനങ്ങളിലും വ്യാപിക്കുന്നതായി മാര്‍ച്ച് മാസത്തില്‍ കേന്ദ്ര സര്‍ക്കാരിന് അറിയാമായിരുന്നു. കൂടുതല്‍ വ്യാപനം തടയാന്‍ രാജ്യത്തെ എല്ലാ പ്രവര്‍ത്തനവും അടച്ചിടണം എന്ന ചിന്ത ഉണ്ടായി. അത് നടപ്പാക്കുംമുമ്പ് ജനങ്ങള്‍ക്ക് ഏതാനും ദിവസത്തെ മുന്നറിയിപ്പ് നല്‍കാമായിരുന്നു. അടച്ചിടലോടെ തൊഴില്‍ നഷ്ടപ്പെടുന്നവര്‍, വിദ്യാഭ്യാസം സ്തംഭിക്കുന്നവര്‍ മുതലായ വിഭാഗങ്ങള്‍ക്ക് നാടുപറ്റാന്‍ അവസരം കൊടുക്കാമായിരുന്നു. അല്ലെങ്കില്‍ ഉള്ള സ്ഥലങ്ങളില്‍ അടച്ചിടല്‍ വേളയില്‍ ജീവിക്കാന്‍ ഭക്ഷ്യവസ്തുക്കളും അത്യാവശ്യചെലവുകളും നല്‍കാമായിരുന്നു. അതൊന്നും മോഡി സര്‍ക്കാര്‍ ചെയ്യാതിരുന്നതുകൊണ്ടാണ് ഏപ്രില്‍ മാസം മുതല്‍ അന്യസംസ്ഥാന തൊഴിലാളികള്‍ പല സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചു പോകാന്‍ തുടങ്ങിയത്. കുഞ്ഞുകുട്ടി പരാധീനങ്ങളോടെ കാല്‍നടയായി അറ്റ വേനല്‍ക്കാലത്ത് 7,00,000 പേര്‍, 1500 കി.മീ യാത്ര ചെയ്യേണ്ടിവന്നു. ഇത് ഒഴിവാക്കപ്പെടേണ്ടതായിരുന്നു.

സര്‍ക്കാര്‍ ഒന്നും ചെയ്യാതിരുന്നപ്പോള്‍ ചിലര്‍ സുപ്രീംകോടതിയെ സമീപിച്ചു. പൗരന്‍റെ ജീവിക്കാനുള്ള ഭരണഘടനാ സ്വാതന്ത്ര്യവും അവകാശവുമാണ് നിഷേധിക്കപ്പെടുന്നത്. അത് രക്ഷിക്കാന്‍ ഇടപെടേണ്ട കോടതി കേന്ദ്ര സര്‍ക്കാരിനെ അലോസരസപ്പെടുത്താന്‍ തയ്യാറായില്ല. അതേക്കുറിച്ച് ചില സീനിയര്‍ അഭിഭാഷകര്‍ ചേര്‍ന്ന് നിശിതവിമര്‍ശനം നടത്തുന്ന കത്തുകള്‍ കോടതിക്ക് അയച്ചപ്പോള്‍ അന്യസംസ്ഥാനത്തൊഴിലാളികള്‍ക്ക് ഭക്ഷണവും വെള്ളവും കൊടുക്കുകയും തിരിച്ചുപോകാന്‍ വാഹനം ഏര്‍പ്പെടുത്തുകയും ചെയ്യേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണെന്ന് കോടതി മൊഴിഞ്ഞു. ഇതിനെയെല്ലാം നിയന്ത്രിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ എന്ന അധികാരകേന്ദ്രം രാജ്യത്ത് ഉള്ളതായി കോടതി ഭാവിച്ചില്ല. ഒരു പക്ഷേ അങ്ങനെ പറഞ്ഞിട്ടുള്ള ഭവിഷ്യത്തിനെകുറിച്ച് കൂടുതല്‍ ചിന്തിച്ചതു കൊണ്ടാകാം. കോടതിയുടെ ഈ ഉത്തരവുകൊണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് വെള്ളവും ഭക്ഷണവും കിട്ടിയേക്കാം. പക്ഷേ, അവര്‍ക്ക് തിരിച്ചുപോകാന്‍ കഴിയണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ കനിയണം. കേന്ദ്ര സര്‍ക്കാര്‍അല്ലേ സംസ്ഥാന സര്‍ക്കാരുകളെ ഏകോപിപ്പിക്കേണ്ടത്?

ഈ കേസ് വാദത്തിനിടയില്‍ ഇത്തരം കേസുമായി കോടതിയെ സമീപിക്കുന്നവര്‍ നാശത്തിന്‍റെ പ്രവാചകരാണ് എന്ന് സോളിസിറ്റര്‍ ജനറല്‍ ആരോപിച്ചു. കേന്ദ്ര സര്‍ക്കാരിന്‍റെ അമിതാധികാരപ്രവണതയുടെ പ്രതീകമായി അദ്ദേഹം മാറിയിരിക്കുന്നു. ഈ പ്രവണത തന്നെയാണ് ഗുജറാത്ത് സര്‍ക്കാരിനെ വിമര്‍ശിച്ച അവിടത്തെ ഹൈക്കോടതി ജഡ്ജിയെ കേസ് കേള്‍ക്കുന്നതില്‍ നിന്നു മാറ്റാന്‍ അവിടത്തെ ചീഫ് ജസ്റ്റിസിനെ പ്രേരിപ്പിച്ചതും.

രാജ്യം ചെന്നകപ്പെട്ടിരിക്കുന്ന ദുര്‍വിധിയുടെ ഒരു സൂചനയോ ഉല്‍പ്പന്നമോ ആണ് കോടതികളുടെ ഇത്തരം നടപടികള്‍. അത് ഇക്കാര്യത്തില്‍ മാത്രമല്ല ഉണ്ടായത്. ഏറ്റവും ഒടുവിലത്തെ വിധിയാണിത്. രണ്ടാം മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തി ആദ്യം ചെയ്ത കാര്യങ്ങളില്‍ ഒന്ന് ജമ്മുകാശ്മീരിന്‍റെ സംസ്ഥാന പദവി റദ്ദാക്കി രണ്ടു കേന്ദ്ര ഭരണപ്രദേശങ്ങളാക്കി അതിനെ മാറ്റുകയായിരുന്നു. ബിജെപിയുടെ, കൃത്യമായി പറഞ്ഞാല്‍ ആര്‍എസ്എസിന്‍റെ, ദീര്‍ഘകാല ലക്ഷ്യങ്ങളില്‍ ഒന്നാണ് കാശ്മീരിന്‍റെ അസ്തിത്വം നശിപ്പിക്കല്‍. അതിനെതിരെ ആ സംസ്ഥാന നിവാസികളുടെ എതിര്‍പ്പിനെ അടിച്ചമര്‍ത്താന്‍ അവിടത്തെ മിക്ക രാഷ്ട്രീയനേതാക്കളെയും ജയിലിലാക്കി. ഫോണും ഇന്‍റര്‍നെറ്റും നിരോധിച്ചു. ആദ്യം കുറെ ആഴ്ചക്കാലം നിരന്തരം കര്‍ഫ്യൂ ആയിരുന്നു. കാശ്മീരിന്‍റെ ഭരണഘടനാപദവിയും മൗലികസ്വാതന്ത്ര്യങ്ങളും നിഷേധിച്ചതിനെതിരെ സുപ്രീംകോടതിയില്‍ കേസ് വന്നു. ആദ്യം കുറെ മാസങ്ങളോളം അതിന്‍റെ പരിഗണന കോടതി മാറ്റിവച്ചു, സര്‍ക്കാരിനു പുതിയ നിയമം നടപ്പാക്കാന്‍ അവസരം നല്‍കാനായിരുന്നു അത്. അവസാനം കേസ് വിചാരണ ചെയ്ത് വിധി വന്നപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്തത് തെറ്റാണെന്ന് കോടതി നിരീക്ഷിച്ചു. ചെയ്ത നീതി നിഷേധം തിരുത്തണമെന്നു കല്‍പ്പിക്കാന്‍ പതിവിനു വിപരീതമായി കോടതി മടിച്ചു. ആ പതനത്തിലാണ് ഇപ്പോള്‍ രാജ്യത്തെ നീതി നിര്‍വഹണം.

ജമ്മു കാശ്മീര്‍ സംസ്ഥാനം ഇല്ലാതാക്കി കേന്ദ്ര ഭരണപ്രദേശങ്ങളാക്കി മാറ്റിയതിനൊപ്പം മോഡി സര്‍ക്കാര്‍ പൗരത്വ നിയമം ഭേദഗതി (സിഎഎ) ചെയ്തു. അതനുസരിച്ച് അയല്‍രാജ്യങ്ങളിലെ മുസ്ലീങ്ങളല്ലാത്തവര്‍ക്ക് ഇവിടെ പൗരത്വത്തിനു അപേക്ഷിക്കാം. ഇതേവരെ ഉണ്ടായിരുന്ന വ്യവസ്ഥ സ്വന്തം രാജ്യത്ത് വിവേചനമോ അടിച്ചമര്‍ത്തലോ നേരിടുന്ന വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം എന്നായിരുന്നു. ഇന്ത്യയില്‍ മതാടിസ്ഥാനത്തിലുള്ള വിവേചനം നടപ്പാക്കാന്‍ പോകുന്നു എന്നതിന്‍റെ പരോക്ഷമായ പ്രസ്താവന ആയിരുന്നു ആ നിയമഭേദഗതി. സ്വാഭാവികമായും അതിനെതിരെ കിഴക്ക് അസം മുതല്‍ക്കുള്ള പല സംസ്ഥാനങ്ങളിലും വിവിധ ജനവിഭാഗങ്ങളുടെ നീണ്ടുനിന്ന പ്രതിഷേധ പ്രകടനങ്ങളും സമരങ്ങളും അരങ്ങേറി. ഡല്‍ഹിയുടെ ചില ഭാഗങ്ങളില്‍ അത് മാസങ്ങളോളം നീണ്ടു. കോവിഡ് -19 ബാധ വ്യാപകമായപ്പോഴാണ് അത് പിന്‍വലിക്കാന്‍ ബന്ധപ്പെട്ടവര്‍ നിര്‍ബന്ധിതരായത്.

സിഎഎയെ തുടര്‍ന്ന് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവ തയ്യാറാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ തന്നെ പാര്‍ലമെന്‍റില്‍ പ്രഖ്യാപിച്ചു- പിന്നീട് എതിര്‍പ്പ് ശക്തമായപ്പോള്‍ അത് നിഷേധിച്ചെങ്കിലും അസമില്‍ ചെയ്തതുപോലെ ഒരുവിഭാഗം പൗരരെ ഇന്ത്യന്‍ പൗരരല്ലാതാക്കാനുള്ള നീക്കമായിരുന്നു അരങ്ങേറപ്പെട്ടത്. സ്വാതന്ത്ര്യസമരകാലത്ത് ഉയര്‍ത്തിക്കൊണ്ടുവന്ന ഇന്ത്യ എന്ന സങ്കല്‍പ്പത്തിന്‍റെ തന്നെ നിഷേധം. ജനങ്ങളെ വര്‍ഗീയമായി ചേരിതിരിക്കാനുള്ള നഗ്നമായ നീക്കമായിരുന്നു അത്. ഭരണഘടനയില്‍ ഇന്ത്യ അഥവാ ഭാരതം എന്നാണ് രാജ്യത്തിന്‍റെ പേര്. അത് ഭാരതം അഥവാ ഹിന്ദുസ്ഥാന്‍ ആക്കി മാറ്റണം എന്ന അപേക്ഷ ഒരാള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത് ഈ നീക്കത്തിന്‍റെ ഭാഗമായി കാണണം. അതിനൊപ്പം തന്നെ ദളിതരിലെ അഭ്യസ്തവിദ്യരും തങ്ങളുടെ അവകാശസംരക്ഷണത്തിനായി ദളിത് വിഭാഗങ്ങളെ അണിനിരത്തുന്നവരുമായ പ്രഗത്ഭമതികളെ മഹാരാഷ്ട്രയിലെ പൂനെക്കടുത്തുള്ള കോറേഗാവില്‍ രണ്ടുവര്‍ഷം മുമ്പുനടന്ന സവര്‍ണ-അവര്‍ണ ഏറ്റുമുട്ടലിനെ ചൊല്ലി കള്ളക്കേസില്‍ പ്രതികളാക്കി യുഎപിഎ പ്രകാരം തടങ്കലില്‍ ആക്കുന്ന നീക്കം നടന്നു. ഒരു ഭാഗത്ത് പ്രധാനമന്ത്രി മോഡിയും മറ്റും ഡോ. അംബേദ്കറെ വാഴ്ത്തി. മറുഭാഗത്ത് സര്‍ക്കാര്‍ ദളിത് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുകയും ചെയ്തു. ജനങ്ങളെ ജാതീയമായി ഭിന്നിപ്പിക്കാനുള്ള മനുവാദികളുടെ മറയില്ലാത്ത നീക്കമാണ് അത്. ഇതോടൊപ്പം നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍ ലളിതമാക്കാനെന്നപേരില്‍ തൊഴിലാളികള്‍ സമരം ചെയ്ത് നേടിയെടുത്ത എട്ടുമണിക്കൂര്‍ ജോലി സമയം, കൂലി ജീവിതചെലവിനും തൊഴിലിന്‍റെ അളവിനും അനുസരിച്ച് നിശ്ചയിക്കാനും ക്ഷാമബത്ത, ഓവര്‍ടൈം മുതലായവയ്ക്കും ശമ്പളത്തോടുകൂടിയ അവധിക്കും മറ്റുമുള്ള അവകാശങ്ങള്‍ നിഷേധിക്കാന്‍ നീക്കം നടന്നു. കോവിഡ് -19 ബാധയെത്തുടര്‍ന്ന് അതിനെ നേരിടാനെന്ന പേരില്‍ ബിജെപി സര്‍ക്കാരുകള്‍ ഉള്ള യുപി, മധ്യപ്രദേശ്, കര്‍ണാടക മുതലായ സംസ്ഥാനങ്ങള്‍ തൊഴിലാളികള്‍ ഇപ്പോള്‍ അനുഭവിക്കുന്ന 8 മണിക്കൂര്‍ ജോലി മുതലായ അവകാശങ്ങള്‍ 3 വര്‍ഷത്തേക്ക് മരവിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ നടത്തി. അത് ആ സര്‍ക്കാരുകളുടെ മാത്രം ആശയമല്ല എന്ന് പ്രധാനമന്ത്രി കോവിഡ്-19നെ നേരിടാന്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജ് ധനമന്ത്രി വിശദീകരിച്ചപ്പോള്‍ സ്പഷ്ടമായി. മേല്‍പ്പറഞ്ഞതിനെയെല്ലാം സമര്‍ഥിക്കുന്നതാണ് മെയ് 30നു കാലത്ത് "നിങ്ങളുടെ പ്രധാന സേവക്" ആയി നടിച്ചുകൊണ്ട് ഇന്ത്യയിലെ പൗരര്‍ക്കെല്ലാമായി എഴുതിയ കത്ത്.

രാഷ്ട്രത്തെ ടെലിവിഷനും റേഡിയോയും വഴി അഭിസംബോധന ചെയ്യുന്നത് പതിവ് സംഭവമായതുകൊണ്ടാകാം സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികാചരണ പ്രസംഗം കത്താക്കി മാറ്റിയത്. കഴിഞ്ഞ ഒരു വര്‍ഷത്തെ തന്‍റെ സര്‍ക്കാരിന്‍റെ പ്രധാന നേട്ടങ്ങളായി ഇന്ത്യയുടെ ഐക്യം ഊട്ടിയുറപ്പിക്കാനായി "ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കിയതും രാമക്ഷേത്രം നിര്‍മാണം ആരംഭിച്ചതും മുത്തലാഖ് നിയമം കൊണ്ടുവന്നതും പൗരത്വ നിയമഭേദഗതിയും എല്ലാം മോഡി എടുത്തുപറയുന്നു. പാര്‍ലമെന്‍റിന്‍റെ പ്രവര്‍ത്തനരീതി മാറ്റിയതുകൊണ്ടാണ് (സ്റ്റാന്‍ഡിങ് കമ്മിറ്റി പ്രവര്‍ത്തനം അപ്രസക്തമാക്കിയത്) ഇവ എളുപ്പം സാധിച്ചത് എന്ന് അദ്ദേഹം അഭിമാനം കൊള്ളുന്നു. പുതിയ നീതിയും രീതിയും (നയവും വ്യവസ്ഥയും) നടപ്പാക്കുന്നതിന്‍റെ ഭാഗമാണ് ഇതെല്ലാം എന്മ്പറഞ്ഞുകൊണ്ട് മുന്നോട്ടുള്ള പാത അദ്ദേഹം വ്യക്തമാക്കുന്നു.

എല്ലാം ഉദ്ദേശിച്ച രീതിയിലാണ് നടക്കുന്നത് എന്ന് പ്രധാനമന്ത്രി വ്യക്തമാക്കുന്നു. മുമ്പു നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കാത്തതില്‍ അദ്ദേഹത്തിനു കുണ്ഠിതമില്ല. കാരണം നടപ്പാക്കപ്പെട്ടതാണ് വാഗ്ദാനം ചെയ്തത് എന്നാണ് അദ്ദേഹത്തിന്‍റെ നിലപാട്. കൃഷിക്കാര്‍ക്കും തൊഴിലാളികള്‍ക്കും നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചുഎന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. അന്യസംസ്ഥാനതൊഴിലാളികള്‍ വഴിയാധാരമാക്കപ്പെട്ടു എന്ന മനസ്താപം അദ്ദേഹത്തിനില്ല. മോഡി കരുതുന്നത് ഒന്നാം സര്‍ക്കാരിന്‍റെ കാലത്ത് അവര്‍ക്കെല്ലാം നല്‍കപ്പെട്ട വാഗ്ദാനങ്ങള്‍ നടപ്പാക്കി എന്നാണ് -കൃഷിക്കാര്‍ക്കും തൊഴിലാളികള്‍ക്കും ഒക്കെ. സബ്കാ സാഥ്, സബ്കാ വികാസ് എന്ന മുദ്രാവാക്യം കോര്‍പറേറ്റുകളെ സംബന്ധിച്ചു മാത്രമാണ് നടപ്പാക്കപ്പെട്ടത് എന്ന വസ്തുത പക്ഷേ, അവശേഷിക്കുന്നു. $