താളബോധം മെനഞ്ഞെടുത്ത അഭിനയ പ്രതിഭ

പ്രഭാവര്‍മ്മ

രു നാടും അതിന്‍റെ തനതുസംസ്കാരവും എങ്ങനെയാണ് ശ്രേഷ്ഠനായ ഒരു കലാകാരനെ രൂപപ്പെടുത്തുക എന്നതിന്‍റെ ഉത്തമ നിദര്‍ശനമാണ് നെടുമുടി വേണുവിന്‍റെ  കലാജീവിതം. 


കുട്ടനാടിന്‍റെ പച്ചപ്പ്, അവിടുത്തെ നീരൊഴുക്കിന്‍റെ താളം, പുഴകളെ തഴുകി വരുന്ന കുളിര്‍ കാറ്റിന്‍റെ ഈണം, നാട്ടിന്‍പുറങ്ങളുടെ നിറവ്, ആ മണ്ണിന്‍റെ  ഒരിക്കലും വറ്റാത്ത ആര്‍ദ്രത, വിളഞ്ഞ നെന്മണികളുടെ സുഗന്ധം എന്നിവയൊക്കെ ആ വ്യക്തിത്വത്തിലുണ്ട്. കുട്ടനാടും അതിന്‍റെ സംസ്കൃതിയും വ്യക്തിജീവിതത്തിലും കലാജീവിതത്തിലും അലിയിച്ചെടുത്തു നെടുമുടിവേണു എന്നു പറയാം. തുടക്കവും ഒടുക്കവും ആ സംസ്കാരത്തില്‍ തന്നെ. അതില്‍ നിന്നു വേറിട്ട ഒരു നെടുമുടി വേണുവില്ല.

നെടുമുടിയാറിന്‍റെ തീരത്തെ ഞാറ്റുവേലപ്പാട്ടിന്‍റെ  ഈണത്തിലൂടെയും താളത്തിലൂടെയുമാണ് കലയുടെ കൈവഴിയിലേക്കദ്ദേഹമെത്തിയത്. നാടന്‍ പാട്ടുകളുടെ അറിയപ്പെടാത്ത ശേഖരമുണ്ട് ആ നാട്ടില്‍. മനസ്സിനെ തലോടി സാന്ത്വനിപ്പിക്കുന്ന സ്വച്ഛന്ദവിഹാരിയായ ഈണത്തിന്‍റെ കലവറ! ഇതൊക്കെ കണ്ടു സ്വയം മറന്നു നിന്നവര്‍ അനവധി. എന്നാല്‍ മനസ്സിലേക്കു പകര്‍ത്തിയെടുത്തവര്‍ വിരളം. ഒരു കാവാലം, ഒരു അയ്യപ്പപ്പണിക്കര്‍, ഈ നെടുമുടി... ഇങ്ങനെ വിരലിലെണ്ണാവുന്നവര്‍.

വൈവിധ്യസമൃദ്ധമാണ് കുട്ടനാട്ടിലെ ജീവിതം. അതില്‍ മന്ദമന്ദമൊഴുകുന്ന ചെറുചോലകള്‍ മുതല്‍ രൗദ്രരൂപത്തില്‍ അലറുന്ന പ്രളയപ്രവാഹം വരെയുണ്ട്. ആ വൈവിധ്യം നോക്കി ജീവിതത്തെ  പഠിച്ചു നെടുമുടി വേണു. ചുറ്റുമുള്ള ഓരോ മനുഷ്യനെയും ശ്രദ്ധാപൂര്‍വം നിരീക്ഷിച്ചു മനസ്സിലേക്കു പകര്‍ത്തി. സിനിമയില്‍ നെടുമുടിവേണു അവതരിപ്പിച്ച ഓരോ കഥാപാത്രത്തിലും ഈ സൂക്ഷ്മനിരീക്ഷണവഴിക്കു കൈവന്ന നാട്ടുകാരുടെ, പരിചയക്കാരുടെ മുഖഛായ കാണാം.

കുട്ടനാട് താളങ്ങളുടെ നാടാണ്. ഉത്സവപ്പറമ്പുകളിലെ  താളമുഴക്കങ്ങളുടെ കാര്യം വിടുക. നോക്കെത്താതെ പരന്നു കിടക്കുന്ന വയലേലകളെ കാറ്റു  തഴുകി നീങ്ങുമ്പോള്‍ പച്ചപ്പിന്‍റെ  ഒരു ആരോഹണാവരോഹണക്രമം കാണാം. പുഴകളുടെ മുതല്‍ കായലുകളുടെ വരെ ഓളപ്പരപ്പില്‍ വൈവിധ്യമാര്‍ന്ന താളക്രമം കാണാം. ഉണര്‍ത്തുപാട്ടില്‍ മുതല്‍ കൊയ്ത്തുപാട്ടില്‍ വരെ മറ്റെങ്ങുമില്ലാത്ത താളവഴക്കങ്ങള്‍ കാണാം.


ഈ താളക്രമം നെടുമുടി വേണുവിന്‍റെ ചലനത്തിലുണ്ട്, നടത്തത്തിലുണ്ട്, നോട്ടത്തിലുണ്ട്, വര്‍ത്തമാനത്തിലുണ്ട്, എന്തിനധികം? കരചലനങ്ങളിലും ഇമയനക്കങ്ങളിലും പോലുമുണ്ട്. അത്യസാധാരണമായ ഈ താളബോധമില്ലായിരുന്നെങ്കില്‍ څഅതിരുകാക്കും മലയൊന്നു തുടുത്തേ... തുടുത്തേچ എന്ന പാട്ടും څആലായാല്‍ തറവേണംچ എന്ന പാട്ടും ഒന്നും ഇത്രമേല്‍ നമ്മുടെ മനസ്സില്‍ വന്നു പതിയുമായിരുന്നില്ല. ഈ താളക്രമമില്ലായിരുന്നെങ്കില്‍ ആ അഭിനയം ഇത്രയേറെ ആകര്‍ഷകത്വമുള്ളതുമാകുമായിരുന്നില്ല.


ഞാന്‍ നെടുമുടി വേണുവിനെ ആദ്യം പരിചയപ്പെടുന്നത്, 1980കളുടെ തുടക്കത്തില്‍ എനിക്ക് കുഞ്ചുപിള്ള അവാര്‍ഡു കിട്ടിയപ്പോഴാണ്. കുഞ്ചുപിള്ള വേണുവിന്‍റെ പ്രിയപ്പെട്ട സുഹൃത്തായിരുന്നു. അകാലത്തില്‍ പൊലിഞ്ഞുപോയ പ്രതിഭാസമ്പന്നനായ കവി! അന്ന് ഞാന്‍ അവാര്‍ഡുവാങ്ങാന്‍  ചെല്ലുമ്പോള്‍ സ്വീകരിക്കാന്‍ മുന്‍പിലുണ്ടായിരുന്നു നെടുമുടി വേണു. അനുഷ്ടുപ്പ് വൃത്തത്തിലുള്ള ഒരു കവിതയ്ക്കായിരുന്നു അന്ന് കുഞ്ചുപിള്ള അവാര്‍ഡ്. ആ വൃത്തം താളവൈവിധ്യങ്ങള്‍ക്കൊന്നും അധികം വഴങ്ങുന്നതല്ല. എന്നാല്‍, എന്നെ മാറ്റി നിര്‍ത്തി, ആ കവിതയിലെ വരികള്‍ വ്യത്യസ്ത താളങ്ങളില്‍ അദ്ദേഹം അന്ന് ചൊല്ലിക്കേള്‍പ്പിച്ചു. അന്ന് വിസ്മയത്തോടെയാണ് ഞാന്‍ ആ താളബോധത്തെ അനുഭവിച്ചുനിന്നത്. പിന്നീട് എത്രയോ കൂടിക്കാഴ്ചകള്‍! വിജയലക്ഷ്മിയുടെ കവിതകള്‍ നെടുമുടി വേണുവിന് വളരെ പ്രിയപ്പെട്ടവയായിരുന്നു. അവരുടെ എത്രയോ കവിതകള്‍ എത്രയോ തവണ അദ്ദേഹം  ചൊല്ലിക്കേള്‍പ്പിച്ചിരിക്കുന്നു. നാടന്‍ പാട്ടുകളുടെ ശീലുകളോടു മാത്രമായിരുന്നില്ല അദ്ദേഹത്തിനു മമത. ഹേ മന്ദഗാമിനി, ഹേമന്തയാമിനി ഘനശ്യാമരൂപിണി... എന്ന അയ്യപ്പപ്പണിക്കര്‍ കവിത വേണുവിന് ഹൃദിസ്ഥമായിരുന്നു. ഒരു കാര്യം ശ്രദ്ധേയം. താളത്തില്‍ വാര്‍ന്നുവീഴുന്ന കവിതകളോടായിരുന്നു എന്നും അദ്ദേഹത്തിന് ഏറെ പ്രിയം!


പരീക്ഷണ നാടകങ്ങളിലൂടെയും പരീക്ഷണ സിനിമകളിലൂടെയുമാണ് നെടുമുടിവേണു വന്നതെങ്കിലും ഭാവാത്മക ഫീച്ചര്‍ ചിത്രങ്ങളിലൂടെയാണ് അദ്ദേഹം തന്‍റെ അഭിനയ വ്യക്തിത്വം ജനമനസ്സുകളില്‍ സ്ഥാപിച്ചെടുത്തത്.

കാവാലം നാരായണപ്പണിക്കരുടെ പരീക്ഷണനാടകങ്ങള്‍, അരവിന്ദന്‍റെയും ജോണ്‍ എബ്രഹാമിന്‍റെയും ഒക്കെ പരീക്ഷണാത്മക സിനിമകള്‍. അതായിരുന്നു തുടക്കം. തമ്പിലൂടെ, ആരവത്തിലൂടെ, ഹിസ് ഹൈനസ് അബ്ദുള്ളയില്‍ വരെ എത്തി. വിടപറയും മുമ്പെ എന്ന ചിത്രത്തിലെ കണ്ണു നനയിക്കുന്ന അഭിനയ മികവ്!  തകരയിലെ  ചെല്ലപ്പനാശാരിയെ കണ്ട ജഗതി എന്‍.കെ.ആചാരി, ഇയാള്‍ ശരിക്കും ആശാരി തന്നെയാണോ എന്നു ചോദിച്ചതായി കേട്ടിട്ടുണ്ട്. കഥാകൃത്തിന്‍റെയും സംവിധായകന്‍റെയും കഥാപാത്രത്തെ, തന്‍റെ നാട്ടിന്‍പുറത്ത് താന്‍ കണ്ടു പരിചയിച്ച ചിലരുടെ ഭാവവാഹാദികള്‍ കലര്‍ത്തി പൊലിപ്പിച്ചെടുക്കുകയായിരുന്നു അദ്ദേഹം. അല്ലാതെ, കഥാകാരന്‍റെ മനസ്സിലെ കഥാപാത്രത്തെ കേവലമായി പകര്‍ത്തി വെയ്ക്കുകയായിരുന്നില്ല. ഇതായിരുന്നു നെടുമുടിയുടെ അഭിനയത്തെ മൗലികതയുള്ളതാക്കിയ മുഖ്യഘടകം.


അഭിനയിക്കുകയായിരുന്നില്ല. കഥാപാത്രമായി പെരുമാറുകയായിരുന്നു. ആ അര്‍ത്ഥത്തില്‍ സ്വഭാവനടന്‍ മാത്രമല്ല, സ്വാഭാവിക നടന്‍ കൂടിയായിരുന്നു അദ്ദേഹം. ഈ പ്രക്രിയയില്‍ അഭിനയത്തെ അദ്ദേഹം പെരുമാറല്‍ കൊണ്ടു പകരംവെച്ചു. താരത്തിളക്കത്തെ ഭാവപ്രധാനങ്ങളായ ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ കറുപ്പും വെളുപ്പുംകൊണ്ട് പകരം വെച്ചു. അങ്ങനെ നോക്കിയാല്‍ അഭിനയത്തിന്‍റെ ജനായത്തവല്‍ക്കരണ പ്രക്രിയയെ ഒരു പ്രത്യേക ഘട്ടത്തില്‍ തീവ്രതരമാക്കി നെടുമുടി എന്നു കാണാം.

അപാരമായ സാഹിത്യബോധവും സംവേദനശീലവുമുണ്ടായിരുന്നതുകൊണ്ട് തിരുവാഴിത്താന്‍, ദൈവത്താര്‍, അവനവന്‍കടമ്പ എന്നീ നാടകങ്ങളിലെ കഥാപാത്രങ്ങളെ ശരിക്കും ഉള്‍ക്കൊണ്ടും ഭാവാഭിനയംകൊണ്ട് വ്യാഖ്യാനിച്ചും ജനമനസ്സുകളിലേക്ക് പകര്‍ത്തിവെയ്ക്കാന്‍ അദ്ദേഹത്തിന് പ്രാഗത്ഭ്യമേറി.

വേണുവിന്‍റേത് അനായാസാഭിനയം എന്നു പറയണം. പരിശീലനം കിട്ടിയിട്ടുണ്ട് അദ്ദേഹത്തിന്, കാവാലത്തിന്‍റെ കളരിയില്‍, തിരുവരങ്ങില്‍, സോപാനത്തില്‍ ഒക്കെ. പക്ഷേ, പരിശീലനത്തിന്‍റെ ഉല്പന്നമായിരുന്നില്ല നെടുമുടിവേണു. സ്വാഭാവിക സിദ്ധിവിശേഷത്തിന്‍റെ ഉല്പന്നം തന്നെയായിരുന്നു.


അഭിനയം മികവുറ്റതാവുന്നത്, തന്‍റേതായ അംശങ്ങളെ പൂര്‍ണമായും കുടഞ്ഞുകളഞ്ഞ് കഥാപാത്രവുമായി ശരീരംകൊണ്ടും മനസ്സുകൊണ്ടും താദാത്മ്യം പ്രാപിക്കാന്‍ നടനുകഴിയുമ്പോഴാണ്. കഥാപാത്രങ്ങളിലുടെ തന്‍റെ സ്വത്വത്തെ പ്രൊജക്ടു ചെയ്തു കാണിക്കാന്‍ ശ്രമിച്ചിരുന്ന അഭിനയ സംസ്കാരത്തെ, കഥാപാത്രത്തില്‍ നിന്നു പൂര്‍ണമായും തന്നെ ചോര്‍ത്തിക്കളയുന്ന മൗലികവും സര്‍ഗാത്മകവുമായ അഭിനയസംസ്കാരം കൊണ്ടു പകരം വെച്ചു നെടുമുടിവേണു. എത്രകാലം  കഴിഞ്ഞാലാണ് ഇങ്ങനെ എല്ലാ അര്‍ത്ഥത്തിലും സമ്പൂര്‍ണത കൈവരിച്ച ഒരു കലാകാരനെ നമുക്കു കിട്ടുക? •