ബിജെപിക്കു ബദലാവാന്‍ കോണ്‍ഗ്രസ്സിനാവില്ല

പിണറായി വിജയന്‍

ന്ത്യന്‍ ജനാധിപത്യത്തെ പിറകോട്ടടിപ്പിക്കുന്ന ഏറ്റവും പ്രധാന പ്രശ്നങ്ങളിലൊന്നാണ് വര്‍ഗീയതയുടെ വളര്‍ച്ച. ഭൂരിപക്ഷ വര്‍ഗീയതയോടും  ന്യൂനപക്ഷ വര്‍ഗീയതയോടും ഒരുപോലെ സ്വീകരിച്ചുവരുന്ന വിട്ടുവീഴ്ചയില്ലാത്ത സമീപനത്തിന്‍റെ ഫലമായാണ് രാജ്യത്തെ മറ്റു പലയിടങ്ങളില്‍ നിന്നും വ്യത്യസ്തമായി മതസാഹോദര്യത്തിന്‍റെ മാതൃകയായി വര്‍ത്തിക്കാന്‍ കേരളത്തിനു സാധിക്കുന്നത്. വര്‍ഗീയതയ്ക്കെതിരായുള്ള പൊതുവികാരം കേരളത്തില്‍ ശക്തമായി നിലനില്‍ക്കുന്നുണ്ട്. അത്തരത്തില്‍ മതേതര മനോഭാവം പുലര്‍ത്താന്‍ കേരളത്തെ പ്രാപ്തമാക്കുന്നതില്‍ ഏറ്റവും പ്രധാന പങ്കു വഹിക്കുന്നത് വര്‍ഗീയതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന സി.പി.ഐ.എമ്മും ഇടതുപക്ഷ ജനാധിപത്യമുന്നണിയുമാണ്.

ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കേ മതനിരപേക്ഷത തകരാതെ സംരക്ഷിക്കാനാവൂ എന്ന്  അനുഭവത്തില്‍ നിന്നു കേരള ജനത മനസ്സിലാക്കിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷമായി വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനുള്ള  നിരവധി ആസൂത്രിത ശ്രമങ്ങള്‍ ഉണ്ടായിട്ടും ഒരു വര്‍ഗീയ സംഘട്ടനം പോലും ഉണ്ടാവാതെ നാടിന്‍റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞത് ഇടതുപക്ഷം പ്രദര്‍ശിപ്പിച്ച ജാഗ്രതയുടെ ഫലമായാണ്. സമാധാന അന്തരീക്ഷത്തില്‍ ജീവിക്കാനാണ് ആളുകള്‍ ആഗ്രഹിക്കുന്നത്. ആ ആഗ്രഹത്തിന്‍റെ പ്രതിഫലനമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ജനവിധിയില്‍ കണ്ടത്.

വര്‍ഗീയതയുടെ വാളുചുഴറ്റി വന്നു കേരളം പിടിക്കുമെന്നും ഭരിക്കുമെന്നും പ്രഖ്യാപിച്ച ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിച്ചില്ല. എങ്ങിനെയെങ്കിലും അധികാരം കൈക്കലാക്കണം എന്ന ദുഷ്ടലാക്കോടെ സങ്കുചിത വികാരങ്ങള്‍ ഉപയോഗിക്കാനും ഒളിഞ്ഞും തെളിഞ്ഞും വര്‍ഗീയതയുടെ സഹായം പറ്റാനും നോക്കിയവരാണ് യു ഡി എഫ്. അവര്‍ക്കും അര്‍ഹമായ തിരിച്ചടിയാണ് കേരളത്തിലെ ജനങ്ങള്‍ നല്‍കിയത്. വര്‍ഗീയതയ്ക്കും അവസരവാദത്തിനും കീഴടങ്ങിയ കോണ്‍ഗ്രസ്സിനെ ജനങ്ങള്‍ കയ്യൊഴിയുന്ന കാഴ്ചയാണ് കേരളമുള്‍പ്പെടെ ഇന്ത്യയില്‍ എല്ലായിടത്തും കാണുന്നത്.  

സ്വാതന്ത്ര്യാനന്തരം കേന്ദ്രത്തിലും ഭൂരിഭാഗം സംസ്ഥാനങ്ങളിലും  അധികാരം കുത്തകയാക്കി വച്ചിരുന്ന കോണ്‍ഗ്രസ് ഇന്നു ഏതാനും പോക്കറ്റുകളിലായി ചുരുങ്ങിയിരിക്കുന്നു. ഏഴു വര്‍ഷം മുന്‍പ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞതോടെ ആരംഭിച്ച പ്രതിസന്ധി ഇന്ന് കൂടുതല്‍ രൂക്ഷമായിരിക്കുന്നു. 'ബിജെപിക്ക് ബദല്‍' എന്ന മുദ്രാവാക്യമാണുയര്‍ത്തുന്നതെങ്കിലും  ദേശീയതലത്തിലെ പ്രമുഖരുള്‍പ്പെടെ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ നിന്നും അനവധിയാളുകള്‍ ബിജെപിയിലേക്ക് ഒഴുകുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്.

എന്തുകൊണ്ടാണ് കോണ്‍ഗ്രസ്സിന്‍റെ പ്രമുഖ നേതാക്കളെ അനായാസം പ്രലോഭിപ്പിക്കാന്‍ ബിജെപിക്കു സാധിക്കുന്നത്? തനിക്ക് തോന്നിയാല്‍ താന്‍ ബിജെപിയിലേക്ക് പോകും എന്ന് പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ്സിന്‍റെ ചില നേതാക്കള്‍ക്ക് തോന്നുന്നത് എന്തുകൊണ്ടാണ്? അടിസ്ഥാനപരമായി അതവരുടെ പൊതുവായ രാഷ്ട്രീയനയത്തിന്‍റെ പ്രശ്നമാണ്.ബിജെപിയുടെ ഹിന്ദുത്വവര്‍ഗീയ ആശയങ്ങളോട് കോണ്‍ഗ്രസ് സമരസപ്പെട്ടു കഴിഞ്ഞിരിക്കുന്നു. കോണ്‍ഗ്രസിന്‍റെ മൃദുഹിന്ദുത്വവും ജനവിരുദ്ധ സാമ്പത്തികനയങ്ങളും അഴിമതിയുമാണ് ബിജെപിക്ക് വളരാനും അധികാരത്തിലേറാനും വളമായത്.


കോണ്‍ഗ്രസ്സിന്‍റെ രൂപീകരണം മുതല്‍ക്കേ അതില്‍ മതനിരപേക്ഷതയുടെ ഉള്ളടക്കമുണ്ട് എന്നതില്‍ ആരും തര്‍ക്കം ഉന്നയിക്കുന്നില്ല. സ്വാതന്ത്ര്യസമര ഘട്ടത്തില്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്തിട്ടുള്ള ചരിത്രവും കോണ്‍ഗ്രസ്സിനുണ്ട്. അത്തരം പാരമ്പര്യം അവകാശപ്പെടാവുന്ന  കോണ്‍ഗ്രസ്സ് ഇത്തരത്തില്‍ നശിച്ചു നാമാവശേഷമായിപ്പോകുന്നത് മതേതര ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഖേദകരമായ കാര്യമാണ്.   എന്നാല്‍, സ്വയം നശിക്കാന്‍ ഉറപ്പിച്ചാല്‍ ആര്‍ക്കും തടയാന്‍ കഴിയില്ല. മതനിരപേക്ഷത സംരക്ഷിക്കുന്നതിലും ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതിലും വലിയ വീഴ്ച ഉണ്ടാകുന്നു എന്നാണ് കോണ്‍ഗ്രസ്സിനകത്തുള്ളവരില്‍ തന്നെ പലരും ആരോപിക്കുന്നത്.

യു.പി. മുഖ്യമന്ത്രിയായിരുന്ന ജഗദംബികാ പാല്‍ മുതല്‍ യു.പി.എ സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയും രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ വരെ ദേശീയ നേതാക്കളുടെ  വലിയ നിരയാണ് ബിജെപിയില്‍ ചേര്‍ന്നത്. എന്‍ ഡി  തിവാരി, നജ്മ  ഹെപ്തുള്ള, നാരായണ്‍ റാണെ, എസ്. എം.കൃഷ്ണ, ചൗധരി വീരേന്ദ്ര സിങ്, റാവു ഇന്ദ്രജിത് സിംങ്, റിത്ത ബഹുഗുണ ജോഷി, വിജയ് ബഹുഗുണ, സത്പാല്‍ മഹാരാജ്, ഹിമാന്ത ബിശ്വ ശര്‍മ്മ, ബൈറണ്‍ സിംഗ് തുടങ്ങി കോണ്‍ഗ്രസ്സിന്‍റെ മുഖ്യമന്ത്രിമാരോ കേന്ദ്ര മന്ത്രിമാരോ ഉയര്‍ന്ന ഭാരവാഹിത്വം വഹിച്ചവരോ ആയിരുന്ന നിരവധിയാളുകള്‍ ബിജെപിയില്‍ ചേക്കേറി. കര്‍ണ്ണാടകത്തില്‍ റിസോര്‍ട്ടില്‍ ഒളിപ്പിക്കേണ്ടിവന്ന പല കോണ്‍ഗ്രസ്സ് എം എല്‍ എ മാരും നിലവില്‍ ബിജെപി എംഎല്‍എ മാരാണ്. കോണ്‍ഗ്രസ്സിന്‍റെ 17 എംഎല്‍എ മാര്‍ ബിജെപിയിലേക്ക് പോയതുകൊണ്ടാണ് അവിടെ ഭരണം ബിജെപി പിടിച്ചത്.

ഗോവയില്‍ കോണ്‍ഗ്രസ്സ് ജയിച്ചു കഴിഞ്ഞ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് രണ്ടു കോണ്‍ഗ്രസ്സ് എംഎല്‍എ മാര്‍ ബിജെപിയിലേക്ക് ചാടിയതും തുടര്‍ന്ന് ബിജെപി നേതാവ് മനോഹര്‍ പരികര്‍ മുഖ്യമന്ത്രി ആകുകയും ചെയ്തത്. അരുണാചല്‍ പ്രദേശില്‍ 44 കോണ്‍ഗ്രസ്സ് എംഎല്‍എമാരില്‍ മുഖ്യമന്ത്രി പേമ ഖണ്ടു 43 എംഎല്‍എമാരെയും കൂട്ടി നേരെ ബിജെപിയില്‍ പോയി ചേര്‍ന്നു. ത്രിപുരയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിനു മുന്‍പ് പ്രതിപക്ഷത്തുണ്ടായിരുന്ന ആറു കോണ്‍ഗ്രസ് എം എല്‍ എ മാരും തൃണമൂല്‍ വഴി ബിജെപിയില്‍ എത്തുകയാണുണ്ടായത്.

വര്‍ഗീയതയോട് ഐക്യപ്പെടാന്‍ വിമുഖതയില്ലാത്തവര്‍ ബിജെപിയിലേയ്ക്കു പോകുന്നു.  മതനിരപേക്ഷ മനസ്സുള്ളവര്‍ സിപിഐ എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങളിലേക്കു വരുന്നു. വര്‍ഗീയശക്തികളോടു പൊരുതാനും ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുക്കാനും ആഗ്രഹിക്കുന്നവരെ ഒപ്പം ചേര്‍ത്തുകൊണ്ട് വര്‍ഗീയതയ്ക്കെതിരായ രാഷ്ട്രീയ സമരം ശക്തമാക്കുക എന്നതാണ് സി.പി.ഐ.എമ്മിന്‍റെ നയം. കേരളം ശാന്തിയുടെയും സമാധാനത്തിന്‍റെയും വിളനിലമായി തുടരണമെന്നും ഇവിടെ ഏതു മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കും ഒരു മതത്തിലും വിശ്വസിക്കാത്തവര്‍ക്കും സഹോദരങ്ങളെപ്പോലെ ജീവിക്കാന്‍ കഴിയണമെന്നുമാണ് സി.പി.ഐ.എമ്മും എല്‍.ഡി.എഫും ആഗ്രഹിക്കുന്നത്. അതിനുള്ള ശ്രമങ്ങളാണ് കേരളത്തിലെ പാര്‍ടിയും മുന്നണിയും നടത്തുന്നത്.

മറ്റു പല സംസ്ഥാനങ്ങളിലേയും സ്ഥിതിവിശേഷത്തില്‍ നിന്നും വിഭിന്നമായി കോണ്‍ഗ്രസ്സില്‍ നിന്ന് നേരെ വര്‍ഗീയതയുടെ പാളയത്തിലേക്ക് ചാടാന്‍ കേരളത്തിലെ മഹാഭൂരിപക്ഷം കോണ്‍ഗ്രസ്സുകാരും തയാറാകുന്നില്ല. അവര്‍ മതനിരപേക്ഷതയുടെ വഴിയാണ് തെരഞ്ഞെടുക്കുന്നത്. കോണ്‍ഗ്രസ്സുമായുള്ള ബന്ധം വേര്‍പെടുത്തി സി പി ഐ എമ്മിനോടൊപ്പം നേതാക്കളും അണികളും വരുന്ന അനുഭവമാണ് കേരളത്തിലുള്ളത്.

യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ സംസ്ഥാന പ്രസിഡന്‍റും  കോണ്‍ഗ്രസ്സ് മുന്‍ സംഘടനാ ജനറല്‍ സെക്രട്ടറിയുമായ കെ പി അനില്‍ കുമാര്‍ കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കുന്നത് സംഘപരിവാറിന്‍റെ മനസുള്ളവരാണെന്ന് തുറന്നു പറഞ്ഞും മതനിരപേക്ഷ രാഷ്ട്രീയത്തോട്  ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുമാണ്  സിപിഐഎമ്മില്‍ ചേര്‍ന്നത്. മുന്‍ കെപിസിസി സെക്രട്ടറി പി എസ് പ്രശാന്ത്, മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി ജി രതികുമാര്‍ തുടങ്ങിയ പ്രമുഖരായ കോണ്‍ഗ്രസ്സ് നേതാക്കള്‍ സിപിഐ എമ്മിലേക്ക് വന്നുകഴിഞ്ഞു.  കെപിസിസി വൈസ് പ്രസിഡന്‍റായിരുന്ന കെസി റോസക്കുട്ടി ഇന്ന് ആ പാര്‍ടിയിലില്ല. വയനാട്ടില്‍ നിന്നുള്ള കെപിസിസി നിര്‍വാഹക സമിതി അംഗവും മുന്‍ ഡിസിസി പ്രസിഡന്‍റുമായ പി വി ബാലചന്ദ്രനും രാജി വച്ചിരിക്കുന്നു.  


കോണ്‍ഗ്രസ്സിന്‍റെ അസ്തിത്വം നഷ്ടപ്പെടുന്നതില്‍ പരിതപിച്ചുകൊണ്ട് മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കപ്പെടണം എന്നാഗ്രഹിച്ച് എന്‍സിപിയില്‍ചേര്‍ന്ന് ഇടതുപക്ഷത്തോടൊപ്പം സഹകരിക്കുന്ന പി സി ചാക്കോയെ പോലുള്ളവരുമുണ്ട്. ഒരുകാലത്ത് കോണ്‍ഗ്രസ്സിന്‍റെ ജനാധിപത്യ വിരുദ്ധതയ്ക്കെതിരെ നിലപാടെടുത്ത് എ കെ ആന്‍റണിയും ഉമ്മന്‍ ചാണ്ടിയും വരെ കേരളത്തില്‍ ഇടതുപക്ഷത്തോടൊപ്പം നിന്നിരുന്നു എന്നോര്‍ക്കണം. ശരിയായ രാഷ്ട്രീയ നിലപാടുകളെയും അതുയര്‍ത്തിപ്പിടിക്കുന്നവരെയും സിപിഐഎമ്മും ഇടതുപക്ഷവും എന്നും ഹാര്‍ദ്ദമായി സ്വാഗതം ചെയ്യും.

ഈ മാറ്റം നേതൃ തലത്തില്‍ മാത്രമാണെന്ന് ധരിക്കരുത്. കാലാകാലങ്ങളായി കോണ്‍ഗ്രസ്സിന്‍റെ കൊടി പിടിച്ച സാധാരണ ജനങ്ങള്‍ കൂട്ടത്തോടെ ഇടതുപക്ഷത്തേക്ക് വരികയാണ്. ഭരണത്തുടര്‍ച്ച അസംഭവ്യം എന്ന് പ്രഖ്യാപിച്ചു പുതിയ മന്ത്രിസഭാ രൂപീകരണ ചര്‍ച്ച തുടങ്ങിവെച്ചവര്‍ ഇവിടെ ഉണ്ടായിരുന്നല്ലോ. അവര്‍ക്കു തിരിച്ചടിയും നൈരാശ്യവും നല്‍കിക്കൊണ്ട് ജനങ്ങള്‍ അവരെ തിരസ്കരിച്ചു. അതിന്‍റെ തുടര്‍ച്ചയെന്നോണം  സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികളും ഇന്ന് ഇടതുപക്ഷത്തേക്ക് നേരിട്ട് വരാന്‍ തയാറാകുന്നു. കോണ്‍ഗ്രസ്സില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് ബിജെപിയെയും വര്‍ഗീയ രാഷ്ട്രീയത്തെയും സഹായിക്കുന്നില്ല എന്നതാണ് കേരളത്തിന്‍റെ പ്രത്യേകത.

ദേശീയതലത്തിലെ നയങ്ങള്‍ കൊണ്ട് കേന്ദ്രഭരണത്തിനു തിരിച്ചടിയുണ്ടാവുമ്പോള്‍ വര്‍ഗീയതകൊണ്ടു മറ തീര്‍ത്ത് രക്ഷപ്പെടാന്‍ നോക്കുകയാണ് ബിജെപി. ജനകീയ പ്രക്ഷോഭങ്ങളെ ബലപ്രയോഗങ്ങളിലൂടെ അടിച്ചമര്‍ത്താം എന്നാണവര്‍ കരുതുന്നത്. അതിലൊന്നും തളരാതെ മുന്നോട്ടുപോകുന്ന ശക്തിയാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍, പ്രത്യേകിച്ച് സിപിഐഎം. അതിലേക്ക് കൂടുതല്‍ ആളുകള്‍ കടന്നു വരുന്നത് ജനകീയ പ്രക്ഷോഭങ്ങളെയാണ് യഥാര്‍ത്ഥത്തില്‍ ശക്തിപ്പെടുത്തുന്നത്. ബിജെപിക്കുള്ള ബദലായി കോണ്‍ഗ്രസ്സിനെയല്ല, മറിച്ച് സിപിഐഎമ്മിനെയും ഇടതുപക്ഷത്തെയുമാണ് ജനങ്ങള്‍ കാണുന്നത് എന്നതിനുള്ള തെളിവു കൂടിയാണ് ഇത്.

ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളില്‍പ്പെട്ട് സാധാരണ ജനങ്ങള്‍ വലയുമ്പോള്‍ അവയില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനെന്നോണമാണ് ചിലര്‍ വര്‍ഗീയ പ്രചരണങ്ങള്‍ അഴിച്ചുവിടുന്നത്. ഇതിനെക്കുറിച്ചും നാം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. മുമ്പും ജനകീയ പ്രശ്നങ്ങളില്‍ നിന്നു ശ്രദ്ധ തിരിക്കാനായി നമ്മുടെ നാട്ടില്‍ വര്‍ഗീയ പ്രചരണങ്ങള്‍ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, ജനങ്ങള്‍ക്കു അതിലൊന്നുമല്ല, മറിച്ച് വികസന ക്ഷേമ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലാണ് താല്പര്യം എന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ വ്യക്തമായിട്ടുണ്ട്. എന്നിരുന്നാലും, ആസൂത്രിത ശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ നാം കരുതിയിരിക്കണം.

സമാധാന അന്തരീക്ഷത്തിലുള്ള ജനജീവിതത്തിന് വിഘാതം ഉണ്ടാക്കാന്‍ വര്‍ഗീയ ശക്തികള്‍ ശ്രമിക്കുമ്പോള്‍ അതിനെ ശക്തമായി പ്രതിരോധിക്കേണ്ടതുണ്ട്. അതിനു മതനിരപേക്ഷതയെക്കുറിച്ച്  വ്യക്തമായ കാഴ്ചപ്പാടും അതു നടപ്പിലാക്കാനുള്ള സാമൂഹിക പ്രതിബദ്ധതയും കൃത്യമായ പദ്ധതിയും വേണം. കോണ്‍ഗ്രസ്സിന് ഇക്കാര്യത്തില്‍ യാതൊരു വിധ വ്യക്തതയും കൃത്യതയും ഇല്ലെന്നാണ് വിവിധ വിഷയങ്ങളെക്കുറിച്ചുള്ള അവരുടെതന്നെ നിലപാടുകളില്‍നിന്നു മനസ്സിലാക്കാന്‍ കഴിയുന്നത്.

സാമ്പത്തിക വിദേശകാര്യ വിഷയങ്ങളിലെ നയരാഹിത്യവും ഒരു പ്രശ്നമായി കോണ്‍ഗ്രസ്സ് വിടുന്നവര്‍ ഇപ്പോള്‍ ഉന്നയിക്കുന്നുണ്ട്. ഇത് സിപി ഐഎമ്മും ഇടതുപക്ഷവും എത്രയോ കാലം മുതല്‍ക്കേ പറയുന്ന കാര്യമാണ്.  പൊതുമേഖല വിറ്റഴിക്കുന്നതിനെക്കുറിച്ച്, ഇന്ധനവില നിയന്ത്രണത്തെക്കുറിച്ച്, ജി.എസ്.ടി യെക്കുറിച്ച്, അന്താരാഷ്ട്ര വ്യാപാര കരാറുകളെക്കുറിച്ചു ഒക്കെ കോണ്‍ഗ്രസ്സിന്‍റെ നിലപാട് എന്താണ്? ചേരിചേരാ നയം ഇന്ന് കോണ്‍ഗ്രസ്സ് ഉയര്‍ത്തിപ്പിടിക്കുന്നുണ്ടോ? മുതലാളിത്തത്തെക്കുറിച്ചും സാമ്രാജ്യത്വത്തെക്കുറിച്ചും അവരുടെ നിലപാട് എന്താണ്? ഇക്കാര്യങ്ങളിലെല്ലാം ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് അനുകൂലമായ നിലപാടാണോ കോണ്‍ഗ്രസ്സിനുള്ളത്? ഒരു കാര്യത്തിലും കൃത്യതയുള്ള നയമില്ലാത്തവര്‍ എങ്ങനെയാണ് ജനങ്ങളെ ഈ പ്രശ്നങ്ങളില്‍ നിന്നും കരകയറ്റുക? അതിനാല്‍ മതനിരപേക്ഷത കടുത്ത  ഭീഷണി നേരിടുന്ന ഇതുപോലൊരു സന്ദിഗ്ദ്ധ ഘട്ടത്തില്‍ സിപിഐഎമ്മിനെ പോലെയുള്ള മതനിരപേക്ഷ സംഘടനകള്‍ ശക്തിപ്പെടണം. ഇടതുപക്ഷ ജനാധിപത്യ മുന്നണി ശക്തിപ്പെടണം.

നാടിന്‍റെ മൂല്യങ്ങള്‍ക്കുമേലും സമ്പത്തിനുമേലും വലിയ ആക്രമണങ്ങള്‍ ഉണ്ടാകുന്ന കാലമാണിത്. അതുകൊണ്ടു തന്നെ അവയ്ക്കെതിരെ ജാഗ്രത പാലിക്കേണ്ടതുണ്ട്. അത്തരം ആക്രമണങ്ങളെ ചെറുക്കേണ്ടതുമുണ്ട്. അത് കമ്യൂണിസ്റ്റുകാരുടെ ഉത്തരവാദിത്തമാണ്. വര്‍ഗീയ മുതലെടുപ്പിനുള്ള നീക്കങ്ങള്‍ നടത്തി നമ്മുടെ നാട്ടിലെ സമാധാനാന്തരീക്ഷം കലുഷിതമാക്കാന്‍ നടത്തപ്പെടുന്ന ശ്രമങ്ങളെ നാം തിരിച്ചറിയണം. അവയുടെ സ്വാധീനത്തിലകപ്പെടാതിരിക്കാന്‍ നാമെല്ലാവരും ജാഗ്രത പുലര്‍ത്തണം. സ്വത്വ രാഷ്ട്രീയം വര്‍ഗ രാഷ്ട്രീയത്തിന്‍റെ ശക്തിയെ ചോര്‍ത്താനുള്ള ആയുധമാണെന്നും അത് നമ്മുടെ പൊതുവായ നേട്ടങ്ങളെ പിന്നോട്ടടിക്കാന്‍ കാരണമാകുമെന്നും മനസ്സിലാക്കണം.

കേരളത്തിലെ കോണ്‍ഗ്രസ് ദിവസേന ഛിന്നഭിന്നമായിക്കൊണ്ടിരിക്കുകയാണ്. സാധാരണ കോണ്‍ഗ്രസുകാര്‍ നേതൃത്വത്തെ അവിശ്വസിക്കുന്നു, ആ പാര്‍ടിയില്‍ നിന്നകലുന്നു. അവര്‍ക്കുള്ള സ്വാഭാവികമായ ഇടമായി  ഇടതുപക്ഷം  മാറുകയാണ്. കൂടുതല്‍ ആളുകള്‍ സിപിഐഎമ്മിലേക്ക് ആകര്‍ഷിക്കപ്പെട്ടാല്‍  അത് നാട്ടില്‍ നടക്കുന്ന പൊതുവായ വികസന - ക്ഷേമ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തും. കേരളത്തിന്‍റെ മതനിരപേക്ഷ സമാധാനാന്തരീക്ഷത്തെ ശക്തിപ്പെടുത്തും •