നരേന്ദ്രമോഡിയുടെ ഇരുപതു വര്‍ഷങ്ങള്‍

കെ എന്‍ ഗണേശ്

രേന്ദ്ര മോഡിയുടെ ഭരണത്തുടര്‍ച്ചയുടെ ഇരുപതാം വാര്‍ഷികം ബി ജെപിക്കാര്‍ ആഘോഷിക്കുകയാണ്. ഇരുപതെന്നത്  കേന്ദ്രഗവണ്‍മെന്‍റിന്‍റെ വാര്‍ഷികമല്ല. മോഡി എന്ന വ്യക്തി ഗുജറാത്തില്‍ മൂന്നു തവണ മുഖ്യമന്ത്രിയായതും ചേര്‍ത്തുള്ള വാര്‍ഷികമാണ്. ഇന്ത്യയില്‍ ഏറ്റവും അധികം കാലം തുടര്‍ച്ചയായി ഭരണത്തിലിരുന്ന ആള്‍ എന്ന സല്‍പ്പേര് കൂടി ആര്‍ജിക്കാനുള്ള ശ്രമം ആണെന്നു തോന്നുന്നു ഈ ആഘോഷത്തിനു പിന്നില്‍. ഈ ഇരുപതു വര്‍ഷത്തിനുള്ളില്‍ മോഡി എന്താണ് ചെയ്തത് എന്ന് പരിശോധിക്കാനുള്ള അവസരം നിരീക്ഷകര്‍ക്കുണ്ട്. 

ഗുജറാത്ത് ഒരു ഘട്ടത്തില്‍ ഹിന്ദുരാഷ്ട്രത്തിനു യോജിച്ച വിളനിലമായിരുന്നില്ല.മഹാത്മാ ഗാന്ധിയുടെ ജന്മനാടെന്ന നിലയിലും സര്‍ദാര്‍ പട്ടേല്‍ മുതല്‍ മൊറാര്‍ജി ദേശായി വരെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജന്മം നല്‍കിയ നാടെന്ന നിലയിലും ഗുജറാത്ത് കോണ്‍ഗ്രസിന്‍റെ കൂടെ തന്നെ ആയിരുന്നു. അഹമ്മദാബാദിലെയും വഡോദരയിലെയും തുണിവ്യവസായം, കണ്ട്ലെ, സൂറത്ത് തുറമുഖങ്ങള്‍, രാജ്യാന്തരമായി പടര്‍ന്നുപിടിച്ച പ്രവാസിവരുമാനം, സിന്ധിബാങ്കര്‍മാര്‍ തുടങ്ങിയവര്‍ വഴിയായി ഇന്ത്യയിലെ സമ്പന്നമായ സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു ഗുജറാത്ത്. ഇതനുസരിച്ചുള്ള സാമൂഹ്യവികാസം ഗുജറാത്തിനുണ്ടായില്ല. ജാതീയവും മതപരവുമായ ഭിന്നതകള്‍ ഉലച്ച ഗുജറാത്തിനെ സാമൂഹ്യമായി മുന്‍പന്തിയിലേക്കുകൊണ്ടുവരാന്‍ ഗാന്ധിമാര്‍ഗത്തിനും കഴിഞ്ഞില്ല.അവസരസമത്വത്തിനു വേണ്ടി പിന്നോക്കവിഭാഗങ്ങളുടെ പ്രക്ഷോഭങ്ങള്‍ 1980 കളില്‍ ആരംഭിച്ചത് ഗുജറാത്തിലായിരുന്നു
.
 ഇന്ത്യന്‍ സ്വാതന്ത്ര്യം ഉയര്‍ത്തിവിട്ട ഹിന്ദു-മുസ്ലീം സംഘര്‍ഷങ്ങള്‍ ഗുജറാത്തിലെ അഹമ്മദാബാദ്, ജുനഗഢ് തുടങ്ങിയ പ്രദേശങ്ങളിലേക്കും വ്യാപിച്ചിരുന്നു. സംഘര്‍ഷങ്ങളുടെ ഭാഗമായി ഇന്നത്തെ പാകിസ്ഥാനില്‍ നിന്ന് കുടിയേറിയ സിന്ധികള്‍ അഹമ്മദാബാദില്‍ താമസമാക്കിയത് ഹിന്ദുമനോഭാവം ഇവിടങ്ങളില്‍ വളര്‍ത്തുന്നതിന് കാരണമായി. 1980 കളില്‍ ഇന്ത്യയാകെ ബാധിച്ച സാമ്പത്തികമാന്ദ്യത്തിന്‍റെ പശ്ചാത്തലത്തില്‍ ഗുജറാത്തിലെ തുണിവ്യവസായം തകര്‍ന്നതും സൂറത്തിലും കച്ചിലും വാണിജ്യസമൂഹങ്ങളുടെ തകര്‍ച്ചയും അവര്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും ഗുജറാത്തിലെ ജീവിതത്തിന്‍റെ സുസ്ഥിരതയെ തകര്‍ത്തു. അഹമ്മദാബാദിലും സൂറത്തിലും മറ്റു പ്രദേശങ്ങളിലും ഇവ വര്‍ഗീയകലാപങ്ങളായി മാറി.  ഹിന്ദുത്വരാഷ്ട്രീയത്തിനു അനുകൂലമായ മണ്ണ് ഗുജറാത്തില്‍ രൂപപ്പെട്ടത് ഈ വിധമാണ്. 

ഗുജറാത്തിലെ ജനസംഖ്യയില്‍ തൊണ്ണൂറു ശതമാനത്തോളം ഹിന്ദുക്കളാണ്. മുസ്ലിങ്ങള്‍ ഒമ്പതു ശതമാനം മാത്രമേ വരുകയുള്ളു. അവര്‍ തന്നെ സൂറത്ത്, കച്ച്, അഹമ്മദാബാദ് മുതലായ പ്രദേശങ്ങളില്‍ ആണ് പ്രധാനമായും ഉള്ളത്. ഹിന്ദുക്കളില്‍ ശക്തമായ ജാതിഭേദങ്ങളും ജന്മികുടിയാന്‍ ബന്ധങ്ങളും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇവയെ മറികടക്കുന്ന വിധത്തില്‍ ഹിന്ദുക്കളുടെ ഐക്യം ഉണ്ടാക്കിയെടുത്താല്‍ മാത്രമാണ് ബിജെപിക്ക് അവിടെ ആധിപത്യം ചെലുത്താന്‍ ആവുക. 1992  ലെ ബോംബെ വര്‍ഗീയകലാപങ്ങള്‍ ഏറ്റവും അധികം സ്വാധീനം ചെലുത്തിയത് സൂറത്തിലും വഡോദരയിലും ആയിരുന്നു. ഇതിനെ തുടര്‍ന്ന് രാഷ്ട്രീയത്തിലും വര്‍ഗീയതയുടെ സ്വാധീനം വര്‍ധിക്കുകയും ബി ജെപിയുടെ സ്വാധീനം വര്‍ധിക്കുകയും ചെയ്തു, ഈ സാഹചര്യത്തിലാണ് ബി ജെപിയുടെ സെക്രട്ടറിമാരില്‍ ഒരാളായിരുന്ന നരേന്ദ്ര മോഡിയെ ഗുജറാത്തിലെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് അവരോധിക്കുന്നത്. പിന്നോക്കസമുദായക്കാരനായ മോഡിയെ പ്രയോജനപ്പെടുത്തി ഹിന്ദു ഐക്യം സാധ്യമാക്കാമെന്ന കണക്കുകൂട്ടലും ഇവിടെ പ്രസക്തമാണ്. 

മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായതിന്‍റെ ആദ്യവര്‍ഷങ്ങളില്‍ തന്നെയാണ് രാജ്യത്തെ നടുക്കിയ ഗുജറാത്ത് വംശഹത്യ നടക്കുന്നത്. ട്രെയിനില്‍ ഗോധ്ര റെയില്‍വേ സ്റ്റേഷനില്‍ എത്തിയവരും  സ്റ്റേഷന് സമീപമുള്ള നരോദ പട്യാ കോളനിയിലെ നിവാസികളും തമ്മിലുണ്ടായ സംഘര്‍ഷം അതിവേഗത്തില്‍ അഹമ്മദാബാദിലും വഡോദരയിലും  സൂറത്തിലും മറ്റു പ്രദേശങ്ങളിലും നിരവധി ദാരുണമായ കൂട്ടക്കൊലകള്‍ക്ക് കാരണമാകുകയായിരുന്നു.  ഒരു തീപ്പൊരിയെ കാട്ടുതീയായി പടര്‍ത്തുക എന്ന തന്ത്രം വളരെ വിദഗ്ധമായി മോഡി ഗവണ്‍മെന്‍റിന്‍റെ അനുവാദത്തോടെ സംഘപരിവാര്‍ ഉപയോഗിച്ചതിന്‍റെ ഫലമായിരുന്നു 2002 ലെ വംശഹത്യ. ഇക്കാലത്തു നടന്ന നിരവധി കരുതിക്കൂട്ടിയുള്ള കൊലപാതകങ്ങള്‍ പുറത്തു കൊണ്ടുവരപ്പെട്ടുവെങ്കിലും വര്‍ഷങ്ങള്‍ക്കുശേഷം അവയ്ക്കൊന്നിനും തെളിവില്ലെന്ന കാരണം പറഞ്ഞു കൊലയാളികള്‍ കുറ്റവിമുക്തരാകുന്ന കാഴ്ചയും നാം  ഇപ്പോള്‍ കാണുകയാണ്.

ഗുജറാത്തിലെ വംശഹത്യ നരേന്ദ്ര മോഡിയുടെ പതനത്തിലേക്കാണ് നയിക്കുക എന്ന് പലരും കരുതിയെങ്കിലും നേരെ തിരിച്ചാണ് സംഭവിച്ചത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മോഡി കൂടുതല്‍ ശക്തനായി തിരിച്ചെത്തുകയായിരുന്നു. ഇതിന്‍റെ പ്രധാനകാരണങ്ങള്‍ അന്നുതന്നെ വിലയിരുത്തപ്പെട്ടിരുന്നു. ഗുജറാത്ത് വംശഹത്യ നടന്ന പശ്ചാത്തലത്തില്‍പോലും മോഡി ഗവണ്‍മെന്‍റിനെതിരെ ശക്തമായ പ്രതിരോധമുയര്‍ത്താന്‍ മുഖ്യപ്രതിപക്ഷകക്ഷിയായ  കോണ്‍ഗ്രസിനു കഴിഞ്ഞില്ല. വ്യക്തമായ നേതൃത്വം പോലും ഇല്ലാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ് എത്തിച്ചേര്‍ന്നത്. ഇടതുപക്ഷ അനുകൂലികളായ സംഘടനകളും സന്നദ്ധപ്രവര്‍ത്തകരുമാണ് വംശഹത്യക്കെതിരെ പ്രതിരോധം ഉയര്‍ത്തിയത്. എന്നാല്‍ ഈ പ്രതിരോധത്തെ നിയമസഭയിലേക്കുള്ള വോട്ടാക്കി മാറ്റാനുള്ള സംഘടനാ ശേഷി അവര്‍ക്കില്ലായിരുന്നു. ഏറ്റവും പ്രധാനമായി അന്നത്തെ യുപിഎ സര്‍ക്കാര്‍ നടപ്പിലാക്കിയ നവലിബറല്‍ നയങ്ങള്‍ ഏറ്റവും ഫലപ്രദമായി കൊണ്ടുവന്ന സംസ്ഥാനം ഗുജറാത്തായിരുന്നു. ഗുജറാത്തിന്‍റെ വാണിജ്യപരവും സാമ്പത്തികവുമായ മേല്‍ക്കോയ്മ ഉപയോഗപ്പെടുത്തി വിദേശമൂലധനമടക്കമുള്ള മൂലധനത്തെ ആകര്‍ഷിക്കാന്‍ മോഡിസര്‍ക്കാരിനു കഴിഞ്ഞു. നര്‍മദാ നദീതടത്തില്‍ സ്ഥാപിക്കപ്പെട്ട സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്‍റെ വാണിജ്യ-കൃഷി സാധ്യതകളെ ഉപയോഗിച്ച് കോര്‍പ്പറേറ്റ് കാര്‍ഷികമുറകള്‍ക്കു പ്രോത്സാഹനം നല്‍കിയതും ഇതേ രീതിയുടെ  ഭാഗമായിരുന്നു. പിന്നീട് പശ്ചിമബംഗാളിലെ സിംഗൂരില്‍ സ്ഥലം നിഷേധിക്കപ്പെട്ട ടാറ്റായുടെ നാനോ ഫാക്ടറിക്ക് പെട്ടെന്ന് സ്ഥലവും അടിസ്ഥാനസൗകര്യങ്ങളും ഏര്‍പ്പെടുത്തിക്കൊടുത്തതും മോഡിസര്‍ക്കാരായിരുന്നു.


പിന്നീട്  കേന്ദ്രഗവണ്‍മെന്‍റിന്‍റെ അടിസ്ഥാനആശയസംഹിതയായി പലരും വിലയിരുത്തിയ ഗുജറാത്ത് മോഡലിന്‍റെ ഉത്ഭവം ഇവിടെ നിന്നാണ്. ഭരണതലത്തില്‍ നിന്ന് ഭരണകൂടം പിന്‍വാങ്ങുകയും  സാമ്പത്തികരംഗം പൂര്‍ണമായി തന്നെ ഭരണകൂടത്തിന്‍റെ  ആശയസംഹിതകളോട് വിധേയമായി പ്രവര്‍ത്തിക്കുന്നതിന് മടിയില്ലാത്ത വിദേശികളും സ്വദേശികളുമായ സ്വകാര്യസംരംഭകരെ ഏല്‍പ്പിക്കുകയും, ഭരണകൂടത്തിന്‍റെ സൗജന്യവും സംരംഭകരുടെ ജീവകാരുണ്യപ്രവര്‍ത്തനവും അടക്കമുള്ള ഒരു പാക്കേജ് ഉപയോഗിച്ച് പാവപ്പെട്ട ജനങ്ങളെ വിധേയരാക്കി നിലനിര്‍ത്തുകയും ഏറ്റവും പ്രധാനമായി മോഡി ഭരണത്തോട് ജനങ്ങളുടെ വിധേയത്വം ഉറപ്പു വരുത്തുന്ന ഹിന്ദുമതരാഷ്ട്രീയവും മോഡിയുടെ വ്യക്തിപൂജയും (ബാലനരേന്ദ്ര എന്ന പേരില്‍ കുട്ടികള്‍ക്കുള്ള കോമിക് പുസ്തകം വരെ അന്നിറങ്ങി) ഉള്‍പ്പെടുന്ന ചേരുവയെയാണ് നാം ഗുജറാത്ത് മോഡല്‍ എന്ന് വിളിക്കുന്നത്. കോര്‍പ്പറേറ്റ് ദാസ്യത്തോടൊപ്പം ഭരണകൂടത്തിന്‍റെ തണലില്‍ പുതിയ മുതലാളിത്തത്തെ വളര്‍ത്തിയെടുക്കുന്ന ചങ്ങാത്തമുതലാളിത്തവും ഈ മോഡലിന്‍റെ ഭാഗമാണ്. ഇന്ന് ഇന്ത്യ കീഴടക്കാന്‍ വെമ്പുന്ന അംബാനിയും അദാനിയും ഗുജറാത്തിലെ മോഡി ഭരണകൂടത്തിനും ഏറെ പ്രിയങ്കരരായിരുന്നു. ഇതിനോടൊപ്പം , മോഡിയുടെ മൂന്നുവട്ടത്തെ ഭരണത്തില്‍ ജനങ്ങളുടെ ജീവിതഗുണനിലവാരത്തിലോ അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിന്‍റെ എന്തെങ്കിലും മാറ്റങ്ങള്‍ വന്നതായി സൂചനയില്ല.ജനങ്ങളുടെ സ്ഥിതി പരിതാപകരമായി  തുടര്‍ന്നു. 

മോഡി സൃഷ്ടിച്ചെടുത്ത കോര്‍പ്പറേറ്റ് വര്‍ഗീയ സഖ്യം ഏതെങ്കിലും വിധത്തിലുള്ള ചെറുത്തുനില്‍പ്പുകള്‍ അസാധ്യമാക്കുകയായിരുന്നു. ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ നടന്ന ചെറുത്തുനില്‍പ്പുകള്‍, സംവരണത്തിന് വേണ്ടിയുള്ള പട്ടേലുമാരുടെ പ്രക്ഷോഭം തുടങ്ങിയ ചില  സമരങ്ങളാണ്    ഗുജറാത്തില്‍ അരങ്ങേറിയത്. അവരില്‍ ഹാര്‍ദിക് പട്ടേല്‍, അല്‍പേഷ് താക്കൂര്‍ ഇപ്പോള്‍ ജിഗ്നേഷ് മേവാനി മുതലായ ചില നേതാക്കളെ സ്വന്തം അണികളില്‍ ഉള്‍പ്പെടുത്തിയത് ഒഴിച്ചാല്‍ (ഹര്‍ദിക് പട്ടേല്‍, ഇപ്പോള്‍ പി സി സി പ്രെസിഡന്‍റുമാണ്) ഭരണകൂടത്തിനെതിരെ ക്രിയാത്മകമായ എന്തെങ്കിലും ചെയ്യാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല.  കോണ്‍ഗ്രസിന്‍റെയും ബി ജെപിയുടെയും നയങ്ങള്‍ തമ്മില്‍ വര്‍ഗപരമായ ഭിന്നതയില്ലാത്തതാന്  ഈ നിഷ്ക്രിയത്വത്തിനു പ്രധാനകാരണം. ഇപ്പോള്‍ കോണ്‍ഗ്രസ് ചെയ്യാന്‍ ശ്രമിക്കുന്നത് ജാതിമതഭിന്നതകള്‍ ഉപയോഗിച്ച് പുതിയ പിന്തുണക്കൂട്ടങ്ങളെ സൃഷ്ടിക്കുകയാണ്. മേവാനിയും മറ്റും അതിനുള്ള ആയുധങ്ങളാണ്. ഇത് എത്രമാത്രം വിജയിക്കുമെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.

നരേന്ദ്ര മോഡിയെ പ്രധാനമന്ത്രിയാക്കാന്‍ ബിജെപി/എന്‍ഡിഎ തീരുമാനിച്ചതിനു ശേഷം മോഡി അവതരിപ്പിച്ച തന്ത്രങ്ങള്‍ എല്ലാം തന്‍റെ ഗുജറാത്ത് അനുഭവത്തില്‍നിന്ന്  വളര്‍ത്തിയെടുത്തതായിരുന്നു. വികസനത്തില്‍ ഊന്നി നിന്നുകൊണ്ട് ഇന്ത്യയെ വന്‍ലോകശക്തിയാക്കുമെന്നു പ്രതിജ്ഞയെടുക്കുന്ന ശൈലി അതുവരെ ബിജെപി പിന്തുടര്‍ന്ന കേവല ഹിന്ദുത്വ മുദ്രാവാക്യങ്ങളില്‍ നിന്നു ഭിന്നമായിരുന്നു. ഒരുവശത്ത് സാര്‍വദേശീയ മൂലധനത്തിനു യഥേഷ്ടം കടന്നുവരാന്‍ സാധിക്കും എന്ന വ്യക്തമായ സൂചന ഇവിടെ നല്‍കിയിരുന്നു. അതേ സമയം തന്‍റെ ഗുജറാത്ത് അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ നിന്നു കൊണ്ട് പ്രവാസി ഇന്ത്യക്കാരുടെ  പിന്തുണയും മോഡി നേടി. പിന്നീട് മോഡി ആവിഷ്കരിച്ച മെയ്ക്  ഇന്‍ ഇന്ത്യക്യാമ്പയ്ന്‍റെ അടിത്തറയും ഇതുതന്നെയായിരുന്നു.നവലിബറല്‍ ഉദാരവല്‍ക്കരണനയങ്ങള്‍ക്ക് ഒരു ദേശീയപരിവേഷം നല്‍കുക പ്രവാസി ഇന്ത്യക്കാരുടെ ഹിന്ദുത്വത്തെ ഉപാധിയാക്കിക്കൊണ്ട് അവക്കു സാര്‍വദേശീയ അംഗീകാരം നേടിയെടുക്കുക എന്നതായിരുന്നു പുതിയ തന്ത്രം. ഇതോടെ മോഡി ഭരണകൂടം ആവിഷ്കരിക്കുന്ന നവലിബറല്‍ നയങ്ങളെ എതിര്‍ക്കുന്ന എല്ലവരും വികസനവിരുദ്ധരും ദേശവിരുദ്ധരും ആകുന്നു. ഹിന്ദുമതരാഷ്ട്രീയവുമായി യോജിക്കാത്തവരും ഇതുപോലെ ദേശവിരുദ്ധരായിമാറുന്നു .കോര്‍പ്പറേറ്റ് വര്‍ഗീയസഖ്യത്തിന്‍റെ പ്രചാരണായുധമായി ദേശീയത മാറുന്ന വിചിത്രമായ കാഴ്ചയാണ് ഇവിടെ പ്രത്യക്ഷപ്പെട്ടത്.


നരേന്ദ്രമോഡിയുടെ ആദ്യകേന്ദ്രഗവണ്‍മെന്‍റിന്‍റെ അവസാനഘട്ടത്തില്‍ കാശ്മീരിലെ പുല്‍വാമയില്‍ നടന്ന ചാവേര്‍ ആക്രമണവും തുടര്‍ന്ന് പാകിസ്താനുമായുണ്ടായ സംഘര്‍ഷവും ഈ പുതിയ ആശയസംഹിതയുടെ പരീക്ഷണമേഖലകൂടി ആയിരുന്നു. ഇന്ത്യക്കാരുടെ ദേശാഭിമാനത്തെ നിലനിര്‍ത്തുന്ന പ്രധാന ഉപാധി അയല്‍ രാജ്യങ്ങളുമായുള്ള സംഘര്‍ഷമാണ്. ചൈനയുമായുള്ള സംഘര്‍ഷങ്ങള്‍ ചില്ലറ അതിര്‍ത്തി തര്‍ക്കങ്ങളില്‍ ഒതുങ്ങുമെങ്കില്‍ കാശ്മീര്‍ പ്രശ്നം ഉപയോഗിച്ചുള്ള പാകിസ്താനുമായുള്ള സംഘര്‍ഷത്തിന് മാനങ്ങള്‍ പലതാണ്. കാശ്മീര്‍ എന്ന പ്രദേശത്തിന്‍റെ പ്രശ്നം നിലനിക്കുന്നതുകൊണ്ട് സംഘര്‍ഷത്തിന് ഭൂമിശാസ്ത്രപരവും വിഭവപരവുമായ തലമുണ്ട്. പാകിസ്ഥാന്‍ ഒരു മുസ്ലിംഭൂരിപക്ഷപ്രദേശമായതുകൊണ്ട് ദേശീയതയെ ഹിന്ദുമതരാഷ്ട്രീയമായി വ്യാഖ്യാനിക്കാനും എളുപ്പമാണ്. കൂടാതെ തീവ്രവാദികളെ ചെറുക്കുന്നു എന്ന സാര്‍വത്രികമായി അംഗീകാരം ലഭിക്കുന്ന ന്യായവുമുണ്ട്.  ഇവയുടെ അടിസ്ഥാനത്തില്‍ ചാവേര്‍ ബോംബാക്രമണവും വൈമാനികരെ തട്ടിക്കൊണ്ടുപോകലും സൃഷ്ടിച്ച ദേശീയവികാരത്തെ ഹിന്ദുമതരാഷ്ട്രീയ വികാരമാക്കി മാറ്റാന്‍ പ്രയാസമില്ലായിരുന്നു. രണ്ടാം മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്‍റെ അടിത്തറയും ഇതുതന്നെയായിരുന്നു. ഈ ദേശീയവികാരത്തിനു മുമ്പില്‍ പ്രതിപക്ഷ പാര്‍ടികള്‍ അടിപതറുന്നതും നാം കണ്ടു.   

 ഈ അവസരം ഉപയോഗപ്പെടുത്തി  രാഷ്ട്രഘടനയില്‍ മാറ്റം വരുത്താനുള്ള നീക്കങ്ങളാണ് രണ്ടാം മോഡി സര്‍ക്കാരിന്‍റെ കാലത്തു നടന്നത്. അസമില്‍ യു പി എ സര്‍ക്കാരിന്‍റെ കാലത്തു തന്നെ നടപ്പിലാക്കപ്പെട്ട ദേശീയപൗരത്വ രജിസ്റ്ററിനെ ഉപയോഗപ്പെടുത്തി ഇന്ത്യയാകെ വ്യാപിപ്പിക്കാനുള്ള നീക്കങ്ങള്‍ നടന്നു, അത് ഹിന്ദു പ്രവാസികള്‍ക്ക് ആനുകൂല്യം നല്‍കി മുസ്ലിങ്ങളെ ഒഴിവാക്കുന്ന പൗരത്വനിയമഭേദഗതിനിയമത്തിലേക്ക് നയിച്ചു.  ഇതുയര്‍ത്തിയ ശക്തമായ പ്രതിഷേധത്തെ ദേശദ്രോഹമായി മുദ്രകുത്തി അമര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. പുല്‍വാമയുടെ  പശ്ചാത്തലത്തില്‍ കാശ്മീരിനെ മൂന്നായി വെട്ടിമുറിച്ചു, കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് റദ്ദുചെയ്യപ്പെട്ടു. കാശ്മീര്‍ പ്രദേശത്തെ മുഴുവനും പട്ടാളനിയമത്തിന്‍റെ കീഴില്‍ കൊണ്ടുവരുകയും പ്രതിഷേധം മുഴുവന്‍ അമര്‍ച്ച ചെയ്യുകയുമുണ്ടായി. ഇത്തരം നീക്കങ്ങളുടെ രാഷ്ട്രീയപ്രത്യാഘാതങ്ങള്‍ ദുര്‍ബലമായതു തന്നെ മോഡി സര്‍ക്കാരിന്‍റെ ആശയസംഹിതയ്ക്ക് ലഭിക്കുന്ന അംഗീകാരത്തെ സൂചിപ്പിക്കുന്നതാണ്. കോവിഡിന്‍റെ സാഹചര്യത്തില്‍ പൊതുവായ സംഘം ചേരലിനുണ്ടായ നിയന്ത്രണങ്ങളും വന്‍കൂട്ടായ്മകളുടെ വളര്‍ച്ചയ്ക്ക് വിലങ്ങുതടിയായിട്ടുണ്ട്. അത്തരം സാഹചര്യങ്ങളില്‍ ഏറ്റവും വലിയ വാര്‍ത്താവിനിമയോപാധി ആയ മാധ്യമങ്ങള്‍ മോഡിയുടെ നയങ്ങള്‍ക്ക് നല്‍കിയ അംഗീകാരവും പ്രതിരോധത്തെ ദുര്‍ബലപ്പെടുത്തുന്നതില്‍ പ്രധാനപങ്കുവഹിച്ചു.

 മോഡിയുടെ കോര്‍പ്പറേറ്റ് വര്‍ഗീയനയങ്ങളുടെ യഥാര്‍ത്ഥപ്രത്യാഘാതങ്ങള്‍ പുറത്തുകൊണ്ടു വരുന്ന നിരവധി സൂചകങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. ഫോബ്സിന്‍റെ  ശതകോടീശ്വരന്മാരുടെ പട്ടികയിലും മറ്റു പട്ടികകളിലും സ്ഥാനം നേടുന്ന ശതകോടീശ്വരന്മാരുടെ എണ്ണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ദാരിദ്ര്യസൂചികയടക്കം എല്ലാ മനുഷ്യവികസന സൂചികകളിലും ഇന്ത്യയുടെ സ്ഥാനം വളരെ പിറകിലാണ്. ഭീകരവിരുദ്ധ മുദ്രാവാക്യങ്ങളുടെയും ചൈനാവിരുദ്ധ നിലപാടുകളുടെയും അടിസ്ഥാനത്തില്‍ ഏറ്റവും അവസാനം അമേരിക്ക ഉണ്ടാക്കിയ ഔക്കസ് അടക്കം എല്ലാ സാമ്രാജ്യത്വസഖ്യങ്ങളിലും പങ്കാളിയാകാന്‍ ഇന്ത്യ ശ്രദ്ധിക്കുന്നുണ്ട്. എന്നാല്‍ ഒരു വികസനസൂചികയനുസരിച്ചും സാമ്രാജ്യത്വരാഷ്ട്രങ്ങളോടോ ചൈനയോടോ ഒപ്പം എത്താന്‍ കഴിയുന്ന രാഷ്ട്രമായി ഇന്ത്യ അംഗീകരിക്കപ്പെടുന്നില്ല. പാക്കിസ്താനേതിരേയും മറ്റും തിണ്ണമിടുക്ക് കാണിക്കുന്നതൊഴിച്ചാല്‍ മറ്റെന്തെങ്കിലും ക്രിയാത്മകമായി ചെയ്യാന്‍ ഇന്ത്യക്കു കഴിയുമെന്നും ആരും കരുതുന്നില്ല. 


ഇന്ത്യയാകട്ടെ അവരുടെ സര്‍വസമ്പത്തും ആസ്തികളും കോര്‍പ്പറേറ്റ് കുത്തകകളുടെ മുമ്പില്‍ തുറന്നു മലര്‍ത്തിയിടുകയാണ്. കാര്‍ഷികരംഗത്തിന്‍റെയും ഫിനാന്‍സ് - ഇന്‍ഷുറന്‍സ് രംഗങ്ങളുടെയും കോര്‍പ്പറേറ്റ്വത്കരണം  കൂടാതെ ഗതാഗതം, തുറമുഖങ്ങള്‍, റെയില്‍വേ, വ്യോമയാനഗതാഗതം, പ്രതിരോധവ്യവസായങ്ങള്‍ തുടങ്ങി എല്ലാ മേഖലകളും കോര്‍പ്പറേറ്റ് വ്യവസായികള്‍ക്കു തുറന്നിടുകയാണ്. ഇതിനനുപൂരകമായി ഹിന്ദുരാഷ്ട്രമുദ്രാവാക്യങ്ങളും ഭീകരവിരുദ്ധവായ്ത്താരികളും മുറുകുകയും ചെയ്യുന്നു. ചെറുത്തുനില്‍പ്പുകളെ അടിച്ചമര്‍ത്താന്‍ ഒരു ദയയും കാണിക്കില്ലെന്നു  യുപിയിലെ ലഖീംപൂര്‍ ഖേരിയില്‍ കര്‍ഷകസമരക്കാരെ കാര്‍ ഇടിച്ചുകയറ്റി കൂട്ടക്കൊലചെയ്തതില്‍ നിന്നുതന്നെ വ്യക്തമാണ്, കോടതിയുടെ പരാമര്‍ശത്തിന് ശേഷം മാത്രമാണ് കുറ്റവാളിയായ മന്ത്രിപുത്രന്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. ഇതിന്‍റെ മറ്റൊരു കരാളരൂപമാണ് അസമില്‍ ഇപ്പോള്‍ അരങ്ങേറുന്നത്. പൗരത്വഭേദഗതിനിയമത്തിന്‍റെ മറവില്‍ പൗരത്വരജിസ്റ്ററില്‍ വരാത്തവരെയെല്ലാം നുഴഞ്ഞുകയറ്റക്കാരായി മുദ്രകുത്തി കൂട്ടത്തോടെ പുറത്താക്കുകയാണ്. ഇത്തരം അന്വേഷണങ്ങള്‍ മറ്റു പ്രദേശങ്ങളിലും നടക്കുന്നുണ്ട്. ഇവയെ കുറിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ വഴി നമ്മുടെയിടയില്‍ എത്തുന്നില്ല. എത്തുന്നെങ്കില്‍ തന്നെ അവയെല്ലാം ദേശീയതയെകുറിച്ചുള്ള ഹിന്ദുരാഷ്ട്രപ്രേരിതമായ വായ്ത്താരിയിലും നുഴഞ്ഞുകയറ്റക്കാരെ കുറിച്ചുള്ള കഥകളിലും  അവസാനിക്കാവുന്നതേ ഉള്ളു. 

അപ്പോള്‍ മോഡിയുടെ ഇരുപതു വര്‍ഷങ്ങള്‍ നമ്മെ എത്തിക്കുന്നതെവിടെയാണ്? ഏറെ ഉപയോഗിക്കുകയും ദുരുപയോഗപ്പെടുത്തുകയും ചെയ്യപ്പെട്ട ഒരു വാക്കാണ് ഫാസിസം. ഹിറ്റ്ലറുടെ ആര്യന്‍ മിത്തും മുസോളിനിയുടെ റോമന്‍  സാമ്രാജ്യമിത്തും ഒക്കെ ഫാഷിസത്തിന് പ്രേരകമായിട്ടുണ്ട്. ഒരു മിത്തിന്‍റെയും സഹായമില്ലാതെ ഒരു പട്ടാള ജനറലായ ഫ്രാന്‍കോയും ഫാസിസ്റ്റായി ഭരിച്ചിട്ടുണ്ട്. ചിലിയില്‍ പിനോഷെയും സമാനമായ ഭരണം നടത്തിയിട്ടുണ്ട്. ഏറെ വ്യത്യസ്തതകളുണ്ടായിരുന്നെങ്കിലും ഇവരെല്ലാം നടപ്പിലാക്കാന്‍ ശ്രമിച്ചത് മുതലാളിത്തസമ്പത്ഘടനയായിരുന്നു. ഇവരെല്ലാം കടുത്ത കമ്യൂണിസ്റ്റ് വിരോധികളുമായിരുന്നു. കടുത്ത ദേശീയത ഇവരുടെയെല്ലാം ആശയസംഹിതയുടെ ഭാഗവുമാണ്. ഈ ദേശീയവികാരത്തിന്‍റെ രൂപീകരണത്തിനായി എന്തു മാര്‍ഗവും ഉപയോഗിക്കും അവര്‍. വിദേശികള്‍, അന്യമതസ്ഥര്‍, കമ്യൂണിസ്റ്റുകാര്‍, ജൂതന്മാര്‍ തുടങ്ങി ആരും ഇത്തരത്തില്‍ ശത്രുക്കളായി ഉപയോഗിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഇത്തരത്തിലുള്ള ആശയസംഹിതകള്‍ ഏതെങ്കിലും അധീശസ്വഭാവമുള്ള ജനവിഭാഗത്തിനെതിരായ എതിര്‍പ്പുകള്‍ മാത്രമല്ല ഭരണകൂടങ്ങള്‍ക്കെതിരായ പ്രക്ഷോഭങ്ങളെയും ഇല്ലായ്മ ചെയ്യാനുള്ള മാര്‍ഗങ്ങളും കൂടിയാണ്. അതിനായി ഉപയോഗിക്കുന്ന തന്ത്രങ്ങളും രൂപങ്ങളും വ്യത്യസ്തമായിരിക്കും.   


 ഇന്ത്യയെപ്പോലുള്ള ഒരു പ്രദേശത്ത് കേവലമായ മതാധിപത്യം സ്ഥാപിക്കുക എളുപ്പമല്ല. ഇന്ത്യ ബഹുസാംസ്കാരികമായ ബഹുമതങ്ങളെ അംഗീകരിച്ചു പോന്ന പ്രദേശമാണ്. യൂറോപ്പിലെ സെമിറ്റിക് വിരുദ്ധതയോ വംശീയതയോ പോലെ നിയതമായ ഒരു ആശയസംഹിത സമൂഹത്തില്‍ എല്ലായിടത്തും ഒരു പോലെ നിലവിലില്ല. യഥാര്‍ത്ഥത്തില്‍ നിലനില്‍ക്കുന്നത് ജാതീയതയാണ്. അത് ഹിന്ദുരാഷ്ട്രസങ്കല്പത്തിന് ഇപ്പോഴും സഹായകരമാകണം എന്നില്ല. വര്‍ഗീയസംഘര്‍ഷങ്ങള്‍ ഹിന്ദുവികാരത്തെ വളര്‍ത്താന്‍ സഹായിക്കുമെങ്കിലും അതു സൃഷ്ടിക്കുന്ന ഹിംസയ്ക്കു പൊതുസമ്മതി കിട്ടുക പ്രയാസമാണ്. അപ്പോള്‍ സാധിക്കുന്ന ഒരേയൊരു മാര്‍ഗം ഹിന്ദുരാഷ്ട്രത്തെ ഒരു ദേശീയമുദ്രാവാക്യമാക്കി മാറ്റുക എന്നതാണ്. ഇതിനായി ഗാന്ധിജിയും  സര്‍ദാര്‍ പട്ടേലും അടക്കം ആരെയെല്ലാം ഉപയോഗിക്കാമോ അവരെയെല്ലാം ഉപയോഗിച്ച് ഒരു സാംസ്കാരിക ദേശീയ പരിപ്രേക്ഷ്യം സൃഷ്ടിക്കുക എന്നതാണ്. അതിനാവശ്യമായ എല്ലാ കരുക്കളും ഭരണഘടനയിലെ പഴുതുകളും വിദേശബന്ധങ്ങളും ജനവികാരവും ഉപയോഗിച്ച് നീക്കുക എന്നതാണ്. ഇന്ത്യയെ ഒരു വന്‍സാമ്പത്തികശക്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഒരു വന്‍ രാഷ്ട്രീയശക്തിയാക്കി മാറ്റുകയും മറ്റു വന്‍ശക്തികളോട് കിടപിടിക്കാവുന്ന തലത്തില്‍ ഇന്ത്യയുടെ രാഷ്ട്രീയസ്വാധീനം വര്‍ധിപ്പിക്കുക എന്നതുമാണ്. ഇതിന് ഇന്ത്യയിലെ മധ്യ ഉപരിവര്‍ഗത്തിന്‍റെ മാത്രമല്ല കോര്‍പ്പറേറ്റ് പിന്തുണയും ആവശ്യമാണ്. ഇതില്‍ നിന്നാണ് യഥാര്‍ത്ഥ മോഡി മോഡല്‍ ഉയരുന്നത്. സാര്‍വദേശീയ കോര്‍പ്പറേറ്റ് കുത്തകകളുടെ വിഹാരരംഗവും അതിന്‍റെ അടിസ്ഥാനത്തില്‍ സാര്‍വദേശീയാംഗീകാരമുള്ളതുമായ ഒരു ഹിന്ദുരാഷ്ട്രമായി ഇന്ത്യയെ മാറ്റുക എന്നതുതന്നെയാണ് ആ ലക്ഷ്യം •