ആവര്‍ത്തിക്കുന്ന നുണകള്‍

ആര്‍എസ്എസും ബിജെപിയും കള്ളം പറഞ്ഞും സത്യത്തെ വളച്ചൊടിച്ചുമാണ് നിലവില്‍വന്നതും വളര്‍ന്നതും. ഹെഡ്ഗേവാര്‍ 1925ല്‍ ആര്‍എസ്എസ് രൂപീകരിച്ചത്, വി ഡി സവര്‍ക്കര്‍ ഭാരതീയ പാരമ്പര്യത്തെ വക്രീകരിച്ച് ആവിഷ്കരിച്ച ഹിന്ദുത്വ ആശയത്തെയും അതിനെ അടിസ്ഥാനമാക്കി ക്രോഡീകരിച്ച 'ദേശീയത'യെയും ആധാരമാക്കിയായിരുന്നു. സാധാരണ അര്‍ഥത്തിലുള്ള ദേശീയ ബോധത്തിന്‍റെ വികലീകൃത രൂപമാണ് ആ ദേശീയത. സാമ്രാജ്യത്വത്തോടുള്ള അന്ധമായ വിധേയത്വവും ഇന്ത്യയില്‍ നെടുനാളായി നിലനിന്നുവന്ന മതമൈത്രിയുടെയും ബഹുസ്വരതയുടെയും നിഷേധവുമാണ് അത്. അതുകൊണ്ടാണ് 1947നുമുമ്പ് ഇന്ത്യയില്‍ നിലനിന്ന വിവിധ രാഷ്ട്രീയധാരകളില്‍നിന്നും രാഷ്ട്രീയ സംഘടനകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു നിലപാടും സമീപനവും ആര്‍എസ്എസ് സ്വീകരിച്ചത്. അത് ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തില്‍ നിന്ന് അകന്നുനില്‍ക്കുക മാത്രമല്ല, ശത്രുതാപരമായ സമീപനം സ്വീകരിക്കുകയും ചെയ്തു. മാത്രമല്ല, എന്തൊക്കെ അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും അന്നത്തെ മറ്റെല്ലാ രാഷ്ട്രീയ-സാമൂഹ്യസംഘടനകളും ഗാന്ധിജിയുടെ ചില ചില ആശയങ്ങളോട് വിയോജിച്ചപ്പോഴും അദ്ദേഹത്തെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്‍റെ അനിഷേധ്യനേതാവും രാഷ്ട്രപിതാവുമായി അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇതില്‍ നിന്ന് വ്യത്യസ്തമായി ആര്‍എസ്എസ് സ്വാതന്ത്ര്യസമരകാലത്ത് ഗാന്ധിജിയെ ആക്ഷേപിക്കാനും സ്വാതന്ത്ര്യലബ്ധിക്കു പിന്നാലെ അദ്ദേഹത്തെ വെടിവെച്ചുകൊല്ലാനും ഏര്‍പ്പാടാക്കുകയായിരുന്നു. അത് സംബന്ധിച്ച കേസിലെ പ്രധാന പ്രതികളില്‍ ഒരാളായിരുന്നു വി ഡി സവര്‍ക്കര്‍.

ആ വിനായക് ദാമോദര്‍ സവര്‍ക്കറെ വെള്ള തേച്ചുകാണിക്കാന്‍ ഹിന്ദുത്വവാദികള്‍ നടത്തിവരുന്ന നിരന്തരശ്രമങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്നത്. സവര്‍ക്കറെ കുറിച്ചുള്ള ഒരു പുസ്തകം പ്രകാശനം ചെയ്യവെ ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവത് മുതല്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ് വരെയുള്ളവര്‍ ചെയ്തത് അതാണ്. മഹാത്മാഗാന്ധി നിര്‍ദേശിച്ച പ്രകാരമാണ് ആന്‍ഡമാന്‍ ജയിലില്‍ നിന്നു മോചനം നേടാന്‍ സവര്‍ക്കര്‍ മാപ്പെഴുതിക്കൊടുത്തത് എന്ന പുതിയ കള്ളം അവിടെ പ്രസംഗിച്ചവരെല്ലാം ആവര്‍ത്തിച്ചു. മഹാത്മാ ആകുന്നതിനുമുമ്പ് എം കെ ഗാന്ധി ദക്ഷിണാഫ്രിക്കയില്‍നിന്ന് ഇന്ത്യയില്‍ മടങ്ങിയെത്തിയത് 1915 ജനുവരിയിലാണ്. അതിനാല്‍ 1913ല്‍ സവര്‍ക്കര്‍ മാപ്പെഴുതിക്കൊടുത്തത് ഗാന്ധിജി നിര്‍ദേശിച്ച പ്രകാരമാണ് എന്നുപറയുന്നത് വസ്തുതാപരമല്ല. പച്ചക്കള്ളമാണ്. അതിനുമുമ്പും പലതവണ സവര്‍ക്കര്‍ മാപ്പെഴുതിക്കൊടുത്തിരുന്നു എന്നതാണ് ചരിത്രം. ദക്ഷിണാഫ്രിക്കയില്‍ ഉള്ളപ്പോഴേ ഗാന്ധിജി ബ്രിട്ടീഷുകാരോട് പോരാടുകയായിരുന്നു. അങ്ങനെയുള്ള ഗാന്ധിജി, ജയിലില്‍ നിന്നു മോചിപ്പിച്ചാല്‍ താന്‍ നിയമവിധേയനായി പ്രവര്‍ത്തിച്ച് ബ്രിട്ടീഷ് ഭരണത്തെ സേവിച്ചുകൊള്ളാമെന്നു എഴുതിക്കൊടുത്ത് മോചനം തേടാന്‍ സവര്‍ക്കറെ ഉപദേശിച്ചിരിക്കുമെന്ന് വിശ്വസിക്കാനാവില്ല. അങ്ങനെ കള്ളം പറഞ്ഞതുതന്നെ ഗാന്ധിജിയെ അപമാനിക്കലാണ്. അത് പറയുന്നത് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങായതുകൊണ്ടു മാത്രം നുണ നുണയല്ലാതാകുന്നില്ല.


മോഹന്‍ ഭഗവത് പറയുന്നത് 2014 മുതല്‍ ഇന്ത്യയില്‍ ഒരു പുതിയ യുഗം തുടങ്ങി എന്നാണ്. സവര്‍ക്കര്‍ പണ്ട് പറഞ്ഞതെല്ലാം യാഥാര്‍ഥ്യമാകുന്ന യുഗം. കോണ്‍ഗ്രസ്സുകാര്‍ കേന്ദ്രത്തില്‍ 30 വര്‍ഷം (1947-77) തുടര്‍ച്ചയായി ഭരിച്ചു. 30 വര്‍ഷത്തെ ആ യുഗം അവസാനിച്ചു. ജനാധിപത്യവ്യവസ്ഥയില്‍ ഓരോരോ പാര്‍ടികള്‍ കുറെ വര്‍ഷം ഭരിക്കും, ജനപിന്തുണ ഉള്ളകാലത്തോളം. അത് രാജവാഴ്ചയോ സ്വേച്ഛാധിപത്യവാഴ്ചയോ അല്ലല്ലൊ. 1971ലെ ലോക്സഭാ തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ ഇന്ദിരാഗാന്ധി നയിച്ച കോണ്‍ഗ്രസ്സിനു വന്‍ഭൂരിപക്ഷം ഉണ്ടായിരുന്നു, അതിനു ബദലില്ല എന്ന പ്രതീതി ഉണ്ടായി. പാര്‍ലമെന്‍റില്‍ എന്നാല്‍, 1977ലെ തിരഞ്ഞെടുപ്പില്‍ ആ പാര്‍ടി തോറ്റ് തുന്നം പാടി. വീണ്ടും 1984ലെ തിരഞ്ഞെടുപ്പില്‍ രാജീവ്ഗാന്ധി നയിച്ച കോണ്‍ഗ്രസ്സിനു റെക്കോര്‍ഡ് ഭൂരിപക്ഷം ലഭിച്ചു. 1989 ആയപ്പോഴേക്കും അതിനു ശേഷവും കോണ്‍ഗ്രസ് എവിടെ എത്തി എന്നത് ചരിത്രമാണ്. അതിനാല്‍ ബിജെപിക്ക് ബദലില്ല, അതിന്‍റെ വാഴ്ച ആചന്ദ്രതാരം ഇതുപോലെ തുടരും എന്നു പ്രതീക്ഷിക്കാന്‍ മോഹന്‍ ഭഗവതിനും കൂട്ടര്‍ക്കും ഉള്ള അവകാശത്തെ ചോദ്യം ചെയ്യുന്നില്ല. ജനവിധി അങ്ങനെ ആകണമെന്നില്ല എന്നതാണ് ചരിത്രം.

ഇത് കേവലം ആഗ്രഹപ്രകടനം മാത്രമല്ല. ഇന്ത്യയിലെ ജനങ്ങളുടെ യഥാര്‍ഥ സ്ഥിതിയും വിവിധ പ്രക്ഷോഭസമരങ്ങളിലൂടെയും മറ്റു തരങ്ങളിലുമുള്ള അവരുടെ പ്രതികരണങ്ങളും വീക്ഷിക്കുന്നവര്‍ക്കു സ്വാഭാവികമായി ഉണ്ടാകുന്ന നിഗമനമാണ്. ഇന്ത്യയിലെ പ്രധാന പ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസ്സിനു ഫലപ്രദമായ നേതൃത്വവും സംഘടനയും ജനങ്ങളെ ആകര്‍ഷിക്കുന്ന മുദ്രാവാക്യങ്ങളുമില്ല. സാമ്പത്തികമായും രാഷ്ട്രീയമായും അത് ബിജെപിയുടെ ദുര്‍ബല പ്രതിഫലനത്തിന്‍റെ അവസ്ഥയിലാണ് ഇപ്പോള്‍. ജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്നത്തിലും അത് ജനപിന്തുണ തേടുന്ന രീതിയില്‍ പ്രതികരിക്കുന്നില്ല. ഇന്ത്യയിലെ യുവാക്കളുടെയോ ന്യൂനപക്ഷങ്ങളുടെയോ ദളിതരുടെയോ ആദിവാസികളുടെയോ സ്ത്രീകളുടെയോ പ്രതീക്ഷാ കേന്ദ്രമല്ല ഇന്ന് കോണ്‍ഗ്രസ്. തങ്ങളുടെ ദുര്‍ബലാവസ്ഥ തിരിച്ചറിഞ്ഞ് ഓരോ പ്രദേശത്തും ജനസ്വാധീനമുള്ള മറ്റ് പ്രതിപക്ഷപാര്‍ടികളുമായി കൈകോര്‍ത്ത് ജനപിന്തുണ നേടാനും ബിജെപിക്കു ബദല്‍ അത്തരം മുന്നണികളാണ് എന്ന പ്രതീതി ജനിപ്പിക്കാനും കോണ്‍ഗ്രസ് തനിച്ചോ കൂട്ടായോ യത്നിക്കുന്നുമില്ല. എന്നാല്‍ ഇത് ബിജെപിക്ക് ആശ്വാസം പകരുന്നതല്ല.


യുപിയില്‍ കര്‍ഷകസമരം ചൂടുപിടിക്കാന്‍ തുടങ്ങിയത് കഴിഞ്ഞ മാസമാണ്, മുസഫര്‍ നഗറില്‍ കര്‍ഷക മഹാപഞ്ചായത്ത് നടന്നപ്പോള്‍. അതുവരെ ബിജെപി കരുതിയിരുന്നത് കര്‍ഷകസമരം പഞ്ചാബിലും ഹരിയാനയിലും മാത്രം ഒതുങ്ങി നില്‍ക്കുമെന്നും താമസിയാതെ അത് താനെ കെട്ടുപോകുമെന്നുമായിരുന്നു. മുസഫര്‍ നഗറില്‍ നടന്ന ആ സമ്മേളനത്തിന്‍റെ പ്രത്യേകത, ബിജെപിക്കെതിരായി മുമ്പ് ശത്രുക്കളായിരുന്ന ധനിക കര്‍ഷകരും അവരുടെ ബിജെപി പിന്തുണയോടെയുള്ള 2013ലെ വര്‍ഗീയ ആക്രമണങ്ങള്‍ക്ക് വിധേയരായിരുന്ന മുസ്ലീം ജനസാമാന്യവും ടിക്കായത്ത് പ്രഭൃതികളും കൈകോര്‍ക്കുന്നതാണ്. അവിടെ നിന്ന് വളരെ അകലെ നേപ്പാള്‍ അതിര്‍ത്തിയിലുള്ള ലഖിംപുരില്‍ സിഖുകാര്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്താണ് കൃഷിക്കാര്‍ക്കു നേരെ കേന്ദ്രമന്ത്രി അജയ്മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ നേതൃത്വത്തില്‍ കാര്‍ ഓടിച്ചുകയറ്റിയുള്ള ആക്രമണം ഉണ്ടായത്. മുമ്പ് അമിത്ഷായുടെ നേതൃത്വത്തില്‍ ബിജെപി യുപിയില്‍ പടച്ചുവിട്ട ജാതിക്കൂട്ടുകെട്ട് ഇന്നത്തെ സ്ഥിതിയില്‍ തകര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നരനായാട്ടും ദുര്‍ഭരണവും ഉണ്ടാക്കിയ തിരിച്ചടികള്‍ വേറെ. ബിജെപി ഇപ്പോള്‍ അവിടെ വലിയ പ്രതിരോധത്തിലാണ്.

രാജ്യത്താകെയുള്ള സ്ഥിതി എന്താണ്? 2014ല്‍ നരേന്ദ്രമോഡി അധികാരത്തില്‍ എത്തിയത് ഓരോ വ്യക്തിയുടെയും ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം ഇടുമെന്ന തരത്തിലുള്ള നുണക്കാറ്റ് അടിച്ചുവീര്‍പ്പിച്ച വലിയ ബലൂണില്‍ കയറിയായിരുന്നു. പ്രധാനമന്ത്രിയായ ശേഷവും അത്തരം നുണകളും അവയെ നാണിപ്പിക്കുന്ന അജ്ഞതയുടെയും വിഡ്ഢിത്തങ്ങളുടെയും വിവരക്കേടിന്‍റെയും മഹാഘോഷങ്ങളും തുടരെത്തുടരെ ഉണ്ടായി. കേന്ദ്ര സര്‍ക്കാരിന്‍റെ ഖജനാവ് വിദേശ-നാടന്‍ വന്‍കുത്തകകള്‍ക്കായി നിരന്തരം ചോര്‍ത്തപ്പെട്ടു. ഖജനാവ് നിറയ്ക്കാന്‍ ജനങ്ങളെ ഞെക്കിപ്പിഴിയാന്‍ തുടങ്ങി. പെട്രോള്‍-ഡീസല്‍ എക്സൈസ് ഡ്യൂട്ടി ഇനത്തില്‍ കഴിഞ്ഞ വര്‍ഷം മാത്രം 3 ലക്ഷം കോടി രൂപയിലേറെയാണ് ജനങ്ങളില്‍നിന്ന് പിഴിഞ്ഞടുത്തത്. ഒരു ഭാഗത്ത് ഇത്തരം കൊള്ള ചെയ്യുമ്പോള്‍ മറുഭാഗത്ത് പിഎം കെയേഴ്സ് എന്ന പ്രധാനമന്ത്രിയുടെ പേരിലുള്ള ഫണ്ടിലൂടെ ശതകോടികള്‍ ശേഖരിച്ച് മോഡി തന്‍റെ പാര്‍ടിക്കാര്‍ക്കും മറ്റു വേണ്ടപ്പെട്ടവര്‍ക്കും വേണ്ടി ദുര്‍വിനിയോഗം ചെയ്യുന്നു.  ഈ ഫണ്ട് സംബന്ധിച്ച വസ്തുതകള്‍ വെളിപ്പെടുത്തുന്നുമില്ല. തൊഴിലാളികള്‍ക്കായാലും കര്‍ഷകര്‍ക്കായാലും ജോലി പ്രതീക്ഷിച്ചുകഴിയുന്ന ജനകോടികള്‍ക്കായാലും, മുമ്പ് സര്‍ക്കാര്‍ സഹായം ലഭിച്ചിരുന്ന ദളിത്-ആദിവാസി-ന്യൂനപക്ഷ ആദിയായ പാവപ്പെട്ടവര്‍ക്കായാലും, മോഡി സര്‍ക്കാരില്‍നിന്നും ബിജെപിയില്‍നിന്നും പ്രതീക്ഷിക്കാനുള്ളത് അനീതിയും അവഗണനയും ആക്രമണങ്ങളും മാത്രം. അവ ഉണ്ടാക്കുന്ന നിരാശയെയും കോപതാപങ്ങളെയും തണുപ്പിക്കാന്‍ മോഹന്‍ഭഗവതും കൂട്ടരും പ്രചരിപ്പിക്കുന്ന സവര്‍ക്കറെക്കുറിച്ചുള്ള അടിസ്ഥാനരഹിതമായ പ്രലപനങ്ങള്‍ക്കാവില്ല; മോഡി ഇടയ്ക്കിടെ നടത്തുന്ന അടിസ്ഥാനരഹിതമായ അവകാശവാദങ്ങള്‍ക്കും •