ഒരു ചരിത്രകാരന്‍റെ പോരാട്ടം

ജി വിജയകുമാര്‍

കലുഷിതമായ കാലം
ഒരു ചരിത്രകാരന്‍റെ 
ഓര്‍മക്കുറിപ്പുകള്‍

കെ എന്‍ പണിക്കര്‍
പ്രസാ : ചിന്ത പബ്ലിഷേഴ്സ്
വില : 360/-

ര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ ശാസ്ത്രീയമായ ചരിത്രരചന ഒരു സമരായുധമാണ് - ശക്തമായ ഒരു സമരായുധം. ആ നിലയില്‍ ചരിത്ര രചയിതാക്കള്‍ ആ സമരത്തിലെ കരുത്തരായ പോരാളികളുമാണ്. ഇതിന്‍റെ മറുവശമാണ് ചരിത്രത്തിന്‍റെ വക്രീകരണവും അശാസ്ത്രീയമായ ചരിത്രരചനയും ചരിത്രത്തിന്‍റെ സ്ഥാനത്ത് കെട്ടുകഥകള്‍ പ്രചരിപ്പിക്കുന്ന ചരിത്ര നിരാസവും എല്ലാ ഫാസിസ്റ്റുകളുടെയും കൈകളിലെ ആയുധമാകുന്നുവെന്നത്. ആ നിലയില്‍ നോക്കുമ്പോള്‍, വര്‍ഗസമരത്തിന്‍റെ പ്രത്യേകിച്ചും വര്‍ഗീയവാദികളും സ്വേച്ഛാധിപതികളും ഫാസിസ്റ്റുകളും അരങ്ങു വാഴാന്‍ ശ്രമിക്കുന്ന ഇരുണ്ടകാലത്തെ, കലുഷിതമായ ഒരു കാലത്തെ വര്‍ഗസമരത്തിന്‍റെ പ്രധാന രംഗവേദിയായി ചരിത്രരചന മാറുന്നു. അത്തരത്തില്‍ കഴിഞ്ഞ അരനൂറ്റാണ്ടുകാലം ഇന്ത്യയുടെയെന്നല്ല, ലോകത്തെ തന്നെ ധൈഷണിക ലോകത്ത് തലയുയര്‍ത്തിനിന്ന് വര്‍ഗീയ ഫാസിസ്റ്റുകള്‍ക്കെതിരെ വെല്ലുവിളി ഉയര്‍ത്തിയ ചരിത്രകാരില്‍ ഉന്നത സ്ഥാനം അലങ്കരിക്കുന്ന വ്യക്തിത്വമാണ് ഡോ. കെ എന്‍ പണിക്കരുടേത്. പിന്നിട്ട സ്വന്തം ജീവിതത്തേയും പോരാട്ടങ്ങളെയും ഓര്‍ത്തെടുക്കുകയാണ് അദ്ദേഹം "കലുഷിതമായ കാലം" എന്ന പുസ്തകത്തില്‍.

കെ എന്‍ പണിക്കര്‍ തന്നെ എഴുതുന്നതു നോക്കൂ: "ചരിത്രകാരന്മാര്‍ ആത്മകഥ എഴുതുന്നവരല്ല, ആത്മകഥ എഴുതുന്നവരെക്കുറിച്ച് എഴുതുന്നവരാണ്". എന്നാല്‍ സന്ദര്‍ഭവശാല്‍ ചരിത്രകാരനായ കെ എന്‍ പണിക്കര്‍ക്ക് ആത്മകഥ എഴുതേണ്ടതായി വന്നു. അദ്ദേഹം ദന്തഗോപുരവാസിയായ ഒരു എഴുത്തുക്കാരനല്ലാത്തതിനാലാണ്, ചരിത്രകാരന്‍ എന്നതിനൊപ്പം, ചരിത്ര രചനയ്ക്കൊപ്പം മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും സാമൂഹികനീതിക്കുംവേണ്ടിയുള്ള പോരാട്ടങ്ങളിലെ സജീവ സാന്നിധ്യം കൂടിയായതിനാലാണ് ഇത്തരമൊരു ആത്മകഥാപരമായ രചനയ്ക്ക് നിര്‍ബന്ധിതനായത്.

തന്‍റെ ബാല്യകാലത്തെ നാട്ടിലെ സാമൂഹികാന്തരീക്ഷത്തെക്കുറിച്ച് അദ്ദേഹം ആദ്യ അധ്യായത്തില്‍ വിവരിക്കുന്നതിങ്ങനെയാണ്: "എന്‍റെ തറവാടിന്‍റെ പടിഞ്ഞാറുഭാഗത്ത് ഒരു മുസ്ലീംപള്ളിയും വടക്കുഭാഗത്ത് ഒരു ക്രിസ്ത്യന്‍ കുടുംബവും കിഴക്കുഭാഗത്ത് ഒരു നായര്‍ തറവാടും തെക്ക് ഭാഗത്ത് ഒരു ഈഴവ കുടുംബവുമാണുണ്ടായിരുന്നത്. വളരെക്കാലം ഈ കുടുംബങ്ങള്‍ പരസ്പരാശ്രിതരായി സൗഹാര്‍ദ്ദത്തോടെയാണ് കഴിഞ്ഞിരുന്നത്. ജാതി - മത വ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും അവയ്ക്കെല്ലാം ഉപരിയായി സാമൂഹ്യബന്ധങ്ങളില്‍ ഒത്തൊരുമ ഉണ്ടായിരുന്നു. പ്രധാനപ്പെട്ട സന്ദര്‍ഭങ്ങളില്‍ (വിവാഹവും മരണവും പോലുള്ള) എല്ലാ കുടുംബങ്ങളിലെയും അംഗങ്ങള്‍ കൂട്ടായി ബാധ്യതകള്‍ പങ്കുവെയ്ക്കുമായിരുന്നു. എന്‍റെ മൂത്ത സഹോദരിയുടെ വിവാഹത്തിന് ഗ്രാമത്തിലെ എല്ലാവരും പങ്കെടുത്തുവെന്നു മാത്രമല്ല, വിവാഹപ്പന്തലിടുന്നത് തുടങ്ങി സദ്യയുടെ മേല്‍നോട്ടം വഹിക്കുന്നതുവരെ അയല്‍ക്കാരുടെ സാന്നിധ്യമുണ്ടായിരുന്നു. ഓണത്തിനും വിഷുവിനും ക്രിസ്മസ്സിനുമൊക്കെ പരസ്പരം പലഹാരങ്ങള്‍ കൈമാറുകയെന്നത് ഒരു സാധാരണ പതിവായിരുന്നു".

ഏകദേശം ഏഴ് - എട്ട് പതിറ്റാണ്ടുമുന്‍പുള്ള കേരളീയ സാമൂഹിക ജീവിതാവസ്ഥയിലേക്കാണ് അദ്ദേഹം ഇവിടെ വിരല്‍ചൂണ്ടുന്നത്. അതിനുശേഷമുള്ള കാലത്ത് വിദ്യാഭ്യാസപരമായി നാം വളരെയേറെ മുന്നോട്ടുപോയെങ്കിലും (വിദ്യാഭ്യാസ ലഭ്യതയില്‍) സാമൂഹികമായും സാംസ്കാരികമായുമുള്ള പിന്നോട്ടുപോക്കിന്, മതമൗലികവാദവും മതരാഷ്ട്രീയവും ജാതി രാഷ്ട്രീയവും ഒപ്പം അടിസ്ഥാനപരമായി നവലിബറല്‍ നയങ്ങളുമാണ് പ്രധാന കാരണമായത്. ഈ മാറ്റം, ഈ പിന്നോട്ടുപോക്കും അതിനെ ചെറുക്കാന്‍ നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങളും അടയാളപ്പെടുത്തുകയാണ് കെ എന്‍ പണിക്കര്‍ ഈ പുസ്തകത്തില്‍.

തനിക്ക് കുടുംബത്തില്‍നിന്ന് ലഭിച്ച, പ്രത്യേകിച്ചും മാതാവില്‍നിന്നു ലഭിച്ച, മതനിരപേക്ഷമായ പൈതൃകത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ അവതരിപ്പിക്കുന്നു: "അമ്മ വളരെ അപൂര്‍വമായി മാത്രമേ ക്ഷേത്രങ്ങളില്‍ പോകുകയോ വഴിപാട് കൊടുത്തയക്കുകയോ ചെയ്യുമായിരുന്നുള്ളൂ. എന്നാല്‍, തറവാടിനു മുമ്പിലുള്ള മുസ്ലീം പള്ളിക്ക് വേണ്ടതായ ദ്രവ്യങ്ങള്‍ സ്ഥിരമായി തന്നെ കൊടുത്തയക്കുമായിരുന്നു. മറ്റൊരു മതത്തിനോടുള്ള അമ്മയുടെ മനോഭാവം എന്‍റെ ശൈശവ മനസ്സില്‍ മായാത്ത മുദ്രപതിപ്പിച്ചിട്ടുണ്ട്". "മതവിശ്വാസിയായിരുന്നെങ്കിലും സാമൂഹ്യനിയമങ്ങള്‍ ലംഘിക്കുവാന്‍ മടിയില്ലാ"യിരുന്ന "മാമൂലുകളെ നിഷേധിച്ചിരുന്ന" ചിറ്റമ്മ (അമ്മയുടെ ചേച്ചി)യുടെ സ്വാധീനവും അദ്ദേഹത്തിലുണ്ടായിരുന്നു.

മദ്രാസ് മെഡിക്കല്‍ കോളേജില്‍ ചേര്‍ന്ന് വൈദ്യബിരുദം നേടാന്‍ ആഗ്രഹിച്ചെങ്കിലും അവിടെ പ്രവേശനത്തില്‍ കടുത്ത അനീതി നേരിട്ടതിനെ തുടര്‍ന്ന് ആ മോഹം ഉപേക്ഷിച്ച അദ്ദേഹം പാലക്കാട് വിക്ടോറിയ കോളേജില്‍ കെമിസ്ട്രി പഠനത്തിന് ചേര്‍ന്നു. ഇക്കാലത്ത്, മലയാള സാഹിത്യ കൃതികളുമായുള്ള ബന്ധം അദ്ദേഹത്തില്‍ ഇടതുപക്ഷ രാഷ്ട്രീയ ചിന്ത രൂഢമൂലമാക്കി. അങ്ങനെ അദ്ദേഹം ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്‍റെ, തുടര്‍ന്ന് കമ്യൂണിസ്റ്റു പാര്‍ടിയുടെ പ്രവര്‍ത്തകനായി. അക്കാലത്ത് "നീളുന്ന തീനാമ്പുകള്‍" എന്ന ഒരു കഥാസമാഹാരവും പ്രസിദ്ധീകരിച്ചു. എം ടിയും ഉണ്ണികൃഷ്ണന്‍ പുതൂരും മുണ്ടൂര്‍ കൃഷ്ണന്‍കുട്ടിയുമെല്ലാം വിക്ടോറിയ കോളേജ് കാലത്തെ സഹപാഠികളായിരുന്നു.

ബിരുദാനന്തരം രാഷ്ട്രീയ പ്രവര്‍ത്തനവുമായി നാട്ടില്‍ കൂടാനാണ് താല്‍പര്യപ്പെട്ടിരുന്നതെങ്കിലും അമ്മയുടെയും സഹോദരങ്ങളുടെയും സ്നേഹപൂര്‍വമായ നിര്‍ബന്ധത്തിനു വഴങ്ങി ജ്യേഷ്ഠ സഹോദരന്‍ ജോലി ചെയ്തിരുന്ന ജയ്പ്പൂരില്‍ ഉപരിപഠനത്തിനായി പോവുകയാണുണ്ടായത്. ജയ്പ്പൂര്‍ സര്‍വകലാശാലയില്‍നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം മികച്ച നിലയില്‍ നേടിയ കെ എന്‍ പണിക്കര്‍ അവിടെത്തന്നെ അധ്യാപകനായും ചേര്‍ന്നു. എം എ ബിരുദം നേടുന്നതിനുവേണ്ടിയുള്ള പ്രബന്ധ രചനയുടെ ഭാഗമായി തുടക്കംകുറിച്ച ചരിത്രരചനയില്‍ അദ്ദേഹം തന്‍റെ ഇടം അടയാളപ്പെടുത്തുകയാണുണ്ടായത്.

ജയ്പ്പൂരിലെ പഠനകാലത്തും അധ്യാപനകാലത്തും പിന്നീട് ഡല്‍ഹിയില്‍ ജെഎന്‍യുവില്‍ അധ്യാപകനായി തുടര്‍ന്നപ്പോഴും അദ്ദേഹം സജീവമായി പൊതുപ്രവര്‍ത്തനങ്ങളിലും - ക്യാമ്പസിനുള്ളില്‍ മാത്രമല്ല പുറത്തും - സജീവമായിരുന്നു. ജെഎന്‍യുവിലെ അദ്ദേഹത്തിന്‍റെ അധ്യാപനകാലം ഇന്ത്യാ ചരിത്രത്തിലെ കലുഷിതമായ ഒരു കാലഘട്ടമായിരുന്നു. അടിയന്തരാവസ്ഥ, കോണ്‍ഗ്രസിന്‍റെ അധികാര നഷ്ടം, 1984ല്‍ സിഖുകാരെ കൂട്ടക്കൊല ചെയ്തത്, ബാബറി മസ്ജിദ് വിവാദവും മസ്ജിദ് പൊളിക്കലും, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രബലശക്തിയായി ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ ഉയര്‍ന്നുവരവ്, നവലിബറല്‍ നയങ്ങളുടെ അധീശത്വം എന്നിവയെല്ലാം ഈ ഇരുണ്ടകാലത്തെ സവിശേഷതകളായി അടയാളപ്പെടുത്തപ്പെടുന്നു.

ജെഎന്‍യുവിലെ ഇതര അധ്യാപകര്‍ക്കൊപ്പം, പ്രത്യേകിച്ചും മതനിരപേക്ഷവും മാര്‍ക്സിസ്റ്റുമായ രചനാരീതി അവലംബിച്ചിരുന്ന ചരിത്രാധ്യാപകര്‍ക്കൊപ്പം വര്‍ഗീയതയ്ക്കെതിരെ മതനിരപേക്ഷ ജനാധിപത്യ നിലപാടുയര്‍ത്തിപ്പിടിച്ചുള്ള പോരാട്ടങ്ങളില്‍ കെ എന്‍ പണിക്കര്‍ സജീവമായി ഇടപെട്ടിരുന്നു. ആധുനിക ഇന്ത്യാ ചരിത്രത്തില്‍ അദ്ദേഹത്തിനുള്ള അവഗാഹം വര്‍ഗീയതയ്ക്കെതിരായ പോരാട്ടത്തിലെ ആയുധമായിരുന്നു. അദ്ദേഹം എഴുതുന്നു: "ഹിന്ദുവര്‍ഗീയതയുടെ മുന്നേറ്റത്തില്‍ ഒരു പ്രധാന നാഴികക്കല്ലാണ് രാമജന്മഭൂമി പ്രക്ഷോഭം. പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ധത്തില്‍ അത് ആരംഭിച്ചിരുന്നു. തുടക്കത്തില്‍ ഭൂമിയെക്കുറിച്ചുള്ള ഒരു തര്‍ക്കം സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഒരു മുഴുത്ത വര്‍ഗീയ പ്രശ്നമായി വളര്‍ന്നു". ഇന്ത്യന്‍ ജനതയെ വിഭജിച്ചു നിര്‍ത്താന്‍ കൊളോണിയല്‍ ഭരണാധികാരികള്‍ തേച്ചുമിനുക്കിയെടുത്ത ഈ ആയുധം സ്വാതന്ത്ര്യാനന്തരം, പ്രത്യേകിച്ചും 1980കളോടെ നവലിബറല്‍ നയങ്ങളുടെ നടപ്പാക്കലിനായി ഇന്ത്യന്‍ ഭരണവര്‍ഗം അക്രാമകമായ വിധം പ്രയോഗിക്കുകയാണുണ്ടായത്.

രാമന്‍റെ ജന്മസ്ഥലത്തെ ക്ഷേത്രം പൊളിച്ചാണ് അവിടെ ബാബറി മസ്ജിദ്, ബാബറുടെ സേനാനായകന്‍ മിര്‍ബക്കി സ്ഥാപിച്ചത് എന്ന കെട്ടുകഥയാണ് ഹിന്ദുത്വവാദികള്‍ വര്‍ഗീയധ്രുവീകരണത്തനായി പ്രചരിപ്പിച്ചത്. ഈ കെട്ടുകഥയെ പൊളിച്ചടുക്കേണ്ടത് മതനിരപേക്ഷ - ജനാധിപത്യവാദികളായ അക്കാദമിക സമൂഹത്തിന്‍റെ, വിശിഷ്യാ ഗവേഷകരുള്‍പ്പെടെയുള്ള ചരിത്ര പണ്ഡിതരുടെ കടമയാണ്. ആ കാലത്ത് ജെഎന്‍യുവിലെ ചരിത്ര വിഭാഗത്തിന്‍റെ അധ്യക്ഷനായിരുന്ന ഡോ. കെ എന്‍ പണിക്കര്‍ മുതിര്‍ന്ന സഹപ്രവര്‍ത്തകരുമായി കൂടിയാലോചിച്ച് സര്‍വകലാശാലാ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ഒരു യോഗം വിളിച്ചു ചേര്‍ത്തു. മുന്നൂറോളം പേര്‍ പങ്കെടുത്ത ആ യോഗത്തിന്‍റെ തീരുമാനപ്രകാരം അയോധ്യയുടെ യഥാര്‍ഥ ചരിത്രം പൊതുജനത്തിനു മുന്‍പാകെ അവതരിപ്പിക്കുന്നതിനുള്ള വിവിധ പരിപാടികള്‍ക്ക് രൂപം നല്‍കി. അതിന്‍റെ ഭാഗമായി "ചരിത്രത്തിന്‍റെ രാഷ്ട്രീയ ദുരുപയോഗം" എന്ന ഒരു ലഘുലേഖ പ്രസിദ്ധീകരിക്കുകയും നാടിന്‍റെ നാനാഭാഗങ്ങളില്‍ വസ്തുതകള്‍ വിശദീകരിക്കുന്ന എക്സിബിഷനുകള്‍ സംഘടിപ്പിക്കുകയുമുണ്ടായി. ഡല്‍ഹിയില്‍ സംഘടിപ്പിച്ച എക്സിബിഷനുനേരെ സംഘപരിവാര്‍ ആക്രമണമഴിച്ചുവിടുകയും പലേടങ്ങളിലും ആ ലഘുലേഖ കത്തിക്കുകയുമുണ്ടായി.

വര്‍ഗീയശക്തികളുടെ മുന്നേറ്റത്തിനു മുന്നില്‍ മൂകസാക്ഷികളായി നില്‍ക്കുകയായിരുന്നു അന്ന് പ്രധാന ഭരണവര്‍ഗ പാര്‍ടിയായ കോണ്‍ഗ്രസ്. ഈ ഗ്രന്ഥത്തില്‍ അതിനെക്കുറിച്ച് പറയുന്നു: "തിരഞ്ഞെടുപ്പുകളില്‍ ഹിന്ദുക്കളില്‍നിന്നും തിരിച്ചടി നേരിടേണ്ടിവരുമെന്ന ഭയത്താല്‍ കോണ്‍ഗ്രസ് പാര്‍ടി ഒരു മൃദുഹിന്ദു സമീപനം സ്വീകരിക്കാന്‍ നിര്‍ബന്ധിതമായി. അതുകൊണ്ടുതന്നെ ശക്തമായ മതനിരപേക്ഷ നിലപാട് ഭരണകൂടം സ്വീകരിച്ചില്ല... വര്‍ഗീയതയെ ഒത്തുതീര്‍പ്പുകള്‍ ശക്തിപ്പെടുത്തുകയേ ചെയ്യൂ എന്ന് തിരിച്ചറിയാത്തതായിരുന്നു കോണ്‍ഗ്രസ് കാണിച്ച ഏറ്റവും ഗൗരവമായ രാഷ്ട്രീയ മണ്ടത്തരം. ഫാസിസ്റ്റുകളെ ഒരിക്കലും തൃപ്തിപ്പെടുത്താനാവില്ല. അവരെ പരാജയപ്പെടുത്താനേ കഴിയൂ".

രാജ്യത്ത് 1980കള്‍ മുതല്‍ ആഞ്ഞടിച്ച വര്‍ഗീയ വിഷക്കാറ്റിനെ ചെറുക്കാന്‍ ജെഎന്‍യുവിലെ അക്കാദമിക സമൂഹം ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയത് - പ്രത്യേകിച്ചും സാമൂഹിക ശാസ്ത്ര - ചരിത്ര വിഭാഗങ്ങള്‍. അതാണ് ഇന്നും ജെഎന്‍യുവിനെ ആക്രമണ ലക്ഷ്യമാക്കാന്‍ സംഘപരിവാര്‍ പ്രകടിപ്പിക്കുന്ന വ്യഗ്രതയില്‍ കാണാവുന്നത്.

വാജ്പേയ് ഗവണ്‍മെന്‍റ് അധികാരത്തില്‍ വന്നതുമുതല്‍ വിദ്യാഭ്യാസ - സാംസ്കാരിക മേഖലകളെ കൈപ്പിടിയിലൊതുക്കാനും അവരുടെ  ഇംഗിതത്തിനു വഴങ്ങാത്തവയെ തകര്‍ക്കാനും കൊണ്ടുപിടിച്ച് ശ്രമിക്കുന്നതായി കാണാം. മോഡി ഭരണത്തില്‍ അതിന് തീവ്രത വന്നിരിക്കുന്നു. 1990കളുടെ ഒടുവില്‍ ഇത്തരം നീക്കങ്ങള്‍ക്ക് തുടക്കമിട്ടതുമുതല്‍ അതിനെതിരായ പോരാട്ടങ്ങളില്‍, സാംസ്കാരികമായ മുന്നേറ്റങ്ങളില്‍ ഡോ. പണിക്കര്‍ മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു. ഗുജറാത്ത് വംശഹത്യ നടന്നപ്പോഴും ചരിത്രകാരുടെയും സാമൂഹ്യപ്രക്ഷോഭകരുടെയും കൂട്ടത്തില്‍ അവിടെ എത്താനും വസ്തുതകള്‍ ലോകത്തെ അറിയിക്കാനും ഡോ. കെ എന്‍ പണിക്കരും സജീവമായി ഉണ്ടായിരുന്നു. ഇതെല്ലാം തന്നെ സംഘപരിവാറിനെ പ്രകോപിപ്പിച്ചിരുന്നു. ഒരു ഘട്ടത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന മുരളീ മനോഹര്‍ ജോഷി തന്നെ അദ്ദേഹത്തിനെതിരെ തരംതാണ ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു. ഇതിന് ഉരുളയ്ക്കുപ്പേരി പോലെ മറുപടി നല്‍കി ജോഷിയുടെ വായടപ്പിച്ചെങ്കിലും നുണപ്രചരണത്തില്‍നിന്നും സംഘപരിവാര്‍ പിന്തിരിഞ്ഞില്ല.

ജെഎന്‍യുവില്‍ അധ്യാപകനായിരിക്കവെ തന്നെ അദ്ദേഹം കുറെക്കാലം മെക്സിക്കോ സര്‍വകലാശാലയിലും അധ്യാപകനായെത്തി. കേരളത്തില്‍ സംസ്കൃത സര്‍വകലാശാല വൈസ്ചാന്‍സലറായും ചരിത്ര ഗവേഷണ കൗണ്‍സിലിന്‍റെയും ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്‍റെയും അധ്യക്ഷനായും ഡോ. പണിക്കര്‍ സേവനമനുഷ്ഠിച്ചു.

ഈ ആത്മകഥയുടെ അനുബന്ധമായി നാല് അഭിമുഖങ്ങളും ചേര്‍ത്തിട്ടുണ്ട്. അവയും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഇരുളടഞ്ഞ ഈ കാലത്ത് വര്‍ഗീയ ഫാസിസ്റ്റുകള്‍ക്കെതിരായ പോരാട്ടത്തിലെ ശക്തമായ ഒരായുധമാണ് "കലുഷിതമായ കാലം" എന്ന ഈ ഗ്രന്ഥം. ഇത് വ്യാപകമായി വായിക്കപ്പെടേണ്ടതുണ്ട്. •