പ്രതിസന്ധിയിലകപ്പെട്ട കര്‍ഷകസമൂഹം

 അശോക് ധാവ്ളെ/അനുപമ കടകം

ന്ത്യയിലെ ജനങ്ങളില്‍ മൂന്നില്‍ രണ്ടു വിഭാഗവും ഉപജീവനത്തിനുവേണ്ടി ആശ്രയിക്കുന്നത് കൃഷിയെയാണ്. കാര്‍ഷികമേഖലയെ ലക്ഷ്യമാക്കി സാമ്പത്തിക ഉദാരവത്കരണ നയങ്ങള്‍ നടപ്പാക്കപ്പെടുകയും അത് ഗുണപരമായ മാറ്റങ്ങളുണ്ടാക്കുകയും ചെയ്തിട്ടും ഇന്ത്യയിലെ കാര്‍ഷികമേഖല സ്ഥായിയായി പ്രതിസന്ധിയിലെത്തിയിരിക്കുകയാണ്. ആ പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്. അതേക്കുറിച്ച് എന്താണ് അഭിപ്രായം? 
സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷമായിട്ടും ഇന്നും ഇന്ത്യയിലെ മൂന്നില്‍ രണ്ടിലേറെ ജനങ്ങള്‍ ഉപജീവനത്തിനായി ആശ്രയിക്കുന്നത് കാര്‍ഷിക മേഖലയെ ആണെന്നതുതന്നെ ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ശോച്യാവസ്ഥതയുടെയും പ്രതിസന്ധിയുടെയും സൂചനയാണ്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ഘടനാപരമായ പരിവര്‍ത്തനത്തെ ത്വരിതപ്പെടുത്തുന്നതില്‍ സാമ്പത്തിക ഉദാരവത്കരണം പരാജയപ്പെട്ടു. കാര്‍ഷികമേഖലയിലെ പരിതാപകരമായ വളര്‍ച്ച മൂലം പകുതിയിലേറെ കര്‍ഷക കുടുംബങ്ങളും ദാരിദ്ര്യരേഖയ്ക്കുതാഴെയാണ്. ഗ്രാമീണ ചോദനം സ്ഥായിയായ മാന്ദ്യത്തിലാണ്; ഗ്രാമീണ മേഖലകളില്‍ ജനങ്ങളുടെ വാങ്ങല്‍ശേഷിയില്‍ വര്‍ധനവുണ്ടാകുന്നില്ല. അതിന്‍റെ ഫലമായി കാര്‍ഷികമേഖലയുടെ ഈ പരിതാപകരമായ വളര്‍ച്ച വ്യവസായ വളര്‍ച്ചയെപ്പോലും ദോഷകരമായി ബാധിക്കുകയാണ്.


കേരളം, പശ്ചിമബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളൊഴികെയുള്ള സംസ്ഥാനങ്ങളില്‍ കാര്‍ഷിക പരിഷ്കരണം തീരെ നടക്കാത്തതിനാല്‍ ചരിത്രപരമായി കാര്‍ഷികമേഖല പ്രതിസന്ധിയിലായിരുന്നു. ഗ്രാമീണ പശ്ചാത്തല സൗകര്യമേഖലയില്‍ വളരെ കുറഞ്ഞ മുതല്‍മുടക്കുകളേ ഉണ്ടായിട്ടുള്ളൂ. അതിന്‍റെ ഫലമായി  ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ഗ്രാമീണ അസമത്വമുള്ള രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ. ഗ്രാമീണ സമൂഹത്തില്‍ അത്തരം വൈരുധ്യങ്ങള്‍ നിലനില്‍ക്കെയാണ്  1991 മുതല്‍ ഉദാരവത്കരണ നയങ്ങള്‍ നടപ്പാക്കപ്പെട്ടതും കാര്‍ഷിക സമൂഹം കൂടുതല്‍ പ്രതിസന്ധിയിലകപ്പെട്ടതും. കാര്‍ഷിക വളര്‍ച്ചാനിരക്ക് കുറഞ്ഞു. കാര്‍ഷിക മേഖലയിലെ പൊതുനിക്ഷേപം കുറഞ്ഞു. വിത്ത്, വളം, വൈദ്യുതി തുടങ്ങിയ കാര്‍ഷിക മേഖലയിലെ ഇന്‍പുട്ടുകളുടെ സബ്സിഡി സര്‍ക്കാര്‍ വെട്ടിക്കുറച്ചു. അതുമൂലം അവയുടെ വില വര്‍ധിച്ചു. കൃഷിച്ചെലവ് വലിയ തോതില്‍ വര്‍ധിച്ചു.

സ്വതന്ത്ര വ്യാപാര കരാറുകള്‍ കവര്‍ച്ചാ സ്വഭാവമുള്ള ഇറക്കുമതികള്‍ വര്‍ധിപ്പിക്കാന്‍ ഇടയാക്കി. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില തകരാന്‍ അതിടയാക്കി. കാര്‍ഷിക വിളകളുടെ ലാഭക്ഷമത നിരക്ക് കുറഞ്ഞുവന്നു എന്നതാണ് അതിന്‍റെ പ്രത്യാഘാതം. കാര്‍ഷിക വായ്പകള്‍ ചെറുകിട-നാമമാത്ര കര്‍ഷകര്‍ക്ക് നല്‍കിവന്ന സ്ഥാനത്ത് വന്‍കിട കര്‍ഷകര്‍ക്കും കോര്‍പറേറ്റ് അഗ്രിബിസിനസുകാര്‍ക്കും നല്‍കിക്കൊണ്ടിരിക്കുന്നു. മൂന്നു പതിറ്റാണ്ടുകളായി ഈ നവഉദാരവത്കരണ നയങ്ങളാണ് യഥാര്‍ഥത്തില്‍ ഇന്നു നമുക്കു ചുറ്റും കാണുന്ന കാര്‍ഷിക പ്രതിസന്ധിക്കു കാരണം. ഈ നവഉദാരവത്കരണ നയങ്ങള്‍ നടപ്പാക്കി ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ അതിന്‍റെ അപകടത്തെക്കുറിച്ച് അഖിലേന്ത്യാ കിസാന്‍സഭ പ്രവചിക്കുകയും മുന്നറിയിപ്പു നല്‍കുകയും ചെയ്തിരുന്നു. 1992ല്‍ ഹരിയാനയിലെ ഹിസാറില്‍ നടന്ന കിസാന്‍സഭയുടെ ദേശീയ സമ്മേളനത്തില്‍ വച്ചായിരുന്നു അത്.

പരിഷ്കരണങ്ങള്‍ 
പരാജയപ്പെട്ടതെന്തുകൊണ്ട്

സാമ്പത്തിക വളര്‍ച്ചയുണ്ടായിട്ടും ഇന്ത്യയിലെ കാര്‍ഷിക മേഖല ഗണ്യമായ രീതിയില്‍ ഒരിക്കലും വളര്‍ച്ച നേടിയിട്ടില്ല. ചെറുകിട കര്‍ഷകര്‍ക്ക് ഒരിക്കലും മോചനം ലഭിച്ചിട്ടില്ല. ഗ്രാമീണ മേഖല വ്യാപകമായി വികസിച്ചിട്ടില്ല. എന്തുകൊണ്ടാണ് അത്? 
പരിഷ്കരണങ്ങള്‍ കാര്‍ഷിക മേഖലയില്‍ പരാജയപ്പെട്ടു. കാരണം കാര്‍ഷിക മേഖലയുടെ അവശ്യങ്ങളെക്കുറിച്ച് പരിഷ്കരണവാദികള്‍ തെറ്റായാണ് മനസ്സിലാക്കിയത്. കാര്‍ഷിക മേഖലയില്‍ കാര്‍ഷിക പരിഷ്കരണം വേണമായിരുന്നു. കൂടുതല്‍ പൊതുനിക്ഷേപങ്ങളും പിന്തുണയും ആവശ്യമാണ്. കാര്‍ഷികമേഖലയുടെ വൈദേശികവും ആഭ്യന്തരവുമായ വിപണി തുറന്നിട്ടാല്‍ ആ മേഖല സ്വയമേവ തന്നെ വളരാന്‍ തുടങ്ങുമെന്നാണ്, യാതൊരുവിധ തെളിവിന്‍റെയും പിന്‍ബലമില്ലാതെ നയരൂപ കര്‍ത്താക്കള്‍ അനുമാനിച്ചത്. പാശ്ചാത്യലോകത്തേക്ക് നോക്കൂ. ഇന്ത്യയില്‍ ചെയ്തതുപോലെ അവര്‍ അവരുടെ വിപണി തുറന്നിട്ടിരുന്നെങ്കില്‍ പാശ്ചാത്യ കാര്‍ഷികമേഖലയ്ക്ക് ഒരുവര്‍ഷത്തില്‍ കൂടുതല്‍ നിലനില്‍ക്കാന്‍ സാധിക്കില്ലായിരുന്നു. പാശ്ചാത്യ കാര്‍ഷിക മേഖലയില്‍ ശക്തമായ സംരക്ഷണ നയങ്ങളുണ്ട്; ലോകവ്യാപാര സംഘടനയുടെ കൂടിയാലോചനകളില്‍ ആ നയങ്ങളില്‍ നിന്നു പിന്മാറണമെന്ന ആവശ്യം പാശ്ചാത്യരാജ്യങ്ങള്‍ നിരാകരിക്കുകയായിരുന്നു. തമാശയെന്നു പറയട്ടെ, പാശ്ചാത്യരാജ്യങ്ങള്‍ തങ്ങളുടെ കാര്‍ഷിക മേഖലയെ സംരക്ഷിച്ചപ്പോള്‍, അവ ഇന്ത്യപോലുള്ള മറ്റുരാജ്യങ്ങളെ വിപണി തുറന്നിടാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ആ രാജ്യങ്ങള്‍ ഇരട്ടത്താപ്പു സ്വീകരിച്ചപ്പോള്‍ നമ്മുടെ രാജ്യം തികച്ചും വിവേകരഹിതമായി അവയ്ക്കു കീഴടങ്ങി.

കുറഞ്ഞ ഉല്‍പ്പാദനക്ഷമത
കാര്‍ഷികമേഖലയിലെ കുറഞ്ഞ ഉല്‍പ്പാദനക്ഷമത, പരിഷ്കരണത്തിന്‍റെയും വളരുന്ന തൊഴില്‍ സേനയെ ഉള്‍ക്കൊള്ളാനുള്ള അതിന്‍റെ ശേഷിയില്ലായ്മയുടെയും പശ്ചാത്തലത്തില്‍ രൂക്ഷമാണ്. കര്‍ഷകന്‍ വിശേഷിച്ച് ചെറുകിട കര്‍ഷകന്‍ കൂടുതല്‍ അരികുവത്കരിക്കപ്പെട്ട സ്ഥിതിയാണ് ഉള്ളത്. എന്താണ് അതിനു കാരണം? വിശദീകരിക്കാമോ?
കാര്‍ഷികമേഖലയിലെ കുറഞ്ഞ ഉല്‍പ്പാദനക്ഷമത എന്നത് വളരെ ഗുരുതരമായ പ്രശ്നമാണ്. ഇന്ത്യന്‍ വയലുകളിലെ വിളവെടുപ്പിലെ അന്തരം വളരെ വലുതാണ്. പൊതുമേഖലയിലെ കാര്‍ഷിക ഗവേഷണം കാലാകാലങ്ങളായി ദുര്‍ബലമായിക്കൊണ്ടിരിക്കുന്നതാണ് ഉല്‍പ്പാദനക്ഷമതയിലെ താഴ്ന്ന വളര്‍ച്ചയ്ക്കുള്ള കാരണങ്ങളിലൊന്ന് എന്ന് അഖിലേന്ത്യാ കിസാന്‍സഭ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നമ്മുടെ കാര്‍ഷികമേഖലയുടെ മൊത്തം ആഭ്യന്തരഉല്‍പ്പാദനത്തിന്‍റെ രണ്ടു ശതമാനമെങ്കിലും പൊതുമേഖലയിലെ കാര്‍ഷിക ഗവേഷണത്തിനു വേണ്ടി ചെലവഴിക്കേണ്ടത് അനിവാര്യമാണ്. ചൈന അതാണ് ചെയ്യുന്നത്.

പൊതുമേഖലയിലെ കാര്‍ഷിക ഗവേഷണം ശക്തിപ്പെടുത്തിക്കൊണ്ട് ചൈന, മൊണ്‍സാന്‍റോയെ രാജ്യത്തുനിന്ന് പുറത്താക്കുകയും തത്തുല്യമായി ഉയര്‍ന്ന ഉല്‍പ്പാദനക്ഷമതയുള്ള വിത്തുകള്‍ മൊണ്‍സാന്‍റോ കര്‍ഷകര്‍ക്കു നല്‍കുന്ന വിലയുടെ 25 ശതമാനത്തിന് ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നു. പൊതുമേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തിയാല്‍ മാത്രമേ അത്തരം ഗവേഷണ മികവ് നേടാനാകൂ. അക്കാര്യത്തില്‍ നാം ഇവിടെ പരാജയപ്പെട്ടിരിക്കുകയാണ്. നാം മൊണ്‍സാന്‍റോയുടെയും കാര്‍ഷിക മേഖലയിലെ മറ്റു കോര്‍പറേറ്റുകളുടെയും അടിമകളാണ്. നമ്മുടെ കാര്‍ഷിക വിപുലീകരണ വ്യവസ്ഥയാകെ എന്‍ജിഒകളും സ്വകാര്യ ഇന്‍പുട്ടു ഡീലര്‍മാരും കയ്യടക്കിയിരിക്കുകയാണ്. പൊതുമേഖലയിലെ ഗവേഷണം ദുര്‍ബലമാക്കപ്പെട്ടെങ്കില്‍, പൊതുമേഖലയിലെ വിപുലീകരണം തകര്‍ക്കപ്പെട്ടിരിക്കുന്നു.


അപകടകരമായ 
സ്വതന്ത്ര വ്യാപാരം

സ്വതന്ത്ര വ്യാപാരവും ഗവണ്‍മെന്‍റിന്‍റെ ചെലവഴിക്കല്‍ വെട്ടിക്കുറയ്ക്കുന്നതും ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയ്ക്ക് അപകടകരമാകുമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ടല്ലോ?
ഒരു വ്യവസ്ഥ എന്ന നിലയില്‍ സ്വതന്ത്ര വ്യാപാരം പോരായ്മകള്‍ നിറഞ്ഞതും വിശ്വാസയോഗ്യമല്ലെന്നും ലോകമൊട്ടാകെ വ്യക്തമായിക്കഴിഞ്ഞു. ലോക വ്യാപാരസംഘടന ഒരു വിശ്വസനീയമായ സ്ഥാപനമാണെന്ന് വികസിത രാജ്യങ്ങള്‍പോലും  കരുതുന്നില്ല. അതുകൊണ്ടാണ് ആ രാജ്യങ്ങള്‍ മേഖലാ തലത്തിലും രണ്ടു രാജ്യങ്ങള്‍ തമ്മിലും ഉള്ള സ്വതന്ത്ര വ്യാപാര കരാറുകള്‍ക്കുവേണ്ടി സമ്മര്‍ദം ചെലുത്തുന്നത്. ലോക വ്യാപാര സംഘടന ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതും ഉപകാരപ്രദവുമാണെങ്കില്‍ പിന്നെ അത്തരം കരാറുകളുടെ ആവശ്യകതയെന്താണ്? ആഫ്രിക്ക, ലാറ്റിനമേരിക്ക, ഏഷ്യ എന്നിവിടങ്ങളില്‍ സ്വതന്ത്ര വ്യാപാര കരാറുകള്‍ നടപ്പാക്കപ്പെട്ടത് കാര്‍ഷിക സമൂഹത്തിന്‍റെ തകര്‍ച്ചയ്ക്കിടയാക്കി. കുറഞ്ഞ വിലയ്ക്കുള്ള ഇറക്കുമതി ഉല്‍പന്നങ്ങള്‍ ആ രാജ്യങ്ങളില്‍ കുന്നുകൂടി. കാര്‍ഷികോല്‍പന്നങ്ങളുടെ വിലത്തകര്‍ച്ചയ്ക്കതുകാരണമായി; കാര്‍ഷിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി. 

ഭക്ഷ്യധാന്യങ്ങള്‍ ഉല്‍പാദിപ്പിക്കുന്നതില്‍ പിന്നോക്കംനില്‍ക്കുന്ന രാജ്യങ്ങളുടെ ഭക്ഷ്യസുരക്ഷയെ പ്രതികൂലമായി ബാധിക്കുന്നതിനും സ്വതന്ത്ര വ്യാപാരം ഇടയാക്കി. അവ നാണ്യവിളകള്‍ കയറ്റുമതിചെയ്ത് ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാനുള്ള വിദേശനാണ്യം നേടാന്‍ ശ്രമിക്കുന്നു. എന്നാല്‍ നാണ്യവിളകളുടെ വില ഇടിയുന്നതുമൂലം കയറ്റുമതി വരുമാനത്തിലും ഇടിവുണ്ടാകുന്നു. അതുകൊണ്ട് അത്തരം രാജ്യങ്ങള്‍ക്ക് മുമ്പത്തേതുപോലെ ഭക്ഷ്യധാന്യങ്ങള്‍ പഴയ അളവില്‍ വാങ്ങാന്‍ സാധിക്കുന്നില്ല. ഇത് ആ രാജ്യങ്ങളുടെ ഭക്ഷ്യസുരക്ഷയെ പ്രതികൂലമായി ബാധിക്കുന്നു. 

കാര്‍ഷികമേഖലയിലെ ഗവണ്‍മെന്‍റിന്‍റെ ചെലവഴിക്കലുകള്‍ വെട്ടിക്കുറയ്ക്കുന്നത് ചെറുകിട നാമമാത്ര കര്‍ഷകരെ വളരെ പ്രതികൂലമായി ബാധിച്ചു. അവയെ സംബന്ധിച്ചിടത്തോളം ന്യായമായ ലാഭം കൃഷിയില്‍നിന്ന് ലഭിക്കാതായി; അവരുടെ വരുമാനത്തെ അത് സാരമായി ബാധിച്ചു. സബ്സിഡികള്‍ വെട്ടിക്കുറയ്ക്കപ്പെടുന്നതുമൂലവും കോര്‍പറേറ്റുകള്‍ കൊള്ളലാഭം എടുക്കുന്നതിനാലും വിത്ത്, വളം തുടങ്ങിയ കാര്‍ഷിക ഇന്‍പുട്ടുകളുടെ വില വര്‍ധിക്കുന്നു. കര്‍ഷകര്‍ ബഹുരാഷ്ട്ര കോര്‍പറേറ്റുകളുടെ ആശ്രിതരായി മാറിക്കൊണ്ടിരിക്കുന്നു. ഇവയെല്ലാം ചെറുകിട-നാമമാത്ര കര്‍ഷകര്‍ക്ക് കടുത്ത ആഘാതം ഏല്‍പിക്കുന്നവയാണ്. 

കാര്‍ഷിക മേഖലയില്‍ ലക്ഷ്യമിട്ടിരുന്ന വളര്‍ച്ചയുണ്ടായിരുന്നെങ്കില്‍ പരിഷ്കരണാനന്തരം ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് ഉയരുമായിരുന്നു എന്നതിനോട് താങ്കള്‍ യോജിക്കുന്നുണ്ടോ?
ഇന്ത്യയുടെ 1980കളിലെ കാര്‍ഷിക വളര്‍ച്ചനിരക്ക് നവലിബറല്‍ പരിഷ്കരണങ്ങളുടെ മുപ്പതുവര്‍ഷക്കാലത്തെ വളര്‍ച്ചനിരക്കിനേക്കാള്‍ കൂടുതലാണ് എന്നത് ലളിതമായ സത്യമാണ്. കാര്‍ഷികമേഖലയില്‍ എന്തെങ്കിലും വളര്‍ച്ച നേടുന്നതില്‍ നവലിബറല്‍ പരിഷ്കരണങ്ങള്‍ പരാജയപ്പെട്ടു എന്ന് സ്ഥാപിക്കുന്നതിന് ഈ ഒരു സൂചകംതന്നെ ധാരാളമാണ്. 


എന്നാല്‍ ഇവിടെ മറ്റൊരു പോയിന്‍റുണ്ട്. 2015നും 2022നും മധ്യേ കാര്‍ഷിക വരുമാനം ഇരട്ടിയാക്കുമെന്ന് നരേന്ദ്രമോഡി ഗവണ്‍മെന്‍റ് വാദിക്കുകയുണ്ടായി. ബിജെപിവാഴ്ചയുടെ ഏറ്റവും വലിയ പരാജയമാണിത്. ഈ കാലയളവില്‍ യഥാര്‍ഥത്തില്‍ കര്‍ഷകരുടെ വരുമാനം ഇടിയുകയായിരുന്നു. വിനാശകരമായ നോട്ടുനിരോധനം, വേണ്ടത്ര ആലോചനകളില്ലാതെ നടപ്പാക്കപ്പെട്ട ജിഎസ്ടി സമ്പ്രദായം, കോവിഡ്-19 പ്രതിസന്ധിയില്‍ മനുഷ്യത്വവിരുദ്ധമായ രീതിയില്‍ മോഡി ഗവണ്‍മെന്‍റ് നടപ്പാക്കിയ ലോക്ഡൗണ്‍ എന്നിവയെല്ലാം കര്‍ഷകരെ ശരിക്കും ദ്രോഹിക്കുന്നതായിരുന്നു. അവര്‍ വളരെ രോഷാകുലരാണ്.  പരിഷ്കരണങ്ങള്‍ അവരുടെ അവസ്ഥ കൂടുതല്‍ വഷളാക്കുകയാണെന്ന് കര്‍ഷകര്‍ നേരിട്ടറിഞ്ഞു. 

കര്‍ഷക പ്രസ്ഥാനത്തിന്‍റെ ആവിര്‍ഭാവം
കഴിഞ്ഞ മുപ്പതുവര്‍ഷക്കാലമായി താങ്കള്‍ കര്‍ഷക പ്രസ്ഥാനത്തെയും കര്‍ഷക പ്രക്ഷോഭങ്ങളെയും നയിച്ചുവരുന്ന വ്യക്തിയാണ്. എന്തിനെ കേന്ദ്രീകരിച്ചാണ് മുഖ്യ കാമ്പയിന്‍? ജനങ്ങളെ അണിനിരത്തുന്നതില്‍ അതുവഹിച്ച പങ്ക് എത്രത്തോളമാണ്?
നവലിബറല്‍ പരിഷ്കരണങ്ങളുടെ മുപ്പതുവര്‍ഷങ്ങള്‍ കാര്‍ഷിക പ്രതിസന്ധിയെ കൂടുതല്‍ രൂക്ഷമാക്കി. 1995 മുതലുള്ള 25 വര്‍ഷക്കാലത്ത് നാലുലക്ഷം കര്‍ഷകര്‍ ആത്മഹത്യചെയ്യുന്നതിലേക്കാണ് ആ പരിഷ്കാരങ്ങള്‍ നയിച്ചത്. ഈ കാലയളവിലെ കര്‍ഷകപ്രസ്ഥാനങ്ങള്‍ ഏറ്റെടുത്ത പ്രധാന വിഷയങ്ങള്‍ ഞാന്‍ പറയാം. 

മൂന്നു കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുക എന്ന അടിസ്ഥാന പ്രശ്നത്തിനൊപ്പം താഴെപ്പറയുന്ന വിഷയങ്ങളും കര്‍ഷക സംഘടനകള്‍ ഏറ്റെടുത്തു: അവ സ്വാമിനാഥന്‍കമ്മീഷന്‍ ശുപാര്‍ശചെയ്തതുപോലെ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പാദനച്ചെലവിനൊപ്പം അതിന്‍റെ അമ്പതു ശതമാനവും കൂടി കൂട്ടിയ തുക (C2+ 50%) കുറഞ്ഞ താങ്ങുവിലയായി ഏര്‍പ്പെടുത്തിക്കൊണ്ട് കേന്ദ്രം നിയമനിര്‍മാണം നടത്തുക, വൈദ്യുതിമേഖലയെ പരിപൂര്‍ണമായും സ്വകാര്യവത്കരിക്കുന്ന, വൈദ്യുതബില്ല് വന്‍തോതില്‍ വര്‍ധിക്കാന്‍ ഇടയാക്കുന്ന വൈദ്യുതി പരിഷ്കരണബില്‍ പിന്‍വലിക്കുക; ഡീസലിന്‍റെയും പെട്രോളിന്‍റെയും പാചകവാതകത്തിന്‍റെയും വില പകുതിയാക്കി കുറയ്ക്കുക. കര്‍ഷകരുടെ കടങ്ങള്‍ പൂര്‍ണമായും എഴുതിത്തള്ളുക (മോഡി ഗവണ്‍മെന്‍റ് കഴിഞ്ഞ ഏഴുവര്‍ഷമായി കോര്‍പറേറ്റുകളുടെ ലക്ഷക്കണക്കിന് കോടി രൂപ എഴുതിത്തള്ളുകയാണ്), കര്‍ഷകരെ അവരുടെ ദുരിതങ്ങളില്‍നിന്ന് കരകയറ്റാന്‍ പര്യാപ്തമായ രീതിയില്‍ വിള ഇന്‍ഷ്വറന്‍സ് സ്കീമില്‍ ഘടനാപരമായ മാറ്റം വരുത്തുക (ഇപ്പോള്‍ പ്രധാനമന്ത്രി ഫസല്‍ യോജന, സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികളെയാണ് സഹായിക്കുന്നത്). എല്ലാ ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കും ആവശ്യത്തിന് വായ്പകള്‍ കുറഞ്ഞ പലിശയ്ക്ക് ലഭ്യമാക്കുക; മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിന്‍കീഴിലുള്ള തൊഴില്‍ ദിനങ്ങളും വേതനവും ഇരട്ടിയാക്കി വര്‍ധിപ്പിക്കുക; ആദിവാസി കര്‍ഷകര്‍ക്കുവേണ്ടി വനാവകാശ നിയമം ശക്തമായി നടപ്പാക്കുക; കൃഷിഭൂമി ബലമായി ഏറ്റെടുക്കുന്നത് അവസാനിപ്പിക്കുക; സമഗ്രവും ശക്തവുമായ ഭൂപരിഷ്കരണ നിയമം നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ക്കൊപ്പം നാല് തൊഴില്‍ കോഡുകള്‍ റദ്ദാക്കുക എന്ന തൊഴിലാളിവര്‍ഗത്തിന്‍റെ ആവശ്യത്തെയും രാജ്യത്തെത്തന്നെ വില്‍ക്കുന്ന ബിജെപി ഗവണ്‍മന്‍റിന്‍റെ സ്വകാര്യവത്കരണ നയങ്ങള്‍ അവസാനിപ്പിക്കുക എന്ന ബഹുജനങ്ങളുടെ ആവശ്യത്തെയും ഞങ്ങള്‍ ശക്തിയായി പിന്തുണയ്ക്കുന്നു.

കഴിഞ്ഞ മുപ്പതുവര്‍ഷമായി തുടരുന്ന നവലിബറല്‍ നയങ്ങള്‍ക്കെതിരെ മേല്‍പറഞ്ഞ ആവശ്യങ്ങളുയര്‍ത്തി കര്‍ഷകസംഘടനകള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ ശക്തിപ്രാപിച്ചുവരുന്ന അനുഭവമാണ് നമുക്കുള്ളത്. കഴിഞ്ഞ ഏഴുവര്‍ഷമായി മോഡി ഗവണ്‍മെന്‍റ് കോര്‍പറേറ്റ് അനുകൂല നയങ്ങള്‍ ശക്തിയായി നടപ്പാക്കുകയാണ്. അതിനെതിരായി കൃത്യവും കണിശവുമായ കര്‍ഷക പോരാട്ടം ശക്തിപ്പെട്ടും വിപുലപ്പെട്ടും വരികയാണ്. ബിജെപി ഗവണ്‍മെന്‍റിന്‍റെ കോര്‍പറേറ്റ് അനുകൂല നയങ്ങള്‍ക്കെതിരെ രാജസ്താനിലും മഹാരാഷ്ട്രയിലും കര്‍ഷകരുടെ ചെറുത്തുനില്‍പു ശക്തിപ്പെട്ടതാണ് 2017ല്‍ നടന്ന 11 ദിവസത്തെ കര്‍ഷക പണിമുടക്കിലും 2018ല്‍ നടന്ന കര്‍ഷകരുടെ ലോങ്മാര്‍ച്ചിലും ദൃശ്യമായത്. ഈ രണ്ടു പ്രക്ഷോഭങ്ങളും നടന്നത് അഖിലേന്ത്യാ കിസാന്‍സഭയുടെ നേതൃത്വത്തിലാണ്. 2018ല്‍ രാജ്യ തലസ്ഥാനത്ത് രണ്ടു കൂറ്റന്‍ റാലികള്‍ നടന്നു.  അതിലൊന്ന് സംഘടിപ്പിച്ചത് അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മറ്റിയാണ്. രണ്ടാമത്തെ റാലി സംഘടിപ്പിച്ചത് സിഐടിയുവും അഖിലേന്ത്യാ കിസാന്‍സഭയും  അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയനും സംയുക്തമായാണ്. 

എസ്കെഎമ്മിന്‍റെ നേതൃത്വത്തില്‍ ഇപ്പോള്‍ ഡല്‍ഹിയിലും രാജ്യമൊട്ടാകെയും നടക്കുന്ന ചരിത്രപ്രധാനമായ കര്‍ഷക പ്രക്ഷോഭം 2020 നവംബര്‍ 26നാണ് ആരംഭിച്ചത്. 9 മാസം പിന്നിട്ട ഈ മഹാപ്രക്ഷോഭം മേല്‍പറഞ്ഞ കര്‍ഷക പ്രക്ഷോഭങ്ങളുടെയാകെ മൂര്‍ധന്യാവസ്ഥയാണ്. കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പിക്കുന്ന മൂന്ന് കിരാത കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ നിലവിലെ ദുരിതങ്ങളെ പതിന്മടങ്ങ് വര്‍ധിപ്പിക്കുന്നതാണ്. മതം, ജാതി, പ്രദേശം, സംസ്ഥാനം, ഭാഷ എന്നിവയുടെയെല്ലാം അതിര്‍വരമ്പുകള്‍ ലംഘിച്ചുകൊണ്ടുള്ളതാണ് ഇപ്പോഴത്തെ കര്‍ഷക പ്രക്ഷോഭം. അടിച്ചമര്‍ത്താനും അപകീര്‍ത്തിപ്പെടുത്താനുമുള്ള ശ്രമങ്ങളെ സധൈര്യം അതിജീവിച്ചിരിക്കുകയാണ് ഈ പ്രക്ഷോഭം. കോര്‍പറേറ്റ് വര്‍ഗീയതയെയും നവലിബറല്‍ നയങ്ങളെയും ലക്ഷ്യമിട്ടുള്ള പോരാട്ടമാണിത്. വിജയം നേടുന്നതുവരെ കര്‍ഷകര്‍ക്ക് ഈ പ്രക്ഷോഭത്തെ ശക്തിപ്പെടുത്തുകയും വ്യാപിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. 

കരാര്‍കൃഷി
കരാര്‍ കൃഷി  ഒരു  വിവാദവിഷയമാണ്. അതിന്‍റെ അനവധി അനന്തരഫലങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. ഇപ്പോഴും കരാര്‍കൃഷി പ്രോത്സാഹിപ്പിക്കപ്പെടുകയാണ്. കരാര്‍കൃഷിയുടെ ഗുണ-ദോഷങ്ങള്‍ വിശദീകരിക്കാമോ?
കുറച്ചുകാലമായി നമ്മുടെ രാജ്യത്ത് കരാര്‍ കൃഷിയുണ്ട്. നമുക്കാവശ്യം നല്ലതും കര്‍ഷക അനുകൂലവുമായ നിയമം കരാര്‍ കൃഷിയിലുണ്ടാവുക എന്നതാണ്, സമ്മതിച്ച വില നല്‍കാതെ കോര്‍പറേറ്റ് കമ്പനികള്‍ കര്‍ഷകരെ വഞ്ചിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുകയാണ് നമുക്കാവശ്യം. പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന കൃഷിചെയ്യുവാന്‍ കോര്‍പറേറ്റുകള്‍ കര്‍ഷകരെ നിര്‍ബന്ധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. കര്‍ഷക സൗഹൃദപരമായ പരാതി പരിഹാര രീതിയാണ് നമുക്കാവശ്യം. 

എന്നാല്‍ അതിനു നേര്‍വിപരീതമായാണ് നമ്മുടെ കാര്‍ഷിക നിയമങ്ങള്‍  തയ്യാറാക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ അവ കരാര്‍ കൃഷിയിലേര്‍പ്പെടുന്ന കുത്തകകളെ സഹായിക്കുന്നതാണ്. കരാര്‍ കൃഷിയില്‍ പഴുതുകള്‍ അടച്ചുകൊണ്ടുള്ള ശക്തമായ നിയമനിര്‍മാണമാണ് ആവശ്യം. അതത് സംസ്ഥാനങ്ങളിലെ സവിശേഷമായ സാഹചര്യത്തിനനുസൃതമായി സംസ്ഥാന ഗവണ്‍മെന്‍റുകള്‍ നിയമം തയ്യാറാക്കുകയും പാസാക്കുകയും ചെയ്യുന്നതാണ് അഭികാമ്യം. 

പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രതിഷേധത്തില്‍ അഖിലേന്ത്യാ കിസാന്‍സഭ സജീവമായി പങ്കെടുത്തുവരികയാണ്. കാര്‍ഷിക നിയമങ്ങളെക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്? 
ഇന്ത്യയിലെ കര്‍ഷകരുടെ ഉപജീവന മാര്‍ഗത്തിനെതിരെയുള്ള അതിശക്തമായ ആക്രമണമാണ് പുതിയ കാര്‍ഷിക നിയമങ്ങള്‍.  കര്‍ഷകരുടെയും ഉപഭോക്താക്കളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായിരുന്നു 1960 കള്‍ മുതല്‍ നിലവിലുള്ള കാര്‍ഷിക ഉല്‍പാദന വിപണന കമ്മിറ്റി മണ്ഡി (ചന്തകള്‍) കളും അവശ്യസാധനനിയമവും. മണ്ഡി സമ്പ്രദായത്തിന് ചില പാളിച്ചകള്‍ ഉണ്ടെങ്കിലും അവ കര്‍ഷകര്‍ക്ക് തങ്ങളുടെ സാധനങ്ങള്‍ വിറ്റഴിക്കാനും സ്ഥായിയായി വില ലഭിക്കുന്നതിനും വളരെയേറെ സഹായകമായിരുന്നു. മണ്ഡികളുടെ പാളിച്ചകള്‍ തിരുത്തപ്പെടണം. 

എന്നാല്‍ അതിനുപകരം ഗവണ്‍മെന്‍റ് ഇപ്പോള്‍ കൊണ്ടുവന്ന നിയമം കുളിപ്പിച്ച് കുട്ടിയെ കൊല്ലുന്നതിനു സമാനമാണ്. കാര്‍ഷിക ഉല്‍പാദന വിപണന കമ്മിറ്റി (എപിഎംസി) സമ്പ്രദായം നിലനില്‍ക്കാന്‍ മോഡി ഗവണ്‍മെന്‍റ് ആഗ്രഹിക്കുന്നില്ല; എപിഎംസി വ്യവസ്ഥയെ പൊളിച്ചടുക്കുന്നതിനും വില നിയന്ത്രണം അംബാനിയും അദാനിയും പോലെയുള്ള കോര്‍പറേറ്റുകള്‍ക്ക് ഏല്‍പിച്ചുകൊടുക്കാനുമാണ് കേന്ദ്ര ഗവണ്‍മെന്‍റാഗ്രഹിക്കുന്നത്. മണ്ഡി സമ്പ്രദായം ഇല്ലാതാകുന്നതോടെ കര്‍ഷകരെ വന്‍കിട കോര്‍പറേറ്റുകളുടെ നീരാളിപ്പിടുത്തത്തിന് എറിഞ്ഞുകൊടുക്കലാകും ഫലം. പഞ്ചാബ്, ഹരിയാന, പശ്ചിമ ഉത്തര്‍പ്രദേശ്പോലെയുള്ള സംസ്ഥാനങ്ങളിലെ കൃഷിയുടെ മരണത്തിനായിരിക്കും ഇതിടയാക്കുക.

2006ല്‍ ബിഹാറില്‍ മണ്ഡി സമ്പ്രദായം നിര്‍ത്തലാക്കിയത് അവിടുത്തെ കര്‍ഷകരെ വളരെയേറെ ദുരിതത്തിലാഴ്ത്തി. 


അതുപോലെ, അവശ്യ സാധന നിയമം പരിഷ്കരിക്കുന്നത് ചില്ലറ വില്‍പനമേഖലയുടെ നാശത്തിനിടയാക്കുകയും ആ മേഖല കോര്‍പറേറ്റുകളുടെ പിടിയിലമരുകയും ചെയ്യും. ഭക്ഷ്യവസ്തുക്കളുടെ വില വന്‍തോതില്‍ ഉയരാനും ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ അട്ടിമറിക്കപ്പെടാനും ഇടയാക്കും.

മണ്ഡി സമ്പ്രദായത്തെ ഇല്ലാതാക്കാനും ഭക്ഷ്യോല്‍പന്നങ്ങള്‍ സംഭരിക്കുന്നതില്‍നിന്ന് ഗവണ്‍മെന്‍റിന് പിന്മാറാനും പൊതുവിതരണ സമ്പ്രദായത്തെ അട്ടിമറിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ബിജെപി ഗവണ്‍മെന്‍റ് കൊണ്ടുവന്ന പുതിയ കര്‍ഷക നിയമങ്ങള്‍. അതുകൊണ്ടുതന്നെ ഈ നിയമങ്ങള്‍ കര്‍ഷക വിരുദ്ധം മാത്രമല്ല, ശരിക്കും ജനവിരുദ്ധവുമാണ്.

ഈ കാര്‍ഷിക നിയമങ്ങള്‍ ശരിക്കും ഭരണഘടനാ വിരുദ്ധമാണെന്ന് നാം ഓര്‍ക്കണം. കൃഷി ശരിക്കും സംസ്ഥാന നിയന്ത്രണത്തിലുള്ള വിഷയമാണ്. ഭരണഘടന അത് വളരെ വ്യക്തമായി പ്രതിപാദിച്ചിട്ടുള്ളതുമാണ്. എന്നാല്‍ മോഡി ഗവണ്‍മെന്‍റ് മറ്റു പല കാര്യങ്ങളിലുമെന്നപോലെ ഭരണഘടനയെയും ഫെഡറലിസത്തെയും പാടേ അവഗണിച്ചുകൊണ്ട് സംസ്ഥാന വിഷയങ്ങളിലും ജനവിരുദ്ധ നിയമങ്ങള്‍ പാര്‍ലമെന്‍റില്‍ പാസാക്കുകയാണ്. ഇടതുപക്ഷത്തെയും മറ്റു പാര്‍ടികളിലെയും എംപിമാര്‍ അതിശക്തമായി ഇതിനെതിരെ പാര്‍ലമെന്‍റില്‍ പ്രതിഷേധിച്ചു. എന്നാല്‍ അവയെയെല്ലാം അവഗണിച്ചുകൊണ്ട് തികഞ്ഞ സ്വേഛാധിപത്യരീതിയില്‍ മോഡി സര്‍ക്കാര്‍ ഈ നിയമങ്ങള്‍ പാസാക്കുകയായിരുന്നു. 

ഞങ്ങളുടെ ആവശ്യം വളരെ വ്യക്തമാണ്. ഈ മൂന്ന് കാര്‍ഷിക നിയമങ്ങളും ഗവണ്‍മെന്‍റ് പിന്‍വലിക്കണം. ഒമ്പതുമാസം പിന്നിട്ട ഞങ്ങളുടെ ചരിത്രപ്രധാനമായ പ്രക്ഷോഭം ഈ ആവശ്യം നേടുന്നതുവരെ മുന്നോട്ടു കൊണ്ടുപോകും  •