തലക്കെട്ടിലെ രാഷ്ട്രീയം

ഗൗരി

കേരളത്തിലെ ഏറ്റവും പഴയ സ്വകാര്യ ടിവി ചാനലും ഏറ്റവും പുതിയ സ്വകാര്യ ടിവി ചാനലും തമ്മില്‍ പൊരിഞ്ഞ പോരാണെന്നാണ് വയ്പ്. പഴമക്കാരന്‍ ചാനല്‍ ഇപ്പോള്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ബിസിനസ്സുകാരന്‍റെ ഉടമസ്ഥതയിലാണ്. സ്വാഭാവികമായും സ്വതന്ത്ര മുഖം മൂടിയണിഞ്ഞ സംഘി ചാനലായിരിക്കുമല്ലോ അത്. പുത്തന്‍ കൂറ്റുചാനലാകട്ടെ കട്ട സ്വതന്ത്ര ചാനലാണെന്നാണ് പറച്ചില്. കമ്യൂണിസ്റ്റു വിരോധത്തിന്‍റെയും സംഘി ചായ്വിന്‍റെയും സ്വല്പം കോണ്‍ഗ്രസ് അനുഭാവത്തിന്‍റെയും കാര്യമുണ്ടെന്നത് അതിലെ വാര്‍ത്തകളും ചര്‍ച്ചകളും കാണുന്നവര്‍ക്കെല്ലാം കൃത്യമായും മനസ്സിലാകും. മാത്രമല്ല അതിനു പിന്നില്‍ പണം മുടക്കിയവരില്‍ പലരും സംഘികളാണ്. ക്രിമിനല്‍ മൂലധനവുമുണ്ടെന്നാണ് കേള്‍വി.

അപ്പോള്‍ ഈ ഒരേ തൂവല്‍പക്ഷികള്‍ എന്തിനാ ഇപ്പം പോരടിക്കുന്നത്? അതൊക്കെ അപ്പച്ചന്‍റെ ഓരോ തമാശകളായി കാണാം. എന്നാല്‍ ചില കാര്യങ്ങള് ഇല്ലാതില്ല. പുത്തന്‍കൂറ്റ് ചാനലിലെ 24 കാരറ്റ് അണ്ണന്മാര്‍ രണ്ടെണ്ണം അല്ലറ, ചില്ലറ തട്ടിപ്പ് കേസുകളില്‍ കുടുങ്ങീറ്റുണ്ടെന്ന് പഴമക്കാരന്‍ ചാനലിലെ സൂപ്പര്‍മാന്‍ ആങ്കര്‍ പെരുമ്പറകൊട്ടി വിളിച്ചോതിയതോടെയാണ് ഉള്ളില്‍ ഒതുങ്ങിയിരുന്ന ചൊരുക്ക് പൊട്ടിപ്പുറത്തായത്. അതിനൊരു നിമിത്തമായതാകട്ടെ, സൂപ്പര്‍മാന്‍ ചമയാന്‍ പഴമക്കാരന്‍ ചാനല്‍ അവതാരം ജനപ്രതിനിധികളെയും മന്ത്രിമാരെയും നികൃഷ്ടമായ പദപ്രയോഗങ്ങളുപയോഗിച്ച് വിശേഷിപ്പിച്ചത് ശരിയായില്ലെന്നും അതാവര്‍ത്തിക്കരുത് എന്നും ദേശാഭിമാനിയിലെ ഒരു പത്ര പ്രവര്‍ത്തകന്‍ മെസ്സേജ് അയച്ചത് ഭയങ്കര ഭീഷണിപ്പെടുത്തലായിയെന്നും പറഞ്ഞ് കക്ഷി നടത്തിയ ഉറഞ്ഞുതുള്ളലിനിടെയാണ് പുതുമക്കാരന്‍ ചാനലിലെ പുള്ളികളെക്കുറിച്ച് പറഞ്ഞ് നിങ്ങളതൊന്നും കാണണില്യോന്നും മറ്റൊരു ചാനലിലെ സൂപ്പര്‍താരം പുറത്തുപറയാന്‍ പറ്റാത്ത എന്തോ ഒരു എടപാടില്‍പെട്ട് പുറത്തായതുമെല്ലാം വലിച്ചു പുറത്തിടാന്‍ നിങ്ങള്‍ എന്തേ തയ്യാറല്ലെന്നുമെല്ലാം ഒരു പേച്ചായിരുന്നു. അത് കേട്ടോരിക്കറിയാം എന്തേലുമൊരു നിമിത്തം നോക്കിയിരിക്കയായിരുന്നു ഇതൊക്കെയൊന്ന് വിളിച്ചു കൂവാന്‍ അതിയാന്‍ കാത്തുകാത്തിരിക്കയായിരുന്നുവെന്ന്. തുടര്‍ന്നാണ് അങ്കം കുറിക്കപ്പെട്ടത്.

എന്നാല്‍ ഇവറ്റകള്‍ ഒരേ തൂവല്‍പക്ഷികളും ഒക്ക ചങ്ങായിമാരുമാണെന്ന് തിരിച്ചറിയാന്‍ ഏറെ കാത്തിരുപ്പ് വേണ്ടി വന്നില്ല. തിങ്കളാഴ്ച (ഒക്ടോ. 4) എല്ലാ ചാനലുകളും രാത്രീലെ പ്രൈംടൈം ചര്‍ച്ചയ്ക്കായി യുപീലെ ലഖിംപൂരില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കുനേരെ ഒരു കേന്ദ്രമന്ത്രീടെ തൃപ്പുത്രന്‍ വാഹനമോടിച്ചു കയറ്റി 4 കര്‍ഷകരെ കൊന്നതും അതില്‍ പ്രതിഷേധിച്ച് പ്രകടനത്തിനു തുനിഞ്ഞ് പത്രക്കാരുമായി സംസാരിച്ച കിസാന്‍സഭാ നേതാവ് കൃഷ്ണപ്രസാദിനെ വലിച്ചിഴച്ച് പൊലീസ് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയതും യുപിയില്‍ പ്രതിപക്ഷത്തെ പ്രധാന നേതാക്കളെയൊന്നും അക്രമം നടന്ന സ്ഥലം സന്ദര്‍ശിക്കാനനുവദിക്കാതെ തടങ്കലിലാക്കിയതുമെല്ലാമായി നിറഞ്ഞപ്പോള്‍ (എന്തിന് അംബാനീടെ 18-ാം ചാനലുപോലും അതായിരുന്നു ചര്‍ച്ചയ്ക്കെടുത്തത്) പഴമക്കാരന്‍ ചാനലും പുത്തന്‍കൂറ്റു ചാനലും അതു കണ്ടതായിപോലും നടിച്ചില്ല! മോഡിയായ നമഃ ചൊല്ലിക്കഴിയേണ്ട നേരത്ത് എന്തര് കര്‍ഷകര്!


എന്തായാലും നാലാം തിയതിയിലെ ചാനല്‍ ചര്‍ച്ചയില്‍ കര്‍ഷകസമരം കൈകാര്യം ചെയ്ത ചാനലുകളുടെ സ്വന്തം പത്രങ്ങള്‍ അന്നും രാവിലെ എങ്ങനെയാണ് വിഷയാവതരണം നടത്തിയതെന്നു കൂടിനോക്കാം. മനോരമ അതിങ്ങനെ അവതരിപ്പിച്ചിരിക്കുന്നു: "കര്‍ഷകപ്രതിഷേധത്തിനിടെ യുപിയില്‍ സംഘര്‍ഷം. 8 മരണം." ഹൈലൈറ്റ്: "4 കര്‍ഷകര്‍ കൊല്ലപ്പെട്ടത് കാറുകള്‍ ഇടിച്ചുകയറ്റിയതിനെതുടര്‍ന്ന്..... കേന്ദ്രമന്ത്രിയുടെ മകന്‍റെ കാറെന്ന് കര്‍ഷകര്‍; നിഷേധിച്ച് മന്ത്രി" എന്നാല്‍ ആ റിപ്പോര്‍ട്ട് തുടങ്ങുന്നതിങ്ങനെ: "ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കിടയിലേക്ക് കാറുകള്‍ ഇടിച്ചുകയറ്റിയതിനെ തുടര്‍ന്നു 4 പേരും ഈ കാറുകള്‍ കത്തിച്ചതോടെ മറ്റു 4 പേരും കൊല്ലപ്പെട്ടു. 3 ബിജെപി പ്രവര്‍ത്തകരും ഡ്രൈവറുമാണത്." ഇതാണ് സംഭവം. ഇതെങ്ങനെ പ്രതിഷേധത്തിനിടെ സംഘര്‍ഷമാവും? മനോരമ തന്നെ വാര്‍ത്തയുടെ ആദ്യ വാചകത്തില്‍ പറയുന്നതനുസരിച്ചാണെങ്കില്‍ കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്ക് ബിജെപി ക്രിമിനലുകള്‍ വാഹനമിടിച്ചു കയറ്റി 4 മനുഷ്യരെ കൊല്ലുകയാണുണ്ടായത്. ഇത് ബിജെപി നടത്തിയ ഗൂഢാലോചനയുടെ ഫലമാണെന്ന് വ്യക്തം. മറുവശത്ത് ഈ ആക്രമണത്തെ തുടര്‍ന്ന് തങ്ങളുടെ നാല് സഖാക്കള്‍ കൊല്ലപ്പെട്ടതോടെ പ്രകോപിതരായ കര്‍ഷകര്‍ തങ്ങളെ ആക്രമിക്കാനുപയോഗിച്ച കാറുകള്‍ കത്തിച്ചു. അതു മുന്‍കൂട്ടി ആസൂത്രണം ചെയ്തതല്ല. മറിച്ച് രോഷാകുലരായ കര്‍ഷകരുടെ പ്രതിഷേധപ്രകടനമാണത്- തികച്ചും യാദൃച്ഛികം. അപ്പോള്‍ ഇത് രണ്ടിനേം ഒരു തലാപ്പില്‍ തളയ്ക്കാനാവില്ല. എങ്കിലും മോഡിയണ്ണനുക്ക് സേവ ചെയ്യാന്‍ മ്മളെ മുഖ്യധാരക്കാര്‍ക്ക് ഇങ്ങനെയല്ലേ പറ്റൂ. യഥാര്‍ഥത്തില്‍, "പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കിടയിലേക്ക് മന്ത്രി പുത്രന്‍ വാഹനം ഇടിച്ചുകയറ്റി 8 പേരെ കൊന്നു" എന്നല്ലേ വേണ്ടത്.
ഇനി മാതൃഭൂമീം കൂടി ഒന്നുനോക്കിക്കളയാം. 4ന്‍റെ മാതൃഭൂമീലെ ഒന്നാം പേജ് ഇനം: "കര്‍ഷക സമരത്തിനിടെ സംഘര്‍ഷം. എട്ടുപേര്‍ കൊല്ലപ്പെട്ടു." ഹൈലൈറ്റ്: "യുപിയില്‍ സമരക്കാര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറി നാല് കര്‍ഷകരും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നാല് പേരും മരിച്ചു." ശ്രദ്ധിക്കുക. "ഇടിച്ചുകയറ്റുക"യല്ല ഉണ്ടായത്; "ഇടിച്ചു കയറുക" ആയിരുന്നു. അതായത്, വഴിയെപോയ വാഹനം ബ്രേക്ക് പൊട്ടി കര്‍ഷകര്‍ക്കിടയിലേക്ക് കയറുകയായിരുന്നുവെന്നല്ലേ ഇതിനര്‍ഥം?

പങ്കാളിത്തം
ഒക്ടോബര്‍ ഒന്നിന്‍റെ മനോരമയുടെ ഒന്നാം പേജിലെ ഒരു സ്റ്റോറി: "പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കില്ലെന്ന സൂചന നല്‍കി മന്ത്രി." അതില്‍ പറയുന്നതുനോക്കൂ: "2013ല്‍ യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനഃപരിശോധിക്കുമെന്ന് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് എല്‍ഡിഎഫ് പ്രകടനപത്രികയില്‍ പറഞ്ഞിരുന്നു." അപ്പോള്‍ നിലനിന്നിരുന്ന സാര്‍വത്രിക പെന്‍ഷന്‍ പദ്ധതി അട്ടിമറിച്ച് പങ്കാളിത്ത പെന്‍ഷനാക്കിയത് യുഡിഎഫ് ആണ്. പെന്‍ഷന്‍ രീതിയില്‍ മാത്രമല്ല അന്നവര്‍ പൊളിച്ചെഴുത്ത് നടത്തിയത്. പെന്‍ഷന്‍ പ്രായത്തിന്‍റെ കാര്യത്തിലും ജീവനക്കാരെ പല തട്ടുകളാക്കി. അതാകെ റദ്ദുചെയ്യണമെന്നത് സങ്കീര്‍ണമായ കാര്യമാണ്. അതുകൊണ്ടാണ് 2016ല്‍ എല്‍ഡിഎഫ് മാനിഫെസ്റ്റോയില്‍ അത് പുനഃപരിശോധിക്കുമെന്ന് പറഞ്ഞത്. എല്‍ഡിഎഫ് സര്‍ക്കാര്‍ പുനഃപരിശോധനയ്ക്ക് കമ്മിറ്റിയെ നിയമിക്കുകയും അതിന്‍റെ റിപ്പോര്‍ട്ട് ഇപ്പോള്‍ ലഭ്യമാക്കുകയും ചെയ്തു. അത് പ്രസിദ്ധീകരിച്ച് വേണ്ട നടപടി സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍.

എന്നാല്‍, 2013ല്‍ ജീവനക്കാരുടെയാകെ പ്രതിഷേധവും എതിര്‍പ്പും അവഗണിച്ച് ഇത് നടപ്പാക്കിയപ്പോള്‍ മനോരമ അന്നെവിടെയായിരുന്നു? സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പണിമുടക്കിയ ജീവനക്കാരെ അപഹസിക്കാനും പണിമുടക്ക് പൊളിക്കാനും കച്ചകെട്ടിയിറങ്ങിയത് ജീവനക്കാരും ജനവും മറന്നിട്ടില്ലെന്ന് ഓര്‍ക്കണം. എന്തായാലും രണ്ടാം തീയതിയിലെ മനോരമയുടെ 11-ാം പേജിലും ഇതു സംബന്ധിച്ച സ്റ്റോറി തന്നെ നല്‍കീറ്റുണ്ട് (സര്‍ക്കാര്‍ ജീവനക്കാരോട് മനോരമേടെ ഒരൊലിപ്പീരേ) "പങ്കാളിത്ത പെന്‍ഷന്‍: ഇനി സംഘടനകളുമായി ചര്‍ച്ച". അപ്പോള്‍ സര്‍ക്കാര്‍ പുനഃപരിശോധനാ നടപടികള്‍ കൈക്കൊണ്ടുവരിക തന്നെയാണ്.

ഇനി ഇക്കാര്യം മാതൃഭൂമി എങ്ങനെ കൈകാര്യം ചെയ്യുന്നൂവെന്നു കൂടി നോക്കാം. സെപ്തംബര്‍ 29ന്‍റെ മാതൃഭൂമിയുടെ 16-ാം പേജില്‍ "പങ്കാളിത്ത പെന്‍ഷന്‍: ഫയല്‍ തുറക്കാതെ സര്‍ക്കാര്‍" എന്നൊരിനം കാണാം. അതായത് ഒരു നടപടിയും സ്വീകരിക്കാതെ സര്‍ക്കാര്‍ അനങ്ങാപ്പാറ നയത്തിലാണെന്ന്! എന്നാല്‍ ഒക്ടോബര്‍ ഒന്നിന് മാതൃഭൂമിയുടെ ഒന്നാം പേജിലെ സൂപ്പര്‍ടൈറ്റില് കൂടി നോക്കാം: "പങ്കാളിത്ത പെന്‍ഷന്‍ തുടരും." അപ്പോ മാതൃഭൂമി തീര്‍പ്പാക്കിക്കഴിഞ്ഞു!! മനോരമ കുറച്ച് സംശയത്തിന്‍റെ ആനുകൂല്യം നല്‍കുന്നൂന്നു മാത്രമല്ല, ചര്‍ച്ച ചെയ്യുമെന്നു കൂടി പറഞ്ഞുവയ്ക്കാനും തയ്യാറായി. ഈ രണ്ടു പത്രങ്ങളും 2013ല്‍ യുഡിഎഫ് പങ്കാളിത്ത പെന്‍ഷന്‍ കൊണ്ടുവന്ന സര്‍ക്കാരിന്‍റെ പെട്ടിപ്പാട്ടു സംഘത്തിലുണ്ടായിരുന്നതും മറക്കണ്ട.

ഒക്ടോബര്‍ രണ്ടിന് മനോരമ ഒന്നാം പേജില്‍ ഒരു സ്റ്റോറി നല്‍കീറ്റുണ്ട്: "66 ഗവ. കോളേജുകളില്‍ 56നും മേധാവിയില്ല. 2018നു ശേഷം പ്രിന്‍സിപ്പല്‍ നിയമനം നടന്നിട്ടില്ല." ഈ തലക്കെട്ട് മാത്രം വായിച്ചാല്‍ തോന്നുക സര്‍ക്കാരിന്‍റെ അലംഭാവമോ കെടുകാര്യസ്ഥതയോ കാരണം നിയമനം നടക്കാതെ സര്‍ക്കാര്‍ കോളേജുകളെ അനാഥമാക്കിയെന്നല്ലേ? എന്നാല്‍ വസ്തുതയോ? ഇതേ സ്റ്റോറിയില്‍ തന്നെ നോക്കുക: "പ്രിന്‍സിപ്പലായും പ്രഫസറായും നിയമിക്കുന്നതിനു യുജിസി കര്‍ശനവ്യവസ്ഥകള്‍ വച്ചതോടെ സീനിയര്‍ അധ്യാപകര്‍ക്ക് സ്ഥാനക്കയറ്റത്തിനു യോഗ്യതയില്ലാതായി. യോഗ്യതയുള്ള ജൂനിയര്‍ അധ്യാപകരെ നിയമിക്കുന്നത് ഒഴിവാക്കാനായി നിയമനടപടികള്‍ വര്‍ഷങ്ങളായി നീട്ടിക്കൊണ്ടുപോകുകയാണ്." അപ്പോ ആരാ നിയമനടപടി സ്വീകരിക്കുന്നത്? അക്കാര്യം മനോരമ അവ്യക്തമാക്കി വിട്ടിരിക്കുന്നു. യഥാര്‍ഥത്തില്‍ ക്വാളിഫൈഡ് അല്ലാത്ത സീനിയര്‍ അധ്യാപകരാണ് നിയമനടപടി നീട്ടിക്കൊണ്ടിരിക്കുന്നത്. അത് പറയാതെ വിട്ടതിലൂടെ മനോരമ സര്‍ക്കാര്‍ വിരുദ്ധ (ഇടതുപക്ഷ വിരുദ്ധ) രാഷ്ട്രീയമാണ് പയറ്റുന്നത്.

അതേ റിപ്പോര്‍ട്ടില്‍ മനോരമ തുടരുന്നു: "കഴിഞ്ഞ വര്‍ഷം ഗവ. കോളേജുകളിലേക്ക് അപേക്ഷ ക്ഷണിച്ചപ്പോള്‍ യോഗ്യതയുള്ള മുപ്പതോളം പേരെ മാത്രമാണ് കണ്ടെത്താനായത്. അവരെ നിയമിക്കുന്ന ഘട്ടമായപ്പോള്‍ സീനിയോറിറ്റി മറികടക്കുന്നുവെന്ന പേരില്‍ എതിര്‍പ്പുയര്‍ന്നു." ഇവിടെയും അവ്യക്തതയാണ് ബാക്കി വയ്ക്കുന്നത്. യഥാര്‍ഥത്തില്‍ യുജിസിയുടെ പുതിയ മാനദണ്ഡപ്രകാരം യോഗ്യതയില്ലാത്തവര്‍ പഴയതുപോലെ സീനിയോറിറ്റി അനുസരിച്ച് നിയമനം വേണമെന്നാവശ്യപ്പെട്ട് നിയമനടപടി സ്വീകരിച്ചതാണ് ഇത്തരമൊരവസ്ഥ സൃഷ്ടിച്ചത്. മറ്റു ഡിപ്പാര്‍ട്ട്മെന്‍റുകളിലും സമാനമായ പ്രശ്നം കാണും. ഇപ്പോള്‍ മാത്രമല്ല, എല്ലാ കാലത്തും. അതിന് സര്‍ക്കാരിനെതിരെ മുനവച്ച് പ്രചാരണ സാഹിത്യം ചമയ്ക്കാന്‍ മനോരമയ്ക്കേ കഴിയൂ. തലവാചകത്തിന്‍റെ രാഷ്ട്രീയംപയറ്റുന്ന മനോരമ മിസ്സിങ് ലിങ്കുകളിലൂടെയും രാഷ്ട്രീയം കളിക്കുന്നുണ്ട്. അവര്‍ക്കറിയം തങ്ങളുടെ വായനക്കാരില്‍ അധികവും തലവാചകം വായിച്ച് തൃപ്തിയടയുന്നവരാണെന്ന്.

സെപ്തംബര്‍ 30ന്‍റെ മനോരമയുടെ രണ്ടാം ഒന്നാം പേജില്‍ ഒരു കിടു ഐറ്റമുണ്ട്: "സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എല്ലാ മേഖലയിലും നിയമനങ്ങള്‍ക്ക് പൊലീസ് പരിശോധന. കേസുണ്ടെങ്കില്‍ ജോലിയില്ല." സങ്കതി കൊള്ളാം. ഇതിന്‍റകത്ത് ഒരു ചിന്ന ഐറ്റം കൂടിയുണ്ട്: "1967ല്‍ നിര്‍ത്തി; 74ല്‍ തിരിച്ചെത്തി." എന്താത്? നോക്കാം: "ഇഎംഎസിന്‍റെ നേതൃത്വത്തില്‍ 1967ല്‍ നിലവില്‍ വന്ന സപ്തകക്ഷി സര്‍ക്കാരിന്‍റെ ആദ്യ നയപ്രഖ്യാപനപ്രസംഗത്തില്‍ സര്‍ക്കാര്‍ ജോലിക്കുള്ള പൊലീസ് വെരിഫിക്കേഷന്‍ നിര്‍ത്തുമെന്ന് ഗവര്‍ണര്‍ ഭഗവാന്‍ സഹായ് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ഇത് സര്‍ക്കാര്‍ നടപ്പാക്കുകയും മുന്‍പ് പൊലീസ് വെരിഫിക്കേഷന്‍ മൂലം ജോലി നിഷേധിക്കപ്പെട്ട നൂറുകണക്കിനാളുകളെ നിയമിക്കുകയും ചെയ്തു." 1967ല്‍ റദ്ദ് ചെയ്ത പൊലീസ് വെരിഫിക്കേഷന്‍ വ്യത്യസ്തമായ വിധം 1974ല്‍ പുനരവതരിപ്പിച്ചു. എന്നാല്‍ മനോരമ റിപ്പോര്‍ട്ടില്‍ പറയുന്ന ഒരു കാര്യം നോക്കൂ, ഗവര്‍ണര്‍ ഭഗവാന്‍ സഹായ് നിയമസഭയില്‍ പറഞ്ഞു, സര്‍ക്കാര്‍ അത് നടപ്പാക്കി എന്നല്ലേ! ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം നടത്തുന്നത് സ്വന്തം ഇഷ്ടപ്രകാരമല്ലെന്നതും അത് മന്ത്രിസഭാ തീരുമാനമനുസരിച്ചാണെന്നതും അറിയാത്തവരായിരിക്കില്ല മനോരമ ലേഖകര്‍. വായനക്കാരെ തെറ്റിദ്ധരിപ്പിക്കുകയെന്ന ഗൂഢലക്ഷ്യമാണിതിനു പിന്നിലെന്നതില്‍ സംശയം വേണ്ട. മാത്രമല്ല, 1967ലെ സപ്തകക്ഷി മുന്നണിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു പൊലീസ് വെരിഫിക്കേഷന്‍ ഉപേക്ഷിക്കുമെന്നത്. എന്തായിരുന്നു അതിനു കാരണമെന്നല്ലേ! അന്നത്തെ പൊലീസ് വെരിഫിക്കേഷന്‍ എന്നാല്‍ കക്ഷി കമ്യൂണിസ്റ്റാണോയെന്ന പരിശോധനയായിരുന്നു. കമ്യൂണിസ്റ്റെങ്കില്‍ പണിയില്ലെന്നായിരുന്നു അവസ്ഥ. ആ അനീതി തിരുത്തിയത് 1967ലെ ഇ എം എസ് സര്‍ക്കാരായിരുന്നു.

1974ല്‍ വീണ്ടും വന്ന വെരിഫിക്കേഷന്‍ ഗുരുതരമായ ഏതെങ്കിലും ക്രിമിനല്‍ കേസില്‍ പ്രതിയാണോയെന്ന പരിശോധനയാണ്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയും ചെന്നിത്തല ആഭ്യന്തര മന്ത്രിയുമായിരുന്ന കാലത്ത് വധശ്രമക്കേസില്‍, അതും ഒരു പൊലീസ് ഉദ്യോഗസ്ഥനെ കൊല്ലാനായി ബോംബെറിഞ്ഞ് മാരകമായി പരിക്കേല്‍പ്പിക്കുകയും അംഗഭംഗം വരുത്തുകയും ചെയ്ത കേസില്‍ പ്രതിയായ സംഘി ക്രിമിനലിനെ പൊലീസ് സേനയില്‍ നിയമിക്കാന്‍ ആ കേസ് പിന്‍വലിച്ച ചരിത്രവും കൂടി മനോരമ വായനക്കാരെ ഓര്‍മിപ്പിക്കണമായിരുന്നു. അത്തരക്കാര്‍ പൊലീസ് സേനയിലെന്നല്ല സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ഒരു ജോലിയിലും ഉണ്ടാകാന്‍ പാടില്ലെന്ന അവബോധമാണ് സമൂഹത്തില്‍ ഉണ്ടാകേണ്ടത്. എന്നാല്‍ മനോരമാദി മുഖ്യധാരക്കാര്‍ കമ്യൂണിസ്റ്റ് വിരോധത്തിന്‍റെ അന്ധത ബാധിച്ച് അത് വിസ്മരിക്കുന്നു•