പ്രണയ നൈരാശ്യ കൊലകള്‍ക്കുപിന്നില്‍...

കെ എ വേണുഗോപാലന്‍

"മംഗളം നേരുന്നു ഞാന്‍
മനസ്വിനി, മംഗളം നേരുന്നു ഞാന്‍, 
അലിഞ്ഞു ചേര്‍ന്നതിന്‍ ശേഷമെന്‍ 
ജീവനെ പിരിഞ്ഞു പോയി നീ 
എങ്കിലും എന്നും മംഗളം നേരുന്നു ഞാന്‍" 

ത് ശ്രീകുമാരന്‍ തമ്പിയുടെ വരികളാണ്.  കാമുകീകാമുകന്മാരായി ജീവിച്ചതിനുശേഷം തന്നെ പിരിഞ്ഞ്  വിവാഹിതയായി പോകുന്ന കാമുകിക്ക് മംഗളാശംസകള്‍ നേരുന്ന കാമുകനെയാണ് ഇവിടെ ശ്രീകുമാരന്‍ തമ്പി അവതരിപ്പിച്ചിരിക്കുന്നത്. നാലോ അഞ്ചു ദശകങ്ങള്‍ക്കു മുമ്പത്തെ ഒരു കാമുകന്‍റെ മാനസികാവസ്ഥയാണ് ഈ വരികളില്‍ പ്രകടമാവുന്നത്. കാമുകീകാമുകന്മാര്‍ ആയതിനുശേഷം മറ്റൊരു പുരുഷനെ വിവാഹം ചെയ്ത കാമുകിയുടെ ചെയ്തിയില്‍ മനം നൊന്ത് ആത്മഹത്യ ചെയ്യുന്ന കാമുകനെയാണ് അതിനും മുമ്പ് ചങ്ങമ്പുഴ അവതരിപ്പിച്ചിട്ടുള്ളത്. എന്നാല്‍ ഈ സങ്കല്‍പ്പനങ്ങളില്‍ നിന്നൊക്കെ മാറി വേര്‍പിരിയുന്ന കാമുകിയെ കൊല ചെയ്യുന്ന ഒരു മാനസികാവസ്ഥയിലേക്ക് ഇന്ന് കാമുകന്മാര്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് ?

അത് മനസ്സിലാക്കണമെങ്കില്‍ ശ്രീകുമാരന്‍ തമ്പി ഈ വരികള്‍ എഴുതിയ കാലത്തിനുശേഷം കേരളത്തിലും ഇന്ത്യയിലും സംഭവിച്ച പ്രധാനപ്പെട്ട മാറ്റങ്ങള്‍ എന്ത് എന്ന് പരിശോധിക്കേണ്ടതുണ്ട്. അതില്‍ ഒന്നാമത്തേത് കഴുത്തറുപ്പന്‍ മത്സരത്തിന്‍റേതായ നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ നടപ്പിലാക്കാന്‍ ആരംഭിച്ചു എന്നതാണ്. ഈ നയങ്ങള്‍ സാമ്പത്തികരംഗത്ത് മാത്രമല്ല  രാഷ്ട്രീയവും സാംസ്കാരികവും സാമൂഹികവുമായ രംഗങ്ങളിലാകെ മാറ്റങ്ങള്‍ക്ക് ഇടയാക്കുന്നതാണ്. ഇത് യുവത്വത്തെയാകെ തീവ്രതരമായ പരസ്പര മത്സരത്തിന്‍റെ ലോകത്തേക്ക് എത്തിച്ചിരിക്കുന്നു. സഹോദരങ്ങള്‍ തമ്മിലും സുഹൃത്തുക്കള്‍ തമ്മിലും കാമുകീകാമുകന്മാര്‍ തമ്മിലും ഉള്ള ബന്ധത്തില്‍ ഈ മത്സരം വിള്ളലുകള്‍ ഉണ്ടാക്കുന്നുണ്ട്.  മുന്‍പത്തേതിലുപരി തന്‍കാര്യം നോക്കികളും സ്വാര്‍ത്ഥരുമായി പുതിയ തലമുറയെ ഈ സാമ്പത്തിക നയം മാറ്റി എടുക്കുന്നുണ്ട്.

രണ്ടാമത്തെ കാര്യം ഈ സാമ്പത്തിക നയത്തിന്‍റെ തന്നെ ഉപോല്‍പ്പന്നങ്ങളില്‍ ഒന്നായ അരാഷ്ട്രീയവാദമാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കുന്നതിനു വേണ്ടി കോടതിയെ സമീപിച്ച മാനേജ്മെന്‍റ് നടത്തിവരുന്ന കോളേജിനു മുന്‍പില്‍ വച്ചുതന്നെയാണ് ഏറ്റവും ഒടുവില്‍ ഒരു കാമുകി കാമുകനാല്‍ കൊലചെയ്യപ്പെടുന്നത്. അരാഷ്ട്രീയത വിദ്യാര്‍ത്ഥികളെ ജാതി-മത സ്വാധീനത്തിന് കീഴ്പ്പെടുത്തുകയും തന്‍കാര്യം നോക്കികളും സ്വാര്‍ത്ഥമതികളുമായി മാറ്റുകയും ചെയ്യുന്നു. ജാതി-മത സിദ്ധാന്തങ്ങളുടെ സ്വാധീനം വിദ്യാര്‍ത്ഥികളിലെ പുരുഷാധിപത്യ സ്വഭാവത്തെ ശതഗുണീഭവിപ്പിക്കുകയും ചെയ്യുന്നുണ്ട്. അഖിലേന്ത്യ തലത്തില്‍ ഹിന്ദുത്വവാദികള്‍ പ്രചരിപ്പിക്കുന്ന സിദ്ധാന്തത്തിലെ പുരുഷാധിപത്യ പ്രവണത ഇതിന് വളം വെച്ച് കൊടുക്കുന്നു.

മൂന്നാമത്തെ കാര്യം കോവിഡ് മഹാമാരി നമ്മുടെ സാമൂഹ്യജീവിതത്തില്‍ ഉണ്ടാക്കിയ മാറ്റമാണ്. സാമൂഹ്യമായ എല്ലാവിധ ഒത്തുചേരലുകളെയും ഇല്ലാതാക്കിയ, എല്ലാവരെയും ഉള്‍വലിയാന്‍ പ്രേരിപ്പിച്ച ഒരു മഹാമാരിക്കാലത്തിലൂടെയാണ് നാം ഇന്ന് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇത് വ്യക്തികളില്‍ മാനസികമായി ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ എന്ത് എന്നത്  വിശദമായ പഠനത്തിന് വിധേയമാക്കേണ്ടതുണ്ട്. അത് മന:ശാസ്ത്ര പണ്ഡിതന്മാര്‍ നിര്‍വഹിക്കേണ്ടതാണ്. എന്തായാലും അത്  സാമൂഹ്യബോധം വര്‍ധിക്കുന്നതില്‍ വിഘാതം സൃഷ്ടിക്കുകയും വ്യക്തികളുടെ മനസ്സില്‍ നിഷേധാത്മകമായ നിരവധി പ്രത്യാഘാതങ്ങള്‍ ഉളവാക്കുകയും ചെയ്തിരിക്കും എന്നതില്‍ സംശയമില്ല. പ്രേമനൈരാശ്യക്കൊലകള്‍ക്ക് അതും ഒരു കാരണമാകാം. പ്രത്യേകിച്ചും ഇത്തരം കൊലപാതകങ്ങള്‍ കൂടുതല്‍ പ്രകടമായത് ഈ കൊറോണക്കാലത്താണ് എന്ന കാര്യം സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു.

നാലാമത്തെ കാര്യം മാധ്യമങ്ങളും നവമാധ്യമങ്ങളും മനുഷ്യജീവിതത്തില്‍ ഉണ്ടാക്കുന്ന സ്വാധീനമാണ്. ആഗോള മാധ്യമ വ്യവസ്ഥ രൂപം കൊള്ളുകയും അവ സംഘടിതമായി സാമ്രാജ്യത്വാനുകൂല പുരുഷാധിപത്യ ആശയങ്ങള്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. ആസൂത്രിത കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങള്‍ പോലും ദൃശ്യമാധ്യമങ്ങളില്‍ നിന്ന് പഠിച്ചെടുക്കാവുന്ന അവസ്ഥയാണിന്ന് നിലവിലുള്ളത്. പുതു തലമുറയ്ക്ക് ഇതൊക്കെ കണ്ടറിയാനും അനുകരിക്കാനുമുള്ള പ്രവണതയുണ്ടാവുക സ്വാഭാവികമാണ്. ഉയര്‍ന്ന സാമൂഹ്യ ബോധത്തിലൂടെ അവരുടെ മാനസിക വ്യാപാരങ്ങളെ സംസ്കരിച്ചെടുക്കാന്‍ യുവജന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ കൂടുതല്‍ ശ്രമകരമായ പ്രവര്‍ത്തനത്തിലേക്ക് ആഴ്ന്നിറങ്ങേണ്ടതുണ്ട്. അരാഷ്ട്രീയതയും ജാതി മത സ്വത്വബോധവും മറികടക്കാനും ഉയര്‍ന്ന മാനവിക ബോധത്തിലേക്ക് അവരെ കൈപിടിച്ചുയര്‍ത്താനും കഴിയണം. ഇത് വെറുമൊരു മന:ശാസ്ത്ര പ്രശ്നമല്ല;സാമൂഹ്യ പ്രശ്നവും ഒപ്പം സാമ്പത്തിക വ്യവസ്ഥിതിയുമായി ബന്ധപ്പെട്ട പ്രശ്നവും കൂടിയാണ്. •