ജാതി സെന്‍സസിന്‍റെ ആവശ്യകത

ബി വി രാഘവുലു

സെപ്തംബര്‍ 23ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍, 2021ലെ സെന്‍സസ് പ്രവര്‍ത്തനങ്ങളില്‍ ജാതി സെന്‍സസുകൂടി നടത്താന്‍ കഴിയില്ലെന്ന് പ്രസ്താവിച്ചു. 'ബോധപൂര്‍വമുള്ള നയപരമായ തീരുമാനം' ആണ് ഇതെന്നത് വ്യക്തമാണ്. പൊതു സെന്‍സസിന്‍റെ ഭാഗമെന്നനിലയില്‍ ജാതി സെന്‍സസും നടത്തണമെന്ന, വ്യാപകമായി അംഗീകരിക്കപ്പെട്ട ഈ ആവശ്യത്തെ നിരാകരിക്കുന്നതിനായി ഗവണ്‍മെന്‍റ് മുന്നോട്ടുവെച്ച കാരണങ്ങള്‍ ദുര്‍ബലവും ബാലിശവുമാണ്. വാസ്തവത്തില്‍ തികച്ചും ഏകപക്ഷീയമായ ഈ നിരാകരണത്തിന്‍റെ യഥാര്‍ഥ കാരണം, ജാതി സെന്‍സസിലൂടെ പുറത്തുവരുന്ന ഫലങ്ങള്‍ ഹിന്ദുത്വ വര്‍ഗീയ രാഷ്ട്രീയത്തിന്‍റെ തനിനിറം പുറത്തു കൊണ്ടുവരുമെന്നതാണ്; സംഘപരിവാര്‍ അത് ആഗ്രഹിക്കുന്നില്ല. 
പിന്നോക്ക വിഭാഗങ്ങളുടെ ജാതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതു സംബന്ധിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്ര ഗവണ്‍മെന്‍റ് ഇങ്ങനെ പ്രസ്താവിച്ചു: "ഭരണപരമായി പ്രയാസമേറിയതും ദുര്‍വഹവുമാണ്; ഡാറ്റയുടെ പൂര്‍ണതയും കൃത്യതയും സംബന്ധിച്ച് യാതൊരു ഉറപ്പുമില്ല; ഈ ഡാറ്റ, ഏതെങ്കിലും ഔദ്യോഗിക രേഖയിലെ ജനസംഖ്യാ ഡാറ്റ സംബന്ധിച്ച വിവരങ്ങളുടെ സ്രോതസ്സ് എന്ന നിലയില്‍ ഔദ്യോഗിക കാര്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ കഴിയില്ല". ജാതി ഡാറ്റാ ശേഖരണത്തിനായി നടത്തിയിട്ടുള്ള മുന്‍കാല പരിശ്രമങ്ങളെ നിരീക്ഷിക്കുന്ന ആര്‍ക്കും ഈ വാദങ്ങള്‍ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും കഴിഞ്ഞകാല അനുഭവങ്ങളോടുള്ള വെല്ലുവിളിയാണിതെന്നും മനസ്സിലാകും. ജാതി സെന്‍സസ് നടത്താന്‍ രാഷ്ട്രീയ ഇച്ഛാശക്തിയാണ് വേണ്ടത്. 

സ്വാതന്ത്ര്യലബ്ധിക്കുമുമ്പ്, 1881 മുതല്‍ 1941വരെ എല്ലാ പത്തുവര്‍ഷം കൂടുമ്പോഴുമുള്ള സെന്‍സസ് പ്രവര്‍ത്തനങ്ങളില്‍ ജാതിയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ശേഖരിച്ചിരുന്നു. പിന്നീടുണ്ടായ സെന്‍സസ് പ്രവര്‍ത്തനങ്ങളില്‍ ജാതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചിട്ടില്ലാത്തതിനാല്‍ ഇപ്പോഴും നമ്മള്‍ ആശ്രയിക്കുന്നത് 1931ല്‍ ശേഖരിച്ച വിവരങ്ങളെയാണ് എന്നതാണ് യാഥാര്‍ഥ്യം (രണ്ടാം ലോക യുദ്ധംമൂലം 1941ലെ സെന്‍സസില്‍ ശേഖരിച്ച ജാതി സംബന്ധമായ വിശദാംശങ്ങള്‍ പട്ടികപ്പെടുത്തുകയോ പ്രസിദ്ധീകരിക്കുകയോ ഉണ്ടായില്ല). മേല്‍പ്പറഞ്ഞ സെന്‍സസ് ഡാറ്റയെ അടിസ്ഥാനമാക്കി, മണ്ഡല്‍ കമ്മീഷന്‍ പിന്നാക്കജാതി വിഭാഗങ്ങള്‍ ജനസംഖ്യയുടെ 52 ശതമാനമാണെന്ന് കണക്കാക്കി. മിക്ക ബൂര്‍ഷ്വാ പാര്‍ടികളും അവരുടെ സോഷ്യല്‍ എഞ്ചിനീയറിങ് തന്ത്രങ്ങള്‍ മികച്ചതാക്കാന്‍ ഈ സ്ഥിതിവിവരക്കണക്കുകളെയാണ് ഉപയോഗിക്കുന്നത്. മോഡി സര്‍ക്കാര്‍ അവകാശപ്പെടുന്നതുപോലെ, സ്വാതന്ത്ര്യലബ്ധിക്കുശേഷവും ജാതിയുമായി ബന്ധപ്പെട്ട വിവരശേഖരണം ഉപേക്ഷിച്ചിട്ടില്ല. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ആദ്യമായി 1968ല്‍ ഇഎംഎസിന്‍റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് ഗവണ്‍മെന്‍റ് ജാതി സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ സമഗ്രമായും ശാസ്ത്രീയമായ രീതിയിലും ശേഖരിക്കുകയുണ്ടായി. ഇങ്ങനെ ശേഖരിച്ച വിവരങ്ങള്‍ പാവപ്പെട്ടവര്‍ക്കുള്ള സാമൂഹ്യ-സാമ്പത്തിക, ക്ഷേമ പരിപാടികള്‍ക്ക് രൂപം നല്‍കുന്നതിനും സംവരണത്തിന്‍റെ മാതൃക നിശ്ചയിക്കുന്നതിനും ഉപയോഗിച്ചു. 

അതിനുശേഷം പല സര്‍ക്കാര്‍ ഏജന്‍സികളും അവരുടെ സര്‍വെകള്‍വഴി ജാതി സംബന്ധിച്ച വിവരങ്ങള്‍ സ്ഥിരമായി ശേഖരിക്കാറുണ്ട്. ദേശീയ സാമ്പിള്‍ സര്‍വെ, ദേശീയ കുടുംബാരോഗ്യ സര്‍വെ, സിറ്റുവേഷന്‍ അസസ്മെന്‍റ് ഓഫ് അഗ്രികള്‍ച്ചറല്‍ ഹൗസ്ഹോള്‍ഡ്സ് (കാര്‍ഷിക കുടുംബങ്ങളുടെ നില സംബന്ധിച്ച വിലയിരുത്തല്‍) എന്നിവ ചില ഉദാഹരണങ്ങള്‍. ഇത്തരം സര്‍വെകളിലൂടെ ശേഖരിച്ച വിവരങ്ങളാണ് പല ഗവണ്‍മെന്‍റ് ഇടപെടലുകള്‍ക്കും രൂപംകൊടുക്കുന്നതിന് ഉപയോഗിക്കുന്നത്. 

പൊതു സെന്‍സസിന്‍റെ ഭാഗമായിട്ടല്ലെങ്കിലും 2011ല്‍ വിപുലമായ സാമൂഹിക-സാമ്പത്തിക-ജാതി സെന്‍സസ് (എസ്ഇസിസി) രാജ്യ വ്യാപകമായി നടത്തപ്പെട്ടു. അങ്ങനെ ലഭിച്ച ഡാറ്റ ക്രോഡീകരിക്കുകയും പട്ടികപ്പെടുത്തുകയും ചെയ്തു. തിരിച്ചറിയാന്‍ കഴിഞ്ഞ പല പിശകുകളും അതത് സംസ്ഥാനങ്ങളുടെ സഹായത്തോടെ തിരുത്തി. 1,43,00,000 തെറ്റുകള്‍ മാത്രമെ ഇപ്പോഴും തിരുത്തപ്പെടാതെയുള്ളൂ. ഇത് വെറും 1.2 ശതമാനം മാത്രമാണ്. എന്നാല്‍ മാറി മാറി വന്ന ഗവണ്‍മെന്‍റുകള്‍ - ആദ്യം കോണ്‍ഗ്രസ് പിന്നെ ബിജെപി-ഈ ഡാറ്റ പുറത്തുവിട്ടിട്ടില്ല. 2014 വരെ അധികാരത്തിലിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ഏകീകൃത സ്ഥിതിവിവരക്കണക്ക് പുറത്തുവിട്ടു. 2014ല്‍ അധികാരത്തിലേറിയ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഡാറ്റ പുറത്തുവിടാതെ, 5,000 കോടി രൂപ ചെലവിട്ട് പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ച എസ്ഇസിസി ഡാറ്റ ചവറ്റുകുട്ടയിലെറിഞ്ഞു. നല്ലരീതിയില്‍ ആരംഭിച്ച ഈ ഡാറ്റ ശേഖരണം ഒടുവില്‍ പണത്തിന്‍റെ വലിയതോതിലുള്ള പാഴാക്കലില്‍ കലാശിച്ചു.
 
2016ല്‍ ഇന്ത്യയിലെ രജിസ്ട്രാര്‍ ജനറലും സെന്‍സസ് കമ്മീഷണറും എസ്ഇസിസി ഡാറ്റയുടെ 98 ശതമാനവും പിശകില്ലാത്തതാണെന്ന് ഗ്രാമവികസന പാര്‍ലമെന്‍ററി സ്റ്റാന്‍ഡിങ് കമ്മിറ്റി മുമ്പാകെ പ്രസ്താവിക്കുകയുണ്ടായി. എന്നാല്‍ ഇപ്പോഴത്തെ ഡാറ്റ പുറത്തുവിടാത്തതിനെയും ജാതി സെന്‍സസ് നടത്താതിരിക്കുന്നതിനെയും ന്യായീകരിക്കുന്നതിനായി ഈ ഡാറ്റ നിലവാരം കുറഞ്ഞതാണെന്ന് മോഡി ഗവണ്‍മെന്‍റ് മുദ്രകുത്തി. ഈ രണ്ടു ശതമാനത്തിന്‍റെ പിശകുപോലും ഏതു ജനസംഖ്യാ സെന്‍സസ് നടക്കുമ്പോഴും ഉണ്ടാകാവുന്നതിനെക്കാള്‍ ഒട്ടും കൂടുതലല്ല. ഇതുവരെ നേടിയ അനുഭവസമ്പത്തിനെ ഉപയോഗപ്പെടുത്തിയും സെന്‍സസ് ഉദ്യോഗസ്ഥര്‍ക്ക് ശരിയായ പരിശീലനം നല്‍കിയും ആധുനിക വിവര സാങ്കേതിക വിദ്യകളും ബിഗ് ഡാറ്റാ വിശകലനവും ഉപയോഗിച്ചും ഇത് നടത്തുകയാണെങ്കില്‍ ഭാവിയില്‍ ചെറിയ പിഴവുകള്‍പോലും ഒഴിവാക്കാനാകും. എന്നാല്‍ മോഡി സര്‍ക്കാര്‍ ന്യായീകരണമില്ലാത്ത ഒഴികഴിവുകള്‍ മുന്നോട്ടുവെച്ച് ജാതി സെന്‍സസ് എന്ന ആവശ്യത്തെ നിരാകരിക്കുകയാണ്. 

ജാതി സെന്‍സസിനെതിരെ മറ്റുചില എതിര്‍പ്പുകളും ഉയരുന്നുണ്ട്. ഒരേ ജാതിയെത്തന്നെ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ വ്യത്യസ്ത പട്ടികകളിലായി തരംതിരിച്ചിട്ടുള്ളതിനാല്‍ ഒബിസി വിഭാഗങ്ങളുടെ ഡാറ്റ ശേഖരണം വളരെ ബുദ്ധിമുട്ടുള്ളതാണെന്ന വാദം ഇത്തരത്തിലുള്ള ഒന്നാണ്. സംസ്ഥാന, കേന്ദ്ര പട്ടികകള്‍ തമ്മില്‍ വ്യത്യാസമുണ്ട്; മിശ്രവിവാഹത്തില്‍ ജനിച്ച കുട്ടികളെ തരംതിരിക്കുന്നതില്‍ പ്രശ്നമുണ്ട്; ജാതി നിരാകരിക്കുന്നവരെ എങ്ങനെ തരംതിരിക്കുമെന്നതില്‍ വ്യക്തതയില്ല. ഇത്തരം ബുദ്ധിമുട്ടുകള്‍ പൂര്‍ണമായും പരിഹരിക്കാനാവില്ല. പൊതു സെന്‍സസില്‍ മതത്തെ സംബന്ധിച്ച ഡാറ്റ ശേഖരണം നടത്തുന്നത് വ്യത്യസ്ത മതക്കാരുടെ വിവാഹങ്ങളില്‍നിന്നുള്ള കുട്ടികളുടെ തരംതിരിക്കല്‍, ഏതെങ്കിലും മതം പിന്തുടരാന്‍ തയാറല്ലാത്തവര്‍ തുടങ്ങിയ സമാനതകളുള്ള വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ്. മതവുമായി ബന്ധപ്പെട്ടുള്ള ഇത്തരം വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ ഒരു പ്രശ്നവും ഇല്ലാതിരിക്കുമ്പോള്‍ ജാതി സെന്‍സസിലും ഇത്തരം പ്രശ്നം ഉണ്ടാകില്ല. മതത്തെ സംബന്ധിച്ച ഡാറ്റാ ശേഖരണത്തെ അനുകൂലിക്കുന്ന ബിജെപി ജാതി സെന്‍സസിനെ എതിര്‍ക്കുന്നത് അതിന്‍റെ രാഷ്ട്രീയമായ ഇരട്ടത്താപ്പിനെയാണ് വ്യക്തമായും തുറന്നു കാട്ടുന്നത്. 

ബിജെപി അതിന്‍റെ മാതൃസംഘടനയായ ആര്‍എസ്എസിനെ ധിക്കരിച്ചുകൊണ്ട് ജാതി സെന്‍സസിനായി നിലകൊള്ളുമെന്ന് നമുക്ക് പ്രതീക്ഷിക്കാനാവില്ല. വിവിധ സന്ദര്‍ഭങ്ങളില്‍ പല ആര്‍എസ്എസ് പ്രചാരക്മാരും പ്രസ്താവിച്ചിട്ടുള്ളതുപോലെ, എല്ലായ്പ്പോഴും ആര്‍എസ്എസ് ജാതി സെന്‍സസിനെ എതിര്‍ത്തിരുന്നു. മനുധര്‍മത്തെ തങ്ങളുടെ പ്രത്യയശാസ്ത്രമായി സ്വീകരിച്ചവര്‍ സാമൂഹ്യനീതിക്കുവേണ്ടി നിലകൊള്ളുമെന്ന് പ്രതീക്ഷിക്കാനാവില്ല. ജാതിവ്യവസ്ഥ ദുര്‍ബലമാകുന്നത് അവര്‍ക്ക് സഹിക്കാനാകില്ല. ഹിന്ദുത്വത്തിന്‍റെ അടിസ്ഥാനത്തില്‍ ഹിന്ദുക്കളെ വര്‍ഗീയവല്‍ക്കരിക്കണമെങ്കില്‍ നിലവിലെ സാമൂഹിക-സാമ്പത്തിക, രാഷ്ട്രീയ അസമത്വങ്ങളെ മറച്ചുവെയ്ക്കേണ്ടതും അവ വെളിച്ചത്തുവരാന്‍ അനുവദിക്കാന്‍ പാടില്ലാത്തതുമാണ്. എന്നാല്‍ ജാതിസെന്‍സസ് നടക്കുകയാണെങ്കില്‍ വര്‍ഗീയ രാഷ്ട്രീയത്തില്‍ അധിഷ്ഠിതമായ, ഐക്യത്തെ ദുര്‍ബലപ്പെടുത്തുന്ന, ഹിന്ദുമതത്തിന്‍റെ കാതലായ ജാതിവ്യവസ്ഥയുടെ ഏറ്റവും മ്ലേച്ഛമായ സ്വഭാവത്തെ അതു തുറന്നുകാട്ടും. ഹിന്ദുക്കളിലെ ഒബിസികളുള്‍പ്പടെയുള്ള അടിച്ചമര്‍ത്തപ്പെട്ട ജാതി വിഭാഗങ്ങള്‍, വിഭവങ്ങളുടെ അസമമായ വിതരണം സംബന്ധിച്ച് ചോദ്യമുയര്‍ത്താന്‍ തുടങ്ങിയാല്‍ അത് വര്‍ഗീയ ഹിന്ദുത്വ പദ്ധതിക്ക് ദോഷംവരുത്തും. അതിനാലാണ് ജാതി സെന്‍സസ് എന്ന ആശയത്തെ ആര്‍എസ്എസും ബിജെപിയും ഇഷ്ടപ്പെടാത്തത്. 

വ്യാപകമായ മറ്റൊരു ധാരണ, ജാതി ഡാറ്റ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുന്നത് ജാതീയമായ വൈകാരികതക്ക് ആക്കം കൂട്ടുമെന്നതാണ്. ഇത് കുതിരയ്ക്കുമുന്നില്‍ വണ്ടിയെ കെട്ടുന്നതുപോലെയാണ്. ജാതിമാത്രവാദം, സ്വത്വവികാരം എന്നിവയെല്ലാം ജാതിശ്രേണിയില്‍ അന്തര്‍ലീനമായിട്ടുള്ള സവിശേഷ സ്വഭാവമാണ്. ജാതിവ്യവസ്ഥ തുടച്ചുനീക്കപ്പെടാത്തിടത്തോളം ഇത്തരം ആശയങ്ങളുടെ അടിത്തറ നിലനില്‍ക്കും. ജാതി സെന്‍സസ് നടത്തിയില്ലായെങ്കില്‍പോലും മറ്റു പല ഘടകങ്ങള്‍മൂലം ജാതീയമായ സ്വത്വബോധം നമ്മുടെ സമൂഹത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനെ, ബൂര്‍ഷ്വാ രാഷ്ട്രീയപാര്‍ടികള്‍, അവരുടെ സ്ഥാപിതമായ തിരഞ്ഞെടുപ്പ് താല്‍പര്യങ്ങള്‍ നിറവേറ്റുന്നതിനായി ഉത്തേജിപ്പിക്കുന്നു. ദുര്‍ബല വിഭാഗങ്ങള്‍ക്കിടയില്‍ സാമൂഹ്യമായ അസമത്വങ്ങള്‍ വര്‍ധിക്കുന്നതിനെതിരായ അവബോധം വര്‍ധിച്ചുവരുന്നതിനാല്‍ ജാതി സ്വത്വബോധവും വര്‍ധിക്കും. ദുര്‍ബല വിഭാഗങ്ങള്‍ക്കിടയില്‍ ഇടുങ്ങിയതാണെങ്കിലും ഈ ജാതി സ്വത്വബോധത്തില്‍ ജനാധിപത്യത്തിന്‍റേതായ ഒരു വശം ഉണ്ടെന്നത് നാം അംഗീകരിക്കണം. ജാതി സെന്‍സസിലൂടെ ജാതിബോധത്തെ പിടിച്ചുകെട്ടാന്‍ നമുക്ക് കഴിയുമെന്ന് കരുതുന്നത് തെറ്റാണ്. ജാതിവ്യവസ്ഥയ്ക്കെതിരായ നമ്മുടെ പോരാട്ടത്തിലൂടെ മാത്രമെ നമുക്ക് ജാതിബോധത്തെ നിരാകരിക്കാനാകൂ. 

ജാതി സെന്‍സസിനെ എതിര്‍ക്കുന്ന ചിലര്‍ വാദിക്കുന്നത്, ഇത് പുതിയ സംവരണങ്ങള്‍ക്കും നിലവിലെ സംവരണങ്ങളുടെ പുനര്‍ക്രമീകരണത്തിനുമുള്ള ആവശ്യം ഉയര്‍ന്നുവരുന്നതിനിടയാക്കുമെന്നാണ്. ഈ വാദത്തില്‍ ചില സത്യങ്ങളുണ്ട്. എന്തായാലും ജാതി സെന്‍സസ് ഇല്ലാതിരുന്നപ്പോഴും ഇത്തരം ആവശ്യങ്ങളുന്നയിക്കപ്പെട്ടിരുന്നു എന്നത് നാം ശ്രദ്ധിക്കണം. പുതിയ ജാതികള്‍ക്ക് സംവരണം നല്‍കണമെന്ന് കമ്മീഷനുകള്‍ ശുപാര്‍ശചെയ്യുന്നു. രാഷ്ട്രീയപാര്‍ടികളും ഇത്തരം സംവരണങ്ങള്‍ വാഗ്ദാനം നല്‍കുന്നു. സര്‍ക്കാരുകളും ഇത്തരം സംവരണം അനുവദിച്ചുകൊണ്ടുള്ള തീരുമാനങ്ങളെടുക്കുന്നു. ജാതി സെന്‍സസ് ഇല്ലാതെയും ഇതെല്ലാം നടക്കുന്നുണ്ട്. 

യഥാര്‍ഥത്തില്‍ ജാതി സെന്‍സസ് ചില ഗ്രൂപ്പുകളുടെ ഇത്തരം ആവശ്യങ്ങളുടെ വാസ്തവികത നിശ്ചയിക്കാനും മറ്റുചിലരുടെ ആവശ്യങ്ങള്‍ നിരാകരിക്കാനും സഹായിക്കും. പരിശോധനാ വിധേയമാക്കാന്‍ കഴിയുംവിധത്തിലുള്ള ഡാറ്റയുടെ അടിസ്ഥാനത്തിലല്ല ഗവണ്‍മെന്‍റ് തീരുമാനങ്ങള്‍ എടുക്കുന്നത് എന്നുപറഞ്ഞ് കോടതികള്‍ പല സന്ദര്‍ഭങ്ങളിലും അവയെ തള്ളിക്കളഞ്ഞിട്ടുണ്ട്. ജാതി സെന്‍സസ് നടത്തുകയാണെങ്കില്‍, പല സാങ്കേതിക കാരണങ്ങളാലും കോടതികള്‍ക്ക് കേസുകള്‍ തീര്‍പ്പാക്കാന്‍ കഴിയില്ല. കൂടാതെ ജാതിയും സാമൂഹിക-സാമ്പത്തിക, വിദ്യാഭ്യാസ പുരോഗതിയും തമ്മിലുള്ള ബന്ധം മനസ്സിലാക്കാനും ഭരണവര്‍ഗങ്ങളുടെ നയങ്ങള്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങളും നാളിതുവരെ പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായി നടപ്പാക്കിയ സംവരണങ്ങളും സംബന്ധിച്ച് വിലയിരുത്തല്‍ നടത്താനും ജാതി സെന്‍സസ് ഉപകരിക്കും.  പട്ടികജാതി, പട്ടികവര്‍ഗം, ചില ഒബിസി ഗ്രൂപ്പുകള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് വിഭവങ്ങളും അവസരങ്ങളും ഇപ്പോഴും നിഷേധിക്കപ്പെടുകയാണെന്ന യാഥാര്‍ഥ്യം ജാതി സെന്‍സസിലൂടെ വെളിവാകും. ഭരിക്കുന്ന വര്‍ഗങ്ങളുടെ പാപ്പരായ നയങ്ങളും സാമൂഹ്യനീതി നടപ്പാക്കുന്നതിലെ അവരുടെ പരാജയവും തുറന്നുകാട്ടപ്പെടും. 

എന്നിരുന്നാലും രാഷ്ട്രീയപാര്‍ടികളും വ്യക്തികളും ജാതി സെന്‍സസിനെ, സാമൂഹ്യനീതി നടപ്പാക്കുന്നതിനും ദുര്‍ബല വിഭാഗങ്ങള്‍ നേരിടുന്ന നിരവധി പ്രശ്നങ്ങള്‍ക്കുമുള്ള ഒരു മാന്ത്രിക മരുന്നായി അവതരിപ്പിക്കുന്നതിനെ നാം ജാഗ്രതയോടെ കാണണം. സ്വാതന്ത്ര്യംനേടി ഏഴു പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും സാമൂഹ്യനീതി ലഭിക്കുന്നതില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ-അവരുടെ ജാതി/വംശീയമായ വിവരങ്ങള്‍ ലഭ്യമാണ്-അനുഭവം പരിതാപകരമാണ്. സാമൂഹ്യനീതിക്ക് കോട്ടംതട്ടുന്ന ഗവണ്‍മെന്‍റ് നയങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കേണ്ടതുണ്ട്. 

നവലിബറല്‍ നയങ്ങള്‍ നടപ്പാക്കിയതിനുശേഷം, പ്രത്യേകിച്ച് ബിജെപിയുടെ നേതൃത്വത്തിലുള്ള  മോഡി ഗവണ്‍മെന്‍റ് അധികാരത്തിലേറിയശേഷം സ്വകാര്യവല്‍ക്കരണം, മോണിറ്റൈസേഷന്‍, സബ്സിഡികളും ക്ഷേമ പദ്ധതികളും വെട്ടിക്കുറയ്ക്കല്‍, ഭൂപരിഷ്കരണ നിയമങ്ങളില്‍ വെള്ളംചേര്‍ക്കല്‍, പാവപ്പെട്ടവരെയും ഇടത്തരം കര്‍ഷകരെയും പാപ്പരീകരിക്കുന്നതിലേക്ക് തള്ളിവിടുന്ന പുതിയ കാര്‍ഷിക നിയമങ്ങളുടെ നടപ്പാക്കല്‍ തുടങ്ങിയവയും ഇത്തരത്തിലുള്ള മറ്റു നയങ്ങളും സംവരണത്തെ ഉപയോഗിക്കുന്നതിനെ ഗണ്യമായി കുറയ്ക്കുകയും ക്ഷേമ പദ്ധതികളുടെ പ്രാധാന്യത്തെ കുറച്ചുകാണുകയും ചെയ്തു. ഇത്തരം നയങ്ങള്‍ക്കെതിരെ പോരാടാതെ, ജാതി സെന്‍സസ് നടത്തിയാലും ഒബിസി വിഭാഗങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റമുണ്ടാകുമെന്ന മിഥ്യാധാരണയ്ക്ക് നാം അടിപ്പെടരുത്. 

അതേസമയം ജാതി സെന്‍സസുകൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് നാം കരുതുകയുമരുത്. വിവിധ ജാതികളുടെ നില സംബന്ധിച്ച ആധികാരികവും ശാസ്ത്രീയവുമായ വിവരങ്ങളുടെ ലഭ്യത, യഥാര്‍ഥ സാഹചര്യം മനസ്സിലാക്കുന്നതിനും സാമൂഹ്യനീതി യാഥാര്‍ഥ്യമാക്കുന്നതിനായുള്ള ബദല്‍ നയങ്ങള്‍ നിര്‍ദേശിക്കുന്നതിനും നമ്മളെ സഹായിക്കും. ജാതി സെന്‍സസില്‍നിന്നും നമുക്ക് ലഭിക്കുന്ന വിവരങ്ങള്‍, ജാതി സ്വത്വബോധത്തിന്‍റെ പരിമിതിയും വര്‍ഗബോധം വളര്‍ത്തേണ്ടതിന്‍റെ ആവശ്യകതയും തിരിച്ചറിയാന്‍ ദുര്‍ബലവിഭാഗങ്ങളെ സഹായിക്കും. ഇക്കാരണത്താലാണ് ജാതി സെന്‍സസ് വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നത്, അതിലൂടെ ഒരല്‍ഭുതവും ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെങ്കില്‍പോലും. ജാതി സെന്‍സസിലൂടെ ലഭിക്കുന്ന യഥാര്‍ഥ ഡാറ്റ സാമൂഹ്യനീതിക്കായുള്ള  പോരാട്ടത്തില്‍ ഒരു ആയുധമെന്ന നിലയില്‍ ഉപയോഗിക്കാനാകും. 

രാജ്യത്തെ സ്വത്തുക്കളും സമ്പത്തും ഇന്നും സവര്‍ണ ജാതികളുടെയും അവരുടെ അധീശാധിപത്യത്തിന്‍റെയും കരങ്ങളിലാണ് കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്. പട്ടികജാതിക്കാര്‍, പട്ടികവര്‍ഗങ്ങള്‍, ഒബിസികള്‍ തുടങ്ങിയ വിഭാഗങ്ങളിലെ ബഹുഭൂരിപക്ഷവും ഇന്നും ദരിദ്രരും തൊഴിലാളികളെന്ന നിലയില്‍ ജീവിക്കുന്നവരുമാണ്. ജാതീയമായ അടിച്ചമര്‍ത്തല്‍ ഇപ്പോഴും സര്‍വസാധാരണമാണ്. ഭൂമിയുടെ കേന്ദ്രീകരിക്കലിനെ തകര്‍ക്കാതെയും എല്ലാവര്‍ക്കും തൊഴില്‍ ഉറപ്പാക്കാതെയും നമുക്ക് സാമൂഹ്യനീതി കൈവരിക്കാനാകില്ല•