ന്യൂനപക്ഷവേട്ട ലക്ഷ്യമിട്ട് കുടിയൊഴിപ്പിക്കല്‍

പി വി അഖിലേഷ്

സാമിലെ ധോല്‍പൂര്‍ ജില്ലയിലെ ഗോരുഖ്തിയില്‍ മുസ്ലീം ഗ്രാമീണര്‍ക്കുനേരെ സെപ്തംബര്‍ 20ന് പൊലീസ് നടത്തിയ വെടിവെയ്പിന്‍റെ വീഡിയോ പരിഷ്കൃത സമൂഹത്തെ ഞെട്ടിക്കുന്നതും അമ്പരപ്പിക്കുന്നതുമാണ്. വെടിവെപ്പില്‍ പിടഞ്ഞുവീണ മനുഷ്യന്‍റെ ദേഹത്ത് പൊലീസ് വീണ്ടും വീണ്ടും വെടിവെച്ചു. പൊലീസിനൊപ്പമുണ്ടായിരുന്ന സര്‍ക്കാര്‍ ഫോട്ടോഗ്രാഫര്‍ മൃതദേഹത്തില്‍ വീണ്ടും വീണ്ടും ചവിട്ടി.

അനധികൃത കുടിയേറ്റക്കാര്‍ എന്നുപറഞ്ഞാണ് ഇവരെ ബിജെപി സര്‍ക്കാര്‍ കുടിയൊഴിപ്പിക്കുന്നത്. ബ്രഹ്മപുത്ര നദീതീരത്തെ മുസ്ലീങ്ങളായ 5500ല്‍ ഏറെ കുടുംബങ്ങളെയാണ് ആസാം സര്‍ക്കാര്‍ ഒഴിപ്പിക്കുന്നത്. ഇവിടം സന്ദര്‍ശിച്ച സിപിഐ എം പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ടും സംഘവും അതീവ ദയനീയമായ കാഴ്ചകളാണ് കണ്ടത്. ഒരാഴ്ചയായി ഇവര്‍ മുഴുപ്പട്ടിണിയിലാണ്. നദിക്കരയിലെ താല്‍ക്കാലിക ഷെഡ്ഡുകളില്‍ പ്രാഥമിക സൗകര്യങ്ങളില്ല. നദിയിലെ മലിനജലം കുടിച്ചാണ് അവര്‍ ജീവന്‍ നിലനിര്‍ത്തുന്നത്. 

വിഭജനകാലം മുതല്‍ അവിടെ താമസമാക്കിയവരാണ് ഇപ്പോള്‍ കുടിയിറക്കപ്പെടുന്നത്. 1950-51ലെ ദേശീയ പൗരത്വ രജിസ്റ്റര്‍ രേഖയുള്ളവരും ഈ കൂട്ടത്തിലുണ്ടെന്ന്. വൃന്ദ കാരാട്ട് ചൂണ്ടിക്കാട്ടി. 2015-19ലെ പൗരത്വ സര്‍വെയിലും പുതിയ തലമുറ ഉള്‍പ്പെട്ടിട്ടുണ്ട്. ആധാര്‍കാര്‍ഡ് വാങ്ങി തിരിച്ചുവരുന്ന വഴിക്കാണ് ഷാഖ്ഫരീദ് എന്ന പന്ത്രണ്ടു വയസ്സുകാരന്‍ വെടിയേറ്റു മരിച്ചത്. 

തലമുറകളായി ഇന്ത്യയില്‍ അധിവസിക്കുന്ന ഇന്ത്യന്‍ പൗരരാണിവര്‍. എന്നാല്‍ ബിജെപി ഗവണ്‍മെന്‍റും ആര്‍എസ്എസും അവരുടെ പരിവാര്‍ സംഘടനകളും അവര്‍ ബംഗ്ലാദേശികളാണെന്നാണ് ആരോപിക്കുന്നത്. ബംഗാളി സംസാരിക്കുന്നവരെയെല്ലാം ബംഗ്ലാദേശികള്‍ എന്ന് ചിത്രീകരിച്ചാണ് ബിജെപിയും അവരുടെ സര്‍ക്കാരും വേട്ടയാടുന്നത്. കുടിയൊഴിപ്പിക്കല്‍ തുടരുമെന്നാണ് മുഖ്യമന്ത്രി ഹിമന്ദ ബിശ്വ സര്‍മ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് നേതാവായിരുന്ന സര്‍മ 2015ലാണ് ബിജെപിയിലെത്തിയത്. തീവ്ര ഹിന്ദുത്വത്തിന്‍റെ വക്താവായി വളരെ വേഗം മാറിയ സര്‍മ മുഖ്യമന്ത്രി സ്ഥാനത്ത് അവരോധിക്കപ്പെട്ടതോടെ ന്യൂനപക്ഷവേട്ട ശക്തിപ്പെടുത്തി. ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്ലീങ്ങളെല്ലാം ബംഗ്ലാദേശികളാണെന്ന് ചിത്രീകരിച്ചാണ് സര്‍ക്കാരിന്‍റെ കാര്‍മികത്വത്തില്‍ അവരെ വേട്ടയാടുന്നത്. ജീവിതക്ലേശംകൊണ്ട് നട്ടംതിരിയുന്ന ജനവിഭാഗത്തെ വംശീയമായി വേട്ടയാടുന്ന സംഘപരിവാര്‍ നടപടി അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണ്. അതിനെതിരെ ശബ്ദമുയര്‍ത്താന്‍ ആസാമിലെ സാംസ്കാരിക പ്രവര്‍ത്തകരെയും മനുഷ്യസ്നേഹികളെയും സംസ്ഥാന സര്‍ക്കാരും സംഘപരിവാര്‍ ശക്തികളും അനുവദിക്കാത്ത സ്ഥിതിയാണുള്ളത്.

അല്‍പംപോലും മനുഷ്യത്വമില്ലാതെയാണ് പഴയ പൂര്‍വബംഗാള്‍ വംശജരായ മത ന്യൂനപക്ഷത്തോട് ആസാമിലെ ബിജെപി ഗവണ്‍മെന്‍റ് പെരുമാറുന്നത് എന്ന് വ്യക്തം. "തദ്ദേശീയരായവര്‍ക്ക് ഭൂമിനല്‍കാന്‍ വിദേശ കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നു" എന്ന ദുഷ്പ്രചാരണത്തിലൂടെയാണ് സര്‍ക്കാരും സംഘപരിവാര്‍ ശക്തികളും പാവപ്പെട്ട ജനവിഭാഗങ്ങളെ ആക്രമിക്കുന്നത്; അവരുടെ വീടുകളില്‍നിന്നും കൃഷിഭൂമിയില്‍നിന്നും ഇറക്കിവിടുന്നത്. എന്നാല്‍ തദ്ദേശീയരായ ആസാമുകാര്‍ ആര് എന്നതിന് ഒരു ഭരണഘടനാ സ്ഥാപനവും ഇതുവരെ ഒരു നിര്‍വചനവും നല്‍കിയിട്ടില്ല എന്നതാണ് വാസ്തവം.  മാത്രമല്ല ഇന്ത്യന്‍ പൗരരെന്നുള്ള പൗരത്വരേഖ കൈവശമുള്ളവരെയാണ് ആസാമില്‍നിന്ന് പുറത്താക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. 

സെപ്തംബര്‍ 23ന് നടന്ന പൊലീസ് ആക്രമണത്തില്‍ രണ്ട് മുസ്ലീങ്ങള്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബുള്‍ഡോസര്‍ ഉപയോഗിച്ച് കുടിലുകള്‍ പൊളിക്കുകയും സ്വത്തുവകകള്‍ കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്ത പൊലീസ് ഭീകരമായ നരനായാട്ടാണ് നടത്തിയത്. മുസ്ലീം കര്‍ഷകരെ അവരുടെ വീടുകളില്‍നിന്നും കൃഷിഭൂമികളില്‍നിന്നും പുറത്താക്കുകയാണ് ബിജെപി സര്‍ക്കാരിന്‍റെ ലക്ഷ്യം. അതിനായി അവര്‍ എന്തിനും മടിക്കില്ല. 

മുസ്ലീം സമുദായാംഗങ്ങളെ "കയ്യേറ്റക്കാര്‍," "വിദേശികള്‍", "സംശയിക്കപ്പെടുന്നവര്‍" എന്നീ പദാവലികള്‍ നല്‍കിയാണ് ആര്‍എസ്എസും പരിവാര്‍ സംഘടനകളും പ്രചാരണം നടത്തുന്നത്. അവരെ കുടിയിറക്കി തദ്ദേശീയരായവര്‍ക്ക് ഭൂമി നല്‍കും എന്ന വ്യാജേനയാണ്  പൊലീസിന്‍റെ ആക്രമണം അരങ്ങേറുന്നത്. പൊലീസിലെ വര്‍ഗീയവാദികള്‍ സംഘപരിവാര്‍ ക്രിമിനലുകളെയും ആക്രമണത്തിനു കൂടെ കൂട്ടും, അവര്‍ക്ക് ഒത്താശ നല്‍കുന്നു. 

സെപ്തംബര്‍ 23ന് നടന്ന കുടിയിറക്കലിന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ സര്‍മയുടെ പ്രത്യേക നിര്‍ദേശമുണ്ടായിരുന്നു. അന്ന് രണ്ടു പാവപ്പെട്ട മുസ്ലീം സമുദായാംഗങ്ങള്‍ കൊല്ലപ്പെട്ടു.

ആസാമില്‍ വെള്ളപ്പൊക്കവും മണ്ണൊലിപ്പും നിത്യ സംഭവമാണ്. ബ്രഹ്മപുത്ര നദിയുടെ കലിതുള്ളിയുള്ള ഒഴുക്കില്‍ മനുഷ്യരധിവസിക്കുന്ന പല പ്രദേശങ്ങളും വെള്ളത്തിനടിയിലാകും. വെള്ളപ്പൊക്കംമൂലം പലപ്പോഴും ജനങ്ങള്‍ക്ക് വീടുകളും വീട്ടുപകരണങ്ങളും നിത്യവൃത്തിക്കുള്ള സാധന സാമഗ്രികളുമൊക്കെ നഷ്ടപ്പെടും. കാരണം അപ്രതീക്ഷിതമായായിരിക്കും വെള്ളപ്പൊക്കമുണ്ടാകുക. അതുകൊണ്ട് അവര്‍ നദീതീരത്തുതന്നെ മറ്റെവിടെങ്കിലും കുടിലുകെട്ടി താമസിക്കാന്‍ നിര്‍ബന്ധിതരാകുന്നു. അതറിഞ്ഞുകൊണ്ടുതന്നെയാണ് സര്‍ക്കാര്‍ അവരെ "നിയമവിരുദ്ധ കയ്യേറ്റക്കാര്‍" എന്നു വിളിക്കുന്നത്. പാവപ്പെട്ട അവര്‍ക്ക് താമസ സൗകര്യം ഒരുക്കുക എന്ന പ്രാഥമിക കടമയില്‍നിന്ന് പിന്മാറുന്ന സര്‍ക്കാര്‍ അവരെ ശത്രുക്കളായാണ് കാണുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നത്. 

ആസാമില്‍ മുന്‍ സര്‍ക്കാരുകള്‍ ഗ്രാമങ്ങളില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. സ്കൂളുകളും ബാങ്കുകളും ന്യായവില സ്റ്റോറുകളും സ്ഥാപിച്ചിട്ടുണ്ട്. വൈദ്യുതിയും മറ്റു പശ്ചാത്തല സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ ബിജെപി ഗവണ്‍മെന്‍റ് ഒരു വികസന പ്രവര്‍ത്തനവും ചെയ്യുന്നില്ല എന്നുമാത്രമല്ല ഉള്ള സൗകര്യങ്ങള്‍ കൂടി പിന്‍വലിക്കുകയാണ്. അതുമൂലം ഗ്രാമവാസികള്‍ നട്ടംതിരിയുകയാണ്. 

2021 ജൂണ്‍ 7നാണ് ആദ്യ ഒഴിപ്പിക്കല്‍ നടപടി ജില്ലാ ഭരണാധികാരികള്‍ നടത്തിയത്. 49 മുസ്ലീം കുടുംബങ്ങളും ഒരു ഹിന്ദു കുടുംബവും അന്ന് കുടിയിറക്കപ്പെട്ടു. 120 ബിഗ ഭൂമി അന്ന് ജില്ലാ ഭരണകൂടം ഏറ്റെടുത്തതായാണ് റിപ്പോര്‍ട്ട്. 5000 വര്‍ഷങ്ങള്‍ക്കുമുമ്പ് പണികഴിപ്പിക്കപ്പെട്ട ശിവക്ഷേത്രമാണിവിടെയുള്ളത് എന്നാണ് ഒഴിപ്പിക്കലിന് ന്യായമായി മുഖ്യമന്ത്രി സര്‍മ പറഞ്ഞത്. എന്നാല്‍ അവിടെ താമസിച്ചിരുന്നവരും പരിസരവാസികളും പറഞ്ഞത് ഈ ക്ഷേത്രം 1980കളുടെ ആരംഭത്തില്‍ പണികഴിപ്പിക്കപ്പെട്ട ക്ഷേത്രമാണെന്നാണ്.

സെപ്തംബര്‍ 20ന് വ്യാപകമായ ഒഴിപ്പിക്കല്‍ പ്രക്രിയയാണ് നടന്നത്. 900ല്‍ ഏറെ മുസ്ലീം കുടുംബങ്ങളെ അന്ന് ഒഴിപ്പിച്ചതായാണ് ഗ്രാമവാസികള്‍ വെളിപ്പെടുത്തിയത്. ആ കുടുംബങ്ങളില്‍ അധിവസിച്ച ആയിരക്കണക്കിനാളുകളാണ് തങ്ങളുടെ വീടുകളില്‍നിന്നും കൃഷിഭൂമികളില്‍നിന്നും പുറത്താക്കപ്പെട്ടത്. 1200 പൊലീസുകാരും ആസാം റൈഫിള്‍സിലെ സൈനികരും ചേര്‍ന്നാണ് ഒഴിപ്പിക്കല്‍ നടത്തിയത്. വിവിധോദ്ദേശ്യ കാര്‍ഷിക പദ്ധതിയായ ഗോരുഖ്തിക്കുവേണ്ടി സ്ഥലം ഏറ്റെടുക്കാനാണ് ഒഴിപ്പിക്കല്‍ എന്നാണ് സര്‍ക്കാര്‍ ഭാഷ്യം. ഗോരുഖ്തി പദ്ധതിയുടെ ചെയര്‍മാനും ബിജെപി നേതാവുമായ പത്മ ഹസാരികയുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍ നടന്നത്. 

ജൂണ്‍ 7ന് ആദ്യ ഒഴിപ്പിക്കല്‍ നടന്നതിനുശേഷം ജൂണ്‍ രണ്ടാം വാരത്തില്‍ പത്മ ഹസാരിക ചെയര്‍മാനായി ഒരു കമ്മിറ്റി ആസാം സര്‍ക്കാര്‍ രൂപീകരിച്ചു. ബിജെപിയുടെ എംപിയും  പാര്‍ടി ദേശീയ ജനറല്‍ സെക്രട്ടറിയുമായ ദിലീപ് സൈക്കിയ, ബിജെപി എംഎല്‍എ മൃണാള്‍ സൈക്കിയ, പരാമനന്ദ്രാജ് ബോങ്ഷി എന്നിവരാണ് കമ്മിറ്റിയിലെ മറ്റംഗങ്ങള്‍. "77,000 ബിഗ സര്‍ക്കാര്‍ ഭൂമി അനധികൃത കയ്യേറ്റക്കാരില്‍നിന്നും ഒഴിപ്പിച്ച് കാര്‍ഷികാവശ്യങ്ങള്‍ക്കായി വീണ്ടെടുക്കുകയാണ് കമ്മിറ്റിയുടെ കടമ" എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഗോരുഖ്തി പദ്ധതിയുടെ ചെയര്‍മാന്‍ പത്മ ഹസാരികയ്ക്ക് ക്യാബിനറ്റ് റാങ്കും സര്‍ക്കാര്‍ നല്‍കി. 

77,420 ബിഗ ഭൂമിയില്‍നിന്ന് അനധികൃത കയ്യേറ്റക്കാരെ ഒഴിപ്പിച്ച് ഗോരുഖ്തി കാര്‍ഷിക പദ്ധതി നടപ്പാക്കും എന്നാണ് ബിജെപി സര്‍ക്കാര്‍ നിരന്തരം പ്രചരിപ്പിക്കുന്നത്. എന്നാല്‍ അത് പച്ചക്കള്ളമാണെന്നാണ് സിപിഐ എം സാമാജികന്‍ മനോരഞ്ജന്‍ താലൂക്ദാര്‍ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് റവന്യു മന്ത്രി നല്‍കിയ മറുപടിയില്‍നിന്ന് വെളിവാകുന്നത്. ഡിപാജാര്‍ റവന്യു സര്‍ക്കിളിന് കീഴിലുള്ള 37,000 ബിഗ ഭൂമി ബ്രഹ്മപുത്ര നദി കരകവിഞ്ഞൊഴുകിയതിലൂടെ നഷ്ടമായി എന്നും ബാക്കി 26,000 ബിഗയോളം ഭൂമിയില്‍ 16,878 ബിഗ ഭൂമിയേ കൃഷിക്കനുയോജ്യമായതുള്ളൂ എന്നുമാണ് മന്ത്രി വ്യക്തമാക്കിയത്.

2016ല്‍ ആണ് ബിജെപി ആസാമില്‍ ആദ്യമായി അധികാരത്തില്‍ വരുന്നത്. അന്നത്തെ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ "ബംഗ്ലാദേശികള്‍ എന്ന് സംശയിക്കപ്പെടുന്നവരെ" ഒഴിപ്പിക്കും എന്ന് പ്രഖ്യാപിച്ചു. പഴയ പൂര്‍വ ബംഗാള്‍ വംശജരായ മുസ്ലീം ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടായിരുന്നു സര്‍ക്കാരിന്‍റെയും സംഘപരിവാറിന്‍റെയും പ്രചാരണം. അവിഭക്ത ബംഗാളിന്‍റെ ഭാഗമായ ബാര്‍പെറ്റ, കംറപ്പ്, ധുബ്രി, ഗോള്‍പാര, ഡാറംഗ് മുതലായ ജില്ലകളില്‍നിന്ന് തൊഴില്‍ തേടിയും വെള്ളപ്പൊക്കംമൂലം വീടും കൃഷിഭൂമിയും നഷ്ടപ്പെട്ടതുമൂലവും ആസാമിലെത്തിച്ചേര്‍ന്നവരാണ്, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനും പതിറ്റാണ്ടുകള്‍ക്ക് മുന്‍പെത്തിയ ഈ കുടുംബങ്ങളിലേറെയും. തങ്ങളുടെ ഇന്ത്യന്‍ പൗരത്വം തെളിയിക്കാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്. 

ആര്‍എസ്എസും പരിവാര്‍ സംഘടനകളും ചില പ്രാദേശിക വര്‍ഗീയവാദ ശക്തികളും ചേര്‍ന്ന് ഇവര്‍ക്കെതിരെ നിരന്തരം പ്രചാരണം നടത്തുകയാണ്. മണ്ണില്‍ പണിയെടുത്തു ജീവിക്കുന്ന പാവപ്പെട്ട ഈ വിഭാഗത്തെ "ദേശവിരുദ്ധര്‍", കയ്യേറ്റക്കാര്‍ എന്ന് നിരന്തരം ആക്ഷേപിക്കുന്നു; അവര്‍ക്കെതിരെ പ്രചാരണം നടത്തുന്നു. "അനധികൃത കയ്യേറ്റക്കാരില്‍നിന്ന് ഭൂമി ഒഴിപ്പിച്ച് നാട്ടുകാര്‍ക്ക് നല്‍കണം" എന്ന രീതിയിലാണ് ആര്‍എസ്എസിന്‍റെ നേതൃത്വത്തില്‍ വിഷലിപ്തമായ പ്രചാരണം നടക്കുന്നത്. അതിന് എല്ലാവിധ പിന്തുണയും പ്രോത്സാഹനവും നല്‍കുകയാണ് സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍. 

ഹിമന്ദ ബിശ്വ സര്‍മയുടെ നേതൃത്വത്തില്‍ രണ്ടാം ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ന്യൂനപക്ഷവേട്ട കൂടുതല്‍ വേഗത്തിലാക്കി; ഒഴിപ്പിക്കല്‍ പ്രക്രിയ അവര്‍ ശക്തമാക്കി. മുന്‍ കോണ്‍ഗ്രസ് നേതാവുകൂടിയായ സര്‍മ കടുത്ത വര്‍ഗീയ നിലപാടാണെടുക്കുന്നത്. മനുഷ്യത്വം തെല്ലും തൊട്ടുതീണ്ടാത്ത, അങ്ങേയറ്റം ക്രൂരമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. നിയമവ്യവസ്ഥകളെയെല്ലാം സര്‍ക്കാര്‍ ഇവിടെ കാറ്റില്‍പറത്തുകയാണ്. •