അമേരിക്ക ശീതയുദ്ധത്തിലേക്കുതന്നെ

ജി വിജയകുമാര്‍

ചൈനയെ ലക്ഷ്യമിട്ട് അമേരിക്ക പുതിയൊരു ശീതയുദ്ധത്തിന് തിരികൊളുത്തിയിരിക്കുകയാണെന്ന ധാരണ ലോകമാകെ പ്രബലമായിരിക്കുകയാണ്. ഔക്കസും ക്വാഡും ഏഷ്യാ പെസഫിക്കിലെ അമേരിക്കന്‍ സൈനിക കേന്ദ്രീകരണവുമെല്ലാം ഇതിനെ ശരിവയ്ക്കുകയും ശക്തിപ്പെടുത്തുകയുമാണ്. അതേ സമയം, ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്ത പ്രസിഡന്‍റ് ജോ ബൈഡന്‍ തങ്ങള്‍ പുതിയൊരു ശീതയുദ്ധത്തിന് തയ്യാറെടുക്കുകയല്ലെന്നാണ് പ്രസ്താവിക്കുന്നത്. എന്നാല്‍ ബൈഡന്‍റെ പ്രസംഗത്തില്‍തന്നെ ശീതയുദ്ധത്തിന്‍റെ അരങ്ങൊരുക്കം കാണാവുന്നതാണ്. ശക്തരായ രാജ്യങ്ങള്‍ ദുര്‍ബലരെ ബലം പ്രയോഗിച്ചോ സാമ്പത്തികമായി സമ്മര്‍ദം ചെലുത്തിയോ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ചൂഷണത്തിലൂടെയോ കീഴ്പ്പെടുത്താന്‍ നടത്തുന്ന ഏതു നീക്കത്തെയും തങ്ങള്‍ ചെറുക്കുമെന്ന് ചൈനയെ പേരെടുത്ത് പരാമര്‍ശിക്കാതെ ബൈഡന്‍ പറയുന്നത് ശീതയുദ്ധത്തിനു മാത്രമല്ല അതിനപ്പുറവുമുള്ള സംഘര്‍ഷാന്തരീക്ഷം സൃഷ്ടിക്കുന്നതിനായുള്ള കാഹളം വിളിയല്ലാതൊന്നുമല്ല.

യഥാര്‍ഥത്തില്‍ ലോകത്ത് ദുര്‍ബല രാജ്യങ്ങളെ, പിന്നോക്ക-അവികസിത രാജ്യങ്ങളെ ബലപ്രയോഗത്തിലൂടെയും സാമ്പത്തിക സമ്മര്‍ദങ്ങളിലൂടെയും നഗ്നമായ രാഷ്ട്രീയ ഇടപെടലുകളിലൂടെയും കീഴ്പ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് സാമ്രാജ്യത്വശക്തികളാണ്- രണ്ടാം ലോകയുദ്ധാനന്തരം പ്രകടമായും അത് ചെയ്യുന്നത് അമേരിക്കയാണ്. ചൈനയോ റഷ്യയോ മറ്റേതെങ്കിലും രാജ്യമോ തങ്ങളുടെ രാജ്യാതിര്‍ത്തിക്കുപുറത്ത് മറ്റൊരു രാജ്യത്തെയും സൈനികമായോ രാഷ്ട്രീയ ഇടപെടലുകളിലൂടെയോ കീഴ്പ്പെടുത്താനോ അവയ്ക്കുമേല്‍ അധീശാധിപത്യം സ്ഥാപിക്കാനോ ശ്രമിക്കുന്നില്ല, ശ്രമിച്ച ചരിത്രമില്ല എന്നതാണ് യാഥാര്‍ഥ്യം.

എന്നാല്‍ അമേരിക്കയോ? രണ്ടാം ലോകയുദ്ധാനന്തര ചരിത്രം മാത്രം നോക്കിയാല്‍ ഗ്രീസിലും ഇറാനിലും ഗ്വാട്ടിമാലയിലും ചിലിയിലും ഇന്‍ഡൊനേഷ്യയിലുമെല്ലാം ജനാധിപത്യ ഭരണസംവിധാനങ്ങളെ അട്ടിമറിച്ച് സൈനിക സ്വേച്ഛാധിപത്യം സ്ഥാപിച്ചതാണ് അമേരിക്കയുടെ പാരമ്പര്യം എന്നു കാണാം. ഗ്രെനഡയിലും ഹെയ്ത്തിയിലും പനാമയിലും ഇറാഖിലും ലിബിയയിലുംമെല്ലാം അമേരിക്ക സൈനികാക്രമണം നടത്തി ഭരണമാറ്റമുണ്ടാക്കിയതും ചരിത്രത്തിന്‍റെ ഭാഗമാണ്. ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ അമേരിക്ക നടത്തിയിട്ടുള്ള, ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ ഇടപെടലുകള്‍ പലതും, ജൂലിയന്‍ അസാഞ്ചെ പുറത്തുവിട്ട അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് ഫയലുകളിലൂടെയും എഡ്വേര്‍ഡ് സ്നോഡന്‍ ഉള്‍പ്പെടെയുള്ള സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് ഏജന്‍റുകളായിരുന്നവരുടെ നിരവധി വെളിപ്പെടുത്തലുകളിലൂടെയും ലോകം അറിഞ്ഞതാണ്. അമേരിക്ക ജനാധിപത്യത്തെക്കുറിച്ച് പറയുമ്പോള്‍ അതിനര്‍ഥം കോര്‍പറേറ്റുകള്‍ക്ക് കൊള്ളലാഭമടിക്കാനുള്ള സ്വാതന്ത്ര്യമെന്നാണ്. അതും തെളിയിക്കപ്പെട്ട വസ്തുതയാണ്.

അമേരിക്ക ശീതയുദ്ധത്തിനായി ശ്രമിക്കുന്നില്ല എന്ന് ബൈഡന്‍ പറയുമ്പോള്‍ അതില്‍നിന്ന് നമ്മള്‍ വായിച്ചെടുക്കേണ്ടത് അമേരിക്ക ശീതയുദ്ധത്തിലേക്ക് തന്നെയെന്നാണ്. ബ്രിട്ടീഷ് നോവലിസ്റ്റ് ജോര്‍ജ് ഓര്‍വെലിന്‍റെ "1984" എന്ന പ്രസിദ്ധ നോവല്‍ നല്‍കുന്ന സൂചനയിലെ ലോകാവസ്ഥയെയാണ് സമകാലിക അമേരിക്ക, ഒരുപക്ഷേ തീവ്രവലതുപക്ഷാധിപത്യമുള്ള മുതലാളിത്ത രാജ്യങ്ങളാകെ, നമ്മെ ഓര്‍മിപ്പിക്കുന്നത്. അവിടെ ഭരണാധികാരികള്‍ ഒന്നു പറഞ്ഞാല്‍ അതിന് നമ്മള്‍ നേര്‍വിപരീതമായ അര്‍ഥമാണ് കാണേണ്ടത്. മോഡി ഗാന്ധി സ്തുതി നടത്തുമ്പോള്‍ യഥാര്‍ഥത്തില്‍ അത് ഗോഡ്സെ സ്തുതിയാണെന്നതുപോലെ.

മറ്റൊരു കാര്യം അമേരിക്കന്‍ ഭരണകൂടത്തിന്‍റെ നയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ യഥാര്‍ഥ അധികാരം പേരിനുമാത്രമാണ് പ്രസിഡന്‍റ് പദവിയിലിരിക്കുന്ന വ്യക്തിക്കുള്ളത് എന്നതാണ്. 1961ല്‍ അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന, ശീതയുദ്ധത്തിന് അറുതി വരുത്തണമെന്നാഗ്രഹിച്ച പ്രസിഡന്‍റ് ഐസനോവര്‍ അധികാരമൊഴിഞ്ഞപ്പോള്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗം നല്‍കുന്ന വ്യക്തമായ സൂചനയതാണ്. മിലിറ്ററി- ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്സ് (സൈനിക-വ്യാവസായിക കൂട്ടുകെട്ട്) ഉയര്‍ത്തുന്ന ഭീഷണിയിലേക്കാണ് അദ്ദേഹം വിരല്‍ചൂണ്ടിയത്. അതായത്, അമേരിക്കന്‍ യുദ്ധകാര്യ മന്ത്രാലയമായ പെന്‍റഗണും നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയും സിഐഎയും മറ്റും ഉള്‍പ്പെടുന്ന ചാരസംഘടനകളും വന്‍കിട കോര്‍പറേറ്റുകളും ഒന്നിച്ചുകൂടുന്ന സംവിധാനം. വൈറ്റ് ഹൗസിനും കാപ്പിറ്റോള്‍ ഹില്ലിനും അപ്പുറമാണ്, അതിനെ രണ്ടിനെയും ചെറുവിരല്‍ ചലനം കൊണ്ട് നിയന്ത്രിക്കാനാവുന്ന ഒന്നാണ് പെന്‍റഗണിനു പിന്നിലുള്ളത് എന്നാണ് ഐസനോവര്‍ ഭംഗ്യന്തരേണ സൂചിപ്പിച്ചത്.

അത് ശരിയാണെന്നു തെളിയിക്കുന്ന ഒട്ടേറെ അനുഭവങ്ങള്‍ ആധുനിക അമേരിക്കന്‍ ചരിത്രത്തില്‍ കാണാനാവും. രണ്ടാം ലോകയുദ്ധാനന്തരം, യുദ്ധകാലത്തും, പ്രസിഡന്‍റായിരുന്ന ഫ്രാങ്ക്ളിന്‍ റൂസ്വെല്‍റ്റ് പരസ്യമായി സ്വീകരിച്ചിരുന്ന നിലപാട് ഫാസിസത്തിനെതിരായ യുദ്ധത്തില്‍ ഒന്നിച്ചുനിന്നിരുന്ന സോവിയറ്റ് യൂണിയനും അമേരിക്കയും ബ്രിട്ടനും തുടര്‍ന്ന് യുദ്ധാനന്തര പുനര്‍നിര്‍മാണത്തിലും കൈകോര്‍ത്തു നീങ്ങണമെന്നായിരുന്നു. എന്നാല്‍ 1945ല്‍ അതിനായി യാള്‍ട്ട സമ്മേളനം ചേര്‍ന്നപ്പോള്‍- സ്റ്റാലിനും റൂസ്വെല്‍റ്റും ചര്‍ച്ചിലും ഒത്തുകൂടിയപ്പോള്‍- അമേരിക്കന്‍ നിലപാടായി പ്രഖ്യാപിക്കപ്പെട്ടത് റൂസ്വെല്‍റ്റ് മുന്‍പ് പറഞ്ഞ നയമായിരുന്നില്ല, മറിച്ച് ഞങ്ങള്‍ക്ക് (അതായത് മുതലാളിത്ത ലോകത്തിന്) ഞങ്ങളുടെ വഴി, നിങ്ങള്‍ക്ക് (സോഷ്യലിസ്റ്റ് ലോകത്തിന്) നിങ്ങളുടെ വഴിയെന്നായിരുന്നു; യുദ്ധാനന്തര യൂറോപ്പിന്‍റെ പുനര്‍നിര്‍മാണത്തിനായുള്ള പാക്കേജില്‍ (മാര്‍ഷല്‍ പ്ലാന്‍) പടിഞ്ഞാറന്‍ യൂറോപ്പിനെ മാത്രമേ ഉള്‍പ്പെടുത്താനാവൂയെന്ന നിലപാടിലേക്ക് റൂസ്വെല്‍റ്റ് ചുവടുമാറി. എന്നാല്‍ മൂന്നു കോടിയോളം ആളുകള്‍ കൊല്ലപ്പെടുകയും നാസി ആക്രമണത്തില്‍ ഏറ്റവുമധികം നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്ത സോവിയറ്റ് യൂണിയന്‍റെയും സോഷ്യലിസ്റ്റ് ചേരിക്കൊപ്പംനിന്ന കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളുടെയും പുനര്‍നിര്‍മാണം തങ്ങളുടെ വിഷയമല്ലെന്ന നിലപാടാണ് ബ്രിട്ടനും അമേരിക്കയും സ്വീകരിച്ചത് (അമേരിക്കയ്ക്കാണെങ്കില്‍ രണ്ടാം ലോകയുദ്ധത്തില്‍ കാര്യമായ ഒരു നാശവും സംഭവിച്ചതുമില്ല; യുദ്ധം യൂറോപ്പിലും ഏഷ്യയിലുമായി ഒതുക്കപ്പെട്ടിരുന്നു). റൂസ്വെല്‍റ്റിന്‍റെ ചുവടുമാറ്റത്തിനു കാരണം, സോവിയറ്റ് യൂണിയനെയും സോഷ്യലിസ്റ്റു ചേരിയെയും നശിപ്പിച്ചാല്‍, ഇല്ലാതാക്കിയാല്‍ മാത്രമേ മുതലാളിത്തത്തിനു മണ്ണിനെയും മനുഷ്യനെയും നിര്‍ബാധം കൊള്ളയടിക്കാനും അധ്വാനിക്കുന്നവന്‍റെ ചോരയും നീരുമൂറ്റി കൊള്ളലാഭമുണ്ടാക്കാനും കഴിയൂവെന്ന് ഉറപ്പുണ്ടായിരുന്ന കോര്‍പറേറ്റുകളുടെ സമ്മര്‍ദതന്ത്രങ്ങള്‍ക്ക് അദ്ദേഹത്തിനു വഴങ്ങേണ്ടതായി വന്നുവെന്നതാണ്.

സോവിയറ്റ് യൂണിയന്‍ തകര്‍ക്കപ്പെട്ടതിനു ശേഷമുള്ള കാലത്തെ അനുഭവം ഇക്കാര്യം സംശയാതീതമായി വെളിപ്പെടുത്തുന്നു. പ്രൊഫസര്‍ ജെയിംസ് പെട്രാസ് കൃത്യമായും ചൂണ്ടിക്കാണിച്ചതുപോലെ സോവിയറ്റ് യൂണിയനും സോഷ്യലിസ്റ്റ് ചേരിയും നിലനിന്നതുകൊണ്ട് ആ രാജ്യങ്ങളിലെ അധ്വാനിക്കുന്നവര്‍ക്ക് (ജനങ്ങള്‍ക്കാകെ) തൊഴിലും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും ഉറപ്പാക്കാനായിയെന്നു മാത്രമല്ല, മുതിലാളിത്ത രാജ്യങ്ങളിലെ തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട കൂലിയും ക്ഷേമപദ്ധതികളും നടപ്പാക്കാന്‍ മുതലാളിമാരും മുതലാളിത്ത ഭരണകൂടവും നിര്‍ബന്ധിതവുമായി. അതിനവര്‍ തയ്യാറായില്ലെങ്കില്‍ തൊഴിലാളികളില്‍ അസംതൃപ്തിയും പ്രതിഷേധവും വര്‍ധിക്കുകയും തങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാനാവാത്ത വിധം ശക്തമായ ജനമുന്നേറ്റങ്ങളിലൂടെ കൂടുതല്‍ രാജ്യങ്ങള്‍ സോഷ്യലിസ്റ്റ് ചേരിയിലേക്ക് നീങ്ങുകയും ചെയ്യുമെന്ന ഭയാശങ്കയാണ് മുതലാളിത്തരാജ്യങ്ങളിലെ ഭരണാധികാരികളെയും മുതലാളിമാരെയും ക്ഷേമപദ്ധതികള്‍ നടപ്പാക്കിയും കൂലിയും ജീവിത സൗകര്യങ്ങളും വര്‍ധിപ്പിച്ചും സോഷ്യലിസത്തിലേക്ക് പോകാതെ തന്നെ ക്ഷേമം ഉറപ്പാക്കണമെന്ന ധാരണയിലേക്ക് നീങ്ങാനിടയാക്കിയത്. അതിനാവശ്യമായ സമ്പത്ത് വികസിത മുതലാളിത്ത രാജ്യങ്ങള്‍ക്ക് മൂന്നാം ലോകരാജ്യങ്ങളില്‍ നടത്തിയ നവകൊളോണിയല്‍ ചൂഷണത്തിലൂടെ സമാഹരിക്കാന്‍ കഴിഞ്ഞു. എന്നാല്‍ മുതലാളിത്തത്തിന് സഹജമായി തന്നെ പരിമിതമായ ലാഭത്തില്‍ ഒതുങ്ങിനില്‍ക്കാനാവില്ല; അതുകൊണ്ട് കൊള്ള ലാഭമടിക്കാന്‍ പറ്റുന്ന സാഹചര്യം സൃഷ്ടിക്കപ്പെടണം. സോവിയറ്റ് യൂണിയന്‍റെയും സോഷ്യലിസ്റ്റ് ചേരിയുടെയും പതനത്തോടെ അത്തരമൊരു സാഹചര്യം സംജാതമാക്കപ്പെട്ടു. സോവിയറ്റ് യൂണിയന്‍ തകര്‍ക്കപ്പെട്ടതിനെതുടര്‍ന്ന് തൊഴിലാളികള്‍ക്കനുകൂലമായ നിയമങ്ങളും ക്ഷേമപദ്ധതികളും പടിപടിയായി ഇല്ലാതാക്കപ്പെടുന്നതും സമീപകാല അനുഭവമാണ്.

അതിനു മുന്‍പുതന്നെ വികസിത മുതലാളിത്ത രാജ്യങ്ങളിലെ ഉശിരന്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളെയും കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങളെയും തകര്‍ക്കുന്നതിനുള്ള നടപടികള്‍ മുതലാളിത്ത ശക്തികള്‍ കൈക്കൊണ്ടു. സ്റ്റാലിന്‍ വിരുദ്ധത അതിനായി ഉപയോഗിക്കപ്പെട്ട പ്രചാരണായുധങ്ങളിലൊന്നാണ്. മതം, വംശീയത, ദേശീയത എന്നിങ്ങനെ സ്വത്വരാഷ്ട്രീയത്തിന്‍റെ നാനാരൂപങ്ങളും ഇതേ ലക്ഷ്യത്തോടെ 1980കള്‍ മുതല്‍ പ്രയോഗിക്കപ്പെട്ടു. അഫ്ഗാനിസ്ഥാനിലും യെമനിലും എത്യോപ്യയിലുമെല്ലാം മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രം പിന്‍പറ്റുന്നവര്‍ അധികാരത്തിലെത്തിയതോടെ കൂടുതല്‍ അങ്കലാപ്പിലായ മൂലധന ശക്തികള്‍ ഇസ്ലാമിസ്റ്റ് രാഷ്ട്രീയത്തെ-മതമൗലികവാദത്തെയും ഭീകരവാദത്തെയും- കൂട്ടുപിടിച്ച് ഈ മുന്നേറ്റത്തെ ചെറുക്കാന്‍ തയ്യാറായി എന്നും നാം കണ്ടതാണ്.  ഭീകരതയ്ക്കെതിരായി യുദ്ധം നടത്തുന്നുവെന്നവകാശപ്പെടുന്ന അമേരിക്ക ഇന്ന് ചൈനയ്ക്കെതിരായി സിന്‍ജിയാങ് പ്രവിശ്യയില്‍ ഭീകരസംഘടനകള്‍ക്ക് പിന്തുണ കൊടുക്കുകയാണ്.

ജനാധിപത്യത്തെക്കുറിച്ചും സ്വേച്ഛാധിപത്യ വിരുദ്ധതയെ കുറിച്ചുമെല്ലാം അമേരിക്കന്‍ ഭരണാധികാരികള്‍ പ്രസംഗിക്കുമ്പോള്‍, രണ്ടാം ലോകയുദ്ധാനന്തരം യൂറോപ്പില്‍ അവശേഷിച്ച സ്പെയിനിലെ ജനറല്‍ ഫ്രാങ്കോയുടെയും പോര്‍ച്ചുഗലിലെ സലാസറുടെയും ഫാസിസ്റ്റ് ഭരണകൂടങ്ങളെ ചേര്‍ത്തുപിടിച്ചതും ന്യൂറംബര്‍ഗ് വിചാരണയില്‍പ്പെടാതെ മുങ്ങിയ നാസി ഭീകരരെ പലരെയും പിന്നീട് സംരക്ഷിച്ചതും അമേരിക്കയും കൂട്ടാളികളുമാണെന്നതാണ് ചരിത്രം.

സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും മനുഷ്യാവകാശത്തെയും കുറിച്ച് ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിക്കുമ്പോള്‍ ഏറ്റവും വലിയ സ്വാതന്ത്ര്യവും മനുഷ്യാവകാശവും മാന്യമായി, പട്ടിണിയില്ലാതെ ജീവിക്കാനുള്ള അവകാശമാണെന്നത് ബൈഡന്‍ മറക്കുകയാണ്. അമേരിക്കന്‍ സ്ഥിതിവിവരക്കണക്ക് ബ്യൂറോയുടെ ഡാറ്റപ്രകാരം 2021 ആദ്യം 1.25 ഡോളര്‍പോലും പ്രതിദിന വരുമാനമില്ലാത്തവര്‍ അമേരിക്കന്‍ ജനതയുടെ 7.7 ശതമാനമുണ്ട്- അതായത് കേവല ദാരിദ്ര്യം അനുഭവിക്കുന്നവര്‍, പട്ടിണി കിടക്കുന്നവര്‍ അത്രയുമുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. അനൗദ്യോഗികമായി 2021 ജനുവരിയില്‍ ബ്ലൂംബെര്‍ഗ് മാഗസീന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് 2020 ഡിസംബറില്‍ അമേരിക്കയില്‍ കേവലദാരിദ്ര്യം (പട്ടിണി കിടക്കുന്നവര്‍) 11.8 ശതമാനമാണെന്നാണ്. 1960നുശേഷമുള്ള ഉയര്‍ന്ന നിരക്കാണിതെന്നും ദരിദ്രരുടെ എണ്ണം അതിവേഗം വര്‍ധിച്ചു വരികയാണെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഭവനരഹിതരുടെയും തൊഴില്‍രഹിതരുടെയും എണ്ണവും അതിവേഗം വര്‍ധിച്ചുവരുന്നതായും ഇതേ റിപ്പോര്‍ട്ട് പറയുന്നു.

എന്നാല്‍ ഇതേ കാലത്താണ് ചൈന കേവല ദാരിദ്ര്യമുക്ത രാജ്യമെന്ന ഐക്യരാഷ്ട്രസഭയുടെ അംഗീകാരം നേടിയത്. അവിടെ അതിന് മാനദണ്ഡമാക്കിയത് പ്രതിദിന വരുമാനം 2 ഡോളര്‍ എന്നാണ്. 2030 കഴിയുമ്പോള്‍ ശരാശരി പ്രതിദിന വരുമാനം 5 ഡോളറിലപ്പുറമാക്കണമെന്നാണ് ചൈനയുടെ ലക്ഷ്യം. ഇത് ചൈനയിലെ ഭൂരിപക്ഷ ജനവിഭാഗത്തിന്‍റെ മാത്രം അവസ്ഥയല്ല, എല്ലാ വംശീയ ന്യൂനപക്ഷവിഭാഗങ്ങളില്‍പെട്ടവരും ചൈനയില്‍ കേവല ദാരിദ്ര്യത്തില്‍നിന്ന് മോചനം നേടിക്കഴിഞ്ഞു. എന്നാല്‍ അമേരിക്കയിലോ, ദരിദ്രരില്‍ മഹാഭൂരിപക്ഷവും ആഫ്രിക്കന്‍ വംശജരും ഏഷ്യന്‍ വംശജരും സ്പാനിഷ് വംശജരും മറ്റുമാണ്. തൊഴില്‍രഹിതരും  ഭവനരഹിതരുമായവരും അമേരിക്കയില്‍ അധികവും വെള്ളക്കാരല്ലാത്തവരാണ്- കൃത്യമായി പറഞ്ഞാല്‍ ഇംഗ്ലീഷുകാരല്ലാത്തവരാണ്. അമേരിക്കയിലെ തിരഞ്ഞെടുപ്പുകളെ സംബന്ധിച്ച നിരവധി പഠനങ്ങള്‍ വെളിപ്പെടുത്തുന്നത് അവിടെ ദരിദ്രരായ ആഫ്രിക്കന്‍-ഏഷ്യന്‍-ഹിസ്പാനിക് (സ്പാനിഷ്) വംശജര്‍ക്ക് വെള്ളവംശീയവാദികള്‍ വോട്ടവകാശം നിഷേധിക്കുന്നത് സാര്‍വത്രികമാണെന്നാണ്; അതിന് ഭരണകൂട പിന്തുണയുണ്ടെന്നുമാണ്. 2020ലെ അമേരിക്കന്‍ തിരഞ്ഞെടുപ്പ് ഇക്കാര്യം സംശയാതീതമായി വെളിപ്പെടുത്തുന്നുമുണ്ട്.

അപ്പോള്‍ ജനാധിപത്യമോ മനുഷ്യാവകാശമോ ഒന്നുമല്ല ചൈനയ്ക്കെതിരായ അമേരിക്കയുടെ പടയൊരുക്കത്തിന്‍റെ യഥാര്‍ഥ കാരണം. ചൈന ഒരു സാമ്പത്തികശക്തിയെന്ന നിലയില്‍ അമേരിക്കയ്ക്കൊപ്പമോ അതിനും മുമ്പിലോ എത്തുമെന്നതിനുപരിയായി ചൈന സോഷ്യലിസത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന പ്രത്യയശാസ്ത്രപരമായ കാരണം തന്നെയാണ് മുതലാളിത്ത വ്യവസ്ഥയുടെ നായകനെന്ന നിലയില്‍ അമേരിക്കയെ പ്രകോപിപ്പിക്കുന്നത്. ചൈനയില്‍ ആഭ്യന്തരമായി തൊഴിലാളികളുടെ കൂലി വര്‍ധിപ്പിക്കാന്‍ അവിടെ പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കോര്‍പറേറ്റുകള്‍ നിര്‍ബന്ധിതമാകുന്നതു മാത്രമല്ല, മറ്റു രാജ്യങ്ങളിലും ഇതിന്‍റെ അലയടിയുണ്ടാകുമെന്നത് മുതലാളിത്തത്തിന്, മൂലധനത്തിന് താങ്ങാനാവാത്ത കാര്യമാണ്. ചൈനയില്‍ ദാരിദ്ര്യനിര്‍മാര്‍ജനം യാഥാര്‍ഥ്യമായതും അത് സോഷ്യലിസത്തിലേക്കുള്ള ആദ്യപടിയായി മാറുന്നതും ചൂഷണരഹിതമായ ഒരു സമൂഹം എന്ന മാനവരാശിയുടെ സ്വപ്നം സഫലമാകുമെന്ന പ്രതീക്ഷ ലോകമാകെ പടരുന്നതും മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുന്നതിനെ അടിസ്ഥാനമാക്കി നിലനില്‍ക്കുന്ന മുതലാളിത്ത വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം താങ്ങാനാവാത്തതാണ്. കൊള്ളലാഭമടിക്കാനുള്ള ത്വരയ്ക്ക് കടിഞ്ഞാണിടേണ്ടതായി വരുമെന്ന ചിന്ത തന്നെ അന്താരാഷ്ട്ര മൂലധനത്തെയും അതിന്‍റെ സംരക്ഷകരായ അമേരിക്കന്‍ സാമ്രാജ്യത്വത്തെയും പ്രകോപിതരാക്കുകയാണ്. അതാണ് രണ്ടാം ശീതസമരത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നുവരുന്നതിന്‍റെ അടിസ്ഥാനം. ചൈനയ്ക്കെതിരായ സാമ്രാജ്യത്വ പടയൊരുക്കത്തിന്‍റെ നിദാനവും അതുതന്നെ. ശീതയുദ്ധം തങ്ങളുടെ അജന്‍ഡയിലില്ലായെന്ന് ബൈഡന്‍ യുഎന്‍ വേദിയിലും പുറത്തും, പറയുമ്പോഴും സാമ്രാജ്യത്വ സംവിധാനം അതിലേക്ക് നീങ്ങുക തന്നെയാണ്.

അമേരിക്ക സൈനികമായ തയ്യാറെടുപ്പുകള്‍ മാത്രമല്ല ചൈനയ്ക്കെതിരെ നടത്തുന്നത് മറിച്ച് നയതന്ത്ര നീക്കങ്ങളിലൂടെയും പ്രചാരണ തന്ത്രങ്ങളിലൂടെയും ചൈനയെ സമ്മര്‍ദത്തിലാക്കുന്നതിനും ശ്രമിക്കുകയാണ്. ഹൈബ്രിഡ് യുദ്ധം എന്നറിയപ്പെടുന്ന സര്‍വവിധത്തിലൂടെയുമുള്ള നീക്കമാണ് അമേരിക്കന്‍ ഭരണകൂടവും ആഗോളമൂലധനശക്തികളും ഇന്ന് ചൈനയ്ക്കെതിരെ നടത്തി വരുന്നത്.

ചൈനാവിരുദ്ധ പ്രചാരണയുദ്ധത്തിലെ ഏറ്റവും പുതിയ ഒരിനമാണ് എവര്‍ഗ്രാന്‍ഡെ എന്ന ചൈനീസ് റിയല്‍ എസ്റ്റേറ്റ് കമ്പനി നേരിടുന്ന പ്രതിസന്ധിയെ ചൂണ്ടിക്കാട്ടി ചൈനീസ് സമ്പദ്ഘടന തന്നെ ഇതോടെ തകര്‍ന്നടിയുമെന്ന മട്ടിലുള്ള പ്രചാരണമഴിച്ചുവിടുന്നത്. മറ്റൊന്ന് ചൈനയില്‍ നിക്ഷേപം നടത്തുന്നതിനെതിരെ അമേരിക്കന്‍ ശതകോടീശ്വരനായ ജോര്‍ജ് സോറോസിനെ പോലുള്ളവര്‍ നടത്തുന്ന പ്രചാരണ യുദ്ധമാണ്.

എവര്‍ഗ്രാന്‍ഡെ എന്ന ചൈനയിലെ വലിപ്പത്തില്‍ രണ്ടാം സ്ഥാനത്തുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനി വായ്പകള്‍ തിരിച്ചടയ്ക്കാനും പലിശ നല്‍കാനും കഴിയാതെ പ്രതിസന്ധി നേരിടുകയാണെന്നത് യാഥാര്‍ഥ്യമാണ്. പൂര്‍ണമായും ഭരണകൂടത്തിന്‍റെ നിയന്ത്രണത്തിലുള്ള ചൈനയിലെ ധനമേഖലയ്ക്ക് ഇത്തരമൊരു പ്രതിസന്ധി തരണം ചെയ്യാനുള്ള സംവിധാനമുണ്ടെന്നതാണ് യാഥാര്‍ഥ്യം. സത്യത്തില്‍ എവര്‍ഗ്രാന്‍ഡെയുടെയും മറ്റു റിയല്‍ എസ്റ്റേറ്റു സ്ഥാപനങ്ങളുടെയും പ്രതിസന്ധിക്കു പിന്നിലുള്ളത് ഭവനനിര്‍മാണവുമായി ബന്ധപ്പെട്ട് 2018ല്‍ ഷി ജിന്‍പിങ് കൊണ്ടുവന്ന പുതിയ നിര്‍ദേശമാണ്, അതായത് ആഡംബര വീടുകളല്ല സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ വേണ്ട സൗകര്യങ്ങളുള്ള വീടുകളാണ് ചൈനയ്ക്ക് ഇന്നാവശ്യം എന്ന നിര്‍ദേശമാണ്. മാത്രമല്ല, വായ്പകള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്നതും മറ്റൊരു ഘടകമാണ്. കൂടാതെ, സ്വകാര്യ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് മൂക്കുകയറിടാനുള്ള കമ്യൂണിസ്റ്റു പാര്‍ടിയുടെയും ഗവണ്‍മെന്‍റിന്‍റെയും നീക്കങ്ങളും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഘടകമാണ്. ആലിബാബ സ്ഥാപകനായ ജാക്മയുടെ മേല്‍ സ്വീകരിച്ച കര്‍ക്കശമായ നിയമനടപടികള്‍ ഇതിനുദാഹരണമാണ്. ഹെങ്ഡ ഗ്രൂപ്പ് എന്നറിയപ്പെടുന്ന എവര്‍ഗ്രാന്‍റഡെയുടെ സ്ഥാപകനായ ഹുയ് കയാനു നേരെയും വേണ്ടിവന്നാല്‍ നിയമനടപടിക്ക് മടിക്കില്ലെന്ന സന്ദേശമാണ് ചൈനീസ് ഗവണ്‍മെന്‍റ് ഇതിലൂടെ നല്‍കുന്നത്. അതുകൊണ്ട് 2007ല്‍ അമേരിക്കയില്‍ ലേമാന്‍ ബ്രദേഴ്സ് തകര്‍ന്നതിനെ തുടര്‍ന്നുണ്ടായതുപോലെ ചൈനയിലും തുടര്‍ തകര്‍ച്ചകളും ചൈനീസ് സമ്പദ്ഘടനയുടെ തന്നെ തകര്‍ച്ചയും കിനാവ് കണ്ട് മനഃപ്പായസമുണ്ണേണ്ടതായി വരുമെന്നാണ് ഗ്ലോബല്‍ ടൈംസ് പോലുള്ള ചൈനീസ് മാധ്യമങ്ങള്‍ പറയുന്നത്. സെപ്തംബര്‍ മൂന്നിന് ഗ്ലോബല്‍ ടൈംസ് എഴുതിയത്, ചൈനയുടെ "റിയല്‍ എസ്റ്റേറ്റ്  മേഖല വന്‍തകര്‍ച്ച നേരിടുകയാണെന്നതും ചൈനീസ് സമ്പദ്ഘടന തകരുകയാണെന്നതും യാഥാര്‍ഥ്യമല്ല" എന്നാണ്. ആശങ്കകളെല്ലാം നിലനില്‍ക്കുമ്പോഴും ചൈനയുടെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കഴിഞ്ഞ വര്‍ഷവും റിക്കാര്‍ഡ് വില്‍പ്പനയാണ് നടന്നത്- 12.6 ലക്ഷം കോടി യുവാന്‍റെ വില്‍പ്പന (136.16 ലക്ഷം കോടി രൂപ).

ഓണ്‍ലൈന്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട്, പ്രത്യേകിച്ചും ഭക്ഷ്യവിതരണരംഗത്ത് പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്ക് വേതനം വര്‍ധിപ്പിക്കാന്‍ കമ്യൂണിസ്റ്റു പാര്‍ടിയും ഗവണ്‍മെന്‍റും സ്വീകരിക്കുന്ന നടപടികളും (ആ തൊഴിലാളികളുടെ പ്രക്ഷോഭത്തിനനുകൂലമായി ചൈനീസ് മാധ്യമങ്ങള്‍ ശക്തമായി രംഗത്തു വന്നിട്ടുമുണ്ട്) കോര്‍പറേറ്റ് മേഖലയെ അങ്കലാപ്പിലാക്കുന്നുണ്ട്. ചൈനയില്‍ പ്രവര്‍ത്തിക്കുന്ന തദ്ദേശീയരായ കോര്‍പറേറ്റുകള്‍ക്കെതിരെ, ജാക്മായെ പോലുള്ളവര്‍ക്കെതിരെ, ചൈനീസ് ഗവണ്‍മെന്‍റ് സ്വീകരിക്കുന്ന നടപടികള്‍ ആഗോള കോര്‍പറേറ്റുകളെ അങ്കലാപ്പിലാക്കുകയാണെന്നതാണ് സത്യം. അതുകൊണ്ടുതന്നെ ചൈനയ്ക്കെതിരായ ഹൈബ്രിഡ് യുദ്ധത്തില്‍ നിന്ന് അമേരിക്കന്‍ ഭരണകൂടത്തിന് പിന്മാറാനാവില്ല. ബൈഡന്‍ ശീതയുദ്ധം വേണ്ടെന്നുവച്ചാല്‍ വെടിയേറ്റു മരിച്ച ജോണ്‍ എഫ് കെന്നഡിയുടെ മുഖമായിരിക്കും ഓര്‍മയിലെത്തുക. 1973ല്‍ ചിലിയില്‍ അലന്‍ഡെ ഭരണത്തെ അട്ടിമറിക്കണമെന്ന് എടി & ടിയും അനാക്കോണ്‍ഡ കോപ്പറും പോലുള്ള കോര്‍പറേറ്റുകളുടെ ആവശ്യം നടപ്പാക്കാന്‍ അല്‍പ്പം വൈകിയപ്പോള്‍ത്തന്നെ അമേരിക്കന്‍ കോര്‍പറേറ്റുകള്‍ ആ ദൗത്യത്തിനായി സ്വയം ഒരു കണ്‍സോര്‍ഷ്യത്തിനു രൂപം നല്‍കിയതും ചരിത്രം.•