എല്‍ സാല്‍വദോറിലെ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് വിപ്ലവപ്പോരാളി

പി എസ് പൂഴനാട്

"പേനകള്‍കൊണ്ട് ചരിത്രം രചിക്കാന്‍ 
അനുവദിക്കുന്നില്ലെങ്കില്‍, പിന്നെ ചരിത്രം രചിക്കേണ്ടത് തോക്കുകള്‍ കൊണ്ടാണ്"....

                           - ഫരാബുന്ദോ മാര്‍ട്ടി

1895-98കാലഘട്ടത്തിലെ സ്പാനിഷ് അമേരിക്കന്‍ യുദ്ധത്തോടെയാണ് ലാറ്റിനമേരിക്കയിലേയ്ക്കുള്ള അമേരിക്കന്‍ സാമ്രാജ്യത്വാധിനിവേശം അതിന്‍റെ തീക്ഷ്ണതയില്‍ അരങ്ങേറാന്‍ ആരംഭിക്കുന്നത്. പ്യൂര്‍ട്ടോ റിക്കോയിലേയ്ക്കും ക്യൂബയിലേയ്ക്കുമുള്ള കടന്നുകയറ്റം കരീബിയന്‍ മേഖലയെ ആകമാനം കൈപ്പിടിയിലൊതുക്കാനുള്ള അതിബൃഹത്തായ അമേരിക്കന്‍ സാമ്രാജ്യത്വപദ്ധതിയുടെ തുടക്കം കൂടിയായിരുന്നു. തുടര്‍ന്നുവന്ന നാലുപതിറ്റാണ്ടുകള്‍ ലാറ്റിനമേരിക്കന്‍ മേഖലയില്‍ ആധിപത്യം സുരക്ഷിതമാക്കാനുള്ള അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍റെ സൈനിക ഇടപെടലുകളുടെ പതിറ്റാണ്ടുകളായിരുന്നു.
ഇരുപത്തിയഞ്ചോളം തവണയാണ് ഈ കാലഘട്ടത്തില്‍ (1898-1934) ലാറ്റിനമേരിക്കയില്‍ അമേരിക്ക സൈനികമായി ഇടപെട്ടത്. പനാമ കനാലിനെയും അതിന്‍റെ തീരങ്ങളെയും വരുതിയിലാക്കുകയായിരുന്നു ഈ സൈനിക ഇടപെടലുകളുടെ പ്രധാന സാമ്രാജ്യത്വ താല്‍പ്പര്യങ്ങളിലൊന്ന്. ഇതേ ഘട്ടത്തില്‍തന്നെ ലാറ്റിനമേരിക്കയിലേയ്ക്കുള്ള അമേരിക്കന്‍ സാമ്പത്തിക നിക്ഷേപങ്ങളുടെ അളവും കൂടിക്കൊണ്ടിരുന്നു. ഒന്നാം ലോകയുദ്ധത്തിന്‍റെ കാലമാകുമ്പോഴേയ്ക്കും ഏകദേശം 170 കോടി ഡോളറിന്‍റെ നിക്ഷേപം ലാറ്റിനമേരിക്കന്‍ മേഖലയില്‍ അമേരിക്ക നടത്തിക്കഴിഞ്ഞിരുന്നു. 1914-1929 കാലഘട്ടത്തില്‍ സാമ്പത്തിക നിക്ഷേപം അമേരിക്ക ഇരട്ടിപ്പിക്കുകയും ചെയ്തു. ഇങ്ങനെ ലാറ്റിനമേരിക്കന്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ വിദേശമൂലധനം മുടക്കിയിട്ടുള്ള രാജ്യമായി അമേരിക്ക മാറി. ലാറ്റിനമേരിക്കയിലെ എല്ലാ മേഖലകളിലും അതിനിര്‍ണായകമായ സ്വാധീനമുള്ള ഒരു സാമ്പത്തികശക്തിയായി അമേരിക്കന്‍ സാമ്രാജ്യത്വം വേരുകളാഴ്ത്തിക്കഴിഞ്ഞിരുന്നു.

1930കളിലെ ലോക സാമ്പത്തികപ്രതിസന്ധിയുടെ ഘട്ടത്തിലായിരുന്നു ലാറ്റിനമേരിക്കയിലെ അമേരിക്കന്‍ അധീശത്വത്തിന് ആദ്യമായി കടുത്ത വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടി വന്നത്. പ്രാഥമിക ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയെ വലിയ തരത്തില്‍ ആശ്രയിച്ചുതന്നെയായിരുന്നു ലാറ്റിനമേരിക്കന്‍ മേഖലയുടെ സാമ്പത്തികാവസ്ഥ പ്രധാനമായും നിലനിന്നുപോന്നിരുന്നത്. അതുകൊണ്ടുതന്നെ മുതലാളിത്ത സാമ്പത്തികപ്രതിസന്ധി ലാറ്റിനമേരിക്കന്‍ മേഖലയെ അതികഠിനമായിത്തന്നെ ബാധിക്കാന്‍ തുടങ്ങിയിരുന്നു. പ്രാഥമിക ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി തകര്‍ന്നടിഞ്ഞു. സാമ്പത്തികമായ പ്രയാസങ്ങള്‍ ലാറ്റിനമേരിക്കയെ കാര്‍ന്നുതിന്നു. സാമ്പത്തികപ്രതിസന്ധിയുടെ ഈയൊരു മാനം രാഷ്ട്രീയമായ പുതുപ്രവണതകളെ ലാറ്റിനമേരിക്കയിലെ ബഹുഭൂരിപക്ഷം ഇടങ്ങളിലും വളര്‍ത്തിക്കൊണ്ടിരുന്നു. മിക്ക രാജ്യങ്ങളിലും രാഷ്ട്രീയമായ പോരാട്ടങ്ങള്‍ ഉയര്‍ന്നുപൊങ്ങി. എല്‍ സാല്‍വദോറിലും (1932), ക്യൂബയിലും (1934), നിക്കരാഗ്വയിലും (1927-34) അത്തരം രാഷ്ട്രീയപ്രക്ഷോഭങ്ങള്‍ തൊഴിലാളികളുടെയും കര്‍ഷകരുടെയും തദ്ദേശീയരുടെയും നേതൃത്വത്തിലുള്ള വിപ്ലവപ്പോരാട്ടങ്ങളായി പടര്‍ന്നുകയറി. ക്യൂബയില്‍ ജൂലിയോ അന്‍േറാണിയോ മെല്ലയെയും നിക്കരാഗ്വയില്‍ അഗസ്റ്റോ സാന്‍ഡിനോയെയും പോലുള്ള വിപ്ലവപ്പോരാളികള്‍ മുഖ്യധാരയിലേയ്ക്ക് ഉയര്‍ന്നുവന്നുകൊണ്ടിരുന്നു. ഈ ഘട്ടങ്ങളില്‍ എല്‍ സാല്‍വദോര്‍ എന്ന ലാറ്റിനമേരിക്കന്‍ രാജ്യത്ത് ഏറ്റവും സമരോത്സുകനായി ഉയര്‍ന്നുവന്ന മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് വിപ്ലവപ്പോരാളിയായിരുന്നു ഫരാബുന്ദോ മാര്‍ട്ടി.

ഒരു ഭൂവുടമയുടെ മകനായി 1893 മെയ് അഞ്ചിനായിരുന്നു എല്‍ സാല്‍വദോറിലെ തിയോതെപെക് എന്ന സ്ഥലത്ത് ഫരാബുന്ദോ മാര്‍ട്ടി ജനിച്ചത്. ഇന്ത്യന്‍-സ്പാനിഷ് സങ്കരവംശത്തില്‍പ്പെട്ടയാളായിരുന്നു മാര്‍ട്ടിയുടെ പിതാവ്. കറുത്തിരുണ്ട നിറമായിരുന്നതുകൊണ്ട് 'എല്‍ നീഗ്രോ' എന്ന പേരിലായിരുന്നു മാര്‍ട്ടി അറിയപ്പെട്ടിരുന്നത്. എല്‍ സാല്‍വദോറിലെ നാഷണല്‍ യൂണിവേഴ്സിറ്റിയിലായിരുന്നു മാര്‍ട്ടിയുടെ പഠനം. എന്നാല്‍, തന്‍റെ രാജ്യത്തെ ദരിദ്രരായ മനുഷ്യര്‍ സമ്പന്നന്മാരാല്‍ ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത് കുട്ടിയായിരുന്ന നാളുകളില്‍തന്നെ മാര്‍ട്ടിയുടെ മനസ്സിനെ നോവിച്ചുകൊണ്ടിരുന്നു. യൂണിവേഴ്സിറ്റിയില്‍ പഠിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍തന്നെ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് ആശയങ്ങളുടെ വിപ്ലവലോകത്തിലേയ്ക്ക് ആ കുട്ടി നടന്നടുത്തുകൊണ്ടിരുന്നു. എല്‍ സാല്‍വദോറിനെ അടക്കിഭരിച്ചുകൊണ്ടിരുന്ന ഏകാധിപത്യഭരണകൂടത്തിനെതിരെ മറ്റു വിദ്യാര്‍ഥികള്‍ക്കൊപ്പം പ്രതിഷേധ പ്രകടനങ്ങളില്‍ മാര്‍ട്ടിയും അണിചേര്‍ന്നു. 1920ല്‍ മാര്‍ട്ടി അറസ്റ്റ് ചെയ്യപ്പെട്ടു. തുടര്‍ന്ന് സ്വന്തം രാജ്യത്തിലെ കഷ്ടപ്പെടുന്ന മനുഷ്യരുടെ വിമോചനപ്പോരാട്ടങ്ങളില്‍ പരിപൂര്‍ണമായി അണിചേരുന്നതിനുവേണ്ടി ആ വിദ്യാര്‍ഥി, യൂണിവേഴ്സിറ്റിയിലെ തന്‍റെ രാഷ്ട്രതന്ത്ര ശാസ്ത്രപഠനവും നിയമപഠനവും ഉപേക്ഷിക്കുകയാണുണ്ടായത്. സാല്‍വദോറിയന്‍ ജനതയുടെ വിമോചനത്തിനുവേണ്ടി ആ ചെറുപ്പക്കാരന്‍ തന്‍റെ പിന്നീടുള്ള ജീവിതത്തെ ഒരു വിപ്ലവക്കൊടുങ്കാറ്റായി പരിവര്‍ത്തിപ്പിക്കുകയായിരുന്നു. തൊഴിലാളികളുടെയും കര്‍ഷകരുടെയും വിവിധ സംഘടനകളിലൂടെ പ്രായോഗിക പ്രവര്‍ത്തനത്തിന്‍റെ സമരോത്സുകതയിലേയ്ക്ക് മാര്‍ട്ടി നിരന്തരം കണ്ണിചേര്‍ന്നുകൊണ്ടിരുന്നു.

1920ല്‍ അറസ്റ്റ് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് എല്‍ സാല്‍വദോറില്‍ നിന്നും മാര്‍ട്ടി നിഷ്കാസിതനായി. പിന്നീടുള്ള വര്‍ഷങ്ങള്‍ മധ്യ അമേരിക്കന്‍ രാജ്യങ്ങളിലൂടെയുള്ള സുദീര്‍ഘമായ യാത്രകളുടേതായിരുന്നു. മധ്യ അമേരിക്കന്‍ മേഖലയില്‍ ഒരു വിപ്ലവപ്രസ്ഥാനത്തെ പടുത്തുയര്‍ത്തുകയായിരുന്നു ലക്ഷ്യം. മധ്യ അമേരിക്കന്‍ മേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന നിരവധി ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി മാര്‍ട്ടി ബന്ധം സ്ഥാപിക്കുകയും അത്തരം പ്രസ്ഥാനങ്ങളില്‍ അംഗമായിത്തീരുകയും ചെയ്തു. തുടര്‍ന്ന്, ഗ്വാട്ടിമാല സിറ്റിയില്‍വച്ച് 1925ല്‍ സെന്‍ട്രല്‍ അമേരിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടി രൂപീകരിക്കപ്പെട്ടു. ഇതിന്‍റെ രൂപീകരണത്തില്‍ മുഖ്യപങ്കുവഹിച്ചത് ഫരാബുന്ദോ മാര്‍ട്ടിയായിരുന്നു. ഇങ്ങനെ വിവിധയിടങ്ങളിലെ നിരവധി വിപ്ലവപ്രസ്ഥാനങ്ങളുമായി ബന്ധപ്പെടുകയും പുതിയ വിപ്ലവപ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുക്കുകയും ചെയ്തുകൊണ്ടായിരുന്നു രാഷ്ട്രീയപ്രവര്‍ത്തനത്തിന്‍റെ വിപ്ലവാത്മകതയിലേയ്ക്ക് മാര്‍ട്ടി ആഴ്ന്നിറങ്ങിയത്. അതുകൊണ്ടുതന്നെ ലാറ്റിനമേരിക്കയിലാകമാനം അന്ന് നിലനിന്നിരുന്ന ഏകാധിപത്യ ഭരണകൂടങ്ങളുടെ ഒരു നോട്ടപ്പുള്ളിയായി മാര്‍ട്ടി മാറിത്തീര്‍ന്നിരുന്നു. അറസ്റ്റുകളും നാടുകടത്തലുകളും നിരന്തരമെന്നോണം തുടര്‍ന്നു.

1925ല്‍ മാര്‍ട്ടി എല്‍ സാല്‍വദോറില്‍ മടങ്ങിയെത്തുന്നുണ്ട്. സാല്‍വദോറിയന്‍ തൊഴിലാളികളുടെ റീജിയണല്‍ ഫെഡറേഷന്‍റെ പ്രചാരണപ്പരിപാടികളുമായി ബന്ധപ്പെട്ട് എല്‍ സാല്‍വദോറിന്‍റെ മണ്ണില്‍ മാര്‍ട്ടി കൂടുതല്‍ സജീവമാകാന്‍ തുടങ്ങുന്നു. നിരവധി ഇടതുപക്ഷ പഠനഗ്രൂപ്പുകള്‍ക്കും ഈ ഘട്ടത്തില്‍ മാര്‍ട്ടി തുടക്കം കുറിക്കുന്നുണ്ട്. മാര്‍ട്ടിയുടെ ധൈഷണികവും പ്രായോഗികവുമായ ശേഷികളെ സാല്‍വദോറിയന്‍ ജനത പതിയെപ്പതിയെ തിരിച്ചറിയാന്‍ തുടങ്ങുകയായിരുന്നു. ഇതിനിടയില്‍ സാല്‍വദോറിയന്‍ ഭരണകൂടം മാര്‍ട്ടിയെ വീണ്ടും അറസ്റ്റുചെയ്യുന്നുണ്ട്. ഒടുവില്‍ നിരാഹാര സമരത്തെ തുടര്‍ന്നായിരുന്നു മാര്‍ട്ടി വിട്ടയയ്ക്കപ്പെട്ടത്. ജയില്‍ മോചിതനായതിനെതുടര്‍ന്ന് 1928ല്‍ മാര്‍ട്ടി ന്യൂയോര്‍ക്കിലേയ്ക്കാണ് യാത്ര തിരിച്ചത്. അവിടെയുള്ള വിപ്ലവഗ്രൂപ്പുകളുമായി ബന്ധം സ്ഥാപിക്കുകയും അവിടെ നിന്നും നിക്കരാഗ്വയിലേയ്ക്ക് യാത്രയാകുകയും ചെയ്തു.

നിക്കരാഗ്വയില്‍ അഗസ്റ്റോ സാന്‍ഡിനോ എന്ന വിപ്ലവപ്പോരാളിയുടെ നേതൃത്വത്തില്‍ നിക്കരാഗ്വയുടെ മേലുള്ള അമേരിക്കന്‍ സൈനികാധിനിവേശത്തിനെതിരെ തീ പാറുന്ന പോരാട്ടങ്ങള്‍ അരങ്ങേറിക്കൊണ്ടിരുന്ന കാലഘട്ടമായിരുന്നു അത്. അഗസ്റ്റോ സാന്‍ഡിനോയുടെ വിപ്ലവസൈന്യത്തോടൊപ്പം ചേര്‍ന്നുകൊണ്ട് അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ മാര്‍ട്ടിയും പൊരുതി. രണ്ട് വര്‍ഷക്കാലം അഗസ്റ്റോ സാന്‍ഡിനോയോടൊപ്പം നിക്കരാഗ്വയുടെ പോരാട്ട ഭൂമികയില്‍ മാര്‍ട്ടിയും അണിചേര്‍ന്നു. അഗസ്റ്റോ സാന്‍ഡിനോയുടെ പേഴ്സണല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. അഗസ്റ്റോ സാന്‍ഡിനോയും ഫരാബുന്ദോ മാര്‍ട്ടിയും തമ്മില്‍ ആശയസംവാദങ്ങളും തുടര്‍ന്നുകൊണ്ടിരുന്നു. ഫരാബുന്ദോ മാര്‍ട്ടി ഒരു മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റായിരുന്നു. എന്നാല്‍ അഗസ്റ്റോ സാന്‍ഡിനോയാകട്ടെ അതിശക്തനായ സാമ്രാജ്യത്വവിരുദ്ധ ദേശീയവാദിയും. ദേശീയ സ്വാതന്ത്ര്യം മാത്രമായിരുന്നു സാന്‍ഡിനോ സ്വപ്നം കണ്ടിരുന്നത്. എന്നാല്‍ മാര്‍ട്ടിയാകട്ടെ സാമൂഹ്യവിപ്ലവത്തെയായിരുന്നു അഭിവാദ്യം ചെയ്തിരുന്നത്. എന്നാല്‍ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് രൂപത്തിലേയ്ക്ക് സാന്‍ഡിനോ പരിവര്‍ത്തിക്കപ്പെടാത്തതുകൊണ്ട്, സാന്‍ഡിനോയോടുള്ള മാര്‍ട്ടിയുടെ ആദരവിന് ഒരു കുറവും സംഭവിച്ചിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ സാമ്രാജ്യത്വവിരുദ്ധ പോരാളിയും ദേശസ്നേഹിയുമായിട്ടായിരുന്നു സാന്‍ഡിനോയെ മാര്‍ട്ടി അടയാളപ്പെടുത്തിയിരുന്നത്.

1930ല്‍ മാര്‍ട്ടി എല്‍ സാല്‍വദോറില്‍ മടങ്ങിയെത്തി. 1930 മാര്‍ച്ച് 10-ാം തീയതി സാല്‍വദോറന്‍ കമ്യൂണിസ്റ്റ് പാര്‍ടി രൂപീകരിക്കപ്പെട്ടു. പിന്നീടങ്ങോട്ട് സാല്‍വദോറിലെ വിമോചനപ്പോരാട്ടങ്ങളരങ്ങേറിയത് കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തിലായിരുന്നു. സാമൂഹ്യവിപ്ലവമായിരുന്നു ലക്ഷ്യം.

സാല്‍വദോറിയന്‍ തൊഴിലാളികളുടെ റീജിയണല്‍ ഫെഡറേഷനില്‍ എണ്‍പതിനായിരത്തോളം കര്‍ഷകരും അണിചേര്‍ന്നിരുന്നു. കാപ്പിത്തോട്ടങ്ങളിലായിരുന്നു ഭൂരിഭാഗം തൊഴിലാളികളും കര്‍ഷകരും പണിയെടുത്തിരുന്നത്. ലോക സാമ്പത്തികപ്രതിസന്ധി എല്‍ സാല്‍വദോറിലെ കാപ്പിത്തോട്ടങ്ങളെയും പിടികൂടാനാരംഭിച്ചു. കാപ്പിക്കുരുവിന്‍റെ വില തകര്‍ന്നടിഞ്ഞു. കാപ്പിത്തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് വേതനം കിട്ടാതെയായി. കര്‍ഷകര്‍ പാപ്പരീകരിക്കപ്പെട്ടുകൊണ്ടിരുന്നു. ഈയൊരു അവസ്ഥാവിശേഷം സാമൂഹ്യസംഘര്‍ഷങ്ങളെ ആളിക്കത്തിച്ചു. ഇതിനിടയില്‍ നിരവധി അറസ്റ്റുകളും രാജ്യത്തുനിന്നുള്ള പുറത്താക്കലുകളും കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകര്‍ നേരിട്ടു. ഭരണകൂടം അതിന്‍റെ എല്ലാ മര്‍ദകസംവിധാനങ്ങളെയും പാര്‍ടിക്കെതിരെ തിരിച്ചുവിട്ടുകൊണ്ടിരുന്നു. 1931 ആകുമ്പോഴേയ്ക്കും കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ കര്‍ഷകരുടെയും തൊഴിലാളികളുടെയും പണിമുടക്കുകള്‍ രാജ്യത്തുടനീളം പൊട്ടിപ്പുറപ്പെട്ടുകഴിഞ്ഞിരുന്നു. പാര്‍ടിയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത് ഫരാബുന്ദോ മാര്‍ട്ടിയായിരുന്നു.

1931 ഡിസംബര്‍ മാസത്തിലരങ്ങേറിയ ഒരു പട്ടാള അട്ടിമറിയിലൂടെ ഹെര്‍മാണ്ടസ് മാര്‍ട്ടിനെസ് എന്ന പട്ടാള ജനറല്‍ എല്‍ സാല്‍വദോറിന്‍റെ അധികാരത്തിലേയ്ക്ക് ഉയര്‍ന്നുവന്നു. 1932 ജനുവരി മാസത്തില്‍ നടക്കേണ്ട പൊതുതിരഞ്ഞെടുപ്പിനെ അട്ടിമറിക്കുകയും ചെയ്തു. പുതിയൊരു തരത്തിലുള്ള സൈനിക ഏകാധിപത്യത്തിന്‍റെ കൊടുംക്രൂരതകളിലേയ്ക്ക് എല്‍ സാല്‍വദോറിന്‍റെ ഭരണക്രമം തകര്‍ന്നടിയുകയായിരുന്നു. തിരഞ്ഞെടുക്കപ്പെട്ടിരുന്ന അംഗങ്ങള്‍ക്കുപോലും അവരുടെ ചുമതലകള്‍ ഏറ്റെടുക്കാന്‍ കഴിയാത്ത അവസ്ഥയും സംജാതമായി. ഈയൊരു സ്വേച്ഛാധിപത്യവാഴ്ചയ്ക്കെതിരെ സൈനികമായ പോരാട്ടമല്ലാതെ മറ്റൊന്നും തൊഴിലാളികളുടെയും കര്‍ഷകരുടെയും തദ്ദേശീയ ജനവിഭാഗങ്ങളുടെയും മുന്നില്‍ ഉണ്ടായിരുന്നില്ല. അങ്ങനെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ 1932 ജനുവരി 16-ാം തിയതി എല്‍ സാല്‍വദോറിന്‍റെ മണ്ണില്‍ പട്ടാള സ്വേച്ഛാധിപത്യത്തിനെതിരെയുള്ള സായുധ പോരാട്ടം പൊട്ടിപ്പുറപ്പെട്ടു.

എന്നാല്‍, പട്ടാള ഏകാധിപത്യം കര്‍ഷകരുടെയും തൊഴിലാളികളുടെയും വിമോചനസ്വപ്നങ്ങളെ അതിഭീകരമായിട്ടായിരുന്നു നേരിട്ടത്. പോരാട്ടത്തെ പട്ടാളം ചോരയില്‍ മുക്കിക്കൊല്ലുകയായിരുന്നു. പത്തു ദിവസത്തിനുള്ളില്‍ ആ വിമോചന മുന്നേറ്റത്തെ പട്ടാളം ഞെരിച്ചമര്‍ത്തിക്കളഞ്ഞു. മുപ്പതിനായിരത്തിലധികം വരുന്ന തദ്ദേശീയ കര്‍ഷകര്‍ അതിക്രൂരമായി കശാപ്പുചെയ്യപ്പെട്ടു. ഫരാബുന്ദോ മാര്‍ട്ടി ഉള്‍പ്പെടെ നിരവധിപേര്‍ ജയിലറകള്‍ക്കുള്ളിലേക്ക് വലിച്ചെറിയപ്പെട്ടു.
1932 ജനുവരി 31ന് പട്ടാള സ്വേച്ഛാധിപത്യ ഭരണകൂടം മാര്‍ട്ടിയെ വധശിക്ഷയ്ക്ക് വിധിച്ചു. തൊട്ടടുത്ത ദിവസം തന്നെ മാര്‍ട്ടിയുടെ വധശിക്ഷ നടപ്പിലാക്കാന്‍ ഫയറിങ് സ്ക്വാഡ് പാഞ്ഞടുത്തു. "സോഷ്യലിസം നീണാള്‍ വാഴട്ടെ" എന്ന മുദ്രാവാക്യം മാര്‍ട്ടിയുടെ തൊണ്ടയില്‍നിന്നും അണപൊട്ടിയൊഴുകാന്‍ തുടങ്ങി. ഫയറിങ് സ്ക്വാഡിന്‍റെ വെടിയുണ്ടകള്‍ ആ തൊണ്ടയും ശരീരവും ഛിന്നഭിന്നമാക്കിക്കൊണ്ട് ഇടതടവില്ലാതെ പാഞ്ഞുകയറി. "സോഷ്യലിസം നീണാള്‍ വാഴട്ടെ" എന്ന മുദ്രാവാക്യം അപ്പോഴും അന്തരീക്ഷത്തില്‍ അലയടിച്ചുകൊണ്ടേയിരുന്നു.

എന്നാല്‍ മാര്‍ട്ടിയുടെ ഓരോ തുള്ളി ചോരയില്‍നിന്നും എല്‍ സാല്‍വദോറിന്‍റെ മണ്ണില്‍ പിന്നീട് ഒരായിരം പേര്‍ ഉയര്‍ന്നെഴുന്നേല്‍ക്കുകയാണുണ്ടായത്. അഗസ്റ്റോ സാന്‍ഡിനോയുടെ മണ്ണില്‍ സാന്‍ഡിനിസ്ത പ്രസ്ഥാനം ഉയര്‍ത്തെഴുന്നേറ്റതുപോലെ, മാര്‍ട്ടിയുടെ ആദര്‍ശങ്ങളുടെ ഏറ്റവും വലിയ ആവിഷ്കാരമെന്ന നിലയില്‍ 1980കളില്‍ എല്‍ സാല്‍വദോറിന്‍െറ മണ്ണിലും ഫരാബുന്ദോ മാര്‍ട്ടി നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് (FMLN) എന്ന വിപ്ലവഗറില്ലാ സംഘം രൂപംകൊണ്ടു. കമ്യൂണിസ്റ്റ് പാര്‍ടിയുള്‍പ്പെടെയുള്ള വിവിധ ഇടതുഗ്രൂപ്പുകളുടെ സംയുക്താവിഷ്ക്കാരമായിരുന്നു ആ പ്രസ്ഥാനം. എല്‍ സാല്‍വദോറിന്‍റെ മണ്ണില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍റെ പാവകളായി ഭരണം നടത്തിയിരുന്ന ഏകാധിപതികള്‍ക്കെതിരെ കടുത്ത പോരാട്ടങ്ങളായിരുന്നു 1980കളിലും 90കളിലും ഈ പ്രസ്ഥാനം കെട്ടഴിച്ചുവിട്ടത്. ആ കടുത്ത പോരാട്ടങ്ങളോട് പിടിച്ചുനില്‍ക്കാനാവാതെ എല്‍ സാല്‍വദോറിലെ ഭരണകൂടത്തിന് ഗറില്ലാ പ്രസ്ഥാനവുമായി സന്ധിയിലേര്‍പ്പെടേണ്ടി വന്നു. അങ്ങനെ 1992 അവസാനത്തോടെ എഫ്എംഎല്‍എന്‍ എന്ന ഗറില്ലാ പ്രസ്ഥാനം ഒരു വിപ്ലവരാഷ്ട്രീയ പാര്‍ടിയായി പരിവര്‍ത്തനം ചെയ്യപ്പെട്ടു. 2009ലായിരുന്നു ആദ്യമായി എഫ്എംഎല്‍എന്‍ എന്ന രാഷ്ട്രീയപാര്‍ടിയുടെ സ്ഥാനാര്‍ഥി (മൗറീഷ്യാ ഫ്യൂണ്‍സ്) എല്‍ സാല്‍വദോറിന്‍റെ പ്രസിഡന്‍റ് സ്ഥാനത്തേയ്ക്കു തിരഞ്ഞെടുക്കപ്പെടുന്നത്. 2014ലെ തിരഞ്ഞെടുപ്പിലും എഫ്എംഎല്‍എന്നിന്‍റെ സ്ഥാനാര്‍ഥിയാണ് (സാല്‍വദോര്‍ സാഞ്ചെസ്) പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടത്. ഇത്തരം വിജയപോരാട്ടങ്ങളിലൂടെ ഫരാബുന്ദോ മാര്‍ട്ടി എന്ന പോരാളിയുടെ സോഷ്യലിസ്റ്റ് ആദര്‍ശങ്ങളുടെയും ദേശീയ വിമോചനത്തിന്‍റെയും ജ്വലിക്കുന്ന സ്വപ്നങ്ങള്‍ കൂടുതല്‍ സജീവതയോടെയും വീര്യത്തോടെയും എല്‍ സാല്‍വദോറിന്‍റെ മണ്ണിലേയ്ക്ക് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്.•