കര്‍ഷകരും വിപ്ലവവും

പ്രഭാത് പട്നായക്

മാറുന്ന കാലത്തിനൊപ്പം മാര്‍ക്സിസ്റ്റ് സിദ്ധാന്തവും വികസിക്കുന്നു; അതുകൊണ്ടാണതിനെ ജീവിക്കുന്ന സിദ്ധാന്തം എന്നു പറയുന്നത്. മുതലാളിത്തവും സ്വയം വികസിക്കുന്നു. മുതലാളിത്തത്തെ മറികടക്കുന്നതിനുള്ള വിപ്ലവ പ്രക്രിയയില്‍ കര്‍ഷകജനസാമാന്യത്തിന്‍റെ പങ്ക് എന്ന വിഷയത്തിന്മേല്‍ മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തില്‍ സുപ്രധാനമായ പല വികാസങ്ങളുമുണ്ടായിട്ടുണ്ട്. ഞാനിവിടെ പ്രതിപാദിക്കാന്‍ ആഗ്രഹിക്കുന്നത് അതിനെക്കുറിച്ചാണ്.

ജര്‍മനിയിലെ കര്‍ഷകപോരാട്ടം എന്ന തന്‍റെ ഗ്രന്ഥത്തില്‍ മുതലാളിത്തത്തെ വിപ്ലവകരമായി കീഴ്മേല്‍ മറിക്കുന്നതിനുവേണ്ടിയുള്ള പോരാട്ടത്തില്‍ തൊഴിലാളിവര്‍ഗം, കര്‍ഷകജനസാമാന്യവും കര്‍ഷകതൊഴിലാളികളുമായി സഖ്യത്തിലേര്‍പ്പെടേണ്ടതുണ്ട് എന്ന വസ്തുത ഫ്രഡറിക് എംഗല്‍സ് അടിവരയിട്ടു പറയുന്നുണ്ട്; എന്നിട്ടും വിപ്ലവത്തിലെ കര്‍ഷകജനസാമാന്യത്തിന്‍റെ പങ്കിനെക്കുറിച്ച് മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തില്‍ പിന്നെയുമേറെക്കാലം അവ്യക്തത നിലനിന്നു. യഥാര്‍ഥത്തില്‍ രണ്ടാം ഇന്‍റര്‍നാഷണലിന്‍റെ മുഖ്യ സൈദ്ധാന്തികനും എഡ്വാര്‍ഡ് ബേണ്‍സ്റ്റീന്‍റെ റിവിഷനിസത്തിനെതിരെ വിപ്ലവ മാര്‍ക്സിസത്തിന്‍റെ പരിരക്ഷകനുമായിരുന്ന കാറല്‍ കൗട്സ്കി, "കര്‍ഷകജനസാമാന്യവും ഭൂവുടമകളും തമ്മിലുള്ള ബന്ധം സംബന്ധിച്ച പ്രശ്നത്തില്‍ നഗരങ്ങളിലെ വിപ്ലവ പ്രസ്ഥാനം നിഷ്പക്ഷത പുലര്‍ത്തണം" എന്നു വിശ്വസിച്ചിരുന്നതായി നടേഷ ക്രൂപ്സ്കായ പറയുന്നുണ്ട്. അവര്‍ ഇങ്ങനെകൂടി കൂട്ടിചേര്‍ക്കുന്നുണ്ട്: "കൗട്സ്കിയുടെ ഈ വാദം ഇല്ലിച്ചിനെ വല്ലാതെ വിഷമത്തിലാക്കുകയും ബുദ്ധിമുട്ടിക്കുകയും ചെയ്തു; എങ്കിലും അദ്ദേഹം കൗട്സ്കിയെ കുറ്റക്കാരനാക്കാതിരിക്കുവാന്‍ ശ്രമിക്കുകയും അതിനുവേണ്ടി കൗട്സ്കിയുടെ വാദം പാശ്ചാത്യ യൂറോപ്യന്‍ ബന്ധങ്ങളില്‍ ഒരുപക്ഷേ ശരിയായിരിക്കാമെന്നും, എന്നാല്‍ കര്‍ഷകജനസാമാന്യത്തിന്‍റെ പിന്തുണയോടുകൂടി മാത്രമേ റഷ്യന്‍ വിപ്ലവത്തിന് വിജയം കൈവരിക്കാനാവുകയുള്ളൂ എന്നു പറഞ്ഞുവെയ്ക്കുകയും ചെയ്തു" (മെമ്മറീസ് ഓഫ് ലെനിന്‍, പാന്ഥര്‍ ഹിസ്റ്ററി പേപ്പര്‍ ബാക്ക്, 1970, പേജ് 110-111).

എംഗല്‍സിന്‍റെ ഈ വാദഗതി ലെനിന്‍ ഏറ്റെടുക്കുകയും അതുള്‍ക്കൊണ്ട് വികസിപ്പിക്കുകയും, അങ്ങനെ അത് അടുത്തൊരു നൂറ്റാണ്ടിലേക്കുള്ള അടിസ്ഥാന മാര്‍ക്സിസ്റ്റ് നിലപാടായി മാറുകയും ചെയ്തു. അദ്ദേഹത്തിന്‍റെ വാദഗതി ഇങ്ങനെയാണ്: മുതലാളിത്തം വൈകിവന്ന രാജ്യങ്ങളില്‍ തൊഴിലാളിവര്‍ഗത്തിന്‍റെ വെല്ലുവിളി നേരിട്ടുകൊണ്ടിരുന്ന ബൂര്‍ഷ്വാസി, ഫ്യൂഡല്‍ ഭൂപ്രഭുക്കളുമായി പൊതുസഖ്യത്തിലേര്‍പ്പെട്ടു; ഫ്യൂഡല്‍ സ്വത്തിന്മേലുള്ള ഏതൊരു ആക്രമണവും ബൂര്‍ഷ്വാ സ്വത്തിന്മേലുള്ള ആക്രമണമായി കണക്കാക്കും എന്ന പൊതുധാരണയിലാണ് ഇങ്ങനെ സഖ്യത്തിലേര്‍പ്പെടുന്നത്. അതുകൊണ്ടുതന്നെ, മുന്‍കാലങ്ങളിലെപ്പോലെ ഫ്യൂഡല്‍ സ്വത്തിനെതിരെ മാരകമായ പ്രഹരം ഏല്‍പിക്കുന്നതിനു - ഫ്രാന്‍സില്‍ 1789ലെ ബൂര്‍ഷ്വാ വിപ്ലവം നയിച്ചതുപോലെ - പകരം ഫ്യൂഡല്‍ എസ്റ്റേറ്റുകളുടെ ഉടമസ്ഥത കര്‍ഷകര്‍ക്ക് പുനര്‍വിതരണം ചെയ്യുന്നതില്‍നിന്നും, ഫ്യൂഡല്‍ പ്രഭുക്കളുടെ സാമൂഹികാധികാരത്തെ കടന്നാക്രമിക്കുന്നതില്‍നിന്നും ബൂര്‍ഷ്വാസി പിന്‍വലിഞ്ഞു; ഇതുമൂലമാണ് കര്‍ഷകജനസാമാന്യത്തിന്‍റെ ജനാധിപത്യ അഭിലാഷങ്ങള്‍ ഇന്നും സഫലീകരിക്കപ്പെടാതെ തുടരുന്നത്. കര്‍ഷകരുമായി സഖ്യത്തിലേര്‍പ്പെട്ടുകൊണ്ട് ജനാധിപത്യവിപ്ലവം നയിക്കുന്ന തൊഴിലാളിവര്‍ഗത്തിനു മാത്രമേ ഈ അഭിലാഷങ്ങള്‍ സഫലീകരിക്കാന്‍ സാധിക്കുകയുള്ളൂ.

അതുകൊണ്ടാണ് തൊഴിലാളിവര്‍ഗത്തിന്‍റെ നേതൃത്വത്തില്‍ ജനാധിപത്യവിപ്ലവത്തെ പൂര്‍ണതയിലേക്കെത്തിക്കുന്നതിന് ലെനിന്‍, തൊഴിലാളി-കര്‍ഷക ഐക്യം എന്ന ആശയം മുന്നോട്ടുവെച്ചത്. അങ്ങനെ ജനാധിപത്യവിപ്ലവം പൂര്‍ത്തീകരിച്ചതിനുശേഷം, തൊഴിലാളിവര്‍ഗം സോഷ്യലിസ്റ്റ് വിപ്ലവത്തിലേക്ക് കടക്കും; വിപ്ലവത്തിന്‍റെ ഘട്ടത്തിനനുസൃതമായി കര്‍ഷകജനതയ്ക്കുള്ളിലെ സഖ്യശക്തികളില്‍ തൊഴിലാളിവര്‍ഗം മാറ്റം വരുത്തും. ജനാധിപത്യവിപ്ലവം നടപ്പിലാക്കുന്നതിന് തൊഴിലാളിവര്‍ഗം ലിബറല്‍ ബൂര്‍ഷ്വാസിയുമായി സഖ്യത്തിലേര്‍പ്പെടണം എന്നു വാദിക്കുന്ന മെന്‍ഷെവിക് വക്താക്കള്‍ക്കെതിരായി, ഫ്യൂഡല്‍ പ്രഭുക്കളുമായുള്ള ചങ്ങാത്തം വിടാത്ത ലിബറല്‍ ബൂര്‍ഷ്വാസി, അതിനാല്‍തന്നെ നിശ്ചയമായും കര്‍ഷകജനസാമാന്യത്തെ വഞ്ചിക്കുമെന്ന് ലെനിന്‍ ഉറച്ചുവാദിച്ചു; ആയതിനാല്‍, ലിബറല്‍ ബൂര്‍ഷ്വാസിയുമായി സഖ്യത്തിലേര്‍പ്പെടുന്നതുവഴി ജനാധിപത്യവിപ്ലവത്തെ തകര്‍ക്കുന്നതിനുപകരം, ജനാധിപത്യവിപ്ലവം മുന്നോട്ടുകൊണ്ടുപോകുന്നതിന് തൊഴിലാളിവര്‍ഗം കര്‍ഷകജനസാമാന്യവുമായി സഖ്യത്തിലേര്‍പ്പെടണം എന്ന് ലെനിന്‍ വാദിച്ചു.

ചുരുക്കത്തില്‍, കര്‍ഷകജനസാമാന്യവുമായി സഖ്യത്തിലേര്‍പ്പെട്ടിട്ടുള്ള തൊഴിലാളിവര്‍ഗത്തിലൂടെ നമുക്ക് ജനാധിപത്യവിപ്ലവം പൂര്‍ത്തീകരിക്കാന്‍ സാധിക്കും; അതേസമയം തൊഴിലാളിവര്‍ഗവും ലിബറല്‍ ബൂര്‍ഷ്വാസിയും തമ്മിലുള്ള സഖ്യം, ജനാധിപത്യവിപ്ലവത്തെ വഞ്ചിക്കുക മാത്രമേയുള്ളൂ. ഇതനുസരിച്ച്, വിപ്ലവത്തിനുമുന്‍പേയുള്ള ബോള്‍ഷെവിക് പരിപാടി "തൊഴിലാളികളുടെയും കര്‍ഷകരുടെയും ജനാധിപത്യപരമായ സര്‍വാധിപത്യം" ആയിരുന്നു എങ്കില്‍ പിന്നീടത് "തൊഴിലാളികളുടെ സര്‍വാധിപത്യം" ആയി മാറുകയായിരുന്നു.

മാര്‍ക്സിസത്തിന്‍റെ ശ്രദ്ധേയമായ വികാസത്തെ പ്രതിനിധീകരിക്കുന്ന ഈ ധാരണ, അടുത്ത നൂറ്റാണ്ടില്‍ മൂന്നാം ലോകരാജ്യങ്ങളിലാകെയുള്ള വിപ്ലവ പ്രസ്ഥാനങ്ങള്‍ക്ക് അറിവ് നല്‍കി.  എന്തുതന്നെയായാലും ലെനിന്‍റെ കാലം മുതലിങ്ങോട്ട് മുതലാളിത്തത്തിലുണ്ടായ സംഭവവികാസങ്ങള്‍ അദ്ദേഹത്തിന്‍റെ വിലയിരുത്തലിനെയും തൊഴിലാളി - കര്‍ഷക സഖ്യത്തിന്‍റെ അനിവാര്യതയെയും സംബന്ധിച്ച ധാരണ ശക്തിപ്പെട്ടു; അതിന് ലെനിന്‍ പറഞ്ഞ കാരണങ്ങള്‍ക്കുപുറമെ മറ്റു ചില കാരണങ്ങള്‍കൂടി ഉണ്ടായിരിക്കുന്നു.

പ്രത്യേകിച്ചും രണ്ട് സംഭവവികാസങ്ങളാണ് ഇവിടെ പ്രസക്തമായിട്ടുള്ളത്. ഒന്ന്, അന്താരാഷ്ട്ര ധനമൂലധനത്തിന്‍റെ ആധിപത്യത്തോടുകൂടിയും ആ അധീശാധിപത്യത്തിനുകീഴില്‍ നവലിബറല്‍ നയങ്ങള്‍ നടപ്പില്‍ വരുത്തിയതോടുകൂടിയും, ആഭ്യന്തര കുത്തക മൂലധനത്തിനും അന്താരാഷ്ട്ര വന്‍കിട ബിസിനസിനും കര്‍ഷക കേന്ദ്രിത കൃഷിയിലേക്ക് കടന്നുകയറാനുള്ള പാത തെളിഞ്ഞു. ചുരുക്കിപ്പറഞ്ഞാല്‍, ഭൂപ്രഭു വര്‍ഗത്തിന്‍റെ അടിച്ചമര്‍ത്തലിനെ മാത്രമല്ല, കുത്തക മൂലധനത്തിന്‍റെ സ്വേച്ഛാധിപത്യത്തെ കൂടി ഇന്നത്തെ കര്‍ഷകജനത നേരിടുന്നു.

കുത്തകമൂലധനം, സ്വതന്ത്ര മത്സരാധിഷ്ഠിത മുതലാളിത്തത്തിലെ സാധാരണ ലാഭനിരക്കിനേക്കാളധികം കൊള്ളലാഭം കൊയ്യുന്നു, അത് തൊഴിലാളികളുടെ ചെലവില്‍ മാത്രമല്ല (മിച്ചമൂല്യം ഉയര്‍ത്തുന്നതുവഴി), മറിച്ച് ചെറുകിട മുതലാളിമാരുടെയും കര്‍ഷകജനതയടക്കമുള്ള ചെറുകിട ഉല്‍പാദകരുടെയും കൂടി ചെലവിലാണ് ഇങ്ങനെ കൊള്ളലാഭം കൊയ്യുന്നത്. കര്‍ഷകകേന്ദ്രിത കൃഷിക്കെതിരായും കുത്തക മൂലധനത്തിനനുകൂലമായും "വ്യാപാരത്തിന്‍റെ വര്‍ഗപരമായ വ്യവസ്ഥകളെ" തിരിച്ചുകൊണ്ടാണത് അങ്ങനെ ചെയ്യുന്നത്; കൂടാതെ ഭരണകൂടത്തിന്‍റെ ഇടപെടലിലൂടെയും കൂടിയാണ് അങ്ങനെ ചെയ്യുന്നത്; അതായത് ഉദാഹരണത്തിന്, ധനപരമായ പിന്തുണയുടെ ദിശ, കര്‍ഷകകേന്ദ്രിത കൃഷിയില്‍നിന്നും കുത്തക മുതലാളിമാരിലേക്കു വ്യതിചലിപ്പിക്കുന്നതിലൂടെയുള്ള ഭരണകൂട ഇടപെടലുകള്‍. കര്‍ഷകജനതയ്ക്കു നല്‍കുന്ന താങ്ങുവിലയിലും സംഭരണ വിലയിലും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിലൂടെ കര്‍ഷകര്‍ക്കു നല്‍കുന്ന ധനപരമായ പിന്തുണ കുറയ്ക്കുന്നതിനു സമാന്തരമായി കുത്തകകള്‍ക്കുള്ള സബ്സിഡികളും നികുതിയിളവുകളും വര്‍ധിപ്പിക്കുമ്പോള്‍, ഇതൊക്കെത്തന്നെയും കര്‍ഷകരുടെ ചെലവില്‍ കുത്തകകള്‍ കൊള്ളലാഭം ഉണ്ടാക്കുന്നതിലേക്ക് വന്നുചേരുന്നു.

എന്നാല്‍  ഒരു പ്രവാഹ രൂപത്തില്‍ (flow form)- അതായത് കര്‍ഷക കേന്ദ്രിത കൃഷിയില്‍നിന്നും കുത്തക മൂലധനത്തിലോട്ടുള്ള വരുമാനത്തിന്‍റെ പുനഃവിതരണം - മാത്രമല്ല, മറിച്ച് കര്‍ഷകകേന്ദ്രിത കൃഷിയില്‍നിന്നും കുത്തക മൂലധനത്തിലേക്കുള്ള ആസ്തിയുടെ നിയന്ത്രണത്തിന്‍റെ പുനഃവിതരണം എന്ന ശേഖര രൂപ (stock form) ത്തിലും കര്‍ഷകകേന്ദ്രിത കൃഷിക്കുമേലുള്ള കുത്തക മൂലധനത്തിന്‍റെ കടന്നുകയറ്റം നടപ്പാകുന്നു. വാസ്തവത്തില്‍ ഈ രണ്ടു രൂപത്തിലുള്ള കടന്നുകയറ്റവും ഒന്നു മറ്റൊന്നിനോട് കെട്ടുപിണഞ്ഞുകിടക്കുന്നതാണ്; ദുരിതം പേറുന്ന കര്‍ഷകര്‍ തൊഴിലന്വേഷിച്ച് നഗരങ്ങളിലേക്ക് കുടിയേറുന്ന തരത്തില്‍ കര്‍ഷകകേന്ദ്രിത കൃഷിയുടെ സമ്പൂര്‍ണ നശീകരണമാകും അവയുടെ അന്തിമഫലം.

പ്രസക്തമായി നില്‍ക്കുന്ന രണ്ടാമത്തെ സംഭവവികാസം, ആപേക്ഷികമായി നവലിബറലിസത്തിന്‍റെ അനിയന്ത്രിതമായ വ്യാപാര സവിശേഷതയായ സാങ്കേതികവിദ്യാ പുരോഗതിയുടെ മത്സരാധിഷ്ഠിത കടന്നുവരവാണ്; അത് തൊഴിലവസര വളര്‍ച്ചാനിരക്കില്‍ പൊതുവായ ഇടിവുണ്ടാക്കുന്നു. നവലിബറല്‍ വാഴ്ചയ്ക്കുകീഴില്‍ ജിഡിപി വളര്‍ച്ചാനിരക്ക് ത്വരിതഗതിയിലായിരിക്കുമ്പോഴും തൊഴിലവസര വളര്‍ച്ച മന്ദഗതിയിലാകുന്ന നിലയിലേക്ക് അധ്വാനത്തിന്‍റെ ഉല്‍പാദനക്ഷമതാ വളര്‍ച്ചാനിരക്ക് വര്‍ധിക്കുന്നു; ഇനി ജിഡിപി വളര്‍ച്ചയില്‍ വര്‍ധനവുണ്ടായില്ലെങ്കിലും, അപ്പോഴും തൊഴിലവസര വളര്‍ച്ച ഇതിനേക്കാള്‍ പരിതാപകരമായ നിലയില്‍ മുരടിക്കുന്നു.

നഗരങ്ങളിലേക്കുള്ള കര്‍ഷകരുടെ ദുരിതപൂര്‍ണമായ കുടിയേറ്റം വര്‍ധിച്ചാലും അത്, യൂണിയന്‍വത്കരിക്കപ്പെട്ട ചെറിയൊരു വിഭാഗം തൊഴിലാളികളുടെ വിലപേശല്‍ നിലപാടിനെ ദുര്‍ബലപ്പെടുത്തുന്ന തരത്തില്‍ തൊഴിലാളികളുടെ കരുതല്‍സേന വര്‍ധിപ്പിക്കുക മാത്രമേ ചെയ്യുകയുള്ളൂ എന്നാണ് ഇതര്‍ഥമാക്കുന്നത്. അങ്ങനെ തൊഴിലാളികളുടെ കരുതല്‍സേന തൊഴിലില്ലാത്ത ഒരു കൂട്ടം വ്യക്തികളുടെ കൂട്ടം ആയിട്ടല്ല, മറിച്ച് തൊഴിലില്ലായ്മ പങ്കുവെയ്ക്കുന്ന ഒരു കൂട്ടം വ്യക്തികള്‍ എന്ന രൂപം കൈവരിക്കുന്നു; അതുകൊണ്ടുതന്നെ ഒരു നിര്‍ദിഷ്ട അളവിലുള്ള തൊഴില്‍ വലിയൊരു കൂട്ടം വ്യക്തികള്‍ക്കിടയില്‍ വിഭജിക്കപ്പെടുന്നു; അതായത് കര്‍ഷക കേന്ദ്രിത കൃഷിയെ ഞെക്കിപ്പിഴിയുന്നതിന്‍റെ പരിണതഫലം മൊത്തത്തില്‍ അധ്വാനിക്കുന്ന ജനങ്ങളുടെയാകെ ജീവിതസാഹചര്യം പരിപൂര്‍ണമായും വഷളാക്കുക എന്നതായിരിക്കും.

കുത്തക മൂലധനത്തിന്‍റെ സമകാലികഘട്ടത്തെ മറികടക്കുന്നതിനുവേണ്ടിയുള്ള പോരാട്ടത്തില്‍ തൊഴിലാളി - കര്‍ഷക ഐക്യത്തെ കൂടുതല്‍ അനിവാര്യമാക്കുക മാത്രമാണിത് ചെയ്യുന്നത്. കുത്തക മുതലാളിത്തത്തിന്‍റെ ഈ ഘട്ടത്തെ മറികടക്കുന്നു എന്നതുകൊണ്ട് മത്സരാധിഷ്ഠിത മുതലാളിത്തത്തിന്‍റേതായ കഴിഞ്ഞ കാലത്തേക്ക് തിരിച്ചുപോകുക എന്നല്ല അര്‍ഥമാക്കുന്നത്; മുതലാളിത്തത്തെ തന്നെ മറികടക്കുന്ന ഒരു പ്രക്രിയയാണ് ആവശ്യം.

ഈ അര്‍ഥത്തിലാണ് ഇന്ത്യയില്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന കര്‍ഷകജനതയുടെ പോരാട്ടം നിര്‍ണായക പ്രാധാന്യമുള്ളതാകുന്നത്. കര്‍ഷക ജനത പോരാടുന്നത് മൂന്ന് നിയമങ്ങള്‍ക്കെതിരായാണ്; കുത്തക മൂലധനത്തിന്‍റെ കടന്നുകയറ്റത്തിന് കര്‍ഷക കേന്ദ്രിത കാര്‍ഷികരംഗം തുറന്നുകൊടുക്കുന്നവയാണ് ഈ മൂന്ന് നിയമങ്ങള്‍. ഈ മൂന്ന് നിയമങ്ങള്‍ക്കുമുന്‍പ് മോഡി ഗവണ്‍മെന്‍റ്, തൊഴിലാളിസംഘടനകളുടെ അടിത്തറ തോണ്ടുന്നതും തൊഴിലാളികള്‍ക്കുമേലുള്ള ചൂഷണത്തിന്‍റെ തോതു വര്‍ധിക്കുന്നതിനിടയാക്കുന്നതുമായ തൊഴിലാളി വിരുദ്ധ നിയമനിര്‍മാണം നടപ്പാക്കുകയുണ്ടായി. അതുകൊണ്ടുതന്നെ ഇന്നത്തെ ലോകത്തില്‍ തൊഴിലാളി - കര്‍ഷക ഐക്യം, കര്‍ഷകജനസാമാന്യത്തിന്‍റെ ജനാധിപത്യപരമായ അഭിലാഷങ്ങളെ പൂര്‍ത്തീകരിക്കുന്നതിനുള്ള ഭൂപ്രഭുത്വത്തിനെതിരായ പോരാട്ടം തൊഴിലാളിവര്‍ഗ നേതൃത്വത്തില്‍ മാത്രമേ സാധ്യമാകൂ എന്നും വ്യക്തമാക്കുന്നു.  മുതലാളിത്തത്തിന്‍റെ നിലവിലെ ഘട്ടത്തില്‍ തൊഴിലാളിവര്‍ഗത്തിന്‍റെയും കര്‍ഷകജനസാമാന്യത്തിന്‍റെയും വിധി സങ്കീര്‍ണമാംവിധം ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ടുകൂടിയാണത്; അതായത് അന്താരാഷ്ട്ര ധനമൂലധനത്തിന്‍റെയും അതിന്‍റെ ആഭ്യന്തര ഘടകമായ ആഭ്യന്തര കുത്തക മുതലാളിമാരുടെയും കടന്നാക്രമണത്തിന്‍റെ ഇരകളാണ് തൊഴിലാളിവര്‍ഗവും കര്‍ഷക ജനസാമാന്യവും.

അതിനാല്‍ ഇന്ത്യയിലെ കര്‍ഷക സമരം ഒരു സാധാരണ സമരമല്ല. ഒത്തുതീര്‍പ്പിലൂടെ  പരിഹരിക്കാവുന്ന ഏതെങ്കിലും കേവല സാമ്പത്തികാവശ്യത്തിനുവേണ്ടിയുള്ള  സമരവുമല്ലത്. നിലവിലെ പ്രതിസന്ധിയുടെ കാതലിലേക്ക് വിരല്‍ചൂണ്ടുന്ന ഒരു സമരമാണത്. അതൊരു ജീവന്‍മരണ പോരാട്ടമാണ്; ജനങ്ങളോടൊപ്പമാണോ അതോ അന്താരാഷ്ട്ര വന്‍കിട ബിസിനസിനോടൊപ്പമാണോ എന്നു തുറന്നു പ്രഖ്യാപിക്കേണ്ട ഒരു അവസ്ഥയില്‍ ഗവണ്‍മെന്‍റിനെ അതു കൊണ്ടെത്തിച്ചിരിക്കുന്നു. ഇതുവരെ ചെയ്തുവരുന്നതുപോലെ ഗവണ്‍മെന്‍റ് അന്താരാഷ്ട്ര വന്‍കിട ബിസിനസിനോടൊപ്പം പരസ്യമായി നിലകൊള്ളുകയാണെങ്കില്‍, അത് രാജ്യത്തെ ജനാധിപത്യത്തിനേല്‍ക്കുന്ന കനത്ത പ്രഹരമാണ്  •