കര്‍ഷകരെ വേട്ടയാടുന്ന ബിജെപി

സാജന്‍ എവുജിന്‍

കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 10 മാസത്തിലേറെയായി ജനാധിപത്യപരമായും സമാധാനപരമായും നടന്നുവരുന്ന കര്‍ഷകപ്രക്ഷോഭത്തിനു ലഭിക്കുന്ന ജനപിന്തുണ ബിജെപിയെ വിറളിപിടിപ്പിച്ചിരിക്കുന്നു. കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളലാഭം കൊയ്യാനുള്ള സാഹചര്യമൊരുക്കാന്‍ കൊണ്ടുവന്ന കാര്‍ഷികനിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ ധീരതയോടെ പൊരുതുന്നത് ശിങ്കിടി ഭരണനേതൃത്വത്തിനു സഹിക്കാന്‍ കഴിയുന്നില്ല. അസം, ഉത്തര്‍പ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകള്‍ കര്‍ഷകര്‍ക്കുനേരെ അഴിച്ചുവിട്ടിരിക്കുന്ന നിഷ്ഠുര ആക്രമണം ഈ അസ്വസ്ഥതയ്ക്ക് തെളിവാണ്. കര്‍ഷകരെ ആക്രമിക്കുന്നവര്‍ക്ക് പിന്തുണയുമായി മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും രംഗത്തുവരുന്നു. പൊലീസിനെയും ഇതര സര്‍ക്കാര്‍ ഏജന്‍സികളെയും ദുരുപയോഗിച്ച് കര്‍ഷകരെ വേട്ടയാടുകയാണ്. സമാനതകളില്ലാത്ത ത്യാഗങ്ങള്‍ സഹിച്ച് സമരം തുടരുന്ന കര്‍ഷകരെ വേട്ടയാടുന്നതിലൂടെ ബിജെപിയുടെ മുഖം കൂടുതല്‍ വികൃതമാവുകയാണ്.

ആഗസ്ത് 28ന് ഹരിയാനയിലെ  കര്‍ണാലില്‍ സുശീല്‍ കാജല്‍ എന്ന കര്‍ഷകനെ പൊലീസ് അടിച്ചുകൊന്നു. കര്‍ഷകപ്രക്ഷോഭത്തിന്‍റെ തുടക്കംമുതല്‍ സമരത്തില്‍ സജീവമായിരുന്നു സുശീല്‍. കര്‍ണാലില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്‍റെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്കുനേരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജിലാണ് സുശീലിന്‍റെ ജീവന്‍ പൊലിഞ്ഞത്. അസമിലെ ദരാങ്ങില്‍ 50 വര്‍ഷമായി മണ്ണില്‍ പണിയെടുത്തു കഴിയുന്ന ദരിദ്ര കര്‍ഷകരെ കുടിയൊഴിപ്പിക്കാന്‍ പൊലീസ് നടത്തിയ ക്രൂരതയില്‍ രണ്ടു പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇതിനു പിന്നാലെയാണ്, ഒക്ടോബര്‍ മൂന്നിനു ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ്മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ നേതൃത്വത്തില്‍ നാലു കര്‍ഷകരെ കാറുകള്‍ കയറ്റി കൊലപ്പെടുത്തിയത്. ഈ സംഭവം ആസൂത്രിതമായിരുന്നെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സമാധാനപരമായി നടന്നുപോയ കര്‍ഷകര്‍ക്കുനേരെ പിന്നില്‍നിന്ന് ആഡംബര കാറുകള്‍ ഇടിച്ചുകയറ്റുകയായിരുന്നു. ജീവിതകാലത്ത് മറക്കാന്‍ കഴിയാത്ത ഭീകര ദൃശ്യങ്ങള്‍ക്കാണ് സാക്ഷികളായതെന്ന് നാട്ടുകാര്‍ പറയുന്നു. യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിക്കാന്‍ കരിങ്കൊടികളുമായിനിന്ന കര്‍ഷകരാണ് ആക്രമണത്തിനിരകളായത്.

ലഖിംപുര്‍ ഖേരിയിലെ കര്‍ഷകനായ ഗുര്‍മീത് സിങ് പറയുന്നു: "വാഹനങ്ങള്‍ നിയന്ത്രണമില്ലാത്ത നിലയിലായിരുന്നു. അവയില്‍ ഒരെണ്ണം ഓടിച്ചിരുന്നത് ആശിഷ് മിശ്രയാണ്. കര്‍ഷകര്‍ക്കുനേരെ വാഹനങ്ങള്‍ ഇടിച്ചുകയറ്റി. ഞങ്ങളുടെ നേതാവ് തേജേന്ദര്‍ സിങ് വിര്‍ക്ക് ഒരു കാറിനടിയില്‍ കുടുങ്ങി. അദ്ദേഹത്തെയും വലിച്ചിഴച്ച് കുറെ ദൂരം പോയി."  ഇതിന് ഒരാഴ്ച മുമ്പ് സ്ഥലം സന്ദര്‍ശിച്ച കേന്ദ്രമന്ത്രി അജയ് മിശ്ര കര്‍ഷകരെ ഭീഷണിപ്പെടുത്തിയിരുന്നു. മന്ത്രിയുടെ  ജന്മനാട് ലഖിംപുര്‍ ഖേരിയിലെ ബന്‍വീര്‍പുര്‍ ഗ്രാമത്തിലാണ്. കര്‍ഷകര്‍ സമരം ചെയ്യുന്നത് മന്ത്രിയെ രോഷം കൊള്ളിച്ചിരുന്നു. താനും കര്‍ഷകനാണെന്നും കര്‍ഷകര്‍ സമരം ചെയ്യേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. ആരെങ്കിലും പ്രതിഷേധിച്ചാല്‍ പിന്തിരിഞ്ഞോടാന്‍ പോലും കഴിയാത്തവിധം അവരെ കൈകാര്യം ചെയ്യുമെന്ന് സെപ്തംബര്‍ 25നു  മന്ത്രി പറഞ്ഞു. മന്ത്രിയുടെ ഈ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഒക്ടോബര്‍ മൂന്നിനു ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകര്‍ വന്‍തോതില്‍ സംഘടിച്ചത്. ഉപമുഖ്യമന്ത്രി മൗര്യ ഹെലികോപ്ടറില്‍ വന്നിറങ്ങിയശേഷം കാറില്‍ യാത്ര തുടരുമെന്നാണ് അറിയിച്ചിരുന്നത്. മൗര്യക്ക് അകമ്പടി നല്‍കാനാണ് കേന്ദ്രമന്ത്രിയുടെ മകനും സംഘവും എത്തിയത്. മൂന്ന് ആഡംബര കാറുകളാണ് ഉണ്ടായിരുന്നത്. ആശിഷ് മിശ്രയുടെ കാര്‍, കേന്ദ്രമന്ത്രിയുടെ പ്രതിനിധി ദീപക് തല്‍വാറിന്‍റെ കാര്‍, നമ്പര്‍ പ്ലേറ്റ് ഇല്ലാതിരുന്ന ഒരു പുതിയ കാര്‍ എന്നിവയാണ് കര്‍ഷകര്‍ക്കുനേരെ ഇടിച്ചുകയറ്റിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ദില്‍ജിത് സിങ്(35), ഗുര്‍വീന്ദര്‍ സിങ്(18), നച്ചത്തര്‍സിങ്(55), ലൗവ്പ്രീത് സിങ്(19) എന്നീ കര്‍ഷകരാണ് കൊല്ലപ്പെട്ടത്. ഇന്ത്യാ വിഭജനത്തിനുപിന്നാലെ പാകിസ്ഥാനില്‍നിന്നെത്തി ഇന്ത്യയില്‍ വാസമുറപ്പിച്ചവരുടെ പിന്മുറക്കാരാണ് ലഖിംപുര്‍ ഖേരിയിലെ സിഖ് കര്‍ഷകര്‍. മണ്ണില്‍ പൊന്നുവിളയിക്കുന്ന ഇവര്‍ രാജ്യസ്നേഹത്തിനും പോര്‍വീര്യത്തിലും ആര്‍ക്കും പിന്നലല്ല. ധീരദേശാഭിമാനികളായ ഈ കര്‍ഷകരെ 'ഖലിസ്ഥാന്‍കാരെന്ന്' ആക്ഷേപിക്കാനും മന്ത്രി അജയ്മിശ്ര തുനിഞ്ഞു.


കര്‍ഷകര്‍ക്കു നേരെ ഇടിച്ചുകയറ്റിയ കാറില്‍  അജയ്മിശ്രയുടെ മകന്‍ ആശിഷ്മിശ്രയും കാറിലുണ്ടായിരുന്നെന്ന് കാറിടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കര്‍ഷകനേതാവ് തേജിന്ദര്‍ വിര്‍ക്ക് വ്യക്തമാക്കി. ഗുരുഗ്രാമിലെ  ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമിക്കുകയാണ് വിര്‍ക്ക്. "ഞങ്ങളെ വകവരുത്താനുള്ള വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമായാണ് കാറിടിച്ചുകയറ്റിയത്. കര്‍ഷകരെ ലഖിംപുരില്‍ കാല്‍കുത്താന്‍ അനുവദിക്കില്ലെന്ന് അജയ്മിശ്ര വെല്ലുവിളിച്ചിരുന്നു.  ഈ പ്രസ്താവനയ്ക്ക് എതിരെ സമാധാനപൂര്‍വം പ്രതിഷേധിക്കാനാണ് ഞങ്ങള്‍ അവിടെ ഒത്തുകൂടിയത്. മന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാന്‍ ഞങ്ങള്‍ കാത്തുനില്‍ക്കുകയായിരുന്നു.  പകല്‍ മൂന്നായപ്പോള്‍ മന്ത്രി യാത്രാവഴി മാറ്റിയെന്ന് അറിയിപ്പു ലഭിച്ചു. തുടര്‍ന്ന്, ഞങ്ങള്‍ ശാന്തരായി മടങ്ങി. ഓര്‍ക്കാപ്പുറത്ത്, പിന്നില്‍ നിന്നും ഇരച്ചെത്തിയ കാര്‍ ഞങ്ങളെ ഇടിച്ചുവീഴ്ത്തി. കരുതിക്കൂട്ടി കര്‍ഷകരെ പിന്നില്‍ നിന്നും ഇടിച്ചിട്ട ശേഷം വീണുകിടക്കുന്നവരുടെ മുകളിലൂടെ വണ്ടി കയറ്റിയിറക്കി"ڊ തേജിന്ദര്‍വിര്‍ക്ക് പ്രതികരിച്ചു.

  ഈ കൊടുംക്രൂരതയ്ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നു. എന്നാല്‍ പ്രതിഷേധിച്ചവര്‍ക്കുനേരെയും  പൊലീസ് അതിക്രമം അഴിച്ചുവിട്ടു. ഡല്‍ഹിയില്‍ അഖിലേന്ത്യ കിസാന്‍സഭ ഫിനാന്‍സ് സെക്രട്ടറി പി കൃഷ്ണപ്രസാദ്, ജനാധിപത്യ മഹിള അസോസിയേഷന്‍ നേതാവ് ആശ ശര്‍മ എന്നിവരടക്കമുള്ളവരെ പൊലീസ് ക്രൂരമായി മര്‍ദിച്ചു.  ഡല്‍ഹിയിലെ യുപി ഭവനുമുന്നിലാണ് പൊലീസ് തേര്‍വാഴ്ച ഉണ്ടായത്. വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധത്തിനിടെ പി കൃഷ്ണപ്രസാദ് മാധ്യമങ്ങളോട് സംസാരിച്ചുതുടങ്ങിയപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ബലമായി പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചു. ജനാധിപത്യസ്വാതന്ത്ര്യം നിഷേധിക്കുന്നതില്‍ കൃഷ്ണപ്രസാദ് പ്രതിഷേധിച്ചു. പൊലീസിന്‍റെ നിലപാട് ഗുണ്ടായിസമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്ന് കൂടുതല്‍ പൊലീസുകാരെത്തി കൃഷ്ണപ്രസാദിനെ വലിച്ചിഴക്കുകയും പൊലീസ് വാഹനത്തിന്‍റെ അടുത്തേയ്ക്ക് കൊണ്ടുപോയി മര്‍ദ്ദിക്കുകയും ചെയ്തു. വയറ്റില്‍ പലപ്രാവശ്യം ബലമായി ഇടിച്ചു. ആശ ശര്‍മയെയും വലിച്ചിഴച്ച് മര്‍ദ്ദിച്ചു. അറസ്റ്റുചെയ്ത നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റി.

ജീവന്‍ നഷ്ടപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാനെത്തിയ ജനനേതാക്കളെ പൊലീസ് തടഞ്ഞു. കൂടുതല്‍ കര്‍ഷകര്‍ സംഭവസ്ഥലത്ത് എത്തുന്നതു തടയാന്‍ ജില്ലാഅതിര്‍ത്തികള്‍ അടച്ചിട്ടു. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി, ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ്ബാഗല്‍, പഞ്ചാബ്  മുഖ്യമന്ത്രി ചരണ്‍ജിത്സിങ് ചന്നി എന്നിവര്‍ക്കും സന്ദര്‍ശനാനുമതി നിഷേധിച്ചു. ലഖിംപുരിലേക്ക് പോയ പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ജിന്ദര്‍സിങ് രണ്‍ധാവയെയും കോണ്‍ഗ്രസ് എംഎല്‍എമാരെയും യുപി പൊലീസ് സഹരന്‍പുരില്‍ കസ്റ്റഡിയില്‍എടുത്തു. ലഖിംപുര്‍ڊഖേരിയിലേക്ക് തിരിച്ച സമാജ്വാദി പാര്‍ടി നേതാവ് അഖിലേഷ്യാദവിനെ അദ്ദേഹത്തിന്‍റെ വസതിക്കു പുറത്തുതന്നെ പൊലീസ് തടഞ്ഞു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് അഖിലേഷ്യാദവും അനുയായികളും റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ബികെയു നേതാവ് രാകേഷ് ടിക്കായത്ത്, ഭീംആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്, ആംആദ്മി നേതാവ് സഞ്ജയ്സിങ് തുടങ്ങിയവരുടെ വാഹനങ്ങളും പൊലീസ് ലഖിംപുരിലേക്കുള്ള വഴിയില്‍ തടഞ്ഞിട്ടു. അടിച്ചമര്‍ത്തല്‍ നടപടികള്‍ പുറംലോകം അറിയുന്നത് തടയാന്‍  ലഖിംപുര്‍ ഖേരിയില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. കര്‍ഷകസമരം ശക്തമാക്കുന്ന സ്ഥലങ്ങളില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ മരവിപ്പിക്കുന്നത് ബിജെപി സര്‍ക്കാരുകളുടെ പതിവാണ്. ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ മരവിപ്പിക്കുന്നത് പൗരന്‍മാരുടെ അറിയാനുള്ള അവകാശത്തിന്‍റെ നിഷേധമാണെന്ന്  കോടതികളും മനുഷ്യാവകാശസംഘടനകളും ആവര്‍ത്തിച്ചിട്ടും ബിജെപി സര്‍ക്കാരുകള്‍ ഈ നടപടി ആവര്‍ത്തിക്കുകയാണ് •