കോണ്‍ഗ്രസും ബിജെപിയും പ്രസരിപ്പിക്കുന്നത് മലീമസ രാഷ്ട്രീയം

സി പി നാരായണന്‍

കേരളത്തിലെ കോണ്‍ഗ്രസ്സിലെ തമ്മിലടിയെയും രാജിവയ്ക്കലിനെയും പുറത്താക്കലിനെയും കുറിച്ച് പറയുമ്പോള്‍ അതിന്‍റെ മാതൃപേടകത്തെകുറിച്ചു പറയാതിരിക്കാനാവില്ല. അഖിലേന്ത്യാതലത്തിലും കോണ്‍ഗ്രസ് നിര്‍ണായക നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അതിന്‍റെ പഞ്ചാബ് ഘടകത്തിലെ തൊഴുത്തില്‍ കുത്ത് തുടരുകയാണ്. ഭരണത്തിലുള്ള ഛത്തീസ്ഗഢിലും മുഖ്യമന്ത്രിയെ മാറ്റണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. മുഖ്യമന്ത്രി സ്ഥാനം, നേതൃപദവി എന്നിവയെച്ചൊല്ലിയാണ് തര്‍ക്കം. അത് മറ്റ് പല സംസ്ഥാനങ്ങളിലും ഉണ്ട്, കേരളത്തിലെപ്പോലെ എന്നാല്‍ ഭരണമോ വലിയ ജനസ്വാധീനമോ ഇല്ലാത്ത സംസ്ഥാനങ്ങളില്‍പോലും നേതാക്കളുടെയും അണികളുടെയും കൊഴിഞ്ഞുപോക്ക് ഗണ്യമായ തോതിലുണ്ട്.

കേന്ദ്രതലത്തില്‍ രണ്ടു ഡസനോളം നേതാക്കള്‍ ഇടഞ്ഞാണ് നില്‍പ്പ്. അവരെ വിളിച്ചു സംസാരിച്ച് പ്രശ്ന പരിഹാരത്തിനു മുതിരാനാകാത്തവിധം സോണിയ, രാഹുല്‍, പ്രിയങ്കാഗാന്ധിമാരില്‍ ഒതുങ്ങുന്നതായി ചുരുങ്ങിയിരിക്കുന്നു യഥാര്‍ഥത്തില്‍ നേതൃത്വം. അവരാണെങ്കില്‍ പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെക്കൊണ്ട് രാജിവെപ്പിച്ചു, പിസിസി പ്രസിഡന്‍റ് സിദ്ദുവിന്‍റെ ശിപാര്‍ശയില്‍. എന്നാല്‍, സിദ്ദു നിര്‍ദേശിച്ചയാളെ പുതിയ മുഖ്യമന്ത്രിയാക്കാതെ ചരണ്‍ജിത് സിങ്ങ് ചന്നിയെ നിയോഗിച്ചു. അങ്ങനെ സിദ്ദുവും അമരീന്ദറും ഫലത്തില്‍ വിമതന്മാരാക്കപ്പെട്ടു. ഇത്തരത്തില്‍ ഇരിക്കുന്ന കൊമ്പും മരമാകെയും വെട്ടിവീഴ്ത്തുന്ന പ്രക്രിയയിലാണ് കോണ്‍ഗ്രസിന്‍റെ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ പൊതുവില്‍ ഇപ്പോള്‍.


ഭരണകക്ഷിയായ ബിജെപിയുടെ സംഘടനാപരമായ സ്ഥിതി മെച്ചമാണെന്നു പറയാനാവില്ല. കേരളം, പശ്ചിമബംഗാള്‍ മുതലായ പല സംസ്ഥാനങ്ങളിലും ഉള്‍പാര്‍ടി പ്രശ്നങ്ങള്‍ മൂലം അതത് സംസ്ഥാനങ്ങളില്‍ വളര്‍ച്ചയിലാണ് അത് എന്നു പറയാനാവില്ല. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍, കര്‍ണാടകം ഒഴികെ, ഇതാണ് സ്ഥിതി. ഉത്തരേന്ത്യയില്‍ പലേടങ്ങളിലും ഭരണത്തിലാണെങ്കിലും പല തരത്തിലുള്ള ആഭ്യന്തരപ്രശ്നങ്ങളെ അത് നേരിടുന്നു. കേന്ദ്രതലത്തില്‍ ഗൗരവമായ വെല്ലുവിളി നേരിടുന്നില്ല എന്നതു മാത്രമാണ് അവര്‍ക്ക് ഇപ്പോള്‍ ആശ്വാസത്തിനു വക നല്‍കുന്നത്. പക്ഷേ, അവിടെയും നരേന്ദ്രമോഡിയുടെ അമിതാധികാരത്തോടുള്ള എതിര്‍പ്പ് വര്‍ധിച്ചു വരുന്നുണ്ട് എന്ന വസ്തുത കാണാതിരുന്നു കൂട.


സംഘടനാപരം മാത്രമല്ല അവ നേരിടുന്ന പ്രശ്നം. അവ പിന്തുടരുന്ന നയസമീപനം മൊത്തത്തില്‍ നവഉദാരവല്‍ക്കരണത്തിന്‍റേതാണ്, 1990കള്‍ മുതല്‍. അതിനു മുമ്പ് അത് ഉദാരവല്‍ക്കരണത്തിന്‍റേത് (ലിബറലിസം) മാത്രമായിരുന്നു. രണ്ടും ആഗോളതലത്തില്‍ മുതലാളിത്തത്തിന്‍റെ നയമാണ്. അത് അന്ധമായി പിന്തുടരുകയാണ് അഖിലേന്ത്യാതലത്തില്‍ രണ്ടു പാര്‍ടികളും ചെയ്യുന്നത്. അവ പരസ്പരം തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുമ്പോഴും ഒരേ സാമ്പത്തികനയമാണ് പിന്തുടരുന്നത്. ഒരു വ്യത്യാസമേയുള്ളൂ. ബിജെപി ഹിന്ദുരാഷ്ട്ര സ്ഥാപനം ലക്ഷ്യമാക്കിയുള്ള വര്‍ഗീയനയം പിന്തുടരുമ്പോള്‍, മതനിരപേക്ഷത നടിച്ച് മൃദുഹിന്ദുത്വനയം പിന്തുടരുകയാണ് കുറെ കാലമായി കോണ്‍ഗ്രസ് ചെയ്തുകൊണ്ടിരിക്കുന്നത്.


ബിജെപിയുടെ നിഴലായി മാറിയിരിക്കുകയാണ് ഇത്തരത്തില്‍ ബിജെപി പിന്തുടരുന്ന സാമ്പത്തികനയം പിന്തുടരുന്നതിലൂടെ കോണ്‍ഗ്രസ്. തങ്ങളാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഭരണനയമായി നവഉദാരവല്‍ക്കരണത്തെ ആദ്യം കൊണ്ടുവന്നത് എന്നു കോണ്‍ഗ്രസ് വാദിക്കും. തങ്ങളെ അനുകരിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും അവര്‍ പറഞ്ഞേക്കാം. അവരില്‍ ആര് ആദ്യം ഈ നയം ആവിഷ്കരിച്ചു നടപ്പാക്കി എന്നതല്ല പ്രശ്നം. പണിയെടുത്തു ജീവിക്കുന്ന കര്‍ഷകരും തൊഴിലാളികളും ജീവനക്കാരുമായ ജനകോടികളുടെ അരിയില്‍ മണ്ണിടുകയാണ് നവഉദാരവല്‍ക്കരണ നയം പിന്തുടരുന്നവര്‍ ചെയ്യുന്നത്. ശതകോടീശ്വരരുടെ നിലനില്‍പ്പും വളര്‍ച്ചയും മാത്രമാണ് ഈ അധികാരരാഷ്ട്രീയക്കാര്‍ക്ക് പ്രധാന പ്രശ്നം. അതുകൊണ്ടാണ് പത്തുമാസത്തിലേറെയായി തുടര്‍ച്ചയായി സമരത്തിലുള്ള കൃഷിക്കാരുടെയും തൊഴിലാളികളുടെയും പ്രശ്നം പരിഹരിക്കുന്നതില്‍ ഈ അധികാര രാഷ്ട്രീയക്കാര്‍ താല്‍പ്പര്യം കാണിക്കാത്തത്.

ഇങ്ങനെ ഭരണകക്ഷിയും പ്രധാന പ്രതിപക്ഷവും ഒരേ സാമ്പത്തികഭരണനയങ്ങള്‍ പിന്തുടരുന്നത് രാജ്യത്തിന്‍റെ രാഷ്ട്രീയമണ്ഡലത്തില്‍ ഒരു തരത്തിലുള്ള മുരടിപ്പ് ഉണ്ടാക്കിയിരിക്കുന്നു. ഇത് ഇന്ത്യയിലെ മാത്രം സ്ഥിതിയല്ല. മുതലാളിത്ത ഭരണകൂടങ്ങള്‍ നിലനില്‍ക്കുന്ന പ്രമുഖ രാജ്യങ്ങളിലെയെല്ലാം സ്ഥിതിയാണ്. അമേരിക്ക, ബ്രിട്ടന്‍, മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലെയും, ജപ്പാന്‍, ആസ്ട്രേലിയ, കാനഡ, ബ്രസീല്‍ മുതലായ രാജ്യങ്ങളിലെയും സ്ഥിതി ഏറെക്കുറെ അതാണ്. ട്രംപ് പ്രസിഡന്‍റായിരിക്കെ നടപ്പാക്കിയിരുന്ന നയങ്ങള്‍ തന്നെ പിന്തുടരാന്‍ ട്രംപിന്‍റെ വിമര്‍ശകനും എതിരാളിയും ആയിരുന്ന ഇപ്പോഴത്തെ പ്രസിഡന്‍റ് ബൈഡന്‍ അമേരിക്കയില്‍ നിര്‍ബന്ധിതനായത് രണ്ടു പാര്‍ടികളും നവഉദാരവല്‍ക്കരണ നയം ബഹുരാഷ്ട്ര കുത്തകകള്‍ക്കായി പിന്തുടരുന്നതുകൊണ്ടാണ്. നവഉദാരവല്‍ക്കരണ നയമാണെങ്കില്‍ തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുകയുമാണ്.

മുമ്പുതന്നെ സ്വന്തം സംഘടനാപ്രശ്നങ്ങളില്‍ മുങ്ങിത്താഴാന്‍ തുടങ്ങിയ കോണ്‍ഗ്രസിനും ബിജെപിക്കും ഈ ഭരണനയത്തിന്‍റെ തകര്‍ച്ച കൂടിയായപ്പോള്‍ തകര്‍ച്ച ഗുരുതരമായി. ഈ പ്രതിസന്ധിയെ തരണം ചെയ്യാന്‍ കഴിയുന്ന നയപരമോ വ്യക്തിപരമോ ആയ ഇടപെടല്‍ നടത്താന്‍ ശേഷിയുള്ള നേതാവോ നേതൃസംഘമോ ഇല്ലാത്തത് അവയുടെ പ്രതിസന്ധി മൂര്‍ഛിപ്പിക്കുന്നു. ആര്‍എസ്എസിന്‍റെ ഹിന്ദുത്വമൂശയിലാണ് ബിജെപി വാര്‍ത്തെടുക്കപ്പെട്ടിട്ടുള്ളത്. അത് പിന്തുടരുന്നത് ജനങ്ങളെ ഏകോപിപ്പിക്കുന്ന നയമല്ല; മതപരമായ ഭിന്നതയും ശത്രുതയും വളര്‍ത്തി ജനങ്ങളെ തമ്മിലടിപ്പിച്ച് അതിന്‍റെ ഓളപ്പാത്തിയില്‍ അവരെ അന്ധരായി നിലനിര്‍ത്തുന്നതിലാണ്. വിദ്യാഭ്യാസ പുരോഗതി നേടിയ, സഹിഷ്ണുതയും മതമൈത്രിയും ഏറെക്കാലമായി പുലര്‍ന്നുവരുന്നതും പല സാമൂഹ്യപരിഷ്കര്‍ത്താക്കളും സ്നേഹത്തിന്‍റെയും സമത്വത്തിന്‍റെയും വിശാലമായ ഐക്യത്തിന്‍റെയും അതെല്ലാം വഴിയുള്ള വിശാലമായ സാഹോദര്യത്തിന്‍റെയും പാത പഠിപ്പിച്ചുറപ്പിച്ച ഒരു രാജ്യത്ത് ആര്‍എസ്എസ്-ബിജെപിയുടെ ലക്ഷ്യം വിജയിപ്പിക്കുക എളുപ്പമല്ല. അതിനെ ദുര്‍ബലമായി അനുകരിക്കുന്ന കോണ്‍ഗ്രസ്സിനും ഇന്നത്തെ സ്ഥിതിയില്‍ മുന്നേറാനാകില്ല.

ഇത്തരമൊരു സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ സാഹചര്യം നിലനില്‍ക്കുന്നതുകൊണ്ടാണ് കോണ്‍ഗ്രസ് നേതൃത്വത്തിനു കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തകര്‍ച്ച നേരിടുന്നത്. അതിന്‍റെ അണികളായി വരുന്ന ചെറുപ്പക്കാര്‍ക്ക്, രാജ്യത്തെ ജനങ്ങളെ ദുരിതങ്ങളില്‍നിന്നു കരകയറ്റുന്ന നയസമീപനം നടപ്പാക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് എല്ലാം പി എസ് പ്രശാന്തും കെ പി അനില്‍കുമാറും മറ്റുള്ളവരും ചെയ്തതുപോലെ, മുങ്ങിത്താഴാന്‍ പോകുന്ന കോണ്‍ഗ്രസ് കപ്പലില്‍ നിന്ന് രക്ഷപ്പെടുകയേ നിര്‍വാഹമുള്ളൂ. ജനസാമാന്യത്തിന്‍റെ അടിയന്തര പ്രശ്നങ്ങള്‍ പരിഹരിക്കുകയും ജനങ്ങളെയും രാജ്യത്തെയും വീണ്ടെടുപ്പിന്‍റെ പാതയിലൂടെ നയിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ഇടതുപക്ഷ-ജനാധിപത്യകക്ഷികളാണല്ലോ. കേരളം അക്കാര്യത്തില്‍ കൈക്കൊള്ളുന്ന ഭരണനടപടികള്‍ രാജ്യത്ത് മാത്രമല്ല, വിദേശങ്ങളിലും തൊഴിലെടുത്തു ജീവിക്കുന്നവര്‍ക്കെല്ലാം വലിയ പ്രതീക്ഷ നല്‍കുന്നു. അതുപോലെ തമിഴ്നാട് മുതലായ ചില സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്ന ബദല്‍നയങ്ങളും.

ഇത്തരത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസവും സംരക്ഷണവും പ്രതീക്ഷയും പകരുന്ന നയങ്ങള്‍ പിന്തുടരുന്ന മുന്നണികളെയും അവയുടെ സര്‍ക്കാരുകളെയും അപവാദങ്ങള്‍ പ്രചരിപ്പിച്ചും കള്ളം പറഞ്ഞും ജനസമക്ഷം കരിതേച്ചു കാണിക്കാനാണ് ബിജെപിയും കോണ്‍ഗ്രസും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അക്കാര്യത്തിലും നവഉദാരവല്‍ക്കരണ നയം തന്നെയാണ് അവ പിന്തുടരുന്നത്. കോണ്‍ഗ്രസ് ആദിവാസി-ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും അനുകൂലമായ നയങ്ങളും നടപടികളുമാണ് മുമ്പ് കൈക്കൊണ്ടിരുന്നത്. ബിജെപിയെ അനുകരിക്കുകയും ഇടതുപക്ഷത്തെ എതിര്‍ക്കുകയും ചെയ്യുന്ന നയം സ്വീകരിച്ചതോടെ മുമ്പ് പിന്തുടര്‍ന്നുവന്ന നയസമീപനം കോണ്‍ഗ്രസ് പാടെ ഉപേക്ഷിച്ച മട്ടാണ്. അതുകൊണ്ടാണ് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് വിടുന്ന നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറുന്നത്. കോണ്‍ഗ്രസ് അവരെ പഠിപ്പിച്ചത് മതനിരപേക്ഷ ജനാധിപത്യമോ ജനപക്ഷ പ്രവര്‍ത്തനമോ അല്ല, ഏതെങ്കിലും തരത്തില്‍ അധികാരത്തിലേക്കും പദവിയിലേക്കുമുള്ള കുറുക്കുവഴിയാണ് എന്നാണ് അവരുടെ പോക്ക് സൂചിപ്പിക്കുന്നത്.


യുപിയിലെ ലഖിംപൂര്‍ ഖേരിയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്മിശ്രയുടെ മകന്‍ ആശീഷ് മിശ്രയുടെ നേതൃത്വത്തില്‍ ഒരു സംഘം ബിജെപിക്കാര്‍, സമരം ചെയ്യുന്ന കര്‍ഷകരുടെ മേല്‍ വാഹനം കയറ്റി പലരും മരിക്കാന്‍ ഇടയാക്കിയ സംഭവം ആര്‍എസ്എസ്-ബിജെപി വാഴ്ചയുടെ ഭീകരരൂപത്തെ വെളിവാക്കുന്നു. അതില്‍പോലും പ്രതിപക്ഷ പാര്‍ടികളെയാകെ ഏകോപിപ്പിക്കുന്നതിനു മുന്‍കയ്യെടുക്കാന്‍ കോണ്‍ഗ്രസ്സിനു കഴിഞ്ഞിട്ടില്ല. തമ്മിലടിക്കുന്നതിലും പരസ്പരദൂഷണം പ്രചരിപ്പിക്കുന്നതിലുമാണ്, അല്ലെങ്കില്‍ നിഷ്ക്രിയമായിരിക്കുന്നതില്‍ ആണ്, കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ 'മികവ്' പ്രകടമാകുന്നത്.

അതുപറയുമ്പോഴാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെക്കുറിച്ച് ഓര്‍മ വരുന്നത്. ഇവിടത്തെ പ്രധാന പ്രതിപക്ഷമെന്ന നിലയില്‍ ഭരണത്തെയും അതിനു നേതൃത്വം നല്‍കുന്നവരെയും വിമര്‍ശിക്കുന്നതും എതിര്‍ക്കുന്നതും മനസ്സിലാക്കാം. പക്ഷേ, വസ്തുതകളില്‍ ഊന്നി വേണ്ടേ അതൊക്കെ ചെയ്യാന്‍? എന്നാല്‍, കേരളത്തില്‍ കോണ്‍ഗ്രസിന്‍റെ പാരമ്പര്യം അതല്ല. സത്യം പറയുന്നതില്‍ കടുത്ത നിഷ്കര്‍ഷ കാണിച്ചയാളായിരുന്നു മഹാത്മാഗാന്ധി. അദ്ദേഹത്തിന്‍റെ പേര് സ്ഥാനത്തും അസ്ഥാനത്തും ഉദ്ധരിക്കുന്ന കോണ്‍ഗ്രസ് നേതാക്കളില്‍ മിക്കവര്‍ക്കും സത്യത്തില്‍ താല്‍പ്പര്യം അസത്യത്തിലാണ്. അവരെ വളര്‍ത്തുന്നതില്‍ വലിയ താല്‍പ്പര്യം കാണിച്ചുപോന്നിട്ടുള്ള ചില മാധ്യമങ്ങളെപ്പോലെ അവര്‍ക്കും ഒരു അടിസ്ഥാനവുമില്ലാത്ത കള്ളങ്ങള്‍ കെട്ടിച്ചമച്ചു പ്രചരിപ്പിക്കുന്നതിലാണ് താല്‍പ്പര്യം. അത് അവരുടെ ഒഴിവാക്കാനാവാത്ത ശീലമായി തീര്‍ന്നിരിക്കുന്നു.


2020 ജൂലൈ മുതല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണം പിടിക്കപ്പെട്ടതിനെ തുടര്‍ന്നു എന്തെല്ലാം കള്ളങ്ങളാണ് അവര്‍ പ്രചരിപ്പിച്ചത്. അതിനു അവര്‍ക്ക് ജനങ്ങള്‍ നല്‍കിയ ശിക്ഷയാണല്ലൊ തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍. അതോടെ കോണ്‍ഗ്രസ് നേതാക്കളില്‍ മാറ്റം വന്നു. മാറ്റം വരുന്നത് പക്ഷേ ഒരു കാര്യത്തില്‍ മാത്രം -കള്ളം പറയുന്നതിലും പ്രചരിപ്പിക്കുന്നതിലും.


പുതിയ കെപിസിസി പ്രസിഡന്‍റിനു ഇക്കാര്യത്തില്‍ അസാമാന്യമായ നാവുവഴക്കമുണ്ട് എന്നത് ഭുവന പ്രസിദ്ധമാണ്. മോന്‍സന്‍റെ പുരാവസ്തു മ്യൂസിയം എന്ന പാഴ്വസ്തു പ്രദര്‍ശനശാലയ്ക്കു അവകാശപ്പെടാനാവാത്ത യാഥാര്‍ഥ്യ പ്രതീതി നല്‍കാനാണ് കെ സുധാകരന്‍ കെപിസിസി പ്രസിഡന്‍റ് ആകുന്നതിനുമുമ്പും അതിനു ശേഷവും ശ്രമിച്ചത്. വ്യാജ വസ്തുവിനെയും അസത്യത്തെയും അസ്സല്‍ വസ്തുവും വസ്തുതയുമാക്കി മാറ്റാന്‍ തന്‍റെ നാവിനെയും പദവിയെയും വാടകക്ക് കൊടുക്കുന്ന പ്രവൃത്തിയാണത്. അതിനെ ന്യായീകരിക്കലായിരിക്കുന്നു വി ഡി സതീശന്‍റെയും പി ടി തോമസിന്‍റെയും കെ മുരളീധരന്‍റെയും ഒക്കെ പ്രധാന ജോലി ഇന്ന്. അതിനിടെ സഖ്യകക്ഷികളായ മുസ്ലീം ലീഗിനും ജോസഫ് കേരളക്കും ഓരോ ഇടിയും കുത്തും കൊടുക്കാനും അവര്‍ മറക്കാറില്ല.


ഇക്കാര്യത്തില്‍ കെ സുധാകരന്‍ നയിക്കുന്ന കോണ്‍ഗ്രസ്സും കെ സുരേന്ദ്രന്‍ നയിക്കുന്ന ബിജെപിയും തമ്മില്‍ ഒരു മത്സരം തന്നെയാണ്. ആരാണ് കൂടുതല്‍ കള്ളം പ്രചരിപ്പിക്കുക, ആളുകളെ ഭള്ളു പറയുക, ഇമ്മാതിരി പ്രവൃത്തികളിലൂടെ രാഷ്ട്രീയത്തെ ഏറ്റവും മലീമസവും കലുഷവുമാക്കുക. ഇക്കാര്യങ്ങളില്‍ വലിയ മത്സരമാണ് ഈ രണ്ടു വലതുപക്ഷ പാര്‍ടികള്‍ തമ്മില്‍ നടക്കുന്നത് •