ധനഉത്തരവാദിത്ത നിയമങ്ങള്‍: സംസ്ഥാന ധനകാര്യസ്വാതന്ത്ര്യത്തിന് മേലുള്ള കൂച്ചുവിലങ്ങ്

ഡോ. ടി എം തോമസ് ഐസക്

1991ലെ പ്രതിസന്ധിക്കാലത്ത് ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ട ഒരു പ്രയോഗമാണ് ഇന്ത്യ നേരിടുന്ന ഇരട്ട കമ്മികള്‍: വിദേശ വിനിമയത്തിലെ അടവ് ശിഷ്ട കമ്മിയും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ബജറ്റ് കമ്മിയും. അടവുശിഷ്ട കമ്മിയാണ് വിദേശ വിനിമയ പ്രതിസന്ധിയിലേക്ക് നയിച്ചത്. വര്‍ദ്ധിക്കുന്ന സര്‍ക്കാര്‍ കമ്മി രാജ്യത്തെ മൊത്തം ഡിമാന്‍റ് ഉയരുന്നതിന് ഇടയാക്കും. ഇതുമൂലം ഇറക്കുമതി കൂടും.  അടവുശിഷ്ട കമ്മി കൂടുതല്‍ രൂക്ഷമാകും.  


ധനക്കമ്മി എന്നത് അതിലളിതമായി പറഞ്ഞാല്‍ സര്‍ക്കാര്‍ എടുക്കുന്ന വായ്പയ്ക്ക് തുല്യമാണ്.  സര്‍ക്കാരിന്‍റെ മൊത്തം ചെലവില്‍ നിന്ന് റവന്യൂ വരുമാനവും ബാധ്യതകള്‍ സൃഷ്ടിക്കാത്ത മൂലധനവരുമാനവും കിഴിച്ചാല്‍ കിട്ടുന്ന തുകയാണ് ധനക്കമ്മി.  പട്ടികയില്‍ കേന്ദ്രത്തിന്‍റെയും സംസ്ഥാന സര്‍ക്കാരുകളുടെയും ധനക്കമ്മിയുടെ 10 വര്‍ഷത്തെ ശരാശരി കണക്ക് നല്‍കിയിട്ടുണ്ട്. രണ്ട് സര്‍ക്കാരുകളുടെയും കമ്മി 70കള്‍ മുതല്‍ ഗണ്യമായി ഉയര്‍ന്നു.  

1970കളില്‍ കേന്ദ്രത്തിന്‍റെ ധനക്കമ്മി ദേശീയ വരുമാനത്തിന്‍റെ 3.64 ശതമാനമായിരുന്നത് 80കളില്‍ 6.56 ശതമാനമായി ഉയര്‍ന്നു. 1990കളിലുമിത് 5.72 ശതമാനമായി. സംസ്ഥാനങ്ങളുടെ ധനക്കമ്മി 1970കളില്‍ 1.94 ശതമാനമായിരുന്നു. 80കളില്‍ 2.76 ശതമാനമായി.  1990കളില്‍ 3 ശതമാനമായി വീണ്ടും ഉയര്‍ന്നു. ഇരു സര്‍ക്കാരുകളുടെയും കമ്മി മൊത്തത്തില്‍ എടുക്കുമ്പോള്‍ സ്ഥിതിയുടെ ഗൗരവാവസ്ഥ കൂടുതല്‍ ബോധ്യമാവും. 1970കളില്‍ ഇന്ത്യയുടെ മൊത്തം ധനകമ്മി ദേശീയ വരുമാനത്തിന്‍റെ 5.61 ശതമാനമായിരുന്നു. 1980കളില്‍ ഇത് 9.32 ശതമാനമായി ഉയര്‍ന്നു. 1990കളില്‍ നിയോലിബറലിസം നടപ്പായി തുടങ്ങിയിട്ടും ധനക്കമ്മി 8.72 ശതമാനമായി തുടര്‍ന്നു.


ധനക്കമ്മിയുടെ പ്രത്യാഘാതങ്ങള്‍
ധനക്കമ്മി ഉയരുന്നത് നിയോലിബറലിസത്തിന്‍റെ അടിസ്ഥാന തത്ത്വങ്ങള്‍ക്ക് വിരുദ്ധമാണ്.  സര്‍ക്കാരുകള്‍ വരുമാനത്തിന് അനുസരിച്ച് ചെലവ് നടത്തിയാല്‍ മതി എന്നതാണ് നിയോലിബറലിസം സ്വീകരിക്കുന്ന പൊതു നിലപാട്.  വരുമാനത്തേക്കാള്‍ കൂടുതല്‍ ചെലവാക്കിയാല്‍ അത് മൊത്തം ഡിമാന്‍ഡിനെ ഉയര്‍ത്തുമെന്നും വിലക്കയറ്റത്തിലേക്ക് നയിക്കുമെന്നുമാണ് അവരുടെ ഭയപ്പാട്.വിലക്കയറ്റം ഉയരുമ്പോള്‍ വിദേശ മൂലധനം രാജ്യത്തേക്ക് വരാന്‍ മടിക്കും. ആദ്യ ഖണ്ഡികയില്‍ സൂചിപ്പിച്ചതുപോലെ ഇത് അടവ് ശിഷ്ട കമ്മി രൂക്ഷമാക്കും.  

രണ്ടാമതൊരു വാദം ധനക്കമ്മി പെരുകിയാല്‍ രാജ്യം കടക്കെണിയിലാകും എന്നതാണ്. കടം വര്‍ദ്ധിക്കുമ്പോള്‍ ഭാവിയില്‍ മുതലും പലിശയും തിരിച്ചു കൊടുക്കണമല്ലോ; അതുകൊണ്ട് നിയന്ത്രണമില്ലാതെ കടഭാരം ഉയര്‍ന്നാല്‍ വരുമാനത്തിന്‍റെ നല്ല പങ്ക് കടം തിരിച്ചടവിന് നീക്കിവെയ്ക്കേണ്ടിവരും. അവസാനം കടംമേടിക്കുന്ന പണം തിരിച്ചടവിന് തികയാതെവരും.  ഇതൊക്കെ പറഞ്ഞാണ് നമ്മെ ആകെ പരിഭ്രമിപ്പിക്കുക.

ധന ഉത്തരവാദിത്ത നിയമങ്ങള്‍
മേല്‍പ്പറഞ്ഞ കാരണങ്ങള്‍ കൊണ്ട് സര്‍ക്കാര്‍ എത്ര ചെലവാക്കാം അഥവാ കമ്മി എത്രവരെയാകാം എന്നത് സംബന്ധിച്ച് നിയമം വേണമെന്ന് വാദമുയര്‍ന്നു. യൂറോപ്യന്‍ യൂണിയന്‍ ഇത്തരം ഒരു നിയമം പാസ്സാക്കിയിട്ടുണ്ട്. ഇന്ത്യയിലും ഇത്തരം ഒരു നിയമം ഉണ്ടെങ്കിലേ കമ്മി കുറച്ചുകൊണ്ടുവരാനാകൂ എന്ന ന്യായം പറഞ്ഞ് 2003ല്‍ കേന്ദ്രസര്‍ക്കാര്‍ ഒരു മാതൃകാ നിയമം പാസ്സാക്കി.  ഈ കേന്ദ്ര നിയമത്തിന്‍റെ മാതൃകയില്‍ എല്ലാ സംസ്ഥാനങ്ങളും നിയമം പാസ്സാക്കാന്‍ ബാധ്യസ്ഥരാണ്. ധനഉത്തരവാദിത്ത നിയമത്തിന്‍റെ ലക്ഷ്യം മുഖ്യമായും നാലാണ്.  


ഒന്ന്, കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ധനക്കമ്മി ദേശീയ വരുമാനത്തിന്‍റെ 3 ശതമാനത്തില്‍ അധികരിക്കാനാവില്ല. എന്തുകൊണ്ട് മൂന്ന്? നാലായിക്കൂടേ?  ഇത് തീരുമാനിക്കാന്‍ സൈദ്ധാന്തികമായിട്ടുള്ള അടിത്തറയൊന്നുമില്ല. യൂറോപ്യന്‍ യൂണിയന്‍ 3 നിശ്ചയിച്ചു, നമ്മളും അതനുകരിച്ചു.

രണ്ട്, കടമെടുക്കുന്ന പണം ആസ്തികള്‍ സൃഷ്ടിക്കുന്ന മൂലധനച്ചെലവിനേ ഉപയോഗിക്കാന്‍ പാടുള്ളൂ.  സര്‍ക്കാരിന്‍റെ ദൈനംദിന ചെലവിന്, അതായത് റവന്യൂ ചെലവിന് ഉപയോഗിക്കാന്‍ പാടില്ല.റവന്യൂ ചെലവ് റവന്യൂവരുമാനത്തേക്കാള്‍ കൂടാന്‍ പാടില്ല. എന്നുവെച്ചാല്‍ റവന്യൂ കമ്മി പാടില്ല. പട്ടികയില്‍ കാണാവുന്നതുപോലെ ധനകമ്മി പോലെ തന്നെ റവന്യൂ കമ്മിയും കേന്ദ്രത്തിലും സംസ്ഥാനത്തിലും വര്‍ദ്ധിച്ചുവരികയാണ്.  ഇതില്ലാതാക്കണം.

മൂന്ന്, സര്‍ക്കാര്‍ ഗ്യാരന്‍റി കൊടുക്കുന്നത് നിയന്ത്രിക്കണം.  ഇതിനു പ്രത്യേക നിയമം പാസ്സാക്കണം.  കാരണം ഗ്യാരന്‍റി കൊടുക്കുമ്പോള്‍ സര്‍ക്കാര്‍ ബാധ്യത ഏറ്റെടുക്കുകയാണല്ലോ.  എങ്കിലും ഇതുസംബന്ധിച്ച വ്യവസ്ഥകള്‍ അത്ര കര്‍ക്കശമല്ല.  എന്ത് നിയമം വേണമെന്ന് ഓരോ സംസ്ഥാനത്തിനും തീരുമാനിക്കാം.

നാല്, മേല്‍പ്പറഞ്ഞ ലക്ഷ്യങ്ങള്‍ എത്രമാത്രം കൈവരിച്ചു എന്ന് എല്ലാ വര്‍ഷവും വിലയിരുത്തണം. അതിലേക്ക് നീങ്ങുന്നതിന് അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സ്വീകരിക്കാന്‍ പോകുന്ന നടപടികളെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി ബജറ്റിനോടൊപ്പം നിയമസഭയില്‍ അവതരിപ്പിക്കണം. 

സംസ്ഥാനത്തിന് കൂച്ചുവിലങ്ങ്, കേന്ദ്രത്തിന് സ്വാതന്ത്ര്യം
 ധന ഉത്തരവാദിത്ത നിയമങ്ങള്‍ പാസാക്കിയതിന് ശേഷം എന്തുണ്ടായി? സംസ്ഥാനങ്ങള്‍ നിയമം പാലിച്ചു. നിയമം പാസാക്കിയതിന് ശേഷം ധനക്കമ്മി മൂന്ന് ശതമാനത്തിലേക്ക് പരിമിതപ്പെട്ടു.  2010-11 മുതല്‍ 2016-17 വരെയുള്ള കാലത്ത് സംസ്ഥാനങ്ങളുടെ മൊത്തം ധനക്കമ്മി 2.48 ശതമാനം മാത്രമാണ്. 3% വായ്പ എടുക്കാന്‍ അനുവാദം ഉണ്ടെങ്കിലും എല്ലാ സംസ്ഥാനങ്ങളും അത് ഉപയോഗപ്പെടുത്തിയില്ല. റവന്യൂ കമ്മി ഏതാണ്ട് പൂര്‍ണ്ണമായും ഇല്ലാതാക്കി എന്നു പറയാം. 1% ആയിരുന്ന റവന്യൂ കമ്മി 0.005 ആയി താഴ്ന്നു. ഭൂരിപക്ഷം സംസ്ഥാനങ്ങളും ഇന്ന് റവന്യൂ മിച്ച സംസ്ഥാനങ്ങളാണ്.  

എന്നാല്‍ കേന്ദ്രത്തിന്‍റെ ചിത്രം നേര്‍വിപരീതമാണ്. 1990കളില്‍ 5.72% ആയിരുന്നു കേന്ദ്രത്തിന്‍റെ ധനക്കമ്മി. അത് 4.52% ആയി കുറഞ്ഞിട്ടുണ്ട്. പക്ഷേ 3 ശതമാനമേ അനുവദനീയമായിട്ടുള്ളൂ എന്നോര്‍ക്കണം. കേന്ദ്ര റവന്യൂ കമ്മിയില്‍ പുതിയ നിയമം ഒരു മാറ്റവും ഉണ്ടാക്കിയിട്ടില്ല.  മുന്‍ ദശാബ്ദങ്ങളിലെ പോലെ 3 ശതമാനത്തിന് മുകളിലാണ് ഇപ്പോഴും റവന്യൂ കമ്മി. (പട്ടിക കാണുക). ഇതിന്‍റെ ഫലമായി കേന്ദ്ര സര്‍ക്കാര്‍ വായ്പ എടുക്കുന്നതിന്‍റെ 70% തുകയും 2010-11 മുതല്‍ 2016-17 വരെയുള്ള കാലയളവില്‍ റവന്യൂ ചെലവിന് വേണ്ടിയാണ് ഉപയോഗപ്പെടുത്തിയത്.  ഇതിന്‍റെ ഫലമായി കേന്ദ്ര സര്‍ക്കാരിന്‍റെ മൂലധന ചെലവ് ഗണ്യമായി കുറഞ്ഞു. എന്നാല്‍ സംസ്ഥാനങ്ങള്‍ വായ്പ എടുക്കുന്നത് ഏതാണ്ട് പൂര്‍ണ്ണമായും മൂലധന ചെലവിന് വേണ്ടിയാണ്  ഉപയോഗപ്പെടുത്തുന്നത്.  

ചുരുക്കത്തില്‍ ധനഉത്തരവാദിത്ത നിയമങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ടു.  കേന്ദ്ര സര്‍ക്കാരാവട്ടെ മുന്‍കാലത്തെ പോലെതന്നെ സര്‍വ്വസ്വതന്ത്രമായി തുടരുന്നു. സംസ്ഥാന സര്‍ക്കാരുകളുടെ മേല്‍ ധനഉത്തരവാദിത്ത നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിന് ഭരണഘടനാപരമായി നിശ്ചയിക്കപ്പെടുന്ന യൂണിയന്‍ ധനകാര്യ കമ്മീഷനുകള്‍ ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഭരണഘടയില്‍ വിഭാവനം ചെയ്യുന്നില്ലെങ്കിലും ധനകാര്യ കമ്മീഷന്‍റെ തീര്‍പ്പുകളുടെ അടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളിലേക്കുള്ള ധനവിന്യാസം കൂടുതല്‍കൂടുതല്‍ നിബന്ധനകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. പന്ത്രണ്ടാം ധനകാര്യ കമ്മീഷന്‍ മുതലുള്ള ഒരു പ്രവണതയാണിത്. നിബന്ധനകള്‍ ഉള്ളതുകൊണ്ട് ധനഉത്തരവാദിത്ത നിയമങ്ങള്‍ അനുസരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ബന്ധിതമാകും. എന്നാല്‍ ഇത്തരത്തിലുള്ള യാതൊരു നിബന്ധനയും കേന്ദ്ര സര്‍ക്കാരിന്‍റെമേലില്ല.  

ട്രഷറി മിച്ചം എന്ന അത്ഭുത പ്രതിഭാസം
സംസ്ഥാന സര്‍ക്കാരുകളുടെ ദൈനംദിന ചെലവ് വരവിനെ അധികരിക്കുമ്പോള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് വെയ്സ് ആന്‍റ് മീന്‍സ് അഡ്വാന്‍സ് എടുക്കാന്‍ അനുവാദമുണ്ട്. ട്രഷറി കമ്മിയും അതിനെതുടര്‍ന്നുള്ള ദൈനംദിന കടമെടുപ്പും ഓവര്‍ഡ്രാഫ്റ്റുമായിരുന്നു 1980കളുടെ രണ്ടാം പകുതി മുതല്‍ സംസ്ഥാന സര്‍ക്കാരുകളുടെ ധനസ്ഥിതിയുടെ സ്വഭാവവിശേഷം. എന്നാല്‍ 2000ത്തിന്‍റെ ആരംഭം മുതല്‍ സ്ഥിതിമാറി. ഓവര്‍ഡ്രാഫ്റ്റില്ലാതായി.  വെയ്സ് ആന്‍റ് മീന്‍സ് കടത്തിലുള്ള ദിവസങ്ങള്‍ കുറഞ്ഞുവന്നു.  അതിനുപകരം ട്രഷറിയില്‍ ചെലവ് കഴിഞ്ഞ് മിച്ചം വരുന്ന ദിവസങ്ങള്‍ കൂടിവന്നു. ഇങ്ങനെ മിച്ചം വരുമ്പോള്‍ ആ പണം ഇന്ത്യാ സര്‍ക്കാരിന്‍റെ സെക്യൂരിറ്റികളിലേക്ക് ഓട്ടോമാറ്റിക്കായി മാറ്റപ്പെടും.

2001-02ല്‍ ഭൂരിപക്ഷം സംസ്ഥാനങ്ങള്‍ക്കും ട്രഷറി ബില്ലുകളില്‍ കാര്യമായ മിച്ചമൊന്നും ഉണ്ടായിരുന്നില്ല (കേവലം 5000 കോടി രൂപ മാത്രം). 2005-06 ആയപ്പോഴേക്കും എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കൂടി 33,000 കോടി രൂപ ട്രഷറിയില്‍ നിക്ഷേപമായി ഉണ്ടായി.  2017-18 ആയപ്പോഴേക്കും ഇത് 1.5 ലക്ഷം കോടി രൂപയായി. 

ചിദംബരത്തിന്‍റെ വ്യാഖ്യാനം
സംസ്ഥാനങ്ങള്‍ക്ക് എന്തുപറ്റി എന്ന് കേന്ദ്രം കളിയാക്കാന്‍ തുടങ്ങി. പാര്‍ലമെന്‍റില്‍ കേന്ദ്രമന്ത്രി ചിദംബരവുമായുള്ള ഒരു സംവാദത്തെ ഞാന്‍ ഉദ്ധരിക്കട്ടെ : 
'പി ചിദംബരം (ധനകാര്യമന്ത്രി): ഏറ്റവും പ്രധാനപ്പെട്ട കാര്യം സര്‍ക്കാരുകള്‍ ചെലവു ചെയ്യണമെന്നതാണ്. ഇപ്പോള്‍ ആരാണ് ചെലവഴിക്കാന്‍ മടിക്കുന്നത്. സംസ്ഥാനങ്ങളാണ് ചെലവ് ചെയ്യാത്തത് എന്ന് പറയേണ്ടിവരുന്നതില്‍ എനിക്ക് ഖേദമുണ്ട് (തടസ്സപ്പെടുത്തലുകള്‍).... കഴിഞ്ഞദിവസത്തെ കണക്കു പ്രകാരം സംസ്ഥാന സര്‍ക്കാരുകളുടെ ക്യാഷ് ബാലന്‍സ് 45000 കോടി രൂപയാണ്.  ഇന്ന് സംസ്ഥാനങ്ങള്‍ പണത്തിന്‍റെ കാര്യത്തില്‍ സമ്പന്നമാണ്. എല്ലാ സംസ്ഥാനങ്ങള്‍ക്കും ക്യാഷ് ബാലന്‍സ് ഉണ്ട്. ഒരു സംസ്ഥാനത്തിനും ഓവര്‍ഡ്രാഫ്റ്റില്ല. ഇന്നത്തെ കണക്കനുസരിച്ച് വെയ്സ് ആന്‍റ് മീന്‍സ് അഡ്വാന്‍സിലുമല്ല. (വീണ്ടും തടസ്സങ്ങള്‍)... 


മുഹമ്മദ് സലീം (കൊല്‍ക്കത്ത നോര്‍ത്ത് ഈസ്റ്റ് എംപി.) : അവരിലേറെയും മാര്‍ച്ച് 31 ആകാന്‍ കാത്തിരിക്കുകയാണ്.  

പി.ചിദംബരം: അല്ല, അവര്‍ കാത്തിരിക്കുകയല്ല അതാണെന്‍റെ തലവേദന. എല്ലാ സംസ്ഥാനങ്ങളും പണത്തിന്‍റെ കാര്യത്തില്‍ സമ്പന്നമാണ്. എല്ലാ സംസ്ഥാനങ്ങളും ചെലവ് ചെയ്യണം.  സംസ്ഥാനങ്ങള്‍ വേണ്ടത്ര ചെലവ് ചെയ്യാത്തതാണ് ലിക്വിഡിറ്റിയുടെ കാര്യത്തില്‍ അല്‍പം പ്രശ്നം വരാനുള്ള ഒരു കാരണം. സമയത്തു തന്നെ ചെലവ് ചെയ്ത് ലക്ഷ്യത്തിലെത്താനുള്ള ശേഷി കേന്ദ്രത്തിനില്ല. ഞാന്‍ സംസ്ഥാന ധനമന്ത്രിമാരോട് അഭ്യര്‍ത്ഥന നടത്തി. സംസ്ഥാന മുഖ്യമന്ത്രിമാരോടും ഞാന്‍ അപേക്ഷിച്ചു. അതുകൊണ്ട് ഞാന്‍ ഇന്ന് ഈ സഭയിലെ എല്ലാ അംഗങ്ങളോടും ഇതേക്കുറിച്ച് അഭ്യര്‍ത്ഥന നടത്തുന്നു. അംഗങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളോട് പ്രാഥമിക വിദ്യാഭ്യാസത്തിനായി കൂടുതല്‍ ചെലവ് ചെയ്യാന്‍ ആവശ്യപ്പെടണം. പ്രാഥമികാരോഗ്യത്തിന് കൂടുതല്‍ ചെലവ് ചെയ്യാന്‍ പറയണം.  ഗ്രാമീണ റോഡുകള്‍ക്ക് കൂടുതല്‍ ചെലവ് ചെയ്യാന്‍ പറയണം. കുടിവെള്ളത്തിനും ശുചിത്വത്തിനും... എല്ലാം കൂടുതല്‍ ചെലവ് ചെയ്യാന്‍ ആവശ്യപ്പെടണം.'  

സംസ്ഥാന ധനമന്ത്രിയായിരുന്ന ഞാന്‍ പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ രാംകുമാറുമായി ചേര്‍ന്ന് 2006ല്‍ എക്കണോമിക് ആന്‍റ് പൊളിറ്റിക്കല്‍ വീക്ക്ലിയില്‍ ചിദംബരത്തിന് ഒരു മറുപടി എഴുതി. 'എന്തുകൊണ്ട് സംസ്ഥാനങ്ങള്‍ ചെലവു ചെയ്യുന്നില്ല? ധന ഉത്തരവാദിത്ത നിയമങ്ങളെക്കുറിച്ചുള്ള വിമര്‍ശനം' എന്നായിരുന്നു ഈ ലേഖനത്തിന്‍റെ തലവാചകം

എന്തുകൊണ്ട് സംസ്ഥാനങ്ങള്‍ ചെലവു ചെയ്യുന്നില്ല ?
ധനഉത്തരവാദിത്ത നിയമങ്ങള്‍ പ്രകാരം ധനക്കമ്മി പൂജ്യമാക്കണം. ധനകാര്യ കമ്മീഷനുകള്‍ ഇത് ശഠിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് വായ്പയെടുക്കുന്ന പണം വിദ്യാഭ്യാസത്തിനും ആരോഗ്യ മേഖലയ്ക്കും മറ്റും വേണ്ടി ചിദംബരം അഭ്യര്‍ത്ഥിക്കുന്നതുപോലെ ചെലവഴിക്കാന്‍ ആകില്ല. മൂലധന ചെലവിനേ പറ്റൂ. ഇതാണെങ്കില്‍ ചെലവഴിക്കുന്നതിന് വലിയ കാലതാമസവും പ്രയാസവും ഉള്ള ഏര്‍പ്പാടാണ് താനും. സംസ്ഥാനങ്ങള്‍ അനുവദനീയമായ വായ്പ എടുക്കുന്നു. എന്നാല്‍ അത് സാമൂഹ്യ ക്ഷേമ മേഖലകളില്‍ ചെലവാക്കുകയില്ല. അപ്പോള്‍ ട്രഷറിയില്‍ മിച്ചം വരും. ആ മിച്ചം കേന്ദ്ര സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുന്നു.


ഇങ്ങനെ വായ്പ എടുത്ത് കേന്ദ്ര സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുന്നത് വലിയ നഷ്ടമുണ്ടാക്കുന്ന ഏര്‍പ്പാടാണ്. കാരണം വായ്പയുടെ പലിശ 7 മുതല്‍ 10 ശതമാനം വരെയാണ്. എന്നാല്‍ ഇന്ത്യാ സര്‍ക്കാരിന്‍റെ സെക്യൂരിറ്റികളില്‍ 4.5 ശതമാനം പലിശയേ കിട്ടൂ. സംസ്ഥാനങ്ങള്‍ ഉയര്‍ന്ന പലിശയ്ക്ക് വായ്പ എടുത്ത് താഴ്ന്ന പലിശയ്ക്ക് കേന്ദ്രത്തിന് കൊടുക്കുന്ന ഏര്‍പ്പാടാണിത്.  അതുകൊണ്ട് പല സംസ്ഥാനങ്ങളും ഇപ്പോള്‍ അനുവദനീയമായ വായ്പ പോലും എടുക്കുന്നില്ല.   അതുകൊണ്ടാണ് സംസ്ഥാനങ്ങളുടെ ധനക്കമ്മി അനുവദനീയമായ 3 ശതമാനത്തില്‍ താഴെയായി നില്‍ക്കുന്നത്.  

കേരളമാണ് ഇതിന് അപവാദം.  കേരളത്തിന്‍റെ വായ്പയുടെ പകുതി ഇപ്പോഴും നാം വിദ്യഭ്യാസ, ആരോഗ്യ, ക്ഷേമ മേഖലകളില്‍ ചെലവഴിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങള്‍ക്കും ഇതാകാം. പക്ഷേ ചെയ്യില്ല.  കാരണം നിയോ ലിബറല്‍ ആദര്‍ശങ്ങള്‍ അത്രമാത്രം അവരെ ആവേശിച്ചുകഴിഞ്ഞു  •