1095 ജനകീയ ഹോട്ടലുകള്‍: ദാരിദ്ര്യനിര്‍മാര്‍ജനത്തിലേക്ക് ഒരു ചുവടുവയ്പ്

പിണറായി വിജയന്‍

ശാസ്ത്രത്തിന്‍റേയും സാങ്കേതികവിദ്യകളുടേയും അതിശയകരമായ വളര്‍ച്ചയിലൂടെ  അല്പകാലം മുന്‍പുവരെ സ്വപ്നം കാണാന്‍ പോലും സാധിക്കാതിരുന്ന നേട്ടങ്ങളാണ് മനുഷ്യരാശി ഇന്ന് ഓരോ ദിവസവും സ്വന്തമാക്കുന്നത്. പക്ഷേ, അതോടൊപ്പം പട്ടിണിയും ദാരിദ്ര്യവും ഇന്നും ശക്തമായി തുടരുന്നു എന്ന സാമൂഹ്യയാഥാര്‍ത്ഥ്യം ഒരു വിരോധാഭാസമായി നമുക്കു മുന്‍പില്‍ നില്‍ക്കുകയാണ്. ഇന്ത്യയുടെ സ്ഥിതിയും വിഭിന്നമല്ല. 


107 രാജ്യങ്ങളെ പഠനവിധേയമാക്കി തയ്യാറാക്കിയ ആഗോള പട്ടിണി സൂചികയില്‍ (ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡെക്സ് 2020)  94-ാം സ്ഥാനത്താണ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്. ലോകത്ത് അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളില്‍  പട്ടിണി അനുഭവിക്കുന്നവര്‍ ഏറ്റവും കൂടുതലുള്ളത് നമ്മുടെ രാജ്യത്താണ്. ദാരിദ്ര്യവും നമ്മുടെ സമൂഹം നേരിടുന്ന എറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്നാണ്.  പ്യൂ റിസര്‍ച്ച് സെന്‍റര്‍ നടത്തിയ പഠനം സൂചിപ്പിക്കുന്നത് കോവിഡ് മഹാമാരിയ്ക്കു ശേഷം അതിതീവ്രദാരിദ്ര്യം അനുഭവിക്കുന്നവരുടെ എണ്ണം 6 കോടിയില്‍ നിന്നും 13.5 കോടിയായി ഉയര്‍ന്നു എന്നാണ്. ഒരു ദിവസം 150 രൂപയില്‍ താഴെ മാത്രം വരുമാനമുള്ളവരുടെ എണ്ണമാണിത്. 

എന്നാല്‍ അതേ സമയം അതിസമ്പന്നരുടെ വരുമാനം റോക്കറ്റു പോലെ കുതിച്ചുയരുകയാണ്. മുതലാളിത്ത വികസനത്തിന്‍റെ ഏറ്റവും വലിയ വൈരുദ്ധ്യമാണ് ഈ അസമത്വം. നവഉദാരവല്‍ക്കരണ നയങ്ങള്‍ അസമത്വത്തെ എക്കാലത്തേക്കാളും രൂക്ഷമാക്കിയിരിക്കുന്നു. ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കാനാകാത്തവര്‍ ലോകത്ത് പെരുകുന്നു എന്ന വേദനാജനകമായ യാഥാര്‍ത്ഥ്യത്തെ നേരിടുക എന്നതാണ് ഇടതുപക്ഷ രാഷ്ട്രീയത്തിനു മുന്നിലുള്ള മുഖ്യ വെല്ലുവിളി. 

ആ വെല്ലുവിളി ഏറ്റെടുത്തുകൊണ്ടാണ് 2020-21 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ 1000 ജനകീയ ഹോട്ടലുകള്‍ തുറക്കുമെന്ന പ്രഖ്യാപനമുണ്ടായത്. ചുരുങ്ങിയ ചെലവില്‍ ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്യപ്പെട്ട ജനകീയ ഹോട്ടല്‍ പദ്ധതിയുടെ നടത്തിപ്പിനായി കുടുംബശ്രീയെ തെരഞ്ഞെടുക്കുകയും ചെയ്തു. വിശപ്പു രഹിത കേരളമെന്ന മഹത്തായ ലക്ഷ്യത്തിലേയ്ക്കുള്ള പ്രധാന ചുവടുവയ്പുകളില്‍ ഒന്നായിരുന്നു ജനകീയ ഹോട്ടല്‍ പദ്ധതി. കോവിഡ് പ്രതിസന്ധി രൂക്ഷമായ ഘട്ടത്തില്‍ ജനങ്ങള്‍ക്ക് കൈത്താങ്ങാകണമെന്ന നിശ്ചയദാര്‍ഢ്യത്തോടെ ദ്രുതഗതിയില്‍ ആ പദ്ധതി നടപ്പാക്കാനും ലക്ഷ്യം കൈവരിക്കാനും എല്‍ഡിഎഫ് സര്‍ക്കാരിനു സാധിച്ചു. 

ജനകീയ ഹോട്ടലുകള്‍ വഴി 20 രൂപയ്ക്കാണ് ഉച്ചയൂണ് ലഭ്യമാക്കുന്നത്. ഒരു ഊണിനു 10 രൂപ എന്ന നിരക്കിലാണ് സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നത്  പണമില്ലാത്തവര്‍ക്ക് സൗജന്യമായും ജനകീയ ഹോട്ടലിലൂടെ ഭക്ഷണം നല്‍കുന്നുണ്ട്. വാടകയ്ക്കെടുത്ത കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ ഹോട്ടലുകള്‍ക്കുള്ള വാടക തദ്ദേശ സ്ഥാപനങ്ങളാണ് നല്‍കുന്നത്. വൈദ്യുതിയുടേയും വെള്ളത്തിന്‍റേയും ചെലവുകളും ഇതിനൊപ്പം വഹിക്കുന്നുണ്ട്. കെട്ടിട വാടക പി.ഡബ്ള്യു.ഡി നിരക്കില്‍ നിജപ്പെടുത്തുമ്പോള്‍ വാടക തീര്‍ത്തടയ്ക്കാന്‍ പറ്റാത്ത അവസ്ഥ പല സ്ഥലങ്ങളിലും ഉണ്ടായതിനാല്‍ വാടക നിരക്ക്, പി.ഡബ്ള്യു.ഡി നിരക്കിനേക്കാള്‍ അമ്പത് ശതമാനം വരെ കുറച്ചു നല്‍കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. 


2021 മാര്‍ച്ച് 31ന് ആ സാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോള്‍ 1007 ജനകീയ ഹോട്ടലുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്നത് 1095 ഹോട്ടലുകളില്‍ എത്തി നില്‍ക്കുന്നു. ജനകീയ ഹോട്ടലുകളുടെ എണ്ണം ഇനിയും വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്. കോവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ഡൗണിനു മുന്‍പുള്ള സമയം വരെ ഒരു ദിവസം ഏകദേശം 1.50 ലക്ഷം ആളുകളാണ് ഈ ഹോട്ടലുകളില്‍ നിന്നും ആഹാരം കഴിച്ചിരുന്നത്.  കേരളത്തില്‍ ഇതുവരെ 3 കോടിയോളം ആളുകള്‍ക്ക് ജനകീയ ഹോട്ടലുകള്‍ വഴി ഭക്ഷണം നല്‍കിക്കഴിഞ്ഞു. അവരില്‍ 10 ലക്ഷത്തോളം പേര്‍ക്ക് സൗജന്യമായാണ് ഭക്ഷണം നല്‍കിയിട്ടുള്ളത് കോവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് ഭക്ഷണം പാര്‍സല്‍ ചെയ്ത് വിതരണം ചെയ്യാനും സാധിച്ചു. 


ഈ പദ്ധതിയുടെ വിജയത്തില്‍ പ്രധാന പങ്കു വഹിക്കുന്നത് കുടുംബശ്രീ പ്രവര്‍ത്തകരാണ്. നിലവില്‍ 4885 കുടുംബശ്രീ അംഗങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്. അത്രയും കുടുബങ്ങള്‍ക്കാണ് ഈ പദ്ധതിയിലൂടെ സ്ഥിരവരുമാനം ലഭിക്കുന്നത്. ഇത്തരത്തില്‍, ഒരു ഗൗരവമായ സാമൂഹ്യപ്രശ്നത്തെ മറികടക്കുന്നതിനായി ഇടതുപക്ഷ രാഷ്ട്രീയം ഉയര്‍ത്തുന്ന ജനകീയ ബദലാണ് ഈ ഹോട്ടലുകള്‍. ജനക്ഷേമത്തിനു നേരെ കണ്ണടച്ച് എല്ലാം വിപണിയ്ക്കു തീറെഴുതുന്ന വലതുപക്ഷ രാഷ്ട്രീയത്തിനു നല്‍കുന്ന ശക്തമായ മറുപടി കൂടിയാണ് ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞ ജനകീയ ഹോട്ടലുകള്‍. 


2009ല്‍ തന്നെ എല്‍ഡിഎഫ് സര്‍ക്കാര്‍ 'മാവേലി' എന്ന പേരില്‍ 10 രൂപ മുതല്‍ 15 രൂപ വരെയുള്ള നിരക്കില്‍ ഊണ് നല്‍കാന്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ 33 ഹോട്ടലുകള്‍ തുടങ്ങിയിരുന്നു. എന്നാല്‍, 2011ല്‍ അധികാരത്തില്‍ എത്തിയ യുഡിഎഫ് സര്‍ക്കാര്‍ അവയുടെ എണ്ണം കൂട്ടുന്നതിനു പകരം അധികാരമേറ്റ് രണ്ടു മാസത്തിനുള്ളില്‍ ആ ഹോട്ടലുകള്‍ എല്ലാം പൂട്ടുകയാണുണ്ടായത്. മാവേലി ഹോട്ടലുകള്‍ക്ക് സബ്സിഡി നിരക്കില്‍ ഭക്ഷ്യധാന്യങ്ങളും മറ്റും നല്‍കുന്നതിനുള്ള ഫണ്ട് നിര്‍ത്തി വച്ചാണ് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ആ പദ്ധതി നിര്‍ത്തലാക്കിയത്. 


കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ ഭരണകാലം മുതല്‍ വിശപ്പുരഹിത സമൂഹത്തിനും ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുമായി നിരവധി പദ്ധതികളാണ് കേരളത്തില്‍ നടപ്പാക്കി വരുന്നത്. പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിനു ശേഷം നടത്തിയ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനങ്ങളിലൊന്നാണ് വരുന്ന 5 വര്‍ഷങ്ങള്‍ക്കുള്ളില്‍ അതിതീവ്ര ദാരിദ്ര്യം സംസ്ഥാനത്തു നിന്നു തുടച്ചു നീക്കുമെന്നുള്ളത്. ആ ലക്ഷ്യം നിറവേറ്റുന്നതിനായുള്ള പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. പട്ടിണി കിടക്കുന്നവരും ദാരിദ്ര്യത്താല്‍ ജീവിതസൗകര്യങ്ങള്‍ അനുഭവിക്കാന്‍ സാധിക്കാത്തവരും ആയ അനേകം മനുഷ്യരുണ്ട് നമുക്കു ചുറ്റും. അത്തരം അവസ്ഥകളില്‍ നിന്നവരെ മോചിതരാക്കുക എന്നത് തൊഴിലാളി വര്‍ഗ രാഷ്ട്രീയത്തിന്‍റെ കടമയാണ്. അതേറ്റവും മികച്ച രീതിയില്‍ നടപ്പാക്കുമെന്ന് ഉറപ്പു വരുത്തി നമുക്ക് മുന്നോട്ടു പോകാം •