വീണ്ടും വിദ്യാലയങ്ങളിലേക്ക്

ഡോ. സി രാമകൃഷ്ണന്‍

സംസ്ഥാനത്തെ കോളേജുകളില്‍ ക്ലാസുകള്‍ ആരംഭിച്ചു കഴിഞ്ഞു. നവംബര്‍ ഒന്നുമുതല്‍ വീണ്ടും നമ്മുടെ സ്കൂളുകള്‍ ശബ്ദമുഖരിതമാകുകയാണ്. കോവിഡ് മാഹാമാരിമൂലം അതിജീവനത്തിന്‍റെ ഭാഗമായി 2020 മാര്‍ച്ച് മാസം പകുതിയോടെ വിദ്യാലയങ്ങള്‍ അടച്ചിട്ടതാണ്. പൊതുപരീക്ഷയ്ക്കായി ഇടയ്ക്ക് സെക്കന്‍ററി വിദ്യാലയങ്ങള്‍ ഒന്നുതുറന്നതല്ലാതെ കഴിഞ്ഞ 20 മാസക്കാലത്തോളം വിദ്യാലയങ്ങളെല്ലാം അടഞ്ഞുകിടക്കുകയായിരുന്നു. മനുഷ്യര്‍തന്നെ രോഗവാഹകരായതിനാല്‍ സഞ്ചാരവും സമ്പര്‍ക്കവും നിയന്ത്രിക്കാന്‍ ലോക്ഡൗണ്‍ അടക്കമുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാന്‍ മാനവരാശി നിര്‍ബന്ധിതമായി. സാമൂഹികജീവിയായ മനുഷ്യര്‍ക്ക് ഈ ഒരവസ്ഥ പരിചിതമല്ലായിരുന്നു. 


അതിജീവനപ്രവര്‍ത്തനങ്ങളും ഉപജീവനപ്രവര്‍ത്തനങ്ങളും എല്ലാം സംഘം ചേര്‍ന്നാണ് സാധാരണ മനുഷ്യര്‍ നിറവേറ്റിയിരുന്നത്. അതില്‍ നിന്നും തികച്ചും ഭിന്നമായ ഒരവസ്ഥയാണ് കോവിഡ് 19വഴി സംജാതമായത്. ഇത് സാമൂഹികവും, ജൈവപരവുമായ ഒരവസ്ഥയെ മാത്രമല്ല സാധാരണക്കാരുടെ ജീവിതായോധന പ്രവര്‍ത്തനങ്ങളേയും പ്രത്യക്ഷമായി ബാധിച്ചു. ഇത്തരം ഒരു കുടുംബ സാമൂഹിക അവസ്ഥ ഏറെ ബാധിച്ചത് കുട്ടികളെയാണ്. സമപ്രായക്കാരുമായി കൂട്ടംകൂടിയും കളിച്ചും ഉല്ലസിച്ചും തന്‍റെ തൊട്ടടുത്ത പ്രകൃതിയുമായി സല്ലപിച്ചും നിരീക്ഷിച്ചും വളര്‍ന്നിരുന്ന കുട്ടികളെ ഈ മഹാമാരി ഒറ്റപ്പെടലിന്‍റേതായ അന്തരീക്ഷത്തില്‍ കഴിഞ്ഞുകൂടാന്‍ നിര്‍ബന്ധിതമാക്കി. ഇതോടൊപ്പം കോവിഡ് 19 മൂലം വീട്ടിലുണ്ടായ സാമ്പത്തിക പ്രശ്നങ്ങളും, രക്ഷിതാക്കള്‍ക്കുണ്ടായ തൊഴില്‍പരമായ അരക്ഷിതാവസ്ഥയും, രോഗത്തിന്‍റെ വ്യാപനവും  അതുവഴിയുണ്ടായ മരണങ്ങളും അവയുടെ ദൃശ്യങ്ങളും കുഞ്ഞുമനസ്സിനെ പലതരത്തിലും പോറലേല്‍പ്പിച്ചിട്ടുണ്ടാകാം. ഇതെല്ലാം കുട്ടികളിലുണ്ടാക്കിയ ആകാംക്ഷയും, ആശങ്കയും, സമ്മര്‍ദ്ദവും, പിരിമുറുക്കവും ഏതാണ്ടെല്ലാ കുടുംബങ്ങളുടേയും അനുഭവങ്ങളാണ്. മാത്രവുമല്ല ഇത്രമാത്രം കാലവും, ഇത്രമാത്രം സമയവും കുട്ടികള്‍ വീട്ടില്‍തന്നെ കഴിയേണ്ടിവന്ന അവസ്ഥയിലൂടേയും മുതിര്‍ന്നവര്‍ക്കോ കുട്ടികള്‍ക്കോ പരിചിതമല്ലാതിരുന്ന കുടുംബ അവസ്ഥയിലൂടെയും കഴിഞ്ഞു പോയിക്കൊണ്ടിരിക്കുമ്പോഴാണ് നവംബര്‍ 1 ന് കേരളത്തില്‍ സ്കൂളുകള്‍ പുനരാരംഭിക്കുന്നു എന്ന സര്‍ക്കാര്‍ തീരുമാനം ഉണ്ടായത്. 


കോവിഡ് 19 സൃഷ്ടിച്ച സ്ഥിതി വിശേഷത്തിലൂടെ കടന്നുപോയത് നമ്മള്‍ മാത്രമല്ല. ലോകത്തിലെ മുഴുവന്‍ സമൂഹവുമാണ്. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ലോകത്തിലെ ഏതാണ്ട് എല്ലാ സ്കൂളുകളും അടച്ചിട്ടു. ഏതാണ്ട് 150 കോടി കുട്ടികളുടെ പഠനത്തെ ഈ അടച്ചുപൂട്ടല്‍ ബാധിച്ചു എന്നാണ് യുനെസ്കോ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഒറ്റപ്പെടലിന്‍റേതായ അന്തരീക്ഷത്തില്‍ നിന്ന് കുട്ടികള്‍ക്ക് തെല്ലൊരാശ്വാസം നല്‍കുന്നതിനായി വിവിധ സമൂഹങ്ങള്‍ വൈവിധ്യമാര്‍ന്ന മാര്‍ഗ്ഗങ്ങള്‍ ആരാഞ്ഞു. ഡിജിറ്റല്‍ വിദ്യാഭ്യാസ സാധ്യതകളാണ് പ്രധാനമായും പരീക്ഷിച്ചത്. ടി.വി, റേഡിയോ, മറ്റു ഡിജിറ്റല്‍ ഉപകരണങ്ങള്‍ എന്നിവവഴിയായിരുന്നു കുട്ടികളിലേക്കെത്തിയതും അവരെ പൊതുശൃഖലയുമായി ബന്ധിപ്പിച്ചതും. അതില്‍ത്തന്നെ ടിവി, റേഡിയോ എന്നിവ വഴിയാണ് കുട്ടികളിലേക്കെത്തിയത്. വളരെ ചെറിയ ഒരു വിഭാഗത്തിന് ഇന്‍റര്‍നെറ്റ് വഴി ഓണ്‍ലൈന്‍ ആയി പഠന പ്രക്രിയയില്‍ ഇടപെടാന്‍ കഴിഞ്ഞു. ഇങ്ങനെയെല്ലാമുള്ള പരിശ്രമം നടത്തിയിട്ടും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള 46 കോടിയിലധികം കുട്ടികളെ (സ്കൂള്‍ പ്രായത്തിലുള്ള കുട്ടികളുടെ 31%) ഒരുതരത്തിലും ബന്ധപ്പെടാന്‍ കഴിയാതെപോയി എന്ന ദുഖകരമായ അവസ്ഥയും നാം കാണണം. ഇതില്‍ നമ്മുടെ രാജ്യത്തെ കുട്ടികളും ഉള്‍പ്പെടും എന്നത് ഈ ഘട്ടത്തിലെങ്കിലും നാം അറിയേണ്ടതുണ്ട്. 


ഇങ്ങനെ ലോകം മുഴുവന്‍ പ്രതിസന്ധിയെ തരണം ചെയ്യേണ്ടതെങ്ങനെയെന്ന് ആലോചിച്ച് പകച്ചു നില്‍ക്കുമ്പോഴാണ് മുഴുവന്‍ കുട്ടികളേയും ചേര്‍ത്തുപിടിച്ചുകൊണ്ടും ഉള്‍ക്കൊള്ളിച്ചുകൊണ്ടും 2020 ജൂണ്‍മാസം മുതല്‍ തന്നെ വിക്ടേഴ്സ് ചാനലിന്‍റെ സാധ്യത പ്രയോജനപ്പെടുത്തിക്കൊണ്ട് നാം ഡിജിറ്റല്‍ ക്ലാസ്സുകള്‍ ആരംഭിച്ചത്. ഒരു കുട്ടിയും ഈ ശൃംഖലയില്‍ നിന്നും മാറിപ്പോകരുത് എന്ന നിര്‍ബന്ധം കേരള സര്‍ക്കാരിനും സമൂഹത്തിനുമുണ്ടായിരുന്നു. ഡിജിറ്റല്‍ ക്ലാസ്സ് ആരംഭിക്കുന്നതിനു മുന്നോടിയായി നടത്തിയ സര്‍വേയില്‍ 6%ത്തിനടുത്ത് സ്കൂള്‍ പ്രായത്തിലുള്ള കുട്ടികള്‍ക്ക് ക്ലാസ്സുകളുടെ പ്രാപ്യതാ പ്രശ്നമുണ്ടെന്ന് കണ്ടെത്തി. ഇതു പരിഹരിക്കാന്‍ സമൂഹത്തിന്‍റെ സഹായം ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍ പ്രസ്തുത അഭ്യര്‍ത്ഥനയെ നെഞ്ചോടു ചേര്‍ത്ത് ഒറ്റക്കുട്ടിയും ക്ലാസ്സുകള്‍ക്ക് പുറത്തായി പോകാതിരിക്കാന്‍  കേരളീയ സമൂഹം ഒറ്റക്കെട്ടായി നടത്തിയ പരിശ്രമം - ഡിജിറ്റല്‍ ഉപകരണങ്ങള്‍ കുട്ടികള്‍ക്ക് നല്‍കിക്കൊണ്ടും, ചിലയിടങ്ങളില്‍ കുറച്ച് കുട്ടികള്‍ക്ക് എത്തിച്ചേരാന്‍ കഴിയുന്ന പൊതുഇടങ്ങളില്‍ ഡിജിറ്റല്‍ സംവിധാനം ഒരുക്കിയും, നെറ്റ് പ്രശ്നമുള്ളയിടങ്ങളില്‍ ക്ലാസ്സുകള്‍ ഡൗണ്‍ലോഡ് ചെയ്ത് അവരുടെ ആവാസ പ്രദേശങ്ങള്‍ ഉപകരണങ്ങള്‍ സഹിതം സന്ദര്‍ശിച്ച് ക്ലാസ്സ് അനുഭവം നല്‍കിയും - ലോകത്തിനുതന്നെ ഒരു നവ്യാനുഭവമായിരുന്നു. 

കഴിഞ്ഞ ഒരു വര്‍ഷത്തെ അനുഭവങ്ങളില്‍ നിന്നും സ്വന്തം അധ്യാപകരുടെ ക്ലാസ്സുകളാണ് കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്നത് എന്ന തിരിച്ചറിവിന്‍റെ അടിസ്ഥാനത്തില്‍ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നടപ്പാക്കാനുള്ള പരിശ്രമത്തിലാണ് കേരള സര്‍ക്കാര്‍. അതിനിടയിലാണ് കോവിഡ് 19 തുടരുമ്പോഴും ലോകത്തിലും നമ്മുടെ രാജ്യത്തും സ്കൂളുകള്‍ വീണ്ടും തുറന്നുപ്രവര്‍ത്തിക്കാനുള്ള തീരുമാനം കൈക്കൊണ്ടുവരുന്നത്. അതിന്‍റെ ഭാഗമായാണ് നവംബര്‍ ഒന്നിന് ഒന്നുമുതല്‍ ഏഴുവരേയും, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളും തുറന്നുപ്രവര്‍ത്തിക്കാനും മറ്റു ക്ലാസ്സുകള്‍ നവംബര്‍ 15 ന് തുറക്കാനും സര്‍ക്കാര്‍ തീരുമാനിച്ചത്. കോളേജുകള്‍ ഒക്ടോബര്‍ 4 മുതല്‍ തന്നെ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നു.


കോവിഡ് 19 നമുക്ക് പൂര്‍ണ സ്വാതന്ത്ര്യം തന്നിട്ടില്ല. ഈ മഹാമാരി ഇനിയും പ്രശ്നങ്ങളുണ്ടാക്കിയേക്കാം. എന്നിരുന്നാലും അനന്തമായി കുട്ടികളെ സ്കൂളില്‍ നിന്നും മാറ്റിയിരുത്തുന്നത് ദൂരവ്യാപകമായ മാനസിക-സാമൂഹിക പ്രശ്നങ്ങളും, പഠന പ്രശ്നങ്ങളും സൃഷ്ടിക്കുമെന്നതിനാലാണ് സ്കൂളുകള്‍ തുറക്കാനുള്ള തീരുമാനം കൈക്കൊള്ളുന്നത്. പൂര്‍വ സ്ഥിതിയിലേക്ക് മാറാന്‍ ഇനിയും സമയമെടുക്കും. അതുവരെ അങ്ങേയറ്റം കരുതലോടെ വേണം നാം സ്കൂള്‍ തുറക്കുന്നതിനെ  സമീപിക്കേണ്ടത്. 


സ്കൂളെന്നത് നമ്മളില്‍ ഭൂരിപക്ഷവും കരുതുന്നതുപോലെ കേവലം പഠിക്കാനും പരീക്ഷ എഴുതാനും സര്‍ട്ടിഫിക്കറ്റുകള്‍ നേടാനും മാത്രമുള്ള ഇടമല്ല. സ്കൂളുകള്‍ എന്നത് ഒരു സാമൂഹിക സാംസ്കാരിക പഠന ഇടമാണ്.  അവിടെനിന്നു ലഭിക്കുന്ന കൂട്ടായ്മയും  പരസ്പരമുള്ള ആശയകൈമാറ്റവും, പഠന അന്തരീക്ഷവും, അറിവു നിര്‍മിക്കാന്‍ ലഭിക്കുന്ന അനുഭവങ്ങളും, അവസരങ്ങളും, കൂട്ടായ അന്വേഷണങ്ങളും, ഒരുമിച്ചുള്ള കളികളും, ഭക്ഷണം കഴിക്കലും എല്ലാം ചേര്‍ന്നാണ് കുട്ടിയുടെ വ്യക്തിത്വം രൂപപ്പെടുന്നത്. ഈ അനുഭവങ്ങള്‍ ലഭിക്കാതെ തുടര്‍ച്ചയായി വീടിനകത്തു കഴിയേണ്ടിവന്നത് ഒട്ടേറെ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട് എന്നാണ് ലോകമെമ്പാടും നടന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 

കുട്ടികള്‍ക്ക് സ്വതന്ത്രമായി കളിക്കുന്നതിനും സംഘംചേര്‍ന്നു കളിക്കുന്നതിനും കുറവുണ്ടായി. ജീവിതരീതിയിലും, ജീവിതശീലത്തിലും മാറ്റമുണ്ടായി. ദിനചര്യ മാറിമറിഞ്ഞു. ആശയവിനിമയ അവസരം കുറഞ്ഞു. ലഭ്യമായതുതന്നെ ഫോണിന്‍റെ സ്ക്രീന്‍ വലുപ്പത്തിലേക്ക് പരിമിതപ്പെട്ടു.  സ്വതന്ത്രവായനയുടേയും എഴുത്തിന്‍റേയും അവസരങ്ങള്‍ വേണ്ടത്ര ലഭ്യമായില്ല. ഇതെല്ലാം പല കുട്ടികളിലും വൈകാരിക വ്യതിയാനത്തിന് ഇടവരുത്തി. സാമൂഹിക ശേഷികളില്‍ കുറവു വന്നു. ഡിജിറ്റല്‍ ഉപകരണങ്ങളിലേക്ക് ഒതുങ്ങേണ്ടിവന്നത് അവയുടെ വര്‍ധിതമായ ഉപയോഗത്തിനിടവരുത്തി. ഇതെല്ലാം ശാരീരികമായും മാനസികമായും കുട്ടികളെ സ്വാധീനിച്ചിട്ടുണ്ടാകാം. കുട്ടികള്‍ക്ക് സ്വാഭാവിക സ്കൂള്‍ അന്തരീക്ഷത്തില്‍ നിന്നും ലഭിക്കുന്ന പഠനാനുഭവങ്ങള്‍ ലഭിക്കാത്തത് പഠനവിടവുകള്‍ക്ക് കാരണമാകാം. ആശയരൂപീകരണത്തിലും പരിമിതിയുണ്ടായിട്ടുണ്ടാകാം. പഠനത്തിന്‍റെ അതിപ്രധാന ഘടകമായ മുന്നറിവുമായി ബന്ധപ്പെടുത്തുന്നതില്‍ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം. അതുകൊണ്ടുതന്നെ ഡിജിറ്റല്‍ ക്ലാസ്സുകളുടെ ഭാഗമായ കുട്ടിക്കുപോലും ആശയരൂപീകരണത്തില്‍ പരിമിതി നേരിട്ടിട്ടുണ്ടാകാം. പഠിക്കുന്ന കാര്യങ്ങളെ ജീവിതവുമായും ജീവിതപരിസരവുമായും ബന്ധിപ്പിക്കുന്നതിനുള്ള അവസരങ്ങളും സ്വാഭാവികമായും കുറവായിരുന്നു. പ്രായോഗിക അനുഭവങ്ങള്‍ ലഭിക്കാത്തതിനാല്‍ ഈ പരിമിതി ആശയഗ്രഹണത്തെ സ്വാധീനിച്ചിട്ടുണ്ടാകാം. 

വായന, സര്‍ഗാത്മക ആവിഷ്കാരം, ആത്മപ്രകാശനം, സംഘപ്രവര്‍ത്തനം എന്നിവെയല്ലാം കുട്ടിയുടെ വളര്‍ച്ചയ്ക്ക് അനിവാര്യമാണ്. ഇതൊന്നും വേണ്ടത്ര ലഭ്യമാകാത്ത അവസ്ഥയാണ് കഴിഞ്ഞ 20 മാസമായുണ്ടായിരുന്നത്. കൂടാതെ സ്കൂളില്‍ നിന്നും ലഭിച്ചിരുന്ന സ്നേഹവും, അംഗീകാരവും, പ്രോത്സാഹനവും, മറ്റുള്ളവരോട് സ്വയം തട്ടിച്ചുനോക്കാനുള്ള അവസരങ്ങളും ലഭ്യമാകാത്തത് കുട്ടികളെ സ്വാധീനിച്ചിട്ടുണ്ടാകാം. സ്കൂള്‍ ഒരിക്കലും കാണാത്തവരും സ്വന്തം അധ്യാപകരെ നേരില്‍ കാണാത്തവരും ഉണ്ടാകാം. അതിനാല്‍ വ്യക്തിത്വവികാസത്തിലും അക്കാദമിക കാര്യങ്ങളിലും പ്രായത്തിനനുസരിച്ചുള്ള അനുഭവങ്ങള്‍ കോവിഡ് മൂലം ലഭ്യമാകാത്ത കുട്ടികളാണ് സ്കൂളില്‍ വരുന്നത് എന്ന ധാരണയോടെവേണം സ്കൂള്‍ വീണ്ടും  തുറക്കുന്ന ഘട്ടത്തെ നാം സമീപിക്കേണ്ടത്. 


ആയതിനാല്‍ ഒന്നാം ദിവസം മുതല്‍ കുട്ടികളെ പഠിപ്പിക്കാന്‍ നാം വാശിപിടിക്കരുത്. കുട്ടികള്‍ക്ക് ആത്മവിശ്വാസവും, ആത്മബലവും, ആനന്ദവും ആത്മാവിഷ്കാരത്തിനുള്ള അവസരങ്ങളുമാകണം സ്കൂള്‍ ഘട്ടത്തില്‍ നല്‍കേണ്ടത്. കുട്ടികള്‍ക്ക് പ്രതീക്ഷ നല്‍കുകയാണു വേണ്ടത്. പ്രതിസന്ധിയെ നമുക്ക് ഒരുമിച്ചു മറികടക്കാനാകും എന്നും മനുഷ്യന്‍റെ അന്വേഷണത്തിലൂടെ കണ്ടെത്തിയ അറിവ് - ശാസ്ത്രം മാത്രമേ നമ്മുടെ രക്ഷ ഉറപ്പുവരുത്തൂ എന്നും ഈ ഘട്ടത്തെ മാനവ സമൂഹം എങ്ങനെ മറികടന്നു എന്നും മറ്റും തിരിച്ചറിയാനുള്ള സന്തോഷകരമായ അനുഭവങ്ങളാണ് കുട്ടികള്‍ക്ക് ആദ്യ ദിവസങ്ങളില്‍ നല്‍കേണ്ടത്. ഈ ധാരണ സാമൂഹികമായി ഉണ്ടാകേണ്ടതുണ്ട്. ഇല്ലെങ്കില്‍ യാന്ത്രികമായ പഠനത്തിനുള്ള ആവശ്യം സാമൂഹികമായി ഉണ്ടായി വരും. അത് കുട്ടികള്‍ക്ക് ഗുണം ചെയ്യില്ല. 


കഴിഞ്ഞ 20 മാസത്തിലേറെയായി ഭൂരിപക്ഷം സ്കൂളുകളും അടഞ്ഞുകിടക്കുകയായിരുന്നു. പൊതുപരീക്ഷയ്ക്കായി സെക്കന്‍ഡറി സ്കൂളുകള്‍ തുറന്നിരുന്നു. അടഞ്ഞുകിടന്ന സ്കൂളുകളെല്ലാം ആവശ്യമായ അറ്റകുറ്റപ്പണികളും മറ്റും ചെയ്ത് സജ്ജമാക്കേണ്ടതുണ്ട്. സമൂഹികമായ അടിയന്തിരമായ ഇടപെടല്‍ ഇതിനാവശ്യമുണ്ട്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ശ്രദ്ധയും ഇതിനാവശ്യമാണ്. ഫര്‍ണ്ണിച്ചറുകളും കേടുപാടുകള്‍ തീര്‍ത്ത് സജ്ജീകരിക്കണം. കുടിവെള്ളടാങ്ക്, ജലസ്രോതസ്സ്, കക്കൂസ്, മൂത്രപ്പുര  തുടങ്ങി കുട്ടികള്‍ പെരുമാറുന്ന എല്ലായിടങ്ങളും വൃത്തിയുള്ളതാകണം. മാത്രവുമല്ല അണുനശീകരണവും നടത്തണം. സ്കൂള്‍ ക്യാമ്പസ്സ് കാടുപിടിച്ചു കിടക്കുകയാണെങ്കില്‍ ഇഴജീവികളും മറ്റും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ച് ആവശ്യമായ ഇടപെടലുകള്‍ ഉണ്ടാകണം. ഇങ്ങനെ സ്ഥാപനത്തെ സജ്ജമാക്കുന്ന പ്രവര്‍ത്തനം ഒക്ടോബര്‍ 20 നകം പൂര്‍ത്തീകരിക്കുന്നതാണുചിതം. പി.ടി.എ, എസ്.എം.സി എന്നിവയ്ക്ക് അതിപ്രധാനപ്പെട്ട ഉത്തരവാദിത്തമുണ്ട്. പല പി.ടി.എകളിലും പുനഃസംഘടിപ്പിക്കാത്ത പ്രശ്നങ്ങളുണ്ടാകാം. ഇതു സംബന്ധിച്ച തീരുമാനം വകുപ്പു തലത്തിലുണ്ടാകണം. തദ്ദേശ സ്വയംഭരണ തലത്തിലെ വിദ്യാഭ്യാസ സമിതികള്‍ക്ക് അതിനിര്‍ണായകമായ പങ്കുവഹിക്കാനുണ്ട്. ആരോഗ്യവകുപ്പ്, വിദ്യാഭ്യാസ വകുപ്പ്,  തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങി ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടേയും ഏകോപനം ആവശ്യമാണ്. 

കുട്ടികളുടെ യാത്രയാണ് മറ്റൊരു പ്രധാന ഘടകം. കഴിഞ്ഞ കുറേയേറെ മാസങ്ങളായി സ്കൂള്‍ വാഹനങ്ങള്‍ ഓടുന്നില്ല. ഇത് ഓടുന്ന അവസ്ഥയിലേക്കു മാറ്റുക എന്നത് മുന്‍ണന നല്‍കി നടത്തേണ്ട ഒരു കാര്യമാണ്. വാഹനങ്ങളുടെ രേഖകളും ശരിയാക്കേണ്ടതുണ്ട്. 


കേരളത്തില്‍ അയല്‍പക്കത്തുതന്നെ സ്കൂളുകളുണ്ട്. അപൂര്‍വം ഇടങ്ങളില്‍ മാത്രമേ പ്രശ്നമുള്ളൂ. തൊട്ടടുത്ത സ്കൂളുകളില്‍ നടന്നുപോയി പഠിക്കുന്ന ശീലമായിരുന്നു മുമ്പ് കേരള സമൂഹത്തിന്‍റേത്. മാത്രവുമല്ല സ്കൂളിലേക്കുള്ള നടത്തം എന്നത് നല്ലൊരു വ്യായാമമായിരുന്നു. അതിലുപരി സാമൂഹ്യവല്‍ക്കരണത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഉപാധിയും. അതെല്ലാം  വീണ്ടെടുക്കുന്ന കാര്യം കേരളീയസമൂഹം പുനരാലോചിക്കേണ്ട ഘട്ടം കൂടിയാണിത്. വാഹനങ്ങളെ ആശ്രയിച്ച് കുട്ടികള്‍ പഠനത്തിനായി ഇത്രമാത്രം ദൂരം സഞ്ചരിക്കേണ്ടതുണ്ടോ എന്ന് മഹാമാരികളും പ്രകൃതി ദുരന്തങ്ങളും പല രീതിയില്‍ ബാധിക്കുന്ന ഒരു സമൂഹം ഉറക്കെ ചിന്തിക്കേണ്ട കാര്യമാണ്.

മഹാമാരിയുടെ തുടര്‍ച്ചയായി അതിന്‍റെ ഭീഷണി നിലനില്‍ക്കുന്ന അവസരത്തില്‍ സ്കൂളിലെത്തുന്ന കുട്ടികള്‍ നിര്‍ബന്ധമായും പാലിക്കേണ്ട കാര്യങ്ങളുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അറിയിക്കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായും കുട്ടികളിലേക്ക് എത്തിക്കണം. കുട്ടികള്‍ക്ക് പാലിക്കാന്‍ പരിമിതികളുണ്ടെങ്കിലും രോഗപ്രതിരോധത്തിനായി അത്തരം കാര്യങ്ങള്‍ പാലിച്ചേ തീരു. സ്വന്തം സാധനസാമഗ്രികള്‍, ഭക്ഷണം, കുടിവെള്ളം, തുടങ്ങിയവ ഈ ഘട്ടത്തില്‍ പരസ്പരം കൈമാറേണ്ടതില്ല എന്ന് കുട്ടികളോട് പറഞ്ഞുകൊണ്ടേയിരിക്കണം. 


കുട്ടികളുമായി അടുത്തിടപഴകുന്നവര്‍ അത് രക്ഷിതാക്കളാകാം, വീട്ടുകാരാകാം, അധ്യാപക- അനധ്യാപക ജീവനക്കാരാകാം, പി.ടി.എ അംഗങ്ങളാകാം എല്ലാവരും വാക്സിനേറ്റ് ചെയ്യണം. എല്ലാവരും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുകയും വേണം. കുട്ടികള്‍ വഴി വീട്ടിലേക്ക് രോഗം എത്താതിരിക്കാനുള്ള മുന്‍കരുതലുകള്‍ എല്ലാം എടുക്കണം. 

അങ്ങനെ തികഞ്ഞ കരുതലോടെ നമ്മുടെ മക്കളെ എല്ലാവരേയും സ്കൂളിലേക്കെത്തിക്കാനുള്ള മുന്നൊരുക്കത്തിലും, സ്കൂളിനെ ഏറ്റവും നല്ല നിലയില്‍ മോടിപിടിപ്പിച്ച് ആകര്‍ഷകമാക്കി ആനന്ദവും, ആഹ്ലാദവും, മാനസിക ഉല്ലാസവും ലഭിക്കുന്ന പഠനഇടമാക്കി മാറ്റിക്കൊണ്ട് നമ്മുടെ കുട്ടികളെ വീണ്ടും സ്കൂളിലേക്ക് വരവേല്‍ക്കാം. ഇതിനായി കേരളീയ സമൂഹം ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ട അവസരമാണിത്. ഇക്കാര്യത്തിലും കേരളീയ സവിശേഷത ലോകത്തിനുമുന്നില്‍ വരച്ചുകാട്ടാന്‍ നമുക്ക് കഴിയും •