വിജയത്തിനുപിന്നില്‍  ദ്രുതവും കാര്യക്ഷമവുമായ  പൊതുജനാരോഗ്യ സംവിധാനം

ഇക്കണോമിസ്റ്റ് വാരിക

ഫോണ്‍ ബെല്ലടിക്കുന്നു, ഡോക്ടര്‍ അതെടുക്കുന്നു: "സര്‍, ഞങ്ങളുടെ വെന്‍റിലേറ്ററുകള്‍ തീര്‍ന്നു. കൂടുതല്‍ രോഗികളെത്തുമ്പോള്‍ ഞങ്ങളെന്തു ചെയ്യും?" ഉടന്‍തന്നെ, മ്ലാനവദനനായ ഡോക്ടര്‍, അവര്‍ പൊരുതിക്കൊണ്ടിരിക്കുന്ന രോഗം, അതിനിരയായ നാലുപേരില്‍ മൂന്നുപേരെയും കൊല്ലുന്നു എന്നും ഇതിനു ചികിത്സയോ വാക്സിനോ ഇല്ല എന്നും പറയുന്നു.


കോവിഡ് 19ന്‍റെ ഈ കാലത്ത് ഇത്തരം വര്‍ത്തമാനങ്ങള്‍ സര്‍വസാധാരണമായിത്തീര്‍ന്നിട്ടുണ്ട്. കഴിഞ്ഞവര്‍ഷം മോളിവുഡില്‍ നിരൂപക പ്രശംസ പിടിച്ചുപറ്റിയ "വൈറസ്" എന്ന മലയാള സിനിമയുടെ ആദ്യരംഗമാണിത്. ഒരു ത്രില്ലറിന്‍റെ രീതിയില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള ഈ സിനിമ 2018ല്‍ നിപ വൈറസ് ബാധയെ പിടിച്ചുകെട്ടിയ പോരാട്ടത്തിന്‍റെ യഥാര്‍ഥ കഥ പറയുന്നു. വവ്വാലുകളിലൂടെ പകര്‍ന്ന രോഗം ബാധിച്ച 23 പേരില്‍ 21 പേരും മരണപ്പെട്ടു. എന്നാല്‍ കേരളം നിപയെമെരുക്കി, ജില്ലാ വ്യാപകമായി കര്‍ഫ്യൂ, നിരന്തരമായ കോണ്‍ടാക്ട് ട്രേസിങ്, രോഗസാധ്യതയുള്ള ആയിരക്കണക്കിനുപേരെ ക്വാറന്‍റൈന്‍ ചെയ്യല്‍ എന്നീ മാര്‍ഗങ്ങള്‍ കൈക്കൊണ്ടതിലൂടെ.


കോവിഡ് 19നെ നേരിടാന്‍ കേരളം ലളിതവും ചെലവുകുറഞ്ഞതുമായ ഇതേ മാര്‍ഗങ്ങള്‍ ഉപയോഗിച്ച്, അതേ തിളക്കമാര്‍ന്ന നേട്ടങ്ങളുണ്ടാക്കി.  പകര്‍ച്ചവ്യാധിയുടെ പ്രഭവകേന്ദ്രമായ, ചൈനീസ് നഗരമായ വുഹാനില്‍നിന്ന് ജനുവരിയില്‍ മടങ്ങിയെത്തിയ ഒരു മെഡിക്കല്‍ വിദ്യാര്‍ഥിയ്ക്കാണ് ഇന്ത്യയിലെ എല്ലാ സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലും വച്ച് ആദ്യമായി കോവിഡ് 19 ബാധ റിപ്പോര്‍ട്ടുചെയ്തത്. രോഗത്തെ ചെറുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി മാര്‍ച്ച് 24ന് രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍, ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തെയുംകാള്‍, ഇന്ത്യയിലെ അഞ്ചിലൊന്നു കേസുകളുമായി കേരളമായിരുന്നു മുന്നില്‍. എന്നാല്‍ വെറും ആറാഴ്ച കൊണ്ട് 16-ാംസ്ഥാനത്തായി. ഇന്ത്യയിലെ ആക്ടീവ് കേസുകള്‍ 71 ഇരട്ടിയായി ഉയര്‍ന്നപ്പോള്‍, കേരളത്തില്‍ മൂന്നില്‍ രണ്ടുഭാഗവും കുറഞ്ഞു. ഇതിനിടെ നാലുമരണം മാത്രമാണുണ്ടായത്. കേരളത്തിലെ 3.5 കോടി ജനങ്ങളില്‍ വലിയൊരു വിഭാഗം വിദേശത്ത് ജോലിചെയ്യുന്നു; എന്നാല്‍ മറ്റു രാജ്യങ്ങളില്‍ ഇവിടത്തെ അപേക്ഷിച്ച് രോഗംമൂലം 20 ഇരിട്ടി മലയാളികളാണ് മരിച്ചത്.


വിയറ്റ്നാം 9.5 കോടി ജനങ്ങള്‍ അധിവസിക്കുന്ന വലിയൊരു രാജ്യമാണ്. എന്നിരുന്നാലും കോവിഡ് -19 കൈകാര്യം ചെയ്യുന്നതില്‍ ഇതേ പാത തന്നെയാണ് സ്വീകരിച്ചത്. ശ്രദ്ധേയമായ ഫലവും ലഭിച്ചു. കേരളമെന്നപോലെ ഇവിടവും നേരത്തേ വൈറസിന് വിധേയമായിരുന്നു; മാര്‍ച്ചില്‍ അണുബാധിതരുടെ വര്‍ധന പ്രകടമായിരുന്നു. ആക്ടീവ് കേസുകള്‍ നേരത്തേ തന്നെ ഉയര്‍ന്നിരുന്നു. അതിനുശേഷം ഇത് വെറും 39 ആയി കുറഞ്ഞു. തായ്വാന്‍, ന്യൂസിലാന്‍ഡ് തുടങ്ങിയ സമാനവലിപ്പത്തിലുള്ള വിദൂരരാജ്യങ്ങളില്‍ അറിയപ്പെടുന്ന തരത്തിലുള്ള വിജയകരമായ കഥകളില്‍ നിന്നു വ്യത്യസ്തമായി ഒരൊറ്റ മരണവും ഇതുവരെ ഉണ്ടായിട്ടില്ല. ഇതേ ജനസംഖ്യയും സമ്പത്തുമുള്ള തൊട്ടടുത്ത രാജ്യമായ ഫിലിപ്പീന്‍സില്‍ പതിനായിരത്തിലധികംപേര്‍ക്ക് രോഗബാധയും 650 മരണവും ഉണ്ടായി.


കേരളത്തെപ്പോലെ വിയറ്റ്നാമും മാരകമായ പകര്‍ച്ചവ്യാധികള്‍ക്കെതിരെ മുമ്പും പോരാടിയിട്ടുണ്ട്, 2003ല്‍ ആഗോളതലത്തില്‍ സാര്‍സും 2009ല്‍ പന്നിപ്പനിയും പടര്‍ന്നുപിടിച്ചപ്പോള്‍. പൊതുജനാരോഗ്യരംഗത്തെ, പ്രത്യേകിച്ച് പ്രാഥമികശുശ്രൂഷാരംഗത്തെ നിക്ഷേപത്തിന്‍റെ കാര്യത്തില്‍ നീണ്ടകാലത്തെ പാരമ്പര്യമുള്ള കേരളവും വിയറ്റ്നാമും അതിന്‍റെ ഗുണഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. ശക്തമായ കേന്ദ്രീകൃത നിര്‍വഹണവും നഗരങ്ങളിലെ വാര്‍ഡുകളില്‍നിന്ന് ഉള്‍ഗ്രാമങ്ങളിലേക്കുള്ള സ്ഥാപനപരമായ എത്തിച്ചേരലും വിദഗ്ധരായ ഉദ്യോഗസ്ഥ സമൂഹത്തെ വാര്‍ത്തെടുത്തതും അതിനനുഗുണമായി മാറി. ഇത് യാദൃച്ഛികമല്ല. വിയറ്റ്നാമിന്‍റെ അചഞ്ചലമായ ഭരണകൂട പ്രത്യയശാസ്ത്രമെന്ന നിലയിലും കേരളത്തില്‍ 1950കള്‍ മുതല്‍ ഇടതുപക്ഷ പാര്‍ടികളുടെ നിരന്തരമായ പ്രചരണ പ്രവര്‍ത്തനങ്ങളിലൂടെ ചിരപ്രതിഷ്ഠ നേടിയതുമായ കമ്യൂണിസത്തിന്‍റെ ശക്തമായ സ്വാധീനമാണിത്.
താരതമ്യേന, ജനസംഖ്യയില്‍ ചെറുപ്പക്കാര്‍ മുന്നില്‍ നില്‍ക്കുന്നതിനാലാണ് ഈ രണ്ടിടങ്ങളിലും രോഗം കുറയുന്നതെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. ക്ഷയരോഗത്തിനും കുഷ്ഠത്തിനുമെതിരെയുള്ള ബിസിജി വാക്സിന്‍റെ സാര്‍വത്രികമായ കുത്തിവെപ്പ് പ്രാദേശികമായി രോഗസാധ്യത കുറയ്ക്കുന്നതാണെന്ന് മറ്റു ചിലര്‍ അനുമാനിക്കുന്നു. വിയറ്റ്നാമിലെ പകര്‍ച്ചവ്യാധി രോഗ വിദഗ്ധനായ ടോഡ് പൊള്ളക്ക് പറയുന്നു, "തുടക്കംമുതല്‍ തന്നെ ശക്തമായ നടപടികളും വിജയകരമെന്നു തെളിയിക്കപ്പെട്ട രീതികളും അവലംബിച്ച രാജ്യങ്ങള്‍ കര്‍ശനമായി വൈറസ് വ്യാപനത്തെ പരിമിതപ്പെടുത്തുകയുണ്ടായി. മതിയായത്ര വേഗത്തില്‍ നിങ്ങള്‍ രോഗവ്യാപനം കുറയ്ക്കുകയാണെങ്കില്‍, രോഗം ക്രമാതീതമായി വര്‍ധിക്കുന്ന തലത്തിലേക്ക് നിങ്ങള്‍ ഒരിക്കലും എത്തിച്ചേരുകയില്ല".


ചൈനയില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാനും പഠിക്കാനുമുള്ള സന്നദ്ധത, സംരക്ഷിത മുഖാവരണങ്ങള്‍ ധരിക്കുന്നതുവഴിയുള്ള സാമൂഹിക സുരക്ഷിതത്വം, രോഗസാധ്യതയോ രോഗമോ ഉള്ളപ്പോള്‍ സ്വന്തം വീട്ടില്‍ നിന്നും അകന്നുമാറി നില്‍ക്കുന്നത് (കീഹെമശേീി) അംഗീകരിക്കുക, വിദഗ്ധരുടെ ഉപദേശങ്ങളെ ബഹുമാനിക്കുക തുടങ്ങിയ സാംസ്കാരികമായ ഘടകങ്ങളും വിയറ്റ്നാമിന്‍റെ ശ്രമങ്ങള്‍ക്ക് സഹായകമായിരിക്കാമെന്നും പൊള്ളക്ക് സമ്മതിക്കുന്നു. വിയറ്റ്നാമിലെ കോവിഡ് 19 രോഗവാഹകരുടെ പ്രായപരിധി പൊതുവെ മറ്റെവിടത്തെയുകാള്‍ കുറഞ്ഞതായത് രോഗപ്രതിരോധശേഷി വര്‍ധിപ്പിച്ചതായും അദ്ദേഹം അംഗീകരിക്കുന്നു. എന്നാല്‍ അതിനു വലിയ തോതില്‍ കഴിഞ്ഞത്, ആരോഗ്യപ്രവര്‍ത്തകര്‍ വേഗത്തിലുംഫലപ്രദമായും രോഗവാഹകരെ ഐസൊലേറ്റ് ചെയ്തതിനാലാണ്. അതുവഴി വൃദ്ധരെയും സംരക്ഷിക്കുന്നു.


ജനുവരി അവസാനിക്കും മുമ്പുതന്നെ വിയറ്റ്നാം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഉപപ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഒരു ഉന്നതതല സ്റ്റിയറിങ് കമ്മിറ്റിരൂപീകരിക്കുകയും യാത്രക്കാരെ പരിശോധനയ്ക്കു വിധേയമാക്കുകയും അവരുടെ യാത്രകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തു. സേനയില്‍നിന്നും സിവില്‍ സര്‍വീസില്‍ നിന്നുമുള്ള ഉദ്യോഗസ്ഥരും അതുപോലെ ആരോഗ്യപ്രവര്‍ത്തകരും രോഗബാധിതരായ യാത്രക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ ട്രേസ് ചെയ്തു കണ്ടെത്തി. തലസ്ഥാനമായ ഹാനോയിയിലെ വലിയ ഒരു ആശുപത്രിയില്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ 5000ത്തോളം പേരെ ട്രാക്ക് ചെയ്യുകയും അവരെ ടെസ്റ്റിങ്ങിനു വിധേയമാക്കുകയും ചെയ്തു. ഫെബ്രുവരി മധ്യത്തോടെ, കനത്ത പൊലീസ് കാവലില്‍ പതിനായിരത്തോളം പ്രദേശവാസികളടങ്ങുന്ന നഗരസഭകളുള്‍പ്പെടെ മിക്ക ജില്ലകളിലും കര്‍ശനമായ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. ചൈന ചെയ്തതുപോലെ രോഗവാഹകരാകാന്‍ സാധ്യതയുള്ളവരെ അവരുടെ കുടുംബങ്ങളില്‍ നിന്നകറ്റി ക്വാറന്‍റൈനിലാക്കി.


ഗവണ്‍മെന്‍റിന്‍റെ പൊതുജനാവബോധ കാമ്പെയ്നുകളും സമാനമായ വിധത്തില്‍ കര്‍ശനമായിരുന്നു. ഇതിന്‍റെ ഭാഗമായി ടെക്സ്റ്റ്-മെസേജിങ്, വിവരങ്ങള്‍ കോര്‍ത്തിണക്കിയ വെബ്സൈറ്റുകള്‍, ഡൗണ്‍ലോഡു ചെയ്യാവുന്ന ആപ്പുകള്‍, ഇവ കൂടാതെ 13 ജനപ്രിയ ഓണ്‍ലൈന്‍ ന്യൂസ് ഔട്ട്ലെറ്റുകളിലൂടെ ദിനംപ്രതി 127 ലേഖനങ്ങള്‍ വരെ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. "ഗവണ്‍മെന്‍റിന് ചെയ്യാന്‍ കഴിയുന്നതെല്ലാം യഥാര്‍ഥത്തില്‍ ചെയ്യുന്നുണ്ട് എന്ന ഒരു ധാരണ സൃഷ്ടിക്കാന്‍ അവര്‍ക്കു കഴിഞ്ഞു" എന്നും പൊള്ളക്ക് പറയുന്നു.


സമാനമായ വിധത്തില്‍, മുഖ്യമന്ത്രിയുടെയും തിരഞ്ഞെടുക്കപ്പെട്ട ഉന്നതതല ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ കേരളത്തിലെ സര്‍ക്കാരും ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കുന്നു. പൊതു കൈകഴുകല്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ഗ്രാമതല കമ്മിറ്റികള്‍ക്ക്, എല്ലാ വൈകുന്നേരങ്ങളിലും മുഖ്യമന്ത്രി നടത്തുന്ന വാര്‍ത്താസമ്മേളനങ്ങള്‍ ഊര്‍ജം പകരുന്നതാണ്. കൂടാതെ കേസുകള്‍ മോണിറ്റര്‍ ചെയ്യുന്നതിലും ആരോഗ്യസംവിധാനത്തെ സജ്ജമാക്കുന്നതിലും വിപുലമായ പ്രവര്‍ത്തനക്ഷമത കാഴ്ചവയ്ക്കുന്നതിനൊപ്പം രോഗം ബാധിച്ചവരോട് സഹാനുഭൂതിയും അനുകമ്പയും നിറഞ്ഞ സമീപനത്തിന് ഊന്നല്‍ നല്‍കുകയും ചെയ്യുന്നു. ക്വാറന്‍റൈനിലാക്കപ്പെട്ട, ഒരു ലക്ഷത്തോളം വരുന്ന ആളുകളുടെ പരിചരണത്തിനായും കാള്‍സെന്‍ററുകളിലേക്കായും 16000ത്തോളം ടീമുകളെയാണ് അണിനിരത്തിയിട്ടുള്ളത്. നിരീക്ഷണത്തിലുള്ളവര്‍ക്ക് ഭക്ഷണവും വൈദ്യപരിചരണവും ഉറപ്പാക്കുകയും ഒറ്റപ്പെട്ടവരാണ് തങ്ങളെന്ന തോന്നല്‍ ഇല്ലാതാക്കി അവരോടിടപഴകുകയും ചെയ്യുന്നു. ആയിരക്കണക്കിന് കുടുംബങ്ങള്‍ക്കും ദേശവ്യാപക ലോക്ക്ഡൗണില്‍പ്പെട്ട് ഇവിടെ കുടുങ്ങിപ്പോയ അതിഥിത്തൊഴിലാളികള്‍ക്കും സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്നു.


അപകടസാധ്യത ഒഴിഞ്ഞുപോയിട്ടില്ലെന്ന് കേരളത്തിനും വിയറ്റ്നാമിനും അറിയാം. വാക്സിനോ ഫലപ്രദമായ ചികിത്സയോ ലഭ്യമാകുംവരെ വിയറ്റ്നാം നിലവിലെ ജാഗ്രത തുടരുമെന്ന് പൊള്ളക്ക് പറയുന്നു. സാമ്പത്തികമായി തകര്‍ന്ന അറബ്-ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും മടങ്ങിയെത്തുന്ന പ്രവാസിതൊഴിലാളികളുടെ വലിയ തോതിലുള്ള വരവിന് കേരളം ഒരുങ്ങിക്കഴിഞ്ഞു. മൂന്നുലക്ഷത്തിലധികം പേരാണ് മടങ്ങാന്‍ സംസ്ഥാന വെബ്സൈറ്റ് വഴി സഹായം അഭ്യര്‍ഥിച്ചിട്ടുള്ളത്. ഇത് ഒരു വലിയ അപകടസാധ്യതയാണെന്നും സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈയൊരു ഘട്ടത്തില്‍ അത് അധികബാധ്യതയാണെന്നും, കേരളത്തിലെ നിപാപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പൊതുജനാരോഗ്യ വിദഗ്ധനായ രാജീവ് സദാനന്ദന്‍ സമ്മതിക്കുന്നു. അദ്ദേഹം പറയുന്നു, "പക്ഷേ അവരെ തിരികെക്കൊണ്ടു വരണമെന്നും സാഹചര്യങ്ങള്‍ എന്തുതന്നെയായാലും നാം അവര്‍ക്കൊപ്പം നില്‍ക്കുമെന്നുമുള്ള കാര്യത്തില്‍ സര്‍ക്കാരിനോ നമ്മുടെ സമൂഹത്തിനോ തെല്ലും സംശയമില്ല".