മോഡിവാഴ്ചയില്‍ ഇരട്ടനീതി

ബിജെപി, ഭരണഘടനാ വ്യവസ്ഥകള്‍ക്കും സാമാന്യനീതിക്കും കടകവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത് എന്നതിന്‍റെ രണ്ട് ഉദാഹരണങ്ങളാണ് അടുത്തയിടെ യുപിയിലെ ലഖിംപൂര്‍ഖേരിയില്‍ കര്‍ഷകര്‍ക്കുനേരെ മന്ത്രിപുത്രന്‍റെ നേതൃത്വത്തിലുണ്ടായ ആക്രമണവും ഗുജറാത്തിലെ കച്ച് ജില്ലയിലെ അദാനിയുടെ മുന്ദ്ര തുറമുഖത്തില്‍നിന്ന് മൂവായിരത്തോളം കിലോഗ്രാം ഹെറോയിന്‍ ആറ് കണ്ടെയ്നറുകളില്‍ കടത്തിയത് മറച്ചുവെയ്ക്കുന്നതും. 

ലഖിംപൂര്‍ഖേരിയിലേത് ഒരാഴ്ച മുമ്പുണ്ടായ സംഭവത്തിന്‍റെ തുടര്‍ച്ചയാണ്. അഖിലേന്ത്യാതലത്തിലെ കര്‍ഷക സമരം അടുത്തകാലത്തായി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിച്ചുവരികയാണ്. ആദ്യം ഡല്‍ഹിയില്‍ മാത്രമുണ്ടായ സമരം പിന്നീട് പഞ്ചാബിലും ഹരിയാനയിലും പശ്ചിമ യുപിയിലുമായി വ്യാപിക്കുകയായിരുന്നു. അടുത്തയിടെ അത് യുപിയുടെ കിഴക്കന്‍ ഭാഗങ്ങളിലേക്ക് വ്യാപിച്ചതിന്‍റെ ഭാഗമായാണ് ലഖിംപൂര്‍ഖേരിയിലും ആരംഭിച്ചത്. മുസഫര്‍നഗര്‍ റാലിയെ തുടര്‍ന്നായിരുന്നു ഈ വ്യാപനം. ഇതില്‍ ക്രുദ്ധനായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര സമരക്കാരെ പാഠം പഠിപ്പിക്കാന്‍ മുതിര്‍ന്നു. ഏതാനും മാസം മുമ്പാണ് ലഖിംപൂര്‍ എംപിയായ അജയ് മിശ്ര കേന്ദ്രമന്ത്രിയാക്കപ്പെട്ടത്. അടുത്ത് നടക്കാന്‍പോകുന്ന യുപി തിരഞ്ഞെടുപ്പില്‍ ബ്രാഹ്മണവോട്ട് ബിജെപിക്ക് ഉറപ്പിക്കാന്‍വേണ്ടിയാണ് ഇദ്ദേഹത്തെ മന്ത്രിയാക്കിയത് എന്ന വാര്‍ത്ത ഉണ്ടായിരുന്നു. 


കര്‍ഷകരും പ്രതിപക്ഷ പാര്‍ടികളാകെയും മന്ത്രി രാജിവെയ്ക്കണമെന്നും മന്ത്രിപുത്രനെ അറസ്റ്റുചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ആഭ്യന്തരമന്ത്രി അമിത്ഷായെ കണ്ടശേഷം ബുധനാഴ്ച വൈകിട്ട് മന്ത്രി പ്രസ്താവിച്ചത് താന്‍ രാജിവെയ്ക്കില്ല എന്നാണ്. കര്‍ഷകര്‍ക്കുനേരെ വെടി ഉതിര്‍ത്തു എന്ന് പൊലീസ്തന്നെ ആരോപിക്കുന്ന മന്ത്രിപുത്രന്‍ ഇപ്പോള്‍ ഒളിവിലാണ്. അയാളെയും ഈ സംഭവത്തിന് ഉത്തരവാദികളായ അക്രമികളെയും പിടികൂടാന്‍ യുപി പൊലീസ് ഇതേവരെ തയാറായിട്ടുമില്ല. അക്രമത്തിന് ഉപയോഗിക്കപ്പെട്ട മന്ത്രിയുടെ കാര്‍ ഇതേവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടില്ല. മന്ത്രിയെയോ മകനെയോ ചോദ്യംചെയ്യുകയോ അതിന്‍റെ അടിസ്ഥാനത്തില്‍ ഇവര്‍ ഉള്‍പ്പെടെയുള്ള കുറ്റവാളികളെ അറസ്റ്റുചെയ്യുകയോ ഉണ്ടായിട്ടുമില്ല.

ക്രിമിനല്‍ നിയമം അനുസരിച്ച് ഇതുപോലുള്ള അക്രമം നടന്നാല്‍ അതിനിടയാക്കിയ വാഹനം പൊലീസ് കസ്റ്റഡിയിലെടുക്കണം. സംഭവസമയത്ത് അതില്‍ ഉണ്ടായിരുന്നവരെയെല്ലാം ചോദ്യംചെയ്യുകയും കുറ്റവാളികളെന്ന് സംശയിക്കുന്നവരെ അറസ്റ്റുചെയ്ത് തെളിവെടുക്കുകയും വേണം. വാഹന ഉടമയെ ചോദ്യംചെയ്ത് സംഭവത്തില്‍ അയാള്‍ക്കുള്ള പങ്ക് വ്യക്തമായി മനസ്സിലാക്കണം. പങ്കുള്ളതായി കണ്ടാല്‍ അറസ്റ്റുചെയ്ത് ചോദ്യംചെയ്യണം. ഇതൊന്നും ലഖിംപൂര്‍ഖേരി സംഭവത്തില്‍ ഉണ്ടായിട്ടില്ല. അതേസമയം ഏതെങ്കിലും സംഭവവുമായി, അതിന് ക്രിമിനല്‍ സ്വഭാവമില്ലെങ്കിലും ഒരു മുസ്ലീമോ ദളിതനോ ആദിവാസിയോ മറ്റോ ബന്ധമുള്ളതായി കണ്ടാല്‍ അവരെ അറസ്റ്റുചെയ്ത് മാസങ്ങളോളം തടങ്കലിലിടും. പലപ്പോഴും അങ്ങനെയൊരു സംശയംപോലും ഇല്ലാത്ത കേസുകളിലും അത്തരം പ്രമുഖ വ്യക്തികള്‍ തടങ്കലിലാക്കപ്പെട്ടിട്ടുണ്ട്. കോടതി ഇടപെട്ടശേഷമാണ് അത്തരക്കാര്‍ക്ക് പുറത്തുവരാന്‍ കഴിയാറുള്ളത്. 

എല്ലാവര്‍ക്കും തുല്യനീതി എന്ന നീതിന്യായ വ്യവസ്ഥയുടെ അടിത്തറയെത്തന്നെ മോഡിയും മറ്റ് ബിജെപി നേതാക്കളും നയിക്കുന്ന സര്‍ക്കാരുകള്‍ കാറ്റില്‍ പറത്തിയിരിക്കുകയാണ്. മതവും ജാതിയും നോക്കിയാണ് സര്‍ക്കാര്‍തലത്തില്‍ ഒരാള്‍ കുറ്റവാളിയോ അല്ലയോ എന്ന് തീരുമാനിക്കപ്പെടുന്നത്. ഇത് മതനിരപേക്ഷ ജനാധിപത്യ സമൂഹത്തിന്‍റെ നീതിബോധത്തെ പരസ്യമായി വെല്ലുവിളിക്കുന്നതാണ്. ഇന്ത്യയിലെ കര്‍ഷകരുടെ നിലനില്‍പിനെത്തന്നെ അപകടപ്പെടുത്തുന്നതാണ് കഴിഞ്ഞവര്‍ഷം മോഡിസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്നു നിയമങ്ങള്‍. അത് റദ്ദാക്കണം എന്നാണ് 11 മാസത്തോളമായി നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന്‍റെ ആവശ്യം. മോഡിസര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല, കര്‍ഷകരും.

സമരം തകര്‍ക്കാന്‍ ബിജെപി കണ്ട കുറുക്കുവഴിയാണ് സമരക്കാരെ വണ്ടികയറ്റി കൊല്ലുക, അധികാരം പ്രയോഗിച്ച് തടവിലാക്കിയും മറ്റും അവരെ ഭയപ്പെടുത്തുക. ആ വേല നടപ്പില്ല എന്നാണ് ലഖിംപൂര്‍ഖേരിയിലെ കര്‍ഷകര്‍ നടത്തുന്ന  പ്രക്ഷോഭ സമരങ്ങള്‍ വെളിവാക്കുന്നത്.  മാത്രമല്ല, ഈ സംഭവത്തോടെ സമരരംഗത്ത് ഒരു മാറ്റം ഉണ്ടായിരിക്കുന്നു. ഇതേവരെ ഈ പ്രശ്നത്തില്‍ രാഷ്ട്രീയകക്ഷികളുടെ ഇടപെടല്‍ വേണ്ട എന്നായിരുന്നു കര്‍ഷകസമര നേതൃത്വം നിര്‍ദേശിച്ചിരുന്നത്. ലഖിംപൂര്‍ഖേരിയിലെ സംഭവത്തോടെ സമരത്തിന് അനുകൂലമായി രാഷ്ട്രീയപാര്‍ടികള്‍ മുന്നോട്ടുവരികയും കര്‍ഷകര്‍ അവരുടെ പിന്തുണ സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. അത് സമരത്തിന് ആക്കംകൂട്ടുമെന്ന് വ്യക്തമാണ്. ഇതേവരെ സമരത്തെ അവഗണിച്ചുവന്ന മോഡിക്കും കൂട്ടര്‍ക്കും ഇനി അങ്ങനെ പെരുമാറാന്‍ കഴിയില്ല എന്ന് തീര്‍ച്ചയാണ്. 

മോഡിസര്‍ക്കാരിന്‍റെ നയം സ്വന്തക്കാര്‍ ചെയ്യുന്ന ഏത് അക്രമത്തെയും അനുവദിക്കുകയും തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്തവര്‍ ചെയ്യുന്ന നടപടികളെ ഊതിവീര്‍പ്പിച്ചു കാണിച്ച് കടുത്ത ശിക്ഷയ്ക്ക് ഇരയാക്കുകയുമാണ്. മുംബൈയില്‍ നടന്‍ ഷാരുഖ്ഖാന്‍റെ പുത്രന്‍ ആര്യന്‍ഖാന്‍ എന്ന യുവാവ് ഒരു ആഡംബര കപ്പലില്‍ ചില സുഹൃത്തുക്കളോടൊപ്പം ലഹരിവസ്തു ഉപയോഗിച്ചതായി കണ്ടെത്തി. ദേശീയ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ആര്യനെയും മറ്റു ചിലരെയും അറസ്റ്റുചെയ്തു. കപ്പലില്‍ നൂറുകണക്കിന് ആളുകള്‍ മദോന്മത്തരായി നൃത്തംചെയ്തെങ്കിലും അവരില്‍ ചിലരെ മാത്രമാണ് എന്‍സിബി പിടികൂടി കേസെടുത്തത്.

അവരെ ചോദ്യംചെയ്യാന്‍ എന്‍സിബി ഓഫീസില്‍ കൊണ്ടുപോകുന്നതിന്‍റെ ചില വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഒരു ബിജെപി നേതാവും ഒരു പ്രൈവറ്റ് ഡിറ്റക്ടീവും അതില്‍ പങ്കെടുത്തതായി കാണപ്പെടുന്നു. കപ്പലില്‍നിന്ന് ലഹരിക്കടിമയായ ചിലരെ മാത്രം സംശയത്തിന്‍റെപേരില്‍ അറസ്റ്റുചെയ്യുക, അവര്‍ അഹിന്ദുക്കളാവുക, അവരെ ചോദ്യംചെയ്യാന്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സിയില്‍ ഇല്ലാത്ത ഭരണകക്ഷി നേതാവും അയാളുടെ സുഹൃത്തും ഏര്‍പ്പെട്ടതായി കാണുക - ഇതെല്ലാം വെളിവാക്കുന്നത് രാജ്യത്തെ നീതി നിര്‍വഹണത്തില്‍ ബിജെപി നഗ്നമായി ഇടപെടുന്നു എന്നാണ്. നിയമത്തിനുമുന്നില്‍ എല്ലാവരും സമന്മാരാണ്, അതില്‍ ജാതിമത പരിഗണനകള്‍ പാടില്ല എന്ന ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ അടിത്തറയെത്തന്നെ ചോദ്യംചെയ്യുന്നതാണ് ഇത്തരം ഇടപെടലുകള്‍.

തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ നിയമലംഘകരോ കുറ്റവാളികളോ ആയി ചിത്രീകരിക്കാന്‍ ഭരണകക്ഷി അംഗങ്ങള്‍തന്നെ രാഷ്ട്രീയമായി ഇടപെടുന്ന കാഴ്ചയാണ് ആര്യന്‍ഖാന്‍ കേസില്‍ കാണപ്പെടുന്നത്. ലഖിംപൂര്‍ഖേരിയിലെ കേസിലാകട്ടെ കേന്ദ്ര മന്ത്രിയും പുത്രനും കുറ്റംചെയ്തതായി പൊലീസ് ആരോപിച്ചിട്ടും അവരെ നിയമ നടപടിക്ക് വിധേയരാക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നു. നിയമവാഴ്ച ഇതിലധികം വ്യഭിചരിക്കപ്പെടാനില്ല. 


ഇതിന്‍റെ മറുപുറം എന്നു പറയാവുന്നതാണ് ഗുജറാത്തിലെ കച്ച് പ്രദേശത്ത് അദാനി ഗ്രൂപ്പ് നടത്തുന്ന മുന്ദ്ര തുറമുഖത്ത് സെപ്തംബര്‍ 13ന് രണ്ട് കണ്ടെയ്നറുകളിലായി 3000 കി.ഗ്രാം ഹെറോയിന്‍ അഫ്ഗാനിസ്താനില്‍നിന്ന് ഇറക്കുമതിചെയ്തത് അധികൃതര്‍ പിടിച്ചെടുത്തതായിവന്ന വാര്‍ത്ത. ഇതിന് 21,000 കോടി രൂപ വിലവരുമെന്നാണ് മതിപ്പു കണക്ക്. ഇത്രയും വലിയ അളവില്‍ ലോകത്തൊരിടത്തും ലഹരി പദാര്‍ഥങ്ങള്‍ കണ്ടെടുക്കപ്പെട്ടിട്ടില്ല എന്നാണ് ആ മേഖലയെക്കുറിച്ച് അറിവുള്ളവര്‍ പറയുന്നത്. ഇത്രയും പ്രമാദമായ ലഹരിമരുന്ന് കടത്ത് പിടിച്ചിട്ടും പ്രധാനമന്ത്രി മോഡി ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാരിന്‍റെ വക്താക്കള്‍ ഇക്കാര്യത്തില്‍ മൗനം ദീക്ഷിക്കുന്നതും അതില്‍ കടത്തിയ ലഹരി പദാര്‍ഥങ്ങള്‍ എവിടേക്കെങ്കിലും മാറ്റിയോ, ആരെങ്കിലും അതില്‍ ഒരു ഭാഗമെങ്കിലും കൈവശപ്പെടുത്തിയോ തുടങ്ങിയ കാര്യങ്ങള്‍ ജനശ്രദ്ധയില്‍നിന്ന് മറച്ചുവെയ്ക്കുന്നതും എന്തുകൊണ്ടാണ്? മുന്ദ്ര തുറമുഖം ഇത്തരത്തിലുള്ള കള്ളക്കടത്തിനായി ഉപയോഗിക്കപ്പെടുന്ന കേന്ദ്രമാണെന്നതിനാലാണോ? ഇത്രയും പ്രമാദമായ ലഹരിമരുന്ന് പിടിത്തം മൂടിവെയ്ക്കുകയും മുംബൈയിലെ ഏതാനും ഗ്രാം ഹെറോയിന്‍പോലുള്ള ലഹരി പദാര്‍ഥങ്ങള്‍ പിടികൂടാന്‍ ബിജെപി നേതാവ് എന്‍സിബിയെ പിന്തള്ളി വീഡിയോകളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തത് എന്തുകൊണ്ടാണ്? അതില്‍ ഒരു മുസ്ലീം യുവാവുമായി ബന്ധം ആരോപിക്കാന്‍ കഴിയുന്നതുകൊണ്ടാണോ? മുന്ദ്ര തുറമുഖ സംഭവം മറച്ചുപിടിക്കുന്നത് അത്തരക്കാരെ ഒന്നും അതില്‍ കുടുക്കാനില്ല എന്നു മാത്രമല്ല, തന്‍റെ നിരുപാധിക പിന്തുണയുള്ള അദാനി ഗ്രൂപ്പാണ് അത് കൈകാര്യംചെയ്തത് എന്നതിനാലാണോ? അതോ, ബിജെപിയില്‍പെട്ട ആര്‍ക്കൊക്കെയോ 21,000 കോടി രൂപയുടെ ലഹരികടത്തില്‍ നേരിട്ട് ബന്ധമുള്ളതുകൊണ്ടോ?


ഏതായാലും, ലഖിംപൂര്‍ഖേരി സംഭവവും മുംബൈ മുന്ദ്രാ തുറമുഖ സംഭവങ്ങളും വെളിവാക്കുന്നത്, ബിജെപിയുടെ മോഡിസര്‍ക്കാര്‍ നീതിന്യായ വ്യവസ്ഥയെപ്പോലും കൈകാര്യംചെയ്യുന്നത്  മതാടിസ്ഥാനംപോലുള്ള സങ്കുചിത വീക്ഷണത്തോടെയാണ് എന്നാണ്. ഇതിലധികം ഈ സര്‍ക്കാര്‍ നെറികേട് കാണിക്കാനുണ്ടോ, അധഃപതിക്കാനുണ്ടോ? തുറന്നുകാട്ടപ്പെടാനുണ്ടോ? ഇതിനെ ജനങ്ങളാകെ അണിനിരന്ന് എതിര്‍ത്ത് തോല്‍പിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ല •