കോവിഡ് കാലത്ത് സിപിഐ എം

ചിന്ത

കുടിയേറ്റത്തൊഴിലാളികള്‍ക്ക് താമസസൗകര്യമൊരുക്കി
സുന്ദരയ്യ സ്കില്‍ ഡെവലപ്മെന്‍റ് സെന്‍റര്‍

ആന്ധാപ്രദേശിന്‍റെ തലസ്ഥാന മേഖലയില്‍ 47 കുടിയേറ്റത്തൊഴിലാളികള്‍ക്ക് സുന്ദരയ്യ സ്കില്‍ ഡവലപ്പ്മെന്‍റ് സെന്‍റര്‍ താമസം ഒരുക്കി സംസ്ഥാനത്തിനു മാതൃകയായി. വഡേശ്വരത്തു സ്ഥിതി ചെയ്യുന്ന മൂന്നുനില മന്ദിരമാണ് ഇങ്ങനെ കുടിയേറ്റ തൊഴിലാളികള്‍ക്ക് അഭയമായത്. ഒഡീഷ സംസ്ഥാനത്തിന്‍റെ അയല്‍ജില്ലകളായ ശ്രീകാകുളം, വിജയ നഗരം എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് തൊഴിലാളികള്‍. ചെന്നൈയില്‍ ജോലി ചെയ്തിരുന്ന ഈ കുടിയേറ്റത്തൊഴിലാളികള്‍, ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടതോടെ അക്ഷരാര്‍ഥത്തില്‍ വഴിയാധാരമാകുകയായിരുന്നു. അവര്‍ക്കു ജോലി നഷ്ടപ്പെട്ടു. കയ്യില്‍ പണമില്ല. തൊഴിലുടമകളോ ഗവണ്‍മെന്‍റുകളോ സഹായഹസ്തം നീട്ടിയില്ല. യാത്രാസൗകര്യങ്ങളൊന്നും ഇല്ല. അവര്‍ സ്വദേശത്തേക്ക് കാല്‍നടയായി യാത്ര തുടങ്ങി. 400 കിലോമീറ്റര്‍ കാല്‍നടയായി എത്തിയവരെ ഗുണ്ടൂര്‍ ജില്ലയില്‍ പൊലീസ് തടഞ്ഞു.


പ്രജാശക്തി സാഹിതി സന്‍സ്തയുടെ ഉടമസ്ഥതയിലുള്ള സുന്ദരയ്യ സ്കില്‍ ഡവലപ്പ്മെന്‍റ് സെന്‍ററിന്‍റെ കെട്ടിടം ഈ കുടിയേറ്റ തൊഴിലാളികള്‍ക്ക് ആശ്രയമായി; അവര്‍ക്ക് ഭക്ഷണവും മറ്റു സൗകര്യങ്ങളും നല്‍കി.


സിപിഐ എമ്മിന്‍റെ പാര്‍ടി ഓഫീസുകളും പാര്‍ടിക്കാര്‍ നേതൃത്വം നല്‍കുന്ന ട്രസ്റ്റുകളുടെ കെട്ടിടങ്ങളും കോവിഡ് 19ന് എതിരെയുള്ള പോരാട്ടത്തില്‍ വിട്ടുനല്‍കാമെന്ന് ഗവണ്‍മെന്‍റിനോട് സിപിഐ എം വ്യക്തമാക്കിയിരുന്നു. സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറുള്ള പാര്‍ടി പ്രവര്‍ത്തകരുടെയും ബഹുജനസംഘടനകളുടെ പ്രവര്‍ത്തകരുടെയും ലിസ്റ്റ് ഗവണ്‍മെന്‍റിനു നല്‍കുകയും ചെയ്തു. അങ്ങനെയാണ് സുന്ദരയ്യ സ്കില്‍ ഡവലപ്മെന്‍റ് സെന്‍റര്‍ കുടിയേറ്റത്തൊഴിലാളികള്‍ക്കുവേണ്ടി ഉപയോഗിച്ചുവരുന്നത്.


സിപിഐ എം നേതൃത്വത്തില്‍ തമിഴ്നാട്ടില്‍
ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ സജീവം

സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം പാര്‍ടി പ്രവര്‍ത്തകരും ബഹുജന സംഘടനാ പ്രവര്‍ത്തകരും അരയും തലയും മുറുക്കി ആശ്വാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. മോഡി സര്‍ക്കാര്‍ തിടുക്കത്തില്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ മൂലം ദുരിതത്തിലായ ജനങ്ങള്‍ക്ക് പരമാവധി ആശ്വാസം എത്തിക്കാന്‍ സിപിഐ എം ജില്ലാ കമ്മിറ്റികള്‍ ബഹുജന സംഘടനകളുമായി യോജിച്ച് അവശ്യവസ്തുക്കള്‍ അര്‍ഹിക്കുന്നവര്‍ക്ക് വിതരണം ചെയ്തു.


സിഐടിയു, ഡിവൈഎഫ്ഐ, എസ്എഫ്ഐ, ജനാധിപത്യ മഹിളാ അസോസിയേഷന്‍, ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, ഇന്‍ഷുറന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ തുടങ്ങിയവയുടെ പിന്തുണയോടെയാണ് സിപിഐ എം ജില്ലാ കമ്മിറ്റികള്‍ ഭക്ഷണപായ്ക്കറ്റുകള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചത്. ഏപ്രില്‍ ആദ്യ ആഴ്ച മുതല്‍ മെയ് 10 വരെ അങ്ങനെ വിതരണം ചെയ്തു.


മധുരയില്‍ സ്ഥലം എംപിയായ സു വെങ്കിടേശന്‍ മുന്‍കൈ എടുത്ത് അണ്ണാവാസന്‍ സ്കീം അനുസരിച്ച് ആയിരക്കണക്കിന് ഭക്ഷണപാക്കറ്റുകള്‍ വിതരണം ചെയ്തു. ഡിവൈഎഫ്ഐയുടെ വാളന്‍റിയര്‍മാരാണ് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തത്. മധുരയിലെയും സമീപപ്രദേശങ്ങളിലെയും അസംഘടിതമേഖലകളില്‍ ജോലി ചെയ്തിരുന്ന ആയിരക്കണക്കിനു തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഈ ഭക്ഷണപ്പൊതികള്‍ പ്രയോജനപ്പെട്ടു. നിരവധി വ്യാപാരി സംഘടനകളുടെ സഹകരണം ഈ പരിപാടിയുടെ വിജയത്തിന് ഗണ്യമായ സംഭാവനയേകി.
വിപണികളിലെ തിരക്ക് കുറയ്ക്കാന്‍ പച്ചക്കറി പായ്ക്കറ്റുകള്‍ മിതമായ വിലയ്ക്ക് ലഭ്യമാകുന്ന സ്ഥലമാണ് മധുര. റസിഡന്‍ഷ്യല്‍ ഏരിയകളില്‍ പച്ചക്കറി പായ്ക്കറ്റുകളടങ്ങിയ വാഹനങ്ങള്‍ എല്ലാ ദിവസവും എത്തിച്ചിരുന്നു. തിരുനെല്‍വേലി, കടലൂര്‍, സേലം തുടങ്ങിയ ജില്ലകളിലും ഇതേ സമ്പ്രദായമാണ് നിലനിന്നത്. ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടതോടെ മേല്‍പറഞ്ഞ ജില്ലകളില്‍ സിപിഐ എമ്മിന്‍റെയും ബഹുജനസംഘടനകളുടെയും നേതൃത്വത്തില്‍ പച്ചക്കറിക്കിറ്റുകളും വിതരണം ചെയ്യപ്പെട്ടു.


ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടതോടെ ആസാം, ത്രിപുര, പശ്ചിമബംഗാള്‍, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുടിയേറ്റത്തൊഴിലാളികള്‍ ഏറെ കഷ്ടത്തിലായി. അവര്‍ക്ക് ഭക്ഷണവും താമസസൗകര്യവും ഒരുക്കുന്നതിന് സിപിഐ എമ്മും സിഐടിയു ഉള്‍പ്പെടെയുള്ള ബഹുജനസംഘടനകളും മുന്നിട്ടിറങ്ങി പ്രവര്‍ത്തിച്ചു. പാചകകിറ്റുകളായാണ് വിതരണം ചെയ്യപ്പെട്ടത്. സിപിഐ എമ്മിന്‍റെ തിരുപ്പൂര്‍, കോയമ്പത്തൂര്‍ എന്നീ ജില്ലാകമ്മിറ്റികളുടെ നേതൃത്വത്തിലാണ് കിറ്റുകള്‍ വിതരണം ചെയ്യപ്പെട്ടത്.


കുടിയേറ്റത്തൊളിലാളികള്‍ക്ക് അവശ്യവസ്തുക്കള്‍ എത്തിച്ചുനല്‍കിയതുകൂടാതെ അവരുടെ വിശദവിവരങ്ങള്‍ ശേഖരിച്ച് ജില്ലാ ഭരണകൂടത്തിനുമുന്‍പില്‍ അവരുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നതിനും സിപിഐ എം ജില്ലാ കമ്മിറ്റികള്‍ ശ്രദ്ധിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ സഹായം എത്തുന്നത് ഉറപ്പാക്കുന്നതിനും സിപിഐ എം പ്രവര്‍ത്തകര്‍ ശ്രദ്ധിച്ചു.


കുടിയേറ്റതൊഴിലാളികള്‍ക്കു വേണ്ടി ശ്രമിക് എക്സ്പ്രസ്സുകള്‍ റെയില്‍വേ ആരംഭിച്ചപ്പോള്‍ സിപിഐ എം ജില്ലാകമ്മിറ്റികള്‍ ട്രെയിനുകളുടെ ലിസ്റ്റുകള്‍ എടുത്ത് ട്രെയിനില്‍ സ്വദേശത്തേക്ക് മടങ്ങാന്‍ അവരെ സഹായിച്ചു. അടുത്ത ദിവസങ്ങളില്‍ കൂടംകുളത്തും തിരുപ്പൂരിലും നൂറുകണക്കിനു കുടിയേറ്റത്തൊഴിലാളികള്‍ തങ്ങളുടെ നാടുകളിലേക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് റോഡിലിറങ്ങുകയുണ്ടായി.

ബംഗാളില്‍ സിപിഐ എം പ്രവര്‍ത്തകര്‍ 
ഒരുക്കിയ സാമൂഹ്യ അടുക്കളകള്‍

ബംഗാളില്‍ ലോക്ഡൗണ്‍ മൂലം കഷ്ടപ്പെടുന്ന പാവപ്പെട്ട ജനങ്ങളെയും സംസ്ഥാനത്ത് കുടുങ്ങിപ്പോയവരെയും സഹായിക്കാന്‍ സിപിഐ എമ്മിന്‍റെയും ബഹുജനസംഘടനകളുടെയും പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങി. ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടതിന്‍റെ അടുത്ത ദിവസം തന്നെ താല്‍ക്കാലിക ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍ അവര്‍ സംഘടിപ്പിച്ചു. ആരംഭിക്കപ്പെട്ട സെന്‍ററുകള്‍ എല്ലാം വിജയകരമായത് കൂടുതല്‍ സെന്‍ററുകള്‍ ആരംഭിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് പ്രേരണയും ആവേശവും നല്‍കി.


ഗവണ്‍മെന്‍റില്‍നിന്ന് യാതൊരു സഹായവുമില്ലാതെയാണ് സിപിഐ എം പ്രവര്‍ത്തകര്‍ സാമൂഹ്യ അടുക്കളകള്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ചത്. ബഹുജനങ്ങള്‍ പണവും ഭക്ഷണവിഭവങ്ങളും നല്‍കി പ്രോത്സാഹിപ്പിച്ചു.


24 പര്‍ഗാനയിലെ ടിറ്റഗറില്‍ 42 ദിവസമാണ് ഒരു സാമൂഹ്യഅടുക്കള സിപിഐ എം പ്രവര്‍ത്തകര്‍ പ്രവര്‍ത്തിപ്പിച്ചത്. ഇതിന്‍റെ പ്രവര്‍ത്തനം നിര്‍ത്തുന്നതിനുവേണ്ടി തൃണമൂല്‍ ഗുണ്ടകള്‍ ആക്രമണം നടത്തി. മുതിര്‍ന്ന സിപിഐ എം നേതാവും മുന്‍ എംപിയുമായ തരിത് ടോപ്പ്ഡര്‍ക്കു നേരെ ഗുണ്ടകള്‍ ആക്രമണം നടത്തി; അദ്ദേഹത്തിന്‍റെ കാര്‍ അടിച്ചുതകര്‍ത്തു; നിരവധി പാര്‍ടി നേതാക്കള്‍ ആക്രമിക്കപ്പെട്ടു. എന്നാല്‍ പാവപ്പെട്ടവരില്‍ പാവപ്പെട്ടവരായ ജനങ്ങള്‍ക്കുവേണ്ടി സ്ഥാപിക്കപ്പെട്ട അടുക്കളയുടെ പ്രവര്‍ത്തനം നിര്‍ത്തില്ല എന്ന സിപിഐ എം-സിഐടിയു പ്രവര്‍ത്തകരുടെ നിശ്ചയദാര്‍ഢ്യമാണിവിടെ വിജയിച്ചത്.


അസന്‍സോള്‍-ദുര്‍ഗാപ്പൂര്‍ വ്യവസായമേഖലയിലെ താല്‍ക്കാലിക തൊഴിലാളികളുടെയും കുടിയേറ്റത്തൊഴിലാളികളുടെയും പക്കല്‍ ചില്ലിക്കാശുപോലും ഉണ്ടായിരുന്നില്ല. സിപിഐ എം- സിഐടിയു പ്രവര്‍ത്തകര്‍ അവര്‍ക്കൊപ്പം നിലകൊള്ളുകയും ഭക്ഷണം എത്തിച്ചുകൊടുക്കുകയും ചെയ്തു.
സിലിഗിരി കോര്‍പറേഷന്‍റെ ഭരണം നടത്തുന്നത് ഇടതുപക്ഷ മുന്നണിയാണ്. കോര്‍പറേഷന്‍റെ സഹായത്തോടെ നിരവധി ഭാഗങ്ങളില്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ ഭക്ഷണം വിതരണം ചെയ്തു.


ജാദവ്പ്പൂരിലെ സാമൂഹ്യ അടുക്കള സാഹോദര്യത്തിന്‍റെ ഉദാത്തമാതൃകയായിരുന്നു. ഒരു ദിവസം പോലും മുടങ്ങാതെ ഭക്ഷണം അവശ്യക്കാര്‍ക്ക് എത്തിക്കുന്നതിന് യുവജനങ്ങളും വിദ്യാര്‍ഥികളും കൈമെയ് മറന്ന് പ്രവര്‍ത്തിച്ചു.


കൊല്‍ക്കത്തയുടെ വിവിധ ഭാഗങ്ങളില്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ തിരക്കിട്ട് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും വ്യാപകമായി വിതരണം ചെയ്തു.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള കുടിയേറ്റത്തൊഴിലാളികളെ സംരക്ഷിക്കുന്നതില്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. അന്യസംസ്ഥാനങ്ങളിലേക്ക് കാല്‍നടയായി യാത്ര തിരിച്ച കുടിയേറ്റ തൊഴിലാളികള്‍ക്ക് വഴിയില്‍ ഭക്ഷണപ്പൊതികള്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ വിതരണം ചെയ്തത് അവരെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമായി. കുടിയേറ്റത്തൊഴിലാളികള്‍ക്കുവേണ്ടി സ്പെഷ്യല്‍ ട്രെയിനുകള്‍ ആരംഭിച്ചപ്പോള്‍ കുടിയേറ്റത്തൊഴിലാളികള്‍ക്ക് ടിക്കറ്റ് എടുത്ത് നല്‍കുന്നതിനും സജീവമായി ഇടതുമുന്നണി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി; കോണ്‍ഗ്രസ്സുകാര്‍ കേരളത്തില്‍ കാണിച്ച പ്രഹസനം പോലെ ആയിരുന്നില്ല അത്.