കേരളം ലോകത്തിന്‍റെ നെറുകയില്‍

കെ ആര്‍ മായ

ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യമാണ് അമേരിക്ക. ശാസ്ത്ര - സാങ്കേതികരംഗത്തും വൈദ്യശാസ്ത്രത്തിലും വികസിതമായ രാജ്യമാണത്. എന്നാല്‍ കോവിഡ് 19 എന്ന മഹാമാരിയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ അവിടത്തെ ഭരണസംവിധാനത്തിന് ഒന്നും ചെയ്യാനായില്ല എന്നു മാത്രമല്ല സ്വന്തം ജനങ്ങളെ കൂട്ടമരണത്തിനു വിട്ടുകൊടുക്കുന്നതിനാണ് നാം സാക്ഷിയാകുന്നത്. ഇവിടെയാണ് കേരളത്തിന്‍റെ കോവിഡ് പ്രതിരോധ മാതൃക ശ്രദ്ധേയമാകുന്നത്. ലോകത്തിലെ മുതലാളിത്ത രാജ്യങ്ങളിലെ പത്രമാധ്യമങ്ങള്‍, ടി വി ചാനലുകള്‍ എന്നിവ ഉള്‍പ്പെടെ 35ലേറെ മാധ്യമങ്ങളാണ് കേരള മാതൃകയെപ്പറ്റി ജനശ്രദ്ധയാകര്‍ഷിക്കും വിധം വാര്‍ത്തകള്‍ നല്‍കിയത്.


ബിബിസി


കേരളം എങ്ങനെയാണ് കോവിഡ് രോഗവ്യാപനത്തിന്‍റെ ഗ്രാഫ് ഉയരാതെ നേര്‍രേഖയിലാക്കിയത് എന്നത് ടോക്ക് ഷോ ഇന്‍ ബിബിസി എന്ന പരിപാടിയില്‍ വിശദമായി ചര്‍ച്ച ചെയ്തു. കേരളം നിപയെ അതിജീവിച്ചതും ശ്രദ്ധേയമാംവിധം പരാമര്‍ശിക്കപ്പെട്ടു.


ദി ഗാര്‍ഡിയന്‍


ഇന്ത്യയില്‍ ജനുവരി അവസാനം കേരളത്തിലായിരുന്നു ആദ്യത്തെ കൊറോണ കേസ്. രണ്ടാമത്തെ വട്ടം മാര്‍ച്ച് ആദ്യം ഇന്ത്യയില്‍ 6 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തതില്‍ 3 ഉം കേരളത്തിലായിരുന്നു. എന്നാല്‍ ആഴ്ചകള്‍ക്കുള്ളില്‍ ഇന്ത്യയിലാകെ അത് പല മടങ്ങായി വര്‍ധിച്ചു. മുംബൈയില്‍ മാത്രം 1000ത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തപ്പോള്‍ ഭീതിമൂലം മുംബൈയിലെ ആശുപത്രികള്‍ പലതും പൂട്ടുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും ഉയരുമായിരുന്ന രോഗവ്യാപനത്തിന്‍റെ ഗ്രാഫ് നേര്‍രേഖയിലാക്കാന്‍ കേരളത്തിനു കഴിഞ്ഞു. കേരളത്തിലെ സാമൂഹിക സാമ്പത്തിക പുരോഗതിയും ഉയര്‍ന്ന സാക്ഷരതാനിരക്കും മാറിമാറി വന്ന കമ്യൂണിസ്റ്റു ഗവണ്‍മെന്‍റുകള്‍ സ്വീകരിച്ച നയങ്ങളും സൃഷ്ടിച്ച ശക്തമായ അടിത്തറയാണ് അമേരിക്ക പോലുള്ള വന്‍ രാഷ്ട്രങ്ങള്‍ കോവിഡിനു മുന്നില്‍ വിറങ്ങലിച്ചുനില്‍ക്കുമ്പോഴും കേരളത്തിനു ഫലപ്രദമായി നേരിടാന്‍ കരുത്തായതെന്നും വികേന്ദ്രീകൃത രീതിയിലുള്ള ആരോഗ്യപ്രവര്‍ത്തനങ്ങളും പഞ്ചായത്ത് സംവിധാനവും അതിനു കരുത്തേകുന്നു എന്നും ദി ഗാര്‍ഡിയന്‍ പറയുന്നു.


വാഷിങ്ടണ്‍ പോസ്റ്റ്


കര്‍ശനമായ ടെസ്റ്റിങ്, കോണ്‍ടാക്റ്റ് ട്രേസിങ്, സാമൂഹിക അടുക്കളകളിലൂടെ പാകം ചെയ്ത ഭക്ഷണവിതരണം, ബ്രേക്ക് ദ ചെയ്ന്‍ കാമ്പെയ്ന്‍, ദീര്‍ഘകാലത്തെ ക്വാറന്‍റൈന്‍, അതിഥിത്തൊഴിലാളികള്‍ക്കായി പ്രത്യേക ഷെല്‍ട്ടറുകളും സൗജന്യഭക്ഷണവും. ഇങ്ങനെ കേരളം നടപ്പാക്കിയ ഓരോ കാര്യവും വാഷിങ്ടണ്‍ പോസ്റ്റ് എടുത്തുപറയുന്നു. കേരളത്തില്‍ ഏപ്രില്‍ ആദ്യം 52% കേസുകളും നെഗറ്റീവായി. ഇന്ത്യയിലെവിടെയും ഈ സ്ഥിതി ഉണ്ടായില്ല.


ദി ട്രിബ്യൂണ്‍ മാഗസിന്‍


ലണ്ടനിലെ ദ ട്രിബ്യൂണ്‍ മാഗസിന്‍ 'ശാരിരീക അകലം, സാമൂഹിക ഒരുമ' എന്ന മുഖ്യമന്ത്രിയുടെ മുദ്രാവാക്യം ഉയര്‍ത്തിക്കാട്ടിയാണ് ഇന്ത്യയിലെ ചുവപ്പന്‍ സംസ്ഥാനം എന്ന് വിശേഷണമുള്ള കേരളം കോവിഡ് പ്രതിരോധത്തില്‍ സ്വീകരിച്ച മാര്‍ഗങ്ങളെക്കുറിച്ച് വിവരിക്കുന്നത്.


ദി എക്കണോമിസ്റ്റ്


വിയറ്റ്നാമും കേരളവും കോവിഡ് 19നെ പ്രതിരോധിച്ചത് എങ്ങനെയെന്നു വിവരിക്കുന്ന ലേഖനത്തില്‍ കേരള മാതൃകയെ അവതരിപ്പിക്കുന്നു. നിപ വൈറസ് ബാധയെയും അതിനെ അതിജീവിക്കുന്നതിനെയും പ്രമേയമാക്കിയ "വൈറസ്" സിനിമയെപ്പറ്റി പരാമര്‍ശിച്ചുകൊണ്ടാണ് ലേഖനം തുടങ്ങുന്നത്. വിയറ്റ്നാമും കേരളവും കോവിഡിനെ പ്രതിരോധിച്ചത് എങ്ങനെയാണ് എന്ന് വിശദമാക്കുന്ന ഒരു താരതമ്യഗ്രാഫും നല്‍കിയിട്ടുണ്ട്.


ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി


"ഭാവിയെ നേരിടുമ്പോള്‍ കോവിഡ്-19ല്‍ നിന്നും നമുക്ക് എന്തുപഠിക്കാന്‍ കഴിയും" എന്ന തലക്കെട്ടോടെ, ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പുറത്തിറക്കിയ ഓക്സ്ഫോര്‍ഡ് ഫാക്കല്‍റ്റി ഓഫ് പബ്ലിക് ഹെല്‍ത്തിന്‍റെ അക്കാദമിക് ജേര്‍ണലിന്‍റെ (ജേര്‍ണല്‍ ഓഫ് പബ്ലിക് ഹെല്‍ത്തിന്‍റെ ഏറ്റവും പുതിയ വോള്യം (42), ലക്കം 2) എഡിറ്റോറിയലിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള കേരളത്തിന്‍റെ പ്രതിരോധപ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കുന്നത്.


അറബ് ന്യൂസ്


സൗദി അറേബ്യയിലെ പത്ര പ്രസിദ്ധീകരണമായ അറബ് ന്യൂസില്‍ കേരളത്തിന്‍റെ കോവിഡ് പ്രതിരോധത്തെക്കുറിച്ച് പ്രസിദ്ധീകരിച്ച വസ്തുനിഷ്ഠമായ ലേഖനത്തില്‍ ഇന്ത്യയിലെ, കോവിഡ് രോഗം ഭേദമാകുന്നതിന്‍റെ നിരക്ക് 11% ആയിരിക്കുമ്പോള്‍ കേരളത്തില്‍ അത് 50% ആണെന്നത് എടുത്തുപറയുന്നു.


മേല്‍പറഞ്ഞവ കൂടാതെ സൗത്ത് ഹോങ്കോംഗില്‍ നിന്നിറങ്ങുന്ന ചൈന മോണിങ് പോസ്റ്റ്, അമേരിക്കയിലെ വോയ്സ് ഓഫ് അമേരിക്ക, കാനഡയിലെ നാഷണല്‍ പോസ്റ്റ്, ജപ്പാനിലെ ഡിപ്ലോമാറ്റ്, ഗള്‍ഫ് ന്യൂസ് (ദുബായ്), ഫ്രാന്‍സിലെ ലെ മുണ്ടെ, ഫ്രാന്‍സ് സയന്‍സ് അവനീര്‍,ഖലീജ് ടൈംസ് ദുബായ് തുടങ്ങി പ്രശസ്തമായ നിരവധി പ്രസിദ്ധീകരണങ്ങളും കേരളത്തിന്‍റെ കോവിഡ് പ്രതിരോധമാതൃകയെ ലോകത്തിനുമുന്നില്‍ അവതരിപ്പിക്കുകയുണ്ടായി. ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങള്‍ മാത്രമല്ല, ലോകത്തിലെ ഒട്ടേറെ ഭാഷകളില്‍ പ്രസിദ്ധീകരിക്കുന്ന പത്ര-മാധ്യമങ്ങളും കേരളത്തില്‍ എങ്ങനെയാണ് ഈ മാരക വൈറസിനെതിരെ ഇവിടത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ പൊരുതി പരാജയപ്പെടുത്തുന്നതെന്നു വിവരിക്കുന്നുണ്ട്. ഇന്ത്യയിലെ ദേശീയമാധ്യമങ്ങളും വിവിധ ഭാഷാ മാധ്യമങ്ങളും കേരളത്തില്‍ പിണറായി സര്‍ക്കാര്‍ നടത്തുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ആദരവോടെ വിവരിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. ഇംഗ്ലീഷ് പത്രങ്ങളില്‍ ലേഖനമെഴുതിയവരില്‍ ഒരാള്‍ കോണ്‍ഗ്രസ് എംപിയായ ശശി തരൂര്‍ ആണെന്നതും ശ്രദ്ധേയമാണ്; ഇതെല്ലാംതന്നെ പിആര്‍ വര്‍ക്കാണെന്നു പറയുന്ന പ്രതിപക്ഷ നേതാവിന്‍റെ തൊലിക്കട്ടി അപാരമെന്നേ പറയാനാകൂ. 


ഏറ്റവും ഒടുവില്‍ ബിബിസി വേള്‍ഡ് കേരളത്തിന്‍റെ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുമായി നടത്തിയ അഭിമുഖം ലോകമാകെ ശ്രദ്ധാവിഷയമായതും പ്രതിപക്ഷത്തിന്‍റെ സമനില തെറ്റിച്ചിരിക്കുന്നു.