'വിമോചന സമര' ഓര്‍മയില്‍ വീണ്ടും എ കെ ആന്‍റണി

അനില്‍കുമാര്‍ എ വി

"ലോകം മുഴുവന്‍ കേരള മോഡലിനെ പ്രശംസിക്കുകയാണ്. കേരളം ശരിക്കും അത് അര്‍ഹിക്കുന്നുണ്ടോ?" കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ കെ ആന്‍റണിയുമായി അരുണ്‍ ടി വിജയന്‍ 'അഴിമുഖം' ഓണ്‍ലൈന്‍ മാഗസിനുവേണ്ടി 2020 മെയ് 14ന് നടത്തിയ അഭിമുഖത്തിലെ അവസാന ഭാഗത്തെ  ചോദ്യമാണിത്. അതിന് ആ മുന്‍മുഖ്യമന്ത്രി നല്‍കിയ ഉത്തരം ചരിത്ര നിരാസത്തിന്‍റെയും സാമൂഹ്യ നിരക്ഷരതയുടെയും രാജഭക്തിയുടെയും 'വിമോചന സമര' യുക്തികളുടെയും രാഷ്ട്രീയ ദുഷ്ടലാക്കിന്‍റെയും മികച്ച മാതൃകയാണ്. "വല്ലാതങ്ങ് അഹങ്കരിക്കേണ്ട. കൊറോണ ബാധയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതലായി രക്ഷപ്പെട്ടു നില്‍ക്കുന്ന സംസ്ഥാനമാണെങ്കിലും കേരളം കരകയറിയിട്ടില്ല. ഇന്ത്യ മുഴുവന്‍ രോഗം പടര്‍ന്നു പിടിക്കുന്നുണ്ട്. തമിഴ്നാട്ടിലെ  സ്ഥിതി ഭയാനകം. കന്യാകുമാരി മുതല്‍ വയനാട് വരെയുള്ള കേരള അതിര്‍ത്തികളിലും എത്തിയിരിക്കുന്നു.  അവിടങ്ങളിലെല്ലാം കൊറോണ ഭയാനകമായി വ്യാപിക്കുമ്പോള്‍ രക്ഷപ്പെട്ടെന്ന് പറയാമോ? എന്നാല്‍ നമ്മുടെയെല്ലാം കൂട്ടായ ശ്രമഫലമായി വ്യാപനം തടയാനാകുന്നുണ്ട്. രോഗം പടരുന്ന  പല സംസ്ഥാനങ്ങളിലും രാജ്യങ്ങളിലുമുള്ള മലയാളികള്‍ മടങ്ങുകയാണ്. അവര്‍ക്ക് അതിന് അവകാശമുണ്ട്. കാരണം മലയാളികള്‍  അന്യദേശങ്ങളില്‍ കിടന്ന് പണിയെടുത്തതിന്‍റെ ഫലമായാണ് ഇത്രയുംകാലം കേരളം കഷ്ടപ്പാടില്ലാതെ കഴിഞ്ഞത്. അവര്‍ നാട്ടിലേക്ക് വരുമ്പോള്‍ ഇരുകൈയും  നീട്ടി സ്വീകരിക്കണം. പക്ഷേ,  മടങ്ങിവരവിലൂടെ രോഗികളുടെ എണ്ണം കൂട്ടാന്‍ സാധ്യതയുണ്ട്.


"രണ്ടു വര്‍ഷമായി ഞാന്‍ പാര്‍ലമെന്‍റിലെ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗമാണ്. ഡോക്ടര്‍മാരായ 12 എംപിമാരുണ്ട് അവിടെ. അവരുമായും ആയുര്‍വേദ, അലോപ്പതി രംഗത്തെ വിദഗ്ധരുമായെല്ലാം സംസാരിക്കാറുണ്ട്. ആരോഗ്യ സംഘടനകളുമായും ചര്‍ച്ച നടത്തുന്നു. അതില്‍നിന്ന് ഞാന്‍ മനസിലാക്കിയത് ഇന്ത്യയില്‍ ആരോഗ്യ രംഗത്ത് കേരളമാണ് ഒന്നാമതെന്നാണ്. അതിന്‍റെ കാരണം, വളരെ മുമ്പേ ആരംഭിച്ചു. തിരുവിതാംകൂര്‍ കൊട്ടാരത്തിനാണ് ആദ്യ ക്രെഡിറ്റ്. തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രി തുടങ്ങിയത് തിരുവിതാംകൂര്‍ മഹാരാജാവാണ്. വാക്സിന്‍ കേരളത്തില്‍ ആദ്യമായി പരീക്ഷിച്ചതാകട്ടെ  തിരുവിതാംകൂര്‍ രാജകുടുംബവും.  അതു കഴിഞ്ഞ് ക്രിസ്ത്യന്‍ മിഷണറിമാര്‍ വന്നു. പിന്നെ സമുദായ സംഘടനകളും. തിരുവിതാംകൂറിലെ പട്ടം താണുപിള്ള സര്‍ക്കാരും കൊച്ചിയിലെ ഇക്കണ്ടവാര്യരും മലബാറിലെ മദിരാശി സര്‍ക്കാരും ആരോഗ്യ രംഗത്ത് വികസനം കൊണ്ടുവരികയുണ്ടായി. ഒടുവില്‍ കേരളം പിറവിയെടുത്തു. മാറിമാറി വന്ന എല്ലാ ഗവണ്‍മെന്‍റുകളും ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്കാണ് ഏറ്റവും ഊന്നല്‍ കൊടുത്തത്. റവന്യൂ വരുമാനത്തിന്‍റെ കൂടുതല്‍ ഭാഗവും പോകുന്നത് ഈ വിഭാഗങ്ങളിലാണ്. അങ്ങനെ തുടര്‍ച്ചയായി വന്ന വിവിധ ജനകീയ സര്‍ക്കാരുകളുടെ പ്രവര്‍ത്തന ഫലമായാണ് വേറൊരിടത്തും ഇല്ലാത്തവിധം ആരോഗ്യരംഗം ശക്തമായിരിക്കുന്നത്. സംസ്ഥാന, ജില്ലാതല ആശുപത്രികള്‍  ഇവിടെയുണ്ട്. കൂടാതെ ഇന്ത്യയില്‍ ഒരിടത്തും കാണാത്തവിധം പ്രാഥമികാരോഗ്യകേന്ദ്രങ്ങളും. പറഞ്ഞു വരുന്നത് രാജഭരണ കാലത്ത് തുടങ്ങിയ ആരോഗ്യ രംഗത്തെ ശ്രമങ്ങള്‍ ഒരു സര്‍ക്കാരും നിര്‍ത്തിയിട്ടില്ലെന്നാണ്. അതിന്‍റെയൊക്കെ ഫലമായാണ് കേരളത്തിന് ഇതിനെയൊക്കെ പ്രതിരോധിക്കാനുള്ള ശക്തിയുണ്ടായത്. ഇപ്പോഴത്തെ സര്‍ക്കാരും അത് തുടരുന്നു, ആരോഗ്യ രംഗത്ത് ശ്രദ്ധിക്കുന്നു. അതാണ് കേരളം ഒന്നാം സ്ഥാനത്താകുന്നതിന്‍റെ പ്രധാന കാരണം. കേരളം നമ്പര്‍വണ്‍ എന്ന് അഹങ്കരിക്കേണ്ട. കൊറോണ ഇനി വേണമെങ്കിലും പടരാം" ആന്‍റണി സംഭാഷണത്തിന് വിരാമമിട്ടത് ഇങ്ങനെ.


രോഗവ്യാപനമുണ്ടെന്ന് ആന്‍റണി അഭിമുഖത്തില്‍ സൂചിപ്പിച്ചഅതേ കന്യാകുമാരിയായിരുന്നല്ലോ തിരുവിതാംകൂര്‍ രാജാക്കന്മാരുടെ കേന്ദ്രങ്ങളിലൊന്ന്. തിരുവിതാംകൂറാണ് കേരളത്തില്‍ ആദ്യമായി ആശുപത്രി തുടങ്ങിയത്. അതുകൊണ്ടാണത്രെ ഇവിടെ മികച്ച ആരോഗ്യ പരിപാലന സംവിധാനമുണ്ടായത്.  ഇന്ത്യയിലെ ആദ്യ ജനറല്‍ ഹോസ്പിറ്റല്‍ 1664 നവംബര്‍ പതിനാറിന് ചെന്നൈയിലാണ് ആരംഭിച്ചത് - സെന്‍റ് ജോര്‍ജ് കോട്ടയില്‍ സര്‍ എഡ്വേര്‍ഡ് വിന്‍റര്‍. ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയിലെ പരിക്കേറ്റ സൈനികരെ ഉദ്ദേശിച്ചായിരുന്നു തിടുക്കപ്പെട്ടുള്ള നടപടി. സര്‍ എലിഹു യെയ്ല്‍ 1690ല്‍ അതിനു പുതിയ സ്ഥലം അനുവദിച്ച് വികസിപ്പിച്ചു. തിരുവനന്തപുരത്ത് 1865ലേ അത്തരം സംവിധാനം ഒരുക്കാനായുള്ളൂ. റാണി ഗൗരി ലക്ഷ്മി ഭായിയുടെ കാലത്ത് 1811ലാണ് തിരുവിതാംകൂറില്‍ ആധുനിക ചികിത്സാരീതിക്ക് തുടക്കമിടുന്നത്. ആദ്യ ഘട്ടങ്ങളില്‍ രാജകുടുംബാംഗങ്ങള്‍ക്കും ഉന്നതോദ്യോഗസ്ഥര്‍ക്കും മാത്രമായിരുന്നു അതിന്‍റെ ഗുണം.


കമ്യൂണിസ്റ്റ് വിരുദ്ധതയുടെ ആവര്‍ത്തനം


ആന്‍റണിയുടെ വാദം മുഖവിലക്കെടുക്കുകയാണെങ്കില്‍ രണ്ടു നൂറ്റാണ്ട് മുമ്പ് ആശുപത്രി തുടങ്ങിയ തമിഴ്നാടല്ലേ ഒന്നാം സ്ഥാനത്ത് വരേണ്ടത്. ആദ്യ വാക്സിന്‍ തിരുവിതാംകൂര്‍ രാജാക്കന്മാര്‍ 1813ല്‍ പരീക്ഷിച്ചു. അതുകൊണ്ടാണ് കേരളത്തില്‍ കൊറോണ വ്യാപിക്കാത്തതെന്നും അദ്ദേഹം ധ്വനിപ്പിച്ചു. ഇന്ത്യയില്‍ ആദ്യം വാക്സിന്‍ എത്തിയത് 1802 മെയ് മാസത്തില്‍ മുംബൈയിലാണ്. അത് ആദ്യം പ്രയോഗിച്ചതാകട്ടെ ജൂണ്‍ പതിനാലിന്; വസൂരിബാധിതയായ മൂന്നു വയസുകാരി അന്നാ ദുസ്തലില്‍. അങ്ങനെ വിലയിരുത്തിയാല്‍  മുംബൈയല്ലേ കേരളത്തെക്കാള്‍ മുമ്പില്‍ നില്‍ക്കേണ്ടത്. എന്തൊക്കെയാണ്  ആന്‍റണി ഒളിപ്പിച്ചു കടത്തുന്ന ലക്ഷ്യങ്ങള്‍. ലോകവും അന്താരാഷ്ട്ര മാധ്യമങ്ങളും പഠന സ്ഥാപനങ്ങളും ആദരിക്കുന്ന കേരളത്തിന്‍റെ സര്‍വതലസ്പര്‍ശിയായ മികവിനെ ഇടിച്ചു താഴ്ത്തണം; അതിലൂടെ  ഇടതുപക്ഷ പ്രസ്ഥാനത്തിന്‍റെ പ്രധാന്യം നിഷേധിക്കണം. അനൗപചാരിക വിദ്യാഭ്യാസം, വിദ്യാഭ്യാസ വ്യാപനം, ഉയര്‍ന്ന സാക്ഷരത, താരതമ്യേന കുറ്റമറ്റ അധികാരവികേന്ദ്രീകരണം,ശാസ്ത്രീയ കാഴ്ചപ്പാടും യുക്തിബോധവും സ്വതന്ത്ര ചിന്തയും, തൊഴിലാളി കര്‍ഷക പ്രസ്ഥാനങ്ങളുടെ വ്യത്യസ്തവും സമര്‍പ്പണത്തോടെയുമുള്ള പ്രവര്‍ത്തനങ്ങളിലൂടെ പകര്‍ന്ന സന്നദ്ധ സേവന പാരമ്പര്യം, സാമൂഹ്യ - രാഷ്ട്രീയ ദിശാബോധം, സംശുദ്ധരായ ഒരുനിര നേതൃത്വം തുടങ്ങി ഒട്ടേറെ ഈടുവെപ്പുകളുടെ സമന്വയത്തിലൂടെയാണ് കേരളം ബദല്‍ സ്ഥാനത്തേക്ക് കുതിച്ചത്. അവയില്‍ രാജകുടുംബങ്ങളും   കോണ്‍ഗ്രസ് ഭരണവും നല്‍കിയ സംഭാവനകള്‍ എന്തെല്ലാമാണെന്ന് ആന്‍റണി വ്യക്തമാക്കണം. ജനാധിപത്യത്തിനുമേല്‍ ഫ്യൂഡല്‍ നാടുവാഴിത്തത്തെ കയറ്റി വെച്ച് ശ്ലാഘിച്ചതിലൂടെ എത്രമാത്രം സങ്കുചിത മനഃസ്ഥിതിയാണ് തന്നെ ആവേശിച്ചിട്ടുള്ളതെന്ന് അദ്ദേഹം തെളിയിച്ചിരിക്കയാണ്. കമ്യൂണിസ്റ്റ് വിരുദ്ധത ഒരാളെ എത്രമാത്രം പാതാളത്തിലേക്ക് താഴ്ത്തുമെന്നതിന്‍റെ തെളിവുകൂടിയാണ് ആന്‍റണി. 'വിമോചനസമരം' പിറവി നല്‍കിയ ആ നേതൃരൂപം അങ്ങനെയാവാനേ വഴിയുള്ളൂ.  


ചരിത്രത്തില്‍ ആഴത്തില്‍ വേരുകളാണ്ട എല്ലാവിധ സമൂഹമാറ്റങ്ങളെയും കേവലം ഭരണപരിഷ്കാരമായി വരവുവെക്കുന്ന പാഠപുസ്തക രീതിശാസ്ത്രം പ്രബലമായതും കാണാതിരിക്കാനാവില്ല. തിരുവിതാംകൂറില്‍ ആധുനിക വൈദ്യത്തിന്  വളര്‍ച്ചയുണ്ടായെന്ന വസ്തുത നിഷേധിക്കേണ്ടതില്ല. പക്ഷേ, അതിന്‍റെ യഥാര്‍ഥ അവകാശികള്‍ നവോത്ഥാന ചലനങ്ങളും ജനകീയപ്രസ്ഥാനങ്ങളും അവയെല്ലാം രൂപപ്പെടുത്തിയ അവബോധവുമാണ്. അതോട് നിഷേധകത്മക സമീപനമെടുക്കാന്‍ രാജകുടുംബത്തിന് കഴിയുമായിരുന്നില്ലെന്നതാണ് വാസ്തവം. കുമാരനാശാന്‍ പാടിയതുപോലെ നരന്‍ നരന് അശുദ്ധ വസ്തുവായ കാലത്ത്, അധഃസ്ഥിതര്‍ക്കുനേരെ പൊതുവഴികള്‍പോലും കൊട്ടിയടക്കപ്പെട്ടു. രാജകുടുംബങ്ങളുടെ സില്‍ബന്ധികളായും ഉന്നത ജാതിശ്രേണിയിലും വന്‍കിട ഉദ്യോഗങ്ങളിലും വിരാജിച്ചവര്‍ക്കുമാത്രം ചികിത്സിസ ലഭ്യമാക്കിയവര്‍ ചുരുക്കം ആതുരാലയങ്ങള്‍ സ്ഥാപിച്ചത് മല എലിയെ പ്രസവിച്ചതിനു തുല്യമാണ്. ജാതി - സാമ്പത്തിക വിവേചനങ്ങളില്ലാതെ എല്ലാവര്‍ക്കും മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷ ഉറപ്പാക്കുംവിധം സമൂല പൊളിച്ചെഴുത്തിന് ഉള്‍ക്കാഴ്ചയോടെ സംഭാവന നല്‍കിയത് ആരാണെന്നതാണ് പ്രധാനം. അതിന്‍റെ ഉത്തരം ആരോഗ്യ മേഖലയില്‍മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. ജന്മിത്തവും ജാതീയതയും തുടച്ചു നീക്കാന്‍ നടന്ന ബഹുമുഖങ്ങളായ പ്രക്ഷോഭങ്ങള്‍,  ഭൂപരിഷ്കരണവിദ്യാഭ്യാസ ബില്ലുകള്‍, വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും  പ്രാമുഖ്യം നല്‍കിയ  കേരള മോഡല്‍ വികസനം, ജനകീയാസൂത്രണ പ്രസ്ഥാനം, ആ പദ്ധതിയുടെ തുടര്‍ച്ചയായി ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളില്‍ പദ്ധതിവിഹിതത്തിന്‍റെ 30ശതമാനം വകയിരുത്തിയത്, ആ ഫണ്ടുപയോഗിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ ജനകീയ പങ്കാളിത്തത്തോടെ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയത് തുടങ്ങിയ ദീര്‍ഘവീക്ഷണമുള്ള നടപടികളാണ് കേരളത്തെ ഇതര സംസ്ഥാനങ്ങളുടെ പരിതാപകരമായ അവസ്ഥയില്‍നിന്നും വ്യത്യസ്തമാക്കിയതും. കോണ്‍ഗ്രസ് ഭരണത്തിലിരുന്ന കാലയളവുകളില്‍ ആ നേട്ടങ്ങളെല്ലാം ഇടംവലം നോക്കാതെ തകര്‍ത്തെറിഞ്ഞു. ആരോഗ്യ മേഖലയടക്കം വിദ്യാഭ്യാസ സംവിധാനമാകെ  ജാതി-മത വാണിജ്യ ശക്തികള്‍ക്ക് അടിയറവെക്കുകയുമുണ്ടായി. മരുന്നുകൊള്ളയും മെഡിക്കല്‍ കച്ചവടവും പൊടിപൊടിച്ചു. സാക്ഷരതാ പ്രസ്ഥാനത്തിനും ജനകീയാസൂത്രണ പരീക്ഷണത്തിനും നേരെ അസഹിഷ്ണുത തുറന്നുവിട്ട് അവയെ അട്ടിമറിക്കാനും നോക്കി.  


നുരഞ്ഞുപൊങ്ങുന്ന 
അമിത രാജഭക്തി


തിരുവിതാകൂറിന്‍റെ ചരിത്രനിര്‍മാണത്തില്‍ കടന്നുകൂടിയ ലക്ഷ്യവാദാധിഷ്ഠിതമായ  പരിമിതികളും എടുത്തുപറയേണ്ടതാണ്. അതിരാജഭക്തി നുരയുന്ന ചില കൃതികള്‍, അവിടം അടക്കിഭരിച്ച രാജാക്കന്മാരെ ആധുനികവല്‍ക്കരണത്തിന്‍റെ വക്താക്കളും പ്രയോക്താക്കളുമായി ചായംപൂശി അവതരിപ്പിക്കുകയായിരുന്നു. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് കുറച്ചുകൂടി പുരോഗമനാത്മകമായി രൂപാന്തരപ്പെടുകയും കമ്യൂണിസ്റ്റ് പാര്‍ടി ചുവടുറപ്പിക്കുകയും ചെയ്ത ഘട്ടത്തില്‍ ജനവിരുദ്ധ ശക്തികളില്‍ ആ ഭക്തിപാരവശ്യം ഒരു പ്രവണതയായി വേരുറച്ചു. രാജകുടുംബത്തെ ദേശീയതയുടെ കാവലാളുകളാക്കി കമ്യൂണിസ്റ്റുകാരെ അതിന്‍റെ എതിര്‍ഭാഗത്ത് പ്രതിഷ്ഠിക്കുകയും ചെയ്തു. തിരുവിതാകൂറിലെ എല്ലാ മുന്നേറ്റങ്ങള്‍ക്കും ഇന്ധനമായി വര്‍ത്തിച്ചത് രാജകുടുംബവും ദിവാന്മാരുമാണെന്ന ധാരണ ഉറപ്പിക്കാനും  പരിശ്രമിച്ചു. 1814 ല്‍ അടിമത്തം അവസാനിപ്പിച്ചത് തിരുവതാംകൂര്‍ രാജവംശമാണെന്ന് ഊറ്റംകൊള്ളുന്നവര്‍ ബോധപൂര്‍വം അവഗണിക്കുന്ന ഒരു സത്യമുണ്ട്. 1853വരെ ആ ക്രൂര സംവിധാനം അധികം ഉലച്ചില്‍ തട്ടാതെ നിലനിന്നുപോന്നത് രാജാക്കന്മാരുടെ സഹായത്തോടെയാണ്. ബ്രീട്ടീഷുകാരുടെയും ക്രിസ്ത്യന്‍ മിഷനറിമാരുടെയും കടുത്ത സമ്മര്‍ദമാണ് അടിമത്തത്തിന്‍റെ അടിത്തറയിളക്കിയത്. കറകളഞ്ഞ കമ്യൂണിസ്റ്റ് വിരുദ്ധ പാഠാവലികള്‍ ഹൃദിസ്ഥമാക്കിയുള്ള രാഷ്ട്രീയ വിദ്യാഭ്യാസം നേടിയ ആന്‍റണി ചില  ബാലിശതകള്‍ ആന്തരവല്‍ക്കരിച്ചതില്‍ വിസ്മയിക്കാനില്ല. അദ്ദേഹത്തിന്‍റെ അഭിമുഖത്തെ മറ്റൊരു നിലയില്‍  സമീപിച്ചാല്‍ സ്വന്തം പാര്‍ടിയുടെകൂടി ബലഹീനതകളാണ് അറിയാതെ വെളിപ്പെട്ടതെന്ന് കാണാം.  തിരുവിതാംകൂറില്‍ പൂര്‍ണമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ മന്ത്രിസഭ കോണ്‍ഗ്രസിന്‍റേതായിരുന്നല്ലോ.


പല്‍പ്പു നേരിട്ട അവഹേളനങ്ങള്‍


ആരോഗ്യമേഖലയുടെ പടവില്‍   തിരുവിതാംകൂറിനെ ഏറ്റവും മുകളില്‍ പ്രതിഷ്ഠിക്കുമ്പോള്‍ ഡോ. പത്മനാഭന്‍ പല്‍പ്പു സഹിച്ച തുടര്‍ച്ചയായ അവഹേളനമെങ്കിലും ഓര്‍ക്കേണ്ടതാണ്. (തിരുവിതാംകൂറില്‍  സര്‍ക്കാര്‍ ജോലിയില്‍ അധഃകൃതരെ പ്രവേശിപ്പിച്ചിരുന്നില്ല. അഞ്ചു രൂപക്ക് മുകളില്‍ വേതനമുള്ള തൊഴിലുകള്‍ നല്‍കിയതുമില്ല) പഠനം ഉന്നത നിലവാരത്തില്‍ പൂര്‍ത്തിയാക്കി ജോലിക്ക് അപേക്ഷ നല്‍കിയ പല്‍പ്പുവിന് ജാതി പിന്നോക്കാവസ്ഥ കാരണം തിരുവിതാംകൂറില്‍ നിയമനം ലഭിച്ചില്ല.


 1885-1924 കാലയളവില്‍ ശ്രീമൂലം തിരുനാളിന്‍റെ കൈയിലായിരുന്നു തിരുവിതാംകൂര്‍ ഭരണം. ഉയര്‍ന്ന നിലവാരത്തില്‍ മദ്രാസില്‍നിന്ന് മെഡിക്കല്‍ ബിരുദം നേടിയ പല്‍പ്പുവിനെ തിരുവിതാംകൂര്‍ ഭരണം കളിയാക്കിയത് ഈഴവന് ചെത്താനോ കയറു പിരിക്കാനോ പോയിക്കൂടേ എന്നു ചോദിച്ചാണ്. ആ അനീതിയും അവഗണനയും പരിഹാസവുമാണ് 1903 ല്‍ എസ്എന്‍ഡിപി യോഗം സ്ഥാപിക്കുന്നതിന് മുന്‍കൈ എടുക്കാന്‍ പ്രേരിപ്പിച്ചത്. സമാനമായ അനീതികള്‍ക്കെതിരെ പലമട്ടില്‍ പ്രതിഷേധിക്കുകയും അവ തിരുത്തിക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. മദിരാശി സര്‍ക്കാര്‍ ആസ്ഥാനത്തേക്കും മറ്റും മെമ്മോറിയലുകള്‍ അയച്ച് ഓഫീസുകളിലും വിദ്യാലയങ്ങളിലും താഴ്ന്ന ജാതിക്കാര്‍ക്ക് പ്രവേശനം നേടിയെടുത്തു. 1878ല്‍ തിരുവിതാംകൂര്‍ മെഡിക്കല്‍ കോളേജില്‍ തനിക്ക് വൈദ്യ വിദ്യാഭ്യാസവും തനിക്കും ജ്യേഷ്ഠനും  ജോലിയും നിഷേധിച്ചതിന്‍റെ കാരണം തിരക്കി പല്‍പ്പു ദിവാന് പരാതി നല്‍കുകയുണ്ടായി. പ്രശ്നം സൂചിപ്പിച്ച് പത്രങ്ങളില്‍ ലേഖനങ്ങളും എഴുതി.ഈഴവരുടെ നിത്യജീവിതം ദുസ്സഹമാക്കുന്ന ദുരാചാരങ്ങള്‍ തുറന്നുകാട്ടാന്‍  ഇംഗ്ലീഷ്  പത്രങ്ങളും ഉപയോഗിച്ചു.  'മദ്രാസ് മെയില്‍' പത്രത്തില്‍ വന്ന 'തിരുവിതംകോട്ടെ തീയന്‍' ഏറെ ശ്രദ്ധേയം.  താന്‍ രചിച്ച ഇത്തരം ലേഖനങ്ങളും അയച്ച പരാതികളും സമാഹരിച്ച്  1896ല്‍ 'തിരുവിതാംകൂറിലെ തീയന്മാരോടുള്ള പെരുമാറ്റം' (ട്രീറ്റ്മെന്‍റ് ഓഫ് തീയാസ് ഇന്‍ ട്രാവന്‍കൂര്‍)എന്ന ശീര്‍ഷകത്തില്‍ പുസ്തകവും ഇറക്കി. മദ്രാസ്, കേംബ്രിജ്, ലണ്ടന്‍ സര്‍വകലാശാലകളില്‍ വൈദ്യശാസ്ത്ര പഠനം നടത്തിയ ഈഴവനായ  ഡോ. സി ഒ കരുണാകരനെ സര്‍ സിപി രാമസ്വാമി അയ്യര്‍ ഉപരിപഠനാര്‍ഥം അമേരിക്കയിലേക്ക് അയച്ചതും കേരളത്തിലെ ആദ്യ മെഡിക്കല്‍ കോളേജ് തിരുവനന്തപുരത്ത് ആരംഭിക്കാന്‍ ചുമതലപ്പെടുത്തിയതും അവിടെ പ്രിന്‍സിപ്പലായി നിയമിച്ചതും പില്‍ക്കാല ചരിത്രം. പല്‍പ്പുവിനെ അവഗണിച്ചതിനുശേഷം കുതിച്ചുയര്‍ന്ന നവോഥാന മുന്നേറ്റത്തിന്‍റെ സമ്മര്‍ദമാണ്  സി ഒ കരുണാകരന് തുണയായത്. ആന്‍റണി അടിയന്തിരമായും മറിച്ചുനോക്കേണ്ട ചരിത്ര വസ്തുതകളാണിവ.