ചൈനയ്ക്കെതിരെ അമേരിക്കയുടെ ശീതയുദ്ധമോ?

കെ എ വേണുഗോപാലന്‍

സിപിഐ എമ്മിന്‍റെ ഇരുപത്തിരണ്ടാം പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തില്‍ നവലിബറലിസം നേരിടുന്ന പ്രതിസന്ധി ഇന്ന് ആഗോള മുതലാളിത്തം നേരിടുന്ന വ്യവസ്ഥാപിതമായ പ്രതിസന്ധിയുടെ ഭാഗമാണെന്ന് വ്യക്തമാക്കിയിരുന്നു. ഇത് പലതരത്തിലാണ് പ്രകടമാവുന്നത്. ആഗോളമായും ആഭ്യന്തരമായും നടക്കുന്ന വലതുപക്ഷത്തിന്‍റെ ശാക്തീകരണം, സാമ്രാജ്യത്വശക്തികളുടെ, വിശിഷ്യ അമേരിക്കയുടെ ആഗോള ആധിപത്യം ഉറപ്പാക്കുന്നതിനുള്ള രാഷ്ട്രീയവും സൈനികവുമായ അക്രമോത്സുകമായ ഇടപെടലുകള്‍, ലാഭം പരമാവധിയാക്കുന്നതിനായി ആഭ്യന്തര സമ്പദ്വ്യവസ്ഥകള്‍ തുറന്നു കൊടുക്കുന്നതിനുവേണ്ടി വികസ്വര രാജ്യങ്ങള്‍ക്കുമേല്‍ നടത്തുന്ന സമ്മര്‍ദ്ദം,സാമ്രാജ്യത്വ രാജ്യങ്ങള്‍ തമ്മില്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍,സാമ്രാജ്യത്വം അടിച്ചേല്‍പ്പിക്കുന്ന ഭിന്നിപ്പിക്കല്‍ തന്ത്രങ്ങള്‍ ഇതൊക്കെ ഈ പ്രതിസന്ധിയുടെ ഉല്‍പന്നങ്ങളാണ്.വംശീയത, അന്യമത വിരോധം, നവ ഫാസിസ്റ്റ് പ്രവണതകള്‍, വലതുപക്ഷവല്‍ക്കരണം ഇതൊക്കെ ലോകമെമ്പാടും പ്രകടമായിക്കൊണ്ടിരിക്കുന്നു.


ആഗോള മുതലാളിത്തത്തിന്‍റെ ഈ വ്യവസ്ഥാപരമായ പ്രതിസന്ധിയാണ് 2008ലെ സാമ്പത്തിക പ്രതിസന്ധിയായി പ്രത്യക്ഷപ്പെട്ടത്. ഇതുവരെ ലോക മുതലാളിത്തത്തിന് ആ പ്രതിസന്ധി മറികടക്കാന്‍ ആയിട്ടില്ല. ലോകത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളെയും ചൂഷണം ചെയ്യുന്നതിന്‍റെ തോത് വന്‍തോതില്‍ വര്‍ധിപ്പിക്കുകയാണ് അവര്‍ ചെയ്തു കൊണ്ടിരിക്കുന്നത്.അത് സ്വാഭാവികമായും ഈ പ്രതിസന്ധിയെ കൂടുതല്‍ കൂടുതല്‍ ആഴത്തിലുള്ളതാക്കി മാറ്റുന്നു.നവലിബറലിസത്തിന്‍റെ ആത്യന്തികമായ ലക്ഷ്യം ലാഭം പരമാവധിയാക്കലാണ്. ഈ ലക്ഷ്യം നേടുന്നതിനു വേണ്ടി മുതലാളിത്ത ഭരണകൂടം അതിനാവശ്യമായ നിയമപരവും ഭരണപരവുമായ ഘടനകള്‍ ഉണ്ടാക്കുന്നു. നവലിബറലിസം മുതലാളിത്ത ദൈവമായ വിപണിയെ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. മുതലാളിത്തം അവകാശപ്പെടുന്നത് വിപണിക്ക് ഫലപ്രദമായി വിഭവങ്ങളെ ഉപയോഗിക്കാനും പൊതു താല്‍പ്പര്യം സംരക്ഷിക്കാനും സ്വയം നിയന്ത്രിക്കാനും സ്വയം തെറ്റ് തിരുത്താനും കഴിയുമെന്നാണ്.അതുകൊണ്ടുതന്നെ എണ്‍പതുകളുടെ അവസാനത്തോടെ വാഷിംഗ്ടണ്‍ സമവായത്തിന്‍റെ പേരില്‍ തുറന്ന വിപണി,സ്വതന്ത്ര വ്യാപാരം,സ്വകാര്യവല്‍ക്കരണം, ഉദാരവല്‍ക്കരണം, ഗവണ്‍മെന്‍റ് ചെലവുകള്‍ വെട്ടിക്കുറയ്ക്കല്‍ തുടങ്ങിയവയൊക്കെ അവര്‍  സൈദ്ധാന്തികവല്‍ക്കരിച്ചു.സ്വകാര്യമേഖല വികസിപ്പിക്കുന്നതിലൂടെ  മാത്രമേ സാമ്പത്തിക വളര്‍ച്ച നേടാനാവൂ എന്ന സിദ്ധാന്തമാണ് അവര്‍ പ്രചരിപ്പിച്ചത്. ഇതിന്‍റെ ആത്യന്തികഫലം ഒരുഭാഗത്ത് ലാഭം കുന്നുകൂടലും മറുഭാഗത്ത് വരുമാന അസമത്വത്തിന്‍റെ വര്‍ദ്ധനവും ആയിരുന്നു.


ലാഭം പരമാവധി ആക്കുന്നതിനു വേണ്ടി  നവലിബറലിസം ആഗോള സമ്പദ് വ്യവസ്ഥയെ പുനഃസംഘടിപ്പിച്ചു. അത് ലാഭം നേടിയെടുക്കുന്നതിന് പുതിയ മേഖലകള്‍ സൃഷ്ടിക്കുകയും അവയെ പരമാവധി സ്വകാര്യവല്‍ക്കരിക്കുകയും ചെയ്തു. ഇതിന്‍റെ ഫലമായി എല്ലാ രാജ്യങ്ങളിലും  ധനികരും ദരിദ്രരും തമ്മിലുള്ള അകലം വര്‍ദ്ധിക്കുകയും ധനികരാജ്യങ്ങളും ദരിദ്ര രാജ്യങ്ങളും തമ്മിലുള്ള അസമത്വം വര്‍ധിക്കുകയും ചെയ്തു. ജനങ്ങളുടെ വാങ്ങല്‍ കഴിവ് വന്‍തോതില്‍ ഇടിഞ്ഞു. ഈടില്ലാതെ കടംകൊടുത്ത് ജനങ്ങളുടെ വാങ്ങല്‍ കഴിവ് വര്‍ധിപ്പിക്കാനാണ് മുതലാളിത്ത ഭരണകൂടങ്ങള്‍ ശ്രമിച്ചത്.ഇത് കടം തിരിച്ചടവ് ഇല്ലാതാക്കി.ബാങ്കുകള്‍ പ്രതിസന്ധിയിലായി.അന്തിമമായി ഭരണകൂടങ്ങള്‍ തന്നെ ഈ കടം ഏറ്റെടുക്കേണ്ടിവന്നു.എന്നാല്‍ ഇതുകൊണ്ടും പ്രതിസന്ധി അവസാനിച്ചില്ല;അത് ഇപ്പോഴും തുടരുകയാണ്.തൊഴിലാളികളുടെ തൊഴില്‍ സമയം വര്‍ധിപ്പിച്ചും പെന്‍ഷന്‍ വെട്ടിക്കുറച്ചും സാമൂഹ്യ ക്ഷേമ ചെലവുകള്‍ ഇല്ലാതാക്കിയും ഈ പ്രതിസന്ധി ഇല്ലാതാക്കാനാണ് ശ്രമിച്ചത്.


എന്നാല്‍ പ്രതിസന്ധി പരിഹാരമില്ലാതെ തുടര്‍ന്നു.അത് അമേരിക്കയുടെ ആക്രമണോത്സുകത വര്‍ദ്ധിപ്പിച്ചു.അവര്‍ ഇതര രാജ്യങ്ങളുടെ കാര്യങ്ങളില്‍ സൈനികവും രാഷ്ട്രീയവുമായ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരുന്നു. നവലിബറല്‍  പ്രതിസന്ധി പരിഹരിക്കുന്നതിനായി ലോകത്തിലെ പ്രധാനപ്പെട്ട സാമ്പത്തിക സ്രോതസ്സുകളുടെ മേല്‍ തങ്ങളുടെ  ആധിപത്യം അടിച്ചേല്‍പ്പിക്കുന്നതിനാണ് അമേരിക്ക ശ്രമിച്ചത്. സ്വന്തം നേതൃത്വത്തിന് കീഴില്‍ ഒരു ഏകധ്രുവ ലോകം സൃഷ്ടിക്കുന്നതിന് അവര്‍ ശ്രമിച്ചു. ഇത് ശക്തിപ്പെടുത്തുന്നതിന് സൈനികവും രാഷ്ട്രീയവുമായ ഇടപെടലുകളിലൂടെ അവര്‍ നിരന്തര പരിശ്രമം നടത്തി.പശ്ചിമേഷ്യ,വടക്കന്‍ ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലാണ് അവര്‍ ഇടപെടലുകള്‍ നടത്തിയത്. അമേരിക്കയുടെ സൈനിക ബജറ്റ് 70,000 കോടി ഡോളര്‍ കടന്നു.ചൈനയെ കീഴ്പ്പെടുത്തുക എന്നതായി അവരുടെ ലക്ഷ്യം മാറി.


ഇതിനൊരു കാരണമുണ്ട്. ലോകത്തില്‍ അതിവേഗം വളരുന്ന  സമ്പദ് വ്യവസ്ഥയായി ചൈന മാറിയിരുന്നു. ലോകത്തിലെ രണ്ടാമത്തെ സമ്പദ്ഘടനയായും ആഗോള സാമ്പത്തിക വളര്‍ച്ചയുടെ 30% സംഭാവന ചെയ്യുന്ന രാഷ്ട്രമായും ചൈന മാറി. ഇത് ചൈനയുടെ  സാര്‍വദേശീയ ബന്ധങ്ങളില്‍ അതിവേഗം മാറ്റം വരുത്തിക്കൊണ്ടിരുന്നു. ചൈനയുടെ വണ്‍ ബെല്‍റ്റ്,വണ്‍ റോഡ് പദ്ധതിയില്‍ നിരവധി രാജ്യങ്ങള്‍ അണിനിരന്നു. ചൈന സ്ഥാപിച്ച ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍  ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കുമായി അറുപതോളം രാജ്യങ്ങള്‍ ബന്ധപ്പെട്ടു. അതില്‍ അമേരിക്കയുടെ സഖ്യകക്ഷികളായ ബ്രിട്ടന്‍, ആസ്ട്രേലിയ,ദക്ഷിണ കൊറിയ എന്നിവയൊക്കെ ഉണ്ടായിരുന്നു.ചൈനയുടെ നേതൃത്വത്തിലുള്ള ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷനും ബ്രിക്സും ഒക്കെ നന്നായി പ്രവര്‍ത്തിക്കുന്നു. ചൈനയുടെ ഉയര്‍ന്നുവരുന്ന പ്രതിച്ഛായ  ഏറെ അങ്കലാപ്പ് ഉണ്ടാക്കിയത് അമേരിക്കക്കാണ്. ഇതൊരു ബഹു ധ്രുവലോകത്തിലേക്ക് നയിക്കുമെന്ന് അമേരിക്ക ഭയപ്പെടുന്നു.


ആ ഭയപ്പാടാണ് ഇപ്പോള്‍ ചൈനയ്ക്കെതിരെ മനഃശാസ്ത്ര യുദ്ധത്തിന് തയ്യാറാവണമെന്ന്   ട്രമ്പിനെ ഉപദേശിക്കാന്‍ അമേരിക്കന്‍ സൈനിക വിദഗ്ധരെ നിര്‍ബന്ധിതരാക്കിയത്. ചൈനയ്ക്കെതിരെ പുതിയൊരു ശീതയുദ്ധത്തിന് അമേരിക്ക തീരുമാനിച്ചതായി ഫൈനാന്‍ഷ്യല്‍ ടൈംസ് വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോവിഡ് 19 ചൈനയുടെ നിര്‍മ്മിതി ആണെന്ന് അമേരിക്ക  പ്രചരിപ്പിക്കുന്നത് ഈ ലക്ഷ്യത്തോടെയാണ്. ചൈനയില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാന്‍ അമേരിക്ക ധന മൂലധന പ്രഭുക്കളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. 2021 ലെ ബജറ്റില്‍ ചൈനയ്ക്ക് എതിരായ യുദ്ധം നടത്തേണ്ടതിന്‍റെ ആവശ്യത്തിലേക്കായി 70500 കോടി ഡോളര്‍ ആണ് അവര്‍ നീക്കിവെച്ചിരിക്കുന്നത്.ചുരുക്കിപ്പറഞ്ഞാല്‍ മുന്‍കൂട്ടി തീരുമാനിക്കപ്പെട്ട ഒന്നാണ് കൊറോണ വൈറസിന്‍റെ പേരില്‍ ചൈനയ്ക്കെതിരായി ഇന്ന് നടത്തിക്കൊണ്ടിരിക്കുന്ന മനഃശാസ്ത്ര യുദ്ധം.