സത്യത്തിനുനേരെ കണ്ണടച്ച്...

ഗൗരി

മൂന്ന് വര്‍ഷം മുന്‍പ് 21 ജീവന്‍ അപഹരിച്ച നിപ വൈറസ് വീണ്ടും കോഴിക്കോട് ജില്ലയില്‍ തന്നെ എത്തിയിരിക്കുന്നു. ഇതിനിടയില്‍ എറണാകുളത്ത് ഒരാളെ ബാധിച്ചെങ്കിലും കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാനും ബാധിച്ചയാളുടെ ജീവന്‍ രക്ഷിക്കാനും സംസ്ഥാനത്തെ ആരോഗ്യവകുപ്പിനു കഴിഞ്ഞിരുന്നു. ഇപ്പോള്‍ നിപയുടെ ആദ്യ ഇരയായി കരുതപ്പെടുന്ന കുട്ടിയില്‍ നിപ വൈറസ് സാന്നിധ്യം കണ്ടെത്തുമ്പോഴേക്കും മരണം അവനെ കീഴടക്കി കഴിഞ്ഞു.


സ്വാഭാവികമായും കൂനിന്മേല്‍ കുരുവെന്ന പോലെ സംസ്ഥാനം കോവിഡ് മഹാമാരിയുടെ പിടിയില്‍പെട്ട് ഞെരിപിരിക്കൊള്ളുമ്പോള്‍ തന്നെ, പകര്‍ച്ച സാധ്യത കുറഞ്ഞതാണെങ്കിലും മരണ സാധ്യത ഏറെ കൂടുതലുള്ള നിപയുടെ വരവ് മാധ്യമ ശ്രദ്ധയാകര്‍ഷിക്കും. ചാനല്‍ ചര്‍ച്ചകളില്‍ അത് ഇടംപിടിക്കുന്നത് നല്ലതാണെന്നു മാത്രമല്ല, ജനങ്ങളെ ജാഗ്രതപ്പെടുത്താന്‍ അത്തരം ചര്‍ച്ചകള്‍ പ്രയോജനകരമാകേണ്ടതുമാണ്.

എന്നാല്‍ 5-ാം തീയതി രാത്രിയിലത്തെ ചാനല്‍ ചര്‍ച്ചകളില്‍ മുഴച്ചുനിന്നത് വൈറസിനെതിരെയുള്ള ജാഗ്രതപ്പെടുത്തലിനുപകരം രാഷ്ട്രീയമായ പ്രചാരണമാണ്. ആരോഗ്യവിദഗ്ധരെപോലും ചാനല്‍ അങ്ങത്തമാര്‍ രാഷ്ട്രീയലക്ഷ്യത്തോടെ വിരട്ടിഫിക്കേഷന്‍ നടത്തുന്നതും കാണാമായിരുന്നു. മാത്രമല്ല, പല ചാനലുകാര്‍ക്കും ആരോഗ്യരംഗത്ത് വൈദഗ്ധ്യമുള്ളവരെക്കാള്‍ പഥ്യം കൊങ്ങി-സംഘി ചരടുകളുള്ളവരെയാണെന്നെതും ശ്രദ്ധിക്കണം. ഓരിക്കെല്ലാം മൊഴപ്പിച്ചങ്ങട് അവതരിപ്പിക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍ നിപ കൈകാര്യം ചെയ്യുന്നതിലും കോവിഡ് കൈകാര്യം ചെയ്യുന്നതിലുമെല്ലാം പാടെ പരാജയമാണെന്നാണ്. 2018ലെ അനുഭവത്തില്‍ നിന്നും സര്‍ക്കാര്‍ ഒന്നും പഠിച്ചില്ലെന്നും അവര്‍ പറഞ്ഞുവയ്ക്കുന്നു.

ചില ചാനല്‍ ജഡ്ജിമാരുടെ ശോദ്യം തിരുവനന്തപുരത്ത് തോന്നയ്ക്കല്‍ സ്ഥാപിച്ച അഡ്വാന്‍സ്ഡ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഗതിയെന്തായി എന്നാണ്; അതിന്‍റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തിയിരുന്നെങ്കില്‍ നിപ പരിശോധനയ്ക്ക് അങ്ങ് പൂനെവരെ പോകേണ്ടതില്ലായിരുന്നല്ലോന്നുമാണ്. അത്തരക്കാര് മൂടിവയ്ക്കുന്നത് ഇവിടെ ആലപ്പുഴയില്‍ ഒരു ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഉണ്ടെന്നതും എന്നാല്‍ നിപ പരിശോധനയ്ക്ക് അവിടേയ്ക്കല്ല പോകേണ്ടത് എന്നതുമാണ്. ഇന്ത്യയില്‍ നിപ വൈറസ് പരിശോധനയ്ക്ക് അവകാശമുള്ള ഒരേയൊരു ആധികാരിക സ്ഥാപനം പൂനെ ഇന്‍സ്റ്റിറ്റ്യൂട്ടാണെന്നതാണ്. അതിനുമാത്രമാണ് ഐസിഎംആറിന്‍റെയും ഡബ്ല്യുഎച്ച്ഒയുടെയും അംഗീകാരമുള്ളത്. അതുകൊണ്ട് ഇവിടെ പരിശോധന നടത്താന്‍ സൗകര്യം ഉണ്ടെങ്കിലും നിയമപരമായി അധികാരപ്പെടുത്തപ്പെട്ടിട്ടുള്ള പൂനെ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ റിസള്‍ട്ടുകൊണ്ടു മാത്രമേ നിപ സ്ഥിരീകരിക്കാനാവൂ എന്ന കാര്യം മറച്ചാണ് കളി നടത്തണത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പരിശോധന നടത്താന്‍ ഇപ്പോള്‍ അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും പൂനെ റിസല്‍ട്ടാണ് അവസാന വാക്ക് എന്നതും തമസ്കരിക്കുകയാണ്, രാഷ്ട്രീയലക്ഷ്യത്തോടെ.

മറ്റൊന്ന് തോന്നയ്ക്കലെ അഡ്വാന്‍സ്ഡ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കാര്യം. അതിന്‍റെ ഒന്നും രണ്ടും ഘട്ടങ്ങളാണ് പൂര്‍ത്തീകരിച്ചത്. മൂന്നാം ഘട്ടമാണ് പ്രധാനം. അതാകട്ടെ ഐസിഎംആറിന്‍റെ മേല്‍നോട്ടത്തിലും മാര്‍ഗനിര്‍ദേശപ്രകാരവും മാത്രമേ പൂര്‍ത്തിയാക്കാനാവൂ. അതിനുള്ള നടപടികള്‍ നടന്നുവരികയാണെന്നതും മാധ്യമങ്ങള്‍ക്ക് അന്വേഷിച്ചറിയാവുന്നതാണ്. എന്നാല്‍ ഏശ്യാനെറ്റിലെ ഏമാന്മാര്‍ക്ക് പേരും ഊരും വെളിപ്പെടുത്താത്തയാരോ ഒരാളില്‍നിന്ന് സംസ്ഥാന സര്‍ക്കാരിന്‍റെ അമാന്തമാണ് കൊയപ്പമുണ്ടാക്കുന്നത് എന്ന് വെവരം ലഭിച്ചിട്ടുണ്ടത്രെ! മഹാമാരിയേക്കാള്‍, വൈറസ് സംഭരണികളെന്നറിയപ്പെടുന്ന വവ്വാലുകളെക്കാള്‍ അപകടകാരികളായി മ്മടെ മുഖ്യധാരാ മാധ്യമങ്ങള്‍ മാറുന്നതാണ് നാം വീണ്ടും വീണ്ടും കണ്ടുകൊണ്ടിരിക്കണത്.

ഇതിനെക്കാളൊക്കെ രസകരമായത് ഏശ്യാനെറ്റിന്‍റെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് പ്രതിനിധി മാങ്കൂട്ടത്തിന്‍റെ ഒരു പ്രതികരണമാണ്. പയ്യന്‍സിന്‍റെ പറച്ചില് ഡോക്ടര്‍മാരെയും ഉദ്യോഗസ്ഥരെയും യഥേഷ്ടം പ്രവര്‍ത്തിക്കാന്‍ വിട്ടേച്ച് മന്ത്രിമാര് ഓഫീസുകളില് ഇരുന്നാപ്പോരേന്നാണ്. മന്ത്രിമാര് "ഷോ ഓഫ്' കാണിക്കുന്നൂന്നാണ് ഓന്‍റെ ഒരിത്. തങ്ങക്ക് മൈലേജുണ്ടാക്കിക്കളിക്കാന്‍ പറ്റാത്തേലെ വൈക്ലബ്യം ! ഏതെങ്കിലുമൊരു സ്ഥലത്ത് എന്തേലും അസൗകര്യം മൂലം ബന്ധപ്പെട്ട മന്ത്രീടെ സാന്നിധ്യം ഉണ്ടായില്ലെങ്കിലും അപ്പൊക്കാണാം ഇവറ്റോള്‍ടെ ഒരെളക്കം.

മനോരമ 7-ാം തീയതീല് എഴുതിയ മുഖപ്രസംഗം- "ആശങ്കയായി നിപ വീണ്ടും"-പറയണത് നോക്കാം: നിപ ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ നേരത്തെ കണ്ടെത്താനും ഗവേഷണത്തിനും ലക്ഷ്യമിട്ട് 2019 ഫെബ്രുവരിയില്‍ തിരുവനന്തപുരം തോന്നയ്ക്കലില്‍ ഉദ്ഘാടനംചെയ്ത സര്‍ക്കാരിന്‍റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി ഇനിയും പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയാത്തതിന്‍റെ ഫലം കൂടിയാണ് കേരളം അനുഭവിക്കേണ്ടിവരുന്നത്." ഇതു വായിച്ചാല്‍ തോന്നുക നമ്മുടെ നാട്ടിലാകെ കൂണുപോലെ വളര്‍ന്നുവരുന്ന ക്ലിനിക്കല്‍ ലാബുകളെപോലെ പെട്ടെന്നൊരീസം കൊണ്ട് സ്ഥാപിക്കാന്‍ പറ്റണതാണ് ഈ ഇന്‍സ്റ്റിറ്റ്യൂട്ടെന്നാണ്. മനോരമേടേം സില്‍ബന്ധികളുടേം ഉപദേശ നിര്‍ദേശമൊന്നുമില്ലാതെ സംസ്ഥാന സര്‍ക്കാര്‍, പ്രത്യേകിച്ചും മുഖ്യമന്ത്രി മുന്‍കൈയെടുത്ത്, സ്ഥാപിച്ചതാണല്ലോ ഈ ഇന്‍സ്റ്റിറ്റ്യൂട്ട്. അത് എല്ലാവിധ ഗവേഷണ സൗകര്യങ്ങളോടെയും പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിയുകയും ചെയ്യുമെന്നറിയാവുന്ന മനോരമ ഇരിക്കട്ടെ തങ്ങളുടെ വകയും കൂടി ഒരുപദേശം എന്ന പ്രയോഗമാണ് ഇപ്പം നടത്തണത്. കിട്ടിയ അവസരം, നിപ തന്ന അവസരം എടുത്തങ്ങ്ട് പ്രയോഗിക്കതന്നെ!

4-ാം തീയതീലെ മനോരമയുടെ എഡിറ്റ് പേജില്‍ (പേജ് 6) സുജിത് നായരുടേതായി ഒരു സാധനം പ്രമാദമായതെന്ന മട്ടില്‍ വച്ചുകാച്ചീറ്റുണ്ട്. "തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ പാര്‍ടിയുടെ വീഴ്ചകള്‍ നിരത്തി സിപിഎം. തിളക്കത്തിലും മങ്ങല്‍". എന്തോ പുതുപുത്തന്‍ സംഗതി കിട്ടിപ്പോയീന്ന് വച്ചാണ് പയ്യന്‍സ് താങ്ങീരിക്കണത്. പക്ഷേല് കൊച്ചനേ ഇറ്റ് ഈസ് ടൂലേറ്റ്! സങ്കതി വല്ലാണ്ട് ആറിത്തണുത്ത് പഴങ്കഞ്ഞിയായിപ്പോയി! എന്താന്നല്ലേ, ഈ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് അംഗീകരിച്ച സംസ്ഥാന കമ്മിറ്റി കഴിഞ്ഞ് വീണ്ടും ഒരു കമ്മിറ്റികൂടി കഴിഞ്ഞു. മാത്രമല്ല, ഈ റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം ഏറെക്കുറെ ബ്രാഞ്ച് തലംവരെ പാര്‍ടി കത്തായി എത്തിയും കഴിഞ്ഞു.

പിന്നൊന്ന് പറയാം. കേരളത്തില്‍, അല്ലെങ്കില്‍ ഇന്ത്യാ മഹാരാജ്യത്ത്, മറ്റേതു പാര്‍ടിയാണു ഹേ സ്വന്തം പോരായ്മകളും വീഴ്ചകളും സൂക്ഷ്മതലത്തില്‍ പരിശോധിക്കുകയും കണ്ടെത്തുന്നവ പാര്‍ടിയിലാകെ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്നത്! ഭാവിയില്‍ വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുന്നത്. ഇതേ കാലത്താണല്ലോ തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസിനുള്ളില്‍ നേതൃമാറ്റവും തലമാറ്റവും പൊരിഞ്ഞ തമ്മില്‍തല്ലും നടക്കണത്. അത്തരം കലാപരിപാടികളൊന്നും കൂടാതെ തന്നെ സവിസ്തരം ചര്‍ച്ചയും പരിശോധനയും നടത്തി പാര്‍ടിയെയാകെ ചലിപ്പിക്കാന്‍ കഴിയുന്നതും സിപിഐ എമ്മിനാണ്. തോറ്റതിന്‍റെ കാരണം കണ്ടെത്തലല്ല, ജയിച്ചാലും, സാധ്യതയാകെ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിറ്റുണ്ടോന്നു കൂടി പരിശോധിച്ചാണ് സിപിഐ എം മുന്നോട്ടുനീങ്ങുന്നത്. അതില്‍ പിടിച്ച് വലിച്ചുനീട്ടാനും വക്രീകരിക്കാനും മനോരമപ്പിള്ളേര്‍ നടത്തുന്ന അഭ്യാസങ്ങള്‍ എത്രമാത്രം പരിഹാസ്യമാണെന്നതിന്‍റെ ദൃഷ്ടാന്തമാണ് ഈ സ്റ്റോറി!

6-ാം തീയതി മനോരമേലെ 2-ാം പേജിലെ ഒരു വാര്‍ത്തയൊന്നു നോക്കിയേ, "ട്രൈസോണിക് വിന്‍ഡ് ടണല്‍ നിര്‍മിക്കാനുള്ള യന്ത്രഭാഗങ്ങളായിരുന്നു ലോറിയില്‍. കാര്‍ഗോ: ഇറക്കാന്‍ ചോദിച്ചത് 10 ലക്ഷം 'വേണ്ടത് 3 വിദഗ്ധ തൊഴിലാളികള്‍ മാത്രം!" ഗൗരി വല്ലാണ്ടങ്ങ്ട് അത്ഭുതപ്പെട്ടുപോയി. ഇത്രേം പ്രമാദമായ ഒരു സംഗതി ശ്രദ്ധേല്‍ വന്നിട്ടും അത് ഒന്നാം പേജില്‍ വരാത്തതിനും ചാനല്‍ ചര്‍ച്ചയാകാത്തതിനും കാരണം അന്വേഷിക്കവെയാണ് 7-ാം തീയതി മനോരമേല്‍ തന്നെ മറുപടിയും കണ്ടത്: "നോക്കുകൂലി ആവശ്യപ്പെട്ടവര്‍ അംഗീകൃത സംഘടനകളില്‍ പെട്ടവരല്ലെന്നു നിഗമനം".അപ്പോള്‍ പിന്നാരാ ഹേ, വിഎസ്എസ്സിയിലേക്കുള്ള കൂറ്റന്‍ യന്ത്രഭാഗങ്ങള്‍ തടഞ്ഞ് നോക്കുകൂലി ആവശ്യപ്പെട്ടത്? മനോരമതന്നെ ഒരിടത്ത് ഇങ്ങനെ പറയുന്നുണ്ട്: "വിഎസ്എസ്സിക്കു സമീപം നാട്ടുകാരില്‍ ഒരു വിഭാഗം കാര്‍ഗൊ വാഹനം തടഞ്ഞ സംഭവം." അപ്പോ അംഗീകൃത സംഘടനയൊന്നുമല്ല, നാട്ടുകാരാകെയല്ല. അവരില്‍ ഒരു വിഭാഗം മാത്രം! അപ്പോ ആ ഒരു വിഭാഗം ആരെന്നെങ്കിലും മനോരമ വായനക്കാരെ അറിയിക്കണമല്ലോ. അതുമാത്രം ചെയ്യില്ല. എന്താന്നല്ലേ, ആ തടഞ്ഞത് സിഐടിയുവോ സിപിഐ എം വിഭാഗമോ ഒന്നുമല്ല. അതോണ്ട് അത് മൂടിവയ്ക്കതന്നെ! ചര്‍ച്ച ചെയ്യാതെ ഒഴിവാക്കതന്നെ. മ്മള് അറിയണത് സ്ഥലത്തെ ഒരു പള്ളി വികാരിയാണ് ആളെക്കൂട്ടി 10 ലക്ഷത്തിന് ഇടപാടുറപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയത് എന്നാണ്. കൂട്ടത്തില്‍ കുറച്ച് ഇണ്ടക്കുകാരും ഉണ്ടായിരുന്നൂന്ന്! അപ്പഴ് അതെങ്ങനെ മനോരമ മാളോരെ അറിയിക്കും! ഇനിയെപ്പോഴെങ്കിലും ഇമ്മാതിരിയൊരു സീനില്‍ വല്ല സിഐടിയുക്കാരനെയോ ചുവന്ന കൊടിയുടെ അറ്റമോ കണ്ടാല്‍ അപ്പം മനോരമ പൊക്കിപ്പിടിച്ചോണ്ട് വരണത് കാണാം.

മ്മളെ യോഗീന്‍റെ യുപിയില്‍ ഈയിടെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ രണ്ടായിരത്തിലേറെ ഉദ്യോഗസ്ഥര്‍ കോവിഡ് ബാധിച്ചു മരണപ്പെട്ടതായി വാര്‍ത്ത. എന്നാല്‍ യുപി സര്‍ക്കാരിന്‍റെ ഔദ്യോഗിക കണക്ക് 74. ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകള്‍ നടത്തിയ അന്വേഷണത്തില്‍ 2097 പേര്‍ മരിച്ചതായി കണ്ടെത്തി. ഇത്രയും പേര്‍ക്കും നഷ്ടപരിഹാരം നല്‍കാനും യോഗി ഗവണ്‍മെന്‍റ് തയ്യാറായി. എന്നാല്‍ അപ്പോഴും മരണക്കണക്ക് 74ല്‍ ഉറച്ചുനില്‍ക്കുന്നൂവെന്നതാണ് രസകരമായ സംഗതി. മാത്രമല്ല, ഇത്രയും പേര്‍ മരണപ്പെടുമ്പോള്‍ എത്ര ഉദ്യോഗസ്ഥര്‍ക്ക് രോഗം ബാധിച്ചുവെന്നതും കണ്ടെത്തേണ്ടതാണ്. അതിലുപരി വോട്ടര്‍മാരായെത്തിയ കോടിക്കണക്കിനാളുകളില്‍ വലിയൊരു വിഭാഗത്തിന് രോഗം ബാധിച്ചിരിക്കാനും അതില്‍ ഒരു ശതമാനം പേരെങ്കിലും മരിച്ചിരിക്കാനുമുള്ള സാധ്യത നിഷേധിക്കാനാവാത്തതാണ്. അപ്പോള്‍ മോഡീടേം കൂട്ടരുടേം മാതൃകാരാമരാജ്യത്തിന്‍റെ അവസ്ഥയുടെ നേര്‍ക്കാഴ്ച ഇങ്ങനെയൊക്കെയാണ്. എന്നാല്‍ മ്മളെ മലയാളത്തിലെ മുഖ്യധാരക്കാരൊന്നും ഇത് കണ്ടമട്ടേയില്ല. മോഡിയും സംഘികളും കണ്ണുരുട്ടിയാല്‍ കാലുവഴി മുള്ളിപ്പോവുന്നത്ര ശക്തമാണല്ലോ മ്മളെ മാധ്യമത്തമ്പ്രാക്കളുടെ സ്വാതന്ത്ര്യബോധം.

മ്മളെ മൗദൂദി പത്രം 'മാധ്യമത്തില്‍' കമ്യൂണിസ്റ്റുകാരുടെ തലമുറകളെയാകെ ഭള്ള് പറഞ്ഞുകൊണ്ട് മൗദൂദിസ്റ്റുകളുടെ ആചാര്യരില്‍ ഒരാള്‍തന്നെ നേരിട്ട് രംഗത്തുവന്നിരിക്കുന്നു. സെപ്തംബര്‍ 6ന്‍റെ മാധ്യമത്തില്‍ സി ദാവൂദ് എന്ന മൗദൂദി ശിഷ്യന്‍, "ഈ സമുദായം ഒരു അപലപന തൊഴിലാളി യൂണിയനല്ല." എന്ന ശീര്‍ഷകത്തില്‍ ഒരു സാധനം പടച്ചിട്ടുണ്ട്. അത് തുടരന്‍ സാധനമായതുകൊണ്ട്, അതിന്‍റെ ഉള്ളിലേക്കു തല്‍ക്കാലം പോകുന്നില്ല. പക്ഷേല് ഒരു സമുദായത്തിന്‍റെയാകെ അട്ടിപ്പേറവകാശം മൗദൂദിസ്റ്റുകള്‍ അങ്ങനങ്ങട് എടുക്കണ്ടാന്ന് പറഞ്ഞുവയ്ക്കുക മാത്രമാണിവിടെ! സംഘികള്‍ സമുദായത്തിന്‍റെ അട്ടിപ്പേറേറ്റെടുക്കുന്നതുപോലെ അശ്ലീലമാണ് ഹേ ഇതും! അഫ്ഗാനിസ്താനില്‍ താലിബാനിനെതിരെ തെരുവില്‍ കലാപം ചെയ്യുന്നതും മുസ്ലീം സമുദായത്തില്‍പെട്ട, മൗദൂദിസ്റ്റുകളേക്കാള്‍ മതഭക്തരായ സാധാരണക്കാരാണെന്ന് ഓര്‍ക്കുക, മാധ്യമക്കാരാ! ഒടുവില്‍ കിട്ടിയത്: സെപ്തംബര്‍ 7നുതന്നെ നിപാലക്ഷണമുള്ളവരുടെ സാമ്പിള്‍ പരിശോധനയില്‍ റിസള്‍ട്ടു കിട്ടിയ പത്തെണ്ണവും നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പിന്‍റെ അറിയിപ്പുണ്ടായിരുന്നു. ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്കിലും അക്കാര്യമുണ്ടായിരുന്നു. എന്നാല്‍ മുഖ്യധാരാ ചാനലുകളൊന്നും രാത്രിയായിട്ടും ഇക്കാര്യം കണ്ട മട്ടേയില്ല. പത്രങ്ങളുടെ ഓണ്‍ലൈന്‍ പേജിലും കണ്ടില്ല. നല്ല അസല് നിഷ്പക്ഷ പത്രപ്രവര്‍ത്തനം! •