ഖിലാഫത്ത്: പ്രചാരണവും യാഥാര്‍ഥ്യവും

കെ എ വേണുഗോപാലന്‍

തുര്‍ക്കിയിലെ സുല്‍ത്താന്‍റെ സ്ഥാനപ്പേരാണ് ഖലീഫ. അദ്ദേഹം ഒന്നാം ലോകയുദ്ധത്തില്‍ ബ്രിട്ടനെതിരായി ജര്‍മനിയുടെ കൂടെയായിരുന്നു. അതിനുമുന്‍പ് നടന്ന ബാള്‍ക്കന്‍ യുദ്ധത്തിലും ബ്രിട്ടനും തുര്‍ക്കിയും വിരുദ്ധ ചേരികളില്‍ ആയിരുന്നു. ഇത് ഇന്ത്യയിലെ മുസ്ലീങ്ങളുടെ ഇടയില്‍ ബ്രിട്ടീഷ് വിരുദ്ധ വികാരം വളര്‍ത്തിയെടുക്കാന്‍ ഒരു പരിധി വരെ സഹായിച്ചിരുന്നു. യുദ്ധാവസാനത്തോടെ പ്രശ്നം കൂടുതല്‍ രൂക്ഷമായി. പരാജയപ്പെട്ട ഭരണാധികാരികളുടെ കൂട്ടത്തിലായിരുന്നു ഖലീഫ. അതുകൊണ്ട് അദ്ദേഹത്തിന്‍റെ അധികാരവും  രാജ്യാതിര്‍ത്തിയും വെട്ടിക്കുറയ്ക്കപ്പെട്ടു. ഈ കാര്യത്തില്‍ ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്കും  അവരുടെ മുസ്ലിമിതര സഹോദരങ്ങള്‍ക്കും ഉള്ള പ്രതിഷേധസൂചകമായി രൂപപ്പെടുത്തപ്പെട്ട പ്രസ്ഥാനത്തിന്‍റെ പേരാണ് ഖിലാഫത്ത്. എന്നാല്‍ ഇന്ന് മലബാര്‍ കലാപവുമായി ബന്ധപ്പെടുത്തി ഇന്ത്യക്കകത്ത് ഒരു മുസ്ലിം രാജ്യം കെട്ടിപ്പടുക്കുന്നതിന് വേണ്ടി രൂപപ്പെടുത്തപ്പെട്ട സമരരൂപമായാണ് ഖിലാഫത്തിനെ ഹിന്ദുത്വവാദികള്‍ ദുര്‍വ്യാഖ്യാനിക്കുന്നത്.


യുദ്ധം നടന്നു കൊണ്ടിരുന്നപ്പോള്‍ ഇന്ത്യന്‍ മുസ്ലീങ്ങളുടെ വികാരങ്ങള്‍ മാനിച്ചു കൊണ്ടുള്ള പല പ്രഖ്യാപനങ്ങളും ബ്രിട്ടീഷ് പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്‍റുമൊക്കെ നടത്തിയിരുന്നു. ഏഷ്യാമൈനറിലും ത്രേസിലുമുള്ള വിഭവസമൃദ്ധമായ പ്രദേശങ്ങള്‍ തുര്‍ക്കിയില്‍ നിന്ന് അപഹരിച്ചെടുക്കുകയെന്ന യാതൊരു ഉദ്ദേശ്യവും തങ്ങള്‍ക്കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ലോയ്ഡ് ജോര്‍ജ് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം പ്രഖ്യാപിച്ചിരുന്നതാണ്. അമേരിക്കന്‍ പ്രസിഡണ്ട് വുഡ്രോ വിത്സനും ഇത് അംഗീകരിച്ചിരുന്നു. എന്നാല്‍ യുദ്ധം അവസാനിച്ചതോടെ അവര്‍ നിലപാടു മാറ്റി. യുദ്ധകാലത്ത് പറഞ്ഞിരുന്ന എല്ലാ വാഗ്ദാനങ്ങളും ലംഘിക്കപ്പെട്ടു. ത്രേസ് ഗ്രീസിന് നല്‍കി. ഏഷ്യാമൈനര്‍ പ്രദേശം ഇംഗ്ലണ്ടും ഫ്രാന്‍സും പങ്കുവെച്ചു. ഇതെല്ലാം കഴിച്ച് ബാക്കിയുള്ള തുര്‍ക്കിയില്‍ ഖലീഫ ഒരു നാമമാത്ര ഭരണാധികാരിയായി മാറി. യഥാര്‍ത്ഥ ഭരണാധികാരികളായി ബ്രിട്ടനടക്കമുള്ള സാമ്രാജ്യത്വ ശക്തികള്‍ നിശ്ചയിച്ച ഒരു കമ്മീഷന്‍ രാജ്യം ഭരിക്കാന്‍ തുടങ്ങി.

ഇത് ഇന്ത്യന്‍ മുസ്ലിങ്ങളില്‍ ശക്തമായ പ്രതിഷേധമുണ്ടാക്കി. ഖലീഫക്ക് അധികാരവും രാജ്യാതിര്‍ത്തികളും നഷ്ടപ്പെട്ടതുമാത്രമല്ല പ്രതിഷേധത്തിന് കാരണമായത്. ഇക്കാര്യത്തില്‍ ബ്രിട്ടനും സഖ്യശക്തികളും കടുത്ത വിശ്വാസവഞ്ചന കാണിച്ചു എന്ന സംഗതി മുസ്ലീങ്ങളടക്കം പൊതുവില്‍ ഇന്ത്യന്‍ ജനതയുടെ പ്രതിഷേധം ആളിക്കത്തിച്ചു. ഇന്ത്യക്ക് ഹോം റൂള്‍ നിഷേധിക്കുന്ന ബ്രിട്ടീഷ് ഭരണത്തിനോടുള്ള വിദ്വേഷം, ഖലീഫയുടെ ഭാവി സംബന്ധിച്ചുണ്ടായ വാഗ്ദാന ലംഘനത്തോടുള്ള പ്രതിഷേധം ഇവ രണ്ടും ഒന്നിച്ചു ചേര്‍ന്നു. ഇങ്ങനെ രൂപപ്പെട്ട സംയുക്ത പ്രതിഷേധത്തിന്‍റെ പ്രതിരൂപമായാണ് അഖിലേന്ത്യാ ഖിലാഫത്ത് കമ്മിറ്റി എന്ന സംഘടന ഉയര്‍ന്നുവന്നത്. ഈ പ്രസ്ഥാനത്തിന് നേതൃത്വപരമായ പങ്കു വഹിച്ചത് മൗലാനാ മുഹമ്മദലിയും മൗലാനാ ഷൗക്കത്തലിയും ആയിരുന്നു. ഇവരാണ് അലി സഹോദരന്മാര്‍ എന്ന പേരില്‍ പിന്നീട് അറിയപ്പെട്ടത്. യുദ്ധകാലത്തുതന്നെ ബ്രിട്ടീഷ് വിരുദ്ധ രാഷ്ട്രീയത്തിന് അവര്‍ കേള്‍വികേട്ടിരുന്നു. അക്കാലത്ത് അവര്‍ നടത്തിയ പ്രസംഗങ്ങള്‍, മുഹമ്മദലിയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട പത്രങ്ങള്‍ എന്നിവ ബ്രിട്ടീഷ് ഭരണത്തിനെതിരായ ശക്തമായ ആയുധങ്ങള്‍ ആയിരുന്നു. അതുകൊണ്ട് 1915 ല്‍ അവരിരുവരെയും ബ്രിട്ടീഷ് ഗവണ്‍മെന്‍റ് തടവിലാക്കി. യുദ്ധം കഴിഞ്ഞ് 1919 ലാണ് അവര്‍ ജയില്‍മോചിതരായി പുറത്തുവന്നത്.

ഗാന്ധിജിയാകട്ടെ ഇതിനു മുമ്പ് തന്നെ ഖലീഫയോട് നീതി കാണിക്കണമെന്ന ആവശ്യം തന്‍റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍റെ ഭാഗമാക്കിയിരുന്നു. ഡല്‍ഹിയില്‍ നടന്ന യുദ്ധ സമ്മേളനത്തെ തുടര്‍ന്ന് അദ്ദേഹം വൈസ്രോയിക്കയച്ച കത്തില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വ രക്ഷയ്ക്കുള്ള രണ്ട് മുഖ്യ ഉപാധികള്‍ ഇന്ത്യക്ക് ഹോം റൂള്‍ അനുവദിക്കുകയും ഖലീഫയുടെ കാര്യത്തില്‍ മുസ്ലിം സമുദായത്തിനുള്ള വികാരങ്ങള്‍ മാനിക്കുകയുമാണ് എന്ന് പറഞ്ഞിരുന്നു. ഖിലാഫത്ത് കമ്മിറ്റിയുടെ നേതൃത്വത്തിനാകട്ടെ തങ്ങളുടേത് വെറും ഒരു മുസ്ലിം പ്രസ്ഥാനമല്ല ഇന്ത്യന്‍ ജനതയുടെ മുഴുവന്‍ ആനുകൂല്യം അതിനുണ്ട് എന്ന് തെളിയിക്കേണ്ടതുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അലി സഹോദരന്മാര്‍ക്ക് കൂടി പങ്കുള്ള പുതിയ നേതൃത്വം രൂപംകൊണ്ടപ്പോള്‍ അഖിലേന്ത്യാ ഖിലാഫത്ത് കമ്മിറ്റിയുടെ പ്രസിഡന്‍റായി ഗാന്ധിജി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് ബ്രിട്ടീഷ് ഗവണ്‍മെന്‍റിന് നല്‍കിയ നിവേദനത്തില്‍ ഗാന്ധിജി, സ്വാമി ശ്രദ്ധാനന്ദന്‍, പണ്ഡിറ്റ് മോട്ടിലാല്‍ നെഹ്റു, പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ എന്നിവര്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ നിവേദനത്തിന് നിഷേധാത്മകമായ മറുപടിയാണ് ലഭിച്ചത്. ഇതിനെ തുടര്‍ന്ന് ഗാന്ധിജി പുറപ്പെടുവിച്ച മാനിഫെസ്റ്റോയില്‍ അക്രമരഹിതമായ നിസ്സഹകരണ മാര്‍ഗത്തിലൂടെ ഈ അനീതികളെ ചെറുക്കണമെന്ന് ഉറപ്പിച്ചു പറഞ്ഞിരുന്നു.

ഇതിനെ തുടര്‍ന്ന് ഉയര്‍ന്നുവന്ന സമരത്തില്‍ ഹിന്ദു മുസ്ലിം ഐക്യം പ്രകടമായി. ബംഗാള്‍ വിഭജനത്തെ തുടര്‍ന്ന് അതിനെതിരായി ഉയര്‍ന്നുവന്ന ബഹുജന മുന്നേറ്റത്തില്‍ പ്രകടമായ ജനകീയ ഐക്യത്തെ തകര്‍ക്കുന്നതിന് ഭരണാധികാരികള്‍ ആവിഷ്കരിച്ച ഭിന്നിപ്പിക്കല്‍ പദ്ധതി പൊളിഞ്ഞു. ഇന്ത്യയ്ക്ക് ഹോം റൂളും ഖലീഫയുടെ അധികാര പുന:സ്ഥാപനവും എന്ന സംയുക്ത മുദ്രാവാക്യം സ്വാതന്ത്ര്യസമരത്തില്‍ ഹിന്ദുമുസ്ലിം ഐക്യത്തിന് ഇടയാക്കി.

ഖിലാഫത്ത് പ്രസ്ഥാനത്തില്‍ പ്രകടമായ ഹിന്ദു - മുസ്ലിം ഐക്യം അധികകാലം നീണ്ടുനിന്നില്ല എന്നത് നേരാണ്. ഖിലാഫത്ത് പ്രശ്നത്തില്‍ ഒന്നിച്ചു നിന്നിരുന്ന നേതാക്കളില്‍ ചിലര്‍  മുസ്ലിങ്ങളുടെയും മറ്റുചിലര്‍ ഹിന്ദുക്കളുടെയും സാമുദായിക ആവശ്യങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള രാഷ്ട്രീയം കൈകാര്യം ചെയ്യാന്‍ തുടങ്ങി. പലയിടത്തും വര്‍ഗീയലഹളകള്‍ നടന്നു. ഈ പ്രവണത തടയാന്‍ ശ്രമിച്ചെങ്കിലും ഗാന്ധിജിയും അദ്ദേഹത്തിന്‍റെ അടുത്ത സഹപ്രവര്‍ത്തകരും അതില്‍ പരാജയപ്പെട്ടു.

ഇതിന്‍റെ പേരില്‍ ഗാന്ധിജിയുടെ ഖിലാഫത്തുമായി ബന്ധപ്പെട്ട രാഷ്ട്രീയത്തെ നിശിതമായി വിമര്‍ശിക്കുന്നതിന് ചിലര്‍ ശ്രമിക്കുന്നുണ്ട്. വെറുമൊരു ആദര്‍ശവാദിയായ ഗാന്ധിജി മുസ്ലിം സമുദായ നേതാക്കളുടെ മതഭ്രാന്ത് എന്ന യാഥാര്‍ത്ഥ്യം മറന്ന് ഹിന്ദു മുസ്ലിം ഐക്യം എന്ന മരുപ്പച്ചയുടെ പുറകെ നടക്കുകയാണ് ഉണ്ടായതെന്ന് അവര്‍ ആക്ഷേപിക്കുന്നു. ഖലീഫയുടെ അധികാരം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമം ആധുനിക ജനാധിപത്യത്തിലും മതനിരപേക്ഷതയിലും അടിയുറച്ചു നില്‍ക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും സ്വീകാര്യമല്ലാത്തത്ര പിന്തിരിപ്പനാണെന്ന് അവര്‍ വാദിച്ചു. ഇതിലൊക്കെ ശരിയുടെ അംശങ്ങളുണ്ട്. ഇ.എം.എസ് ചൂണ്ടിക്കാണിച്ചതുപോലെ 'പക്ഷേ ഇതൊന്നും കൊണ്ട് ഖിലാഫത്ത് പ്രസ്ഥാനത്തിന്‍റെ ചരിത്രപ്രധാനമായ പങ്ക് ഇല്ലാതാവുന്നില്ല. എത്ര ഹ്രസ്വകാലത്തേക്കാണെങ്കിലും ആധുനിക ജനാധിപത്യ (റിപ്പബ്ലിക്കന്‍) തത്ത്വങ്ങള്‍ക്ക് എത്രമാത്രം എതിരായ മുദ്രാവാക്യത്തിന് പിന്നിലാണെങ്കിലും ഹിന്ദു മുസ്ലിം വ്യത്യാസമില്ലാതെ ജനങ്ങള്‍ ഒരേ രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തി സംഘടിച്ചു. ലോകത്തില്‍ ഉണ്ടായിരുന്ന ഏറ്റവും വലിയ സാമ്രാജ്യ കോയ്മയെ അവര്‍ വെല്ലുവിളിച്ചു. ഇതാണ് പ്രസക്തമായ കാര്യം. 1857ലെ കലാപം അടിച്ചമര്‍ത്തപ്പെട്ടതിനെതുടര്‍ന്ന് രൂപംകൊള്ളാന്‍ തുടങ്ങിയതും പതുക്കെ പതുക്കെയായി വളര്‍ന്നുകൊണ്ടിരുന്നതുമായ ഇന്ത്യന്‍ സ്വാതന്ത്ര്യസമരം  മുന്‍പെന്നത്തേയുംകാള്‍ രാജ്യവ്യാപകമാകാന്‍ ഖിലാഫത്തും അതിനെ ആസ്പദമാക്കിയ ഹിന്ദു  മുസ്ലിം ഐക്യവും സഹായിച്ചു എന്നതാണ് പ്രധാനമായ കാര്യം'. (ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം : ഇ എം എസ്)

എന്തുകൊണ്ടാണ് ഇ എം എസ് ഇങ്ങനെയൊരു വിലയിരുത്തല്‍ നടത്തിയത് എന്നറിയണമെങ്കില്‍ അതിനു മുമ്പത്തെ കോണ്‍ഗ്രസിന്‍റെ സ്ഥിതി എന്തെന്നറിയണം. നവോത്ഥാനവും  ഹൈന്ദവ പുനരുജ്ജീവനവും സമാന്തരമായാണ് ഇന്ത്യയില്‍ വളര്‍ന്നു വന്നത്. എന്നാല്‍ അവ പരസ്പരം വെള്ളം കടക്കാത്ത അറകളിലായി വിഭജിക്കപ്പെട്ടിരുന്നുവെന്ന് ഇതിനര്‍ത്ഥമില്ല. കോണ്‍ഗ്രസ് രൂപീകരിക്കപ്പെട്ടപ്പോള്‍ അതിലും ഇതിന്‍റെ പ്രതിഫലനങ്ങളുണ്ടായിരുന്നു. തുടക്കത്തില്‍ കോണ്‍ഗ്രസിലും മിതവാദ മതനിരപേക്ഷ നിലപാടുകള്‍ക്കായിരുന്നു സ്വാധീനം. എന്നാല്‍ ബംഗാള്‍ വിഭജനത്തോടെ സ്ഥിതിഗതികളില്‍ മാറ്റം വന്നു. ദാദാഭായ് നവറോജിയും ഗോപാലകൃഷ്ണഗോഖലെയും സുരേന്ദ്രനാഥ് ബാനര്‍ജിയുമൊക്കെ നേതൃത്വം നല്‍കിയ ഈ ചിന്താഗതിക്കുമേല്‍ ബാലഗംഗാധര തിലകനും അരവിന്ദഘോഷും ലാലാ ലജ്പത് റായിയുമൊക്കെ നേതൃത്വം കൊടുത്ത തീവ്രവാദികള്‍ കോണ്‍ഗ്രസില്‍ പിടിമുറുക്കി. അക്രമണോത്സുക ഹിന്ദു ഐക്യത്തിന്‍റെ വളര്‍ച്ചയ്ക്കായി ദേശീയ സങ്കല്‍പ്പങ്ങളെയും മിത്തുകളെയുമൊക്കെ അവര്‍ ഉപയോഗപ്പെടുത്തി. മഹാരാഷ്ട്രയില്‍  തിലകന്‍ ഗണപതി ഉത്സവങ്ങളാണ് ഉപയോഗിച്ചതെങ്കില്‍ ബംഗാളില്‍ ദുര്‍ഗാ പൂജയാണ് ജനങ്ങളെ സ്വാതന്ത്ര്യസമരത്തില്‍ അണിനിരത്തുന്ന തിനായി പ്രയോജനപ്പെടുത്തിയത്. 'ഭാരത് മാതാ ' സങ്കല്‍പം രൂപംകൊള്ളുന്നത് ഹൈന്ദവ ആശയപ്രപഞ്ചത്തില്‍ നിന്നാണ്. എന്നാല്‍ അത് ഒരിക്കലും ഒരു മതാധിഷ്ഠിത രാജ്യം എന്ന കാഴ്ചപ്പാടിലേക്ക് വഴുതിവീണിരുന്നില്ല. 'ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പൊതുവായ ഘടകം ഹിന്ദുമത ശക്തിയാണ്' എന്നുവരെ പറയാന്‍ തിലകന്‍ തയ്യാറായിരുന്നു. ഇതൊക്കെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ സംശയത്തോടെ വീക്ഷിക്കാന്‍ മുസ്ലീങ്ങളെ പ്രേരിപ്പിച്ചിരുന്നു. അതില്‍ നിന്നുള്ള ഗുണപരമായ ഒരു മാറ്റമാണ് ഖിലാഫത്ത് പ്രസ്ഥാനം സൃഷ്ടിച്ചത്. അതിനെയാണ് ഇപ്പോള്‍ ഇസ്ലാമിക രാഷ്ട്ര സ്ഥാപനത്തിനു വേണ്ടിയുള്ള സമരമാക്കി ചിത്രീകരിക്കുന്നത്  •