മലബാര്‍ കലാപവും കേരളത്തിലെ ഹിന്ദു സമുദായ നിര്‍മ്മിതിയും

ഡോ. പി പി അബ്ദുല്‍ റസാഖ്

'തിന്‍മ പലപ്പോഴും നന്മയിലാണ് കലാശിക്കുക. ഒരര്‍ത്ഥത്തില്‍ രാജ്യത്തെ ഹിന്ദുക്കള്‍ മാപ്പിള കലാപത്തോട് കടപ്പെട്ടിരിക്കുന്നു. തങ്ങളുടെ അടഞ്ഞ കണ്ണുകള്‍ തുറക്കാനും നൂറ്റാണ്ടുകളായി വേരുറച്ച യാഥാസ്ഥിതികത്വം  തകര്‍ത്തെറിയാനും കാരണമായത് ഈ കലാപമാണല്ലോ', (ഡോ. മൂഞ്ചെ).

ഹിന്ദുമഹാസഭ നേതാവ് ഡോക്ടര്‍ മൂഞ്ചെ 1922-ല്‍ കുറിച്ചിട്ട ഈ വാക്കുകളുടെ പശ്ചാത്തലത്തില്‍ വേണം ഇന്ന് ഹിന്ദുത്വവക്താക്കള്‍ നടത്തുന്ന മലബാര്‍ കലാപാഖ്യാനങ്ങളെ വിലയിരുത്താന്‍. മാപ്പിള കിരാതത്വത്തിന്‍റെ പ്രതീകമായി കലാപത്തെ ചിത്രീകരിച്ച് ഹിന്ദുത്വ ശക്തികള്‍ ഇന്ന് നടത്തുന്ന പ്രചാരണങ്ങള്‍ ഒരു നൂറ്റാണ്ട് മുമ്പുതന്നെ അവരാരംഭിച്ച അപരവത്കരണശ്രമങ്ങളുടെ ഭാഗമാണെന്നു കാണാം. അന്നതിന് നേതൃത്വം കൊടുത്തത് ഹിന്ദുത്വത്തിന്‍റെ പഴയ വക്താക്കളായിരുന്ന ആര്യസമാജവും ഹിന്ദുമഹാസഭയുമായിരുന്നു. ഒരു നൂറ്റാണ്ട് മുമ്പുനടന്ന ഒരു ചരിത്രസംഭവത്തിന്‍റെ ഓര്‍മകള്‍ വര്‍ത്തമാനത്തെ അസ്വസ്ഥമാക്കുന്ന അനുഭവം കേരളചരിത്രത്തില്‍തന്നെ അപൂര്‍വമാണ്. വിവാദത്തിന് തിരികൊളുത്തിയവരുടെ രാഷ്ട്രീയ ലക്ഷ്യമെന്താണെന്ന് പൊതുസമൂഹത്തിന് നല്ല ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ കലാപത്തിന്‍റെ കാര്യകാരണബന്ധത്തെക്കുറിച്ചോ വര്‍ഗ്ഗ/വര്‍ഗ്ഗീയ വിശകലനത്തിനോ ഇവിടെ ഉദ്ദേശിക്കുന്നില്ല.  കലാപം കേരളീയ സാമൂഹ്യജീവിതത്തിലുണ്ടാക്കിയ അനുരണനങ്ങളെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങളാണിവിടെ പങ്കുവയ്ക്കുന്നത്. മലബാര്‍ കലാപം സത്താപരമായി വര്‍ഗ്ഗീയമായിരുന്നില്ലെങ്കിലും അതിന്‍റെ അനന്തരഫലങ്ങള്‍ വര്‍ഗ്ഗീയമായിരുന്നു എന്ന കെ.എന്‍.പണിക്കരുടെ നിരീക്ഷണമാണ് ഈ കുറിപ്പിനാധാരം. ഈ നിരീക്ഷണത്തിന്‍റെ ചുവടുപിടിച്ച് കേരളത്തിലെ സാമുദായിക സ്വത്വനിര്‍മ്മിതിക്ക് കലാപമെങ്ങനെ കളമൊരുക്കി എന്നന്വേഷിക്കുന്നത് ആപത്തിന്‍റെ ഈ കാലത്ത് പ്രസക്തമാണെന്നു തോന്നുന്നു. 


കലാപകാലത്ത് വടക്കേ ഇന്ത്യയില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ മലബാറിലെത്തുകയും തങ്ങളുടെ താല്‍പര്യത്തിനനുസരിച്ച് കലാപ വാര്‍ത്തകള്‍ നിര്‍മ്മിച്ചെടുക്കുകയും ചെയ്യുന്നുണ്ട്. കലാപബാധിത പ്രദേശങ്ങളില്‍ നിരോധനാജ്ഞ നിലനിന്നിരുന്നതിനാല്‍ കോഴിക്കോട് നഗരത്തില്‍ തമ്പടിച്ചാണ് റിപ്പോര്‍ട്ടര്‍മാര്‍ വാര്‍ത്താനിര്‍മ്മിതി നിര്‍വഹിച്ചത്. നേരിട്ടറിഞ്ഞ കാര്യങ്ങളായിരുന്നില്ല ഇവര്‍ റിപ്പോര്‍ട്ടായി അയച്ചുകൊടുത്തിരുന്നത്. എല്ലാ ദിവസവും സര്‍ക്കാര്‍ ഇറക്കുന്ന വാര്‍ത്താക്കുറിപ്പുകളെ ആധാരമാക്കിയായിരുന്നു അവര്‍ മാധ്യമ ധര്‍മ്മം നിര്‍വഹിച്ചത്. അതുകൊണ്ടുതന്നെ വാര്‍ത്തകളിലുടനീളം ഔദ്യോഗിക ഭാഷ്യത്തിനാണ് മേല്‍ക്കൈ ലഭിച്ചത്. മൂഴിക്കുന്നത്ത് എഴുതുന്നു, 'മലബാര്‍ ലഹളയുടെ പ്രതിധ്വനി അന്യദിക്കില്‍ കോളിളക്കമുണ്ടാക്കി. ഉടനെ പത്രറിപ്പോര്‍ട്ടര്‍മാര്‍ വടക്കേ ഇന്ത്യയില്‍നിന്ന് ഇവിടെ വന്നുതുടങ്ങി. ലഹളക്കാര്‍ ഹിന്ദുക്കളോട് കാണിക്കുന്ന ക്രൂരത, നിര്‍ബന്ധിത മതപരിവര്‍ത്തനം മുതലായവ പൊക്കിപ്പിടിച്ച് പത്രങ്ങളിലേക്ക് റിപ്പോര്‍ട്ടയച്ചു. അതുകാരണം ഇന്ത്യയില്‍ സമുദായസ്പര്‍ദ്ധ വര്‍ദ്ധിച്ചു. ചുരുക്കത്തില്‍ ഇന്ത്യയില്‍ പിന്നീടുണ്ടായ ലഹളകള്‍ക്ക് മലബാര്‍ ലഹള ബീജാവാപം ചെയ്തു' (ഖിലാഫത്ത് സ്മരണകള്‍). ഹിന്ദിഭാഷാപത്രങ്ങളിലെ ഈ റിപ്പോര്‍ട്ടുകളിലൂടെയാണ് രാജ്യത്തിന്‍റെ ഒരു മൂലയില്‍നടന്ന കലാപം അതിന്‍റെ പ്രഭവകേന്ദ്രം വിട്ട് ബ്രിട്ടീഷ് ഇന്ത്യയുടെ മുഴുവന്‍ ദിക്കുകളിലും അറിയപ്പെടാന്‍ തുടങ്ങിയത്. കലാപകാരികളായ മാപ്പിളമാരുടെ നേതൃത്വത്തില്‍നടന്ന ഹിന്ദുവംശഹത്യയുടെ രോഷജനകമായ വാര്‍ത്തകള്‍ രാജ്യത്തെമ്പാടും ഹിന്ദുവികാരമുണര്‍ത്താന്‍ പര്യാപ്തമായിരുന്നു. 'സ്വന്തം വീടും കുടുംബാംഗങ്ങളെയും സംരക്ഷിക്കാനാവാതെ നിസ്സഹായരായി കഴിയുന്ന മലബാറിലെ ഹിന്ദുക്കളുടെ സാമൂഹ്യശാസ്ത്രത്തെക്കുറിച്ച് ശാസ്ത്രീയ പഠനം അനിവാര്യമാക്കുന്ന ചരിത്ര സന്ദര്‍ഭമാണിത്. ജാതിവിവേചനവും പരസ്പര വിദ്വേഷവും നമ്മെ അടിമബോധമുള്ളവരും ഭീരുക്കളുമാക്കി മാറ്റിയിട്ടുണ്ട്', (സോഷ്യല്‍ റിഫോര്‍മര്‍, ബോംബെ, 1921). ഹിന്ദു മഹാസഭ നേതാവ് മൂഞ്ചെയുടെ ഈ വാക്കുകള്‍ കലാപത്തെ ഹിന്ദുസംഘാടനത്തിനുള്ള ഉപാധിയാക്കി മാറ്റുന്നതിന്‍റെ നേര്‍സാക്ഷ്യമാണ്. ദേശീയ തലത്തില്‍തന്നെ ഇത്തരം വാര്‍ത്തനിര്‍മ്മിതികള്‍ ഹിന്ദുമുസ്ലിം ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കി.  

ആര്യസമാജത്തിന്‍റെ പ്രചാരണവിഭാഗം കൂടുതല്‍ വിഷലിപ്തമായ രീതിയില്‍ കലാപവാര്‍ത്തകള്‍ക്ക് പ്രചാരം കൊടുത്തു. ചാരുഗുപ്ത നിരീക്ഷിച്ചപോലെ ഒരു പതിറ്റാണ്ടായി നിര്‍ജീവമായിരുന്ന ആര്യസമാജം മലബാര്‍ കലാപത്തെ വീണുകിട്ടിയ അവസരമാക്കി ഹിന്ദുപുനഃസംഘാടനത്തിനുള്ള പ്രവര്‍ത്തനങ്ങളാരംഭിച്ചു. മാപ്പിളമാരാല്‍ ബലാല്‍ക്കാരത്തിന് ഇരകളാക്കപ്പെട്ട സ്ത്രീകളുടെയും തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങളുടെയും നിര്‍ബന്ധിതമായി മതം മാറ്റപ്പെട്ടവരുടെയും ദൈന്യതയാര്‍ന്ന കഥകള്‍ ചിത്രീകരിച്ചുള്ള ധാരാളം ഹിന്ദിലഘുലേഖകള്‍ ആര്യസമാജം പ്രസിദ്ധീകരിച്ചു (ചാരുഗുപ്ത, 2001). ഈ ഗണത്തില്‍പ്പെടുന്ന ഒരു ലഘുലേഖയില്‍ (പജീതെ കെ ഗോള്‍ ഗപ്പ: തര്‍ക്കത്തിനു കാരണം) ഗുപ്ത ജാലു, മാപ്പിളമാരാല്‍ സ്വന്തം സഹോദരങ്ങള്‍ പീഡിപ്പിക്കപ്പെടുന്നത് കൈയും കെട്ടി നോക്കിനില്‍ക്കുന്ന ഇന്ത്യയിലെ മുഴുവന്‍ ഹിന്ദുക്കളെയും ഭര്‍ത്സിക്കുന്നതു കാണാം. തുടര്‍ന്ന് അദ്ദേഹം എഴുതുന്നു. 'സ്വാതന്ത്ര്യത്തിലേക്ക് നടന്നടുക്കുന്ന വേളയില്‍ മാപ്പിളമാരുടെ മൃഗീയതയും ഹിന്ദുക്കളുടെ അരക്ഷിതാവസ്ഥയും രാജ്യത്തെ നടുക്കുന്നു. ഹിന്ദുക്കള്‍ സംഘടിത ശക്തിയായില്ലെങ്കില്‍ മുസ്ലീങ്ങള്‍ ഇത്തരം കലാപങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.ബിഷന്‍ ശര്‍മ്മയുടെ 'മലബാര്‍ കാ ദൃശ്യ' (മലബാറിലെ ദൃശ്യങ്ങള്‍)യില്‍ ഇതേപോലെയുള്ള കലാപാഖ്യാനങ്ങള്‍ കാണാം. സത്യവത് ശര്‍മ്മയുടെ 'മലബാര്‍ ഔര്‍ ആര്യസമാജ്' (മലബാറും ആര്യസമാജവും) എന്ന ലഘുലേഖ മാപ്പിളമാര്‍ മതം മാറ്റിയ യുവതി കോഴിക്കോട് ആര്യസമാജത്തിന്‍റെ പ്രവര്‍ത്തകരെ കണ്ടപ്പോള്‍ മാപ്പിളക്കുപ്പായം ഊരിയെറിഞ്ഞ് ഹിന്ദുവസ്ത്രമണിയാന്‍ കാണിച്ച ആവേശത്തെക്കുറിച്ച് പ്രതിപാദിക്കുന്നു. 

ഇത്തരം ആഖ്യാനങ്ങളിലൂടെ രാജ്യത്തെ മുഴുവന്‍ മുസ്ലീങ്ങളും മതഭ്രാന്തരും ഏകീകൃതമായ ഒരു ജനവിഭാഗവുമാണെന്നുള്ള ധാരണ ശക്തമായി. ഒപ്പം എല്ലാ ജാതി വിഭജനങ്ങള്‍ക്കുമപ്പുറം ഹിന്ദുക്കള്‍ ഏകസമുദായമായും വിഭാവനം ചെയ്യപ്പെട്ടു. ചുരുക്കത്തില്‍ കലാപമായിരുന്നില്ല, കലാപത്തെക്കുറിച്ചുള്ള അച്ചടി വ്യവഹാരങ്ങളാണ് സാമുദായിക ധ്രുവീകരണപ്രക്രിയ ത്വരിതപ്പെടുത്തിയത്. 

ആര്യസമാജം മലബാറില്‍
കലാപത്തിന്‍റെ ഏറ്റവും നിര്‍ണായകമായ ഒരു ഫലം കേരളത്തില്‍ കേട്ടുകേള്‍വി പോലുമില്ലാതിരുന്ന, വടക്കേ ഇന്ത്യയില്‍ മാത്രം വേരുകളുള്ള ആര്യസമാജത്തിന്‍റെയും ഹിന്ദു മഹാസഭയുടെയും മലബാറിലേക്കുള്ള രംഗപ്രവേശനമാണ്. 1921 ല്‍ തന്നെ ആര്യസമാജത്തിന്‍റെ ശുദ്ധി പ്രവര്‍ത്തകര്‍ കോഴിക്കോട്ടെത്തി മതം മാറ്റപ്പെട്ടവരെ തിരിച്ചുകൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 

കലാപത്തെക്കുറിച്ചുള്ള ഭയാനകമായ വാര്‍ത്തകളായിരുന്നു ആര്യസമാജത്തിനെ കേരളത്തിലേക്ക് ആകര്‍ഷിച്ചത്. അവരാണ് തങ്ങളുടെ പ്രസിദ്ധീകരണങ്ങളിലൂടെ മലബാറിലെ  ഹിന്ദുക്കളുടെ ദയനീയസ്ഥിതി മലബാറിലും പുറത്തുമുള്ള ജനങ്ങളിലെത്തിച്ചത് (യോഗക്ഷേമം, 14 ഒക്ടോബര്‍ 1922). ആര്യസമാജത്തിന്‍റെ കണക്കില്‍ മൊത്തം 2500 പേരാണ് മതപരിവര്‍ത്തനത്തിന് വിധേയരായവര്‍. അതേസമയം, കോണ്‍ഗ്രസിന്‍റെ ലക്നൗ സമ്മേളനത്തില്‍ കലാപകാലത്തെ കോണ്‍ഗ്രസ് നേതാവ് വി. ഗോപാലമേനോന്‍ പ്രസംഗിച്ചത് ആര്യസമാജത്തിന്‍റെ മതപരിവര്‍ത്തനത്തെക്കുറിച്ചുള്ള കണക്കുകള്‍ പര്‍വ്വതീകരിച്ചതാണെന്നും ഹിന്ദുക്കള്‍ മാപ്പിളവേഷം ധരിച്ചാണ് പലരെയും മതമാറ്റിയതെന്നുമാണ്. വളരെയധികം പേര്‍ സ്വമേധയാ മതം മാറിയവരാണെന്നും വളരെക്കുറച്ച് മതംമാറ്റ കേസുകളേ മലബാറില്‍നിന്ന് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട് (സോഷ്യല്‍ റിഫോര്‍മര്‍, 30 ഡിസം. 1922). സത്യമെന്തായാലും രാജ്യത്തെ ഹിന്ദുക്കളെ ഉണര്‍ത്താനും ഹിന്ദുവിന്‍റെ പുനഃസംഘാടനത്തിനുമുള്ള ഒരു പ്രതീകമായി ശുദ്ധിപ്രസ്ഥാനം സ്ഥാനപ്പെടുന്ന ചിത്രം മലബാറില്‍ ദൃശ്യമായി. ഹിന്ദു അഭയാര്‍ത്ഥികളുടെ പുനരധിവാസത്തിനായി 1921 ഡിസംബറില്‍തന്നെ പഞ്ചാബിലെ സമാജം നേതാവ് പണ്ഡിറ്റ് റിഷി റാം കോഴിക്കോട്ടെത്തുന്നുണ്ട്. കല്ലായി, മയ്യനാട്, നിലമ്പൂര്‍, തുവ്വൂര്‍, തിരൂരങ്ങാടി, കോഴിക്കോട് എന്നിവിടങ്ങളില്‍ റിഷി റാമിന്‍റെ നേതൃത്വത്തില്‍ അഭയാര്‍ത്ഥി ക്യാമ്പുകളാരംഭിച്ചു. ഒപ്പംതന്നെ മതംമാറ്റപ്പെട്ടവരെ തിരിച്ച് ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിനായി ശുദ്ധിപ്രസ്ഥാനവും ആരംഭിക്കുന്നുണ്ട്. 

മേല്‍ജാതിക്കാരായ ഹിന്ദുക്കള്‍ ഈ പുനര്‍പരിവര്‍ത്തന ശ്രമങ്ങളോട് കാണിച്ച പ്രതിരോധവും, തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും പേടിച്ച് ധാരാളം അവര്‍ണജാതിക്കാര്‍ ഹിന്ദുമതത്തിലേക്ക് തിരിച്ചുവരാന്‍ കാണിച്ച വിമുഖതയും സമാജപ്രവര്‍ത്തകരെ ചില വസ്തുതകള്‍ ബോധ്യപ്പെടുത്തി. ഒപ്പം നമ്പൂതിരി പൂജാരികള്‍ മതംമാറ്റ ചടങ്ങിന്‍റെ കാര്‍മ്മികത്വത്തിന് ദക്ഷിണയായി ഓരോരുത്തരില്‍നിന്നും 30 രൂപ ആവശ്യപ്പെട്ടത് സമാജത്തിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി. നൂറ്റാണ്ടുകളായി ഹിന്ദു വിഭാഗങ്ങള്‍ക്കിടയില്‍ വേരുറച്ച ജാത്യാചാരങ്ങള്‍ നിഷ്കാസനം ചെയ്തുകൊണ്ടു മാത്രമേ കേരളത്തില്‍ ഹിന്ദുക്കളെ ഒരു ഏകീകൃത സമുദായമാക്കാന്‍ സാധിക്കുകയുള്ളൂ എന്നവര്‍ തിരിച്ചറിഞ്ഞു. റിഷി റാം തന്നെ പറയുന്നു. 'കഴിഞ്ഞ കുറച്ചു മാസങ്ങളുടെ ഇവിടുത്തെ അനുഭവത്തില്‍നിന്ന് മനസ്സിലാക്കിയ ഒരു കാര്യം ഗുരുതരമായ ചില തകരാറുകളാണ് ഹിന്ദുസമുദായത്തെ നശിപ്പിച്ചത്. ഈ സമുദായം വളരണമെങ്കില്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്', (യോഗക്ഷേമം, ഡിസം. 1922). 

ഈ തിരിച്ചറിവില്‍നിന്നാണ് കലാപം ഏതാണ്ട് കെട്ടടങ്ങിയ ഉടനെത്തന്നെ ഹിന്ദു സമുദായത്തിന്‍റെ പുനഃസംഘാടനത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ സമാജം ശ്രദ്ധ ചെലുത്തുന്നത്. ആഭ്യന്തര സംഘര്‍ഷങ്ങളില്‍നിന്ന് മുക്തരാക്കി ഹിന്ദു സമുദായത്തെ ഉണര്‍ത്തുകയും ഏകോപിപ്പിക്കുകയുമാണ് സമാജത്തിന്‍റെ ലക്ഷ്യമെന്ന് സമാജത്തിന്‍റെ മുഖപത്രമായ 'ആര്യകാഹളം' പ്രസ്താവിക്കുന്നുണ്ട്. ഈ ഉദ്ദേശ്യത്തോടുകൂടിയാണ് വടക്കേ മലബാറില്‍ ടിപ്പുവിന്‍റെ കാലത്ത് മതംമാറ്റപ്പെട്ടുവെന്ന് കരുതപ്പെടുന്ന ചേലാ നായന്മാരെ തിരിച്ച് ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിപ്പിക്കുന്നതും കണ്ണൂരിലെ ചൊവ്വയില്‍ 1923ല്‍ ആദ്യമായി ജാതിനിര്‍മാര്‍ജനത്തിനായി പന്തിഭോജനം സംഘടിപ്പിക്കുന്നതും. കോഴിക്കോട് അവര്‍ണ ജാതിക്കാര്‍ക്ക് ക്ഷേത്രപരിസരത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്ന നടപടിക്കെതിരെ സമാജം നിലപാട് കടുപ്പിക്കുന്നതും ഇതിന്‍റെ ഭാഗമാണ്. ദുരിതമനുഭവിക്കുന്ന ഹിന്ദുക്കളെ സഹായിക്കാന്‍ കിട്ടുന്ന എല്ലാ അവസരങ്ങളും സമാജം സമര്‍ത്ഥമായി വിനിയോഗിക്കുന്നുണ്ട്. 1924 ലെ വെള്ളപ്പൊക്കം, 1925 ലെ കല്‍പാത്തി കലാപം, തിരുവിതാംകൂറിലെ കോളറ തുടങ്ങി പല സന്ദര്‍ഭങ്ങളിലും സമാജപ്രവര്‍ത്തകര്‍ രക്ഷാദൗത്യവുമായി മുന്നിട്ടിറങ്ങുന്നുണ്ട്. കല്‍പാത്തി അഗ്രഹാരത്തില്‍ അവര്‍ണര്‍ക്കുണ്ടായിരുന്ന വിലക്ക് അവിടുത്തെ ബ്രാഹ്മണ നേതൃത്വവുമായുള്ള ചര്‍ച്ചയിലൂടെ എടുത്തുകളയാന്‍ സമാജത്തിന് കഴിയുന്നുണ്ട്. ബ്രാഹ്മണ മുഷ്കിനെ പ്രതിരോധിക്കാനെന്നവണ്ണം പാലക്കാട്ടെ ഏതാനും ഈഴവ കുടുംബങ്ങള്‍ 1924 ല്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതാണ് ദ്രുതഗതിയില്‍ കല്‍പാത്തി പ്രശ്നത്തിന് പരിഹാരമുണ്ടാക്കാന്‍ സമാജത്തെ പ്രേരിപ്പിച്ചത്. 

കലാപപ്രദേശങ്ങള്‍ സാധാരണ ഗതിയിലേക്ക് മടങ്ങിവന്നതോടെ സമാജം മാപ്പിളമാരെത്തന്നെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിനായുള്ള പരിശ്രമങ്ങളും ആരംഭിക്കുന്നുണ്ട്. പ്രധാന മാപ്പിളകേന്ദ്രങ്ങളിലൊക്കെ സമാജം അതിന്‍റെ ബ്രാഞ്ചുകള്‍ സ്ഥാപിക്കുന്നത് ഇക്കാലത്താണ്. ഇങ്ങനെ 1941 ല്‍ പൊന്നാനിയില്‍ ബ്രാഞ്ച് സംഘടിപ്പിക്കപ്പെട്ടതാണ് ഏറെ പ്രശ്നങ്ങള്‍ക്ക് കാരണമായത്. 1900 ല്‍ സ്ഥാപിക്കപ്പെട്ട മലബാറിലെ മുസ്ലിം മിഷനറി സംഘമായ മഈനത്തൂല്‍  ഇസ്ലാം സഭയുടെ ആസ്ഥാനമായിരുന്നു പൊന്നാനി.  പൊന്നാനി സമാജത്തിന്‍റെ നേതൃത്വത്തില്‍ 'പുസ്ലാം' (പുതിയ മുസ്ലിം) വിഭാഗത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തത് കൃത്യമായ ദുരുദ്ദേശ്യത്തോടുകൂടിയായിരുന്നു. 'ആര്യസമാജവും മറ്റു ഹിന്ദുസംഘടനകളും ആദ്യം പുനരധിവാസ പ്രവര്‍ത്തനങ്ങളിലും പിന്നീട് മതം മാറ്റപ്പെട്ടവരെ തിരിച്ചുമാറ്റുന്നതിനും അവസാനഘട്ടത്തില്‍ മുസ്ലിങ്ങളെത്തന്നെ മതം മാറ്റുന്നതിലും വ്യാപൃതരായി' (ഇ.എം.എസ് നമ്പൂതിരിപ്പാട്). സമാജത്തിന്‍റെ ഈ പ്രവര്‍ത്തനങ്ങള്‍ മലബാറിലെ സാമൂഹ്യാന്തരീക്ഷം വീണ്ടും സംഘര്‍ഷഭരിതമാക്കാന്‍ മാത്രമാണ് ഉപകരിച്ചത്. മൂഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിന്‍റെ നിരീക്ഷണം ഇവിടെ പ്രസക്തമാണ്. 'കലാപകാലത്തുതന്നെ ഹിന്ദുക്കളുടെ സമീപനം മാപ്പിളമാര്‍ക്കിടയില്‍ അതൃപ്തി വളര്‍ത്തിയിരുന്നു. എന്നാല്‍ ശുദ്ധി ആരംഭിച്ചതോടെ ഈ അതൃപ്തി ഇരട്ടിയാവുകയും അത് ആലി മുസ്ല്യാരുടെ തട്ടകം മുസ്ലിം ലീഗിന്‍റെ കോട്ടയായി പരിവര്‍ത്തിപ്പിക്കുകയും ചെയ്തു'( ഖിലാഫത്ത് സ്മരണകള്‍). 

ചുരുക്കത്തില്‍ സംഘടനാപരമായി സമാജത്തിന് മലബാറില്‍ ആഴത്തില്‍ വേരോട്ടം കിട്ടിയില്ലെങ്കിലും എല്ലാ ജാതിവൈജാത്യങ്ങളെയും ഉല്ലംഘിച്ചുകൊണ്ട് ഒരു വിശാല ഹിന്ദുസമുദായത്തെ വിഭാവനം ചെയ്തെടുക്കാനും ഹിന്ദു പുനഃസംഘാടന പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറ പാകാനും ആര്യസമാജത്തിന് കഴിഞ്ഞു.   

ഹിന്ദുമഹാസഭയും
മൂഞ്ചെ റിപ്പോര്‍ട്ടും

കലാപ പശ്ചാത്തലത്തില്‍ കേരളത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ച മറ്റൊരു അഖിലേന്ത്യാ ഹിന്ദു സംഘടനയാണ് ഹിന്ദുമഹാസഭ. നേരത്തെ സൂചിപ്പിച്ച ഹിന്ദിവാര്‍ത്താപത്രങ്ങളിലൂടെ ഹിന്ദുപീഡന കഥകളറിഞ്ഞ് മാപ്പിളമാരാല്‍ നശിപ്പിക്കപ്പെട്ട ക്ഷേത്രങ്ങളെയും മതം മാറ്റപ്പെട്ട ഹിന്ദുക്കളെക്കുറിച്ചുമുള്ള വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് ഹിന്ദുമഹാസഭ ഡോ. ബി.എസ് മൂഞ്ചെയെ മലബാറിലേക്കയച്ചത്. 1923ല്‍ മൂഞ്ചെ തയ്യാറാക്കിയ വിശദമായ പഠന റിപ്പോര്‍ട്ടിന്  വ്യത്യസ്ത ഹിന്ദുസംഘടനകള്‍ക്കിടയില്‍ വ്യാപക പ്രചാരം ലഭിച്ചു. ജാതിസംബന്ധമായ ഹിന്ദുസമുദായത്തിലെ വ്യത്യസ്ത വിഭാഗങ്ങളെ സംയോജിപ്പിച്ച് ആഭ്യന്തര ഐക്യം കൊണ്ടുവരാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ഹിന്ദുസംഘടനകള്‍ക്ക് ഈ റിപ്പോര്‍ട്ട് ഒരു മാഗ്നാകാര്‍ട്ടയായി മാറി. 


തുടക്കത്തില്‍ സൂചിപ്പിച്ചപോലെ മലബാര്‍ കലാപം ഹിന്ദു പുനഃസംഘാടനത്തിനായി വീണുകിട്ടിയ സുവര്‍ണ്ണാവസരമാണെന്ന് റിപ്പോര്‍ട്ടിന്‍റെ ആമുഖത്തില്‍ മൂഞ്ചെ പ്രസ്താവിക്കുന്നുണ്ട്. തുടര്‍ന്ന് അദ്ദേഹം എഴുതുന്നു, 'പുറത്തുനിന്നുള്ള ഹിന്ദു സഹോദരന്മാരുടെ നിര്‍ലോഭമായ സഹായവും പിന്തുണയുമില്ലാതെ മലബാറിലെ ഹിന്ദുക്കള്‍ക്ക് മാപ്പിളമാരെ എതിരിടാനാവില്ല. ഹിന്ദുക്കള്‍ ഈ പ്രശ്നത്തെ വേണ്ടവിധം കൈകാര്യം ചെയ്തില്ലെങ്കില്‍ സമീപഭാവിയില്‍തന്നെ മലബാര്‍ കാശ്മീര്‍പോലെ പൂര്‍ണ്ണ മുസ്ലിം പ്രദേശമായി പരിണമിക്കുന്നതാണ്'. (റിപ്പോര്‍ട്ട്, ജ.3). മാപ്പിളമാരുടെ ഉദ്ധതയ്ക്കും രൗദ്രതയ്ക്കും ഒപ്പം ഹിന്ദുക്കളുടെ വിധേയത്വത്തിനും ശാന്തതയ്ക്കും പിന്നിലുള്ള സാമൂഹ്യശാസ്ത്രകാരണങ്ങളെക്കുറിച്ചുള്ള വിശകലനമാണ് തുടര്‍ന്നു നടക്കുന്നത്. 'വിവാഹം, ഭക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ ഹിന്ദുക്കള്‍ അനുഷ്ഠിക്കുന്ന ജാത്യാചാരങ്ങളും സാമൂഹ്യവിലക്കുകളും അവരെ പേശീബലം കുറഞ്ഞവരും ശാന്തസ്വഭാവക്കാരുമാക്കുമ്പോള്‍ മാപ്പിളമാര്‍ ഇക്കാര്യങ്ങളില്‍ അനുവര്‍ത്തിക്കുന്ന സമ്പ്രദായങ്ങള്‍ അവരെ മതഭ്രാന്തരും ദൃഢഗാത്രരുമാക്കുന്നു'(മൂഞ്ചെ). ഒരു ഹിന്ദു, മതം മാറി ഇസ്ലാമിലെത്തുന്ന മുറയ്ക്ക് കൊല്ലാനും കൊല്ലപ്പെടാനുമുള്ള സന്നദ്ധതയോടെ മതഭ്രാന്തനായി മാറുന്നതിന്‍റെ കാരണമായി അദ്ദേഹം കണ്ടെത്തുന്നത് നാല് കാര്യങ്ങളാണ്. 1. വേദസംസ്കാരത്തില്‍നിന്നുള്ള വ്യതിചലനം, 2. ഹിന്ദുക്കളുടെ ദേശീയ ഭക്ഷണമായ സസ്യാഹാരം, 3. ശൈശവ വിവാഹവും സസ്യാഹാരവും ഒത്തുചേര്‍ന്ന് ഹിന്ദുവംശത്തിന്‍റെ പൗരുഷവും ശക്തിയും ചോര്‍ത്തിക്കളയുന്നു. 4. മാപ്പിളമാരുടെ പള്ളിപോലെ ജാതി വ്യത്യാസങ്ങള്‍ക്കതീതമായി ഒത്തുകൂടാനുള്ള പൊതു ഇടങ്ങളുടെ അഭാവം. 

എല്ലാ വൈജാത്യങ്ങളും മറന്ന് തങ്ങള്‍ വിശാല ഹിന്ദുസമുദായത്തിന്‍റെ ഭാഗമാണെന്നും ഹിന്ദുക്കള്‍ ഒരു സാംസ്കാരിക ഏകകമാണെന്നുമുള്ള രീതിയില്‍ മലബാറിലെ ഹിന്ദുക്കളെ ഉണര്‍ത്താന്‍ ഇത്തരം ആഖ്യാനങ്ങള്‍ക്ക് സാധിച്ചു. 


കലാപത്തില്‍ മതം മാറ്റപ്പെട്ടവരെ തിരിച്ച് ഹിന്ദുവാക്കുന്ന ശുദ്ധി പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായത്തിനായിട്ടുള്ള അഭ്യര്‍ത്ഥനകള്‍ പ്രമുഖ ദേശീയ പത്രങ്ങളിലൂടെ മൂഞ്ചെയും നാഗ്പൂര്‍ നേതാക്കളും 1922 മാര്‍ച്ചില്‍ നടത്തുന്നുണ്ട്. ഇത്തരം ഒരു പത്രക്കുറിപ്പില്‍ ഹിന്ദുമഹാസഭാ നേതാവ് കെ.ജി. കര്‍ക്കരെ പറയുന്നു, 'ജാതിവിഭജനവും വിദ്വേഷവുമാണ് നമ്മെ വിധേയരും ഭീരുക്കളുമാക്കുന്നത്. മതഭ്രാന്തരായ മാപ്പിളമാര്‍ നൂറുകണക്കിന് ഹിന്ദുക്കളെ നിര്‍ബന്ധിച്ച് മതം മാറ്റിയിട്ടുണ്ട്. ഇതുപക്ഷെ പുതിയ കാര്യമല്ല. നമുക്കിടയിലെ ജാതിശ്രേഷ്ഠര്‍ കീഴാളഹിന്ദുക്കളോട് കാണിച്ച ദയാരഹിതമായ സമീപനമാണ് അവരെ അഭയം തേടി മാപ്പിളമാരെ സമീപിക്കുന്ന അവസ്ഥയിലേക്കെത്തിച്ചത്' (സോഷ്യല്‍ റിഫോര്‍മര്‍, 1922). നിര്‍ബന്ധിതമല്ലാത്ത മതപരിവര്‍ത്തനം മലബാറില്‍ നിര്‍ബാധം നടക്കുന്നുണ്ടായിരുന്നു എന്നും അത് ജാതി ഹിന്ദുക്കള്‍ നടപ്പിലാക്കിയ തൊട്ടുകൂടായ്മ പോലുള്ള ജാത്യാചാരങ്ങളാണെന്നും മൂഞ്ചെ സമ്മതിക്കുന്നുണ്ട്. പൊന്നാനി മഈനത്തുല്‍ ഇസ്ലാം സഭയുടെ 1900 മുതലുള്ള വാര്‍ഷിക റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് ശരാശരി 600 പേരോളം വര്‍ഷാവര്‍ഷം ദക്ഷിണ മലബാറില്‍നിന്ന് സ്വമേധയാ മതം മാറാന്‍ അവിടെയെത്തുന്നുണ്ടായിരുന്നു എന്നാണ്. നേരത്തെ സൂചിപ്പിച്ചപോലെ 1922ല്‍ കോഴിക്കോട് മതം മാറ്റപ്പെട്ടവരെ തിരിച്ച് ഹിന്ദുമതത്തിലേക്ക് കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അവര്‍ണജാതിക്കാരായ ധാരാളം പേര്‍ തിരിച്ചുപോകാന്‍ വിമുഖത കാണിച്ചതും ഇവിടെ ചേര്‍ത്തു വായിക്കാവുന്നതാണ്. ഈ അഭ്യര്‍ത്ഥനയ്ക്ക് നല്ല പ്രതികരണമുണ്ടാവുകയും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി വലിയ ഒരു ഫണ്ട് സ്വരൂപിക്കാന്‍ ഹിന്ദുമഹാസഭയ്ക്ക് സാധിക്കുകയും ചെയ്യുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ 1922ല്‍ കോഴിക്കോട് ഹിന്ദു മഹാസഭയുടെ ഒരു വലിയ സമ്മേളനം നടക്കുകയും ഒരു ഹിന്ദു ദുരിതാശ്വാസ ഫണ്ട് രൂപപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ചുരുക്കത്തില്‍, മലബാര്‍ ഹിന്ദുക്കളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും അവരെ സഹായിക്കാനും മലബാറിലെ ഹിന്ദുക്കളെ രാജ്യത്തെ വിശാലമായ ഹിന്ദുസമുദായത്തിന്‍റെ ഭാഗമാക്കാനും ഉത്തരേന്ത്യയിലെ ഹിന്ദുസംഘടനകള്‍ക്ക് മലബാര്‍ കലാപം അവസരമൊരുക്കി. 

മൂഞ്ചെയുടെ ഈ നീണ്ട റിപ്പോര്‍ട്ടില്‍ പറയുന്ന ചില വസ്തുതകള്‍ ഹിന്ദുത്വ വക്താക്കള്‍ ഇന്നു പറയുന്ന പല കാര്യങ്ങളുടെയും അര്‍ത്ഥശൂന്യത വെളിച്ചത്തു കൊണ്ടുവരുന്നതാണ്.  ഉദാഹരണത്തിന് മൂഞ്ചെയുടെ ഈ നിരീക്ഷണം നോക്കുക; 


'മലബാര്‍ കലാപത്തിന്‍റെ കാരണങ്ങള്‍ അന്വേഷിക്കുന്നത് എന്‍റെ ഉദ്ദേശ്യമല്ലെങ്കിലും, നിര്‍ബന്ധിത മതംമാറ്റത്തിലേക്കുള്‍പ്പെടെ എത്തിപ്പെട്ട ഈ കലാപത്തിന്‍റെ സാഹചര്യത്തെക്കുറിച്ചു കൂടി ഞാനിവിടെ വിസ്തരിക്കാം. ആറു മാസത്തിനുള്ളില്‍ അല്ലെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ സ്വരാജ് സ്ഥാപിക്കാന്‍ കോണ്‍ഗ്രസിനും ഖിലാഫത്ത് കമ്മിറ്റിക്കും സാധിക്കുമെന്നറിഞ്ഞ മാപ്പിളമാര്‍ ആ പ്രവര്‍ത്തനത്തില്‍ ഞങ്ങളുടെ പങ്ക് നിര്‍വ്വഹിക്കണമെന്ന് തീരുമാനിക്കുന്നു. ഖിലാഫത്ത് രാജിന്‍റെ നിര്‍മ്മിതിക്കായി നടത്തുന്ന ഈ സമരത്തില്‍ ദൈവം അവരോടൊപ്പമുണ്ടാവുമെന്നും ബുള്ളറ്റിനെപ്പോലും പ്രതിരോധിക്കാന്‍ അവര്‍ക്കാവുമെന്നും മറ്റു പ്രദേശങ്ങളില്‍ സ്വരാജ്യസ്ഥാപനം നടക്കുന്നതിന് മുമ്പേതന്നെ മലബാറില്‍ ദൈവസഹായത്താല്‍ സ്വരാജ്യസ്ഥാപനം സംഭവിക്കുമെന്നുമുള്ള മുസ്ല്യാക്കന്‍മാരുടെ ഉത്ബോധനം അവരെ കലാപ സന്നദ്ധരാക്കി. അഹിംസയിലും പരസ്പര സ്നേഹത്തിലുമധിഷ്ഠിതമായിരിക്കണം സ്വരാജ്യസ്ഥാപനത്തിനായുള്ള സമരമെന്ന തത്ത്വം ഉള്‍ക്കൊള്ളാന്‍ പൊതുവെ നിരക്ഷരരായ മാപ്പിളമാര്‍ക്ക് സാധിച്ചില്ല. അവര്‍ വിശ്വസിച്ചത് വാളാണ് സ്വരാജ്യത്തിലേക്ക് നയിക്കുക എന്നാണ്. അതിനാല്‍ വ്യാപകമായി വാളും കത്തിയും നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങളിലവര്‍ വ്യാപൃതരായി. ആയുധസംഭരണത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ അന്ന് പരസ്യമായ രഹസ്യമായിരുന്നു. എന്നിട്ടുമെന്തുകൊണ്ട് ഗവണ്‍മെന്‍റ് ഇത് തടയാന്‍ തുനിഞ്ഞില്ല എന്നത് അജ്ഞേയമായ കാര്യമാണ്. മാപ്പിളമാര്‍ കലാപം തുടങ്ങിയാല്‍ കഴിഞ്ഞ കാലങ്ങളില്‍ നടന്നപോലെ അത് ഹിന്ദുക്കളും മാപ്പിളമാരും തമ്മിലുള്ള ലഹളയായി മാറുമെന്നും അങ്ങിനെ സംഭവിച്ചാല്‍ ഗവണ്‍മെന്‍റിനെതിരെ നിസ്സഹകരിച്ചാലുണ്ടാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കാന്‍ അവസരമൊരുക്കുമെന്നും ബ്രിട്ടീഷുകാര്‍ കണക്കുകൂട്ടിയതെന്നാണ് വിശ്വസ്തരായ ചില സുഹൃത്തുക്കളെന്നോട് പറഞ്ഞത്. അതെന്തായാലും ഏതോ രീതിയില്‍ പ്രകോപിപ്പിക്കപ്പെട്ടതാണ് മാപ്പിളമാര്‍ ഈ കലാപത്തിലേക്ക് എടുത്തുചാടാന്‍ കാരണം'(മൂഞ്ചെ റിപ്പോര്‍ട്ട് ).

കലാപത്തെക്കുറിച്ചുള്ള ഹിന്ദുത്വാഖ്യാനങ്ങളുടെ പ്രോദ്ഘാടകനായ മൂഞ്ചെ തന്നെയാണ് നിസ്സഹകരണ സമരത്തെ തകര്‍ക്കാന്‍ ബ്രിട്ടീഷുകാര്‍ നടത്തിയ സാമുദായിക ധ്രുവീകരണ ശ്രമങ്ങളെക്കുറിച്ചുള്ള സൂചന നല്‍കുന്നത്. കലാപത്തിന് വര്‍ഗ്ഗീയ നിറം കൊടുക്കാന്‍ ബ്രിട്ടീഷുകാര്‍ നടത്തിയ ഗൂഢശ്രമങ്ങളെക്കുറിച്ച് ഇ.എം.എസ് അദ്ദേഹത്തിന്‍റെ ലേഖനങ്ങളില്‍ വിശദീകരിക്കുന്നത് ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്. 

ആധുനിക മതസമുദായങ്ങള്‍ ആധുനിക പൂര്‍വ്വകാലത്തില്‍നിന്നുള്ള തിരുശേഷിപ്പുകളല്ലെന്നും അത് ആധുനികതയുടെ, അധിനിവേശ ആധുനികതയുടെ ഉല്‍പന്നമാണെന്നും ഇന്ന് സാമൂഹ്യശാസ്ത്രജ്ഞര്‍ തിരിച്ചറിയുന്നുണ്ട്. ആധുനിക സമുദായ നിര്‍മ്മിതിക്കുപിന്നില്‍ ഭൗതികവും വ്യാവഹാരികവുമായ അനേകം ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സാമുദായിക സ്വത്വനിര്‍മ്മിതിയില്‍ അധിനിവേശ ഗവണ്‍മെന്‍റിന്‍റെ ഇടപെടലുകള്‍ നിര്‍ണായകമാണ്. ഇന്ത്യന്‍ ജനതയെ ഹിന്ദുക്കളെന്നും മുസ്ലിങ്ങളെന്നുമുള്ള രണ്ട് വ്യത്യസ്ത സംവര്‍ഗ്ഗങ്ങളായി സെന്‍സസ് പട്ടിക ക്രമപ്പെടുത്തിയതും അവര്‍ തമ്മിലുള്ള ബന്ധത്തെ സംഘര്‍ഷഭരിതമാക്കിയതും സംഘര്‍ഷങ്ങളിലൂടെ അവരില്‍ സാമുദായിക സ്വത്വബോധം വളര്‍ത്തിയതും ബ്രിട്ടീഷുകാരാണെന്നു കാണാം. മലബാര്‍ കലാപത്തിലും അതിനിഗൂഢമായി സാമുദായിക സംഘര്‍ഷത്തെ ത്വരിതപ്പെടുത്താന്‍ അവര്‍ പരിശ്രമിച്ചു. 

ചുരുക്കത്തില്‍ 1936ലെ ക്ഷേത്രപ്രവേശന വിളംബരത്തോടെ കേരളത്തില്‍ ഒരു ഹിന്ദുസമുദായ നിര്‍മ്മിതി സാധ്യമാക്കിയതിന്‍റെ മണ്ണൊരുക്കിയത് ഹിന്ദു മഹാസഭയും ആര്യസമാജവുമാണ്. മലബാറിലെ ഹിന്ദുക്കളെ തങ്ങള്‍ ഇന്ത്യയിലെ വിശാലഹിന്ദു സമുദായത്തിന്‍റെ ഭാഗമാണെന്ന ബോധമുണര്‍ത്താനും ഈ സംഘടനകള്‍ക്ക് സാധിച്ചു. ഏതു സമുദായത്തിനും ഏകീകൃത സമുദായമായി നിലനില്‍ക്കണമെങ്കില്‍ ആനുകാലികമായി പോഷണമാവശ്യമാണ്. കലാപാഖ്യാനങ്ങളിലൂടെ ഹിന്ദുത്വശക്തികള്‍ ശ്രമിക്കുന്നത് ഹിന്ദുക്കളുടെ ഏകീകരണം മാത്രമല്ല, മറിച്ച് ഹിന്ദുവികാരമുണര്‍ത്തി ഭൂരിപക്ഷ സമുദായത്തെ ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ പിന്നില്‍ അണിനിരത്താനും കൂടിയാണ് •